Monday, December 6, 2010

തേക്കിലച്ചോപ്പ്....

തേക്കിന്‍ കൂമ്പില പൊട്ടിച്ചെടുത്ത് കൈ ചോപ്പിച്ച ബാല്യം, ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചത് നിമിഷയുടെ ഒരു സന്ദേശമായിരുന്നു. ജിടാക്കിന്റെ പച്ച വെളിച്ചം കെടുത്തി ഇന്‍വിസിബിളിലേയ്ക്ക്താഴ്ന്നിറങ്ങി നിര്‍ജ്ജീവമായ ഓഫ്‌ ലൈനില്‍ നകുലന്‍ തന്റെ പ്രയാണം തുടര്‍ന്നു.


ഒറ്റപ്പെടലിന്റെ മൃതാവസ്ഥയിലേക്ക് തേക്കിലയുടെ ചുവപ്പ് ചെറിയൊരു നൊമ്പരം പോലെ മനസ്സിലേക്കിറങ്ങി വന്നു.മരുഭൂമി തുടങ്ങുന്നിടത്ത് മരക്കഷ്ണ ങ്ങളാല്‍ അടിച്ചുണ്ടാക്കിയ മുറി പുറത്ത്‌ നിന്നു കാണുമ്പോള്‍ അതിപുരാതനമായിരുന്നു.മരുഭൂമിയുടെ വന്യതയിലേക്ക് ഓടിയൊളിക്കുവാന്‍ ,തീരെ ആകര്‍ഷകമല്ലാത്ത വിധം രാജവീഥിയില്‍ നിന്നും വഴി തീര്‍ത്തിരുന്നിടത്തു മണലില്‍ ഒരു സാര്‍ത്ഥവാഹക സംഘം വിശ്രമിക്കാനിരുന്നു.

ഒരു ചുഴലിക്കാറ്റു പുറത്ത്‌ മരുഭൂമിയില്‍ ആവിര്‍ഭവിക്കാന്‍ പോവുന്നുവെന്ന് എവിടെയോ അല്പം ആണി തറയാത്തൊരു മരപ്പലകയുടെ താളം നകുലനെ ഓര്‍മ്മപ്പെടുത്തി.

അതിപുരാതനമെന്നു തോന്നിച്ച മുറിയുടെ പുറം ഭാഗത്തെ അപേക്ഷിച്ച് ഉള്‍ഭാഗം പുരോഗമിച്ച ,ഏറ്റവും പുതിയ വിവര സാങ്കേതിക വിദ്യകള്‍ പ്രവര്‍ത്തിപ്പിക്കുക മാത്രമായിരുന്നു നകുലനെ കടുത്ത ഏകാന്തതയില്‍ നിന്നും ലോകത്തോട്‌ അടുപ്പിച്ചിരുന്നതും.

പ്രൈമറി സ്കൂളിനു പിറകില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ടു കെട്ടിടങ്ങളിലായി വേര്‍ തിരിച്ചായിരുന്നു മൂത്രപ്പുര നിര്‍മ്മിച്ചത്. മൂത്രപ്പുരയില്‍ നിന്നും അഴുക്കു വെള്ളം ഒഴുകി വീഴുന്ന താഴ്ന്ന പറമ്പില്‍ സമൃദ്ധമായി വളര്‍ന്നു നിന്ന തേക്ക്‌മരത്തിന്റെ പറിച്ചെടുത്ത ഇലയുടെ പിറകില്‍ ഒരു എട്ടു കാലിക്കുഞ്ഞിന്റെ നേര്‍ത്ത ചലനം നിമിഷയെ ഇല ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കി.നകുലന്‍ പൊട്ടിച്ചെടുത്ത തേക്കിന്റെ കൂമ്പില നിമിഷയുടെ നിറഞ്ഞ കണ്ണുകളെ വീണ്ടും പഴയ കുസൃതിയിലേക്ക് തിരികെ കൊണ്ട് വന്നു.

അജ്‌ഞാതമായ ഏതോ കോണില്‍ നിന്നും ബോസ്സ് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നേരെ നകുലന് മുമ്പിലെ സ്ക്രീനിലേക്ക് സന്ദേശമായി എത്തുന്നു.ഈ ഉത്തരവുകള്‍ ബിസ്സിനസ് ശൃംഘലയിലെ ഓരോ ബ്രാഞ്ചിലെക്കും നകുലന്റെ കൈയൊപ്പോടെ പ്രാവര്‍ത്തികമാക്കുന്നു.ഇതായിരുന്നു ഏകാന്തത നിറഞ്ഞ പ്രവാസത്തിലെ നകുലന്റെ ജോലി.

കൂട്ടത്തില്‍ മുതിര്‍ന്ന വൃദ്ധന്റെ പിറകില്‍ സാര്‍ത്ഥവാഹക സംഘത്തിലെ അംഗങ്ങള്‍ എല്ലാവരും അച്ചടക്കത്തോടെ പ്രാര്‍ത്ഥനയില്‍ മുഴുകി.നടക്കാന്‍ തുടങ്ങാത്ത ഒരു കൊച്ചു കുട്ടി കൌതുകത്തോടെ വൃദ്ധന്റെ പുറത്ത്‌ കയറിയിരുന്നു പല്ലില്ലാത്ത മോണ കാട്ടി എന്തെല്ലാമോ കോപ്രായങ്ങള്‍ കാട്ടിത്തുടങ്ങി.പിന്നെ വിരിച്ചിട്ട കാര്‍ പെറ്റും കടന്നു മണലിലേക്ക് ഇഴഞ്ഞിറങ്ങിപ്പോയി.

മരുഭൂമി പോലെ വന്യവും എകാന്തവുമായിരുന്നു നകുലന്റെ മനസ്സും.മൂന്നു വര്‍ഷമായി ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ബ്രാഞ്ച് അടച്ചു പൂട്ടണമെന്ന ഉത്തരവ് അയക്കുമ്പോഴേക്കും പ്രാര്‍ത്ഥന കഴിഞ്ഞിരുന്നു.മൂടുപടമിട്ട സ്ത്രീ മണലിലേക്ക് ഇഴഞ്ഞിറങ്ങിപ്പോയ കൊച്ചുകുട്ടിയുടെ വായിലുള്ള മണല്‍ത്തരികള്‍ ചൂണ്ടു വിരല്‍ കൊണ്ട് തോണ്ടിയെടുത്തു.

തേക്കിന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട കുന്നിന്‍ മുകളില്‍ തണുത്ത നിഴലുകളില്‍ ഇരിക്കുകയായിരുന്നു നകുലനും നിമിഷയും.മരുഭൂമിയിലെ വന്യതയിലേക്ക് പണിത പാത പോലെ തേക്ക്‌ മരങ്ങളുടെ അഗ്ര ഭാഗത്തിനും മുകളില്‍ തികച്ചും എകാന്തതയായിരുന്നുവെന്നു നകുലനോര്‍ത്തു.

വേട്ടക്കായി വളര്‍ത്തിയ കൂറ്റനൊരു പരുന്തു മണല്‍ത്തിട്ടകളിലെ ഇരുള്‍ മാളത്തില്‍ നിന്നും റാഞ്ചിക്കൊണ്ടു വന്ന മുയലിനെ ആഹരിച്ച സാര്‍ത്ഥവാഹക സംഘം മരുഭൂമിയുടെ വന്യതയിലേക്ക് നീങ്ങിയപ്രത്യക്ഷരായി .

തേക്ക്‌ മരങ്ങള്‍ മുറിച്ചു മാറ്റിയ കുന്നിന്‍ മുകളില്‍ വിവസ്ത്രമാക്കപ്പെട്ട ആധിയോടെ പ്രണയം വിടര്‍ന്നിരുന്ന തേക്ക്‌ മരച്ചോലകളുടെ ഓര്‍മ്മകളിലേക്ക് ഒരു സ്മാരകമായി നിലനിന്നു.ബാല്യകാല ഓര്‍മ്മകള്‍ അയവിറക്കാന്‍ പോലുമാവാതെ പ്രൈമറി സ്കൂള്‍ ഇരുന്ന പാതയോരം കോണ്‍ ക്രീറ്റ് കാടുകളാല്‍ സമൃദ്ധ മായിത്തീര്‍ന്നിരുന്നു.

പിന്നെ ഓര്‍മ്മകളിലെക്കായി ബാക്കിയായത് തറവാട്ടു തൊടിയിലെ ഇനിയും വറ്റാത്ത തൊടിയും പൂത്തു നില്‍ക്കുന്ന ഒരു കവുങ്ങും അതിരിലെ മുളങ്കൂട്ടവുമാണെന്ന നിമിഷയുടെ അവസാന സന്ദേശത്തിന് ,പൂട്ടിപ്പോയ ബ്രാഞ്ചിലെ ഒരു സ്റ്റാഫിനെ നകുലന്റെ അവധിക്കാലത്തിലേക്കു നിശ്ചയിച്ച ഉത്തരവ് കടുത്ത ഏകാന്തതക്കറുതിയായി എന്ന് നിമിഷക്ക് മറുപടി ആയി അയച്ചു..........

Wednesday, December 1, 2010

ഇരുവഞ്ഞിപ്പുഴയോരത്തെ ലക്ഷ്മിയമ്മ .....

നഗരത്തിനു അല്പം ഉള്ളില്  നിബിഡമായി പ്രകൃതി  കണ്ടല്‍ കാടുകളാല്‍ ഓരങ്ങള്‍ ഒരുക്കിയ ഇരുവഞ്ഞിപ്പുഴയുടെ കരയിലായിരുന്നു ലക്ഷ്മിയമ്മയും വനജയും താമസിച്ചിരുന്നത്.

പരിസ്ഥിതി  വാദികളും പ്രകൃതിയെ സ്നേഹിക്കുന്ന പുഴയോരത്തെ താമസക്കാര്‍ ലോകത്തിനു തന്നെ മാതൃകയാണെന്ന് ലക്ഷ്മിയമ്മയെ കൂടാതെ വനജയും വിശ്വസിച്ചു.പ്രകൃതിയെ ചൂഷണം ചെയ്യാന്‍ മുതിരുന്ന ഏതൊരു കൈകളെയും അവര്‍ ധീരമായി നേരിട്ടു.

പോസ്റ്റാഫീസിലേക്ക്  വഴി ചോദിച്ചു വന്ന യുവാവിനു വനജ കാണിച്ചു കൊടുത്ത വഴിയിലൂടെ ബഹു ദൂരം സഞ്ചരിച്ചിട്ടും ലക്ഷ്യത്തിലെത്താനാവാതെ വീണ്ടും ഗൈറ്റിനു വന്നു മുട്ടിയപ്പോഴാണ്‌ ലക്ഷ്മിയമ്മ കാരണമറിഞ്ഞത് .ഇവള്ക്കിന്നു ശുണ്ടി  എടുക്കാന്‍  തക്കതായ കാരണങ്ങളൊന്നും ഇന്ന് സംഭവിച്ചിട്ടില്ലെന്നു ലക്ഷ്മിയമ്മ ഓര്‍ത്തു.ഒരു വേലക്കാരി യായിട്ടല്ല ഒരു മകളായാണ്  വനജയെ താന്‍ കണ്ടിരുന്നത്‌ അതിന്റെ നെഗളിപ്പാ ഈ പെണ്ണിന്..

വനജ അങ്ങിനെയായിരുന്നു.രണ്ടു വിദേശ  രാജ്യങ്ങളിലായി കഴിയുന്ന  മകനും മകളും തരുന്ന സ്നേഹം ഇവളൊരുത്തി പകര്‍ന്നു തരുന്നതിനു കൊടുത്ത സ്വാതന്ത്ര്യം റിട്ടയര്‍ ജഡ്ജിയായ  ഭര്‍ത്താവ് മരിക്കുവോളം ഒരു നിഴലായി കൂടെയുണ്ടായിരുന്ന ആശ്രിതന്റെ മകളായിരുന്നു വനജ.ദാരിദ്ര്യം മാത്രമായിരുന്നില്ല അച്ഛനും ജട്ജിയുമായുള്ള ഗാഡമായ ഒരു സ്നേഹ ബന്ധത്തിന്റെ പര്യവസായി കൂടെയായിരുന്നു വനജ ലക്ഷ്മിയമ്മയുടെ ജീവിതത്തിലേക്ക് കടന്നു വന്നത്.

പഠിക്കാന്‍ അശേഷം താല്പര്യം കാണിക്കാതിരുന്ന വനജയെ അച്ഛന്‍  പൂര്‍ണ്ണ സമ്മതത്തോടെ തറവാട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ അവള്‍ക്കു പതിമൂന്നു വയസ്സായിരുന്നു.ഇന്നവള്‍ പ്രായപൂര്‍ത്തിയായ ഒരു യുവതിയാണ്.അതായിരുന്നു ലക്ഷ്മിയമ്മയുടെ മാതൃ സഹജമായ വേവലാതിയും. അനുയോജ്യനായൊരു വരനെ കണ്ടെത്തി വിവാഹം കഴിച്ഛയക്കനമെന്ന ആഗ്രഹാത്തിനെതിര് വനജ തന്നെയായിരുന്നു.
വിവാഹം കഴിഞ്ഞാല്‍ ലക്ഷ്മിയമ്മയെ പിരിയണമെന്ന ദുഖത്തിലുപരി  ആ സ്നേഹം തനിക്കെന്നെന്നെക്കുമായി നഷ്ടപ്പെടുമെന്നവള്‍ വിശ്വസിച്ചു.

ഗൈറ്റിനു പുറത്ത്‌ ജാനുവിനോട്‌ രണ്ടു വാക്കു പറയണമെന്ന് പിടിവാശി പിടിച്ചു നില്‍ക്കുന്ന യുവാവിനോട് എവിടെയാണ് പോവെണ്ടാതെന്നു കൃത്യമായി താന്‍ പറഞ്ഞു തരാമെന്നു അറിയിച്ചിട്ടും അയാള്‍ പോയില്ല.ഇവന്റെ സുഖക്കേട്‌ ഞാന്‍ മാറ്റിത്തരാമെന്നു പറഞ്ഞെത്തിയ വനജ അയാളോടുള്ള  വാഗ്വാദത്തിനിടയില്‍ എന്തോ ഒരിഷ്ടം രണ്ടു പേരുടെയും മുഖഭാവങ്ങളില്‍ വിരിയുന്നത്  ലക്ഷ്മിയമ്മ കണ്ടു പിടിച്ചു.പോകുമ്പോള്‍ രണ്ടു തവണ കൂടി തിരിഞ്ഞു നോക്കി യുവാവ് തൊട്ടടുത്ത വാടക വീട്ടിലേക്കു കയറിപ്പോയി.

ഈയടുത്തായി കണ്ടു കണ്ടു തുടങ്ങിയതാണെന്നും വാടക വീട്ടിലെ അതി രാവിലെ വ്യയാമാങ്ങള്‍ക്കിടയില്‍ ,മുകള്‍ നിലയില്‍ തൂത്തു വാരുമ്പോള്‍ നിര്‍ന്നിമേഷനായി തന്നെ നോക്കി നില്‍ക്കുന്നതുമെല്ലാം വനജ വാചാലയാവുമ്പോള്‍ ലക്ഷ്മിയമ്മയുടെ ഉള്ളില്‍ ചിരിയൂരുകയായിരുന്നു.

മക്കളുടെയും പേര മക്കളുടെയും അഭാവത്തിലും ലക്ഷ്മിയമ്മയുടെയും വനജയുടെയും ജീവിതം തടസ്സങ്ങളില്ലാതെ ഇരുവഞ്ഞിപ്പുഴപോലെ അനുസ്യൂതം ഒഴുകി.വാടക വീട്ടിലെ യുവാവിന്റെ ആന്ഗ്യ ഭാഷകള്‍ക്ക് ജാനു പ്രതികരിക്കാന്‍ തുടങ്ങിയത് ലക്ഷ്മിയമ്മയെ ആഹ്ലാദവതി യാക്കിയപ്പോഴാണ് അയാളെ  ഒന്ന്  പരിചയപ്പെടണമെന്ന് ലക്ഷ്മിയമ്മക്ക്‌ ആഗ്രഹം തോന്നിയത്.

ഒരു പുസ്തകത്തില്‍ ഗഹനമായി പാരായണത്തിലെര്‍പ്പെട്ട യുവാവ് ലക്ഷ്മിയമ്മയുടെ ആഗമനം അറിഞ്ഞില്ല.തന്റെ ഭര്‍ത്താവ് പരിസ്ഥിതിയെക്കുറിച്ചു  അവസാനമായി എഴുതി പ്രസിദ്ധീകരിച്ച പുസ്തകം ടീപോയിയില്‍ വിശ്രമിക്കുന്നത് ലക്ഷ്മിയമ്മയെ  അത്ഭുത സ്ഥബ്ധയാക്കി.

ഒന്ന് മുരടനക്കി തന്റെ സാനിധ്യ മറിയിച്ചപ്പോള്‍ യുവാവ് അമ്പരന്നെഴുന്നെറ്റ്  പാരായണം ചെയ്തിരുന്ന പുസ്തകം ഒരു കടലാസ് ചീള് കൊണ്ട് അടയാളം വെച്ച ശേഷം മടക്കി വെച്ചു.ലക്ഷ്മിയമ്മയുടെ മനോഹരമായ വാക്ചാതുരികളിലേക്ക് യുവാവിന്റെ അമ്പരപ്പ് അലിഞ്ഞില്ലാതായപ്പോള്‍ അവിടെ ആഴത്തിലുള്ള ഒരു  സൌഹൃദം ഉടലെടുത്തതിനോപ്പം അയാള്‍ തന്റെ മനസ്സ് തുറന്നു.

മാറി വന്ന രാഷ്ട്രീയാ ധികാരികളുടെ നിസ്സംഗതയില്‍ തഴച്ചു വളര്‍ന്ന മണല്‍ മാഫിയകളും അരക്ഷിതമായ   ഒരു പുത്തന്‍  സംസ്കാരവും  വിസ്മൃതിയിലേക്ക്   തള്ളി  വിട്ടു  ഒരു നീര്‍ച്ചാലായി  ഊര്‍ധ്വന്‍  വലിക്കുന്ന  ഭാരത  പ്പുഴയോരത്തെ   മഹേഷെന്ന  കുട്ടിയുടെ   ബാല്യ  കാലവും  ഒരു ദേശാടനത്തിനു  പോയ പ്രത്യക്ഷമായ  അച്ഛന്റെ  വരവും  നോക്കി പുഴയോരത്തെ ഊടുവഴിയിലേക്ക്  കണ്ണും  നട്ടിരുന്ന  അമ്മയുടെ  ദൈന്യം  നിറഞ്ഞ  കണ്ണുകള്‍  കണ്ടുറങ്ങാത്ത   കൌമാരം ..പരിസ്ഥിതി വിഷയത്തില്‍  പീയെച്ച്‌ ഡി  ലഭിച്ച ആഹ്ലാദമറിയിക്കുവാന്‍ ഓടിയെത്തിയത് ഉത്തരത്തില്‍ തൂങ്ങി  നിന്ന  അമ്മയുടെ  തണുത്തുറഞ്ഞ   കാല്പാദങ്ങളുടെ അടിയിലേക്ക്..അമ്മയുടെ കണ്ണ് നീരും തന്റെ വിരലടയാളങ്ങളും അവശേഷിപ്പിക്കാതെ നിലം പൊത്തിയ മണ  വീടിനെക്കുറിച്ചു ..അഞ്ചക്ക ശമ്പളം ലഭിക്കുന്ന   സര്ക്കാര്‍  സര്‍വ്വീസിലെ  ജോലിയും  അവസാനം പരിസ്ഥിതി ഗവേഷണവുമായി ബന്ധപ്പെട്ടു ഈ പുഴയോരത്തെത്തിയതും വനജയോടുള്ള പ്രണയം വരെ ഒരു തുറന്ന ഹൃദയമായി  ലക്ഷ്മിയമ്മക്ക്‌ മുമ്പില്‍ അയാള്‍ തുറന്നു വെച്ചു.

പതിവ് മനോഹാരിതയോടെ സായാഹ്നം പുഴക്കരയെ തഴുകാന്‍ തുനിഞ്ഞെത്തി.ചെറു മീനുകളെ ലക്‌ഷ്യം വെച്ചു പതിയിരുന്ന പൊന്‍മാനുകളും  പുല്ച്ചാടികളെ ഭോജിച്ചു മയക്കം ബാധിച്ച കുളക്കോഴികളും കണ്ടല്‍ക്കാടുകളില്‍  വിരുന്നു വന്ന ദേശാടനക്കിളി  കള്‍ക്ക്   സ്വാഗതമരുളി.

ലക്ഷ്മിയമ്മയുടെ സ്നേഹാശ്ലേഷണത്തിലമര്‍ന്ന മഹേഷിന്റെ ചുമല്‍ ഭാഗം കണ്ണ് നീരില്‍ കുതിര്‍ന്നിരുന്നു.ദീര്‍ഘ നേരത്തെ കാത്തിരിപ്പിനൊടുവില്‍ ലക്ഷ്മിയമ്മയെ തേടിയെത്തിയ വനജ ഊഷ്മളമായ ആ രംഗത്തിലേക്കു ഒരു മാലാഖയെപ്പോലെ പറന്നിറങ്ങി.എന്റെ യഥാര്‍ത്ഥ  മക്കളാണ് നിങ്ങള്‍, നിങ്ങളിനി എന്റെ മക്കളായി എന്റെ വീട്ടില്‍ ജീവിക്കുമെന്ന് പറഞ്ഞു വനജയെയും മഹേഷിനെയും അരികിലേക്ക് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ ലക്ഷ്മിയമ്മയുടെ മനസ്സ് ഒരു ദൃഡ നിശ്ചയത്തിലെത്തുകയായിരുന്നു.

രണ്ടു പേരെയും ചേര്‍ത്തു  പിടിച്ചു വീടിന്റെ ഗെയ്റ്റ്   കടക്കുമ്പോള്‍ പുഴയോരത്തു ഇരുട്ട് വീണ കണ്ടല്‍ കാടുകളില്‍ പുതിയ ദേശാടനക്കിളികള്‍ക്ക് ആദിത്യ മരുളി മിന്നാമിനുങ്ങുകള്‍  ആനന്ദ   നൃത്തം   ചെയ്യുന്നുണ്ടായിരുന്നു .... 

Monday, November 29, 2010

നീമൌനിയാവുമ്പോഴാണ്എന്നിലും മൌനം കനക്കുന്നത്


നീ വീണ്ടും പെയ്തിറങ്ങുമ്പോള്‍


തൊടിയിലെവിടെയോ നഷ്ടപ്പെട്ട


എന്റെ ബാല്യവും


മനസ്സിലേക്ക് പെയ്തിറങ്ങുന്നു


പെയ്തൊഴിഞ്ഞ ചെറിയൊരീ


ഇടവേളയിലേക്ക് മാത്രം


തൊട്ടാവാടിപ്പൂക്കള്‍ക്കും


ഇലകള്‍ക്കുമൊപ്പം


എന്റെ കണ്‍പീലികളും


അല്പം തുറന്നു വെക്കട്ടെ


നിന്റെ സ്പര്‍ശത്താല്‍


കുളിര്‍ന്നു കൂമ്പുവാനായി


തീഷ്ണമായ കൌമാരവും


നഷ്ട പ്രണയവും


ഞാനോര്‍ത്തെടുക്കട്ടെ


ചെമ്പോത്തുകള്‍ ഇണ ചേര്‍ന്ന


പാട വരമ്പത്ത് അന്യം


നിന്നു പോയ തുമ്പപ്പൂക്കളുടെ


ഗൃഹാതുരത്വം


ഞാനെന്റെ കുഞ്ഞിലേക്ക് പകരെട്ടെ


തോരാതെ പെയ്യുന്ന നിന്റെ


ആരവങ്ങളിലേക്ക് ഞാനെന്റെ


വിരഹം മറക്കട്ടെ .......,,,

Wednesday, November 24, 2010

മുഖം നഷ്ടപ്പെട്ടവര്‍ ...

ഫ്രെയിമുകളില്ലാതെ വിശാലമായ ചില്ല് ജാലകങ്ങലാല്‍ നിര്‍മ്മിച്ച ആറു നില കള്‍ക്ക് മുകളിലെ മുറിയിലായിരുന്നു അയാളും സുഹൃത്തും സംസാരിച്ചിരുന്നത്.


താല്പര്യ മില്ലാതിരുന്നിട്ടും സുഹൃത്തിന്റെ നഷ്ട പ്രണയ ങ്ങളുടെ നിരാശ പുരണ്ട വാക്കുക ളിലേക്ക് അയാളൊരു ചെവി തുറന്നു വെച്ചു.

സുതാര്യമായ ചില്ല് ജാലകങ്ങലാല്‍ ഇതൊരു തുറന്ന മുറിയാണെന്ന് കരുതിയാവണം ഒരു കുഞ്ഞു കൈപ്പത്തിയുടെ വലിപ്പമുള്ള ചെറു കിളി ശക്തിയോടെ ജാലകത്തിലിടിച്ചുദിശ തെറ്റിയ അല്പം അമ്പരപ്പിന് ശേഷം മറു ഭാഗത്തേക്ക് പറന്നു ..

ജാലകത്തി നരികിലേക്ക് പോകുവാന്‍ അയാള്‍ ഭയപ്പെട്ടു.കാലൊന്നു തെറ്റിയാല്‍ ആറു നിലകള്‍ക്ക് താഴെ തിരക്കേറിയ വീഥിയില്‍ മുഖം നഷ്ടപ്പെട്ടു നീങ്ങുന്ന മനുഷ്യരുടെ ഇടയിലേക്ക് വീണു താന്‍ ചിതറപ്പെടുമെ ന്നയാള്‍ വിശ്വസിച്ചു..

അയാള്‍ക്കെതിരെയിട്ട ടേബിളില്‍ ചാരി നിന്നിരുന്ന സുഹൃത്തു നിര്‍ഭ യനായി ചില്ല് ജാലകത്തിനരികിലേക്ക്‌ കസേര വലിച്ചിട്ടിരുന്നു.പിന്നെ കാലുകള്‍ക്കും വസ്ത്ര ത്തിനുമിടയില്‍ വെളിവായ കണങ്കാലില്‍ രണ്ടു വട്ടം ചൊറി ഞ്ഞിടത്തു വരണ്ടുണങ്ങിയ ഭാഗം ചോക്ക് പൊടി പോലെ വെളുത്തു നിന്നു.തന്നില്‍ നിന്നും പ്രതികരണ മൊന്നുമില്ലെന്നറിഞ്ഞ സുഹൃത്തു മൌനിയായതിനാല്‍ അയാളുടെ ഒരു ചെവി അയാള്‍ക്ക്‌ തന്നെ തിരിച്ചു കിട്ടി.സുഹൃത്തിന്റെ കാമുകിയുടെ പ്രണയം കാമത്തിന്റെ വിശപ്പായിരുന്നു വെന്ന് അയാള്‍ നേരത്തെ തിരിച്ചറിഞ്ഞത് അയാള്‍ മറച്ചു വെച്ചു.

ഗ്രീഷ്മ ത്തിലെ മദ്ധ്യാഹ്നം ,കടല്‍ ത്തീരം വിജനമായിരുന്നു.പലപ്പോഴും ആര്‍ത്തിരമ്പുന്ന ഈ തിരമാലകലെക്കാള്‍ ഉയരാറുണ്ട് നിന്നോടുള്ള തന്റെ പ്രണയ മെന്നു മൊഴികള്‍ക്കു മറുപടിയായി

പൊളിഞ്ഞ തോണിക്കൂട്ടങ്ങള്‍ക്ക് പിറകിലെ സ്വകാര്യതയിലെക്കവള്‍ കൂട്ടിക്കൊണ്ടു പോയി..

ഉണങ്ങി വരണ്ട ശരീരവുമായി വിയര്‍ക്കാന്‍ പോലും ശേഷിയില്ലാത്ത ഒരു വൃദ്ധന്‍ തോണി യുടെ നിഴലില്‍ മുഖമില്ലാതെ ഉറങ്ങുന്നുണ്ടായിരുന്നു.ഗ്രീഷ്മം വരുത്ത മണല്‍ ത്തരികള്‍ കാല്‍ വണ്ണയില്‍ നീറ്റലുണ്ടാക്കി.പ്രണയം മൂര്‍ത്തീ ഭവിച്ച അയാളുടെ ശരീരത്തിലേക്ക് അവളുടെ കാമം ഒരു വിശപ്പായി മേഞ്ഞു നടന്നു....

ഉറക്ക് ഭംഗം വന്ന വൃദ്ധനപ്പോള്‍ മുഖമുണ്ടായിരുന്നു.വിശാലമായി കാര്‍ക്കിച്ചു തുപ്പിയത് കൃത്യമായി അയാളുടെ ഗുഹ്യ ഭാഗത്ത് തന്നെ പതിച്ചെന്നു ഉറപ്പാക്കി വൃദ്ധന്‍ തിരിഞ്ഞു കിടന്നുറ ങ്ങുമ്പോള്‍ പൊട്ടിയ വല ക്കണ്ണികളാല്‍ മറച്ചു തന്റെ മുഖം നഷ്ടപ്പെടുത്താന്‍ മറന്നിരുന്നില്ല.കടല്ക്കരയിലേക്കിറങ്ങുവാന്‍ വെട്ടിയുണ്ടാക്കിയ ഒതുക്കു കല്ലില്‍ കാത്തിരുന്ന

ഒരാളുടെ കൂടെ യാത്ര പോലും പറയാതെ പോയവള്‍ തിരിഞ്ഞു നോക്കുമെന്ന് അയാളും വിശ്വസിച്ചില്ല.ഇത്തവണ കിളിക്ക് അമളി പിണഞ്ഞില്ല.മുറിക്കു ചില്ല് ജാലകങ്ങള്‍ ഇല്ലായിരുന്നു.ജാലകത്തിനരികെ യിരുന്ന സുഹൃത്തു താഴെ മുഖമില്ലാത്തവര്‍ സഞ്ചരിക്കുന്ന വീഥിയില്‍ വീണു ചിതറി മുഖം നഷ്ടപ്പെട്ടു പോയിരുന്നു....

Monday, November 15, 2010

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ ...

