Saturday, June 9, 2012

ചില്ല് ജാലകം


ര്‍ഷങ്ങളുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ തരിശു നിലങ്ങളില്‍ എവിടെയൊക്കെയോ മഴ പെയ്യുന്നുണ്ടാവും..പ്രകൃതിയുടെ ഭാവ മാറ്റം മനസ്സിലാക്കി അയാള്‍ പതിയെ പറഞ്ഞു.


തെരുവിലെ ഭാരം കുറഞ്ഞ അവശിഷ്ടങ്ങള്‍ കനം കൂടിയ ഒരു കാറ്റ് മുറിയിലേക്ക് പറത്തി വിട്ടപ്പോള്‍ അയാള്‍ ചില്ല് വാതില്‍ ചാരി തന്റെ പ്രവൃത്തി തുടങ്ങും നേരം അയാളില്‍ നിന്നും പിറവി എടുക്കുമെന്ന് വിശ്വസിച്ച വാക്കുകളിലായിരുന്നു എന്റെ പ്രതീക്ഷകള്‍ മുഴുവന്‍.


വേനല്‍ കനത്ത ഭൂമി നിഴലുകളുടെ ഭാരവും പേറി ശാന്തമായി ഉറങ്ങുമ്പോഴും ഭൂ ഗര്‍ഭങ്ങളില്‍ എവിടെയോ അഗ്നി പര്‍വ്വതങ്ങള്‍ രൂപപ്പെടുന്നത് പോലെ അയാളുടെ മനസ്സിലും എവിടെയോ കനലെരിയുന്നതായി ഞാന്‍ വിശ്വസിച്ചു.


”വര്‍ഷങ്ങള്‍ കഴിഞ്ഞു.എങ്കിലും ഒരു രാത്രി പോലും ഞങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല.ആള് മാറിയാണ് പോലും വെട്ടിയത്…” അല്പം നിര്‍ത്തി അയാള്‍ വീണ്ടും പറയാന്‍ തുടങ്ങി.
”കൊന്നവരുടെ കൊടിക്കീഴില്‍ അണി നിരന്നവര്‍ തന്നെ സ്മാരകം തീര്‍ത്ത വിരോധാഭാസം….”പരിഹാസത്തിന്റെ ഒരു തുണ്ട് ചിരി ചുണ്ടിന്റെ കോണില്‍ അല്‍പനേരം സൂക്ഷിച്ചു അയാള്‍ അര്ധോക്തിയില്‍ നിറുത്തി.


വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ദുരന്തത്തിന്റെ ഈ ഓര്‍മ്മപ്പെടുത്തല്‍ അയാളെ അലോസരപ്പെടുത്തുമോ എന്നും ഒരു വേള തന്നെ ആട്ടിയിറക്കപ്പെടുമെന്നും വിശ്വസിച്ച എനിക്ക് തെറ്റ് പറ്റിയത് ഞാന്‍ അറിഞ്ഞു.


മറ്റുള്ള വരുടെ ദുരന്ത മറിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ മറക്കുന്നവയല്ല സ്വയം അനുഭവിക്കുന്ന ദുരന്തത്തിന്റെ മുറിവുക ളെന്നു തന്റെ ജീവിതം തൊട്ടു അയാള്‍ സാക്ഷ്യപ്പെടുത്തുകയായിരുന്നു.


”കുന്നു കയറി വന്നു ക്ഷീണിച്ച് അനുശോചനം അറിയിച്ചവര്‍ ,ഒരിക്കലും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ സാധ്യത യില്ലാത്ത തന്റെ കുടുംബം..ആഴ്ച കളോളം മുഖ്യധാരാ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നത്…”പിന്നെ സാവധാനം തിരശീലകള്‍ക്ക് പിന്നിലേക്ക്‌ ഒരിക്കലും ഉണങ്ങാത്ത മുറിവുകളോടെ..”


കാഴ്ചകള്‍ മങ്ങി വരുന്ന കാലത്ത് കുന്നു കയറി കുടിലില്‍ അഭയം പ്രാപിക്കാന്‍ ഒരു ചെറിയ കൈത്താങ്ങ് ..അത് നഷ്ടപ്പെട്ടവന്റെ വിലാപം..അത് കേള്‍ക്കാനും അനുഭവിക്കാനും ദുരന്തത്തിനു ഇരയായവര്‍ മാത്രം.


പൊടിപടലങ്ങള്‍ മൂടി മങ്ങിയ തെരുവിലേക്ക് ഞാനിറങ്ങി നടക്കുമ്പോള്‍ കൈത്താങ്ങ് നഷ്ടപ്പെട്ടവന്റെ ഒരിക്കലും തീരാത്ത നൊമ്പരത്തിന്റെ വ്യഥ ചില്ല്ജാലകത്തിനകത്ത് കണ്ണുനീരായി പ്പെയ്യുന്നത് ഞാനറിഞ്ഞു..

Thursday, June 7, 2012

സ്വാതന്ത്ര്യം...


നിലത്തുറക്കാത്ത കാല്‍പാദങ്ങളുമായി വാതില്‍തുറന്ന ഡാനിയേല്‍ കട്ടിലിലേക്ക് വീണ് ഉറക്കംതുടങ്ങി.മുമ്പൊക്കെ അയാള്‍ വരുമ്പോള്‍ കാളിംഗ് ബെല്‍ അമര്‍ത്തി തുറക്കുംവരെ കാത്തിരിക്കുമായിരുന്നു.പിന്നെ തന്റെ അരയില്‍ പിടിച്ച്  തന്നോടടുപ്പിച്ച് ഗാഡമായൊരു സ്നേഹചുംബനം.ശേഷം അന്നന്നത്തെ വിശേഷങ്ങള്‍ പങ്ക്‌വെക്കല്‍. ജസീന്ത ഓര്‍ത്തു.

കമ്പനിയുടെ പുതിയ ഒരു പ്രോജക്ടിനായുള്ള പ്രാരംഭ നടപടികള്‍ തയ്യാറാക്കേണ്ടത് അവളുടെ ചുമതല ആയതിനാലായിരുന്നു മറ്റൊന്നും ചിന്തിക്കാന്‍ പോലുമുള്ള സമയമില്ലായിരുന്നു അവള്‍ക്കു.

മദ്യത്തിന്റെ ലഹരിയില്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്ന ഡാനിയേല്‍ പുലമ്പുന്ന അവ്യക്തവാക്കുകളെ അവഗണിച്ചു അവള്‍ അയാളുടെ ഷൂസും ടൈയും ഊരി വെച്ചു ഏസി ഓണ്‍ ചെയ്യുമ്പോഴേക്കും മുറിയിലാകെ മദ്യത്തിന്റെ മണം നിറയാന്‍ തുടങ്ങിയിരുന്നു.

നിഴലുകല്‍ക്കെല്ലാം ഒരേ നിറമാണ്.പുലരികളില്‍ പിന്നോട്ടാഞ്ഞും നട്ടുച്ചകളില്‍ പതിയിരുന്നും ,പകലറുതികളില്‍ മുന്നോട്ടാഞ്ഞും ആകൃതിയില്‍ വ്യതിയാനം വരുത്തി അവയങ്ങിനെ ഭൂമിയുടെ മുകളില്‍ അടയിരിക്കും.എന്നാല്‍ പ്രണയത്തിനു നിറങ്ങളേറെയാണ്.പുലരികളില്‍ വിരിയുന്ന ഏതൊരു പുഷ്പവും പ്രണയപുഷ്പമാവുമ്പോള്‍ നട്ടുച്ചകളില്‍ കിതച്ചും പകലറുതികളില്‍ നര്ത്തനമാടിയും നിലാവില്‍ ഹൃദയത്തോട് ചേര്‍ന്നും അവയങ്ങിനെ തുടര്ന്നു കൊണ്ടിരിക്കും.

