Tuesday, February 28, 2012

കാലാവസ്ഥാനിരീക്ഷകന്റെ മുന്നറിയിപ്പുകള്‍..

            
  ഊക്കന്‍ തിരകള്‍ സൃഷ്ടിച്ച ഓളങ്ങളില്‍ നിന്നും, ദീര്‍ഘ നിമിഷങ്ങള്‍ മറ്റൊരു ഓളത്തിലേക്ക്  തോണിയുടെ അടിത്തട്ട്,  കടലിന്റെ ജലോപരിതലം തൊടാതെ നീങ്ങുകയായിരുന്നു.കാറ്റിനും തിരമാലകള്‍ക്കും എന്തൊരു രൌദ്ര ഭാവമാണ്?ജലശിഖരങ്ങള്‍ ചേര്‍ത്തു വെച്ചു വെളുപ്പിന്റെ ഭീകരമായ ഗുഹകള്‍ നിര്‍മ്മിച്ചവ കടലിനു മറ്റൊരു മുഖം നല്‍കി.
ഇല്ല....കടലൊരിക്കലും   തന്നെ ചതിക്കില്ല.കാലാവസ്ഥാനിരീക്ഷകന്റെ മുന്നറിയിപ്പ് എന്നത്തെയും പോലെ  പൊയ് വാക്കുകള്‍ ആവുമെന്ന് അയാള്‍ വിശ്വസിച്ചു.

               തിരമാലകള്‍ കടല്‍കരയോടു ചേര്‍ന്നായിരുന്നു ഭീമാകാരം പൂണ്ടത്.ഇനിയല്പം കൂടി തുഴയാതെ തിരകള്‍ തന്നെ തോണിയെ അകലേക്ക്‌ നയിക്കും.പിന്നെ ചെറുതായി വരുന്ന തിരകളില്‍ ചാഞ്ചാടി ശാന്തമായ ഉള്‍ക്കടലിലേക്ക് പ്രവേശിക്കും.
തുഴയാതെ നീങ്ങിയ തോണിയിലിരുന്നു കാലാവസ്ഥാനിരീക്ഷകന്റെ മുന്നറിയിപ്പോ രണ്ട് സമുദായങ്ങള്‍ തമ്മിലടിച്ചു രക്തം ചീന്തുന്ന കരയേക്കുറിച്ചോ ആയിരുന്നില്ല അയാള്‍ ചിന്തിച്ചത്.വിശപ്പ് .....അതേ, അതുമാത്രമായിരുന്നു അപ്പോള്‍ അയാളുടെ ചിന്തയില്‍.
                 കാലാവസ്ഥാനിരീക്ഷകന് മുന്നറിയിപ്പ് നല്‍കാന്‍ ഇടവരുത്താതെ ഒരിക്കലും പ്രക്ഷുബ്ധമാവാത്ത കടല്‍ പോലെ ശാന്തമായിരുന്നു കടല്‍കര.കൊടികളുടെ നിറങ്ങള്‍ മാറുന്നതനുസരിച്ച് മനുഷ്യരുടെ മനസ്സും മാറുമെന്നു വളരെ വൈകിയായിരുന്നു അയാള്‍ക്ക്‌ വ്യക്തമായത്.
               നുഴഞ്ഞു കയറ്റക്കാര്‍ തികച്ചും അപരിചിതരായിരുന്നു.നിറം മാറിവരുന്ന  കൊടികള്‍ക്കു  പുറകില്‍ വര്‍ഗ്ഗീയതയുടെ വിത്ത്‌ പാകി സൌഹൃദങ്ങളെയും ബന്ധങ്ങളെയും അവര്‍ അകറ്റി നിര്‍ത്തി.

             ദൈവം എകനെന്നു പല തവണ വിളിച്ചാര്‍ക്കുന്ന ആരാധനാലയങ്ങളും കോവിലുകളും ആയുധങ്ങളുടെ കൂമ്പാരം സൃഷ്ടിച്ചു പരസ്പരം വെല്ലുവിളിച്ചു.
                കരയില്‍ നിന്നും ബഹുദൂരം സഞ്ചരിച്ചിട്ടും ഭീമാകാരങ്ങളായ തിരകള്‍ അവസാനിക്കുന്നില്ലല്ലോയെന്ന ചിന്ത അയാളെ വേട്ടയാടിയില്ല.ഒരു തിരയില്‍ നിന്നും മറ്റൊരു തിരയിലെക്കുള്ള ആനുപാതികമാല്ലാത്ത അകലങ്ങളില്‍ അയാളുടെ തുഴ ശൂന്യതയില്‍ തുഴഞ്ഞു കൊണ്ടിരുന്നു.
              ഒരു സമുദായത്തിന്റെ വക്താക്കളും,ഏതെങ്കിലുമൊരു കൊടിക്കീഴില്‍ വിഷം പുരണ്ട അമ്പുകളുമായി ഉന്നം പിടിക്കാന്‍ പോയില്ലെങ്കിലും അയാളും കുടുംബവും ഇരയാകേണ്ടി വരികയായിരുന്നു.ഒരു തീപ്പെട്ടി കമ്പിനാല്‍ ‍ നിമിഷാര്‍ദ്ധം കരിച്ചു കളഞ്ഞ കുടിലിനും,കടല്‍പൂഴിയില്‍ ശിരസ്സറുത്തിട്ട പുത്രജഡവും ദിനങ്ങളായി നിരോധനമേര്‍പ്പെടുത്തിയ കടലോരവും ഒരു വട്ടം കൂടി മൂര്‍ത്തമായി അയാളുടെ കണ്‍ മുമ്പില്‍ തെളിഞ്ഞത് ,കടല്‍ത്തീരം ലക്ഷ്യമാക്കി കുതിച്ച ഘോരമായ ഒരു തിരമാലയുടെ അടിഭാഗത്തേക്ക് അയാളെയും തോണിയും എടുത്തെറിയപ്പെട്ട നിമിഷമായിരുന്നു.

              വിശപ്പും ,വെല്ലുവിളികളും,കൊടികളോ  സാമുദായികസ്പര്‍ധയോ ,എന്തിനേറെ കാലാവസ്ഥാ നിരീക്ഷകന്റെ മുന്നറിയി പ്പുകളോ അയാളെ അലോസരപ്പെടുത്താത്ത ലോകത്ത് അയാളുടെ ശരീരം ഭാരമില്ലാതെ പൊങ്ങിക്കിടന്നു.ദൂരെ തുഴയില്ലാത്തൊരു തോണിയെ ഭീമാകാരനായ ഒരു തിര തീരത്തെത്തിച്ചിരുന്നു...