പൂന്തോട്ടത്തിലെ നാല് മണി പ്പൂക്കള്‍ക്ക് അല്പം കൂടി വെളിച്ചം നല്‍കാന്‍ കാത്തു നിന്നു സൂര്യന്‍ പടിഞ്ഞാറ് ഭാഗത്തേക്ക് സാവകാശം നീങ്ങിത്തുടങ്ങി ,പുറകില്‍ അനുഗമിച്ചു കൊണ്ട് അനേകം നിഴലുകളും.വീടിനടുത്തെ കോമ്പൌണ്ടില്‍ നഴ്സറി സ്കൂള്‍ വിട്ടു ആരവ ങ്ങളെ ല്ലാമൊഴിഞ്ഞപ്പോള്‍ ആതിര പൂന്തോട്ടത്തിലെക്കിറങ്ങി.ഋതു ഭേദങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ തന്റെ പരിലാളനയില്‍ വളരുന്ന മിക്ക ചെടികളും പൂത്തു നിന്നിരുന്നു.രവി എത്താനാവുന്നതെ യുള്ളൂ ,തനിക്കു താല്പര്യ മില്ലാതിരുന്നിട്ടും പാര്‍ട്ടിയുടെയും സുഹൃത്തുക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്തിയാവുകയായിരുന്നു രവി.പരാജയം ഉറപ്പായിരുന്ന മണ്ഡലം .പാര്‍ടിയുടെ മുങ്ങി മരിക്കാന്‍ പോകുന്ന പ്രത്യ യ ശാസ്ത്രങ്ങളുടെ ഒരു കച്ചി ത്തുരുമ്പാ യിരുന്നു ജന സമ്മതനായ രവിയെ സ്ഥാനാര്‍ത്തി യാക്കുന്നതിലൂടെ പാര്‍ട്ടിയുടെ ലക്‌ഷ്യം.പാര്‍ടിയെ കുറ്റം പറയാന്‍ തനിക്കും ആവില്ല.പാര്‍ടിയുടെ നിലപാടുകളോ ടായിരുന്നു വിയോജിപ്പ്.വിപ്ലവം കത്തി നിന്ന യൌവ്വനത്തില്‍ വയനാട്ടിലെ ആദിവാസി കോളനിയിലെ ഒരു പാര്‍ടി ക്ലാസ്സില്‍ ആദ്യമായി ക്ലാസ്സെടുക്കാന്‍ വന്ന രവി ആതിരയുടെ ഹൃദയത്തിലേക്കും കുടിയേറുകയായിരുന്നു.പിന്നീട് രണ്ടു ദിശകളില്‍ സഞ്ചരിച്ച ഇരുവരും ഒരുമിച്ചൊരു ദിശയിലേക്കു പ്രയാണം ആരംഭിക്കുകയായിരുന്നു.കോളനിയിലെ ചേരു വിദ്യാലയത്തിലെ ടീച്ചര്‍ പണി ഉപേക്ഷിച്ചു രവിയുടെ കൂടെ ഇറങ്ങുമ്പോള്‍ ദൂരെ പ്രത്യാശ പോലെ കിട്ടാനുളൊരു പുതിയ ലോകത്തിന്റെ അക്ഷരങ്ങളില്‍ മാത്രം കുരുങ്ങിക്കിടന്ന ഒരു പുതു പുലരി മാത്രമായിരുന്നു.പിന്നെ പാര്‍ട്ടിക്ക് വേണ്ടി മാത്രമുള്ളൊരു ജീവിതം.ഒരു വേള പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ഗര്‍ഭ പാത്രം വരെ മുറിച്ചു മാറ്റി ഊഷരമാക്കിയ തന്റെ സ്ത്രീത്വം ,അവസാനം തൊഴിലാളി വര്‍ഗ്ഗമെന്ന അടിത്തറ വിട്ടു മുതലാളി വര്‍ഗ്ഗത്തോട് തോള്‍ ചേര്‍ന്നുള്ള പാര്‍ട്ടിയുടെ പ്രയാണം കിട്ടാനുണ്ടൊരു സ്വര്‍ഗ്ഗമെന്ന മരുപ്പച്ച ഒരിക്കലും സഫലമാവാത്തൊരു സമസ്യ യാണെന്ന് ആതിര ക്ക നു ഭാവപ്പെടുകയായിരുന്നു.ഭരണത്തിലേറിയ പാര്‍ട്ടിയുടെ അധികാരങ്ങള്‍ അനര്‍ഹമായ കൈകളിലായിരുന്നു അവരോധിക്കപ്പെട്ടത്‌.എന്ടോ സള്‍ഫാന്‍ പോലുള്ള മാരക കീട നാശിനികള്‍ ഉത്പാദിപ്പിക്കുന്ന കുത്തക കമ്പനി കളോടുള്ള മൃദു സമീപനത്തിലുപരി ഇരകളോടുള്ള ഭരണ വര്‍ഗ്ഗത്തിന്റെ നിരുത്തരവാദ പരമായ ഇടപെടലായിരുന്നു പാര്‍ട്ടിയില്‍ നിന്നും ആതിരയെ പൂര്‍ണ്ണമായും വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.ഒരു വേള ഒരു പെണ്ണായി ജീവിക്കണം എന്ന് തോന്നിയ നിമിഷത്തില്‍ ഗര്‍ഭ പാത്രം പോലുമിലാത്ത ശൂന്യമായ വയറു താനൊരു പെണ്ണാ ണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ ആറു തയ്യാറാവുമെന്ന് അറിയുമ്പോഴേക്കും വളരെ വൈകിയിരുന്നു.മറവിയില്‍ ഒളിപ്പിചില്ലാതാക്കിയ വിപ്ലവ വീര്യം പോലെ കുങ്കുമ നിറ മണി ഞ്ഞു ആകാശം അസ്തമയത്തിനായി ഒരുങ്ങി നിന്നു.വിടരാന്‍ മറന്ന ഒരു നാല് മണി പ്പൂ മൊട്ടു ഇനിയൊരിക്കലും വിടരാനാവില്ലെന്ന ദുഖത്തോടെ അസ്തമയത്തിലേക്ക് കണ്ണ് നട്ടു നിന്നു.പാര്‍ട്ടിക്ക് വേണ്ടി ഹോമിച്ച ജീവിതത്തില്‍ ഒന്നും നേടാനാവാതെ ശൂന്യത മാത്രം ബാക്കിയാക്കിയ ഏതോ ഒരു ഉന്മാദത്തില്‍ വീട്ടിനു ള്ളിലെക്കോടി ക്കയറിയ ആതിര ഷെല്‍ഫില്‍ അടുക്കി വെച്ച കാലഹരണ പ്പെട്ട പ്രത്യയ ശാസ്ത്രങ്ങളുടെ പുസ്തക ക്കൂമ്പാരങ്ങള്‍ മുറ്റത്തേക്കു വലിച്ചെറിഞ്ഞു അഗ്നി ക്കിരയാക്കുമ്പോള്‍ ഒരനുഷ്ടാനം പോലെ ആര്‍ക്കോ വേണ്ടി വോട്ടു തെണ്ടി ക്ഷീണിച്ചു രവി ഗെയ്റ്റ് കടന്നു മുറ്റത്തെ ക്കെത്തിയിരുന്നു .....

പ്രാവുകള്‍ കുറുകുന്നു.... ..

അനാഥാലയത്തിലെ കുശിനിയുടെ അടുത്തായി നിര്‍മ്മിച്ച മുറിയില്‍ ഉച്ച മയക്കത്തിലായിരുന്നു ഖലീല്‍.


അനാഥാലയത്തിലെ മറ്റൊരു അന്തേവാസിയായ തലമുണ്ഡനം ചെയ്ത ഒരു പത്ത് വയസ്സുകാരന്‍ വന്ന് വിളിച്ചപ്പോളാണ് അയാള്‍ മയക്കത്തില്‍ നിന്നെഴുന്നേറ്റത്. അവനോടൊപ്പം അനാഥാലയത്തിന്‍റെ കാര്യകര്‍ത്താവിന്‍റെ മുറിയില്‍ ചെന്നപ്പോളാണ് ഇനി ഇവിടെ താമസിക്കാന്‍ പാടില്ല എന്ന ഉത്തരവ് ലഭിച്ചത്.

ചട്ടമനുസരിച്ച് പ്രായ പൂര്‍ത്തിയായാല്‍ പിന്നെ അനാഥാ ലയത്തില്‍ നിന്നും പുറത്താക്കപ്പെടും.എന്നാല്‍ ഖലീലിന്റെ കാര്യത്തില്‍ മാത്രം അധികൃതര്‍ ആ പതിവ് തെറ്റിച്ചു. നിയമാനുസൃത പ്രായപരിധിക്ക് ശേഷം ഇത് നാലാമത്തെ കൊല്ലമാണ്.

.രണ്ടാമത്തെ വയസ്സിലാണ് താനിവിടെ എത്തിയതെന്ന് രേഖകള്‍ പറയുന്നു..ഖലീല്‍ എന്ന പെരിട്ടതാരെന്നോ.. താനെങ്ങിനെ ഇവിടെ എത്തിയതെന്നോ അറിയില്ല. ആരും പറഞ്ഞില്ല.

നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെതെന്ന് വിശ്വസിച്ചിരുന്ന ഒരു ലോകം തനിക്ക് പിറകെ വാതിലുകള്‍ അടക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രവും മുന്നില്‍ അനന്തമായി നീണ്ട് കിടക്കുന്ന പാതയും മാത്രം.

നീണ്ട അലച്ചിലുകള്‍ക്ക് ശേഷം നിറയെ കായ്ച്ച് നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങളുള്ള ജുമാനയുടെ ഗ്രാമത്തിലെത്തിയപ്പോള്‍ ഉള്ളില്‍ ഒരു പുത്തനുണര്‍വ്വ് അറിയാതെ ഉടലെടുക്കുകയായിരുന്നു. ആ ഗ്രാമത്തിലെ സ്നേഹനിധികളായ ഗ്രാമീണരും വിളവെടുപ്പിന്‍റെ കാലവും ജീവിതം ഇവിടെ തുടങ്ങേണ്ടിയിരിക്കുന്നു എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ.

ഒലിവ് മരങ്ങള് കാറ്റിനോട് കിന്നരിച്ചുണ്ടാകുന്ന മര്‍മ്മരം കാതോര്‍ത്ത്, കൊഴിയുന്ന ഇലകളെ നോക്കി നില്‍ക്കുകയായിരുന്നു ജുമാന.

പ്രണയ പരവശരായ ഇണപ്രാവുകള്‍ സ്വകാര്യതക്കായി തട്ടിന്‍ മുകളിലെ ഇരുട്ടിലേക്ക് പ്രണയ ചാപല്യത്തിന്റെ പൂര്‍ണ്ണത ക്കായി അപ്രത്യക്ഷരായി .

മനസ്സില്‍ തോന്നിയ ഇഷ്ടം പ്രണയാഭ്യര്‍ത്ഥനയായി പരിണമിച്ചപ്പോള്‍ മൌനം പൂണ്ട മിഴികളോടെ ജുമാന പ്രതിഷേധിച്ചു ഇറങ്ങിപ്പോയ വഴിയിലേക്ക് അല്പം പഴുത്ത ഇലകള്‍ കൂടി മരം പൊഴിച്ചിട്ടു.

വിളവെടുപ്പിന്റെ കാലമായിരുന്നു ഖലീല്‍ ഗ്രാമത്തിലെത്തിയത്.

അയാളെ കണ്ട മാത്രയില്‍ തന്നെ ആദ്യാനുരാഗം തോന്നിയത് ഇത് വരെ ജുമാന മറച്ചു വെക്കുകയായിരുന്നു.വിളവെടുപ്പിന്റെ കാലത്ത് മാത്രം ഇത് പോലെ പല ചെറുപ്പക്കാരും അയല്‍ ഗ്രാമങ്ങളില്‍ നിന്നും എത്താറുണ്ട്. തുടുത്ത ആപ്പിള്‍ പോലെ നിന്റെ വദനങ്ങളെന്നു കാതില്‍ മന്ത്രിച്ചു പ്രണയ പരവശയാക്കി വിളവെടുപ്പ് കഴിഞ്ഞാല്‍ എവിടെയോ അപ്രത്യക്ഷരാവും.

വയ്യ …!! തന്റെ ആദ്യാനുരാഗം ഒരു ഒരു ദുരന്തപര്യവസാനിയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

ആപ്പിള്‍ തോട്ടങ്ങളിലെ വിളവെടു പ്പിനോപ്പം ആകാശത്തു മേഘങ്ങളും വിളവെടുത്തു തുടങ്ങി.

ആരവ മൊഴിഞ്ഞ തോട്ടത്തിലെ വടക്ക് കോണി ലിരുന്നു ഖലീല്‍ തല താഴ്ത്തി വിതുമ്പുകയായിരുന്നു. തിരിച്ചു പോവാനിട മില്ലാത്ത അനാഥ ത്വത്തിലേക്ക് ജുമാനയോടുള്ള പ്രണയം ഒരു വിശപ്പ്‌ പോലെ മനസ്സിലേക്ക് ഇഴഞ്ഞെത്തുന്നു.

ഉമ്മു ജുമാന ശേഖരിച്ച വിറകു കൊള്ളികള്‍ ഖലീല്‍ സ്വയം ചുമന്നു അവളുടെ വീട്ടിലെത്തുമ്പോള്‍ ഇണ പ്രാവുകള്‍ വീണ്ടും കുറുകിത്തുടങ്ങിയിരുന്നു.ജുമാനയോടുള്ള പ്രണയം മൂത്ത് അവളുടെ വീട്ടിലെ നേര്ച്ച ക്കാള യുടെ പരിപാലകനായി ഖലീല്‍ സ്വയം അവരോധിതനായി.

വിളവെടുപ്പ് കഴിഞ്ഞ വൃക്ഷശിഖരങ്ങള്‍ക്ക് മുകളില്‍ ആകാശത്തു നക്ഷത്രങ്ങള്‍ വിരുന്നു വന്നു. ഒരു മേഘത്തുണ്ടിനു പുറകിലായി പ്രകാശം കുറഞ്ഞൊരു നക്ഷത്രം ഏകനായി നിലകൊണ്ടു.അനാഥ നായ തന്റെ പ്രതിച്ഛായ യാവാം അതെന്നു ഖലീല്‍ കരുതി.

തട്ടിന്‍ പുറത്തെ ഇണ പ്രാവുകളുടെ കുറുകല്‍ രാവിന്‍റെ നിശബ്ദതയിലേക്ക് ഇഴുകിച്ചേര്‍ന്നു. നേര്ച്ചക്കാളയുടെ ആലയിലേക്ക്‌ പ്രണയം പോലെ തണുപ്പ് ഇറങ്ങി വന്നു. പ്രണയാതുരനായ ഖലീല്‍ തിരസ്കരിക്കപ്പെട്ട തന്റെ പ്രണയത്തെ പറ്റി പാടുകയായിരുന്നു.

ഒരു തടാകത്തിന്റെ നീലിമ മുഴുവന്‍ നിഴലിച്ച ജമാനാ നിന്റെ കണ്ണുകളിലേക്കു തന്റെ അനാഥമായ പ്രണയം ഞാന്‍ ഒഴുക്കി വിട്ടിട്ടും നീയെന്തേ മൌനം ദീക്ഷിക്കുന്നു എന്ന ആ പാട്ടിന്റെ ആദ്യ ഈരടി മതിയായിരുന്നു ജുമാന ഖലീലിന്റെ പ്രണയം സ്വീകരിക്കുവാന്‍.

നേര്ച്ച കാളക്കു കാടി കലക്കും നേരമാണ് ഖലീല്‍ ഉമ്മു ജുമാനയോടു തന്റെ പ്രണയം വെളിപ്പെടുത്തിയത്.ഉമ്മു ജുമാന അല്‍പ നേരം നിശബ്ദമായി നിന്നു. പിന്നെ ഗദ്ഗദം നിറഞ്ഞ വാക്കുകളില്‍ ഊമ യായ ഒരു പെണ്‍കുട്ടിയാണ് ജുമാനയെന്ന സത്യം ഖലീലിന്റെ കാതുകളിലേക്ക് പതിക്കുമ്പോള്‍ അവളെ അറിയാതെ പോയതില്‍ മനസ്സ് വിങ്ങുകയായിരുന്നു.

ജീവിത കാലം മുഴുവന്‍ തന്റെ പ്രാണനെ പ്പോലെ ജുമാനയെ സ്നേഹിച്ചു സംരക്ഷിച്ചു കൊള്ളാമെന്ന ഖലീലിന്റെ വാക്കുകള്‍ക്കു ഉമ്മു ജുമാനയുടെ കണ്ണുകളില്‍ നിന്നും സന്തോഷത്തിന്റെ രണ്ടിറ്റു കണ്ണ് നീരായിരുന്നു പകരം ലഭിച്ചത്.

ഉമ്മു ജുമാനയുടെ നേര്ച്ച പോലെ നേര്ച്ചക്കാളയെ പള്ളിയിലെല്‍പ്പിച്ചു ഖലീല്‍ ജുമാനയുടെ ചാര ത്തെത്തുമ്പോള്‍ പ്രാവുകള്‍ വീണ്ടും കുറുകി ത്തുടങ്ങിയിരുന്നു.ജുമാനയുടെ അകതാരില്‍ ഖലീലിനോടുള്ള പ്രണയവും.........

Tags:

Share Twitter Facebook

നിഴലുകളുടെ പെരുങ്കളിയാട്ടം....

വാരിഭാഗത്തു രണ്ടാനച്ചന്റെ പീഡനമേറ്റ് മുറിഞ്ഞ പാടുകളിലുപരി തടയാന്‍ പോലുമാവാതെ നിസ്സഹായയായി നിന്ന അമ്മയുടെ നോവ്‌ ഒരു നീറ്റലായി കരളില്‍ പൊള്ളി ക്കിടന്നു.
വേണ്ടായിരുന്നു അച്ഛനെന്നു വിളിക്കാന്‍ അമ്മ നിര്‍ദേശിച്ച അയാളുടെ കൂടെ ഈ പട്ടണത്തിലേക്ക് ,അമ്മ വരേണ്ടിയിരുന്നില്ല.അത്ര കൊടിയ പീഡന മാണ് അയാള്‍ അമ്മയ്ക്കും തനിക്കും സമാനിച്ചത്.അതിനു വേണ്ടി മാത്രമാണ് തങ്ങളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നതെന്ന് തോന്നും അയാളുടെ പെരുമാറ്റം കാണുമ്പോള്‍.ദേഹത്തു അഴിച്ചു വിടുന്ന ക്രൂരതകള്‍ നിശബ്ദം സഹിക്കാന്‍ ശീലിച്ച അമ്മ തന്റെ നേര്‍ക്ക്‌ പൊങ്ങിയ കൈകളോട് മാത്രം പ്രതികരിക്കാന്‍ ശ്രമിച്ചു.അവസാനം തന്റെ ജീവന്‍ തന്നെ അപകടമാകുമായിരുന്ന ഒരു ഘട്ടത്തില്‍ അമ്മയുടെ പരാതി പ്രകാരം അയാളെ നിയമപാലകര്‍ വിലങ്ങണിയിച്ചു കൊണ്ട് പോകുമ്പോള്‍ ഒരു പ്രതികാരത്തിനായി അയാളിനിയും തിരിച്ചു വരുമെന്ന് ക്രൌര്യ ഭാവം പൂണ്ട അയാളുടെ മുഖത്തു നിന്നും ബാലന്‍ വായിച്ചെടുത്തു.ഇനി രണ്ടു നാള്‍ കൂടി .അയാള്‍ ശിക്ഷ കഴിഞ്ഞു പുറത്ത്‌ വരും മുമ്പ് ഗ്രാമ്മത്തിലെ മുത്തശ്ശിയമ്മ മാത്രം ബാക്കിയായ തറവാട്ടിലേക്ക് അമ്മയെയും കൊണ്ട് രക്ഷപ്പെടണം.രാവ്‌ ഒരു കറുത്ത പാത പോലെ ദീര്‍ഘമായി വാനത്തിനു ചോട്ടില്‍ ഒരിക്കലും ഒടുങ്ങില്ലെന്ന വാശിയോടെ നീണ്ടു കിടന്നു.ഇരുട്ടിന്റെ രാപ്പാതയുടെ ഏതതിര്‍ത്തി യിലാണ് പുലരിയുടെ ആരംഭമെന്നറിയാന്‍ മിന്നാമിന്നിക്കൂട്ടങ്ങള്‍ യാത്ര തിരിച്ചു.സന്ധികളില്‍ അയാളഴിച്ചു വിട്ട ക്രൂര മര്‍ ദ്ധനങ്ങളുടെ ബാക്കി പത്രമായ്‌ രാവിന്റെ നിശബ്ദതയില്‍ അമ്മയുടെ ഞരക്കം മാത്രം പ്രതിധ്വനിച്ചു പിന്നെ നേര്‍ത്തില്ലാതായി.ഒരിക്കലും ഒടുങ്ങില്ലെന്നു കരുതിയ രാവിന്റെ ഏതോ ദശാസന്ധിയില്‍ മയങ്ങിപ്പോയ ബാലന്‍ ഉണര്‍ന്നെണീറ്റതു അമ്മ ജീവിച്ചിരുന്നു വെന്ന യാഥാര്‍ത്ഥ്യം വെറും സങ്കല്പ്പമാക്കിയ മാതൃജഡത്തിന്റെ ദുഖ സാന്ദ്രമായ മധ്യാഹ്നത്തിലെക്കായിരുന്നു.അമ്മ കൂടെയില്ലാതെ ഗ്രാമത്തിലേക്കുള്ള മടക്ക യാത്രയില്‍ മുത്തശ്ശിയമ്മയുടെ ദൈന്യം നിറഞ്ഞ കണ്ണുകള്‍ മാത്രമായിരുന്നു മനസ്സില്‍ അവശേഷിച്ചത്.കരിയിലകള്‍ വീണു നിഴലുകള്‍ പെരുംകളിയാട്ടമാടുന്ന ഇടവഴിയിലെ മാളങ്ങളില്‍ മുത്തശ്ശിയമ്മ പകര്‍ന്ന അറിവ് പോലെ ചുട്ട കപ്പയുടെ മണം പ്രസരിപ്പിച്ചു സര്‍പ്പങ്ങള്‍ വായ തുറന്നു കിടന്നു.വിജനമായ പറമ്പിലെ ഒറ്റപ്പെട്ട തറവാട് വീടിന്റെ കാലങ്ങളായി കിളക്കാത്ത വരമ്പുകളില്‍ കരടിപ്പുറ്റുകള്‍ ചെറു പാതാളങ്ങള്‍ തീത്തിരുന്നു.വരണ്ടുണങ്ങി നിന്ന ഭൂമി ഇപ്പോള്‍ പെയ്യുമെന്ന് വ്യാമോഹിപ്പിച്ചു നിന്ന മേഘ ക്കൂട്ടങ്ങളെ ദാഹാര്‍ത്തയായ് നോക്കി നിന്നു.പ്രകൃതിയുടെ അജ്ഞാതമായ ഏതോ കരങ്ങളില്‍ നിന്നും അനുവാദം ചോദിച്ചു പുതു മഴത്തുള്ളികള്‍ ഭൂമിയിലേക്ക്‌ പെയ്തിറങ്ങും നേരം ബാലന്‍ തറവാടിന്റെ ദ്രവിച്ച കല്‍പ്പടവുകള്‍ കയറുകയായിരുന്നു.കാറ്റ് തല്ലിക്കൊഴിച്ചിട്ട ഇലകളുടെ ജഡങ്ങളിലേക്ക് മഴ നാരുകള്‍ ആര്‍ത്തു പെയ്തു.മഴവെള്ളം നഷ്ടപ്പെടുത്തിയ മണല്‍ക്കുഴി വീടുകളില്‍ കുഴിയാനകള്‍ തണുത്തു വിറച്ചു കിടന്നു.ഇനിയും പെയ്തൊഴിയാന്‍ ഭാവമില്ലെന്നറിയിച്ച് ചെറു മിന്നല്‍പ്പിണറുകള്‍ക്ക് കൂട്ടിനായി ഇടിനാദങ്ങള്‍ മഴയുടെ ആരവങ്ങള്‍ക്കും മുകളിലേക്കായി ശബ്ധമഴിച്ചു വിട്ടു .അടഞ്ഞു കിടന്ന തറവാടിന്റെ മുന്‍ വാതിലിനു പിറകില്‍ മുത്തശ്ശിയമ്മയുടെ മറുപടിയില്ലാത്ത ബാലന്റെ വിളികള്‍ വാതിലില്‍ തട്ടി മഴയുടെ ആരവത്തിലേക്ക് ലയിച്ചില്ലാതായി.മുന്‍ വാതിലിനിടയിലൂടെ അകത്തു നിന്നും ഞെരുങ്ങി ഇഴഞ്ഞു വന്ന സര്‍പ്പംപെരുവിരലിലൊന്നു ചുംബിച്ച നീല നിറത്തിലേക്കു നോക്കി ബാലന്‍ പൊട്ടിപ്പൊളിഞ്ഞ കല്ത്തൂണിനു താഴെ തണുത്തുറഞ്ഞ തറയിലിരിക്കുമ്പോള്‍ മുത്തശ്ശിയമ്മയുടെ കര സ്പര്‍ശന ത്തിനൊപ്പം വാരിയെല്ലിന്റെ ഭാഗത്തെ മുറിവുകളില്‍ അമ്മയുടെ സ്വാന്തനം പോലെ പുറത്ത്‌ അപ്പോഴും മഴ ആര്‍ത്തു പെയ്യുന്നുണ്ടായിരുന്നു. .....,,,.....

Sunday, October 31, 2010

കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍ ...

പൂന്തോട്ടത്തിലെ നാല് മണി പ്പൂക്കള്‍ക്ക് അല്പം കൂടി വെളിച്ചം നല്‍കാന്‍ കാത്തു നിന്നു സൂര്യന്‍ പടിഞ്ഞാറ് ഭാഗത്തേക്ക് സാവകാശം നീങ്ങിത്തുടങ്ങി ,പുറകില്‍ അനുഗമിച്ചു കൊണ്ട് അനേകം നിഴലുകളും.വീടിനടുത്തെ കോമ്പൌണ്ടില്‍ നഴ്സറി സ്കൂള്‍ വിട്ടു ആരവ ങ്ങളെ ല്ലാമൊഴിഞ്ഞപ്പോള്‍ ആതിര പൂന്തോട്ടത്തിലെക്കിറങ്ങി.ഋതു ഭേദങ്ങള്‍ക്ക് കാത്തു നില്‍ക്കാതെ തന്റെ പരിലാളനയില്‍ വളരുന്ന മിക്ക ചെടികളും പൂത്തു നിന്നിരുന്നു.രവി എത്താനാവുന്നതെ യുള്ളൂ ,തനിക്കു താല്പര്യ മില്ലാതിരുന്നിട്ടും പാര്‍ട്ടിയുടെയും സുഹൃത്തുക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചു പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്തിയാവുകയായിരുന്നു രവി.പരാജയം ഉറപ്പായിരുന്ന മണ്ഡലം .പാര്‍ടിയുടെ മുങ്ങി മരിക്കാന്‍ പോകുന്ന പ്രത്യ യ ശാസ്ത്രങ്ങളുടെ ഒരു കച്ചി ത്തുരുമ്പാ യിരുന്നു ജന സമ്മതനായ രവിയെ സ്ഥാനാര്‍ത്തി യാക്കുന്നതിലൂടെ പാര്‍ട്ടിയുടെ ലക്‌ഷ്യം.പാര്‍ടിയെ കുറ്റം പറയാന്‍ തനിക്കും ആവില്ല.പാര്‍ടിയുടെ നിലപാടുകളോ ടായിരുന്നു വിയോജിപ്പ്.വിപ്ലവം കത്തി നിന്ന യൌവ്വനത്തില്‍ വയനാട്ടിലെ ആദിവാസി കോളനിയിലെ ഒരു പാര്‍ടി ക്ലാസ്സില്‍ ആദ്യമായി ക്ലാസ്സെടുക്കാന്‍ വന്ന രവി ആതിരയുടെ ഹൃദയത്തിലേക്കും കുടിയേറുകയായിരുന്നു.പിന്നീട് രണ്ടു ദിശകളില്‍ സഞ്ചരിച്ച ഇരുവരും ഒരുമിച്ചൊരു ദിശയിലേക്കു പ്രയാണം ആരംഭിക്കുകയായിരുന്നു.കോളനിയിലെ ചേരു വിദ്യാലയത്തിലെ ടീച്ചര്‍ പണി ഉപേക്ഷിച്ചു രവിയുടെ കൂടെ ഇറങ്ങുമ്പോള്‍ ദൂരെ പ്രത്യാശ പോലെ കിട്ടാനുളൊരു പുതിയ ലോകത്തിന്റെ അക്ഷരങ്ങളില്‍ മാത്രം കുരുങ്ങിക്കിടന്ന ഒരു പുതു പുലരി മാത്രമായിരുന്നു.പിന്നെ പാര്‍ട്ടിക്ക് വേണ്ടി മാത്രമുള്ളൊരു ജീവിതം.ഒരു വേള പാര്‍ട്ടി പ്രവര്‍ത്തനത്തിന് വേണ്ടി ഗര്‍ഭ പാത്രം വരെ മുറിച്ചു മാറ്റി ഊഷരമാക്കിയ തന്റെ സ്ത്രീത്വം ,അവസാനം തൊഴിലാളി വര്‍ഗ്ഗമെന്ന അടിത്തറ വിട്ടു മുതലാളി വര്‍ഗ്ഗത്തോട് തോള്‍ ചേര്‍ന്നുള്ള പാര്‍ട്ടിയുടെ പ്രയാണം കിട്ടാനുണ്ടൊരു സ്വര്‍ഗ്ഗമെന്ന മരുപ്പച്ച ഒരിക്കലും സഫലമാവാത്തൊരു സമസ്യ യാണെന്ന് ആതിര ക്ക നു ഭാവപ്പെടുകയായിരുന്നു.ഭരണത്തിലേറിയ പാര്‍ട്ടിയുടെ അധികാരങ്ങള്‍ അനര്‍ഹമായ കൈകളിലായിരുന്നു അവരോധിക്കപ്പെട്ടത്‌.എന്ടോ സള്‍ഫാന്‍ പോലുള്ള മാരക കീട നാശിനികള്‍ ഉത്പാദിപ്പിക്കുന്ന കുത്തക കമ്പനി കളോടുള്ള മൃദു സമീപനത്തിലുപരി ഇരകളോടുള്ള ഭരണ വര്‍ഗ്ഗത്തിന്റെ നിരുത്തരവാദ പരമായ ഇടപെടലായിരുന്നു പാര്‍ട്ടിയില്‍ നിന്നും ആതിരയെ പൂര്‍ണ്ണമായും വിട്ടു നില്‍ക്കാന്‍ പ്രേരിപ്പിച്ചത്.ഒരു വേള ഒരു പെണ്ണായി ജീവിക്കണം എന്ന് തോന്നിയ നിമിഷത്തില്‍ ഗര്‍ഭ പാത്രം പോലുമിലാത്ത ശൂന്യമായ വയറു താനൊരു പെണ്ണാ ണെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കുവാന്‍ ആറു തയ്യാറാവുമെന്ന് അറിയുമ്പോഴേക്കും വളരെ വൈകിയിരുന്നു.മറവിയില്‍ ഒളിപ്പിചില്ലാതാക്കിയ വിപ്ലവ വീര്യം പോലെ കുങ്കുമ നിറ മണി ഞ്ഞു ആകാശം അസ്തമയത്തിനായി ഒരുങ്ങി നിന്നു.വിടരാന്‍ മറന്ന ഒരു നാല് മണി പ്പൂ മൊട്ടു ഇനിയൊരിക്കലും വിടരാനാവില്ലെന്ന ദുഖത്തോടെ അസ്തമയത്തിലേക്ക് കണ്ണ് നട്ടു നിന്നു.പാര്‍ട്ടിക്ക് വേണ്ടി ഹോമിച്ച ജീവിതത്തില്‍ ഒന്നും നേടാനാവാതെ ശൂന്യത മാത്രം ബാക്കിയാക്കിയ ഏതോ ഒരു ഉന്മാദത്തില്‍ വീട്ടിനു ള്ളിലെക്കോടി ക്കയറിയ ആതിര ഷെല്‍ഫില്‍ അടുക്കി വെച്ച കാലഹരണ പ്പെട്ട പ്രത്യയ ശാസ്ത്രങ്ങളുടെ പുസ്തക ക്കൂമ്പാരങ്ങള്‍ മുറ്റത്തേക്കു വലിച്ചെറിഞ്ഞു അഗ്നി ക്കിരയാക്കുമ്പോള്‍ ഒരനുഷ്ടാനം പോലെ ആര്‍ക്കോ വേണ്ടി വോട്ടു തെണ്ടി ക്ഷീണിച്ചു രവി ഗെയ്റ്റ് കടന്നു മുറ്റത്തെ ക്കെത്തിയിരുന്നു .....

