Friday, August 13, 2010

വേര്‍പാടിന്റെ അവശേഷിപ്പുകള്‍ ..

ഒരു വേര്‍പാട് അവശേഷിപ്പിച്ച ശൂന്യതയിലേക്ക് നോക്കി ആലി മൊല്ലാക്ക നെടു വീര്‍പ്പിട്ടു.ഓത്തു പള്ളിയിലെ ചായ്പ്പില്‍ നിന്നും നോക്കിയാല്‍ പള്ളി പ്പറമ്പ് കാണാം.കഴിഞ്ഞാഴ്ച ലേലത്തില്‍ പോയ അയനി പ്ലാവ് മറമാടപ്പെട്ട മയ്യത്തുകളുടെ നെയ്യ് വളമായ് സ്വീകരിച്ചു പുഷ്ടിച്ചു നിന്നു.


അബ്ദുവിന്റെ പ്രവചനം പോലെ മുറിച്ചു മാറ്റപ്പെടുമെന്ന സത്യം ഉള്‍ക്കൊണ്ടു ഇപ്രാവശ്യം ചക്കകള്‍ ഇട തൂര്‍ന്നു കായ്ച്ചു നിന്നു.തൊട്ടരികിലായി പുതു മണ്ണിനാല്‍ പുതഞ്ഞു അബ്ദുവിന്റെ ഖബറും .

നീണ്ട ഇരുപത്തി രണ്ടു വര്ഷം തന്റെ നിഴലായി അയാളുണ്ടായിരുന്നു.ഇത് പോലെ ഒരു റംസാന്‍ ആരംഭത്തിലായിരുന്നു അബ്ദു ഈ ഓത്തു പള്ളിയുടെ പരിസരത്തെത്തിയത്.പിന്നെ ഓത്തു പള്ളിയുടെ ഈ ചായ്പ്പില്‍ ഖുറാന്‍ പാരായണവും പ്രാര്‍ത്ഥന കളുമായി താമസം തുടങ്ങി.സ്നേഹിക്കാന്‍ മാത്രമറിയുന്ന ഇന്നാട്ടുകാര്‍ അബ്ദുവിനെ ഗ്രാമക്കാരില്‍ ഒരാളായി സ്വീകരിക്കുകയായിരുന്നു.

ളുഹര്‍ ബാങ്ക് വിളിക്കുവാന്‍ ഒരു നാഴിക കൂടി.ദേഹ ശുദ്ധി വരുത്തുവാനായി ആലി മുല്ല പള്ളിക്കുളത്തിലെക്കിറങ്ങി.പൊളിഞ്ഞ കല്‍പ്പടവുകളില്‍ വേര്‍പാടുകളുടെ അവശേഷിപ്പുകള്‍ പോലെ പായല്‍ പൊതിഞ്ഞു പൊതിഞ്ഞു കിടന്നു.പിച്ചാത്തികൊണ്ട് പുതിയൊരു മിസ്‌വാക്ക് ചെത്തിയുണ്ടാക്കി,ഇടയ്ക്കു നിരകള്‍ വിട്ട പല്ലുകള്‍ ക്കിടയിലെക്കിട്ടു ഉരക്കാന്‍ തുടങ്ങി...

ഓത്തു പള്ളിക്ക് പുറകിലെ പാടത്ത് നിന്നും ഏതോ വികൃതിക്കുട്ടി പള്ളിക്കുളത്തില്‍ നിക്ഷേപിച്ച ആഫ്രിക്കന്‍ പായല്‍ കുളത്തിന്റെ ഭൂരി ഭാഗവും കൈയ്യടക്കി യിരുന്നു.ആലിമുല്ലാക്കയും അബ്ദുവും ഇറങ്ങി നിന്നു കുളിക്കുന്ന ഭാഗം മാത്രം ഒരു വൃത്തത്തില്‍ പായല്‍ മൂടാതെ കിടന്നു.

ആലിമുല്ലയുടെ വിണ്ടു കീറിയ നരിയാണിയില്‍ നിന്നും പാട പോലെ ഒരു ഒരു തരം വെളുത്ത പൊടി കുളത്തില്‍ പൊങ്ങിക്കിടന്നു.പള്ളിയിലെ പുരാതനമായ ഘടികാരം പന്ത്രണ്ടു തവണ അടിച്ചു ഇരുപതു മിനിട്ടിനു ശേഷം ആലിമുല്ല ളുഹര്‍ ബാങ്ക് വിളിച്ചു.

പള്ളിക്കാട്ടില്‍ റംസാന്‍ വെയില്‍ പൂത്തു നിന്നു.വ്രതമെടുത്ത മയ്യിത്തുകള്‍ക്കു ഐക്യ ധാര്ട്യം പ്രകടിപ്പിച്ചു കറുത്ത ചിറകുകളില്‍ വെള്ള പൊട്ടുകളിട്ട ചെറു തുമ്പികള്‍ മൂളിപ്പറന്നു.ഏതു സമയവും മുറിച്ചു മാറ്റപ്പെടുമെന്ന ഭീതിയോടെ യാനി പ്ലാവ് തളര്‍ന്നു നിന്നു.തൊട്ടടുത്ത പള്ളിക്കൂടത്തില്‍ നിന്നും രണ്ടു മൂന്നു അധ്യാപകരും നാട്ടുകാരായ അഞ്ചാറു വൃദ്ധരും ചെറു കുട്ടികളുമടങ്ങുന്ന ചെറു സംഘം ആലിമുല്ലയുടെ കാര്‍മ്മികത്വത്തില്‍ ളുഹര്‍ നമസ്കരിച്ചു.

നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം അബ്ദുവില്ലാത്ത ഒരു റംസാന്‍ ,,ഗ്രാമത്തിലെ തിരഞ്ഞെടുക്കപ്പെട്ട വീടുകളില്‍ നിന്നായിരുന്നു തങ്ങള്‍ക്കു ഭക്ഷണം ഏര്‍പ്പാടാക്കിയിരുന്നത്.കൃത്യ സമയത്ത് തന്നെ അബ്ദു വീടുകളില്‍ പോയി അബ്ദു അത് ശേഖരിച്ചു കൊണ്ട് വരും.പിന്നെ വഴിയില്‍ കണ്ട അല്പം പരദൂഷണവും വിളമ്പി ആഹാരം കഴിക്കും .ഏതോ ഒരു വീട്ടില്‍ നിന്നു മാത്രം അബ്ദു അവിടെയിരുന്നു കഴിക്കും,.തനിക്കുള്ളത് കരുതുകയും ചെയ്യും.ആ സ്വകാര്യത മാത്രം അബ്ദു ആലി മുല്ലയില്‍ നിന്നും മറച്ചു വെച്ചു.താന്‍ എല്ലാം അറിയുന്നുണ്ടായിരുന്നു.മറച്ചു വെച്ചതാണെങ്കിലും ആലിമുല്ല അതറിഞ്ഞി രുന്നു വെന്ന് അബ്ദുവും വിശ്വസിച്ചു.

വ്രതമെടുത്ത് അംഗ ശുദ്ധി വരുത്താന്‍ ഹൌളിലേക്ക് കൈയിട്ട കൊച്ചുകുട്ടി മൂന്നു തവണ കൈകുമ്പിളിലെ വെള്ളം ആര്‍ത്തിയോടെ കുടിച്ചു.അബ്ദുവിന്റെ ഖബറിനരികില്‍ തല ഭാഗത്തെ മീസാന്‍ കല്ലില്‍ യാനി പ്ലാവിന്റെ നിഴല്‍ വീണു കിടന്നു.മറു ഭാഗത്ത് സായാഹ്ന സൂര്യന്റെ കനം കുറഞ്ഞ വെളിച്ചവും.

ആദ്യ വ്രതത്തിന്റെ ക്ഷീണത്താല്‍ തളര്‍ന്നുറങ്ങിയ കുട്ടികള്‍ മുല്ലാക്കയുടെ അസര്‍ ബാങ്ക് വിളികേട്ടു ഞെട്ടി ഉണര്‍ന്നു .നമസ്കാരത്തിനു അഞ്ചാറു വൃദ്ധരും കുറച്ചു കുട്ടികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.ലേലം ചെയ്ത അയനി പ്ലാവിന്റെ ചെറു ശിഖരങ്ങള്‍ ജോലിക്കാര്‍ താഴേക്കു മുറിച്ചിട്ടു.മുറിഞ്ഞ മരത്തിന്റെ അഗ്രങ്ങളില്‍ നിന്നും മയ്യത്തുകളുടെ നെയ്യ് പോലെ പശിമയാര്‍ന്ന വിളഞ്ഞികള്‍ ഉത്ഭവിക്കാന്‍ തുടങ്ങി.

നമസ്കാരാന ന്തരം പാതയിരട്ടിപ്പിക്കാന്‍ വേണ്ടി പള്ളിക്കാടിന്റെ ഒരതിര്‍ മണ്ണ് നീക്കം ചെയ്തിടത്ത് ചെറിയൊരു ദ്വാരം രൂപപ്പെട്ടിടത്തു ആണ്ടുകള്‍ക്ക് മുമ്പെങ്ങോ ഖബരടക്കപ്പെട്ട ഒരു മയ്യിത്തിന്റെ അസ്ഥികള്‍ പുറത്തേക്ക് തെറിച്ചു നിന്നിടത്തു അല്പം മണ്ണ് കുഴച്ചെടുത്തു ആലി മുല്ല ദ്വാരം അടക്കാന്‍ തുടങ്ങി.വ്രതമെടുത്ത് ക്ഷീണിച്ച കുട്ടികള്‍ ആലി മുല്ലയെ സഹായിച്ചു.

അയനിപ്ലാവ് തായ് വേരടക്കം മുറിച്ചു ജോലിക്കാര്‍ വാഹനത്തില്‍ കയറ്റാന്‍ പാകത്തില്‍ പാതയോരത്ത് അട്ടിയിട്ടു .നെയ്യ് കൊഴുത്ത ചക്കകള്‍ പള്ളിക്കാട്ടില്‍ അനാഥമായി ക്കിടന്നു.തണല് നഷ്ടപ്പെട്ട അബ്ദുവിന്റെ ഖബറി നെയോര്‍ത്തു മുല്ലയ്ക്ക ദുഖിതനായി.

പള്ളിക്കാട്ടില്‍ ഇരുള്‍ മൂടാന്‍ തുടങ്ങി.ആള്പെരുമാറ്റമില്ലാത്ത പള്ളിക്കാടിന്റെ ഇരുളുകളില്‍ സമാധിയില്‍ നിന്നുണര്‍ന്ന ജിന്നുകള്‍ രാത്രി സഞ്ചാരത്തിനായി തയ്യാറെടുത്തു. ഒരു ഉണങ്ങിയ കാരക്ക ത്തുണ്ട് ആലി മുല്ലാ തന്റെ ഒഴിഞ്ഞ വയറിലെക്കിട്ടു.പിന്നെ ഒരു കവിള്‍ വെള്ളം കുടിച്ചു.മഗുരിബു ബാങ്ക് വിളിക്കാന്‍ തയ്യാറായി..അല്ലാഹു അക്ബര്‍.. ആദ്യത്തെ തക്ബീര്‍ മുഴുവന്‍ ആക്കാന്‍ കഴിയാതെ ആലി മുല്ലാക്ക പള്ളി മിമ്ബരിന്റെ മുമ്പിലേക്ക് കുഴഞ്ഞു വീണു.

അബ്ദുവിന്റെ ഖബറി നടുത്തെ പള്ളിക്കാട്ടില്‍ അയനി പ്ലാവ് മുറിച്ചു നീക്കിയ പുതു മണ്ണില്‍ പുതിയൊരു ഖബറിന്റെ ജോലി ആരംഭിച്ചിരുന്നു......

6 comments:

ശ്രീനാഥന്‍ said...

പള്ളിക്കാടിന്റെ ഇരുളുകളില്‍ സമാധിയില്‍ നിന്നുണര്‍ന്ന ജിന്നുകള്‍ രാത്രി സഞ്ചാരത്തിനായി തയ്യാറെടുത്തു-നല്ല ഭാഷ, ആലിമുല്ലയും അബ്ദുവും അയിനിപ്ലാവും ചേർന്ന് കഥ ഒരനുഭവവും.

ഷാജു അത്താണിക്കല്‍ said...

കഥയുണ്ട് ഈ പോസ്റ്റില്‍
വായിച്ചു, ഒരു ചെറിയ ഓരമപെടുത്തലും

മണ്ടൂസന്‍ said...

നന്നായിപ്പറഞ്ഞൂ ട്ടോ കഥയുടെ രൂപത്തിലെ ' ആ ' കാര്യം. നല്ല നല്ല പേര്കേട്ട എഴുത്തുകൾ വായിക്കുമ്പോഴത്തെ ഒരു സുഖം,അനുഭവം. അത്പോലെത്തന്നെ ആയിത്തീരട്ടെ,ഇതുപോലെ തുടരൂ.

Anonymous said...

വേര്‍പാടിന്റെ അവശേഷിപ്പുകള്‍ .. നന്നായിരിക്കുന്നു ..മരണം മനുഷ്യന്‍ ആരും ഇസ്ടപെടുന്നില്ല ..മരണത്തെ കുറിച്ചുള്ള ഓര്‍മപെടുത്തല്‍ എപ്പോഴും എപ്പോഴും നല്ലതാ ..അഭിനന്ദനങ്ങള്‍. ...പ്രിയ കൂട്ടുകാരാ ..

zakeer hussain said...

വേര്‍പാടിന്റെ അവശേഷിപ്പുകള്‍ .. നന്നായിരിക്കുന്നു ..മരണം മനുഷ്യന്‍ ആരും ഇസ്ടപെടുന്നില്ല ..മരണത്തെ കുറിച്ചുള്ള ഓര്‍മപെടുത്തല്‍ എപ്പോഴും എപ്പോഴും നല്ലതാ ..അഭിനന്ദനങ്ങള്‍. ...പ്രിയ കൂട്ടുകാരാ ..

vettathan said...

താങ്കള്‍ക്ക് നല്ലൊരു ഭാഷയുണ്ട്.