Friday, May 13, 2011

നിസാ അസീസി ....എത്ര മധുരമായ് പാടുന്നു നീ...


റിയാത്ത ഭാഷയില്‍ കേള്‍ക്കാത്ത ശബ്ദത്തില്‍..

എത്ര മധുരമായ് പാടുന്നു നീ ,എത്ര മധുരമായ് പാടുന്നു നീ ..

കാണാ നിറങ്ങളില്‍ വഴങ്ങാ വരകളില്‍

എത്ര മനോജ്ഞമായ് തെളിയുന്നു നീ..

ടി പി രാജീവന്‍ എന്ന കവി പ്രണയവും വിരഹവും ചാലിച്ചെഴുതിയ വരികള്‍ മലബാറിന്റെ സ്വന്തം ഗസല്‍ രാജ്ഞിയായ നിസാ അസീസിയുടെ മനോഹരമായ ശബ്ദത്തിലൂടെ ഓരോഅനുവാചകന്റെയും ഹൃദയത്തിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒരു പെരുമഴക്കാലം തന്നെ സൃഷ്ടിക്കുകയാണ്.

അനശ്വരമായ കാല്‍പനിക പ്രണയത്തിന്റെയും അതോടൊപ്പം തന്നെ വിരഹത്തിന്റെയും തീമഴച്ചന്തങ്ങള്‍ സൃഷ്ടിക്കാന്‍ കവി തന്നെയാണോ തിരഞ്ഞെടുത്തത് ഈ ഗായികയെഎന്നറിയില്ല.എങ്കിലും നിസാ അസീസിയുടെ ശബ്ദത്തിനായി മാത്രം രചിച്ചതാണോ ഈ കവിത എന്ന് തോന്നിപ്പോവും വിധം മനോഹരമായി ആലപിച്ചിരിക്കുന്നു.


നിന്നേ തിരഞ്ഞു ഞാന്‍ അക്കരെ ചെല്ലുമ്പോള്‍ ഇക്കരെതോണി ഇറങ്ങുന്നു നീ ..

നീ പാര്‍ക്കും വീടിന്റെ ഉമ്മറ വാതിലില്‍ ഞാന്‍ വന്നു മുട്ടുമ്പോള്‍ നിന്‍ വീടതല്ല

നിന്‍ പിന്നില്‍ നിന്നു ഞാന്‍ തൊട്ടു വിളിക്കുമ്പോള്‍

നീയല്ലാതെപ്പോഴും വേറെയാരോ ..നീയല്ലതെപ്പോഴും വേറെയാരോ..

പ്രണയവും വിരഹവും സമ്മാനിച്ച ഒരു തിരിച്ചു പോക്കിന്റെ യാത്രാ വേളയിലാണ് കോഴിക്കോട് എയര്‍ പോര്‍ട്ടിലെ ലൈബ്രറിയില്‍ നിന്നും ഞാന്‍ നിസാ അസീസിയുടെ എത്ര മധുരമായ് പാടുന്നു നീ എന്ന ആല്‍ബം സ്വന്തമാക്കുന്നത്.ഗസലും നിലാവും ,മഞ്ഞും മഴയുമൊക്കെ എപ്പോഴും ഒരു ഗൃഹാതുരയായി മനസ്സില്‍ സൂക്ഷിക്കുന്നത് കൊണ്ടാവാം മലബാര്‍ നെഞ്ചിലേറ്റിയ ഈ ഗായികയെ പരിചയപ്പെടാന്‍ നിമിത്തമായത്.ആണിന് പെണ്ണിനോടോ പെണ്ണിന് ആണിനോടോ തോന്നുന്ന പ്രണയം മാത്രമല്ല ,മറിച്ച് നിസാ അസീസിയുടെ ഓരോ ഗാനാലാപനവും ശ്രവിക്കുമ്പോള്‍ നമുക്ക് മഞ്ഞിനോടു ,നിലാവിനോട്, മഴയോട്, പ്രകൃതിയിലെ നിത്യ ജീവിതത്തില്‍ നാം കാണുന്ന എന്തിനോടും പ്രണയം തോന്നുന്നത് ആ സ്വര മാധുരിയുടെ മാസ്മരികതയിലാണെന്ന് തിരിച്ചറിയുന്നു.