Tuesday, October 12, 2010

തിരിച്ചറിയാത്ത ജനുസ്സിന്റെ ആധി പേറുന്നവര്‍ ...

തടാകത്തിലേക്ക് പോക്കുവെയില്‍ വീണു കിടന്നു.കൈയിലെ പോപ്‌കോണിന്റെ അവശിഷ്ടങ്ങള്‍ വെള്ളത്തിലെക്കെറിഞ്ഞ കുട്ടികളെ വിദേശികളായ ദമ്പതികള്‍ ശകാരിച്ചു.കരയില്‍ നിന്നും വെള്ളത്തിലേക്ക് നീട്ടി പണിതതായിരുന്നു ആ റസ്ടോറണ്ട്.

ശിഹാബ് അക്ഷമനായി മരിയയെ കാത്തിരുന്നു.എതിരെയിട്ട ടേബിളില്‍ നിഘൂടമായ ഏതോ മൌനം മുഖത്തണിഞ്ഞു രണ്ടു കമിതാക്കള്‍ യാത്രക്കാരെ കയറ്റി നീങ്ങിയ ബോട്ടിലേക്ക് നോട്ടമയച്ചിരുന്നു.അബ്രയില്‍ തിരക്ക് കൂടിത്തുടങ്ങി.മോഹങ്ങളും മോഹഭംഗങ്ങളും ചാലിച്ച മുഖങ്ങള്‍ ബോട്ടിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്തു കൊണ്ടിരുന്നു.

''ശിഹാബ് നീയെന്നെ വിവാഹം കഴിക്കുമോ?''മരിയയുടെ പൊടുന്നനെയുള്ള ചോദ്യം തമാശയായിരിക്കുമെന്നവിശ്വാസത്തില്‍ അവളുടെ മുഖത്തേക്ക് നോക്കി.പക്ഷെ ഒരു നിശ്ചയ ദാര്‍ഡ്യം അവളുടെ മുഖത്ത് അയാള്‍ ദര്‍ശിച്ചു.ഒരു മറുപടി ക്കായി ഉഴറിയ അയാളുടെ മനസ്സിലേക്ക് അവള്‍ ബാലുശ്ശേരി കൊട്ടനട വയല്‍ ക്ഷേത്ര ത്തിലെ ആരാട്ടിനെ ക്കുറിച്ചുള്ള അറിവുകള്‍ നിവര്‍ത്തിയിട്ടു.

മരിയ എന്നും അങ്ങിനെയായിരുന്നു.സംസാരിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ അനായാസേന മറ്റൊരു ബന്ധവുമില്ലാത്ത വിഷയത്തിലേക്ക് സന്നിവേശിപ്പിക്കും.ആര്‍ക്കും പിടി കിട്ടാത്തൊരു മനസ്സുമായി ഉത്തരം കിട്ടാത്തൊരു സമസ്യ പോലെ മരിയ ജീവിച്ചു.

ശിഹാബ് വീണ്ടും മരിയയുടെ സെല്‍ ഫോണിലേക്ക് ഡയല്‍ ചെയ്തു.നിരാശയായിരുന്നു ഫലം.പ്രവര്‍ത്തനരഹിതം .കൊക്ക്ടെയിലിനു ഓര്‍ഡര്‍ കൊടുത്തു ഒരു സിഗരറ്റിനു തീ കൊളുത്തി മരയഴിയിട്ട കസാരയിലേക്ക് അയാള്‍ ചാഞ്ഞിരുന്നു .കുറച്ചകലെ ചരക്കു കയറ്റിയ ഒരു കപ്പല്‍ ഇറാനിലേക്ക് പുറപ്പെടാനായി തയാറെടുത്തു നിന്നു.

ഇന്ന് വ്യാഴാഴ്ച രണ്ടു മണി യോടെ ജോലി അവസാനിച്ചു.സെല്‍ ഫോണില്‍ ചാര്‍ജു കുറവായിരുന്നു.അവീറില്‍ ഇന്നും ബാര്‍ ദുബായി ലേക്കുള്ള ബസ്സ് ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് മരിയക്ക് തോന്നി. ഇന്നലെ രാത്രി നെറ്റില്‍ പരിചയപ്പെട്ട ഒരു സുഹൃത്തുമായി സംസാരിച്ചിരുന്നു വളരെ വൈകിഉറങ്ങിയ ക്ഷീണം മരിയയുടെ കണ്ണുകളില്‍ കാര്‍മേഘം പോലെ തൂങ്ങിക്കിടന്നു .സെല്‍ ഫോണിലെ ചാര്‍ജു പൂര്‍ണ്ണമായും തീര്‍ന്നു ബാഗില്‍ വിശ്രമിക്കുന്നത് മരിയ അറിഞ്ഞില്ല.

യാത്ര കഴിഞ്ഞു തിരിചു വന്ന ഒരു ചരക്കു കപ്പല്‍ തുറമുഖത്ത് കിതച്ചു നങ്കൂരമിട്ടു.നിറം മങ്ങിയ അടിവസ്ത്രങ്ങള്‍ കപ്പിത്താന്‍ കപ്പലിന്റെ മുകള്‍ത്തട്ടില്‍ ഉണങ്ങാന്‍ വിരിച്ചിട്ടു.താഴ് ഭാഗത്ത് തലങ്ങും വിലങ്ങുമായി ജീവനക്കാര്‍ ഉറക്കമാരംഭിച്ചു .

ഇന്നേക്ക് മൂന്നു മാസം മരിയക്കൊരു മറുപടി കൊടുക്കാന്‍ ശിഹാബിനായില്ല.അവള്‍ വരില്ലേ?..ഒരു സിഗരറ്റിനു കൂടി തീ കൊളുത്തി ശിഹാബ് അവള്‍ക്കൊന്നു കൂടി ഡയല്‍ ചെയ്തു.ശിഹാബിന്റെ സെല്‍ഫോണില്‍ നിന്നും പുരത്തെക്കുപോയ തരംഗങ്ങള്‍ ചാര്‍ജില്ലാതെ പ്രവര്‍ത്തന രഹിതമായ മരിയയുടെ സെല്‍ ഫോണിനെ പരിഗണി ക്കാതെ ബര്‍ദുബായിലെ അനേകം ടവറുക ലിലെവിടെയോ തട്ടി ചിതറിപ്പോയി.

മരിയ ചിലപ്പോള്‍ തന്റെ ചോദ്യം മറന്നിരിക്കാം.എങ്കിലും അവലോടെന്തു സംസാരിക്കുമെന്നറിയാതെ അയാള്‍ കുഴങ്ങി.വെറുമൊരു ഭ്രമത്തെ തുടര്ന്നു ശ്രീലങ്കന്‍ വംശജയായ അവളുടെ മാതാവിനെ പ്രണ യിച്ച ബാലുശ്ശേരി ക്കാരന്‍ മാധവേട്ടനെ ക്കുറിച്ചോ.. മരിയയുടെ പത്താം വയസ്സില്‍ ജന്മ നാടായ ബാലുശ്ശേരി യിലേക്ക് അവധിക്കു പോയി ഹൃദയാ ഘാതം മൂലം മരിച്ച പിതാവിനെക്കുറിച്ചോ.. പിതാവിന്റെ മരണ ശേഷം മരിയയെ തനിച്ചാക്കി മറ്റൊരു കാമുകന്റെ തണല് തേടി പോയ മാതാവിനെക്കുറിച്ചോ...റ സ്ടോ റ ണ്ടി നു മുന്നില്‍ തഴച്ചു വളര്‍ന്നു നിന്ന ബദാം മരത്തിന്റെ താഴ് ഭാഗത്തെ കടും പച്ച നിറത്തിലുള്ള ഇലകളില്‍ സന്ധ്യാ സൂര്യന്‍ ഉമ്മ വെച്ചു അഗ്രങ്ങളില്‍ ഇളം പച്ച നിറത്തിലുള്ള ഇലകളില്‍ കാറ്റും .ചരക്കു കപ്പലുകളുടെ മുകള്‍ ത്തട്ട് മാത്രം നിഴലായി സമീപത്തെ കെട്ടിടങ്ങളില്‍ രേഖാ ചിത്രം വരച്ചു.

അന്തരീക്ഷ ഈര്‍പ്പവും ചൂടും സമനിലയില്‍ ക്രമീ കൃത മാണെങ്കിലും മരിയ വിയര്‍പ്പില്‍ കുളിച്ചിരുന്നു പേരറിയാത്ത ഏതോ സുഗന്ധ ദ്രവ്യവും വിയര്‍പ്പും ചേര്‍ന്നുള്ള ഗന്ധം ശിഹാബിനെ ഉന്മത്തനാക്കി.ശിഹാബിന്റെ വലതു കവിളിലൊന്ന് തട്ടി മരിയ ഒരു വാനില ഐസ് ക്രീമിനു ഓര്‍ഡര്‍ കൊടുത്തു.

കഴിഞ്ഞ വാരം ഒരു മലബാറി സുഹൃത്തിനൊപ്പം മൃഗശാല സന്ദര്‍ശിക്കുവാന്‍ അലൈനിലേക്കുള്ള യാത്രയില്‍ അയാളുടെ കുസൃതി കളെക്കുറിച്ച് മരിയ വാചാലയായി.പിന്നെ മുഖത്തു ശോകം പടര്‍ന്നു തുടങ്ങി.കുറച്ചു നിമിഷം തല ചായ്ചിരുന്നുഉയര്‍ത്തിയ മുഖം മറ്റൊരു മരിയ യുടെതായിരുന്നു.നഷ്ടപ്പെട്ട തിരിച്ചറിയല്‍ രേഖയുടെ ആവലാതികള്‍ അവള്‍ അവനു മുമ്പില്‍ അഴിച്ചിട്ടു.

മൌനം ഘനീഭവിച്ച മുഖവുമായി കമിതാക്കള്‍ എഴുന്നേറ്റു പോയ ഇരിപ്പിടത്തില്‍ ശിഹാബിന് മറുവശം നാമമാത്ര വസ്ത്രം ധരിച്ച റഷ്യന്‍ സ്ത്രീയെ മറഞ്ഞു മരിയ നീങ്ങിയിരുന്നു..ബാലുശ്ശേരി യിലെ ഏതോ ഒരു വീട്ടില്‍ പാസ് പോര്ട്ടിന്റെ രൂപത്തില്‍ തന്റെ തിരിച്ചറിയല്‍ രേഖ അനാഥമായി ക്കിടക്കു ന്നുണ്ടാ വുമെന്നു അവള്‍ പറഞ്ഞു.അതോ സം വത്സര ങ്ങളായി കൊട്ടനടയില്‍ ആറാട്ട് ഉത്സവം നട ക്കുന്ന തറിയാതെ..പുതിയ തണല്‍ തേടി തന്നെ മറന്നു യാത്ര പോലും പറയാതെ ഇറങ്ങിപ്പോയ മാതാവിലോ?..അബ്രയിലെ പഴയ മ്യൂസിയ ത്തിന്റെ ചുവരിലേക്ക് ചേര്‍ന്ന് നിന്നു മരിയ വിതുമ്പി.

ബദാം മരത്തിലെ തളിരി ലകളെ മാത്രം കാറ്റ് ഇളക്കി.അടുത്ത കെട്ടിട ങ്ങളില്‍ നിന്നും വര്‍ണ്ണ വെളിച്ചങ്ങള്‍ കെടാതെ തടാകത്തിലേക്ക് ഇറങ്ങി നിന്നു.യാത്രക്കാരെ കയറ്റി ക്ഷീണിച്ച ബോട്ടുകള്‍ കരയ ടുത്തു വിശ്രമം തുടങ്ങി.തല മുണ്ഡനം ചെയ്തൊരു വിദേശി തടാകത്തിലേക്ക് ചൂണ്ട ആഞ്ഞെറിഞ്ഞു.

തിരിച്ചറിയാത്ത ജനുസ്സിന്റെ ആധി പേറി തടാകത്തില്‍ നീരാടി തിരിച്ചു വന്ന നീര്‍ക്കിളി മ്യൂസിയത്തിന് മുകളില്‍ പരന്നിരുന്നു,ഇണ ക്കിളിയുടെ ചിറകി നിടയിലെന്തോ തിരഞ്ഞു...

മരിയാ,,നീ തനിച്ചല്ല .ഞാനുണ്ട് കൂട്ടിനു..എന്നും മരിയയുടെ ആര്‍ദ്രമായ കണ്ണുകളിലേക്കു നോക്കി ശിഹാബ് മന്ത്രിച്ചു..

തടാക ത്തിലൊന്നു മുങ്ങി നിവര്‍ന്നു ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിനു ലക്‌ഷ്യം വെച്ചു പറന്ന ഇണക്കിളിയെ നീര്‍ക്കിളി അനുഗമിച്ചു...........

Saturday, October 2, 2010

ഒരു ആശംസാ കാര്‍ഡിന്റെ ഓര്‍മ്മയ്ക്ക്‌..

'' എന്റെ മോള് പോയി'' ..ജലീലിന്റെ വാക്കുകള്‍ മുറിഞ്ഞിടത്തു ഒരു തേങ്ങല്‍ പതിയിരുന്നുവെന്നു അഷ്‌റഫ്‌ അറിഞ്ഞു.കട്ടി കൂടിയ കണ്ണടക്കു പിറകില്‍ കൃഷ്ണ മണികള്‍ കലങ്ങി നിന്നു.കുറച്ചു നിമിഷം മകളുടെ വിയോഗം തീര്‍ത്ത ശൂന്യതയിലേക്കയാള്‍ പകച്ചു നോക്കി.പിന്നെ നിരയായി തങ്ങളുടെ കൂട്ടുകാരിയെ അവസാനമായി ഒരു നോക്ക് കൂടി കാണാന്‍ നില്‍ക്കുന്ന കുട്ടികളുടെ അടുത്തേക്കയാള്‍ പോകുന്നത് അഷ്‌റഫ്‌ നോക്കി നിന്നു.

അയാളുടെ തന്നെ ശിഷ്യകളായ മകളുടെ സഹപാഠികള്‍. ദുഖം ഘനീഭവിച്ച ആ അന്തരീക്ഷ ത്തില്‍ നിന്നും എവിടെക്കെങ്കിലും ദൂരേക്ക് ഓടി ഒളിക്കണമെന്നു അഷ്‌റഫ്‌ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു.അകത്തു നിന്നും ഇടയ്ക്കിടെ ഉയരുന്ന സ്ത്രീയുടെ തേങ്ങലുകള്‍ അധ്യാപികയായ അയാളുടെ ഭാര്യയുടെതായിരിക്കുമെന്നു അഷ്‌റഫ്‌ വിശ്വസിച്ചു.

ബഹറിനിലെ ഒരു സ്വകാര്യ എണ്ണകമ്പനിയുടെ ഫാക്ടറി യിലായിരുന്നു അശ്രഫിനു ജോലി.യൌവ്വനത്തിന്റെ ആരംഭ ദശയില്‍ പ്രവാസത്തിലേക്ക് നടന്നെത്തിയ ആള്‍ .ജോലി കഴിഞ്ഞു റൂമില്‍ വിശ്രമിക്കുന്ന നേരമാണ് കമ്പനിയിലെ സെക്യുരിറ്റി നാട്ടില്‍ നിന്നും വന്ന എഴുത്തുകള്‍ റൂമിലിട്ടു പോയത്.

നാട്ടിലെ വിശേഷങ്ങള്‍ വിശദമായി അറിയുവാനായിരുന്നു ജലീലിന്റെ കത്ത് പൊട്ടിച്ചത്.''അഷ്‌റഫ്‌ ഒരപേക്ഷയുണ്ട്.കഴിയുമെങ്കില്‍ എന്റെ മകളുടെ പേരില്‍ ഈ പുതുവത്സരത്തില്‍ ഒരു ആശംസാ കാര്‍ഡു അയക്കണം ..പ്രിയ സുഹൃത്തു ജലീല്‍''. അയാളുടെ ബാല്യ കാല സുഹൃത്തും അധ്യാപകനുമായിരുന്നു ജലീല്‍.നാട്ടിലെ പ്രാദേശിക വിവരങ്ങളും പഴയ കാല ഓര്‍മ്മകളൊക്കെയുമായി കുത്തി നിറച്ച നീണ്ട കത്തുകള്‍ എല്ലാ മാസവും കൃത്യമായി ജലീല്‍ അയാള്‍ക്ക്‌ അയക്കാറുണ്ടായിരുന്നു.പക്ഷെ ഇന്ന് ഈ എഴുത്ത്,,വളരെ ചുരുങ്ങിയ വാക്കുകളില്‍ മകള്‍ക്ക് ഒരു ആശംസാ കാര്‍ഡിന് മാത്രം എന്തെന്നയാല്‍ അത്ഭുതപ്പെട്ടു.

അടുത്ത ദിവസം തന്നെ ലീവിന് പോവുന്ന ഒരു മലപ്പുറത്ത് കാരന്‍ സുഹൃത്ത് വശം മറക്കാതെ രണ്ടു മൂന്നു ആശംസാ കാര്‍ഡുകള്‍ ജലീലിന്റെ കെയര്‍ ഓഫില്‍ കൊടുത്തയക്കുകയും ചെയ്തതായി ചെറിയൊരു ഓര്‍മ്മയുണ്ട്.മരുഭൂമിയിലെ കൊടും ചൂടിനാല്‍ വെന്തു പോയ ഹൃദയവും അതി ശൈത്യത്താല്‍ മരവിച്ചു പോയ മനസ്സുമായി പ്രവാസത്തിലെ പ്രയാണം തുടരുമ്പോള്‍ ആശംസാ കാര്‍ഡിന്റെ കാര്യം തന്നെ അഷ്‌റഫ്‌ മറന്നിരുന്നു.അടുത്ത ജില്ലയിലെ ഒരു സ്കൂള്‍ മാനേജരായിരുന്നു ജലീലിന്റെ ഭാര്യാ പിതാവ്.ഒരദ്ധ്യാപകന്റെ ഒഴിവു വന്നപ്പോള്‍ ജലീലും ഭാര്യയും സ്ചൂളിരുന്ന ജില്ലയിലേക്ക് ഞങ്ങളുടെ നാട്ടില്‍ നിന്നും താമസം മാറുകയായിരുന്നു.മരുഭൂമിയിലെ അത്യുഷ്ണവും കൊടും ശൈത്യവും പ്രവാസത്തോടൊപ്പം അനുസ്യൂതം തുടര്ന്നു.

വര്‍ഷങ്ങള്‍ കടന്നു പോവുന്നതനുസരിച്ചു പല രാജ്യങ്ങളിലെക്കായി അശ്രഫിന്റെ പ്രവാസവും മാറുന്നുണ്ടായിരുന്നു.ജലീലിനെ പോലുള്ള ആത്മാര്‍ത്ഥ സുഹൃത്തുക്കളെല്ലാം മറവികളുടെ ഇരുണ്ട ഗുഹകളില്‍ എവിടെയോ പോയൊളിച്ചു.പകരം നിമിഷ നേരം കൊണ്ട് മറക്കാന്‍ കഴിയുന്ന നാട്യങ്ങളുടെ സൌഹൃദങ്ങള്‍ പിറന്നു കൊണ്ടിരുന്നു.

നീണ്ട കാലയളവിലെ പ്രവാസത്തിലെ താഡനങ്ങള്‍ ഏറ്റു വാങ്ങിയ വെറുങ്ങലിച്ച ഹൃദയവുമായി ഒരു മാസം അനുവദിച്ച അവധിക്കാലം ചിലവഴിക്കാന്‍ അഷ്‌റഫ്‌ നാട്ടില്‍ പറന്നെത്തിയതായിരുന്നു.എയര്‍ പോര്‍ട്ടില്‍ നിന്നും നാട്ടിലേക്കുള്ള യാത്രയില്‍ അയല്‍ വാസിയായ ഡ്രൈവറാണ് ജലീലിന്റെ വിവരങ്ങള്‍ ഒരു നോവായ്‌ വീണ്ടും അയാളുടെ മനസ്സിലേക്ക് ഇട്ടു കൊടുത്തത്.

മാരകമായ ദീനം ബാധിച്ച എട്ടു വയസ്സ് പ്രായമുള്ള മകളുമായി ആശുപത്രിയും വീടുമായി കഴിയുന്ന ഒരു ചുറ്റുപാടാണ് ജലീലിന്റെ വര്‍ത്തമാന ചിത്രമായി അശ്രഫിനു ലഭിച്ചത്. നാട്ടിലെത്തിയ രണ്ടാമത്തെ വാരത്തിലെ ആദ്യ ദിനത്തില്‍ ജലീലിന്റെ മകളെ കാണാന്‍ അഷ്‌റഫ്‌ നഗരത്തിലെ ആശുപത്രി യിലെത്തുകയായിരുന്നു.

ആശുപത്രിയുടെ വരാന്തയുടെ ഒഴിഞ്ഞ കോണില്‍ ഏകനായിരിക്കുന്ന ജലീല്‍ അയാളെ കണ്ട മാത്രയില്‍ കെട്ടിപ്പിടിച്ചല്പ നേരം വെറുതെ നിന്നപ്പോള്‍ ഏതോ ഗതകാല സ്മരണകള്‍ അയവിറക്കുകയാവാമെന്നു അയാളുടെ ഹൃദയമിടിപ്പ് അശ്രഫിനെ ഓര്‍മ്മിപ്പിച്ചു.നാലഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സുഹൃത്തിന് ഇപ്പോള്‍ കാണുന്ന രൂപവുമായി യാതൊരു സാദൃശ്യവുമില്ലായിരുന്നു.ദിനം പ്രതി ക്ഷൌരം ചെയ്തു മിനുക്കിയിരുന്ന മുഖം കാലങ്ങളായി ക്ഷൌരം ചെയ്യാത്തതിനാല്‍ രോമ കാടുകള്‍ക്കിടയില്‍ ഒളിച്ചിരുന്നു.പല തവണ കട്ടി കൂട്ടിയ കണ്ണടക്കുള്ളിലെ കണ്ണുകള്‍ അയാള്‍ക്ക്‌ കണ്ടെത്താനായില്ല.

ഒന്നില്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശിക്കാന്‍ അനുവാദമില്ലാത്ത ആശുപത്രി വാര്‍ഡിലേക്ക് അയാള്‍ അശ്രഫിനെ കൂട്ടി കൊണ്ട് പോയി.ചിറകറ്റ ശലഭം പോലെ കിടക്കുന്ന ആ കുഞ്ഞു പെണ്‍കുട്ടിയെ കൂടുതല്‍ നോക്കി നില്‍ക്കാന്‍ അയാള്‍ക്ക്‌ കഴിഞ്ഞില്ല.വീര്യം കൂടിയ വേദന സംഹാരികളുടെ ആധിക്യത്താല്‍ സംസാര ശേഷി പോലും നഷ്ടപ്പെട്ട ആ കുരുന്നു ആംഗ്യ ഭാഷയില്‍ അവ്യക്തമായി എന്തെല്ലാമോ അയാളോട് സംസാരിക്കുന്നുണ്ടായിരുന്നു.തലയണ ക്കടുത്തു വെച്ച അയാളുടെ കൈപ്പടയില്‍ എഴുതിയ ആശംസാ കാര്‍ഡു ഈ അങ്കിളാണ് മോള്‍ക്ക്‌ അയച്ചു തന്നതെന്ന് ജലീല്‍ അവളെ അറിയിച്ചപ്പോള്‍ ആ കുരുന്നു ചുണ്ടിലൊരു പുഞ്ചിരി വിടരുന്നത് അഷ്‌റഫ്‌ അറിഞ്ഞു.ഗദ്ഗദം മുറിച്ച വാക്കുകളാല്‍ യാത്ര പോലും പറയാതെ അയാള്‍ ആശുപത്രിയില്‍ നിന്നും വളരെ ഇറങ്ങി നടക്കുമ്പോള്‍ അവളുടെ അതെ പ്രായമുള്ള അയാളുടെ മകളെയും ഓര്‍ക്കുകയായിരുന്നു അഷ്‌റഫ്‌.

തന്റെ അരികിലേക്ക് നാലുപേര്‍ താങ്ങിക്കൊണ്ടു വന്ന ശവമഞ്ചം താഴെ ഇറക്കി വെച്ചപ്പോഴാണ് അഷ്‌റഫ്‌ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ന്നത്.ഇനി അധികം വൈകില്ല ഈ ദുഖ സാന്ദ്രമായ അന്തരീക്ഷത്തില്‍ നിന്നും മോചനം നേടാനെന്നു അയാള്‍ ആശ്വസിക്കുകയായിരുന്നു.

മരണ വീട്ടില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന അകലത്തിലെ പള്ളിക്കാട്ടില്‍ ചെറിയൊരു ഖബറിന്റെ പണി തീര്‍ന്നിരുന്നു.ആകാശം പെട്ടെന്ന് കാര്‍ മേഘാ വൃതമാവുന്നതും പ്രകൃതി പോലും തന്റെ ഗദ്ഗദം മഴയായ് കണ്ണുനീരാക്കി ഇപ്പോള്‍ പെയ്യുമെന്നും അയാള്‍ വിശ്വസിച്ചു.ഖബരടക്കത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടക്കുന്ന പള്ളിക്കരികിലൂടെ അയാള്‍ വേഗം തന്റെ നഗരം ലക്ഷ്യമാക്കി നടക്കുമ്പോള്‍ പുറകില്‍ കൂട്ടക്കരച്ചില്‍ ഉയരുന്നുണ്ടായിരുന്നു.

-----------------------------------------------------------------------------------------------------------NB;ഈ കഥയില്‍ അല്പം അനുഭവത്തിന്റെ അംശമുണ്ട്.കഥാപാത്രങ്ങളുടെ പേര് സാങ്കല്പികമാണ്....

Thursday, September 23, 2010

പറയാന്‍ മറന്ന പ്രണയനൊമ്പരങ്ങള്‍..

അരുണ്‍ എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട്..തിരക്കൊഴിയുമ്പോള്‍ എന്നെയൊന്നു ബന്ധപ്പെടുക..ഷാര്‍ജയിലെ ഒരു കണ്‍ സ്ട്രക്ഷന്‍ കമ്പനിയില്‍ ഒരു പ്രോജക്ടിന്റെ മീറ്റിംഗ് കഴിഞ്ഞു പുറത്തേക്ക് വരികയായിരുന്നു അരുണ്‍.സൈലന്റാക്കി വെച്ച മൊബൈലില്‍ നാല് മിസ്സ്ട്കോളും പിന്നെ അര്‍ച്ചനയുടെ ഒരു സന്ദേശവും.

ചൂടുകുറഞ്ഞു വന്ന ഒക്ടോബരിന്റെ അവസാന വാരമായിരുന്നു.ചൂടും തണുപ്പും ആലിംഗന ബദ്ധരായ പ്രകൃതിയിലേക്ക് സമിശ്രമായൊരു കാലാവസ്ഥ രൂപപ്പെട്ടിരുന്നു.

എയര്‍ കണ്ടീഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ചൂടില്ലാത്തത് കൊണ്ട് രാത്രികളിലേക്ക് നിശബ്ദതയുടെ ഒരു കവാടം തന്നെ തുറന്നു കിടന്നു.രണ്ടു ദിര്‍ഹത്തിന്റെ അനുവദിച്ച പാര്‍ക്കിംഗ് സമയം തീര്‍ന്നതിനാല്‍ അരുണ്‍ കാര്‍ സ്റാര്‍ട്ടു ചെയ്തു ഓഫീസിലേക്ക് തിരിച്ചതിനാല്‍ അര്‍ച്ചനയുടെ സന്ദേശം തന്നെ മറന്നിരുന്നു.

മേലുദ്യോഗസ്ഥന് മീറ്റിങ്ങിന്റെ റിപ്പോര്‍ട്ട് നല്‍കി വീണ്ടും അയാള്‍ തന്റെ ദൌത്യമായ കണക്കുകളുടെ ലോകത്തേക്ക് ഊളിയിട്ടു.''ആര്‍ യു സ്റ്റില്‍ ബിസ്സി?'' എന്ന അര്‍ച്ചനയുടെ രണ്ടാമത്തെ സന്ദേശം അയാളെ കണക്കുകളുടെ മായാലോകത്ത് നിന്നും യാഥാര്‍ത്യത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.

അര്‍ച്ചനയ്ക്ക് ഡയല്‍ ചെയ്തപ്പോള്‍ ആദ്യ റിംഗ് പൂര്‍ണ്ണതയിലെത്തും മുമ്പേ അവള്‍ പ്രതികരിച്ചു.അഞ്ചു മണിക്ക് ഞാന്‍ ട്രേഡുസെന്ററിന്റെ മുമ്പിലുള്ള ബസ്സ്‌ സ്റ്റോപ്പില്‍ കാത്തിരിക്കും അരുണ്‍ നീ തീര്‍ച്ചയായും വരണം .ജുമൈരയുടെ കടല്‍ത്തീരത്ത് കൂടെ അല്‍പ സമയം നടക്കണം പിന്നെ എന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന പ്രധാനപ്പെട്ട ഒരു സംഭവം എനിക്ക് നിന്നോട് അറിയിക്കാനുണ്ട്.അരുണിന്റെ മറുപടിക്ക് പോലും സാവകാശം തരാതെ ധൃതിപ്പെട്ടവള്‍ ഫോണ് കട്ട് ചെയ്തു.

ഇനിയും മണി ക്കൂറുകള്‍ ബാക്കി.ഉച്ചയൂണിനു സമയമായിരുന്നു.ഓഫീസിനു താഴെ നിലയിലുള്ള മെസ്സ് ഹാളില്‍ തിരക്കു കൂടിത്തുടങ്ങി.മെസ്സിലെ കൈകഴുകുന്നിടത്തു സ്ഥാപിച്ച കണ്ണാടിയില്‍ തന്റെ മുഖം ഏതോ അപരിചിതന്റെ താണെന്നു അരുണിന് തോന്നി.ഹെയര്‍ ടൈയുടെ സഹായത്താല്‍ കൃതാവിലേക്ക് ഇറങ്ങി നിന്ന സമൃദ്ധമായ അകാല നര ഒളിപ്പിക്കാറാ ണ് പതിവ്.ഇപ്പോള്‍ ആഴ്ച കളോളമായി അതിനും താല്പര്യമിലാതായിരിക്കുന്നു.എങ്കിലും അര്‍ച്ചനയുടെ മുമ്പിലേക്ക് ഈ നരയോടു കൂടി പോവാന്‍ അയാള്‍ക്ക്‌ ജാള്യത തോന്നാതിരുന്നില്ല.

അര്‍ച്ചന തന്റെ നാട്ടുകാരി എന്ന് പറയുന്നതിലുപരി നല്ലൊരു സ്നേഹിത എന്ന് പറയുവാനായിരുന്നു അയാള്‍ക്കേറെ ഇഷ്ടം.തുല്ല്യ ദുഖിതരും.നഷ്ട പ്രതാപത്തിന്റെ ജീര്‍ണിച്ച ഓര്‍മ്മകള്‍ തകര്‍ന്നു വീണ ഒരു നമ്പൂതിരി ഇല്ലത്തിന്റെ ദ്രവിച്ച കല്ലുകള്ക്കിടയിലെവിടെയോ പതിയിരിക്കാന്‍ തുടങ്ങുമ്പോഴാണ് അവള്‍ പ്രവാസം വരിച്ചതാണെന്നാണോര്‍മ്മ

അഞ്ചാറു വയറുകളുടെ വിശപ്പിന്റെ പിന്‍വിളി കരിങ്കല്‍ പടുത്തുയര്‍ത്തുന്ന വേലയ്ക്കു അച്ഛന് ലഭിക്കുന്ന കൂലി കൊണ്ട് പുലര്‍ത്താനാവാത്ത സങ്കടങ്ങളിലേക്ക്‌ താനും ഒരു

നിയോഗം പോലെ പ്രവാസിയാവുകയായിരുന്നു.

