Tuesday, October 2, 2012

നൂല്‍തുമ്പിയുടെ ചിറകിലെ മഴവില്ല്..


നൂല്തുമ്പിയുടെ ചിറകില്‍ മഴവില്ല് കണ്ടത് ആരോടെങ്കിലും പറയണമെന്നുണ്ടായിരുന്നു പാറുവിന്.ആരോടാണ് പറയുക? അമ്മക്കൊന്നിനും നേരമില്ല.പുലര്‍ച്ചെ എഴുന്നേറ്റ് അല്പം കഞ്ഞിയുണ്ടാക്കിവെച്ചു റബ്ബര്‍ടാപ്പിങ്ങിനായി നേരെ എസ്റ്റെറ്റിലേക്കുള്ള മലകയറും.

പിന്നെ അച്ഛന്‍. അയാളപ്പോഴും ഉണര്ന്നിട്ടുണ്ടാവില്ല.പൊടുന്നനെ അച്ഛന്‍ മനസ്സിലേക്ക് കടന്നുവന്നപ്പോള്‍ പാറുവിന്റെ മനസ്സില്‍ ഭീതിയുണര്‍ന്നു.
വളര്‍ന്നുവരുന്ന ശരീരഭാഗങ്ങളിലൊക്കെ അയാളുടെ പരുത്ത കൈകള്‍ അരിച്ചുനടക്കുമ്പോള്‍ പലപ്പോഴും ഒരു പേപ്പട്ടിയുടെ ക്രൌര്യം അവളറിഞ്ഞു.

നൂല്തുമ്പി പാറുവിന്റെ നോട്ടംവിട്ടു വാലല്പം താഴോട്ടു ചരിച്ചിറക്കി ഒരു തൊട്ടാവാടിപ്പൂവിലേക്ക് പറന്നിരുന്നു.ഭാരിച്ച പുസ്തക കെട്ടുകളുമായി വളഞ്ഞു ഒന്തം കയറിവന്ന സ്കൂള്‍കുട്ടികളും അവളെ ഗൌനിക്കാതെ നടന്നു മറഞ്ഞപ്പോള്‍ പാറു വീണ്ടും നൂല്തുമ്പിയെ തിരഞ്ഞു.അച്ചന്‍ ഉണര്ന്നിരിക്കുമെന്നതിനാല്‍ അവള്‍ വീട്ടിലേക്ക്‌ കയറാതെ അല്പം വെള്ളാരംകല്ലുകള്‍ പെറുക്കി സ്വയം കളിക്കാന്‍ തുടങ്ങി.

ഇരതേടി കൂടുവിട്ട കാക്കകൂട്ടിലേക്ക് ഒരു കുയില്‍ മുട്ടയിടാന്‍വേണ്ടി ആധിപത്യം സ്ഥാപിച്ച ബഹളമായിരുന്നു പിന്നീട് പാറുവിന് ആരോടെങ്കിലും പറയണമെന്ന് തോന്നിയത്.

മുഖത്ത് അച്ഛനെന്ന മനുഷ്യന്‍ ഏല്‍പ്പിച്ച നഖക്ഷതങ്ങളുടെ നീറ്റലിനിടയിലും കാക്കകളുടെ ആക്രമണത്തില്‍ തൂവല്‍ നഷ്ടപ്പെട്ട കുയിലിനെ പറ്റിയായിരുന്നു അവള്‍ അച്ഛനോട് പറഞ്ഞത്,.പക്ഷെ അപ്പോഴും അച്ഛന്റെ കണ്ണില്‍ ഒരു പേപ്പട്ടിയുടെ ശൌര്യവും കൈക്ക് ചെകുത്താന്റെ കരുത്തുമായിരുന്നു.

പാറുവിന് മരിക്കാന്‍ ഇഷ്ടമുണ്ടായിരുന്നില്ല.നൂല്തുമ്പിയുടെ പുറകെ ഓടിക്കളിച്ചും വെള്ളാരംകല്ലുകള്‍ പെറുക്കികളിച്ചും കൊതി തീരാത്തത് കൊണ്ടാണ് കൊന്നുകളയുമെന്ന അച്ഛന്റെ ഭീഷണി ഭയന്ന് അമ്മയെത്തും മുമ്പേ അടിവസ്ത്രത്തിലെ രക്തക്കറ കാരമിട്ടവള്‍ പുഴുങ്ങി വെളുപ്പിച്ചത്..

തന്നോടൊന്നും മിണ്ടാതെ ഉറങ്ങാന്‍ കിടന്ന അമ്മയുടെ കൈ പാറു മെല്ലെ തന്റെ ദേഹത്തേക്ക് കയറ്റിവെച്ചു.അല്പനിമിഷത്തിനു ശേഷംവീണ്ടും എന്തോ അവള്‍ കൈ വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് നീക്കിവെച്ചു.