കാണാതിരിക്കട്ടെ നിന്നേ ഞാനെന്റെയീ പാഴ് കണ്ണില്‍ ഇരുട്ടേറി നിറയുവോളം

കേള്‍ക്കാതിരിക്കട്ടെ നിന്നേ ഞാനെന്റെയീ പൊയ്ചെവി മണ്ണ് വീണടയുവോളം

പൊയ്ചെവി മണ്ണ് വീണടയുവോളം ..

കാണുകില്‍ കേള്‍ക്കുകില്‍ അറിയുന്നതെങ്ങിനെ

അറിഞ്ഞതില്ലല്ലോ നാമിന്നോളവും..

പക്ഷെ..ഒന്നെനിക്കറിയാം.ഗായികയുടെ ഓരോ ഗാനം കേള്‍ക്കുമ്പോഴും വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുകയാണ്.അറിയാത്ത ഭാഷയില്‍ കേള്‍ക്കാത്ത ശബ്ദത്തില്‍ എത്ര മധുരമായ് പാടുന്നു നീ ..എന്ന വരികള്‍ എത്ര സത്യമാണെന്ന് തിരിച്ചറിയുകയാണ്.പ്രണയത്തിന്റെയും വിരഹത്തിന്റെയും മഴനാരുകള്‍ മനസ്സിനെ ആര്ദ്രമാക്കുകയാണ്.എന്നെ പ്രകൃതിയിലെ എല്ലാ ചരാചരങ്ങളോടും പ്രണയാതുരനാക്കുകയാണ്.എന്റെ ഒഴിവു സമയങ്ങളിലൊക്കെ ആ സ്വരമാധുരിയുടെ പെരുമഴ പെയ്യുകയാണ്.

മരുഭൂമിയിലെ ഗ്രീഷ്മം വറുത്തിട്ട എന്റെ ദിനാന്ത്യങ്ങളിലേക്ക് പ്രിയതമയുമായുള്ള അകലം അറബിക്കടലിനു പകരം ഗസല്‍ രാജ്ഞിയുടെ സ്വരമാധുരിയില്‍ ഒരു കൊച്ചരുവിയായ് പരിണമിക്കുന്നു.പ്രശസ്തരായ കവികളുടെ ഈരടികളാല്‍ ഇനിയും ഒരായിരം പ്രണയത്തിന്റെ ,വിരഹത്തിന്റെ ഗസലുകള്‍ പിറക്കട്ടെയെന്നു ആശംസിക്കുന്നു..എത്ര മധുരമായ് പാടുന്നു നീ നിസാ അസീസി പാടുകയാണ്

Sunday, May 8, 2011

നഗരത്തിന്റെ ഇരമ്പം ...

ചേരിയില്‍ പതിവില്‍ കൂടുതല്‍ ഇരുട്ട് എന്താണെന്ന് ആലോചിക്കുകയായിരുന്നു അനീസ.ഭയ്യ ഉറങ്ങിപ്പോയിരുന്നു.കഴിഞ്ഞ ആഴ്ച വരെ അവളും ബയ്യയും ഒരുമിച്ചായിരുന്നു ഉറങ്ങിയത്.''നീ വളര്‍ന്നു ''ഉമ്മി പറഞ്ഞു.ഇനി നീ തനിച്ചുറങ്ങിയാല്‍ മതി .കുടിലിലെ പാത്രങ്ങള്‍ സൂക്ഷിക്കുന്ന ഭാഗത്തവള്‍ ഉമ്മി കൊടുത്ത ചാക്ക് വിരിക്കുമ്പോള്‍ വളര്‍ത്തു പൂച്ചയും അവളെ അനുഗമിച്ചിരുന്നു.