ജോലി കഴിഞ്ഞു ഒടുങ്ങാത്ത ട്രാഫിക് കുരുക്കുകളിലേക്ക് കാറോടിക്കുമ്പോള്‍ തന്റെ ജീവിതവും അഴിയാത്ത കുരുക്കുകളില്‍ അമര്‍ന്നൊടുങ്ങുന്നത് വേദനയോടെ അയാള്‍ ഓര്‍ത്തു .

തന്റെ ജീവിതം ഹോമിച്ചതിന്റെ ഫലമായി കുരുത്തത് മൂന്നു സഹോദരിമാരുടെയും രണ്ടനിയന്മാരുടെയും ജീവിതമായിരുന്നു.അത് മാത്രമായിരുന്നു അയാളുടെ സമ്പാദ്യവും .മാന്യന്മാരായ ഭര്‍ത്താ ക്കന്മാരുടെ പൊങ്ങച്ചവും താന്‍ കൊടുത്ത വിദ്യാഭ്യാസത്തിന്റെ ഔന്നത്യത്തില്‍ വരിച്ച വിജയത്തിലും മതി മറന്നാടിയ അനിയന്മാരും വിസ്മൃതിയിലേക്ക് തന്നെ ആട്ടി പ്പായിച്ചതും ഒരു വീണ്ടു വിചാരത്തിനയാള്‍ക്ക് അവസരം കൊടുത്തു.

തടിച്ചല്‍പ്പം മലര്‍ന്ന ചുണ്ടുകളിലും കണ്‍പീലികള്‍ക്ക് മുകളിലും നേരിയ വയലറ്റ് നിറമുള്ള ചായം തേച്ചു കഴുത്തറ്റം മുറിച്ചിട്ട ഷാമ്പൂ തേച്ചു മിനുക്കിയ മുടിയുമായി ഒരു വിദേശി വനിതയുടെ ചടുലതകളോടെ അര്‍ച്ചനയെന്ന പാലക്കാടന്‍ നമ്പൂതിരിപെണ്ണു കാറിലേക്ക് കയറുമ്പോള്‍ അയാളുടെ ചുണ്ടുകള്‍ക്ക് കോണില്‍ ഒരു ചെറുചിരി പിറന്നു നിന്നു.

ജുമൈറയിലെ കടല്‍ത്തീരത്ത് സന്ദര്‍ശകര്‍ കുറവായിരുന്നു.തിരകളില്ലാത്ത കടലില്‍ ഓളങ്ങള്‍ മാത്രം നിശബ്ദതയെ ഭഞ്ജിച്ചു .ആഴം കുറഞ്ഞ കടല്‍ത്തീരത്തെ വെള്ളത്തിലേക്ക് വര്‍ണ്ണ പ്പന്തെറിഞ്ഞു കളിച്ച ചെറിയ കുട്ടിയെ കാണാന്‍ നല്ല ചന്തമായിരുന്നു.

''നമുക്കല്‍പ്പം നടക്കാം ''.അര്‍ച്ചന പറഞ്ഞു,അരുണിനോട് എങ്ങിനെ പറഞ്ഞു തുടങ്ങണമെന്ന് അര്‍ച്ചനയ്ക്ക് നിശ്ചയമില്ലായിരുന്നു.കമ്പനിയുടെ ഉല്പന്നത്തിന്റെ ഓണ്‍ലൈന്‍ വ്യാപാരത്തിനിടെ വില പേശലുകള്‍ക്കിടയില്‍ തര്‍ക്കത്തിലെര്‍പ്പെട്ട ഒരു ആഫ്രിക്കന്‍ യുവാവ് ..രണ്ടു മൂന്നു തവണത്തെ വ്യാപാര ബന്ധത്തിലെ ഉടക്കലിനൊടുവില്‍ അയാളെ അര്‍ച്ചന പ്രണയിക്കാന്‍ തുടങ്ങിയിരുന്നു.

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന്റെ ജാതിയോ ,മതമോ ,ജാതകമോ ചോദിക്കാന്‍ മനുഷ്യജീവിതം അവശേഷിക്കാത്ത ഇല്ലത്തേക്ക് ആഫ്രിക്കക്കാരനായ ആ യുവാവിനെയും കൂട്ടി ഒരു യാത്ര..തന്റെ ജീവിതത്തോടു താന്‍ തന്നെ ചെയ്യുന്ന നിശബ്ധമായ ഒരു പ്രതികാരം.

കടല്‍ത്തീരവും റോഡും അതിര്‍ത്തിയിട്ട മതിലിനു താഴെ ഇരിക്കുകയായിരുന്നു അവര്‍.അരുണിന്റെ മുഖത്തേക്ക് നോക്കാന്‍ അവള്‍ അശക്തയായിരുന്നു.

അരുണിന്റെ പ്രതികരണ മറിയുവാന്‍ കടല്‍പ്പൂഴിയില്‍ അവള്‍ നഖ ചിത്രങ്ങള്‍ വരച്ചിരുന്നു.ദൂരെ കിലോ മീറ്ററോളം കടലിലേക്ക്‌ പാത വെട്ടി ഉണ്ടാക്കിയ ചാരുതയാര്‍ന്ന കെട്ടിടത്തിനു മുകളില്‍ ആകാശത്തു അച്ഛന്‍ കെട്ടി പ്പടുത്ത കരിങ്കല്‍ പടവുകള്‍ പോലെ മേഘങ്ങള്‍ ചിത്രം വരച്ചു.
 
നേരത്തെ അവ്യക്തമായി ഒരു പൊട്ടു പോലെ കാണപ്പെട്ട മത്സ്യ ബന്ധനത്തിലെര്‍പ്പെട്ട ബോട്ട് ദൃശ്യതയിലേക്ക് തുഴഞ്ഞെത്തി .അരുണ്‍ അര്‍ച്ചന യോട് പറയാന്‍ മറന്ന പ്രണയത്തിന്റെ നൊമ്പരങ്ങള്‍ അയാളുടെ തൊണ്ടയില്‍ കുരുങ്ങി നിന്നു.......

Tuesday, September 21, 2010

തിരക്കുകളില്‍ അലിഞ്ഞില്ലാതാവുന്നവര്‍ ...

തണുത്ത നവംബറിലെ വിരസമായ ഒരവധി ദിനത്തിന്റെ പകലിലേക്കാണ് സജീവ് ഉറക്കമുണര്‍ന്നത്‌.ഉണര്‍വ്വിലും ഉറക്കിലുമായി പിന്നെയും അല്‍പ നേരം കിടന്നു.തലേന്ന് പെയ്ത മഞ്ഞിന്‍തുള്ളികളെ പുല്‍നാമ്പുകളില്‍ നിന്നും വെയിലാറ്റിയെടുക്കുമ്പോഴേക്കും അമ്മ പ്രാതല്‍ തയ്യാറാക്കി വെച്ചിരുന്നു.അനന്തപുരിയെന്ന നഗരം ആരംഭിക്കുന്നതിനു മുമ്പ് അഞ്ചു നാഴികകള്‍ക്കിപ്പുറത്തായിരുന്നു സജീവിന്റെ വീട്.ഓഹരി വിപണിയിലെ ഓഫീസിലെ ജീവനക്കാരനായിരുന്നു സജീവെന്ന അവിവാഹിതനായ യുവാവ്.ഒടുങ്ങാത്ത തിരക്കുകള്‍ക്കിടയിലെ ജീവിതത്തില്‍ വാരാന്ത്യങ്ങളില്‍ ഇത് പോലെ വീണു കിട്ടുന്ന ഈ അവധി ദിവസവും അയാള്‍ക്ക്‌ വിരസതയാണ് സമ്മാനിച്ചത്‌.കാരണം തിരക്കുകളെ അയാള്‍ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു.അല്ലെങ്കില്‍ തിരക്കുമായി അയാള്‍ താദാത്മ്യം പ്രാപിച്ചിരുന്നു എന്നും പറയാം .പ്രാതല്‍ കഴിഞ്ഞു ഇനിയും വിവാഹം കഴിക്കാത്ത പരാതിയും വാര്‍ധക്യ സഹജമായ ക്ലേശങ്ങളും അമ്മ നിരത്തി ത്തുടങ്ങുമ്പോഴെക്കും അയാള്‍ പുറത്തെക്കിറങ്ങിയിരുന്നു.റോഡില്‍ തിരക്ക് കുറവായിരുന്നു.സാധാരണ ദിനങ്ങളിലെ പ്പോലെ മരണ പ്പാചിലുകളില്ലാതെ മിക്ക സീറ്റുകളും കാലിയായ ബസ്സുകള്‍ സാവധാനം ഓടുന്നു.അടുത്തു വന്നു മെല്ലെ നിര്‍ത്തിയ ബസ്സില്‍ കയറാതെ അയാള്‍ നഗരം ലക്ഷ്യമാക്കി നടന്നു.ഒരൊഴിവ് ദിനം എങ്ങിനെ ആഹ്ലാദകര മാക്കണമെന്നു സൂചിപ്പിച്ചു പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ നടുവിലായി കുറച്ചു യുവാക്കള്‍ വാഴനട്ടു നഗര സഭയോട് പ്രതിഷേധിക്കുന്ന കാഴ്ചയും കടന്നു അയാള്‍ നടത്തം തുടര്ന്നു.നഗരം തുടങ്ങുന്നതിനും ഒരു നാഴിക മുമ്പായി പൊതു ശ്മശാനത്തില്‍ ഒരു ചിത കത്തുന്നുണ്ടായിരുന്നു.പൊട്ടി വീണ വൈദ്യുത ക്കമ്പിയിലേക്ക് മൂത്രമൊഴിച്ചു ഷോക്കേറ്റു മരിച്ച ബാലന്റെ ചിതയായിരുന്നു അതെന്നു ഇന്നലെ വായിച്ച സായാഹ്ന പത്രത്തിന്റെ വാര്‍ത്തയില്‍ അയാള്‍ അനുമാനിച്ചു.നഗരത്തില്‍ യാചന നടത്തുന്നവരുടെയും ചെറു കിട കച്ചവടക്കാരുടെയും കുടിലുകളായിരുന്നു റോഡിനിരുവശവും.നഗര സഭ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറിക്കരികെ ഡ്രൈവറുമായി കയര്‍ത്തു സംസാരിക്കുന്ന വിടര്‍ന്ന കണ്ണുകളുള്ള സുന്ദരിയായ പെണ് കുട്ടിയിലേക്ക്‌ സജീവിന്റെ ദൃഷ്ടികള്‍ പതിഞ്ഞു. നഗരത്തിരക്കിലെവിടെയോ കണ്ടു മറന്ന മുഖം .തിരിഞ്ഞൊന്നു കൂടി നോക്കാന്‍ ആഗ്രഹിക്കുമ്പോഴേക്കും നിരയായി കെട്ടിയ കുടിലുകല്‍ക്കിടെയി ലെവിടെയോ അവള്‍ അപ്രത്യക്ഷയായിരുന്നു.വരുത്തി ഹീനമായ കുടിലുകളും കടന്നയാള്‍ നഗരത്തിലെ തിരക്കിലലിയുമ്പോള്‍ ഉച്ചയാവാറായിരുന്നു.പുതുതായി റിലീസാവുന്ന ചിതം കാണുവാന്‍ വേണ്ടി തിക്കി ത്തിരക്കി യ തിയേറ്ററിലെ അവസാന വരിയിലേക്കയാലും കയറി നിന്നു.പ്രഗല്ഭമായ സംവിധാനത്തില്‍ തീവ്രമായൊരു കുടുംബ ജീവിതത്തിന്റെ കഥ അഭ്ര പാളിയില്‍ നന്നായി അവതരിപ്പിച്ച ചിത്രം കണ്ടിറ ങ്ങുമ്പോ ഴാണ് ഭിക്ഷക്കാരി നീട്ടിയ പാത്രവുമായി അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.കരിക്കട്ടകള്‍ കൊണ്ട് കൃത്തിമമായി വികൃതമാക്കാന്‍ ശ്രമിച്ച ആമുഖം അയാള്‍ തിരിച്ചറിഞ്ഞത് വിടര്‍ന്ന കണ്ണുകളിലെ പ്രഭയിലായിരുന്നു.ഭിക്ഷാ പാത്രത്തിലെ ചുരുങ്ങിയ നാണയത്തുട്ടുകള്‍ക്ക് മുകളിലേക്ക് അമ്പത് രൂപയുടെ നോട്ടു അയാള്‍ ഇട്ടിട്ടും നന്ദിയോടെ അയാളുടെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ അവള്‍ മറ്റു ആളുകളുടെ മുന്നിലേക്ക്‌ പാത്രം നീട്ടി മുന്നോട്ടു നീങ്ങി.തിരക്കുകളിലലിഞ്ഞു ചേര്‍ന്ന അനേകം ദിവസങ്ങള്‍ക്കൊടുവില്‍ അവളറിയാതെ അയാള്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.വിരസമല്ലാതിരുന്ന വീണ്ടുമൊരു അവധി ദിനത്തിലാണ് അവള്‍ അവളുടെ കഥ അയാളോട് പറഞ്ഞത്.ഏതോ കാരണങ്ങളാല്‍ ഉച്ചക്കഞ്ഞി നിര്‍ത്തലാക്കിയ സ്കൂളില്‍ നിന്നും വരും വഴി വിശപ്പടക്കാന്‍ വഴിയരികിലെ വിഷക്കായ കഴിച്ചു മരണത്തിലേക്ക് നടന്നു പോയ കുഞ്ഞനിയത്തി..ദുഖം താങ്ങാനാവാതെ തനിക്കും അമ്മയ്ക്കും കീട നാശിനി തന്നു മരണത്തെ വരിച്ച ചെരുപ്പ് കുത്തിയും വികലാംഗനുമായ അച്ഛനെക്കുറിച്ച്.ഒരു നിയോഗം പോലെ മരണത്തില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ അവളെ ക്കുറിച്ച്..


കഴിഞ്ഞ വര്ഷം എല്ലാ പ്രാദേശിക പത്രങ്ങളുടെയും മുന്‍പേജില്‍ നഗര പ്രാന്തത്തില്‍ സംഭവിച്ച ദുരന്തം വായിച്ചത് സജീവോര്‍ത്തു.ദുരന്ത ശേഷം സഹായ ഹസ്തവുമായി വന്നവരെല്ലാവരും എന്തിനേറെ സ്വന്തക്കാര്‍ പോലും ലക്ഷ്യമിട്ടത് തന്റെ ശരീരമാണെന്നു അറിഞ്ഞിട്ടും തളരാതെ പിടിച്ചു നിന്നു.കുടിലിനു പുറകിലെ മറപ്പുരയില്‍ നിന്നും ഒഴുകിയ വളക്കൂറുള്ള വെള്ളത്തിന്റെ സുഭിക്ഷതയില്‍ വളര്‍ന്ന മല്ലികപ്പൂക്കളിലേക്ക് അതെ നിറമുള്ള വണ്ടുകള്‍ മൂളിയെത്തി.ഓര്‍മ്മകളുടെ തിര യിളക്കത്തില്‍ കണ്ണ് നീര്‍ അവളുടെ കൃത്തിമമായുണ്ടാക്കിയ വികൃതതയിലേക്ക് ഒരു ചാല് തീര്‍ത്തു.വിതുമ്പുന്ന ചുണ്ടുകളിലേക്ക്‌ സജീവിന്റെ ഇനിയും അരുതെന്ന വിരല്‍ സ്പര്‍ശം അവളുടെ ആധ്യാനുരാഗത്തിന്റെ സാക്ഷ്യപത്രമാവുകയായിരുന്നു.വീണ്ടുമൊരു തണുത്ത നവംബറിലെ സന്ധ്യയിലേക്ക്‌ അവളുടെ കരം ഗ്രഹിച്ചു അമ്മയുടെ ആശിര്‍വാദത്തോടെ വീട്ടിലേക്കു കയറുമ്പോള്‍ തൊടിയിലെ പുല്‍ നാമ്പുകളിലേക്ക് മഞ്ഞ് പെയ്തു തുടങ്ങി യിരുന്നു.ഒപ്പം തിരക്കു കളോടുള്ള അയാളുടെ ഇഷ്ടവും അവസാനിച്ചിരുന്നു.

Sunday, September 19, 2010

അഹദിന്റെ ദുഖങ്ങള്‍ ..

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ താഴെ നിലയോട് അടുപ്പിചായിരുന്നു കുമാറിന്റെ ഓഫീസ്.ഒഴിവു ദിനമല്ലായിരുന്നു.അത് കൊണ്ടാവാം തിരക്ക് വളരെ കുറവായിരുന്നു.ജീവിതം തന്നെ യാത്രകളാല്‍ സമൃദ്ധമാക്കിയെന്നു തോന്നിച്ച വൃദ്ധ ദമ്പതികളടക്കം പത്തിരുപതു പേര്‍ വരിയില്‍ കാത്തുനിന്നു.


ഓഫീസ് ആവശ്യാര്‍ത്ഥം ഇത്തവണ ഒമാനിലെക്കുള്ള സന്ദര്‍ശനം റോഡു വഴിയാണെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ കുമാര്‍ ആഹ്ലാദിച്ചു.സഹപ്രവര്‍ത്തകനായ അറബ് വംശജന്‍ അഹദുമായി ഒരുമിച്ചുള്ള ഈ നീണ്ട യാത്ര അയാള്‍ ഏറെ ഇഷ്ടപ്പെട്ടു.

സുന്ദരനും മറ്റു അറബ് യുവാക്കളില്‍ നിന്നും ഏറെ വ്യത്യസ്തമായ സ്വാഭാവത്തിനു മുടമയുമായ അഹദിന്റെ കൂടെ കഴിഞ്ഞ വര്ഷം വിമാനം വഴി ജോര്‍ദാനി ലേക്ക് നടത്തിയ ഒരു യാത്രയുടെ മധുരം നിറഞ്ഞ ഓര്‍മ്മകള്‍ മനസ്സില്‍ ഇപ്പോഴും കുമാര്‍ സൂക്ഷിച്ചിരുന്നു.

പ്രധാന ഓഫീസില്‍ നിന്നും തങ്ങളുടെ പാസ്സ്പോര്ടുകളും ശേഖരിചായിരുന്നു അഹദ് ഓഫീസിലെത്തിയത്‌.മസ്കറ്റില്‍ അനുയോജ്യമായൊരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്യണം മറ്റന്നാള്‍ നമ്മള്‍ പുറപ്പെടുന്നു എന്നറിയിച്ചു അഹദ് തന്റെ കാബിനിലേക്ക്‌ പോയി.

മൂത്ത് നിന്ന ഈന്തപ്പഴങ്ങളെ പഴുപ്പിച്ചു പാകമാക്കുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിച്ചു കഠിനമായ താപം അടുത്ത വര്‍ഷത്തിലേക്കുള്ള തന്റെ ഊഴംകാത്തു പ്രകൃതി യനുവദിച്ച ഇരിപ്പിടത്തിലേക്ക് മടങ്ങിയിരുന്നു.പകരം മരുഭൂമിയിലെ മരുപ്പച്ചയില്‍ മാതള മരങ്ങളെയും മറ്റു സസ്യ ലദാതികളെയും പച്ചപ്പിന്റെ ഉടയാട യണിയിക്കുവാന്‍ വേണ്ടി ശിശിരം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു.

കൃത്യമായി സമയ നിഷ്ഠ പാലിക്കുന്ന അഹദ് കൃത്യ സമയത്തിനു തന്നെ എത്തുമെന്നുള്ള അറിവുള്ളതുകൊണ്ടു നേരത്തെ തന്നെ തയ്യാറായി നിന്നു.ഫ്ലാറ്റിനു താഴെ കുളുര്‍ന്നു വിറച്ച പ്രഭാതത്തിലെക്കാണ്‌ അഹദ് തന്റെ ലാന്ട്ക്രൈസര്‍ ഓടിച്ചു വന്നത്.പ്രസന്നമായി നിറഞ്ഞ പുഞ്ചിരിയോടെ അറബി ഭാഷയില്‍ സുന്ദരമായ ഒരു പ്രഭാതം ആശംസിച്ച അഹദിന് നന്ദി വാക്ക് പറഞ്ഞു കുമാര്‍ അഹദി നൊപ്പം യാത്ര തുടങ്ങി.

ഒമാനെന്ന അറബ് രാജ്യത്തിന്റെ തലസ്ഥാനത്ത് നഗര സഭ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന വലിയൊരു നീന്തല്‍ ക്കുളത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുക അതായിരുന്നു ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം...

കമ്പനി ആവശ്യാര്‍ത്ഥം പല രാജ്യങ്ങളിലും ധാരാളം മീറ്റിങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അഹദിന്റെ കൂടെയുള്ള ഓരോ യാത്രകളും ഓരോ പുതിയ അറിവുകള്‍ പകര്‍ന്നു തരാറുണ്ടായിരുന്നു.

എമിറേറ്റിന്റെ അതിര്‍ത്തിയില്‍ ഒമാന്‍ രാജ്യത്തിന്റെ നിബന്ധനകള്‍ പാലിച്ചു അവരുടെ വാഹനം അതിര്‍ത്തി കടന്നു.കാറ്റിന്റെ ഹുങ്കാരവമില്ലാത്ത ശാന്തമായ മരുഭൂമിയും ഇടയ്ക്കു വാനം മുട്ടി നില്‍ക്കുന്ന കുന്നുകളും പിന്നിലാക്കി അവരുടെ വാഹനം നീങ്ങി.

കുന്നുകള്‍ക്കു മുകളിലെവിടെയോ പെയ്ത മഴയില്‍ ഉത്ഭവിച്ച അരുവി പാതയുടെ മറു വശത്തേക്ക് ഒഴുകിയിരുന്നിടത്തു അരികു ചേര്‍ന്ന് അഹദ് വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങി.കൈകുമ്പിളില്‍ കോരിയെടുത്ത ജലം കൊണ്ട് മുഖവും മുന്കൈകളും ശുദ്ധീകരിച്ചു വാഹനത്തിലിരുന്ന നമസ്കാര പ്പടമെടുത്തു മണ്ണ് അല്പം ഉറച്ച ഭാഗത്ത് നിവര്‍ത്തിയിട്ടു ഉച്ചനമസ്കാരം തുടങ്ങി.

അരുവിയിലെ ജലത്തിന് നല്ല തണുപ്പായിരുന്നു.കുമാര്‍ തന്റെ ഷൂ അഴിച്ചു വാഹനത്തില്‍ വെച്ചു അരുവിയിലെക്കിറങ്ങി കാല്‍ നനച്ചു.തണുപ്പ് ശരീരത്തിലേക്ക് ഒരു ലഹരിയായി പടര്‍ന്നു കയറുമ്പോള്‍ ഗ്രാമത്തിലെ തന്റെ വീടിനോട് ചേര്‍ന്നൊഴുകുന്നനീര്‍ച്ചാലിലെ ബാല കേളികള്‍ ഒരു ഗൃഹാതുരയായ് മനസ്സിലേക്ക് പെയ്തിറങ്ങുകയായിരുന്നു.അനന്തരം അവര്‍ യാത്ര തുടര്ന്നു.

സ്ടീരിയോവില്‍ നിന്നും വളരെ നേര്‍ത്ത ശബ്ദത്തില്‍ ഏതോ അറബ് ഗായികയുടെ വിരഹ ഗാനം വിഷാദമായി അഹദിന്റെ മുഖത്തും നിഴലിക്കുന്നത് കുമാര്‍ അറിഞ്ഞു.അയാള്‍ പതിയെ ഗാനം സ്റ്റോപ്പ് ചെയ്തു.പിന്നെ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

''കുമാര്‍ നീയറിയുമോ? നമ്മുടെ ഈ യാത്രയുടെ ലക്‌ഷ്യം കൂടാതെ എനിക്ക് മറ്റൊരു ലക്‌ഷ്യം കൂടിയുണ്ട്. വിരസമായ യാത്രയുടെ നീണ്ട മണിക്കൂറുകള്‍ മുമ്പിലുണ്ടായിരുന്നതിനാല്‍ കുമാര്‍ ഉദ്വേഗത്തോടെ അഹദിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. റോഡിനു ഇടതു വശത്ത്‌ ഒരു കിലോമീറ്ററോളം ഭാഗത്ത് പച്ചപ്പ്‌ വിരിച്ചു നിന്നു.ഉയരം കുറഞ്ഞ ഈന്തപ്പനകളും മാതള മരങ്ങളും മരുഭൂമിക്കിടയില്‍ ഒരു ഭൂഗോളത്തില്‍അടയാളപ്പെടുത്തിയ കേരളക്കര പോലെ ഹരിതാഭയില്‍ കുളിച്ചു നിന്നു.മരുപ്പച്ചയില്‍ ഏതോ ബദുവി അറബി വളര്‍ത്തിയ ആട്ടിന്‍ പറ്റങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ ഒരാട്ടിന്‍ കുട്ടി പാതയരികിലെ മണലില്‍ മഴയേറ്റ് തളിര്‍ത്ത കൂമ്പിലകള്‍ സ്വാദിഷ്ടമായി ഭക്ഷിക്കുന്നു.

അഹദ് തുടര്ന്നു..പാലസ്തീനില്‍ ഇത് പോലുള്ളൊരു മരുപ്പച്ചയില്‍ ഒരു ബദവി കുടുംബത്തിലായിരുന്നു അഹദിന്റെ ശൈശവം.വരുത്തി കാലത്ത് അന്നം തേടി നഗരത്തിലേക്ക് പാലായനം ചെയ്ത പിതാവിന് പിന്നാലെ കുടുംബവും നഗരത്തിലേക്ക് കുടിയേറുകയായിരുന്നു.പതിമൂന്നു വയസ്സുള്ള അഹദും ഏഴു വയസ്സുള്ള അനിയന്‍ അരഫാത്തും കൈകുഞ്ഞായ അനിയത്തി മിസിരിയയും മാതാപിതാക്കളു മടങ്ങുന്ന കൊച്ചു കുടുംബം അല്ലലില്ലാതെ ജീവിച്ചു പോന്നു.

അഹദിന്റെ തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ പുറമേ ദുഖത്തിന്റെ നേര്‍ത്തൊരു കറുത്ത പാട ഇറങ്ങി വരുന്നത് കുമാറിന് കാണാന്‍ കഴിഞ്ഞു.വാഹനത്തിന്റെ അടച്ചിട്ട ഗ്ലാസ്സുകല്‍ക്കരികി ലെവിടെയോ രൂപപ്പെട്ട ചെറു സുഷിരങ്ങളില്‍ക്കൂടി തണുപ്പ് അരിച്ചു വന്നപ്പോള്‍ കുമാര്‍ തന്റെ ജാക്കറ്റ് എടുത്തണിഞ്ഞു .

അഹദും അരഫാത്തും മദ്രസ്സയിലായിരുന്നു.പ്രത്യേകിച്ച് പഠിപ്പൊന്നും നടക്കാത്ത അന്ന് അധ്യാപകരുടെ മുഖത്തു ദര്‍ശിച്ച ഭീതി അഹദിന്റെ മുഖത്തേക്കും വ്യാപിക്കുന്നത് കുമാര്‍ അറിഞ്ഞു.അയല്‍ രാജ്യമായ സയനിസ്റ്റു പട്ടാളം അഴിച്ചു വിട്ട യുദ്ധാ ക്രമണത്തിലെ ആദ്യ ഇരകളായിരുന്നു അഹദിന്റെ കുടുംബം.മദ്രസ്സയില്‍ നിന്നും തിരിച്ചു വന്ന അഹദിന്റെ കുടുംബവും വീടും പോലെ ആ ചെറു പട്ടണത്തിലെ ഒരു ഭാഗം തന്നെ തിരോഭവിച്ചിരുന്നു.തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ അമ്മമാരെ തിരയുന്ന കുഞ്ഞു മുഖങ്ങളും സ്വന്തക്കാരെ നഷ്ടപ്പെട്ടവരുടെ അലമുറ കളും അഭയാര്‍ത്തി ക്കൂടാരങ്ങളുടെ മോന്തായവും മറികടന്നു ശൂന്യതയിലേക്ക് ലയിച്ചു.

പിന്നീട് എമിരേറ്റില്‍ നിന്നും സഹ്ഹായ ഹസ്തവുമായി വന്ന പൌരന്‍ അഹദിനെയും ഒമാനി പൌരന്‍ അരഫാത്തിനെയും ദത്തെടുക്കുകയായിരുന്നു എന്ന അറിവ് കുമാറിനെ ആശ്ച്ചര്യത്തിലാക്കി.

വാഹനം ചെറിയൊരു ചുരം കയറുകയായിരുന്നു.അസ്തമയം പകലിലേക്ക് നടന്നടുത്തു.പാതകള്ക്കിര് വശവും ഉയര്‍ന്നു നിന്ന കുന്നുകളുടെ നിഴല്‍ റോഡിനെ നനച്ചിട്ടു.ഉയരം കൂടിയൊരു കുന്നിന്‍ പിറകിലേക്ക് നീങ്ങി നിന്നു സൂര്യന്‍ അവരെ ഒളി കണ്ണിട്ടു നോക്കി.ച്ചുരമിറങ്ങിയ വാഹനം സമതലത്തെത്തി.

റോഡിന്റെ ഇരുഭാഗവും വൃത്തിയായ മണല്‍ ത്തരികലാല്‍ മരുഭൂമി പരന്നു കിടന്നു. സന്ധ്യാ നമസ്കാരമായെന്ന റിയിച്ച് അഹദിന്റെ മൊബൈലില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ അഹദ് വാഹനം അരികു ചേര്‍ത്തു നിര്‍ത്തി. പകലിനെ ആലിംഗനം ചെയ്ത ഇരുട്ടിന്റെ നേര്‍ത്ത മാസ്മരികത കുമാറിനെ വീണ്ടും അജ്ഞാതമായ ഏതോ ഗൃഹാതുരതകളിലേക്ക് നടത്തി.


വൃത്തിയായ മണലില്‍ സ്പര്‍ശിച്ചു ശുചിയായ കൈകളും മുഖവുമായി അഹദ് നമസ്കരിച്ചു.പിന്നെ അല്‍പ നേരം പ്രാര്തനകളില്‍ മുഴുകി.ദൂരെ ഒമാന്‍ രാഷ്ട്രം ആരംഭിക്കുന്ന ചെറു ഗ്രാമങ്ങളുടെ ചെറു വെളിച്ചം മിന്നാമിനുങ്ങുകളെ പോലെ അവ്യക്തമായി കാണുന്നുണ്ടായിരുന്നു.പാലസ്തീന്‍ രാജ്യത്ത് ജനിച്ച ഒരേ കൂടപ്പിറപ്പുകള്‍ രണ്ടു അറബ് സംസ്കാരത്തി ലലിഞ്ഞു എമിരെട്ടിലും ഒമാനിലുമായി വ്യത്യസ്ത രക്ഷിതാക്കളുടെ പരിലാളനയില്‍ ജീവിക്കുന്ന ചിത്രം ഒരു കഥയായി കുമാറിന്റെ മനസ്സില്‍ രൂപപ്പെട്ടു വരികയായിരുന്നു.

വീണ്ടും യാത്ര തുടങ്ങുമ്പോള്‍ അഹദിന്റെ മുഖം പഴയത് പോലെ പ്രസന്നമായിരുന്നു.കണ്ണിനും പുറത്തേക്ക് നിഴലിച്ചു നിന്ന ദുഖത്തിന്റെ കറുത്ത പാട എവിടെയോ പോയൊളി ച്ചിരുന്നു.അഹദിന്റെ സഹോദരനെ കാണാനുള്ള ആകാംക്ഷ കുമാറിനെ ആഹ്ലാദിപ്പിച്ചതും അവരുടെ വാഹനം ഒമാനിലേക്ക് സ്വാഗതം എന്നെഴുതിയ ചെറു ഗ്രാമത്തിഎക്ക് പ്രവേശിച്ചിരുന്നു........

