Tuesday, August 24, 2010

നിലാവിലേക്ക് തുറന്നിട്ട കിളിവാതില്‍ ..

നിമ്മിയുടെ കിളി വാതിലിലേക്ക് ഒരു കൂട്ടം മിന്നാമിന്നുകള്‍ വിരുന്നിനെത്തി.ധനുമാസക്കുളിരില്‍ വിറച്ചിരുന്ന കിളിവാതില്‍ പ്രകാശ പൂരിതമായി.മഞ്ഞ് തുള്ളി വീണു കെട്ടു പോയ ഇണയുടെ വെട്ടത്തെയോര്‍ത്തു ആണ്‍ മിന്നാമിനുങ്ങ്‌ വേപഥു പൂണ്ടു.


''ഞാന്‍ ഓണ്‍ ലൈനിലുണ്ട്'' എന്ന ആമിറിന്റെ സന്ദേശം സുഖമുള്ളൊരു സംഗീത ശകലത്തോടെ സെല്‍ ഫോണിന്റെ ഇന്‍ബോക്സിലേക്ക് ഒഴുകി വന്നപ്പോള്‍ മിന്നാമിനുങ്ങുകളോട് കിന്നരിച്ച മിഴികള്‍ പിന്‍വലിച്ചു നിമ്മി തന്റെ ലാപ്ടോപ്‌ തുറന്നു വെച്ചു.

''വീണ്ടും പാടാം സഖീ..വിരഹ ഗാനം ഞാന്‍ ഒരു വിഷാദ ഗാനം ഞാന്‍.. നിമ്മിയുടെ പ്രൊഫൈലില്‍ ആമിര്‍ സ്വയം സെറ്റ് ചെയ്തു വെച്ച ഉമ്പായിയുടെ ഗസ്സല്‍ കുളിര്‍ന്നു വിറച്ച ധനുമാസരാവിലേക്ക് തേന്‍ മഴയായ് പെയ്തിറങ്ങി.സ്ക്രീനില്‍ യാഹൂ മെസ്സെഞ്ചറിലെ ചാറ്റിംഗ് പേജില്‍ കറുത്ത ചതുരം ഒന്ന് മിന്നി പിന്നെ ആമിറിന്റെ മുഖം തെളിഞ്ഞു വന്നു.വീതി കുറഞ്ഞ സ്വര്‍ണ്ണ ഫ്രെയിമിലെ കണ്ണാടിക്കു പിറകില്‍ ആമിറിന്റെ തിളക്കമാര്‍ന്ന കണ്ണുകള്‍ നിമ്മിയെ ചൂഴ്ന്നു നിന്നു.

ആമിരിനോട് ചേര്‍ന്ന് നില്‍ക്കും പോലെ നിമ്മി സ്ക്രീനിനോട് ചേര്‍ന്ന് നിന്നു,അവളുടെ കിന്നാരങ്ങള്‍ ആമിറിന്റെ കണ്ണുകള്‍ കൂടുതല്‍ തിളക്കമുള്ളവയാക്കി.മഞ്ഞ് വീണു കെട്ട ഇണയുടെ വെട്ടം പതിയെ ആണ്‍ മിന്നാമിനുങ്ങ്‌ ചുംബിച്ചു തെളിയിച്ചു.

നിലാവ് വ്യഭിചരിച്ച തൊടിയിലെ വൃക്ഷ ത്തലപ്പുകളിലേക്ക് പൊഴിഞ്ഞു വീഴുന്ന മഞ്ഞിന്റെ താളങ്ങള്‍ക്കൊപ്പം ഗസ്സലിന്റെ ഈരടികള്‍ നിമ്മിയെ പുളകിതയാക്കി.

വൃത്തിയായി സൂക്ഷിക്കുന്ന നിമ്മിയുടെ നഖങ്ങളിലേക്ക് നോക്കി ആമിര്‍ മൊഴിഞ്ഞു.''ഈ വിരല്‍ ത്തുമ്പുകള്‍ പിടിച്ചു ഞാന്‍ നിന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ദിനം വൈകുന്നതില്‍ ക്ഷമിക്കുക ,മറുപടിയായി തന്റെ കടുത്ത ഏകാന്തതകളെക്കുറിച്ച് നിമ്മിയുടെ കണ്ണുകള്‍ ആര്ദ്രമാവുന്നത് ആമിറിനെ ദുഖിതനാക്കി.