എതിര്‍ വശത്തെ ചുവരോട് ചേര്‍ന്ന് കിടന്നുറങ്ങുന്ന ബയ്യയുടെ ചാക്ക് ഷീറ്റ് ചുരുണ്ട് അരക്ക് മുകള്‍ വരെ കയറി നിന്നതവള്‍ നേരെയാക്കുമ്പോള്‍ തിരിഞ്ഞു കിടന്നവന്‍ എന്തോ പുലമ്പി.ചേരിയിലെ പിള്ളേരുടെ കൂടെ ക്രിക്കറ്റ് കളിക്കുന്ന സ്വപ്നം കാണുകയാവാം ബയ്യയെന്നു അവള്‍ വിശ്വസിച്ചു.

അടുക്കളയിലെ പാത്രങ്ങളുടെ തട്ടലും മുട്ടലും അവസാനിക്കാനിനി ചേരിയില്‍ ചെറിയൊരു പെട്ടിക്കട നടത്തുന്ന അബ്ബ വരണം.അപ്പോഴേക്കും ബയ്യയും അവളും ഉറങ്ങാരാന് പതിവ്.

ഉമ്മി അന്ന് അടുക്കളയില്‍ നിന്നും നേരത്തെയിറങ്ങിയത് അവളുടെ പിന്നി പ്പോയ ഉടുപ്പ് തുന്നിയെടുക്കാനായിരുന്നു.വിളക്കിന്റെ തിരിയല്പം നീട്ടി സൂക്ഷ്മമായി തുന്നിയെടുക്കുന്ന ഉമ്മിയുടെ മുഖത്തെ കറുപ്പ് ചേരിയില്‍ പതിവില്ലാതെ കണ്ട ഇരുട്ട് പോലെ കനമാര്‍ന്നതായിരുന്നു.

ഇന്നെന്തേ ഉറക്കം വൈകുന്നതെന്ന് ഓര്‍ക്കുകയായിരുന്നു അവള്‍.വളര്‍ത്തു പൂച്ചയും ഉപയോഗിക്കാത്തൊരു പാത്രത്തിനു പുറകില്‍ ഉമ്മിയുടെ മുഖത്തെ സൂക്ഷ്മതയിലേക്ക്‌ നോക്കി മിഴിച്ചിരുന്നു. ഉറക്കില്‍ എന്തോ പിറു പിറുത്തു ശക്തിയായി ചുമക്കാന്‍ തുടങ്ങിയ ബയ്യയുടെ പുറം ഭാഗം അല്‍പ നേരം തടവി ഉമ്മി വീണ്ടും തുന്നല്‍ തുടര്ന്നു.

വളര്‍ത്തു പൂച്ച മെല്ലെ മെല്ലെ എഴുന്നേറ്റു ഒന്ന് മൂരി നിവര്‍ന്നു അണഞ്ഞു തുടങ്ങിയ അടുപ്പിന്‍ തിണ്ടില്‍ പോയി ഉമ്മി ഭദ്രമായി അടച്ചിട്ട പട്ടിക കഷ്ണങ്ങ ളാല്‍ തീര്‍ത്ത മരവാതിലിന്റെ വിടവിലേക്കു നോക്കി കിടന്നു.തന്നോളം വരുന്ന പെരുച്ചാഴികളെ തുരത്തുകയായിരുന്നു ലക്‌ഷ്യം.കുടിലിലെ വിളക്ക് കെടുത്തി എല്ലാവരും ഉറക്കമാരംഭിക്കുമ്പോള്‍ അടുക്കളയിലെ മൂടി വെച്ച ആഹാരങ്ങള്‍ ലക്ഷ്യമാക്കി പെരുച്ചാഴികള്‍ സഞ്ചാരം തുടങ്ങും.മരവാതില്‍ അതിക്രമിചെത്തുന്ന ഓരോ പെരുചാഴിയെയും അനീസയുടെ വളര്‍ത്തു പൂച്ച തുരത്തിക്കൊണ്ടിരുന്നു.പകരമായി അനീസയുടെ ആഹാര വിഹിതത്തില്‍ നിന്നും അല്പം ഭക്ഷണം അതായിരുന്നു പകരം കൊടുത്തത്.അറിഞ്ഞു തന്നെ ഉമ്മി അവള്‍ക്കിത്തിരി അധികം വിളമ്പാരു ണ്ടായിരുന്നു.

ഒരിക്കലും കട്ട് തിന്നാതെ പെരുച്ചാഴികളെ വേട്ടയാടി അവളുടെ കുടുംബത്തിലെ ഒരംഗം പോലെ വളര്‍ത്തു പൂച്ചയും ജീവിച്ചു.ഉടുപ്പിന്റെ ക്പ്ന്നിപ്പോയ ഭാഗം തുന്നിച്ചേര്‍ത്ത ഉമ്മി ചുവരിലെ ആണിയില്‍ തൂക്കിയിട്ട്‌ സാവധാനം ബയ്യയുടെ അരികില്‍ പോയി കിടന്നപ്പോഴും അനീസയെ ഉറക്കം തഴുകിയില്ല.

കുടിലിന്റെ ചുവരിന് പുറത്ത്‌ കുറച്ചകലെ ഉറക്കമില്ലാത്ത നഗരം അപ്പോഴും ഇരമ്പിക്കൊണ്ടിരുന്നു.ചേരിയുടെ ഊടു വഴികളില്‍ അബ്ബയുടെ തുന്നിച്ചേര്‍ത്ത പാദ രക്ഷയുടെ ശബ്ദം കാതില്‍ മുഴങ്ങിയപ്പോള്‍ ഉറക്കം കാത്തവള്‍ കണ്ണുകള്‍ ഇറുക്കി യടച്ചു .

മുഷിഞ്ഞ ജുബ്ബ ഉടുപ്പിന്റെ അടുത്തു ശൂന്യമായി ക്കിടന്ന ആണിയില്‍ തൂക്കി തിരിഞ്ഞു നിന്ന അബ്ബയുടെ മുഖത്തും കനത്ത ഇരുട്ടായിരുന്നു.നിശബ്ദമായി അബ്ബക്ക് ഭക്ഷണം വിളമ്പിയ ഉമ്മി എന്തോ പറയാന്‍ തുനിയും മുമ്പ് അബ്ബ തന്നെ മൌനം മുറിച്ചു.ചേരിയിലെ കുടിലുകള്‍ പൊളിച്ചു മാറ്റപ്പെടുമെന്ന നഗര സഭയുടെ അന്ത്യ ശാസനവും ഉടുതുണിക്ക്‌ മറു തുണി പോലുമില്ലാതെ ഉപജീവനമാര്‍ഗ്ഗം പോലും നഷ്ടപ്പെട്ടു നഗരത്തെരുവുകളിലെ ഇരമ്പങ്ങളിലേക്ക് വലിച്ചെറിയ പ്പെടുമെന്ന ,ചേരി ജന്മങ്ങളുടെ ആധി നിറഞ്ഞ വിഹ്വലതകലായിരുന്നു അബ്ബയുടെ വാക്കുകളില്‍ മുഴുവന്‍.

ഉമ്മിയുടെ നെടു വീര്‍പ്പ് ചെറിയൊരു പതര്‍ച്ചയിലിടറി തേങ്ങലില്‍ അവസാനിച്ചപ്പോള്‍ അബ്ബ എഴുന്നേറ്റു പോയിരുന്നു.അബ്ബയുടെയും ഉമ്മിയുടെയും ചേരിയിലെയും അസാധാരണ ഇരുട്ടിന്റെ പൊരുളെന്തെന്നു അറിയുമ്പോള്‍ അനീസ ഒരു സ്വപ്നത്തിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു.