Thursday, September 16, 2010

നിഹാരയുടെ കിളിക്കൂട്..

പാരിജാതത്തിന്റെ ഏകദേശം മുക്കാല്‍ ഭാഗം ഉയരത്തിലുള്ള ശിഖരത്തിലായിരുന്നു ഇണ പ്പക്ഷികള്‍ കൂട് കെട്ടാന്‍ ആരംഭിച്ചത്.നിഹാരയുടെ വീടിന്റെ മട്ടുപ്പാവില്‍ വലതു വശത്ത്‌ തൂക്കിയിട്ട ആട്ടു കസേര ക്കരികിലേക്ക് താഴ്ന്നിറങ്ങിയ മരത്തിന്റെ ഏറ്റവും മനോഹരമായ ആ ശിഖരം തന്നെ കൂട് കൂട്ടാന്‍ തിരഞ്ഞെടുത്തത് ആണ്‍ പക്ഷിയോ ഇണപ്പക്ഷിയോ എന്ന് നിഹാരക്ക് കൃത്യമായി അറിയിലായിരുന്നു.


ഫോണ് ബെല്ലടിച്ചപ്പോഴാണ് അവള്‍ മട്ടുപ്പാവിലെക്കുള്ള ഗോവണി കയറിയത്. മറുതലക്കല്‍ അബ്ബയായിരുന്നു. ദുസ്വപ്നങ്ങള്‍ കണ്ടു ഞെട്ടിയുണരുന്ന അപൂര്‍വ്വ രോഗത്തി നടിമപ്പെട്ട ഉമ്മി താന്‍ തലേ ദിവസം കണ്ട സ്വപ്നത്തിലെ ഭീകരതകള്‍ അബ്ബയോടു വിവരിച്ചു തുടങ്ങുമ്പോഴേക്കും നിഹാര മട്ടുപ്പാവിലെത്തി.

പെണ്പക്ഷി കൂട് നെയ്യാന്‍ ആരംഭിച്ചിരുന്നു.കരിമ്പ്‌ പാടങ്ങളിലേക്ക് തെന്നിപ്പറന്നു ചിക്കി ചികഞ്ഞു ആണ്‍പക്ഷി ശേഖരിച്ച വര്‍ണ്ണനാരുകലെല്ലാം വളരെ മനോഹരമായിരുന്നു വെന്ന് തിളക്കമാര്‍ന്ന ഇണപ്പക്ഷിയുടെ കണ്ണുകളില്‍ നിന്നും നിഹാര വായിച്ചെടുത്തു.

പാരിജാതത്തിന്റെ ചുവട്ടില്‍ വിരിഞ്ഞു നിന്ന നമ്പ്യാര്‍വട്ടപ്പൂക്കളിലേക്ക് പോക്ക് വെയില്‍ ചാഞ്ഞിറങ്ങി.ഇത്തവണ പക്ഷികള്‍ ഒരുമിച്ചായിരുന്നു പുറത്തേക്ക് പറന്നു പോയത്.കൂടിന്റെ നിര്‍മാണം മുക്കാല്‍ ഭാഗവും തീര്‍ന്നിരുന്നു.ഇണ പ്പക്ഷികളുടെ തിരിച്ചു വരവും കാത്തു കണ്ണ് കഴച്ച നിഹാര താഴേക്കുള്ള ഗോവണിയിറങ്ങി.

ഉമ്മിയുടെ തേങ്ങലിന്റെ അലകള്‍ തങ്ങി നിന്ന സ്വീകരണ മുറിയും കടന്നു അവള്‍ തന്റെ ഗൃഹ പാഠങ്ങളില്‍ മുഴുകി .മുതലയുടെ പുറത്ത്‌ ഞെളിഞ്ഞിരുന്ന വാനരന്റെ ചിത്രമുള്ള പാഠം ഒരു വട്ടം വായിച്ചു തീര്‍ത്തു അവള്‍ വീണ്ടും മട്ടുപ്പാവിലെത്തി.

പക്ഷിക്കൂടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു.ആണ്‍പക്ഷിയുടെ പ്രണയ ചാപല്യങ്ങളില്‍ കൊഴിഞ്ഞു പോയ ഒരു തൂവലിനെയോര്‍ത്ത് പെണ്പക്ഷി ദുഖിതയായി ഇരുന്നു, താഴ്വാരങ്ങളിലേക്കു ഇറങ്ങി പ്പെയ്യുവാന്‍ വേണ്ടി മഴമേഘങ്ങള്‍ കുന്നുകള്‍ക്കു മുകളില്‍ തപസ്സിരുന്നു.പാല്‍ നിലാവ് പാരിജാതത്തിന്റെ ചുവട്ടില്‍ വരച്ചിരുന്ന മനോഹരമായ നിഴല്‍ ചിത്രം ഈ രാത്രി നഷ്ടമാവുമെന്ന് മഴമേഘങ്ങള്‍ നിഹാരയെ ഓര്‍മ്മപ്പെടുത്തി.

മട്ടുപ്പാവില്‍ അബ്ബ വരുമ്പോള്‍ മാത്രം തെളിയിക്കുന്ന ശരറാന്തല്‍ അവള്‍ കൊളുത്തി വെച്ചു ആണ്‍ പക്ഷി മയക്കം തുടങ്ങിയിരുന്നു.മഴയുടെ മുന്നോടിയായി ആദ്യത്തെ ഇടിനാദം മുഴങ്ങിയപ്പോള്‍ കൊഴിഞ്ഞു പോയ തൂവലിന്റെ ദുഖം മറന്നു ഇണപ്പക്ഷി ആണ്‍പക്ഷിയുടെ ചിറകിനടിയിലെക്ക് തലയൊതുക്കി വെച്ചു.നിലാവില്ലാത്ത രാത്രി പാരിജാതത്തിന്റെ ചുവട്ടില്‍ ഇരുട്ട് കനത്തു നിന്നു.പക്ഷിക്കൂടിരുന്ന ശിഖരം വ്യക്തമാക്കാന്‍ പോലും പ്രകാശമില്ലാത്ത ശരറാന്തല്‍ കെടുത്തി നിഹാര വീണ്ടും താഴേക്കുള്ള ഗോവണിയിറങ്ങി.

ഒരു ചെറു പക്ഷിക്കുഞ്ഞിനെപ്പോലെ ഉമ്മിയുടെ കരങ്ങളുടെ തലോടലില്‍ മയങ്ങാന്‍ തുടങ്ങുമ്പോഴാണ് കുന്നുകളുടെ മുകളില്‍ തപസ്സിരുന്ന മഴമേഘങ്ങള്‍ താഴ്വാരങ്ങളിലേക്കു പെയ്തു തുടങ്ങിയത്.നിഹാരയുടെ സ്വപ്നങ്ങളിലേക്ക് മനോഹരമായ പക്ഷിക്കുഞ്ഞുങ്ങള്‍ പറന്നിറങ്ങി.ഉമ്മിയുടെ ദുസ്വപ്നങ്ങളിലേക്ക് മഴ പ്രളയമായും പെയ്തിറങ്ങി.

ഇടക്കെപ്പോഴോ മുറിഞ്ഞ ഉറക്കിലേക്ക് പുറത്തെ മഴയുടെ ഇരമ്പലിനൊപ്പം ഉമ്മിയുടെ തേങ്ങല്‍ പക്ഷിക്കുഞ്ഞുങ്ങളുടെ ചിലമ്പലില്‍ മുങ്ങിയില്ലാതായി .

മഴയൊഴിഞ്ഞ പുലര്ച്ചയിലേക്ക് പ്രഭാത സൂര്യന്‍ കടന്നു വന്നു.ഉമ്മിയുടെ ദുസ്വപ്നം പോലെ പ്രളയം തീര്‍ത്ത താഴ്വാരത്ത് പക്ഷികളുടെയും മൃഗങ്ങളുടെയും ജഡങ്ങള്‍ ഒഴുകി നടന്നു.

ഒരു രാവ്‌ മുഴുവന്‍ മഴ കൊണ്ട ആഘാതത്തില്‍ പാരിജാതം തളര്‍ന്നിരുന്നു.പക്ഷിക്കൂടിരുന്ന ശിഖരം മുറിഞ്ഞു താഴേക്കു തൂങ്ങി നിന്നു.നമ്പ്യാര്‍ വട്ട ചെടികളുടെ ഇടയിലേക്ക് തകര്‍ന്നു വേണു അനാഥമായിക്കിടന്ന പക്ഷിമുട്ടകളും കൂടും കണ്ട നിഹാര കരയാന്‍ തുടങ്ങിയിരുന്നു.............

Friday, September 10, 2010

വാടിയ അസര്‍മുല്ലപ്പൂക്കള്‍ ....

ജീവിതത്തിലെ ആഘോഷമില്ലാത്ത ആദ്യത്തെ പെരുന്നാള്‍ ആയിരുന്നു മിനിയാന്ന്.മൈലാഞ്ചി യിടാത്ത റുബീനയുടെ വിളറി വെളുത്ത കൈവെള്ള പോലെ ഐശുബിയുടെ മനസ്സും വിളറി നിന്നു.


പുറമ്പോക്കില്‍ നട്ടു നനക്കാതെ തഴച്ചു വളര്‍ന്ന കുമ്പളയില അത്താഴത്തിന്റെ കറിക്കു വേണ്ടി ശേഖരിക്കുകയായിരുന്നു ഐശുബി .മുറ്റത്തു കാല്‍ കഴുകാനിട്ട കല്ലിനടുത്തു അസര്‍മുല്ലപ്പൂവുകള്‍ വിടരാന്‍ വെമ്പി നിന്നു.

സ്കൂള്‍ വിട്ടിനിയും തിരിചെത്താത്ത മകളുടെ ആധിയിലേക്ക് അവള്‍ തന്റെ പ്രാര്‍ത്ഥന കള്‍ വീണ്ടും ചൊല്ലിക്കൊണ്ടിരുന്നു .റുബീനയുടെ സഹപാഠിയും പ്രിയ തോഴിയുമായിരുന്ന പെണ്കുട്ടി ദാരുണമായി തന്റെ മകളുടെ കണ്‍ മുന്നില്‍ വെച്ചു അപകടത്തില്‍ പെട്ട ദൃശ്യം മകളുടെ വിവരണങ്ങളിലൂടെ ഐശുബിയെ വീണ്ടും നടുക്കി.

ഒരാഴ്ച മുമ്പ് അന്നും പതിവ് പോലെ മകളുടെ കൈവിരലുകള്‍ പിടിച്ചു കിലുക്കം പെട്ടി യെപോലെ പൊളിഞ്ഞ മുള്ള് വേലിക്കിടയില്‍ രൂപപ്പെട്ട കൊള്ളു കടന്നു ഇടവഴിയിലേക്കിറങ്ങി പോയ പെണ് കുട്ടി...ബസ് സ്ടോപ്പിലേക്ക് നിയന്ത്രണം വിട്ട്‌ പാഞ്ഞു കയറിയ വാഹനം അനാഥമാക്കപ്പെട്ട രണ്ടു മൂന്നു കുടുംബങ്ങള്‍.. പ്രിയ തോഴിയെ നഷ്ടപ്പെട്ട ദുരന്തം കണ്ടു പതറിപ്പോയ തന്റെ മകള്‍ കണ്ണ് നീര് തോരാത്ത അയല്‍ വീട്.... ഇതിനൊക്കെ ആരാണ് ഉത്തരവാദി എന്നറിയാതെ ഐശുബിയുടെ മനസ്സ് പിന്നെയും തേങ്ങി.

സായാഹ്ന വെയില്‍ ഉതിര്‍ത്ത വശ്യതയില്‍ മുള്ള് വേലിയില്‍ ഇണ ചേര്‍ന്ന രണ്ടു പച്ചിലപ്പാമ്പുകള്‍ പുറമ്പോക്കിലെ കുറ്റിക്കാടുകളിലേക്ക് ഇഴഞ്ഞു പോയി.

ദുരന്തം കണ്‍ മുന്നില്‍ കണ്ട ആഘാതത്തിലും തല നാരിഴക്ക്‌ ജീവന്‍ തിരിച്ചു കിട്ടിയ മകള്‍ വാഹനത്തില്‍ കയറാന്‍ മടിച്ചു രണ്ടു കിലോ മീറ്ററുകളോളം നടന്നു സ്കൂളില്‍ പോകാമെന്ന അഭ്യര്‍ത്ഥന മനസ്സില്ലാ മനസ്സോടെ ഐശുബി സ്വീകരിക്കുകയായിരുന്നു.

കളിത്തോഴി നഷ്ടപ്പെട്ട റുബീനയുടെ വാടിയ കണ്ണുകള്‍പോലെ അസര്‍മുല്ലപ്പൂക്കള്‍ വാടിത്തുടങ്ങുംനേരം പൊളിഞ്ഞ മുള്ള് വേലിയുടെ ഇട വഴി കടന്നു ശൂന്യമായ മനസ്സും ക്ഷീണിച്ച മുഖവുമായി താഴോട്ട് നോക്കി മകള്‍ മുറ്റത്തേക്കു കയറി വന്നപ്പോള്‍ ഐശുബി ദീര്‍ഘ നിശ്വാസമയച്ചു .

മേഘാ വൃതമായ ആകാശം ഒരു നരച്ച പകല്‍ കൂടി ഭൂമിക്കു സമ്മാനിച് രാത്രിയിലേക്ക്‌ നടന്നടുത്തു.കൂടണയാന്‍ കൂട്ടമായെത്തിയ കാക്കകള്‍ പുറമ്പോക്കിലെ അരയാല്‍ മരത്തിലെ നിശബ്ധത ഭന്ജിചു .അരയാല്‍ മരത്തില്‍ ഉറക്കം തൂങ്ങി നിന്ന വവ്വാലുകള്‍ രാത്രി സഞ്ചാരത്തിനു കാത്തു കിടന്നു

ഇനിയുമൊരു ദുരന്തം ആര്‍ക്കു മുണ്ടാവരുതെയെന്നു ഒരിക്കല്‍ കൂടി സര്‍വ്വ ശക്തനോട് പ്രാര്‍ഥിചു ഐശുബി മകളെ ചേര്‍ത്തു പിടിച്ചു വിതുമ്പി .

.......

Monday, September 6, 2010

ശ്യാമയുടെ തെറ്റുകള്‍ ..

വിദ്യാധരന്‍ ഇറങ്ങിപ്പോയ വഴിയരികില്‍ തൊട്ടാവാടി ചെടികള്‍ വെയിലേറ്റു തളര്‍ന്നു


നിന്നു..ചെറു സൂര്യനെപ്പോലെ വിടര്‍ന്നു നിന്ന തൊട്ടാവാടിപ്പൂക്കള്‍ സൂര്യ താപമേറ്റ് തണ്ടിന് ശേഷിയില്ലാതെ മണ്ണിലേക്ക് തൂങ്ങി നിന്നു.ചോര വാര്ന്നുവീഴുന്ന ഇടതു ചെവിയിലേക്ക് അല്പം തേയില പ്പൊടി വിതറി ശ്യാമ ആലോചനകളില്‍ മുഴുകി.ദ്രവിച്ചു തുടങ്ങിയ വാടക വീടിന്റെ തറയുടെ ഉയരം വരെ ചിതലുകള്‍ വാസമുറപ്പിച്ചിരുന്നു .മണ്ണ് കൊണ്ടുണ്ടാക്കിയ ചിതല്‍ വീടുകള്‍ പുതുതായി പണിയുന്നിടം നനവാര്‍ന്നു നിന്നു.

വിധ്യാധാരന്റെ സ്വഭാവത്തിലെ മാറ്റം ശ്യാമയെ അത്ഭുത പ്പെടുത്തിയില്ല.തെറ്റ് തന്റേതു മാത്രം .രണ്ടു മക്കളുടെമാതാവും വിവാഹിതയുമായ താന്‍ സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെ ഉപേക്ഷിച്ചു അയാളുടെ കൂടെ ഇറങ്ങി പ്പുറ പ്പെട്ടത് എന്തിനു വേണ്ടി യായിരുന്നു വന്നു ശ്യാമക്കിപ്പോഴും അജ്ഞാതമായിരുന്നു.

''നിന്നെ ഞാന്‍ ഒരു പാടുസ്നേഹിക്കുന്നു..തന്റെ സ്ത്രൈണതയെ തൊട്ടുണര്‍ത്തിയ വാക്കുകള്‍ തന്റെ ജീവിതം തന്നെഇരുട്ടു വഴികളില്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു എന്ന തിരിച്ചറിവ് അറിയാന്‍ ഒരു പാടു വൈകിയിരുന്നു.ശൌചാലയം വൃത്തിയാക്കുന്ന ഒരു ഉല്പന്നം വീട് തോറും കയറി വിറ്റഴിക്കുന്ന സുമുഖനായ ഒരു യുവാവ്.വിദ്യാധരന്‍ ഒരു ദിവസം തന്റെ വീട്ടിലും വാണിഭക്കാരനായെത്തി .ആകര്‍ഷണമായ സൌന്ദര്യവും സരസമായ വാക്ചാതുരിയും തന്നെ അയാളിലേക്ക് ആകര്‍ഷിക്കുകയായിരുന്നോ? അതോ നിഷ്കളങ്കമായ തന്റെ ഹൃദയത്തിന്റെ ബലഹീനത അയാള്‍ ചൂഷണം ചെയ്തോ?.

വിധ്യാധരന്റെ കൂടെയുള്ള ഒളിച്ചോട്ടം തകര്‍ത്തത് അനേകം കുടുംബങ്ങളെയാവാം.കടുത്ത മദ്യപാനിയും അഴുക്കു ചാലിലൂടെ ജീവിച്ചു വളര്ന്നവനു മാണ യാളെന്ന യാഥാര്‍ത്ഥ്യം മനസ്സിലാവുമ്പോഴേക്കും പാണ്ടി നാട്ടിലെ ഇടുങ്ങിയ ഈ ഗല്ലിയിലെ പഴയ പഴയ വീട്ടില്‍ ബന്ധനസ്ഥയായിരുന്നു.

അഞ്ചു വയസ്സായ മൂത്ത മകളിലെക്കും പിച്ച വെച്ചു തുടങ്ങുന്ന കുഞ്ഞു മകനിലെക്കും ശ്യാമ തന്റെ മനസ്സ് കൊട്ടിയടച്ചു.

ഇടതു ചെവിയില്‍ നിന്നും പറിച്ചെടുത്തു കൊണ്ട് പോയ കമ്മല്‍ വിറ്റു മദ്യപിചെത്തിയ വിദ്യാധരന്‍ തന്ന പാനീയം തൊണ്ടയും പൊള്ളിച്ചു വന്‍ കുടല്‍ വരെ എരിഞ്ഞ് നിന്നു.

പിന്നെ ഗാ ഡമായ നിദ്രയായിരുന്നു.കിനാവില്‍ പിച്ച വെക്കാനാരംഭിച്ച ഒരാണ്‍ കുട്ടി മുലപ്പാലിന് വേണ്ടി കരഞ്ഞു കൊണ്ടിരുന്നു.വാത്സല്യം നിറഞ്ഞ ഒരു തലോടലിനു വേണ്ടി അഞ്ചു വയസ്സുകാരി പെണ് കുട്ടി തേങ്ങി.

ചൂട് കുറഞ്ഞ സൂര്യ രശ്മികളുടെ പ്രഹര മേറ്റ് തോട്ടാവാടിചെടികള്‍ ഉണര്‍ന്നു നിന്നു.കൊച്ചു മുള്ളുകള്‍ നിറഞ്ഞ തൊട്ടാവാടിയുടെ കാണ്ഡങ്ങള്‍ ശരീരത്തിലേക്ക് പടര്‍ന്നു നീറിത്തുടങ്ങി,

വിദ്യാധരന്‍ നല്‍കിയ പാനീയം ഏല്‍പിച്ച നിദ്ര വിട്ടു ഉണരുമ്പോള്‍ അയാളുടെതല്ലാത്ത ഒരപരിചിത പുരുഷ ഗന്ധം മുറിയില്‍ തങ്ങി നില്പുണ്ടായിരുന്നു....

,,..

Sunday, September 5, 2010

തടാകക്കരയില്‍ പൂത്ത സൌഹൃദങ്ങള്‍ ....

ചൂട് സ്വല്പം കഠിനമാണെങ്കിലും വിങ്ങലില്ലാത്ത ഈ വൈകുന്നേരം ബിനുവിനു വളരെ മനോഹരമായിത്തോന്നി.പതിവിനു വിപരീതമായി ഏറ്റവും അവസാനമെത്തുന്ന റൈമു ബോട്ടിറങ്ങി നേരത്തെ നടന്നു വരുന്നത് ബിനുവിനെ അത്ഭുതപ്പെടുത്തി.ഇന്റെര്‍നെറ്റിലെ കൂട്ടമെന്ന സൌഹൃദ ക്കൂട്ടായ്മയില്‍ നിന്നും പരിചയപ്പെട്ടു കംപിയൂട്ടര് സ്ക്രീനുകള്‍ക്ക് പുറത്തേക്ക് വ്യാപിച്ച നാട്യങ്ങളില്ലാത്ത സൌഹൃദം.. പ്രവാസത്തിന്റെ വിരസതയാര്‍ന്ന യാദാര്‍ ത്യ ങ്ങളിലെ പൊള്ളലുകള്‍ മറന്നു അഞ്ചു പേരടങ്ങുന്ന ആ സൌഹൃദക്കൂട്ടം തങ്ങളുടെ സന്തോഷങ്ങളും ദുഖങ്ങളും പങ്ക്‌ വെച്ചു ഓരോ വൈകുന്നേരവും പിരിയുന്നു.വീണ്ടും അടുത്തൊരു വൈകുന്നെരത്തിനായി.


ഇനി മൂന്നു പേര്‍കൂടി റഹീം,മനു ചന്ദ്ര കാന്തന്‍ . തടാകത്തിന്റെ കൈ വരികളോട് ചേര്‍ന്ന് നിര്‍മ്മിച്ച മാര്‍ബിള്‍ ബെഞ്ചില്‍ ബിനുവും റൈമുവും ഇരുന്നു. തുറമുഖം മോടി പിടിപ്പിക്കുന്നതിന്റെ ഭാഗമായി നീളത്തില്‍ പണിഞ്ഞ പൂന്തോട്ടത്തില്‍ ഇടവിട്ട്‌ ഈന്തപ്പനകള്‍ കുലച്ചു നിന്നു.തടാകത്തില്‍ നിന്നും വീശിയ കാറ്റ് ഈന്തപ്പന യോലകളില്‍ മര്‍മ്മരം സൃഷ്ടിച്ചു താഴെ വിവിധ വര്‍ണങ്ങളില്‍ പൂത്തു നിന്ന പൂക്കളിലേക്ക്‌ തെന്നി വീശി, രഹീമും മനുവും ഒരുമിച്ചാ ണെ ത്തിയത്.ഇനി ചന്ദ്ര കാന്തന്‍ കൂടി.


ഡിസംബറില്‍ പിറക്കാനിരിക്കുന്ന മൂന്നാമത്തെ കുട്ടിയുടെ സ്വപ്നങ്ങളിലേക്ക്

റഹീം കമ്പനി ലീവനുവദിച്ച കാര്യം പറഞ്ഞ വാചാലതയിലേക്ക് ,റൈമു പൂട്ടാന്‍ പോവുന്ന തന്റെ കമ്പനിയെ ക്കുറിച്ചും ജോലി നഷ്ടപ്പെട്ടാല്‍ അനിശ്ചിത ത്വത്തിലാവുന്ന വലിയൊരു കുടുംബത്തിലെ പ്രാരാബ്ദവും അവര്‍ക്ക് മുമ്പില്‍ അഴിച്ചിട്ടു.


തുറമുഖത്ത് നങ്കൂരമിട്ട കൂറ്റനൊരു ചരക്കുകപ്പല്‍ ഒരാര്‍ത്ത നാദം ഓര്‍മ്മിപ്പിക്കും വിധം ശബ്ദം പുറപ്പെടുവിച്ചു.സൂര്യന്‍ അസ്തമയത്തിനായി തടാകത്തിലേക്ക് ഇറങ്ങാനൊരുങ്ങി നില്‍ക്കുമ്പോഴാണ് ചന്ദ്ര കാന്തന്‍കിതച്ചുകൊണ്ടെത്തിചേര്‍ന്നത്‌ .ജോലി കഴിഞ്ഞു ഹത്തയില്‍ നിന്നും തിരിച്ചു വരും വഴി അലൈന്‍ പാതയില്‍ നടു റോട്ടിലേക്ക് തകര്‍ന്നു വീണ ചരക്കു വിമാനത്തിന്റെ ഭീകരത അവന്റെ വാക്കുകള്‍ക്കും അതീതമായി ദാരുണമായ ദുരന്തം പോലെ ചന്ദ്ര കാന്തന്റെ മുഖത്തു നിഴലിച്ചു നിന്നു.


ചൂടും ഈര്‍പ്പവും കുറഞ്ഞ അന്തരീക്ഷ ത്തിലേക്ക് തടാകത്തിലെ ജലത്തില്‍ മുങ്ങി ക്കുളിര്‍ത്ത കാറ്റ് മെല്ലെ വീശി.ഇറാനെന്ന രാജ്യത്തിന്റെ നരച്ച പതാകയെന്തിയൊരു ചെറുകപ്പല്‍ പുതിയൊരു കപ്പലിന് നങ്കൂരമിടാന്‍ വേണ്ടി തടാകത്തിലെ ഒഴിഞ്ഞ ഭാഗത്തേക്ക് നീങ്ങി.വെളിച്ചം കെട്ടു തടാകത്തിലേക്ക് ഇറങ്ങി നിന്ന സൂര്യനെ ചെറു മീനുകള്‍ ഇക്കിളി യിട്ടു


സൌഹൃദക്കൂട്ടമിരുന്ന ബഞ്ചിനു രണ്ടു വാര അകലെയായി മറ്റൊരു ബഞ്ചില്‍ സ്വദേശിയായ ഒരു കുടുംബം വന്നിരുന്നു.നടന്നു ശീലിക്കാന്‍ തുടങ്ങിയ കൊച്ചു കുട്ടി അവരിരുന്ന ബന്ചിനരികിലേക്ക് തുഴഞ്ഞു നീങ്ങി.കൊച്ചു കുട്ടിയെ തിരികെ എടുക്കാന്‍ വന്ന പരിചാരികയായ ഇന്ത്യന്‍ സ്ത്രീയുടെ കണ്ണുകള്‍ അല്‍പ നേരം ചന്ദ്ര കാന്തന്റെ കണ്ണുകളില്‍ ഉടക്കി നിന്നു.


എവിടെയോ കണ്ടു മറന്ന മുഖം ..അല്പം തിളക്കം നഷ്ടപ്പെട്ട കണ്ണുകള്‍ ചന്ത്രകാന്തന്റെ മനസ്സിലെവിടെയോ ഓളങ്ങള്‍ സൃഷ്ടിച്ചു.കൂട്ടുകാരുടെ ചര്‍ച്ച പ്രസിദ്ധ കവിയും കഥാകാരനുമായ സൈനുദ്ധീന്‍ ഖുരൈശിയുടെ രചനകളി ലേക്ക് കടന്നിരുന്നു.തിളക്കം നഷ്ടപ്പെട്ട രണ്ടു കണ്ണുകള്‍ ചന്ദ്ര കാന്തനെ അസ്വസ്ഥനാക്കി.കൂട്ടുകാരുടെ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞു അയാള്‍ തടാകത്തിലേക്ക് കണ്ണയച്ചു.


സര്‍ക്കാര്‍ ജോലിക്കാരനായ അച്ഛന്റെ സ്ഥല മാറ്റങ്ങള്‍ക്കൊപ്പം അനേകം ഗ്രാമങ്ങളില്‍ ജീവിച്ച ബാല്യം . ഓരോ ഗ്രാമവും ഓരോ വഴിയമ്പലങ്ങള്‍ പോലെ മനസ്സില്‍ ഇപ്പോഴും ഗൃഹാതുരത പോലെ പച്ച പിടിച്ചു നില്‍ക്കുന്നു.ഈ നിറം മങ്ങിയ രണ്ടു കണ്ണുകള്‍ അതിലേതു വഴിയമ്പലത്തിലെതാണ്?ചന്ദ്ര കാന്തന്റെ മനസ്സിലേക്ക് അനേകം മുഖങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും കടന്നു വന്നു..

അതെ..മലപ്പുറം ജില്ലയിലെ കോട്ടക്കുന്നു എന്ന ചെറുഗ്രാമത്തിലെ ബാല്യം അതിവേഗം അയാള്‍ക്കൊര്‍ത്തെടുക്കാന്‍ കഴിഞ്ഞു.തങ്ങളുടെ വാടകവീടിനു എതിര്‍വശം പന്ത്രണ്ടു പെണ്‍കുട്ടികളുള്ള ഒരു കുടുംബം.ഒരു ആണ്‍ കുട്ടിക്കായുള്ള കാത്തിരിപ്പിലേക്ക് പതിമൂന്നാമത്തെ കുട്ടി ആണ്‍ കുട്ടിയാനെന്നുള്ള സന്തോഷ വാര്‍ത്ത അറിയിക്കാന്‍വീട്ടിലേക്കുഓടിവന്നപെണ്‍കുട്ടി..ജമീല.പതിമൂന്നാമത്തെ ആണ്‍കുട്ടിക്ക് ജീവന്‍ കൊടുത്തു ജീവനില്ലാത്ത ലോകത്തിലേക്ക് നടന്നു പോയ ജമീലയുടെ ഉമ്മ..എല്ലാം ചന്ദ്ര കാന്തന്റെ ഓര്‍മ്മയിലേക്ക് കടന്നു വന്നു.


പിന്നെ അച്ഛന്റെ സ്ഥലം മാറ്റം ദൂരെ ഒരു ദിക്കിലെക്കായിരുന്നു.യാത്ര പറയുമ്പോള്‍ തിരിഞ്ഞു നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല ..ഒരു പെങ്ങളില്ലാത്ത അഭാവം അന്നും ഇന്നും ജമീലയുടെ ഓര്‍മ്മകളിലൂടെ മനസ്സിനെ ത്രുപ്തിപ്പെടുത്തിപ്പോന്നു.


സുഹൃദക്കൂട്ടം പിരിയുവാന്‍ നേരമായിരുന്നു.സ്വദേശികളായ കുടുംബവും ജമീലയും ബെഞ്ചില്‍ നിന്നും തിരോഭവിച്ചിരുന്നു.തടാകക്കരയിലെ മാര്‍ബിള്‍ ബഞ്ചിലേക്ക് ഇരുട്ട് കയറി നിന്നു.സൂര്യനെ ഇക്കിളിയിട്ട ചെറു മീനുകള്‍ പോലും ഉറക്കം തുടങ്ങി ഓളങ്ങള്‍ നിറഞ്ഞ തടാകത്തിലെ അനുരണങ്ങള്‍ അയാളുടെ മനസ്സിലേക്ക് നൊമ്പരങ്ങളായ് പെയ്തിറങ്ങി.


എല്ലാവരും യാത്ര പിരിഞ്ഞു പോയിട്ടും ചന്ദ്രകാന്തന്‍ കുറെ നേരം കൂടി മാര്‍ബിള്‍ ബഞ്ചില്‍ തല താഴ്ത്തിയിരുന്നു.പിന്നെ സാവധാനം തന്റെ കാറിനടുത്തെക്കു നടന്നു ......