കടുത്ത യാഥാസ്തിക വിശ്വാസം വെച്ചു പുലര്‍ത്തുന്ന ഒരു കുടുംബത്തിലെ ഏക ആണ്‍ തരിയായ ആമിറിന് മറ്റൊരു മത വിശ്വാസം പുലര്‍ത്തുന്ന നിമ്മിയെ എങ്ങിനെ ജീവിത സഖിയാക്കുമെന്ന ആധിയില്‍ അല്‍പ നിമിഷം തല താഴ്ത്തിനിന്നു.ഒരു വേള തന്റെ
വിശ്വാസങ്ങള്‍ കൈവിട്ടു ആമിറിനോട് ചേര്‍ന്ന് ജീവിക്കുന്നത് വരെ സ്വപ്നം കണ്ട നിമ്മിയെ ആമിര്‍ വിലക്കുകയായിരുന്നു.

തന്നെ സ്വന്തമാക്കുന്നതിനു മുന്നോടിയായി പ്രവാസം വരിച്ച ആമിറിനെ അവള്‍ക്കു വിശ്വാസമായിരുന്നു.ഒരുമിക്കുമ്പോള്‍ ശിഥിലമാവുന്ന രണ്ടു കുടുംബ ബന്ധങ്ങളുടെ വെവലാതികളിലേക്ക് അവര്‍ ആഴ്ന്നിറങ്ങി.

രോമകൂപങ്ങളിലേക്ക് ധനുമാസക്കുളിര് അരിചെത്തിയപ്പോള്‍ നിമ്മി തന്റെ ഷാളെടുത്തു പുതച്ചു.താഴ്വാരത്തെ ചെമ്മണ്‍പാതയില്‍ക്കൂടി ആമിര്‍ പള്ളിക്കൂടത്തിലേക്ക് നടക്കുകയായിരുന്നു.താഴ്വാരങ്ങളുടെ നിഘൂടതകളിലെവിടെയോ നഷ്ടപ്പെട്ട കളര്‍ പെന്‍സിലിനു വേണ്ടി കരഞ്ഞിരുന്ന പെണ്കുട്ടി നിമ്മിയായിരുന്നു.നഷ്ടപ്പെട്ട കളര്‍ പെന്‍സില്‍ തിരിച്ചു കിട്ടിയ ആഹ്ലാദത്തോടൊപ്പം തന്റെ ജീവിതം തന്നെ അയാള്‍ക്കായി ഉഴിഞ്ഞു വെച്ചു.

ബാല്യവും കൌമാരവും പിന്നിട്ടു യൌവ്വനത്തിലും നഷ്ടപ്പെട്ട പെന്‍സിലുകള്‍ വീണ്ടെടുത്ത ആഹ്ലാദങ്ങള്‍ തുടര്ന്നു കൊണ്ടിരുന്നു.പിന്നെ ആമിറിന്റെ പ്രവാസം തീര്‍ത്ത ശൂന്യതയിലേക്ക് ധനുമാസക്കുളിരും മഴയും, വേനലും ,എല്ലാം ആമിറിന്റെ രാത്രി കിന്നരങ്ങള്‍ക്കൊപ്പം ചുരുങ്ങി.

ജാതിയുടെയും മതങ്ങളുടെയും അതിരുകളില്ലാത്ത ഇനിയും പുലരാത്തൊരു പ്രഭാതം സ്വപ്നം കാണുകയായിരുന്നു,അവര്‍.ആകാശച്ചരിവിലേക്ക് തെന്നി നീങ്ങുന്ന നക്ഷത്ര ക്കുഞ്ഞുങ്ങളെ കണ്ണിമക്കാതെ നോക്കി നില്‍ക്കുകയായിരുന്നു മിന്നാമിനുങ്ങുകള്‍ .

ഞ്ഞ് പെയ്തു കുളിര്‍ന്ന തളര്‍ച്ചയില്‍ തൊടിയിലെ നെല്ലിമരത്തിന്‍ കുഞ്ഞിലകള്‍ ഉറക്കം തുടങ്ങി.മറുവശത്ത്‌ ആമിറിന്റെ തിളക്കമാര്‍ന്ന കണ്ണുകള്‍ നഷ്ടപ്പെട്ടിരുന്നു,പകരം കറുത്ത ചതുരത്തില്‍ ഒരു കളം രൂപപ്പെട്ടു.മിന്നാമിന്നുകള്‍ ആകാശച്ചരിവിലെ നക്ഷത്രക്കുഞ്ഞുങ്ങളെ താലോലിക്കുവാന്‍ വേണ്ടി കൂട്ടമായ്‌ പറന്നകന്നു.കിളി വാതിലില്‍ നിമ്മി വീണ്ടും ഒറ്റക്കായി.നിമ്മിയുടെ കടുത്ത എകാന്തതയിലെക്കൊരു പുലരി കൂടി വിരുന്നു വന്നു......