Thursday, June 3, 2010

ഗ്രാമത്തിലേക്ക് കൂടണയുന്നവര്‍...

നഗരത്തില്‍ നിന്നും വിമല സ്വയം കാറോടിച്ചു തന്റെ ഗ്രാമത്തിലെത്തുമ്പോള്‍ ഗ്രാമം മുഴുവന്‍ മഞ്ഞ വെയില്‍ പൂത്തു നിന്നിരുന്നു.ചെമ്മണ്‍ പാതയില്‍ നിന്നും പഴയ നാലെകെട്ടിലേക്ക് ഇറങ്ങിയ ഇടവഴി കാറിനു സഞ്ചരിക്കാന്‍ പാകത്തില്‍ വീതി കൂട്ടിയിരുന്നു.ഗള്‍ഫു പണത്തിന്റെ ആര്‍ഭാടങ്ങള്‍ ആവോളം ചേര്‍ത്തു നിര്‍മ്മിച്ച ഒരു ഗൃഹത്തിന്റെ കുപ്പി ചില്ലുകള്‍ നാട്ടിയ കന്മതിലിനു ചേര്‍ന്ന് കാര്‍ ഒതുക്കി വെച്ചു.


ഒതുക്കുകള്‍ കയറി മുകളിലെത്തിയപ്പോള്‍ രണ്ടു വശത്തും നഷ്ട പ്രതാപം പോലെ നരസിംഹ മൂര്‍ത്തിയുടെ കല്പ്രതിമകള്‍ പൂപ്പല്‍ പിടിച്ചു കിടക്കുന്നു.കരുകപ്പുല്ലുകള്‍ നിറഞ്ഞ നട വഴി അവസാനിക്കുന്നിടത്ത് പടിപ്പുരയും കടന്നു വിശാലമായ മുറ്റം,വര്‍ഷങ്ങളായി പാദ സ്പര്‍ശ മേല്ക്കാത്ത മുറ്റത്തു നാഞ്ഞൂല്‍ പുറ്റുകള്‍ നിറഞ്ഞു നിന്നു.ബാല്യത്തില്‍ പിച്ചവെച്ച മുറ്റം വലതു വശത്ത്‌ കുളി പ്പുരയോടു ചേര്‍ന്ന് ബാല്യ കാല സഖിമാരോടൊപ്പം കൊത്തം കല്ലു കളിച്ച കിണര്‍ ത്തടം.

അച്ഛനമ്മമാരുടെ അകാല വേര്‍പാടിന് ശേഷം ബന്ധക്കാരുടെ അവഗണനയുടെ മുള്‍ക്കിരീടം പേറി ഈ നാലുകെട്ടും ഒരെക്കരയോളം വരുന്ന തോപ്പും ഭാക്കി വെച്ചു നഗരത്തിലേക്ക് കുടിയേറുകയായിരുന്നു വിമലയും അനിയന്‍ ശരത്തും.

കാലങ്ങളായി മനുഷ്യ ഗന്ധമെല്‍ക്കാത്ത നാലുകെട്ടിലെ മുകളിലത്തെ മുറിയില്‍ നരിച്ചീറുകള്‍ രാപാര്‍ത്തു.ബാല്യത്തില്‍ ദിനം പലതവണ ഓടിക്കയറി ഇറങ്ങിയ ഗോവണി പാതി കയറുമ്പോഴേക്കും വിമല കിതച്ചു.

മാറാലകള്‍ പിടിച്ച ജനവാതിലുകള്‍ പുറത്തേക്ക് തുറന്നു വെച്ച നേരം മനസ്സിലെ മാറാലയും പതിയെ നീങ്ങുന്നത്‌ വിമല അറിഞ്ഞു.പുറത്ത്‌ നഗരത്തിലേക്ക് കുടിയേറും മുമ്പ് കൈമാറിയ പാഠങ്ങള്‍ നികത്തി കോളനികള്‍ പോലെ വീടുകള്‍ നിരന്നിരുന്നു.ഭാക്കി വരുന്ന തോപ്പ് നിഘൂടതകള്‍ പോലെ കാട് പിടിച്ചു കിടന്നു.ഇടതു ഭാഗം ഊര്‍ധ്വന്‍ വലിക്കുന്ന നില നദിയും ,നദിയില്‍ നിന്നും വാരിയ മണല്‍ കൊണ്ട് പോകാനെത്തിയ പാണ്ടി ലോറികളും.

ശരത്തും പ്രതീക്ഷിചിട്ടുണ്ടാവാം ഒരു തിരിച്ചു വരവ്.ദുബായില്‍ കുടുംബ സമേതം പ്രവാസി ആയികഴിയുമ്പോഴും ഇടയ്ക്കിടെ ഗ്രാമത്തിന്റെ വിശുദ്ദിയെപ്പറ്റി കുട്ടികളോടെ പറയാന്‍ ശ്രദ്ധി ക്കാരുണ്ടെന്നു അമ്മുവിന്‍റെ എഴുത്തിലുണ്ടാവാറുണ്ട്.

വിമലയുടെ ഭര്‍ത്താവ് ശേഖരന്‍ പട്ടാളത്തിലാണ്.അടുത്ത ആഴ്ച അദ്ദേഹം റിട്ടയര്‍ ആവുന്നു.വിമലയുടെ ഇത് വരെ പറയാത്ത ഒരു രഹസ്യമാണ് ഈ നാലുകെട്ടിനെപറ്റി ശേഖരനോട്.കുട്ടികളില്ലാത്ത വിമലയും ശേഖരനും ഇനി ജീവിത കാലം മുഴുവന്‍ ഈ നാലുകെട്ടില്‍ ജീവിക്കും.

അവശേഷിക്കുന്ന തോപ്പില്‍ കൃഷിചെയ്തു ,ഗ്രാമത്തിലെ മാലിന്യമില്ലാത്ത ശുദ്ധവായു ശ്വസിച്ചു വിമലക്ക് ശേഖരന്‍ മകനായും ശേഖരന്‍ വിമലക്ക് മകളായും ,

തൊടിയില്‍ ഇരുട്ട് പടര്‍ന്നു തുടങ്ങി.മുറ്റത്തെ സപ്പോട്ട മരത്തില്‍ ഒരു കുരുവി കൂടണയാന്‍ തിരക്ക് കൂട്ടി.ബാല്യത്തിലെ വിരലടയാളങ്ങള്‍ തിരഞ്ഞു വിമല സപ്പോട്ട മരത്തില്‍ വിരലോടിച്ചു.

കാട് പിടിച്ചു കിടന്ന അച്ഛനമ്മമാരുടെ അസ്ഥി ത്തറകള്‍ വൃത്തിയാക്കി തിരി കൊളുത്തി ഗ്രാമത്തിലെ നിര്‍മ്മലമായ മറ്റൊരു പുലരിക്കു വേണ്ടി പ്രാര്‍ഥിച്ചു വിമല നാലുകെട്ടിലേക്ക് കയറി നിലവിളക്ക് കത്തിച്ചു സന്ധ്യ നാമം ജപിച്ചു തുടങ്ങി.,