ആള്‍മറയില്ലാത്ത കിണറ്റിലേക്ക് തൂങ്ങിനിന്ന പടരന്‍പുല്ലുകളിലെ വേരിലെ ജലതണുപ്പ് കണ്‍പോളകളില്‍ സ്പര്‍ശിച്ചു കോള്‍മയിര്‍ കൊണ്ടും...കുങ്കുമമെന്നു സങ്കല്പിച്ച് ഇലപ്പൊട്ടി നുള്ളിയെടുത്ത് നെറ്റിയിലൊട്ടിച്ചും പാറുവിന്റെ ദിനങ്ങള്‍ നീങ്ങി.


വെള്ളിലക്കാടുകളില്‍ അടക്കാകുരുവികള്‍ ചേക്കേറിയ ഒരു വൈകുന്നേരമാണ് പാറുവിന് അല്പം അസ്വസ്ഥത തോന്നിതുടങ്ങിയത്. പാറുവിനെ നോക്കി അന്നാദ്യമായി അമ്മ കരഞ്ഞു.കുഞ്ഞു ചിറകുകളില്‍ മഴവില്ല് വിരിയിച്ചു തൊടിയില്‍ നൂല്‍തുമ്പികള്‍ വിരുന്നു വന്നു കൊണ്ടേയിരുന്നു .


മര്‍ദിച്ചവശനാക്കി മുറ്റത്തെ മുരിക്ക്‌ മരത്തില്‍ കെട്ടിയിട്ട അച്ഛനെ വിലങ്ങണിയിച്ചു കൊണ്ട്പോകുമ്പോഴും പാറു നിഷ്കളങ്കമായി ചിരിക്കുകയായിരുന്നു.......

Monday, October 1, 2012

നരച്ച ആകാശംതെരുവിന് മുകളില്‍ ആകാശം നരച്ചു കിടന്നു.
പുതിയതായി പ്രവര്‍ത്തനമാരംഭിച്ച
ഭോജനശാലയില്‍ നിന്നും പുറത്തേക്ക് വമിക്കുന്ന പുകയായിരുന്നു
വൃദ്ധയെ കൂടുതല്‍ അലോസരപ്പെടുത്തിയത്.
തെരുവ് തീരുന്നിടത്ത്‌ നിര്‍മ്മാണം പൂര്‍ത്തിയാവാത്ത കെട്ടിടത്തിന്റെ
കോണ്‍ക്രീറ്റ് ചെയ്യാത്ത തറയിലേക്കു വൃദ്ധ തന്റെ ഭാണ്ഡമിറക്കി വെച്ചു.

യാചകബാലന് തന്റെ പുതിയ വാസസ്ഥലം കണ്ടുപിടിക്കാനാവുമോ
എന്നായിരുന്നു വൃദ്ധ ആകുലപ്പെട്ടത്.
തിരസ്കരിക്കപ്പെട്ടവളായിട്ട് നാളുകളെത്രയെന്ന് പോലും ഓര്‍ത്തെടുക്കാനാവുന്നില്ല
ഓര്‍മ്മകളും നിറങ്ങളുമൊക്കെ
മനസ്സിന് വഴങ്ങാതാവുന്നുവെന്നു
വൃദ്ധ നിസ്സഹായതയോടെ ഓര്‍ത്തു
ഒരിക്കലുംപിരിയാനാവാതെ തെരുവോരത്തുവെച്ചു കൂട്ട് കൂടിയ
തെരുവ് നായ ഭോജനശാലയൊന്നു വലംവെച്ചു
പേരറിയാതെരുവ് മരത്തിന്റെ ചുവട്ടില്‍
വൃദ്ധക്ക്‌ അഭിമുഖമായി തല ചായ്ച്ചു കിടന്നു.

ഭോജനശാലയിലേക്ക് കയറിയിറങ്ങുന്ന ആര്‍ഭാടജീവിതങ്ങളിലേക്ക്
കണ്ണുനട്ടു വൃദ്ധ മയങ്ങിപ്പോയി.
പുകപടലങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തിനു മുകളില്‍
ആകാശം നരച്ചു തന്നെകിടന്നു.
മുഷിഞ്ഞ വസ്ത്രവും അതിലേറെ മുഷിഞ്ഞ മനസ്സുമായി
യാചക ബാലന്‍ വരും വരെ ആ മയക്കം തുടര്ന്നു.
തെരുവ് നായയുടെ ശക്തമായ നിശ്വാസം
അവരെ മയക്കത്തില്‍ നിന്നും ഉണര്‍ത്തിയപ്പോള്‍
ബാലന്‍ തന്റെ നരച്ച കവറില്‍ നിന്നും
ആര്‍ഭാടജീവിതങ്ങള്‍ ഉപേക്ഷിച്ച ഉച്ചിഷ്ടങ്ങള്‍
മൂന്നായി പകുത്തു വെച്ചു.