ഏഴു കുതിരകളെ പൂട്ടിയൊരു രഥത്തില്‍ പിന്നിപ്പോവാത്ത സ്വര്‍ണ്ണ ത്തൊങ്ങലുകള്‍ തുന്നിച്ചേര്‍ത്ത പുത്തനുടുപ്പിട്ട് ബയ്യയുടെ ചാരെയിരുന്ന യാത്ര മഞ്ഞപ്പൂക്കള്‍ വിരിഞ്ഞ താഴ്വാരവും പിന്നിട്ടു അനന്തതയിലേക്ക് ഉരുളുകയായിരുന്നു

കനത്ത ഇരുട്ടിനെ ഭേദിച്ച് പൌര്‍ണ്ണമി ഭൂമിയിലേക്ക്‌ ഇറങ്ങിനിന്നു. താരകങ്ങള്‍ വളര്‍ത്തു പൂച്ചയുടെ കണ്ണുകളിലും തെളിയിച്ചു നിന്നു.ഈ യാത്ര ഒരിക്കലും അവസാനിക്കരുതെയെന്നു അവള്‍ സ്വപ്നത്തിലും ആഗ്രഹിക്കുകയായിരുന്നു.തലേ രാവിലെ കനത്ത ഇരുട്ടിനോടുള്ള കലിയെന്ന പോലെ സൂര്യന്‍ നേരത്തെ തന്നെ അത്യുഷ്ണത്തില്‍ ഉദിച്ചുയര്‍ന്നു.

അനീസ കണ്ണ് തുറന്നത് കുടിലിനു പകരം തുറസ്സായ ഭൂമിയില്‍ ആകാശമെന്ന മേല്കൂരക്ക് കീഴിലായിരുന്നു.പുലര്ച്ചയിലെപ്പോഴോ മുന്നറി യിപ്പില്ലാതെ ചേരിയിലെ കുടിലുകള്‍ പൊളിച്ചു മാറ്റിയ നഗര പാലകര്‍ പുതിയ ചേരികള്‍ തേടി തിരച്ചില്‍ തുടര്ന്നു.അനീസ കാണാതെ മണ്ണിട്ട്‌ മൂടിയ വളര്‍ത്തു പൂച്ചയുടെ ജഡം കിടന്ന പുതു മണ്ണിലേക്ക് അനീസയുടെ കണ്ണ് നീര്‍ ധാരയായി ഒഴുകി.ഒരു വട്ടം കൂടി അവള്‍ തന്റെ കുടിലിരുന്ന ഭാഗത്തേക്ക് നോക്കി പിന്നെ ചേരിയിലെ മറ്റനേകം നിവാസികളെ പോലെ നഗരത്തിരക്കിലെ ഇരമ്പങ്ങളില്‍ അലിയാന്‍ നഗരം ലക്ഷ്യമാക്കി നീങ്ങി ...

സൂര്യവിരഹം...

രുന്ധതി ആഗ്രഹിച്ച പാട്ട് ഫൌസിയയുടെ ഭർത്താവായ ഡോക്ടർ ആസാദ് മൂളിയപ്പോൾ പുൽത്തകിടിക്ക് അതിരുനിർണ്ണയിച്ച് വളർന്ന ചവോക്ക് മരങ്ങളുടെ ഭാഗത്തേക്ക് തിരിഞ്ഞിരുന്ന് ഫൌസിയ മകൾക്ക് മുല കൊടുക്കാൻ തുടങ്ങി.

ആരതിയും സതീഷും എത്തിയിരുന്നില്ല.കഴിഞ്ഞ മാസത്തെ ഒത്തു കൂടലിനായിരുന്നു അരുന്ധതി ആരതിയുടെ മുഖഭാവം ശ്രദ്ധിച്ചത്.

പതിവു ഒത്തുചേരലിന്റെ എതോ ദശാസന്ധിയിലായിരുന്നു മകൾക്ക് മുല കൊടുത്തു കൊണ്ടിരുന്ന ഫൌസിയയുടെ നിർവൃതിനിറഞ്ഞ മുഖത്തേക്കും വിഭ്രംജിച്ചു നിന്ന മുലഞെട്ടിലേക്കും നോക്കി ആരുമറിയാതെ ആരതി കണ്ണു തുടച്ചത്.

ചവോക്ക്ക്ക് മരങ്ങളിലേക്ക് ചാഞ്ഞിറങ്ങിയ സൂര്യവെളിച്ചത്തിനു ഉരുകിയ സ്വർണ്ണത്തിന്റെ നിറമായിരുന്നു.

നഗരത്തിലെ മുതിർന്ന പത്രപ്രവർത്തകനും അരുന്ധതിയുടെ ഭർത്താവുമായ ജയമോഹൻ തന്റെ മൊബയിലിൽ ലഭിച്ച ഒരു വാർത്തയുടെ സത്യാവസ്ത അറിയുവാൻ വേണ്ടി സന്ദേശമയച്ച വ്യക്തിയോട് സംസാരിക്കുകയായിരുന്നു.

പാൽ കുടിച്ച സംത്രുപ്തിയോടെ മകൾ ഉറക്കം തുടങ്ങിയപ്പോൾ ആരതിയുടെ കുഞ്ഞുണ്ടാകാത്ത ദുഖം അരുന്ധതി
ഫൌസിയയുമായി പങ്കുവെച്ചു.

ഡോക്റ്റർ ആസാദ് ഒരു സിഗരറ്റിനു തീ കൊളുത്തി പുക ആഞ്ഞു വലിക്കുകയായിരുന്നു.വർഷങ്ങളായി തുടരുന്ന സൗഹൃദം... അയാൾ ഓർത്തു.

ജയമോഹനും ആസാദും സതീഷും ഇതേ നഗരത്തിൽ ജനിച്ചു വളർന്ന് വിദ്യാഭ്യാസം നേടിയവരായിരുന്നു.മൂവരും വ്യത്യസ്ത തട്ടകങ്ങളിൽ തങ്ങളുടെ ജീവിതം ആരംഭിച്ചപ്പോഴും തിരക്കുകളെല്ലാം മാറ്റി വെച്ച് കുടുംബസമേതം എല്ലാ മാസവും ഒരു ദിവസം ഒരുമിച്ചു കൂടുന്നു.


ഒടുങ്ങാത്ത തിരക്കുകളുടെ പ്രളയജീവിതത്തില്‍ കുട്ടികള്‍ ഒരു ബാധ്യതയാവുമെന്ന കണ്ടെത്തലോടെ തരിശുനിലമാക്കി വെച്ച ഗര്‍ഭപാത്രവുമായി ജയമോഹന്റെ നിഴലായി ജീവിതം ആടിത്തീര്‍ക്കുകയായിരുന്നു അരുന്ധതി.

ആരതിയുടെ സ്ഥിതി നേരെ മറിച്ചായിരുന്നു.സതീഷിനോടൊപ്പം ജീവിതം തുടങ്ങിയിട്ട് നീണ്ട എട്ടു വര്‍ഷങ്ങള്‍.ഒരു കുഞ്ഞിക്കാല്‍കാണുവാന്‍ കയറാത്ത അമ്പലങ്ങലോ വിളിക്കാത്ത ദൈവങ്ങളോ വിരളമായിരുന്നു.

ഡോക്ടര്‍ആസാദിന്റെ പേഷ്യന്റ് കൂടിയായിരുന്നു ആരതി.ഒരു ചോരക്കുഞ്ഞിനെ താങ്ങാന്‍ ശേഷിയില്ലാത്ത ആരതിയുടെ ഗര്‍ഭപാത്രത്തില്‍ തന്റേതായ പരീക്ഷണങ്ങള്‍നടത്തി ഒരു നല്ല റിസള്‍ട്ടിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം .ആരതിയുടെ പ്രാര്‍ത്ഥന ദൈവം കേൾക്കുമന്ന് തന്നെ ഡോക്ടര്‍ ഉറച്ചു വിശ്വസിച്ചു.

ജോലി സമയം കഴിഞ്ഞതിനാല്‍തലേ ദിവസം പുല്‍ത്തകിടിയിലെ ഒരുഭാഗത്തെ വളര്‍ന്ന പുല്ലു തോട്ടക്കാരന്‍ വെട്ടിയൊതുക്കാന്‍ബാക്കി വെച്ചിടത്ത് തോട്ടക്കാരന്‍ജോലി തുടങ്ങി.

ജയമോഹന്റെയും ഡോക്ടര്‍ആസാദിന്റെയും മൃദുഭാഷണങ്ങള്‍ ബാല്യ കാല സ്മ്രുതികളിലെക്കും തങ്ങള്‍ഒന്നിച്ചു താണ്ടിയ വഴിത്താരകളും കടന്നു പൊട്ടിച്ചിരികളോടെ അവര്‍ മാത്രമായൊരു ലോകത്ത് വിരാജിക്കാന്‍ തുടങ്ങിയിരുന്നു.

ഫൌസിയയുടെ മകള്‍അരുന്ധതിയുടെ മടിയില്‍കിടന്നു ഉറക്കം തുടങ്ങിയിരുന്നു. കാറ്റ് അറുത്തുവിട്ട ചവോക്ക് മരയിലകള്‍ അലസമായി പുല്‍ത്തകിടിയില്‍പാറി നടന്നു.വെയില്‍മറഞ്ഞ ചവോക്ക് മരത്തലപ്പുകളില്‍ സൂര്യവിരഹം കനത്തു നിന്നു.

ആരതിയും സതീഷും ഇനിയും എത്തിയിട്ടില്ല എന്ന അറിവ് ജയനോഹന്റെയും ആസാദിനറെയും ശ്രദ്ധയില്‍പെടുത്തും നേരമാണ് ഡോക്ടറുടെ മൊബൈല്‍ശബ്ദിച്ചത്.

''ആരതിക്കൊരു തലചുറ്റല്‍അല്പം മനംപിരട്ടലും'' മറുഭാഗത്ത് സതീഷായിരുന്നു .സതീഷിന്റെ വാക്കുകള്‍ ഡോക്ടറുടെ മുഖം തെളിഞ്ഞ ഒരു പുഞ്ചിരിയോടെ എല്ലാവരിലേക്കും പകരുമ്പോള്‍അരുന്ധതിയുടെയും ഫൌസിയയുടെയും കണ്ണുകളില്‍ആനന്ദാശ്രുക്കള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു.

ഇരുട്ട് വീണ പുല്‍ത്തകിടിയിലേക്ക്‌ പാതയോരത്തെ വഴിവിളക്കിൽനിന്ന്പ്രകാശിച്ച വെളിച്ചം ചവോക്ക് മരങ്ങളുടെ നീണ്ട നിഴല്‍വീഴ്ത്തിയിരുന്നു.

നിഴൽവീണ വഴിയിലൂടെ അവരുടെ സൌഹൃദക്കൂട്ടം ആരതിയെ കാണാന്‍സതീഷിന്റെ വീട്ടിലേക്ക്‌ പുറപ്പെടുമ്പോള്‍ ചവോക്ക് മരങ്ങളുടെ മുകളില്‍തെളിഞ്ഞ ആകാശത്തു അനേകം നക്ഷത്രങ്ങള്‍ മിഴിചിമ്മുന്നുണ്ടായിരുന്നു..