Wednesday, April 14, 2010

ശൈലജ എന്റെ അയല്ക്കാരി (ഓണം ഒരോര്മ കുറിപ്പ് )

ശൈലജ.. എന്റെ അയല്ക്കാരി.ഓണം വരുമ്പോള് ആദ്യം ഓര്മയിലേക്ക് കടന്നു വരുന്ന മുഖങ്ങളില് ഒന്ന് .വിഷാദ ആര്ദ്രമായ മിഴികളും ചുരുണ്ട മുടിയും വാക്കുകള് കൊണ്ടും സ്വഭാവം കൊണ്ടും കുലീനയായ ഒരു പെണ്കുട്ടി .


നീണ്ട പതിനെട്ടു വര്ഷത്തെ പ്രവാസ ജീവിതത്തിനിടയില് മറന്ന മുഖങ്ങളില് ഒന്നായിരുന്നു അവളും .ഞങ്ങള് ഒരേ പ്രായക്കാരായിരുന്നു .നിയതമായ വിവാഹവും കുട്ടികളുമൊക്കെയായി സസുഖം എവിടെയോ കഴിയുന്നുണ്ടാവണം എന്നായിരുന്നു മനസ്സില് .



വീട്ടിലേക്കുള്ള പതിവ് ഫോണ് വിളിയില് ,വിശേഷങ്ങള്ക്കിടയില് ,അവളുടെ മരണവിവരവും കടന്നു വന്നു .പേരറിയാത്ത പനി മരണങ്ങള്ക്കിടയില് അവളുടെ ജീവിതവും .പറക്കമുറ്റാത്ത രണ്ടു മക്കളെയും അനാഥമാക്കി ...

വരണ്ട മരുഭൂമിയുടെ മാറില് ഇരുണ്ട കോണ്ക്രീറ്റ് മുറിയിലെ ഘനീഭവിച്ച തണുപ്പില് എനിക്ക് മാത്രം അനുവദിച്ച ഈ ഇരുനിലക്കട്ടിലിന്ടെ സുരക്ഷിതത്തില് എന്റെ മനസ്സ് വീണ്ടും ബാല്യത്തിലേക്ക്….ഈ പൊന്നോണക്കാലത്ത് ഒരു തരം ഗൃഹാതുരതയോടെ പെയ്തിറങ്ങുന്നു …..

പുലര്ച്ചെ പൂവിളി ആരവങ്ങള് കേട്ടുകൊണ്ടായിരുന്നു ഉണര്ന്നിരുന്നത്.

ചിങ്ങക്കുളിരില് കയ്തോലകൊണ്ട് കെട്ടിയുണ്ടാക്കിയ പൂക്കൊട്ടയും കഴുത്തില് തൂക്കി തൊടിയിലും പാടവരമ്പത്തും പൂക്കള് ശേഖരിച്ചിരുന്ന എന്റെ ബാല്യ കാല സുഹൃത്തുക്കള് .

വയല് വരമ്പിലെ കാക്കപ്പൂവും തൊടിയിലെ തുമ്പയും ,അരിപ്പൂവുകളും പറിച്ചെടുത്ത് വിടരാത്ത മൊട്ടുകള് പറിക്കാതെ നാളേക്ക് മാറ്റിവെച്ചു പൂവിളികളോടെ ആര്ത്തുല്ലസിച്ചു വസന്തെടത്തിയും ശകുന്തളചെച്ചിയും,സുമുഖനും വില്സണും,കൂടെ ചുണ്ടില് മന്ദസ്മിതവും പൂവിളിയുമായി ശൈലജ യും...

അതൊരു സൌഹൃദക്കൂട്ടമായിരുന്നു .പൂ പറിച്ചു വീട്ടിലെത്തി തോട്ടിലെ തെളിനീര് വെള്ളത്തില് വിശദമായി കുളിയും കഴിഞ്ഞു അവര് പൂവിട്ടിരുന്നത് എന്നാണു എന്റെ ഓര്മ.

ഇന്നും ആ പഴയ ഇടവഴികളും, വെലിയെരിപ്പൂക്കള് നിറഞ്ഞ വിജനമായ പറമ്പും, ശൈലജ എന്ന അയല്കാരിയും ഒരു നൊമ്പരമായി കാക്കപ്പൂവുകളുടെ ദു;ഖ ഭാവത്തോടെ മനസ്സില് .

ശൈലജ ഇല്ലാത്ത ലോകത്തില് ഒരു പൊന്നോണം കൂടി .

പുനര്ജനിയുന്ടെന്കില് ഞങ്ങളുടെ ഗ്രാമത്തിലെ (ഇപ്പോള് ഗ്രാമം എന്ന് പറയാനാവില്ല) തൊടികളിലൂടെ പാട വരംബുകളിലൂടെ വെലിയെരിപ്പൂക്കള് അതിരിട്ട ഇടവഴികളിലൂടെ പാടത്തെ കാക്കപ്പൂവുകള്ക്കും തുംബപ്പൂവുകള് വിരിച്ച മൈതാനത്ത് കൂടെ പൂവിളിയുമായി അവളും പറന്നു ഉള്ളസികുന്നുണ്ടാവുമോ ആവോ?

ഓണം പോയ്മറയുമ്പോള് ഞാന് വീണ്ടും ഈ കോന്ക്രീട്ടു കാടുകളിലെ തിരക്കിലേക്ക് .മറവികള് അനുഗ്രഹമാകുന്നു .അയ്ശ്വര്യ സമൃദ്ധമായ നാളത്തെ പുതു പുലരിയിലേക്ക് ഉണരാന് വേണ്ടി ഞാനുറങ്ങട്ടെ ..

No comments: