Friday, September 10, 2010

വാടിയ അസര്‍മുല്ലപ്പൂക്കള്‍ ....

ജീവിതത്തിലെ ആഘോഷമില്ലാത്ത ആദ്യത്തെ പെരുന്നാള്‍ ആയിരുന്നു മിനിയാന്ന്.മൈലാഞ്ചി യിടാത്ത റുബീനയുടെ വിളറി വെളുത്ത കൈവെള്ള പോലെ ഐശുബിയുടെ മനസ്സും വിളറി നിന്നു.


പുറമ്പോക്കില്‍ നട്ടു നനക്കാതെ തഴച്ചു വളര്‍ന്ന കുമ്പളയില അത്താഴത്തിന്റെ കറിക്കു വേണ്ടി ശേഖരിക്കുകയായിരുന്നു ഐശുബി .മുറ്റത്തു കാല്‍ കഴുകാനിട്ട കല്ലിനടുത്തു അസര്‍മുല്ലപ്പൂവുകള്‍ വിടരാന്‍ വെമ്പി നിന്നു.

സ്കൂള്‍ വിട്ടിനിയും തിരിചെത്താത്ത മകളുടെ ആധിയിലേക്ക് അവള്‍ തന്റെ പ്രാര്‍ത്ഥന കള്‍ വീണ്ടും ചൊല്ലിക്കൊണ്ടിരുന്നു .റുബീനയുടെ സഹപാഠിയും പ്രിയ തോഴിയുമായിരുന്ന പെണ്കുട്ടി ദാരുണമായി തന്റെ മകളുടെ കണ്‍ മുന്നില്‍ വെച്ചു അപകടത്തില്‍ പെട്ട ദൃശ്യം മകളുടെ വിവരണങ്ങളിലൂടെ ഐശുബിയെ വീണ്ടും നടുക്കി.

ഒരാഴ്ച മുമ്പ് അന്നും പതിവ് പോലെ മകളുടെ കൈവിരലുകള്‍ പിടിച്ചു കിലുക്കം പെട്ടി യെപോലെ പൊളിഞ്ഞ മുള്ള് വേലിക്കിടയില്‍ രൂപപ്പെട്ട കൊള്ളു കടന്നു ഇടവഴിയിലേക്കിറങ്ങി പോയ പെണ് കുട്ടി...ബസ് സ്ടോപ്പിലേക്ക് നിയന്ത്രണം വിട്ട്‌ പാഞ്ഞു കയറിയ വാഹനം അനാഥമാക്കപ്പെട്ട രണ്ടു മൂന്നു കുടുംബങ്ങള്‍.. പ്രിയ തോഴിയെ നഷ്ടപ്പെട്ട ദുരന്തം കണ്ടു പതറിപ്പോയ തന്റെ മകള്‍ കണ്ണ് നീര് തോരാത്ത അയല്‍ വീട്.... ഇതിനൊക്കെ ആരാണ് ഉത്തരവാദി എന്നറിയാതെ ഐശുബിയുടെ മനസ്സ് പിന്നെയും തേങ്ങി.

സായാഹ്ന വെയില്‍ ഉതിര്‍ത്ത വശ്യതയില്‍ മുള്ള് വേലിയില്‍ ഇണ ചേര്‍ന്ന രണ്ടു പച്ചിലപ്പാമ്പുകള്‍ പുറമ്പോക്കിലെ കുറ്റിക്കാടുകളിലേക്ക് ഇഴഞ്ഞു പോയി.

ദുരന്തം കണ്‍ മുന്നില്‍ കണ്ട ആഘാതത്തിലും തല നാരിഴക്ക്‌ ജീവന്‍ തിരിച്ചു കിട്ടിയ മകള്‍ വാഹനത്തില്‍ കയറാന്‍ മടിച്ചു രണ്ടു കിലോ മീറ്ററുകളോളം നടന്നു സ്കൂളില്‍ പോകാമെന്ന അഭ്യര്‍ത്ഥന മനസ്സില്ലാ മനസ്സോടെ ഐശുബി സ്വീകരിക്കുകയായിരുന്നു.

കളിത്തോഴി നഷ്ടപ്പെട്ട റുബീനയുടെ വാടിയ കണ്ണുകള്‍പോലെ അസര്‍മുല്ലപ്പൂക്കള്‍ വാടിത്തുടങ്ങുംനേരം പൊളിഞ്ഞ മുള്ള് വേലിയുടെ ഇട വഴി കടന്നു ശൂന്യമായ മനസ്സും ക്ഷീണിച്ച മുഖവുമായി താഴോട്ട് നോക്കി മകള്‍ മുറ്റത്തേക്കു കയറി വന്നപ്പോള്‍ ഐശുബി ദീര്‍ഘ നിശ്വാസമയച്ചു .

മേഘാ വൃതമായ ആകാശം ഒരു നരച്ച പകല്‍ കൂടി ഭൂമിക്കു സമ്മാനിച് രാത്രിയിലേക്ക്‌ നടന്നടുത്തു.കൂടണയാന്‍ കൂട്ടമായെത്തിയ കാക്കകള്‍ പുറമ്പോക്കിലെ അരയാല്‍ മരത്തിലെ നിശബ്ധത ഭന്ജിചു .അരയാല്‍ മരത്തില്‍ ഉറക്കം തൂങ്ങി നിന്ന വവ്വാലുകള്‍ രാത്രി സഞ്ചാരത്തിനു കാത്തു കിടന്നു

ഇനിയുമൊരു ദുരന്തം ആര്‍ക്കു മുണ്ടാവരുതെയെന്നു ഒരിക്കല്‍ കൂടി സര്‍വ്വ ശക്തനോട് പ്രാര്‍ഥിചു ഐശുബി മകളെ ചേര്‍ത്തു പിടിച്ചു വിതുമ്പി .

.......

Monday, September 6, 2010

ശ്യാമയുടെ തെറ്റുകള്‍ ..

വിദ്യാധരന്‍ ഇറങ്ങിപ്പോയ വഴിയരികില്‍ തൊട്ടാവാടി ചെടികള്‍ വെയിലേറ്റു തളര്‍ന്നു


നിന്നു..ചെറു സൂര്യനെപ്പോലെ വിടര്‍ന്നു നിന്ന തൊട്ടാവാടിപ്പൂക്കള്‍ സൂര്യ താപമേറ്റ് തണ്ടിന് ശേഷിയില്ലാതെ മണ്ണിലേക്ക് തൂങ്ങി നിന്നു.ചോര വാര്ന്നുവീഴുന്ന ഇടതു ചെവിയിലേക്ക് അല്പം തേയില പ്പൊടി വിതറി ശ്യാമ ആലോചനകളില്‍ മുഴുകി.ദ്രവിച്ചു തുടങ്ങിയ വാടക വീടിന്റെ തറയുടെ ഉയരം വരെ ചിതലുകള്‍ വാസമുറപ്പിച്ചിരുന്നു .മണ്ണ് കൊണ്ടുണ്ടാക്കിയ ചിതല്‍ വീടുകള്‍ പുതുതായി പണിയുന്നിടം നനവാര്‍ന്നു നിന്നു.

വിധ്യാധാരന്റെ സ്വഭാവത്തിലെ മാറ്റം ശ്യാമയെ അത്ഭുത പ്പെടുത്തിയില്ല.തെറ്റ് തന്റേതു മാത്രം .രണ്ടു മക്കളുടെമാതാവും വിവാഹിതയുമായ താന്‍ സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചു അയാളുടെ കൂടെ ഇറങ്ങി പ്പുറ പ്പെട്ടത് എന്തിനു വേണ്ടി യായിരുന്നു വന്നു ശ്യാമക്കിപ്പോഴും അജ്ഞാതമായിരുന്നു.

''നിന്നെ ഞാന്‍ ഒരു പാടുസ്നേഹിക്കുന്നു..തന്റെ സ്ത്രൈണതയെ തൊട്ടുണര്‍ത്തിയ വാക്കുകള്‍ തന്റെ ജീവിതം തന്നെഇരുട്ടു വഴികളില്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന തിരിച്ചറിവ് അറിയാന്‍ ഒരു പാടു വൈകിയിരുന്നു.ശൌചാലയം വൃത്തിയാക്കുന്ന ഒരു ഉല്പന്നം വീട് തോറും കയറി വിറ്റഴിക്കുന്ന സുമുഖനായ ഒരു യുവാവ്.വിദ്യാധരന്‍ ഒരു ദിവസം തന്റെ വീട്ടിലും വാണിഭക്കാരനായെത്തി .ആകര്‍ഷണമായ സൌന്ദര്യവും സരസമായ വാക്ചാതുരിയും തന്നെ അയാളിലേക്ക് ആകര്‍ഷിക്കുകയായിരുന്നോ? അതോ നിഷ്കളങ്കമായ തന്റെ ഹൃദയത്തിന്റെ ബലഹീനത അയാള്‍ ചൂഷണം ചെയ്തോ?.

വിധ്യാധരന്റെ കൂടെയുള്ള ഒളിച്ചോട്ടം തകര്‍ത്തത് അനേകം കുടുംബങ്ങളെയാവാം.കടുത്ത മദ്യപാനിയും അഴുക്കു ചാലിലൂടെ ജീവിച്ചു വളര്ന്നവനു മാണ യാളെന്ന യാഥാര്‍ത്ഥ്യം മനസ്സിലാവുമ്പോഴേക്കും പാണ്ടി നാട്ടിലെ ഇടുങ്ങിയ ഈ ഗല്ലിയിലെ പഴയ പഴയ വീട്ടില്‍ ബന്ധനസ്ഥയായിരുന്നു.

അഞ്ചു വയസ്സായ മൂത്ത മകളിലെക്കും പിച്ച വെച്ചു തുടങ്ങുന്ന കുഞ്ഞു മകനിലെക്കും ശ്യാമ തന്റെ മനസ്സ് കൊട്ടിയടച്ചു.

ഇടതു ചെവിയില്‍ നിന്നും പറിച്ചെടുത്തു കൊണ്ട് പോയ കമ്മല്‍ വിറ്റു മദ്യപിചെത്തിയ വിദ്യാധരന്‍ തന്ന പാനീയം തൊണ്ടയും പൊള്ളിച്ചു വന്‍ കുടല്‍ വരെ എരിഞ്ഞ് നിന്നു.

പിന്നെ ഗാ ഡമായ നിദ്രയായിരുന്നു.കിനാവില്‍ പിച്ച വെക്കാനാരംഭിച്ച ഒരാണ്‍ കുട്ടി മുലപ്പാലിന് വേണ്ടി കരഞ്ഞു കൊണ്ടിരുന്നു.വാത്സല്യം നിറഞ്ഞ ഒരു തലോടലിനു വേണ്ടി അഞ്ചു വയസ്സുകാരി പെണ് കുട്ടി തേങ്ങി.

ചൂട് കുറഞ്ഞ സൂര്യ രശ്മികളുടെ പ്രഹര മേറ്റ് തോട്ടാവാടിചെടികള്‍ ഉണര്‍ന്നു നിന്നു.കൊച്ചു മുള്ളുകള്‍ നിറഞ്ഞ തൊട്ടാവാടിയുടെ കാണ്ഡങ്ങള്‍ ശരീരത്തിലേക്ക് പടര്‍ന്നു നീറിത്തുടങ്ങി,

വിദ്യാധരന്‍ നല്‍കിയ പാനീയം ഏല്‍പിച്ച നിദ്ര വിട്ടു ഉണരുമ്പോള്‍ അയാളുടെതല്ലാത്ത ഒരപരിചിത പുരുഷ ഗന്ധം മുറിയില്‍ തങ്ങി നില്പുണ്ടായിരുന്നു....

,,..

Sunday, September 5, 2010

തടാകക്കരയില്‍ പൂത്ത സൌഹൃദങ്ങള്‍ ....

ചൂട് സ്വല്പം കഠിനമാണെങ്കിലും വിങ്ങലില്ലാത്ത ഈ വൈകുന്നേരം ബിനുവിനു വളരെ മനോഹരമായിത്തോന്നി.പതിവിനു വിപരീതമായി ഏറ്റവും അവസാനമെത്തുന്ന റൈമു ബോട്ടിറങ്ങി നേരത്തെ നടന്നു വരുന്നത് ബിനുവിനെ അത്ഭുതപ്പെടുത്തി.ഇന്റെര്‍നെറ്റിലെ കൂട്ടമെന്ന സൌഹൃദ ക്കൂട്ടായ്മയില്‍ നിന്നും പരിചയപ്പെട്ടു കംപിയൂട്ടര് സ്ക്രീനുകള്‍ക്ക് പുറത്തേക്ക് വ്യാപിച്ച നാട്യങ്ങളില്ലാത്ത സൌഹൃദം.. പ്രവാസത്തിന്റെ വിരസതയാര്‍ന്ന യാദാര്‍ ത്യ ങ്ങളിലെ പൊള്ളലുകള്‍ മറന്നു അഞ്ചു പേരടങ്ങുന്ന ആ സൌഹൃദക്കൂട്ടം തങ്ങളുടെ സന്തോഷങ്ങളും ദുഖങ്ങളും പങ്ക്‌ വെച്ചു ഓരോ വൈകുന്നേരവും പിരിയുന്നു.വീണ്ടും അടുത്തൊരു വൈകുന്നെരത്തിനായി.


ഇനി മൂന്നു പേര്‍കൂടി റഹീം,മനു ചന്ദ്ര കാന്തന്‍ . തടാകത്തിന്റെ കൈ വരികളോട് ചേര്‍ന്ന് നിര്‍മ്മിച്ച മാര്‍ബിള്‍ ബെഞ്ചില്‍ ബിനുവും റൈമുവും ഇരുന്നു. തുറമുഖം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നീളത്തില്‍ പണിഞ്ഞ പൂന്തോട്ടത്തില്‍ ഇടവിട്ട്‌ ഈന്തപ്പനകള്‍ കുലച്ചു നിന്നു.തടാകത്തില്‍ നിന്നും വീശിയ കാറ്റ് ഈന്തപ്പന യോലകളില്‍ മര്‍മ്മരം സൃഷ്ടിച്ചു താഴെ വിവിധ വര്‍ണങ്ങളില്‍ പൂത്തു നിന്ന പൂക്കളിലേക്ക്‌ തെന്നി വീശി, രഹീമും മനുവും ഒരുമിച്ചാ ണെ ത്തിയത്.ഇനി ചന്ദ്ര കാന്തന്‍ കൂടി.


ഡിസംബറില്‍ പിറക്കാനിരിക്കുന്ന മൂന്നാമത്തെ കുട്ടിയുടെ സ്വപ്നങ്ങളിലേക്ക്

റഹീം കമ്പനി ലീവനുവദിച്ച കാര്യം പറഞ്ഞ വാചാലതയിലേക്ക് ,റൈമു പൂട്ടാന്‍ പോവുന്ന തന്റെ കമ്പനിയെ ക്കുറിച്ചും ജോലി നഷ്ടപ്പെട്ടാല്‍ അനിശ്ചിത ത്വത്തിലാവുന്ന വലിയൊരു കുടുംബത്തിലെ പ്രാരാബ്ദവും അവര്‍ക്ക് മുമ്പില്‍ അഴിച്ചിട്ടു.


തുറമുഖത്ത് നങ്കൂരമിട്ട കൂറ്റനൊരു ചരക്കുകപ്പല്‍ ഒരാര്‍ത്ത നാദം ഓര്‍മ്മിപ്പിക്കും വിധം ശബ്ദം പുറപ്പെടുവിച്ചു.സൂര്യന്‍ അസ്തമയത്തിനായി തടാകത്തിലേക്ക് ഇറങ്ങാനൊരുങ്ങി നില്‍ക്കുമ്പോഴാണ് ചന്ദ്ര കാന്തന്‍കിതച്ചുകൊണ്ടെത്തിചേര്‍ന്നത്‌ .ജോലി കഴിഞ്ഞു ഹത്തയില്‍ നിന്നും തിരിച്ചു വരും വഴി അലൈന്‍ പാതയില്‍ നടു റോട്ടിലേക്ക് തകര്‍ന്നു വീണ ചരക്കു വിമാനത്തിന്റെ ഭീകരത അവന്റെ വാക്കുകള്‍ക്കും അതീതമായി ദാരുണമായ ദുരന്തം പോലെ ചന്ദ്ര കാന്തന്റെ മുഖത്തു നിഴലിച്ചു നിന്നു.


ചൂടും ഈര്‍പ്പവും കുറഞ്ഞ അന്തരീക്ഷ ത്തിലേക്ക് തടാകത്തിലെ ജലത്തില്‍ മുങ്ങി ക്കുളിര്‍ത്ത കാറ്റ് മെല്ലെ വീശി.ഇറാനെന്ന രാജ്യത്തിന്റെ നരച്ച പതാകയെന്തിയൊരു ചെറുകപ്പല്‍ പുതിയൊരു കപ്പലിന് നങ്കൂരമിടാന്‍ വേണ്ടി തടാകത്തിലെ ഒഴിഞ്ഞ ഭാഗത്തേക്ക് നീങ്ങി.വെളിച്ചം കെട്ടു തടാകത്തിലേക്ക് ഇറങ്ങി നിന്ന സൂര്യനെ ചെറു മീനുകള്‍ ഇക്കിളി യിട്ടു


സൌഹൃദക്കൂട്ടമിരുന്ന ബഞ്ചിനു രണ്ടു വാര അകലെയായി മറ്റൊരു ബഞ്ചില്‍ സ്വദേശിയായ ഒരു കുടുംബം വന്നിരുന്നു.നടന്നു ശീലിക്കാന്‍ തുടങ്ങിയ കൊച്ചു കുട്ടി അവരിരുന്ന ബന്ചിനരികിലേക്ക് തുഴഞ്ഞു നീങ്ങി.കൊച്ചു കുട്ടിയെ തിരികെ എടുക്കാന്‍ വന്ന പരിചാരികയായ ഇന്ത്യന്‍ സ്ത്രീയുടെ കണ്ണുകള്‍ അല്‍പ നേരം ചന്ദ്ര കാന്തന്റെ കണ്ണുകളില്‍ ഉടക്കി നിന്നു.


എവിടെയോ കണ്ടു മറന്ന മുഖം ..അല്പം തിളക്കം നഷ്ടപ്പെട്ട കണ്ണുകള്‍ ചന്ത്രകാന്തന്റെ മനസ്സിലെവിടെയോ ഓളങ്ങള്‍ സൃഷ്ടിച്ചു.കൂട്ടുകാരുടെ ചര്‍ച്ച പ്രസിദ്ധ കവിയും കഥാകാരനുമായ സൈനുദ്ധീന്‍ ഖുരൈശിയുടെ രചനകളി ലേക്ക് കടന്നിരുന്നു.തിളക്കം നഷ്ടപ്പെട്ട രണ്ടു കണ്ണുകള്‍ ചന്ദ്ര കാന്തനെ അസ്വസ്ഥനാക്കി.കൂട്ടുകാരുടെ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു അയാള്‍ തടാകത്തിലേക്ക് കണ്ണയച്ചു.


സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛന്റെ സ്ഥല മാറ്റങ്ങള്‍ക്കൊപ്പം അനേകം ഗ്രാമങ്ങളില്‍ ജീവിച്ച ബാല്യം . ഓരോ ഗ്രാമവും ഓരോ വഴിയമ്പലങ്ങള്‍ പോലെ മനസ്സില്‍ ഇപ്പോഴും ഗൃഹാതുരത പോലെ പച്ച പിടിച്ചു നില്‍ക്കുന്നു.ഈ നിറം മങ്ങിയ രണ്ടു കണ്ണുകള്‍ അതിലേതു വഴിയമ്പലത്തിലെതാണ്?ചന്ദ്ര കാന്തന്റെ മനസ്സിലേക്ക് അനേകം മുഖങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും കടന്നു വന്നു..

അതെ..മലപ്പുറം ജില്ലയിലെ കോട്ടക്കുന്നു എന്ന ചെറുഗ്രാമത്തിലെ ബാല്യം അതിവേഗം അയാള്‍ക്കൊര്‍ത്തെടുക്കാന്‍ കഴിഞ്ഞു.തങ്ങളുടെ വാടകവീടിനു എതിര്‍വശം പന്ത്രണ്ടു പെണ്‍കുട്ടികളുള്ള ഒരു കുടുംബം.ഒരു ആണ്‍ കുട്ടിക്കായുള്ള കാത്തിരിപ്പിലേക്ക് പതിമൂന്നാമത്തെ കുട്ടി ആണ്‍ കുട്ടിയാനെന്നുള്ള സന്തോഷ വാര്‍ത്ത അറിയിക്കാന്‍വീട്ടിലേക്കുഓടിവന്നപെണ്‍കുട്ടി..ജമീല.പതിമൂന്നാമത്തെ ആണ്‍കുട്ടിക്ക് ജീവന്‍ കൊടുത്തു ജീവനില്ലാത്ത ലോകത്തിലേക്ക് നടന്നു പോയ ജമീലയുടെ ഉമ്മ..എല്ലാം ചന്ദ്ര കാന്തന്റെ ഓര്‍മ്മയിലേക്ക് കടന്നു വന്നു.


പിന്നെ അച്ഛന്റെ സ്ഥലം മാറ്റം ദൂരെ ഒരു ദിക്കിലെക്കായിരുന്നു.യാത്ര പറയുമ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല ..ഒരു പെങ്ങളില്ലാത്ത അഭാവം അന്നും ഇന്നും ജമീലയുടെ ഓര്‍മ്മകളിലൂടെ മനസ്സിനെ ത്രുപ്തിപ്പെടുത്തിപ്പോന്നു.


സുഹൃദക്കൂട്ടം പിരിയുവാന്‍ നേരമായിരുന്നു.സ്വദേശികളായ കുടുംബവും ജമീലയും ബെഞ്ചില്‍ നിന്നും തിരോഭവിച്ചിരുന്നു.തടാകക്കരയിലെ മാര്‍ബിള്‍ ബഞ്ചിലേക്ക് ഇരുട്ട് കയറി നിന്നു.സൂര്യനെ ഇക്കിളിയിട്ട ചെറു മീനുകള്‍ പോലും ഉറക്കം തുടങ്ങി ഓളങ്ങള്‍ നിറഞ്ഞ തടാകത്തിലെ അനുരണങ്ങള്‍ അയാളുടെ മനസ്സിലേക്ക് നൊമ്പരങ്ങളായ് പെയ്തിറങ്ങി.


എല്ലാവരും യാത്ര പിരിഞ്ഞു പോയിട്ടും ചന്ദ്രകാന്തന്‍ കുറെ നേരം കൂടി മാര്‍ബിള്‍ ബഞ്ചില്‍ തല താഴ്ത്തിയിരുന്നു.പിന്നെ സാവധാനം തന്റെ കാറിനടുത്തെക്കു നടന്നു ......