Monday, August 30, 2010

അടിക്കാടുകളില്‍ മുളച്ച വളം തീനിപ്പുല്ലുകള്‍ ..

''എന്നാല്‍ ഞങ്ങളിറങ്ങുന്നു..''മുഖത്തേക്ക് നോക്കാതെ ബിനു പറഞ്ഞപ്പോള്‍ ഓര്‍മ്മകളില്‍ നിന്നും ചന്ദ്ര കാന്തന്‍ ഞെട്ടി ഉണര്‍ന്നു.ബിനുവിന്റെ ഭാര്യ യാത്ര പോലും പറയാതെ നേരത്തെ ഇറങ്ങിയിരുന്നു.
ചന്ദ്ര കാന്തന്റെ മനസ്സ് ശാന്തമായിരുന്നു.അനിയന്‍ ബിനുവും കുടുംബവും പടിയിറങ്ങിയപ്പോള്‍ തന്റെ അസ്വസ്ഥതക ളിലെക്കവരിനി വരില്ലെന്നയാല്‍ വിശ്വസിച്ചു.ഒപ്പം അവരുടെ ജീവിതം സന്തോഷ പൂര്‍ണ്ണ മാവട്ടെ എന്നയാള്‍ പ്രാര്‍ഥിച്ചു.

കൂട്ട് കുടുംബവും സ്നേഹ ബന്ധങ്ങളും കാലഹരണ പ്പെട്ടിരിക്കുന്നു എന്ന അറിവ് മനസ്സിലാക്കാന്‍ വളരെ വൈകിയെന്ന ഒരു വിഷമം മാത്രം ബാക്കിയാവുന്നു.മാതൃത്വത്തിന്റെ അടങ്ങാത്ത ത്വരയുമായി പടിയിറങ്ങിപ്പോയ അനിയന്റെ കുഞ്ഞു മകനെ നോക്കി തേങ്ങിയ സുമിത്രയെ അഭിമുഖീകരിക്കാന്‍ ചന്ദ്ര കാന്തന്‍ ഏറെ പാടു പെട്ടു.

ഇത് പോലൊരു കൂട്ട് കുടുംബത്തില്‍ നിന്നും ആട്ടി യിറക്കപ്പെട്ടു ഈ ഗ്രാമത്തിലെത്തുമ്പോള്‍ ബിനു കൈക്കുഞ്ഞായിരുന്നു.ഉടു തുണിക്ക് മറുതുണിയില്ലാതെ തങ്ങള്‍ക്കു വേണ്ടി ജീവിതം ഹോമിച്ചു മറവി യിലെക്കെ ങ്ങോ നടന്നു പോയ അച്ഛനമ്മമാരുടെ കാല ശേഷം ജീവിതം അനിയന് വേണ്ടി ഉഴിഞ്ഞു വെക്കുകയായിരുന്നു ചന്ദ്ര കാന്തന്‍ .അടിക്കാട് വെട്ടിയെടുത്ത തരിശു ഭൂമിയില്‍ വിതച്ച വിത്തുകള്‍ മുളക്കുന്നതിനോപ്പം സ്വപ്നങ്ങളുടെയും ചിറകുകള്‍ മുളക്കുകയായിരുന്നു. തന്റെ പ്രാണ നേക്കാള്‍ സ്നേഹിച്ച അനിയന് ഒരു ശോഭനമായ ഭാവി തീര്‍ത്ത്‌ നല്‍കുക അത് മാത്രമായിരുന്നു പിന്നെ ലക്‌ഷ്യം.തന്റെ യൌവ്വനം ഹോമിചെങ്കിലും ലക്‌ഷ്യം പൂര്‍ത്തീകരിച്ച ചാരിതാര്ത്യത്തിലായിരുന്നു ചന്ദ്ര കാന്തന്‍.പിന്നെ എപ്പോഴാ ണെ ല്ലാം താളം തെറ്റിയത്? തനിക്കു പൂര്‍ണ്ണമായും ഇഷ്ടമിലാതിരുന്നിട്ടും സാമ്പത്തികമായി ഒരു പാടു മുന്നോക്കം നിലക്കുന്ന ഒരു കുടുംബത്തിലെ പെണ് കുട്ടിയെ ബിനു വിവാഹം കഴിച്ചു.പൊരുത്തം നിറഞ്ഞ അവരുടെ ജീവിതം കണ്ടു ആഹ്ലാ ദിക്കുകയായിരുന്നു പിന്നെ അയാള്‍ .പ്രായം അതി ക്രമിചെങ്കിലും ബിനുവിന്റെ സ്നേഹ പൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി നിര്‍ധനയായ വീട്ടിലെ അംഗമായ സുമിത്രയെ ചന്ദ്ര കാന്തന്‍ വേള്‍ക്കുകയായിരുന്നു.നിര്ധനയെങ്കിലും സൌന്ദര്യവും സല്സ്വഭാവവും കൊണ്ട് ധന്യയായിരുന്നു സുമിത്ര.പലപ്പോഴും അനിയന്റെ ഭാര്യയുടെ ആജ്ഞകള്‍ ക്ഷമയോടെ അനുസരിച്ച സുമിത്ര ഒരു ദേവതയായി അയാള്‍ക്കനുഭവപ്പെട്ടു.നിനച്ചിരിക്കാതെ പച്ചവളങ്ങള്‍ നിര്‍ത്തി രാസവളങ്ങള്‍ പ്രയോഗിച്ച കൃഷിയിടത്തിലെ കുരുമുളക് വള്ളികള്‍ കരിഞ്ഞു തുടങ്ങി .അടിക്കാടുകളില്‍ വളം തീനിപ്പുല്ലുകള്‍ തഴച്ചു വളര്‍ന്നു.കൃഷിയിടങ്ങളില്‍ വിഷം നിറഞ്ഞ കീടങ്ങള്‍ പെറ്റു പെരുകി.അനിയന്റെ മനസ്സില്‍ തലയണ മന്ത്രങ്ങളാല്‍ ഒരു വിരോധാഭാസം പോലെ സുമിത്ര ശപിക്കപ്പെട്ടവളായിത്തീര്‍ന്നു.ഈ ഗ്രാമം ഉപേക്ഷിച്ചു പോവാന്‍ ചന്ദ്ര കാന്തനാവില്ലായിരുന്നു.അത്രയേറെ അയാളീ ഗ്രാമത്തെ ഇഷ്ടപ്പെട്ടു.

''ദയവു ചെയ്തു നിങ്ങളിവിടെ നിന്നു പോവരുത് എന്ന് അനിയന്റെ ഭാര്യയുടെ കാലു പിടിച്ചപെക്ഷിച്ച സുമിത്ര അപമാനിക്കപ്പെട്ടതും ഈ നാളുകളിലായിരുന്നു .

പെരു മഴ പെയ്തു വെള്ളം കുത്തിയൊലിച്ചു പോയ കൃഷിയിടങ്ങളില്‍ സ്വാന്തനം പോലെ കുരുമുളക് വള്ളികള്‍ പൂത്തു തുടങ്ങി.പ്രകൃതി വളങ്ങളെ പ്രതിരോധിക്കാനാവാതെ കീടങ്ങള്‍ എവിടെയോ പോയൊളിച്ചു.ഉരുണ്ടു വീണ രണ്ടു തുള്ളി കണ്ണ് നീര്‍ വിരലുകളാല്‍ വടിച്ചെടുത്ത് സുമിത്രയെ മാറോട്‌ ചേര്‍ക്കുമ്പോള്‍ ,പൂത്ത തന്റെ കൃഷിയിടത്തിലെ പൂത്ത കുരുമുളക് വള്ളികള്‍ക്കൊപ്പം ചന്ദ്ര കാന്തന്റെ പുതിയൊരു ജീവിതം തുടങ്ങുകയായിരുന്നു....

Tuesday, August 24, 2010

നിലാവിലേക്ക് തുറന്നിട്ട കിളിവാതില്‍ ..

നിമ്മിയുടെ കിളി വാതിലിലേക്ക് ഒരു കൂട്ടം മിന്നാമിന്നുകള്‍ വിരുന്നിനെത്തി.ധനുമാസക്കുളിരില്‍ വിറച്ചിരുന്ന കിളിവാതില്‍ പ്രകാശ പൂരിതമായി.മഞ്ഞ് തുള്ളി വീണു കെട്ടു പോയ ഇണയുടെ വെട്ടത്തെയോര്‍ത്തു ആണ്‍ മിന്നാമിനുങ്ങ്‌ വേപഥു പൂണ്ടു.


''ഞാന്‍ ഓണ്‍ ലൈനിലുണ്ട്'' എന്ന ആമിറിന്റെ സന്ദേശം സുഖമുള്ളൊരു സംഗീത ശകലത്തോടെ സെല്‍ ഫോണിന്റെ ഇന്‍ബോക്സിലേക്ക് ഒഴുകി വന്നപ്പോള്‍ മിന്നാമിനുങ്ങുകളോട് കിന്നരിച്ച മിഴികള്‍ പിന്‍വലിച്ചു നിമ്മി തന്റെ ലാപ്ടോപ്‌ തുറന്നു വെച്ചു.

''വീണ്ടും പാടാം സഖീ..വിരഹ ഗാനം ഞാന്‍ ഒരു വിഷാദ ഗാനം ഞാന്‍.. നിമ്മിയുടെ പ്രൊഫൈലില്‍ ആമിര്‍ സ്വയം സെറ്റ് ചെയ്തു വെച്ച ഉമ്പായിയുടെ ഗസ്സല്‍ കുളിര്‍ന്നു വിറച്ച ധനുമാസരാവിലേക്ക് തേന്‍ മഴയായ് പെയ്തിറങ്ങി.സ്ക്രീനില്‍ യാഹൂ മെസ്സെഞ്ചറിലെ ചാറ്റിംഗ് പേജില്‍ കറുത്ത ചതുരം ഒന്ന് മിന്നി പിന്നെ ആമിറിന്റെ മുഖം തെളിഞ്ഞു വന്നു.വീതി കുറഞ്ഞ സ്വര്‍ണ്ണ ഫ്രെയിമിലെ കണ്ണാടിക്കു പിറകില്‍ ആമിറിന്റെ തിളക്കമാര്‍ന്ന കണ്ണുകള്‍ നിമ്മിയെ ചൂഴ്ന്നു നിന്നു.

ആമിരിനോട് ചേര്‍ന്ന് നില്‍ക്കും പോലെ നിമ്മി സ്ക്രീനിനോട് ചേര്‍ന്ന് നിന്നു,അവളുടെ കിന്നാരങ്ങള്‍ ആമിറിന്റെ കണ്ണുകള്‍ കൂടുതല്‍ തിളക്കമുള്ളവയാക്കി.മഞ്ഞ് വീണു കെട്ട ഇണയുടെ വെട്ടം പതിയെ ആണ്‍ മിന്നാമിനുങ്ങ്‌ ചുംബിച്ചു തെളിയിച്ചു.

നിലാവ് വ്യഭിചരിച്ച തൊടിയിലെ വൃക്ഷ ത്തലപ്പുകളിലേക്ക് പൊഴിഞ്ഞു വീഴുന്ന മഞ്ഞിന്റെ താളങ്ങള്‍ക്കൊപ്പം ഗസ്സലിന്റെ ഈരടികള്‍ നിമ്മിയെ പുളകിതയാക്കി.

വൃത്തിയായി സൂക്ഷിക്കുന്ന നിമ്മിയുടെ നഖങ്ങളിലേക്ക് നോക്കി ആമിര്‍ മൊഴിഞ്ഞു.''ഈ വിരല്‍ ത്തുമ്പുകള്‍ പിടിച്ചു ഞാന്‍ നിന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന ദിനം വൈകുന്നതില്‍ ക്ഷമിക്കുക ,മറുപടിയായി തന്റെ കടുത്ത ഏകാന്തതകളെക്കുറിച്ച് നിമ്മിയുടെ കണ്ണുകള്‍ ആര്ദ്രമാവുന്നത് ആമിറിനെ ദുഖിതനാക്കി.

കടുത്ത യാഥാസ്തിക വിശ്വാസം വെച്ചു പുലര്‍ത്തുന്ന ഒരു കുടുംബത്തിലെ ഏക ആണ്‍ തരിയായ ആമിറിന് മറ്റൊരു മത വിശ്വാസം പുലര്‍ത്തുന്ന നിമ്മിയെ എങ്ങിനെ ജീവിത സഖിയാക്കുമെന്ന ആധിയില്‍ അല്‍പ നിമിഷം തല താഴ്ത്തിനിന്നു.ഒരു വേള തന്റെ
വിശ്വാസങ്ങള്‍ കൈവിട്ടു ആമിറിനോട് ചേര്‍ന്ന് ജീവിക്കുന്നത് വരെ സ്വപ്നം കണ്ട നിമ്മിയെ ആമിര്‍ വിലക്കുകയായിരുന്നു.

തന്നെ സ്വന്തമാക്കുന്നതിനു മുന്നോടിയായി പ്രവാസം വരിച്ച ആമിറിനെ അവള്‍ക്കു വിശ്വാസമായിരുന്നു.ഒരുമിക്കുമ്പോള്‍ ശിഥിലമാവുന്ന രണ്ടു കുടുംബ ബന്ധങ്ങളുടെ വെവലാതികളിലേക്ക് അവര്‍ ആഴ്ന്നിറങ്ങി.

രോമകൂപങ്ങളിലേക്ക് ധനുമാസക്കുളിര് അരിചെത്തിയപ്പോള്‍ നിമ്മി തന്റെ ഷാളെടുത്തു പുതച്ചു.താഴ്വാരത്തെ ചെമ്മണ്‍പാതയില്‍ക്കൂടി ആമിര്‍ പള്ളിക്കൂടത്തിലേക്ക് നടക്കുകയായിരുന്നു.താഴ്വാരങ്ങളുടെ നിഘൂടതകളിലെവിടെയോ നഷ്ടപ്പെട്ട കളര്‍ പെന്‍സിലിനു വേണ്ടി കരഞ്ഞിരുന്ന പെണ്കുട്ടി നിമ്മിയായിരുന്നു.നഷ്ടപ്പെട്ട കളര്‍ പെന്‍സില്‍ തിരിച്ചു കിട്ടിയ ആഹ്ലാദത്തോടൊപ്പം തന്റെ ജീവിതം തന്നെ അയാള്‍ക്കായി ഉഴിഞ്ഞു വെച്ചു.

ബാല്യവും കൌമാരവും പിന്നിട്ടു യൌവ്വനത്തിലും നഷ്ടപ്പെട്ട പെന്‍സിലുകള്‍ വീണ്ടെടുത്ത ആഹ്ലാദങ്ങള്‍ തുടര്ന്നു കൊണ്ടിരുന്നു.പിന്നെ ആമിറിന്റെ പ്രവാസം തീര്‍ത്ത ശൂന്യതയിലേക്ക് ധനുമാസക്കുളിരും മഴയും, വേനലും ,എല്ലാം ആമിറിന്റെ രാത്രി കിന്നരങ്ങള്‍ക്കൊപ്പം ചുരുങ്ങി.

ജാതിയുടെയും മതങ്ങളുടെയും അതിരുകളില്ലാത്ത ഇനിയും പുലരാത്തൊരു പ്രഭാതം സ്വപ്നം കാണുകയായിരുന്നു,അവര്‍.ആകാശച്ചരിവിലേക്ക് തെന്നി നീങ്ങുന്ന നക്ഷത്ര ക്കുഞ്ഞുങ്ങളെ കണ്ണിമക്കാതെ നോക്കി നില്‍ക്കുകയായിരുന്നു മിന്നാമിനുങ്ങുകള്‍ .

ഞ്ഞ് പെയ്തു കുളിര്‍ന്ന തളര്‍ച്ചയില്‍ തൊടിയിലെ നെല്ലിമരത്തിന്‍ കുഞ്ഞിലകള്‍ ഉറക്കം തുടങ്ങി.മറുവശത്ത്‌ ആമിറിന്റെ തിളക്കമാര്‍ന്ന കണ്ണുകള്‍ നഷ്ടപ്പെട്ടിരുന്നു,പകരം കറുത്ത ചതുരത്തില്‍ ഒരു കളം രൂപപ്പെട്ടു.മിന്നാമിന്നുകള്‍ ആകാശച്ചരിവിലെ നക്ഷത്രക്കുഞ്ഞുങ്ങളെ താലോലിക്കുവാന്‍ വേണ്ടി കൂട്ടമായ്‌ പറന്നകന്നു.കിളി വാതിലില്‍ നിമ്മി വീണ്ടും ഒറ്റക്കായി.നിമ്മിയുടെ കടുത്ത എകാന്തതയിലെക്കൊരു പുലരി കൂടി വിരുന്നു വന്നു......

Friday, August 20, 2010

ഒടുങ്ങാത്ത അലച്ചിലുകള്‍...

പ്രിയ മനു..,ഇതൊരു ഒളി ചോട്ടമാണെന്ന നിന്റെ പരാതി ഞാന്‍ മുഖവിലക്കെടുക്കുന്നില്ല.ചിലപ്പോള്‍അങ്ങിനെയും ഒരര്‍ത്ഥം കല്‍പ്പിക്കാം.ഒറ്റയാനായി ജീവിക്കുന്നതിന്റെ ഒരു സുഖം നിനക്കറിയില്ല.ബന്ധങ്ങളും കടപ്പാടുകളും മുറിച്ചിട്ട്‌ സ്വാതന്ത്ര്യത്തിന്റെ മലര്‍ക്കെ തുറന്നിട്ട വിശാലമായ വാതായനത്തിലൂടെ അനന്ത വിഹായസ്സിലെക്കുള്ള പ്രയാണം.ബന്ധനങ്ങളുടെ അലച്ചിലുകള്‍ക്കു വിരാമമിട്ടു സ്വാതന്ത്ര്യത്തിന്റെ ഒടുങ്ങാത്ത അലച്ചിലുകള്‍തുടങ്ങുന്നു .


പരസ്പരം യാതൊരു ഉപാധികളുമില്ലാതെ ഇന്നലെ ഞാനും ഇന്ദുവും പിരിഞ്ഞു.ഇന്ദുവിന്റെ ഗര്‍ഭപാത്രം തളിര്പ്പിക്കുവാന്‍ശേഷിയില്ലാത്ത എന്റെ ബീജങ്ങളായിരുന്നു അവളുടെ ദുഖം.കുടുംബ ജീവിതത്തിലെ രഹസ്യങ്ങള്‍മറ്റൊരാളോട് പരസ്യപ്പെടുത്തുന്നത്‌ മഹാപാപാപമെന്നു വിശ്വസിക്കുന്ന ആളാണ്‌ഞാന്‍.പക്ഷെ നിന്നോടെനിക്ക് സത്യം പറയാതിരിക്കാന്‍വയ്യ.കാരണം നീയാണല്ലോ ഞങ്ങളെ കൂട്ടി യോജിപ്പിക്കുവാന്‍ നിമിത്തമായത്.

എന്റെ അലച്ചിലുകള്‍തുടങ്ങുന്നതിനു മുമ്പായി നിന്നെയൊന്നു സന്ധിക്കണം.പ്രകൃതിയുടെ മാന്ത്രിക കരങ്ങളാല്‍ഒരു പകല്‍മുഴുവന്‍ഇരുട്ടാക്കിയ കാപ്പാട് കടല്‍ത്തീരെത്തെ നിന്റെ കുടിലില്‍ഒരന്തിയുറങ്ങണം.പിന്നെ നിന്റെ മോളെ യൊന്നു വാരിയെടുത്തുമ്മ വെക്കണം.ഇനി നാം തമ്മില്‍കണ്ടുമുട്ടിയെന്നു വരില്ല.

ഇന്ദുവിന്റെ മനസ്സിന്റെ ജാലകങ്ങളിലേക്ക് ഒരു വേള അല്പം നൊമ്പരപ്പൂക്കള്‍ കൊഴിഞ്ഞു വീണേക്കാം.ഒരു പക്ഷെ അത് തന്റെ തോന്നലാവാനും മതി.ഞാന്‍ഉറപ്പിച്ചു പറയുന്നു.ഞാന്‍ആഹ്ലാദവാനാണ്.എന്റെ തൂലികയിലേക്ക് ഏതു നിമിഷവും വിരുന്നു വരാന്‍ കാത്തിരിക്കുന്ന അക്ഷരങ്ങള്‍..വാക്കുകള്‍..അത് മതിയെനിക്ക്.എന്റെ പ്രസിദ്ധീകരിച്ച ഓരോ രചനകള്‍ക്കും നിമിഷങ്ങള്‍ക്കകം പ്രതികരിക്കുന്ന എന്റെ രചനകളോട് സത്യ സന്ധമായി സംവദിക്കുന്ന ഞാനിന്നെ വരെ കണ്ടിട്ടില്ലാത്ത ഒരു പാട് സുഹൃത്തുക്കളുടെ സ്നേഹം പ്രാര്‍ത്ഥന അംഗീകാരം അത് മാത്രം ഞാന്‍നെഞ്ചില്‍ഏറ്റുന്നു.റെയില്‍വേ സ്ടെഷനില്‍പരിചിത മുഖങ്ങളെയൊന്നും കണ്ടു മുട്ടാതിരുന്നത് തന്റെ യാത്രയുടെ ശുഭ സൂചകമാണെന്നയാള്‍വിശ്വസിച്ചു.വൈകി മാത്രം ഓടി ശീലിച്ച ട്രെയിന്‍ പതിവിലും വൈകുമെന്ന അറിയിപ്പ് യാത്രക്കാര്‍ക്ക് നല്‍കിയ ശേഷം പ്ലാട്ഫോമില്‍ സ്ഥാപിച്ച സ്ക്രീനില്‍പഴയൊരു സിനിമാഗാനത്തിന്റെ ദൃശ്യതയിലേക്ക് മടങ്ങി.

നീണ്ട യാത്രക്ക് വേണ്ടി കാത്തിരുന്ന യാത്രികരുടെ നിസ്സംഗതയിലേക്കും,സ്വാതന്ത്ര്യത്തോടെ അലച്ചിലുകളുടെ യാത്രാരംഭത്തിനായി ദൃതി പിടിച്ചു നിന്ന എന്റെ ആകുലതകള്‍ക്കും വിരാമമിട്ടുകൊണ്ട് പ്ലാറ്റ് ഫോമില്‍ കിതച്ചു നിന്ന ട്രെയിനിനു പൊടിപിടിച്ച കാപ്പി നിറമായിരുന്നു.അജ്ഞാത ങ്ങളായ ഏതോ ലക്ഷ്യത്തിലേക്ക് യാത്രതുടങ്ങിയ ഒരു കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീ തന്റെ എണ്ണ മയമില്ലാത്ത മുടിയൊതുക്കികൊച്ചു കുട്ടിയുടെ ച്ഛര്‍ധിയുടെ അവശിഷ്ടങ്ങള്‍എച്ചില്‍ക്കൂനയിലെക്കെറിഞ്ഞു.വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. ബാല്യത്തിലെങ്ങോ മറവിയിലേക്ക് നടന്നു പോയ ഒരു റെയില്‍വേ പോലീസുദ്യോഗസ്ഥന്‍പെട്ടെന്നൊരു പുഞ്ചിരി സമ്മാനിച്ചു വീണ്ടും പ്ലാറ്റ്ഫോമില്‍നിലയുറപ്പിച്ചു. പുറകില്‍വിട പറയുന്ന ഇഷ്ട നഗരം ഒരു പിന്‍വിളി പോലെ അനതതയിലേക്ക് മറഞ്ഞു തുടങ്ങി.കടലില്‍പകല്‍കത്തി ജ്വലിച്ചു നിന്നു.പിന്നെ വെയില്‍സാവധാനം തന്റെ ജ്വലനങ്ങളിലേക്ക്.ഇരുള്‍പരത്താന്‍ആരംഭിച്ചു.പ്രകൃതിയുടെ പൊടുന്നനെയുള്ള മാറ്റത്തില്‍മുക്കുവര്‍അന്ധാളിച്ചിരുന്നു.മത്സ്യ ബന്ധനത്തിലെര്‍പ്പെട്ട ചെറു വള്ളങ്ങള്‍നിശ്ചലങ്ങളായി.കാറ്റ് അതി വേഗത്തില് വീശി.തിരമാലകള്‍മീറ്ററുകളോളം ഉയരത്തില്‍പൊങ്ങി ഉയര്‍ന്നു.പകല്‍ നേരം നിമിഷങ്ങള്‍ക്കകം കടല്‍മുഴുവന്‍രാത്രിയേക്കാള്‍ ഇരുട്ടിന്റെ മൂടുപടമണിഞ്ഞു.വലയെങ്ങോട്ടെറിയുമെന്നറിയാതെ ഇരുട്ടില്‍മുക്കുവര്‍വിഷമ സന്ധിയില്‍മുഴുകി. ട്രിനിറങ്ങിയ കോഴിക്കോട് നഗരം തിരക്കില്‍ദീപാവലിയുടെ ആഘോഷത്തിരക്കില്‍കുളിച്ചു നിന്നു.ടാക്ഷിയില് കാപ്പാട് കടല്‍തീരത്തേക്കുള്ള യാത്രയില്‍ദേശീയ പാതയില്‍ മൂന്നിടത്ത് കണ്ട വാഹനാപകടങ്ങള്‍ അയാളുടെ മനസ്സിന്റെ മനോവീര്യം കെടുത്തി.ദേശീയ പാതയില്‍നിന്നും കടല്‍തീരത്തേക്കുള്ള ചെറു പാതയിലേക്ക് കയറിയ ഡ്രൈവര്‍ ഒന്ന് നിശ്വസിച്ചു.മൌനം കനത്തു നിന്ന പാതയോരങ്ങളില്‍മുക്കുവക്കുടിലുകള്‍ ശ്മശാനമൂകതയോടെ ഉറങ്ങി.

കടല്‍ത്തീരം വിജനമായിരുന്നു.സന്ദര്‍ശകരില്ലാത്ത കടല്‍ത്തീരം അയാളെ കടുത്ത വിഷാദത്തിലാക്കി .മനുവിന്റെ കുടില്‍നിന്നിരുന്നിടം കടലായിരുന്നു.ഉയര്‍ന്നു പൊങ്ങിയ തിരമാലക്കൈകളാല്‍ കടലെടുത്ത കുടിലിന്റെ അവശിഷ്ടങ്ങള്‍ഉയര്‍ന്ന മരത്തിന്റെ ശിഖരങ്ങളില്‍അനാഥമായിതൂങ്ങി ക്കിടന്നു.തിരമാലകള്‍കയറാത്ത ഇത്തിരി ഉയര്‍ന്ന മണല്‍ത്തിട്ടില്‍അയാള്‍ആ രാത്രി അന്തിയുറങ്ങി..........

Saturday, August 14, 2010

പ്രകോപനമില്ലാതെ വര്‍ഷിക്കുന്ന ഷെല്‍മഴകള്‍..

തെരുവ് വിളക്കുകള്‍ക്കുതാഴെ മഞ്ഞ്നഗരത്തെ അവ്യക്തമാക്കിത്തീര്‍ത്തു.കോളനിയിലെ ഏതോ വീട്ടില്‍ നിന്നും ഒരു വളര്‍ത്തുനായനിറുത്താതെ കുറച്ചുകൊണ്ടിരുന്നു.ബാല്‍ക്കണിയിലെ തൂക്കുവിളക്കില്‍ തൂങ്ങി ഉറക്കം തുടങ്ങിയ വവ്വാല്‍ താഴെയിട്ട കാര്പ്പെറ്റ് തുണ്ടിലേക്ക് വിസര്‍ജ്ജിച്ചു.


മൈഥിലി തളര്‍ന്നുറങ്ങുകയാണ്.ഉറക്കം നഷ്ടപ്പെട്ട ഒരു വാരം തികയുന്നു.നാളെ സ്വാതന്ത്ര്യപ്പുലരി.മിലിട്ടറി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഏക മകന്റെ ഭൌതിക ശരീരവുമായി മറ്റന്നാള്‍ നാട്ടിലേക്ക് യാത്രയാവണം.സത്യ നാഥന്‍ തന്റെ കനം തൂങ്ങിയ ശിരസ്സ്‌ സോഫയില്‍ നിന്നും ഉയര്‍ത്താന്‍ പാടുപെട്ടു.

സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തെരുവില്‍ സ്ഥാപിച്ച ത്രിവര്‍ണ്ണ പതാകകള്‍ മഞ്ഞ് വീണു താഴേക്കു തൂങ്ങി നിന്നു.

മാതാപിതാക്കളെ കാണാന്‍ പോലും അവധിയില്ലാതെ തന്റെ സേവനം രാഷ്ട്രത്തിനു ആവശ്യം വന്നപ്പോഴാണ് തന്നെയും മൈഥിലിയേയും മകന്‍ ഇവിടേയ്ക്ക് വരുത്തിയത്.എന്നാല്‍ തന്റെ സേവനം മാത്രമല്ല ജീവന്‍ തന്നെ രാഷ്ട്രത്തിനു സമര്‍പ്പിക്കുകയായിരുന്നു തങ്ങളുടെ മകന്‍.

ദൂരെ ഇടിഞ്ഞു പൊളിഞ്ഞ ഒരു ഗോപുരത്തിന്റെ ചിത്രം വികൃതമായി ഭൂമിയിലേക്ക്‌ നിഴലിച്ചു നിന്നു.മരണത്തിന്റെ ഗന്ധമുള്ള കാറ്റ് മഞ്ഞിന്റെ ആവരണങ്ങളെ ഭൂമിയുടെ ഏതോ നിഘൂടതകളിലേക്ക് തള്ളിക്കൊണ്ട് പോയി.

മൈഥിലി ക്കായിരുന്നു നിര്‍ബന്ധം ഒരു കുട്ടി മതി.നമ്മുടെ സ്നേഹം പകുത്തു നല്‍കാന്‍ ഒരേയൊരു കുട്ടി.ഒന്നില്‍ കൂടുതലായാല്‍ തങ്ങളുടെ സ്നേഹം ഒരേ അളവില്‍ പകുത്തു നല്കാനാവില്ലെന്നവള്‍ വിശ്വസിച്ചു,ഏക മകന്റെ മരണം ഇനിയും ഉള്‍ക്കൊള്ലാനാവാതെ തളര്‍ന്നുറങ്ങുന്ന മൈഥിലിയെ യാഥാര്‍ത്യങ്ങളിലേക്ക് എങ്ങിനെ തിരിച്ചു കൊണ്ട്വരുമെന്നറിയാതെ സത്യപാലന്‍ നഗരത്തിലെക്കിറങ്ങി.

സ്വാതന്ത്ര്യ ദിനാ ഘോഷങ്ങള്‍ക്കു ശേഷം മിലിട്ടറി ഓഫീസിലെത്തി രണ്ടു മൂന്നു പേപ്പറുകളില്‍ ഒപ്പിടണം..പിന്നെ തങ്ങളുടെ എകമകന്റെ ഭൌതിക ശരീരം തങ്ങള്‍ക്കു സ്വന്തമാവും.

നഗരം മെല്ലെ തിരക്കിലേക്ക് ഊര്‍ന്നിറങ്ങി.ഓരോ കാലടിയും ശ്മശാനത്തിലേക്ക്. കൂടുതല്‍ അടുക്കുന്നുവെന്ന തിരിച്ചറിവുകള്‍ മനപ്പൂര്‍വ്വം മറവിയിലേക്ക് പായിച്ചു ജനങ്ങള്‍ എവിടെക്കോ ധൃതിയില്‍ പായുന്നു.

അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നും പ്രകോപനങ്ങളില്ലാതെ ഷെല്‍ വര്‍ഷിച്ചു കൊണ്ടേയിരുന്നു.പുത്രന്മാര്‍ നഷ്ടപ്പെട്ട അമ്മമാര്‍ മറവികള്‍ പോലും അനുഗ്രഹിക്കപ്പെടാതെ ഉറക്കം നഷ്ടപ്പെട്ടു ജീവിച്ചു.

ഗോപുരത്തിനടിയിലെ പുല്‍ത്തകിടിയില്‍ സത്യപാലന്‍ മലര്‍ന്നു കിടന്നു.ഗോപുരത്തിന്റെ നിഴല്‍ അപ്രത്യക്ഷമായിരുന്നു.കഴുത്തില്‍ വളയങ്ങളോടെ വെളുത്ത പാടുകളുള്ള പ്രാവുകള്‍ ഗോപുര ജാലകങ്ങളില്‍ കുറുകിയിരുന്നു.നിശബ്ധതയിലേക്ക് സെറ്റ്ചെയ്തു വെച്ച സെല്‍ ഫോണിലേക്ക് അനുശോചന സന്ദേശങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു.

ഏതോ സ്കൂളില്‍ നിന്നും കുഞ്ഞു ത്രിവര്‍ണ്ണ പതാകകള്‍ യുനിഫോമിലണിഞ്ഞ നാളത്തെ കുഞ്ഞു ജവാന്മാര്‍ പുല്‍ത്തകിടിയില്‍ വന്നിരുന്നു.കുട്ടികളുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും ആരവങ്ങളും ഗോപുരത്തില്‍ നിവസിച്ച പ്രാവുകളെ അലോസരപ്പെടുത്തി.സ്വാതന്ത്രം കാംക്ഷിച്ചു അല്‍പ ദൂരം പറന്ന പ്രാവുകള്‍ കൂട്ടമായി തിരിച്ചെത്തി കുട്ടികളുടെ ആരവങ്ങളിലേക്ക് മിഴി നട്ടു നിന്നു.

ത്രിവര്‍ണ്ണ പതാകയേന്തിയ സ്കൂള്‍ ബസ്സില്‍ ആരവങ്ങളുമായി കുട്ടികള്‍ യാത്രയായപ്പോള്‍ സത്യപാലന്‍ മിലിട്ടറി ആസ്ഥാനത്തേക്ക് നടന്നു.ഓഫീസര്‍ നീക്കി തന്ന പേപ്പറുകളില്‍ യാന്ത്രികമായി ഒപ്പുകളിട്ടു സത്യപാലന്‍ കോളനിയിലേക്ക് മടങ്ങി.

പുറകില്‍ ഓഫീസില്‍ സ്ഥാപിച്ച റേഡിയോവില്‍ അപ്പോഴും അതിര്‍ത്തിക്കപ്പുറത്ത് നിന്നും പ്രകോപനങ്ങളില്ലാതെ വര്‍ഷിച്ച ഷെല്‍ മഴയില്‍ പുതുതായി ജീവന്‍ പൊലിഞ്ഞ ജവാന്മാരുടെ വാര്‍ത്തകള്‍ അറിയിക്കുന്നുണ്ടായിരുന്നു.

Friday, August 13, 2010

വേര്‍പാടിന്റെ അവശേഷിപ്പുകള്‍ ..

ഒരു വേര്‍പാട് അവശേഷിപ്പിച്ച ശൂന്യതയിലേക്ക് നോക്കി ആലി മൊല്ലാക്ക നെടു വീര്‍പ്പിട്ടു.ഓത്തു പള്ളിയിലെ ചായ്പ്പില്‍ നിന്നും നോക്കിയാല്‍ പള്ളി പ്പറമ്പ് കാണാം.കഴിഞ്ഞാഴ്ച ലേലത്തില്‍ പോയ അയനി പ്ലാവ് മറമാടപ്പെട്ട മയ്യത്തുകളുടെ നെയ്യ് വളമായ് സ്വീകരിച്ചു പുഷ്ടിച്ചു നിന്നു.


അബ്ദുവിന്റെ പ്രവചനം പോലെ മുറിച്ചു മാറ്റപ്പെടുമെന്ന സത്യം ഉള്‍ക്കൊണ്ടു ഇപ്രാവശ്യം ചക്കകള്‍ ഇട തൂര്‍ന്നു കായ്ച്ചു നിന്നു.തൊട്ടരികിലായി പുതു മണ്ണിനാല്‍ പുതഞ്ഞു അബ്ദുവിന്റെ ഖബറും .

നീണ്ട ഇരുപത്തി രണ്ടു വര്ഷം തന്റെ നിഴലായി അയാളുണ്ടായിരുന്നു.ഇത് പോലെ ഒരു റംസാന്‍ ആരംഭത്തിലായിരുന്നു അബ്ദു ഈ ഓത്തു പള്ളിയുടെ പരിസരത്തെത്തിയത്.പിന്നെ ഓത്തു പള്ളിയുടെ ഈ ചായ്പ്പില്‍ ഖുറാന്‍ പാരായണവും പ്രാര്‍ത്ഥന കളുമായി താമസം തുടങ്ങി.സ്നേഹിക്കാന്‍ മാത്രമറിയുന്ന ഇന്നാട്ടുകാര്‍ അബ്ദുവിനെ ഗ്രാമക്കാരില്‍ ഒരാളായി സ്വീകരിക്കുകയായിരുന്നു.

ളുഹര്‍ ബാങ്ക് വിളിക്കുവാന്‍ ഒരു നാഴിക കൂടി.ദേഹ ശുദ്ധി വരുത്തുവാനായി ആലി മുല്ല പള്ളിക്കുളത്തിലെക്കിറങ്ങി.പൊളിഞ്ഞ കല്‍പ്പടവുകളില്‍ വേര്‍പാടുകളുടെ അവശേഷിപ്പുകള്‍ പോലെ പായല്‍ പൊതിഞ്ഞു പൊതിഞ്ഞു കിടന്നു.പിച്ചാത്തികൊണ്ട് പുതിയൊരു മിസ്‌വാക്ക് ചെത്തിയുണ്ടാക്കി,ഇടയ്ക്കു നിരകള്‍ വിട്ട പല്ലുകള്‍ ക്കിടയിലെക്കിട്ടു ഉരക്കാന്‍ തുടങ്ങി...

ഓത്തു പള്ളിക്ക് പുറകിലെ പാടത്ത് നിന്നും ഏതോ വികൃതിക്കുട്ടി പള്ളിക്കുളത്തില്‍ നിക്ഷേപിച്ച ആഫ്രിക്കന്‍ പായല്‍ കുളത്തിന്റെ ഭൂരി ഭാഗവും കൈയ്യടക്കി യിരുന്നു.ആലിമുല്ലാക്കയും അബ്ദുവും ഇറങ്ങി നിന്നു കുളിക്കുന്ന ഭാഗം മാത്രം ഒരു വൃത്തത്തില്‍ പായല്‍ മൂടാതെ കിടന്നു.

ആലിമുല്ലയുടെ വിണ്ടു കീറിയ നരിയാണിയില്‍ നിന്നും പാട പോലെ ഒരു ഒരു തരം വെളുത്ത പൊടി കുളത്തില്‍ പൊങ്ങിക്കിടന്നു.പള്ളിയിലെ പുരാതനമായ ഘടികാരം പന്ത്രണ്ടു തവണ അടിച്ചു ഇരുപതു മിനിട്ടിനു ശേഷം ആലിമുല്ല ളുഹര്‍ ബാങ്ക് വിളിച്ചു.

പള്ളിക്കാട്ടില്‍ റംസാന്‍ വെയില്‍ പൂത്തു നിന്നു.വ്രതമെടുത്ത മയ്യിത്തുകള്‍ക്കു ഐക്യ ധാര്ട്യം പ്രകടിപ്പിച്ചു കറുത്ത ചിറകുകളില്‍ വെള്ള പൊട്ടുകളിട്ട ചെറു തുമ്പികള്‍ മൂളിപ്പറന്നു.ഏതു സമയവും മുറിച്ചു മാറ്റപ്പെടുമെന്ന ഭീതിയോടെ യാനി പ്ലാവ് തളര്‍ന്നു നിന്നു.തൊട്ടടുത്ത പള്ളിക്കൂടത്തില്‍ നിന്നും രണ്ടു മൂന്നു അധ്യാപകരും നാട്ടുകാരായ അഞ്ചാറു വൃദ്ധരും ചെറു കുട്ടികളുമടങ്ങുന്ന ചെറു സംഘം ആലിമുല്ലയുടെ കാര്‍മ്മികത്വത്തില്‍ ളുഹര്‍ നമസ്കരിച്ചു.

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം അബ്ദുവില്ലാത്ത ഒരു റംസാന്‍ ,,ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നായിരുന്നു തങ്ങള്‍ക്കു ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്.കൃത്യ സമയത്ത് തന്നെ അബ്ദു വീടുകളില്‍ പോയി അബ്ദു അത് ശേഖരിച്ചു കൊണ്ട് വരും.പിന്നെ വഴിയില്‍ കണ്ട അല്പം പരദൂഷണവും വിളമ്പി ആഹാരം കഴിക്കും .ഏതോ ഒരു വീട്ടില്‍ നിന്നു മാത്രം അബ്ദു അവിടെയിരുന്നു കഴിക്കും,.തനിക്കുള്ളത് കരുതുകയും ചെയ്യും.ആ സ്വകാര്യത മാത്രം അബ്ദു ആലി മുല്ലയില്‍ നിന്നും മറച്ചു വെച്ചു.താന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു.മറച്ചു വെച്ചതാണെങ്കിലും ആലിമുല്ല അതറിഞ്ഞി രുന്നു വെന്ന് അബ്ദുവും വിശ്വസിച്ചു.

വ്രതമെടുത്ത് അംഗ ശുദ്ധി വരുത്താന്‍ ഹൌളിലേക്ക് കൈയിട്ട കൊച്ചുകുട്ടി മൂന്നു തവണ കൈകുമ്പിളിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു.അബ്ദുവിന്റെ ഖബറിനരികില്‍ തല ഭാഗത്തെ മീസാന്‍ കല്ലില്‍ യാനി പ്ലാവിന്റെ നിഴല്‍ വീണു കിടന്നു.മറു ഭാഗത്ത് സായാഹ്ന സൂര്യന്റെ കനം കുറഞ്ഞ വെളിച്ചവും.

ആദ്യ വ്രതത്തിന്റെ ക്ഷീണത്താല്‍ തളര്‍ന്നുറങ്ങിയ കുട്ടികള്‍ മുല്ലാക്കയുടെ അസര്‍ ബാങ്ക് വിളികേട്ടു ഞെട്ടി ഉണര്‍ന്നു .നമസ്കാരത്തിനു അഞ്ചാറു വൃദ്ധരും കുറച്ചു കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ലേലം ചെയ്ത അയനി പ്ലാവിന്റെ ചെറു ശിഖരങ്ങള്‍ ജോലിക്കാര്‍ താഴേക്കു മുറിച്ചിട്ടു.മുറിഞ്ഞ മരത്തിന്റെ അഗ്രങ്ങളില്‍ നിന്നും മയ്യത്തുകളുടെ നെയ്യ് പോലെ പശിമയാര്‍ന്ന വിളഞ്ഞികള്‍ ഉത്ഭവിക്കാന്‍ തുടങ്ങി.

നമസ്കാരാന ന്തരം പാതയിരട്ടിപ്പിക്കാന്‍ വേണ്ടി പള്ളിക്കാടിന്റെ ഒരതിര്‍ മണ്ണ് നീക്കം ചെയ്തിടത്ത് ചെറിയൊരു ദ്വാരം രൂപപ്പെട്ടിടത്തു ആണ്ടുകള്‍ക്ക് മുമ്പെങ്ങോ ഖബരടക്കപ്പെട്ട ഒരു മയ്യിത്തിന്റെ അസ്ഥികള്‍ പുറത്തേക്ക് തെറിച്ചു നിന്നിടത്തു അല്പം മണ്ണ് കുഴച്ചെടുത്തു ആലി മുല്ല ദ്വാരം അടക്കാന്‍ തുടങ്ങി.വ്രതമെടുത്ത് ക്ഷീണിച്ച കുട്ടികള്‍ ആലി മുല്ലയെ സഹായിച്ചു.

അയനിപ്ലാവ് തായ് വേരടക്കം മുറിച്ചു ജോലിക്കാര്‍ വാഹനത്തില്‍ കയറ്റാന്‍ പാകത്തില്‍ പാതയോരത്ത് അട്ടിയിട്ടു .നെയ്യ് കൊഴുത്ത ചക്കകള്‍ പള്ളിക്കാട്ടില്‍ അനാഥമായി ക്കിടന്നു.തണല് നഷ്ടപ്പെട്ട അബ്ദുവിന്റെ ഖബറി നെയോര്‍ത്തു മുല്ലയ്ക്ക ദുഖിതനായി.

പള്ളിക്കാട്ടില്‍ ഇരുള്‍ മൂടാന്‍ തുടങ്ങി.ആള്പെരുമാറ്റമില്ലാത്ത പള്ളിക്കാടിന്റെ ഇരുളുകളില്‍ സമാധിയില്‍ നിന്നുണര്‍ന്ന ജിന്നുകള്‍ രാത്രി സഞ്ചാരത്തിനായി തയ്യാറെടുത്തു. ഒരു ഉണങ്ങിയ കാരക്ക ത്തുണ്ട് ആലി മുല്ലാ തന്റെ ഒഴിഞ്ഞ വയറിലെക്കിട്ടു.പിന്നെ ഒരു കവിള്‍ വെള്ളം കുടിച്ചു.മഗുരിബു ബാങ്ക് വിളിക്കാന്‍ തയ്യാറായി..അല്ലാഹു അക്ബര്‍.. ആദ്യത്തെ തക്ബീര്‍ മുഴുവന്‍ ആക്കാന്‍ കഴിയാതെ ആലി മുല്ലാക്ക പള്ളി മിമ്ബരിന്റെ മുമ്പിലേക്ക് കുഴഞ്ഞു വീണു.

അബ്ദുവിന്റെ ഖബറി നടുത്തെ പള്ളിക്കാട്ടില്‍ അയനി പ്ലാവ് മുറിച്ചു നീക്കിയ പുതു മണ്ണില്‍ പുതിയൊരു ഖബറിന്റെ ജോലി ആരംഭിച്ചിരുന്നു......

Saturday, July 24, 2010

ശ്രീനിയുടെ കഥകള്‍ ..

പൂര്‍ണ്ണ ഗര്‍ഭിണി യായിരുന്നു ശ്രീനിയുടെ പ്രിയതമ ദീപ .നീര് വന്ന കാല്‍ സ്ടൂളിലേക്ക് പൊക്കി വെച്ചു അവള്‍ ശ്രീനിയോട്‌ പരിഭവം പറഞ്ഞു.


പ്രശസ്തിയിലേക്ക് താനെ ഉയര്‍ത്തുന്ന തന്റെ ഇനിയും പിറക്കാത്ത ഒരു കഥയെ ഓര്‍ത്ത്‌ സ്വയം പരിതപിക്കുകയായിരുന്നു ശ്രീനി.

ദീപയുടെ ആദ്യ പ്രസവത്തിന്റെ കടമ്പകള്‍ താണ്ടാന്‍ വീട്ടിലേക്കു കയറുന്ന വഴിയുടെ ഒരു വശം കല്ലുവെട്ടു കുഴിയാക്കേണ്ടി വന്ന ബാക്കി ഭാഗത്ത് അശോക ത്തെച്ചികള്‍ വളര്‍ന്നു നിന്നു.വഴിയിലേക്ക് ചാഞ്ഞ കൊമ്പുകള്‍ വകഞ്ഞു മാറ്റി മുറ്റത്തെത്തിയ തപാല്‍ക്കാരന് ഒരു ഗ്ലാസ് സംഭാരം കൊടുത്തു ദീപ മന്ദസ്മിതത്തോടെ കഞ്ഞി കൂര്‍ക്കല്‍ ഇല തേടി തൊടിയിലേക്കിറങ്ങി.

''എഴുത്ത് നിര്‍ത്തണം ഇനി താങ്കള്‍ എഴുതാന്‍ പാടില്ല.''എന്ന താപാലിലെ കത്തില്‍ ഒരു മാന്യ പ്രേക്ഷകന്റെ കൈയക്ഷരം ദീപയുടെതുമായി സാമ്യം തോന്നിയത് യാദൃശ്ചികമായിരിക്കാം .

ഉച്ച വെയില്‍ മൂത്ത് അശോക ത്തെച്ചികള്‍ വാടും നേരം വരെ ദീപയുടെ വിസ്തരിച്ചുള്ള കുളി നീണ്ടു.അഞ്ചാറു വീടുകള്‍ ക്കപ്പുറത്ത് ഡങ്കിപ്പനി മൂത്ത് മരണം വരിച്ച കാര്‍ത്തിയമ്മയുടെ ചിത കത്തി തീരുമ്പോഴേക്കും ശ്രീനിയുടെ പുതിയ കഥ അവസാന ഖണ്ഡികയില്‍ എത്തിച്ചേര്‍ന്നു.

എഴുത്ത് ശ്രീനിയുടെ ബലഹീനതയായിരുന്നു.എഴുതാത്ത ജീവിതം സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ലായിരുന്നു.തന്റെ കഥകളിലെ കഥാപാത്രങ്ങള്‍ എഴുതുന്ന കഥ ക്കനുസൃതമായി യാഥാര്‍ത്യത്തിലേക്ക് ഇറങ്ങി വരാറുണ്ടായിരുന്നു പലപ്പോഴും.പനി ഇതിവൃത്തമായി കഥ രചിച്ചപ്പോള്‍ കാര്ര്തിയമ്മ ഡങ്കിപ്പനി ബാധിച്ചു മരിച്ചപ്പോഴും പ്രണയം വിഷയമാക്കി കഥ പ്രസിദ്ധീകരിച്ച നാള്‍ സുഹൃത്തായ ബാലെട്ടന്റ്ടന് മകള്‍ നഷ്ടപ്പെട്ടപ്പോഴും ശ്രീനി തന്റെ കഥ എഴുത്ത് തുടര്ന്നു.

പിറക്കാന്‍ പോകുന്ന കുഞ്ഞിനു ആണ്‍ കുട്ടിയുടെ പേര് തിരഞ്ഞെടുക്കുന്ന വിചാരങ്ങളിലായിരുന്ന ദീപ നിറ വയര്‍ തലോടിയ നേരം പുതിയൊരു കഥാതന്തു ശ്രീനിയുടെ മനസ്സിലേക്ക് ഇറങ്ങി വന്നു.കഥയും കഥാപാത്രങ്ങളും മനസ്സിനെ പെറ്റു നോവിലെക്കാനയിച്ചു.കഥയിലേക്ക്‌ യാഥാര്‍ ത്യത്തിലെ ഒരു കഥാപാത്രത്തെ ലഭിക്കാതെ ശ്രീനിയുടെ ഉറക്കംനഷ്ടപ്പെട്ടു.

കഥാപാത്രത്തിന്റെ പേര് പ്രിയതമ ദീപയെന്നു തീരുമാനിച്ച ദിവസം സന്ധ്യാ നേരത്താണ് ദീപക്ക് പേറു നോവാരംഭിച്ചത്.പ്രസവ വാര്‍ഡിലേക്ക് ദീപയെ മാറ്റിയ ഇടവേളയില്‍ ശ്രീനി തന്റെ പ്രസിദ്ധമായ കഥ എഴുതി ത്തീര്‍ത്തു.ദീപക്ക് പിറന്നത്‌ ഒരാണ്‍ കുട്ടിയായിരുന്നു.ആ വര്‍ഷത്തെ ഏറ്റവും നല്ല കഥയ്ക്കുള്ള അവാര്‍ഡു കഥാകാരന്‍ ശ്രീനിക്കായിരുന്നു...

Sunday, July 18, 2010

നന്മണ്ടൻ: ഒളിക്കാന്‍ ഇടം തേടിയ പുല്‍ ചാടികള്‍

നന്മണ്ടൻ: ഒളിക്കാന്‍ ഇടം തേടിയ പുല്‍ ചാടികള്‍

ഒളിക്കാന്‍ ഇടം തേടിയ പുല്‍ ചാടികള്‍

കൈപ്പവള്ളിയില്‍ കുരുന്നു പൂവുകള്‍ തളിരിട്ട ഒരു വൈകുന്നേരമാണ് ആദിത്യന്‍ അനിലയെ പ്രണയിക്കാന്‍ തുടങ്ങിയത്.മകരക്കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ വേനല്‍ കൃഷിക്ക് തടമോരുക്കുകയായിരുന്നു ഗോപന്‍ .പാടത്തിനു മുകളില്‍ ഇരുണ്ട കാര്‍മേഘ ക്കൂട്ടങ്ങള്‍ ഇപ്പോള്‍ പെയ്യുമെന്ന് വ്യാമോഹിപ്പിച്ചു പതിയെ പുക്കുന്നു മലകളിലേക്ക് നീങ്ങി.


ആദിത്യന്റെ പ്രണയസങ്കല്പങ്ങളിലേക്ക് അനിലയെ കുടിയിരുത്തിയത് ഗോപുവായിരുന്നു.അനിലയെ താന്‍ പ്രണയിചിരുന്നോ? പ്രകടിപ്പിക്കാന്‍ കഴിയാത്ത അവ്യക്തമായതെന്തോ നെഞ്ചില്‍ കിടന്നു വിങ്ങിയിരുന്നു.കൊയ്തൊഴിഞ്ഞ പാടത്ത് ഒളിക്കാനിടം നഷ്ടപ്പെട്ട പുല്‍ചാടികള്‍ തൊടിയിലേക്ക്‌ പറന്നു.പുക്കുന്നു മലയില്‍ നിന്നും തിരികെ വന്ന മേഘങ്ങള്‍ സൂര്യനൊപ്പം അസ്തമയത്തിലേക്ക് അനുഗമിച്ചു.

പേരക്കമരം തൊടിയിലേക്ക്‌ ചായ്ച്ചിട്ട കൊമ്പില്‍ ഇളം ചുവപ്പാര്‍ന്ന പേരക്കകള്‍ തിരയുകയായിരുന്നു അനില .ആദിത്യന്റെ പ്രണയം തീര്‍ത്ത വര്‍ണ്ണമോ ഗോപുവിന്റെ നെഞ്ചിലെ വിങ്ങലോ അനിലയുടെ മുഖം പഴുത്തു തുടങ്ങിയ പേരക്ക പോലെ ഇളം ചുവപ്പാര്‍ന്നിരുന്നു.ഒളിക്കാനിടം കിട്ടിയ പുല്‍ ചാടികള്‍ പേരക്ക മരയിലകളിലും താഴെ പടരന്‍ പുല്ലുകല്‍ക്കിടയിലും വിരാജിച്ചു..

ആദിത്യന്‍ സ്വപ്ന ലോകത്തായിരുന്നു.അനിലയെക്കുറിച്ച് പറയുമ്പോള്‍ ആദിത്യന് നൂറു നാവുകളായിരുന്നു.ഗോപു നട്ട പടവലവള്ളികള്‍ കായ്ച്ചു തുടങ്ങും കാലം ആദിത്യന്‍ അനിലയെ പിരിയാന്‍ വയ്യാത്ത വിധം അടുത്തു.പ്രകടിപ്പിക്കാന്‍ അറിയാത്ത പ്രണയം ഗോപുവിന്റെ ഉള്ളില്‍ കനത്തു നിന്നു.ഉണങ്ങിയ ചാണകവും ചപ്പിലയും കൂട്ടി ഗോപു പച്ചക്കറിത്തടങ്ങളില്‍ കരിച്ചു വളമാക്കി.മൂത്ത് വിളഞ്ഞ പടവലക്കായകള്‍ പെയ്യാന്‍ മടിച്ച മഴ മേഘങ്ങള്‍ പോലെ താഴേക്കു തൂങ്ങി നിന്നു.

കൊള്ളു കയറി വന്ന കുപ്പിവളക്കാരന്റെ കയില്‍ നിന്നും വര്‍ണ്ണങ്ങളുള്ള കുപ്പിവളകള്‍ ആദിത്യന്‍ അനിലയുടെ മെലിഞ്ഞു നീണ്ട കൈകളിലേക്ക്അണിയിചുകൊടുത്തു.പൂര്‍ണ്ണമായും പഴുത്ത പേരക്കകള്‍ പോലെ അനിലയുടെ മുഖവും ചുവന്നു തുടുത്തു .ആദിത്യന്റെയും അനിലയുടെയും ഇടയിലേക്ക് വര്‍ണ്ണങ്ങളിലുള്ള പുല്‍ ചാടികള്‍ പറന്നു വന്നു.

വണ്ണാത്തിപ്പുള്ലുകള്‍ മത്സരിച്ചു പാടുന്ന കാട്ടു കൈതക്കൂട്ടങ്ങളുടെ മുകളിലേക്ക് കാര്‍മേഘങ്ങള്‍ പതുങ്ങി വന്നു.ഗോപുവിന്റെ നെഞ്ചിലെ ഖനം ആദിത്യന്‍ തിരിച്ചറിയുകയായിരുന്നു.പുതു ചാണകം മെഴുകിയ തറയില്‍ നിറമുള്ള വളപ്പൊട്ടുകള്‍ നിരത്തി വെച്ചു നിറഞ്ഞ കണ്ണ്കളുമായി അനില ഗോപുവിനെ നോക്കി, പ്രകടിപ്പിക്കാന്‍ കഴിയാതെ നെഞ്ചില്‍ കനത്തു നിന്ന പ്രണയം ഉരുകിത്തുടങ്ങുന്നത് ഗോപു അറിഞ്ഞു.

ദൂരെ ഏതോ ക്ഷേത്രത്തില്‍ ഉത്സവം കൊടിയേറുകയായിരിക്കാം നേര്‍ത്ത ചെണ്ടമേളം പാടത്തേക്കു ഒഴുകി വന്നു.വേനല്‍ മഴയുടെ മുന്നോടിയായി ഇടിനാദവും മുഴങ്ങി.തൊടിയിലെ കിളച്ച വരമ്പിന്‍ മൂലകളില്‍ പ്രണയം പോലെ വെളുത്ത കൂണുകള്‍ മുളച്ചു പൊന്തി.

ഉഴുതു തീര്‍ന്ന പാടത്തേക്കു മഴനാരുകള്‍ പെയ്തിറങ്ങി.കലപ്പ യഴിച്ചു സ്വതന്ത്രമാക്കപ്പെട്ട ഗോപുവിന്റെ കാളകള്‍ തോട്ടിലെക്കിറങ്ങി.വണ്ണാത്തി പ്പുള്ലുകള്‍ മഴ നനയാതെ പച്ചില ചപ്പുകളിലേക്ക് ഒളിച്ചിരുന്നു.കൈതപ്പൂവുകള്‍ മഴ നനഞ്ഞു കനമാര്‍ന്നു കൊള്ളു കളിലേക്ക് തൂങ്ങി നിന്നു.അവാച്യമായ കൈതപ്പൂ മണം അന്തരീക്ഷത്തെ മത്തു പിടിപ്പിച്ചു.നിറം മങ്ങിയ പുല്‍ ചാടികള്‍ പാടത്തേക്കു തിരിച്ചു പറന്നു.മഴ നനഞ്ഞ കാളകള്‍ ആലയിലേക്ക്‌ കയറിപ്പോയി.

കാര്‍ മേഘങ്ങളി ല്ലാത്ത ആകാശം വെളുത്തു വൃത്തിയായി നിന്നു.ഉഴുതു മരിച്ച പാടങ്ങളില്‍ പുതു നാമ്പുകള്‍ മുളച്ചു തുടങ്ങി.അനിലയുടെ വലതു കരം ഗോപുവിന്റെ വലതു കരത്തിലേക്ക് ബന്ധിപ്പിച്ചു ആദിത്യന്‍ ഒരു നിമിഷം ധ്യാന നിമഗ്നനായി.പിന്നെ യാത്ര പോലും പറയാതെ തിരിഞ്ഞൊന്നു നോക്കാതെ കൊള്ളി റങ്ങി പാടവും കടന്നു ദൂരേക്ക് മറഞ്ഞു.ഒപ്പം ഗോപുവിന്റെ മനസ്സില്‍ കനത്തു നിന്ന ഏതോ ഭാരവും .....,.

Wednesday, July 14, 2010

മഴയിലേക്ക്‌ ഒരു പൈങ്കിളിക്കഥ ...