അന്തിവെയിലും പുകപടലം നിറഞ്ഞ അന്തരീക്ഷവും ,
നരച്ച ആകാശവും കൂടിയപ്പോള്‍ തെരുവിനൊരു
പുരാതന ചിത്രം സമ്മാനിച്ചു.
പകലിന്റെ തിരക്കുകളുടെ ക്ഷീണം നെഞ്ചിലേറ്റി
തെരുവുകള്‍ നിശബ്ദനിശ്വാസങ്ങള്‍ പൊഴിക്കുന്ന
രാത്രിനേരങ്ങളില്‍ വൃദ്ധ പറഞ്ഞുകൊടുക്കുന്ന കഥകള്‍
ആര്‍ക്കെങ്കിലും പകര്‍ന്നു കൊടുക്കണമെന്ന്
യാചക ബാലന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു.
പിന്നെ അവര്‍ കഥാപാത്രങ്ങളായ അവരുടെ കഥയും.
ബാലന്‍ വൃദ്ധയുടെ ശുഷ്കിച്ച കാല്‍വണ്ണയില്‍ മുഖം ചേര്‍ത്തു
അന്നത്തെ കഥക്കായി കാതോര്‍ത്തു കിടന്നു.
തൊട്ടപ്പുറത്ത് അവരില്‍ നിന്നു പൊഴിയുന്ന വാക്കുകളിലേക്കു
മിഴി തുറന്നു നായയും തന്റെ ശയനസ്ഥാനം പൂകി.
കണ്ണിലെ കൃഷ്ണമണികള്‍പോലെ കാത്തു സൂക്ഷിച്ചു
മകനെ പോറ്റി വളര്‍ത്തിയ ഒരമ്മയുടെ കഥയായിരുന്നു
വൃദ്ധ അന്ന് പറയാന്‍ ആരംഭിച്ചത്.
മകന്റെ പിറവിക്കു ശേഷം
മൂന്നാം വര്‍ഷത്തില്‍ വൈധവ്യം ഏറ്റു വാങ്ങിയിട്ടും
തളരാതെ മകനായിമാത്രം ജീവിച്ച
അമ്മയുടെ കഥ .
പളുങ്ക് മേനിയും കറുത്ത ഹൃദയവുമായി
മകന്‍ സ്വീകരിച്ചു കൊണ്ട് വന്ന പുത്രവധുവിനു
തന്റെ മാളികയില്‍ ഒരു അപശകുനമായിത്തീര്‍ന്ന അമ്മ.
മകന്റെ അഭാവത്തില്‍ പുത്രവധുവാല്‍ തെരുവിലിറക്കപ്പെട്ട
അമ്മയുടെ കഥ.
പെറ്റമ്മയെ ഒന്ന് തിരക്കിപ്പോവാന്‍ പോലും
മുതിരാത്ത മാതൃപുത്രബന്ധങ്ങളുടെ ദുരന്തചിത്രമായ
വൃദ്ധയുടെ ആത്മകഥയുടെ പര്യവസാനത്തില്‍
തെരുവ് ബാലന്‍ ഉറക്കം തുടങ്ങിയിരുന്നു.
കുഴിഞ്ഞ കണ്ണുകളില്‍ നിന്നും അടര്‍ന്നുവീണ കണ്ണുനീര്‍ത്തുള്ളികള്‍
തെരുവ് നായയുടെ കണ്ണുകളിലും ഈറനണിഞ്ഞു നിന്നു.
തെരുവ് മുഴുവന്‍ പ്രകാശമാക്കിയ വിളക്കണഞ്ഞെങ്കിലും
ഒരു കീറു ചന്ദ്രക്കല കൊണ്ട്
പ്രകൃതി തെരുവിന് അല്പം പ്രകാശം പകര്‍ന്നു കൊടുത്തു.
വര്‍ണ്ണങ്ങളില്ലാത്ത സ്വപ്നങ്ങളില്‍ മേഞ്ഞു
മൂന്ന് വ്യത്യസ്ത തെരുവ് ജീവിതങ്ങള്‍
ഉറക്കമെന്ന ആപേക്ഷിക മരണത്തില്‍ മുഴുകി.
തലേ ദിവസത്തെക്കാള്‍ നരച്ചായിരുന്നു
അടുത്തപ്രഭാതവും
ഭൂമിക്കു സമ്മാനിച്ച ആകാശമെങ്കിലും
തെരുവില്‍ കാറ്റ് മൃദുവായി,അലസമായി വീശിക്കൊണ്ടിരുന്നു.
ഒരാഘോഷത്തിന്റെ മുന്നോടിയായി
തെരുവും ഭോജനശാലയും അലംകൃതമാക്കിയിരുന്നു.
രാവേറെയായിട്ടും സംഗീതവും ആളനക്കവും ഒഴിയാത്ത
ഭോജനശാലയുടെ പിന്‍ഭാഗത്ത്
യാചകബാലന്‍ ക്ഷമയോടെ കാത്തിരുന്നു.
വൃദ്ധയുടെ പേരക്കുട്ടിയുടെ
ജന്മദിനാഘോഷസല്ക്കാരത്തിലെ
ഉച്ചിഷ്ടങ്ങള്‍ മൂന്നായി പകുത്തുകഴിച്ചു
വീണ്ടുമൊരു നരച്ച പ്രഭാതത്തിനു ഉണരാമെന്ന വ്യാമോഹത്തോടെ
മൂന്ന് തെരുവ് ജീവിതങ്ങള്‍ നിദ്രയില്‍ മുഴുകി.
-------------------------------------------------------------------------

ഇ-മഷി രണ്ടാംലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.