ഡാനിയെലിന്റെ വേദാന്തങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നുവെന്നു ജസീന്ത തിരിച്ചറിഞ്ഞു.അയാളിപ്പോള്‍ പ്രണയിക്കുന്നത് മരുഭൂമിയെയാണ്.തന്റെ പ്രണയം മരണപ്പെട്ടതും അവയെ സംസ്കരിച്ചതും മരുഭൂമിയിലാണെന്ന് ജസീന്ത ആത്മഗതം ചെയ്തു.

അകല്‍ച്ചയുടെ ആരംഭം എവിടെ നിന്നായിരുന്നു ? ഡാനിയെലിനേക്കാള്‍ പ്രതിഫലം വാങ്ങുന്ന തന്റെ പുതിയ ജോലി സമ്പാ ദിച്ചപ്പോഴോ ..?വിവാഹമെന്ന ഉടമ്പടിയില്ലാതെ ഒരുമിച്ചു ജീവിക്കുമ്പോഴും ഇത്തരം അപകര്‍ഷതാബോധം സൂക്ഷിക്കുന്നത് പുരുഷവര്‍ഗ്ഗത്തിന് മൊത്തം അപവാദമാണെന്നവള്‍ നിരീക്ഷിച്ചു.

കത്തുന്ന വേനലിനേക്കാള്‍ ജസീന്ത ഇഷ്ടപ്പെട്ടത്  തോരാതെ പെയ്യുന്ന മഴക്കാലത്തെയായിരുന്നു.വറ്റി വരണ്ടു ഊഷരമായ പുഴയെക്കാള്‍ സ്നേഹിച്ചത് ഒഴുകിയൊഴുകി കടല്‍ സന്ധിക്കുന്ന നദിയെയും, .ഇലകൊഴിഞ്ഞു നഗ്നമായ മേപ്പിള്‍ മരങ്ങളെക്കാള്‍ വിഷു വരുമ്പോള്‍ പൂക്കുന്ന കൊന്നമരവും,കാട്ടുതീ കരിച്ച വനത്തെക്കാള്‍ സ്നേഹിച്ചത് മുറ്റത്തു നിന്നു നോക്കിയാല്‍ കാണുന്ന പച്ചപ്പാടവുമായിരുന്നെങ്കിലും ഡാനിയേല്‍ അവളെ വേനലുരുക്കിയൊഴിച്ചു നഗ്നമാക്കിയ മരുഭൂമിയില്‍ ഒരിക്കലും പൂക്കാത്ത ഇലകൊഴിക്കും വൃക്ഷത്തിനടിയില്‍ അന്തിയുറക്കി..

കമ്പനിയുടെ പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട്‌ അനിവാര്യമായ ആദ്യ യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രയാക്കാനെത്തിയ സഹപ്രവര്‍ത്തകരുടെയും സുഹൃത്തുക്കളുടെയും ഇടയില്‍ ജസീന്ത ഡാനിയെലിനെ തിരയാതെ സ്വാതന്ത്ര്യത്തിന്റെ തുറന്നിട്ട ആകാശത്തിലേക്ക് പറന്നുയര്‍ന്നു.

Monday, June 4, 2012

നിയോഗങ്ങള്‍...


നീണ്ട ഒരു കവര്‍ അയാളെ ഏല്‍പ്പിച്ച ശേഷം വലതു ചുമലിലൊന്ന് അമര്‍ത്തിപ്പിടിച്ച് സല്‍മാന്‍ ഒന്നും മിണ്ടാതെ അതിവേഗം തന്റെ വിലകൂടിയ കാര്‍ ഓടിച്ചു പോയി.

സല്‍മാന്‍..അയാള്‍ക്കെന്നും അത്ഭുതമായിരുന്നു.അയാള്‍ ഓര്‍ത്തു.ശിതീകരണയന്ത്രം പ്രവര്‍ത്തനം നിശ്ചലമായ ഒരു മധ്യാഹ്നത്തിലാണ് വിയര്‍ത്തു കുളിച്ച്‌ മെല്ലിച്ച്  ചടച്ചെങ്കിലും പ്രസന്നമായൊരു  അഴകാര്‍ന്ന മുഖത്തോടെ സല്‍മാനെ അയാള്‍ ആദ്യമായി കാണുന്നത്.

സന്ദര്‍ശക വിസയിലെത്തി ഒരു ജോലിക്കായുള്ള അലച്ചിലിനിടയില്‍ സല്‍മാന്‍ തന്റെ അടുത്തു  എത്തിപ്പെട്ടു എന്നതായിരുന്നു യാഥാര്‍ത്ഥ്യം  .കേവലമൊരു സ്വദേശി റസ്റ്റോറണ്ട് ജീവനക്കാരനായ അയാളുടെ അറിവിന്റെ പരിധികള്‍ക്കും എത്രയോ മുകളിലായിരുന്നു സല്‍മാന്റെ  വിദ്യാഭ്യാസം.എന്നാലും യാദൃശ്ചികമെന്നു പറയട്ടെ താന്‍ നിമിത്തമാണ് അവന്റെ ഉയര്‍ച്ചയെന്നതില്‍  അയാള്‍ക്ക്‌ അഭിമാനവും ആഹ്ലാദവും തോന്നി.

ആദ്യ കൂടിക്കാഴ്ചയില്‍ സല്‍മാന്‍ റെസ്റ്റോറണ്ടില്‍ മറന്നു വെച്ചു പോയ ബയോഡാറ്റ റെസ്റ്റോറെണ്ടിലെ പതിവുകാരനായ യൂറോപ്യന്‍ വംശജന് കൈമാറിയതായിരുന്നു സല്‍മാന്റെ ഇന്നത്തെ ഉയര്‍ച്ചയുടെ ആദ്യ പടിയും,ജീവിതത്തിന്റെ വഴിത്തിരിവും.

മിഡില് ഈസ്റ്റിലെ പ്രശസ്തമായൊരു മള്‍ട്ടിമീഡിയയുടെ അസിസ്ടന്റ്റ് മാനേജരായി ചുമതലയേല്‍ക്കുന്ന ദിനത്തിന്റെ തലേന്നായിരുന്നു സല്‍മാന്‍ വീണ്ടും അയാളെ കാണാനെത്തിയത്.തനിക്കൊരിക്കലും വഴങ്ങാത്ത ഏറ്റവും പുതിയൊരു മൊബൈല്‍ സെറ്റ് അയാളെ ഏല്‍പ്പിച്ച് താനേറ്റെ ടുത്ത പുതിയ ദൌത്യത്തിനായുള്ള അനുഗ്രഹം വാങ്ങി ഇത് പോലെ ഒന്നും മിണ്ടാതെ ടാക്സി കയറിപ്പോയ സല്‍മാന്‍ വീണ്ടും അയാളെ  അല്ഭുതത്തിലാക്കി.

പിന്നീട് ആ മൊബൈല്‍ സെറ്റ് പോലെ സ്നേഹപൂര്‍വ്വം നിരസിച്ചിട്ടും സല്‍മാന്റെ നിര്‍ബന്ധത്താല്‍ സ്വീകരിക്കേണ്ടി വന്ന പലതരം വിലകൂടിയ സമ്മാനങ്ങള്‍  അയാളുടെ പെട്ടിയില്‍ സ്ഥാനം പിടിച്ചു തുടങ്ങി.

ഋതുഭേദങ്ങള്‍ മാറുന്നതനുസരിച്ച് ആയുസ്സിന്റെ ദൈര്‍ഘ്യവും കുറയുന്നത് സ്വാഭാവികമാണല്ലോ.പ്രായവും അനുഭവവും കൂടുന്നതനുസരിച്ച് പ്രവൃത്തിയിടങ്ങളില്‍ മുന്നേറ്റമാണ് സംഭവിക്കുക.എന്നാല്‍ റെസ്സ്റ്റോറ ണ്ടില്‍ പിന്നാമ്പുറത്തെക്കായിരുന്നു അയാള്‍ക്ക്‌ പിന്മാറേണ്ടിയിരുന്നത്.

നീണ്ട പതിനെട്ടുവര്‍ഷങ്ങള്‍..പകലെന്നും രാവിനും ,രാവെന്നും പകലിനും അവയുടെ  ഭാരമിറക്കി വെക്കാന്‍ നെഞ്ചിലൊരിത്തിരിയിടം അനുവദിച്ചിരുന്നുവെങ്കിലും ,അയാള്‍ക്ക്‌ ജീവിതത്തെ   രണ്ടറ്റവും യോജിപ്പിക്കുവാന്‍ കഴിയുന്നില്ലല്ലോയെന്ന ദുഖത്തിലേക്ക് പ്രായപൂര്‍ത്തിയായ മൂത്ത മകളും അതിനോടടുത്തു നില്‍ക്കുന്ന ഇളയ മകളും  മനസ്സില്‍ മറ്റൊരു  കനലായി എരിഞ്ഞ് തുടങ്ങി.

''മരുനിലാക്കിളിയെനിക്ക്
തലയൊന്നു ചായ്ക്കുവാന്‍
ഒരു കൂടൊന്നു പണിയുമോ
ഞാനൊറ്റയാകുമ്പോള്‍
കഥയൊന്നു ചൊല്ലുവാന്‍
നിന്‍ കാതെനിക്ക്
കടം തരുമോ
മധ്യാഹ്നമാവുമ്പോള്‍
കരിയും കരളിലെ
ഒരു നനുത്ത സ്പര്‍ശമായ്
നീ മാറുമോ
മുമ്പേ പറക്കുവാന്‍ ഞാന്‍
മോഹിക്കുമെങ്കിലും
എന്നും പിന്നിലാണല്ലോ.....


ഉഷ്ണമുറഞ്ഞ മരുഭൂമികളില്‍ പേരറിയാത്ത മരുക്കിളികള്‍ നിലാവ് തിന്നാനായി രാവ്‌ കാത്തിരുന്നു.കുലച്ചു നിന്ന ഈന്തപ്പനമരങ്ങളില്‍ പരാഗണം നടക്കാത്ത വൃക്ഷങ്ങള്‍ അസൂയയുടെ വിങ്ങിയ നോട്ട മെറിഞ്ഞു.മണല്ക്കൂനകള്‍ അടയാളം വെക്കാന്‍ പറ്റാതെ മരുഭൂ യാത്രികര്‍ ഒട്ടകപ്പാതകള്‍ നോക്കി യാത്രയാരംഭിച്ചു.

മൂത്ത മകള്‍ക്കൊരു വിവാഹാലോചന.വരനെയും വീട്ടുകാരെയും നേരത്തെ പരിചയമുള്ളത് കൊണ്ട് മറ്റൊന്നും ചിന്തിക്കാതെ എന്ത് ധൈര്യത്തിലായിരുന്നു വാക്കു കൊടുത്തതെന്ന് അയാള്‍ക്കിപ്പോഴും അജ്ഞാതമായിരുന്നു.ജോലിത്തിരക്കിനിടയിലെ അല്‍പ വിശ്രമത്തിനായുള്ള അക്ഷമയുടെ കാത്തിരിപ്പിലേക്ക് ചൂട് ഹൃദയവും പൊള്ളിക്കാന്‍ തുടങ്ങി.
നന്മ ചെയ്യുന്നവര്‍ ക്ഷമാശീലരായിരിക്കും. ക്ഷമിക്കുന്നവര്‍ നന്മയുടെ പര്യായവും.കാലം സാക്ഷി,തന്റെ ജീവിതം സാക്ഷി...മകളുടെ വിവാഹ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള തുക കൂടാതെ നാട്ടില്‍ പോയി വരാനുള്ള ടിക്കെറ്റും അടങ്ങിയ സല്‍മാന്‍ ഏല്‍പ്പിച്ച കവര്‍ കൈയില്‍ കിടന്നു വിറപൂണ്ടപ്പോള്‍ അയാള്‍ സര്‍വ്വശക്തനോട് നന്ദി പ്രകടിപ്പിക്കുകയും സല്‍മാന്റെ ദീര്‍ഘായുസ്സിനു വേണ്ടി പ്രാര്‍ത്തിക്കുകയുമായിരുന്നു.