അണയാന്‍ പോവുന്ന മണ്ണെണ്ണ വിളക്കിലേക്ക് അല്പം എണ്ണ കൂടി ഒഴിച്ച് അമ്മു മുത്തശിയുടെ കാല്‍ തിരുമ്മി.പുറത്ത്‌ മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.ചീവീടുകള്‍ നിര്‍ത്താതെ സംഗീതം പൊഴിച്ച് രാവിനെ കൂടുതല്‍ മനോഹരമാക്കി.വെളിച്ചം


കെട്ടു പോവാതിരിക്കാന്‍ കുളുര്‍ന്നു വിറച്ചൊരു മിന്നാ മിനുങ്ങു ഇറയത്തെക്കു കയറി നിന്നു.ജനലഴിയിലൂടെ അരിച്ചു വന്ന തണുപ്പ് കാറ്റേറ്റ് മുത്തശി പുറം തിരിഞ്ഞു കിടന്നു.നേര്‍ത്തൊരു മിന്നലില്‍ ഒരു നിമിഷം ഓലപ്പുരയുടെ ഉമ്മറം മുതല്‍ നോക്കെത്താ ദൂരത്തു വിളഞ്ഞ നെല്‍പാടങ്ങളും കടന്നു അനന്തതയിലേക്ക് മനോഹരമായൊരു ദൃശ്യം അമ്മുവിന് കാഴ്ച വെച്ചു.ഓല മെടഞ്ഞുന്ടാക്കിയ പിന്‍ഭാഗത്തെ വാതിലില്‍ കൂടി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച കള്ളിപ്പൂച്ചയെ അമ്മു വിരട്ടിയോടിച്ചു.വെള്ളം നിറച്ച പഴയ വക്കുകള്‍ പൊട്ടിയ പാന ചേര്‍ത്തു വെച്ചു വാതിലടച്ചു.മഴ അല്പം ശമിച്ചിരുന്നു.അടുക്കള ഭാഗത്തെ പുളി മരത്തില്‍ നിന്നും മഴയുടെ ബാക്കി വന്ന ജല കണങ്ങള്‍ കാറ്റ് തെങ്ങോല മെടഞ്ഞു മേഞ്ഞ മേല്‍ക്കൂരയിലേക്ക് കുടഞ്ഞിട്ടു.ജയദേവന്‍ ഇനിയും എത്തിയിട്ടില്ല.അമ്മുവിന്‍റെ കളിക്കൂട്ടുകാരന്‍ ജയദേവന്‍ ഒരു മാസം മാത്രമേ ആയിട്ടുള്ളൂ അവളുടെ കഴുത്തില്‍ താലി കെട്ടിയിട്ട്‌.അയാളെ ഓര്‍ത്തപ്പോള്‍ അമ്മുവിന്‍റെ ഇടതു ചെവിക്കു പുറകിലെ മറുക് ഉണര്‍ന്നു നിന്നു.എന്തോ പിറ്പിറ്ത്തുകൊണ്ട് മുത്തശി വീണ്ടും മറുഭാഗത്തേക്ക് തിരിഞ്ഞു കിടന്നു.അടുത്ത പട്ടണത്തില്‍ ബസ് സ്ടാണ്ടിലെ ചുമടെടുപ്പുകാരനാണ് ജയദേവന്‍ ഗ്രാമത്തിലേക്കുള്ള അവസാനത്തെ ബസ്സിലാണ് ദിനവും തിരിചെത്താറുള്ളത്‌..അമ്മു ഓര്‍ത്തു അവളുടെഅയല്‍ക്കാരായിരുന്നു ജയദേവന്റെ കുടുംബം ,കളിക്കൂട്ടുകാരനും.ബാല്യം മുതല്‍ നിഷ്കളങ്കമായി പ്രണയിച്ചു കൌമാരത്തിന്റെ മഴയിടങ്ങളിലൂടെ സഞ്ചരിച്ചു യൌവ്വന ത്തില്‍ ഒന്നിച്ചു ചേരാന്‍ ഭാഗ്യം ലഭിച്ചവര്‍.മഞ്ഞും മഴയും വീണ നനഞ്ഞ തണുത്ത പാട വരമ്പിലൂടെയും പരല്‍മീനുകള്‍ മാനം നോക്കി കിടക്കുന്ന കൈത്തോട്ടിലൂടെയും ഒരു കുടക്കീഴില്‍ നടന്നു കളിച്ചു തിമര്‍ത്ത ബാല്യം.തൊടിയിലെ പടര്‍ന്നു പന്തലിച്ച മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ ഊഞ്ഞാലാടിത്തിമര്‍ത്തു,മഴ പെയ്തു തോര്‍ന്നു മാവിന്‍ ചോട്ടില്‍ മാമ്പഴം പകുത്തു തിന്നു,പകുതി തിന്നു തീര്‍ത്ത മാമ്പഴത്തിനായി അണ്ണാറക്കണ്ണനോട് കലഹിച്ചു തീര്‍ത്ത കുട്ടിക്കാലം ,ഓലപ്പുരയുടെ മരയഴിയിട്ട ജാലകത്തിലേക്ക്കാതുചേര്‍ത്തു അമ്മു മയങ്ങി.മഴ വീണ്ടും ശക്തിയോടെ ഭൂമിയിലേക്ക്‌ പെയ്തിറങ്ങി .പട്ടണത്തില്‍ നിന്നും പുറപ്പെട്ട അവസാനബസ്സ് ഗ്രാമ പാതയില്‍ കിതച്ചു നിന്നു.ജയദേവന്‍ ചെമ്മണ്‍ പാതയിലെക്കിറങ്ങി നടന്നു തുടങ്ങി.നെല്‍ക്കതിര്‍ വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ക്കു നടുവിലൂടെനിവര്‍ത്തിയിട്ട ചെമ്മണ്‍ പാതയിലേക്ക് പാടം നിറഞ്ഞു വെള്ളം ഒഴുകിയിരുന്നു.വയല്‍ പൊത്തുകളലിരുന്നു പെണ്തവളകളെ വശീകരിക്കുവാന്‍ ആണ്‍തവളകള്‍ മത്സരിച്ചു കരഞ്ഞു കൊണ്ടിരുന്നു.പ്രണയാര്ദ്രയായ ഒരു പെണ്തവള ജയദേവന്റെ കാലിനടിയിലൂടെ ഇക്കിളിയിട്ട് മറു ഭാഗത്തേക്ക് ഊളിയിട്ടു.മഴ കൊണ്ട് തണുത്ത വയല്‍ കാറ്റ് ജയദേവനെ തരളിതനാക്കി വടക്കോട്ട്‌ വീശി.ചെമ്മണ്‍വഴിയില്‍ നിന്നും തിരിഞ്ഞ നടവരമ്പ് അവസാനിക്കുന്നിടത്ത് വീട്ടു തൊടിയിലെക്കുള്ള നടപ്പാലം വരെ വെള്ളം കയറി നിന്നു.വഴുക്ക് പിടിച്ച തെങ്ങിന്‍ പാലത്തില്‍ ഒരു നീര്‍ക്കോലിക്കുഞ്ഞു ചെറു പരലിനെ ലക്ഷ്യമിട്ട് നിന്നു. അമ്മു കൊളുത്തിടാന്‍ മറന്ന വാതിലില്‍ കൂടി വീട്ടിലേക്കു കയറിയ ജയദേവന്റെ കൂടെ കുളുര്‍ന്നു വിറച്ച മിന്നാമിനുങ്ങും കൂട്ട് കൂടി.ജാലകത്തിലേക്ക് തല ചായ്ച്ചുറങ്ങുന്ന അമ്മുവിന്‍റെ മുഖം മണ്ണെണ്ണ വിളക്കിന്റെ പ്രഭയില്‍ തിളങ്ങി നിന്നു.സ്വപ്‌നങ്ങള്‍ മിന്നി മറയുന്ന മുഖത്തു ഒരു വാഴയില കുടയാക്കി ഒരു ജീവിതം മുഴുവന്‍ മഴക്കാലമാക്കി പിന്നിട്ട കളി ക്കൂട്ടുകാരിയുടെ സാഫല്യം ജയദേവന്‍ വായിച്ചെടുത്തു.തണുത്തുറഞ്ഞ ഇടതു ചെവിക്കു പുറകിലെ തവിട്ടു നിറമുള്ള മറുകില്‍ ജയദേവന്‍ പതിയെ ചുംബിച്ചു.അമ്മുവിന്‍റെ ഉണര്‍ച്ച ക്കൊപ്പം മറുകും ഉണര്‍ന്നിരുന്നു,മഴ തോര്‍ന്നു തണുപ്പകന്ന തൊടിയില്‍ മിന്നാ മിനുങ്ങുകള്‍ ആനന്ദ നൃത്തം ചെയ്തു.പതിയെ അമ്മു ജയദേവന്റെ ആലിംഗനത്തിലേക്ക് ഒതുങ്ങി

Monday, July 12, 2010

നഷ്ടപ്പെട്ട കളിപ്പാവകള്‍ ...

അല്പം ഗോതമ്പ് തവിട് വായിലിട്ടു അയ്മന്‍ പുറത്തെ ക്കെവിടെയോ ഓടി മറഞ്ഞു.ഫത്തൂമി നഷ്ടപ്പെട്ട പാവക്കുട്ടിയെ ഓര്‍ത്ത്‌ കരയുകയായിരുന്നു.ഉമ്മു അയ്മന് കരയാന്‍ കണ്ണ് നീരില്ലായിരുന്നു.ഉപരോധം കണ്ണ് നീരിനെപ്പോലും ബാധിച്ചിരിക്കാം.


താര്‍പ്പായ മേല്‍കൂര വിരിച്ച അഭയാര്‍ത്തി കൂടാരത്തിന് മുമ്പിലെ മലിന ജലത്തില്‍ അംഗ ഭംഗം വന്ന കുട്ടികള്‍ കളിക്കുന്നു.ഫത്തൂമി വീണ്ടും കരഞ്ഞു.ഇപ്പോള്‍ അവള്‍ കരഞ്ഞത് വിശന്നിട്ടായിരുന്നു.ഉമ്മു അയ്മന്‍ വെള്ളം ചൂടാക്കി അല്പം ഗോതമ്പ് അതിലേക്കിട്ടു ചൂടാക്കി ത്തുടങ്ങി.

അയ്മന്‍ കടല്‍ തീരത്തെക്കായിരുന്നു ഓടിയത്.ധ്യാനത്തിലെന്ന പോലെ ഇരുന്ന കിഴവന്റെയടുത്തു അയ്മനിരുന്നു.കിഴവന്റെ കണ്ണില്‍ നിന്നും ഉപരോധമില്ലാതെ കണ്ണ് നീര്‍ ഒഴുകി മൈലാഞ്ചി ത്താടിയും നനച്ചു മുഷിഞ്ഞ വസ്ത്രത്തിലേക്ക്‌ ഒഴുകി.

അയ്മന്‍ കിഴവന്റെ ഒരു ഗ്ലാസ്സ് പൊട്ടിയ ദൂര ദര്ശിനിയില്‍ സഹായഹസ്തവുമായി വരുന്ന ഒരു കപ്പല്‍ തിരഞ്ഞു.കടല്‍ ക്കരയില്‍ അയ്മനും കിഴവനും മാത്രമേ ഉണ്ടായിരുന്നുള്ളൂ .കടല്‍ ത്തീരം മരുഭൂമി യിലേക്ക് ലയിച്ചു നിന്നു.

കിഴവന്റെ കണ്ണ് നീര്‍ പോലെ തിരമാലകള്‍ ഉപരോധമില്ലാതെ കരയിലേക്ക് കയറിയും കടലിലേക്ക്‌ ഇറങ്ങിയും തന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നു.ഫത്തൂമിയുടെ നഷ്ടപ്പെട്ട കളിപ്പാട്ടം യമനെ വീണ്ടും മ്ലാനവദനാക്കി .കിഴവന്‍ യമനെ അരികിലീക്ക് ചേര്‍ത്തു നിര്‍ത്തി പിറുപിറുത്തു.''വരും ഒരു കപ്പല്‍ ക്ഷമിക്കൂ കുട്ടീ ''.

സൈന്യം ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത വീടിനു താഴെ ഫത്തൂമിയുടെ നഷ്ടപ്പെട്ട കളിപ്പാട്ടത്തിനൊപ്പം തന്റെ ജെഷ്ടനും പിതാവും മണലില്‍ പുതഞ്ഞു കിടന്നു.കിഴവന്‍ എഴുന്നേറ്റു യമനോട് ഒന്നും മിണ്ടാതെ അതിര്‍ത്തിയില്ലാത്ത കടല്‍ തീരം മുറിച്ചു കടന്നു മരുഭൂമി യിലെക്കെവിടെയോ മറഞ്ഞു.

കടല്‍ തീരത്ത്‌ അയ്മന്‍ മാത്രമായി.തകര്‍ത്താലും എളുപ്പം പണിയാനാവുന്ന മാള ങ്ങളിലേക്ക് ബുള്‍ ടോസരിന്റെ മഞ്ഞ നിറമുള്ള ഞണ്ടുകള്‍ ഒളിച്ചു കളി തുടര്ന്നു.കിഴവന്‍ ഉപേക്ഷിച്ചു പോയ ദൂര ദര്ശിനി യുടെ പൊട്ടിയ ഗ്ലാസ്സില്‍ അയ്മന്‍ ന്റെ മുഖം മുറിഞ്ഞു കിടന്നു.

ഉമ്മു അയ്മന്‍ ഗോതമ്പ് കഞ്ഞി വേവിച്ചു അയ്മന്‍ നെ കാത്തിരുന്നു.നഷ്ടപ്പെട്ട കളി പാവയെ ഓര്‍ത്ത്‌ കരഞ്ഞു ഫത്തൂമി ഉറങ്ങി.അബൂ അയ്മന്‍ ന്റെ വിവാഹ നാളെടുത്ത ചിത്ത്രത്തിലേക്ക് വികാരമില്ലാതെ നോക്കി ഉമ്മു അയ്മന്‍ നെടു വീര്‍പ്പിട്ടു.

ഉപരോധം സൃഷ്ടിച്ച പട്ടാള ബാരക്കുകളില്‍ വീഞ്ഞും രതിയുമൊഴുകി.ചെറു കല്ലുകള്‍ പെറുക്കി എടുത്തു അംഗ ഭംഗം വന്ന കുട്ടികള്‍ ശൂന്യത യിലെക്കെ റിഞ്ഞു തങ്ങളുടെ പ്രതിഷേധം അറിയിച്ചു.സ്വന്തം നാട്ടില്‍ അന്യമാക്കപ്പെട്ട കുട്ടികള്‍ നഷ്ടപ്പെട്ട കളി പ്പാട്ടങ്ങളും തകര്‍ന്ന വീടുകളിലെ വിരല്‍ പ്പാടുകളും ദുസ്വപ്നം കണ്ടു ഞെട്ടി ഉണര്‍ന്നു.ദൂര ദര്‍ശിനിയില്‍ പൊട്ടാത്ത ഗ്ലാസ്സിലൂടെ അകലെ തകര്‍ന്ന കപ്പലില്‍ നിന്നും ഒഴുകി നടന്ന ഒരു കളി പ്പാവ അയ്മന്‍ ന്റെ ദൃഷ്ടി യിലേക്ക് കടന്നു വന്നു.ഉമ്മു അയ്മന്‍ ഗോതമ്പ് വിതരണം ചെയ്യുന്ന വരിയിലെ അവസാനത്തെ അഭയാര്‍ത്തി സ്ത്രീ ആയിരുന്നു..

കടലില്‍ അയ്മന് തൊടാനാവാതെ കളിപ്പാവ തെന്നി യൊഴുകി ക്കൊണ്ടിരുന്നു.നഷ്ടപ്പെട്ട കളിപ്പാട്ടം തിരിച്ചു കിട്ടിയ ഫത്തൂമിയുടെ ആഹ്ലാദം അയ്മന്‍ നെ ഉല്സാഹ വാനാക്കി...പകുതിക്കു താഴെ ശതമാനം വരുന്ന ബാക്കി അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഗോതമ്പി ല്ലാതെ സന്നദ്ധ പ്രവര്‍ത്തകര്‍ ആകാശത്തേക്ക് കൈയുയര്‍ത്തി പ്രാര്‍ത്ഥന യില്‍ മുഴുകി.അവസാനത്തെ വരിയില്‍ ഉമ്മു അയ്മന്‍ തളര്‍ന്നു വീണു.തകര്‍ന്ന വീട്ടിനടിയില്‍ നഷ്ടപ്പെട്ട കളിപ്പാവയെ ഓര്‍ത്ത്‌ ഫത്തൂമി അപ്പോഴും കരയുന്നുണ്ടായിരുന്നു

Saturday, July 3, 2010

തകര്‍ന്നടിഞ്ഞ കടല്പ്പാലങ്ങള്‍...combined work,Mixing of imaginations from two different brains...

ജോലിയുടെ ഭാഗമായി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഞാന്‍ ഒമാനിലെത്തിയത്. തനിയാവര്‍ത്തനങ്ങളായ മീടിങ്ങുകള്‍ക്കൊടുവില്‍ അല്‍പനേരം വിശ്രമിക്കാന്‍ മുറിയിലേക്ക് വന്ന നേരമാണ് അലീനയുടെ ആ സന്ദേശം എനിക്ക് ലഭിക്കുന്നത്.


''നജീബ്, അടുത്ത ഡിസംബറില്‍ ഞാനെന്റെ പ്രിയപ്പെട്ട നഗരം ഒന്ന് കൂടി കാണാന്‍ വരുന്നു, ഒന്നിനുമല്ല വെറുതെ ആ കടല്‍ പ്പാലത്തിലൂടെ ഒന്ന് നടക്കണം. പിന്നെ കടല്‍ക്കരയില്‍ അല്‍പ സമയം സ്വയം മറന്നിരിക്കണം. അത്ര മാത്രം..കഴിയുമെങ്കില്‍ ഡിസംബര്‍ അവസാന വാരത്തിലേക്ക് രണ്ടു ദിവസത്തെ അവധിക്കു ശ്രമിക്കുക.. അലീന''

"ഈ രാത്രിവണ്ടിയില്‍ മയില്‍പീലികള്‍ ചിതറിച്ചു ഞാന്‍ നിന്നില്‍ നിന്ന് മടങ്ങി പോകുന്നു" എന്ന് നോട്ട് ബുക്കില്‍ എഴുതി, തന്റെ ഉമ്മയോടും ബാപ്പയോടും യാത്ര പറഞ്ഞു, തിരിഞ്ഞു നോക്കാതെ വീട്ടില്‍ നിന്ന് ഇറങ്ങി ഓടിയ ഒരു സ്നേഹിതയെ ഞാന്‍ ഓര്‍മിച്ചു. അത് അലീന ആയിരുന്നു. അക്കാലത്തു അവള്‍ തങ്ങളുടെ അയല്‍ക്കാരിയായിരുന്നു. കോഴിക്കോട് നിന്ന് അവളും പപ്പയും ഡല്‍ഹിയിലേക്കു പോയി. അവള്‍ ഞങ്ങള്‍ക്ക് അയച്ച നിറയെ ചിത്രങ്ങള്‍ ഉള്ള കത്തുകള്‍ കണ്ടു ഉമ്മ മാത്രം ഇടയ്ക്കിടെ അവളെയോര്‍ത്തു കരഞ്ഞു. ഒരു കത്തില്‍ പപ്പാ മരിച്ചെന്നും സ്പെയിനിലേക്ക് പോകും മുന്‍പ വിവാഹിതയാവുകയാണ്‌ എന്നും അവള്‍ എഴുതി. അതായിരുന്നു അവസാനത്തെ കത്ത്.

കടലോരത്ത് ലൈറ്റ് ഹൌസിനു താഴെ, നിര്‍ത്താതെ വീശിക്കൊണ്ടിരുന്ന, കടല്‍ക്കാറ്റിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കട്ടിയോടു കൂടിയ മരത്തടികളാല്‍ പണിത വീട്ടില്‍ ആയിരുന്നു അലീനയുടെ കുടുംബം താമസിച്ചിരുന്നത് എന്നാണോര്‍മ്മ. അരികെയായി കടല്‍പ്പാലം ദൃശ്യമാവും വിധം മട്ടുപ്പാവ് പണിത ഞങ്ങളുടെ വീടും.

കടലിലെ വേലിയിറക്കങ്ങളില്‍ കടലാമകള്‍ കൂട്ടമായി വന്നു കരയില്‍ മുട്ടകള്‍ നിക്ഷേപിച്ചു തിരിച്ചു പോവുന്നതും വിരിഞ്ഞ കടലാമക്കുഞ്ഞുങ്ങള്‍ നീന്തല്‍ പഠിക്കാനിറങ്ങുന്നതും ഞങ്ങളുടെ മട്ടുപ്പാവിലിരുന്നു കൌതുകത്തോടെ വീക്ഷിക്കുന്നത് നേരിയൊരു ചിത്രം പോലെ മനസ്സിലിന്നുമുണ്ട്‌.

അടുത്ത മീറ്റിങ്ങിനുള്ള സമയം ആഗതമായപ്പോള്‍ സ്വദേശിയായ ഒരുദ്യോഗസ്ഥന്‍ എന്നെ കൂട്ടി കൊണ്ടുപോയി. പരിഷ്കാരങ്ങള്‍ ഏറെ കടന്നു ചെല്ലാത്ത ഒമാനിലെ ചെറിയൊരു മുനിസിപ്പാലിറ്റി ആയിരുന്നത്. കുന്നുകള്‍ക്കിടയിലൂടെ വെട്ടിയുണ്ടാക്കിയ വഴിയിലൂടെ സ്വദേശി ലാന്ഡ് ക്രൂയ്സര്‍ അനായാസേന ഓടിച്ചു. പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കുന്നിനു മുകളില്‍ കാറ്റിന്റെ പ്രവര്‍ത്തനത്താല്‍ വിദ്യുച്ഛക്തി ഉത്പാദിപ്പിക്കുന്ന ഒരു യന്ത്രം സ്ഥാപിക്കുക ,അതാണ് ഞങ്ങളുടെ കമ്പനി ഏറ്റെടുത്ത ദൌത്യം. സ്വദേശിയായ ഡ്രൈവര്‍ ഇല്ലാത്ത വഴികളിലൂടെ വിദഗ്ദ്ധമായി വണ്ടിയോടിച്ചു. പുറകില്‍ എനിക്കരികിലിരുന്ന ഉദ്ധ്യോഗസ്ഥര്‍ വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നു.

***

ലൈറ്റ് ഹൌസിനു പുറകിലെ നിരത്തിലൂടെ ദൂരേക്ക് നടന്നു നീങ്ങിയ അലീനയുടെ കുടുംബം കണ്ണില്‍ നിന്നും മറയും വരെ മട്ടുപ്പാവിലിരുന്നു ഞാന്‍ നോക്കി. കടല്‍പ്പാലം പൊളിഞ്ഞു തുടങ്ങിയിരുന്നു. സന്ദര്ശകരെ പാലത്തിലേക്ക് കടത്തി വിടാതെ അനുവദിക്കാതെ നഗര കാവല്‍ക്കാരന്‍ കാവല്‍ നിന്നു. അലീന കൂടെയില്ലാതെ കടല്‍പ്പാലത്തിലേക്ക് നോക്കാന്‍ ഞാന്‍ അശക്തനായിരുന്നു. കൈകള്‍ വീശി റേഡിയോനിലയത്തിന്റെ വളവിലേക്ക് തിരിഞ്ഞവസാനിച്ച രണ്ടു കൈകള്‍ കുറെ വര്‍ഷങ്ങളായി മനസ്സിനെ അലട്ടിയിരുന്നു.

***

വഴി തീര്‍ന്നെന്നോര്‍മ്മിപ്പിച്ചു വലിയൊരു പാറക്കൂട്ടം വാഹനത്തിന്റെ മുന്നില്‍ ദൃശ്യമായിടത്തു നിന്ന് ഞങ്ങള്‍ കാല്‍നടയായി കുന്നു കയറിത്തുടങ്ങി. നീണ്ട പതിനെട്ടു വര്‍ഷത്തെ പ്രവാസം സമ്മാനിച്ച കിതപ്പ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തി. കുന്നിന്‍ മുകള്‍ഭാഗം വിശാലമായിരുന്നു. ആകാശംതൊടാവുന്നത്ര അകലത്തില്‍ തൂങ്ങിക്കിടന്നു. നാസ പുതുതായി കണ്ടുപിടിച്ച ഹൈഡ്രജന്‍ ശ്വസിക്കുന്ന ഉപഗ്രഹജീവികളെ എനിക്ക് നേരിട്ടു കാണാമെന്നു വെറുതെ ഞാന്‍ മോഹിച്ചു. താഴെ തകര്‍ന്നകടല്‍പ്പാലങ്ങള്‍ പോലെ ചെറുകുന്നുകള്‍ ചിതറിക്കിടന്നു.

***

തോരാതെ പെയ്തപേമാരിയിലെ പ്രളയത്താല്‍ ലൈറ്റ് ഹൌസിനെ കടലെടുത്ത ദിനങ്ങളില്‍ ഒന്നായിരുന്നു പ്രിയപ്പെട്ട കോഴിക്കോട് നഗരമുപെക്ഷിച്ചു ഞാനും പ്രവാസം വരിച്ചത്‌. പൊളിഞ്ഞു തുടങ്ങിയ കടല്‍പ്പാലത്തിനൊപ്പം ഉമ്മയും ബാല്യത്തില്‍ കൈവീശിക്കടന്നു പോയ അലീനയും മറവിയുടെ ഏതോ ഗഹ്വരങ്ങളില്‍ മതിമറന്നുറങ്ങി. കടലാമകള്‍ മുട്ടയിടാന്‍ തീരങ്ങള്‍ തേടിയലഞ്ഞു, സ്വതന്ത്രമായി മുട്ടയിട്ടു തിരിച്ചു പോയിരുന്ന അവറ്റകള്‍ ബാക്കിയായ തീരങ്ങളില്‍ പതുങ്ങി നിന്നു. ഇളം ചൂടാര്‍ന്ന കടലാമകളുടെ മുട്ടകള്‍ മുക്കുവക്കുട്ടികള്‍ എറിഞ്ഞുടച്ചു.

***

ആത്മ വിശ്വാസത്തോടെ ഞാന്‍ ഉദ്യോഗസ്ഥരുടെ കൂടെ കുന്നിറങ്ങി. നിന്റെ കഥകള്‍ പൂര്‍ണ്ണത കൈവരിക്കുന്നില്ല എന്ന വായനക്കാരുടെ വിമര്‍ശനങ്ങള്‍ അവഗണിച്ചു ഞാന്‍ എന്റെ കഥകളില്‍, കവിതകളില്‍, തകര്‍ന്നടിഞ്ഞ കടല്‍പ്പാലത്തിനൊപ്പം ഉമ്മയേയും അലീനയെയും തിരയുകയായിരുന്നു. ഉച്ചയൂണിനു ശേഷം പതിവ് ആവര്‍ത്തനങ്ങളായ ഓഫീസ് ജോലികള്‍ അവസാനിച്ചു സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ സൌഹൃദക്കൂട്ടായ്മകളിലേക്ക് ഊളിയിടാറാണ് പതിവ്. അന്നും പതിവ് വിരസതയകറ്റാന്‍ കൂട്ടമെന്ന സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ മുന്പേജിലായി ബ്ലോഗുകളുടെ ഇടയില്‍ നിന്നും ഒരു കഥയിലൂടെ അലീനയെ ഞാന്‍ വീണ്ടെടുക്കുകയായിരുന്നു.


വിലാപങ്ങളുടെ നിഴല്‍ചിത്രങ്ങള്‍പൂര്‍ണ്ണമാകുന്നത്

(അലീന എഫ്രയിം)

------ നീറുന്ന മുറിവുകളില് ‍കടല്‍കാറ്റ് പെയ്തു കൊണ്ടിരുന്നു. മുറിക്കപ്പെട്ട ചുണ്ടുകളും, ഉറക്കറയുടെ വിജനതയും,

അയാള് ‍ഇറങ്ങി പോകും മുന്‍പേ
തകര്‍ത്തെറിഞ്ഞ ഗ്ലാസ്സുകളും മരുപ്പച്ചകള്‍

ഇല്ലാത്ത മണല്‍കാടുകളെ ഓര്‍മിപ്പിക്കുന്നു.

അവള്‍ ഉറങ്ങാന്‍ ശ്രമിച്ചു. കണ്ണടക്കുമ്പോള് ‍അതിദൂരെ മിന്നാമിനുങ്ങുകള് ‍പറന്നിറങ്ങുന്ന ഒരു പുരാതനനഗരം. കടല്‍പാലത്തിലൂടെ പപയുടെ ഒപ്പം

ഓടി പോകുന്ന ഒരു പെണ്‍കുട്ടി.

ഉയര്‍ന്ന വിളക്ക് ഗോപുരങ്ങള്‍ മീന്‍വള്ളങ്ങളെ

തീരത്തേക്ക് വിളിച്ചു കൊണ്ടിരിക്കുന്ന രാത്രികള്‍.

തിരിച്ചു പോകണം എന്ന് അവള്‍ക്കു തോന്നി.

വിവാഹിതയായ ഒരു യുവതി ഇരുപതു

വര്ഷം മുന്‍പ് താന്‍ ജീവിച്ചിരുന്ന ഒരു നഗരത്തിലേക്ക്

ഏകയായി തിരിച്ചു ചെല്ലുക,

ഭര്‍ത്താവില്‍നിന്ന് ഓടി ഒളിക്കുകയാണ്.

അവിടെ അവളെ അറിയുന്ന ആരും ഉണ്ടാവുകയില്ല.

ബീച് റോഡിലെ ശതാവരി പടരന്നു കിടക്കുന്ന

ആ പഴയ വീട്ടില്‍നിന്ന് എല്ലാവരും മടങ്ങി പോയിരിക്കുന്നു.
എന്നിട്ടും അവള്‍ മടങ്ങി പോകാന് ‍ആഗ്രഹിച്ചു.

അവിടെ ആരും തന്നെ ആക്രമിക്കുകയില്ലന്നു അവള് ‍വിശ്വസിച്ചു.----------

***

നഷ്ടപ്പെട്ട നജീബെന്ന ബാല്യകാല സുഹൃത്ത്‌ ഞാനാണെന്ന അറിവ് അലീനയെ ഏതോ ആഹ്ലാദത്തിന്റെ തുരുത്തുകളിലേക്ക് ആനയിച്ചു. പിന്നെ സന്ദേശങ്ങളുടെ എഴുത്തുകളുടെ പ്രവാഹമായിരുന്നു.

''വൃദ്ധയായി, ഒരിക്കല് ‍ഞാന് ‍കോഴിക്കോട് വരുമായിരിക്കാം...

ഞാന്‍ഓടി നടന്ന വഴികളിലൂടെ ഏകയായി, കാഴ്ച മങ്ങി...

എന്താണ് എനിക്ക് അവിടെ നഷ്ടപ്പെട്ടത് എന്ന് അറിയില്ല.

എന്തിനാണ് ഞാന്‍വരുന്നതെന്നും.

എനിക്ക് ഭ്രാന്ത് ആണ് എന്ന് എല്ലാവരും പറയും.''

ഒരിക്കലും തകര്‍ന്നടിഞ്ഞു പോയ കടല്‍പ്പാലത്തെക്കുറിച്ചോ ഉമ്മയെക്കുറിച്ചോ ഞാനവളോട് സംവദിച്ചില്ല. ഡിസംബറുകളുടെ തണുത്ത സംവത്സരങ്ങള്‍ ഏറെ കടന്നു പോയിരുന്നു.

"തണുപ്പ് ചിതല്‍പുറ്റുകള്‍പോലെ നഗരത്തിലേക്ക് കടന്നു വന്നു. അറബിക്കടലിന്റെ തീരങ്ങളിലൂടെ മഴക്കാറുകള്‍ഇരമ്പി വരികയും. അതിര്‍ത്തികള്‍ഭേദിച്ച് കടല്‍ബീച് റോഡിലേക്ക് ചിതറി വീണു. ആ രാത്രി നഗരം കടല്‍തിരകളില്‍ആണ്ടു പോകുമെന്ന് ഞാന്‍ ഭയപ്പെട്ടു. കോഴിക്കോട് റെയില്‍വേ സ്റേഷന്‍തണുപ്പില്‍ ഉറങ്ങുന്ന വൃദ്ധയെപ്പോലെ ഇടയ്ക്കിടെ ഉണരുകയും പിന്നെയും ശബ്ദമില്ലാതെ നിശ്ചലമാവുകയും ചെയ്തു കൊണ്ടിരുന്നു. മദ്രാസില്‍നിന്ന് വരുന്ന ആ രാത്രിവണ്ടിയില് ‍അലീന വരുമെന്ന് അറിയിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍തീരങ്ങളിലൂടെ രാത്രികാലങ്ങളില് ‍മാത്രം കടന്നു പോകുന്ന വെസ്റ്റ് കോസ്റ്റ് എന്ന ആ തീവണ്ടി അവള്‍ തിരഞ്ഞെടുത്തത് എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. ആരും ഇറങ്ങുകയും കയറുകയും ചെയ്യാനില്ലാതെ ആ രാത്രിവണ്ടി കടന്നു വന്നു.."

ഞാന്‍മരിച്ചു പോകുമോ ? അറിയില്ല... ഒരു ജന്മം മുഴുവന്‍നിന്നെ കാത്തിരുന്ന്, അങ്ങനെ സംഭവിച്ചാല്‍എന്റെ ആത്മാവ് വേദനിക്കില്ലേ?

വണ്ടി പോയ്കഴിഞ്ഞിരുന്നു,,വീണ്ടും ഒരു ഡിസംബര്‍കൂടി കടന്നു പോയി..റെയില്‍വേ സ്ടഷനിലെ തണുത്തുറഞ്ഞ സിമന്റു ബഞ്ചില്‍ഞാന്‍കൂനിക്കൂടിയിരുന്നു..

**********************************************************************************

NB;തകര്‍ന്നടിഞ്ഞ കടല്പ്പാലങ്ങള്‍എന്ന ഈ കഥ രചിച്ചത് ഷാജഹാന്‍എന്ന നന്മണ്ടനും അലീന എഫ്രയിം എന്നാ യുവ കഥാകാരിയും കൂടിയാണ്.ചുവന്ന മഷി കൊണ്ടെഴുതിയ വരികള്‍അലീനയുടെതാണ്.ഈ രചനയ്ക്കായി കോഴിക്കോട്ടെ പഴയ കടല്പ്പാലത്തിന്റെ ചിത്രങ്ങള്‍അയച്ചു തന്ന സുഹൃത്ത് അജീബ് കൊമാച്ചിക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ....