Tuesday, July 26, 2011

ദേശാടനക്കിളികള്‍ ..


ല്ല സൌഹൃദങ്ങള്‍ എപ്പോഴും മഴക്കാടുകള്‍ പോലെയായിരിക്കും.പെയ്തൊഴിഞ്ഞു അര്‍ത്ഥഗര്ഭത്തോടെ അത് മൃദു ഹസിതമായി മനസ്സില്‍ അവശേഷിക്കും.

സ്മേര എന്റെ വലതുതോളില്‍ കിടന്നു മയക്കം തുടങ്ങിയിരുന്നു.ഇനി ദലൈലാമയുടെ നാടായ തിബത്തില്‍ രണ്ടുദിവസം ചിലവഴിക്കണം.പിന്നെ ഞാന്‍ ദുബായിലേക്കും സ്മേര ബഹറിനിലേക്കും യാത്രയാവും.

പത്തു ദിവസത്തെ പരിചയം അതായിരുന്നു ഞാനും സ്മെരയും തമ്മിലുള്ള ബന്ധം.പക്ഷെ ഒരിക്കലും വിശ്വസിക്കാനാവാത്തൊരു തലത്തിലേക്കായിരുന്നു ആ സൗഹൃദം വളര്‍ന്നത്.
വര്‍ഷാന്ത്യത്തില്‍ കമ്പനിവക നറുക്കെടുപ്പിലൂടെ കിട്ടുന്ന ഒരൌദാര്യം.മൂന്നുവിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര.ഇത്തവണ ദുബായിലെ കമ്പനി ഓഫീസ് നിയന്ത്രിക്കുന്ന എനിക്കും ബഹറിനിലെ ഓഫീസ് നിയന്ത്രിക്കുന്ന സ്മേരക്കുമായിരുന്നു നറുക്ക് വീണത്.

ആദ്യയാത്ര തുണീഷ്യയിലേക്ക് ,അവിടെനിന്നു ചൈന ഷങ്ങ്ഹായ് പിന്നെ റോഡുവഴി തിബത്ത്.സ്വതവേ മൌനിയായിരുന്ന എന്നെ നിലാവിന്റെ നാട്ടിലെ വിശേഷങ്ങള്‍ പങ്ക്‌ വെച്ചു സമേരയെന്നെ വാചാലനാക്കി.

മുല്ലപ്പൂ വിപ്ലവാനന്തരം ആത്മവിശ്വാസം സ്ഫുരിക്കുന്ന തെളിഞ്ഞമുഖങ്ങള്‍ നിറഞ്ഞ തുണീഷ്യയിലെ നഗരപ്രാന്തങ്ങളിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു നടന്നു.

ആദ്യമായി സ്മേരയായിരുന്നു എന്നെ സ്പര്‍ശിച്ചത്.ഒരിക്കലും പറിച്ചെറിയാതെ എന്നെയോര്‍ക്കാന്‍ കരളിലൊരിടം തരിക. കാട്ടുകൈതകള്‍ പൂത്ത തോട്ടുവക്കുകളില്‍ കുളക്കോഴികള്‍ കൂടൊരുക്കും പോലെ. നിന്റെ സ്വകാര്യതകളില്‍ കരള്‍ക്കൂടിറങ്ങി ഞാന്‍ പാടങ്ങള്‍ താണ്ടി തിരിച്ചു വരാം.

ഷങ്ങ്ഹായിയിലെ ഒരു സായാഹ്നതെരുവില്‍ വൈകുന്നേരം ചിലവഴിക്കുകയായിരുന്നു ഞങ്ങള്‍.പാമ്പുകളും തേളുകളും മറ്റനേകം ഉരഗങ്ങളും ഭക്ഷണ യോഗ്യമാക്കി വിപണനം നടത്തുന്ന തെരുവ് പുകപടലങ്ങലാല്‍ മങ്ങിക്കിടന്നു.തെരുവ് അവസാനിക്കുന്നിടത്ത് പുകപടലം മൂടാതെ തെളിഞ്ഞു നിന്ന മാവോസേതുങ്ങിന്റെ ഭീമാകാരമായ പ്രതിമക്കു താഴെ ഞങ്ങള്‍ നെടുവീര്‍പ്പുകള്‍ അഴിച്ചിട്ടു.

തിബത്തിലേക്ക് റോഡു വഴി യാത്രക്ക് തയ്യാറെടുത്ത സ്മേരയുടെ മുഖം പ്രസന്നമായിരുന്നു.മുറി വൃത്തിയാക്കിയ പരിചാരകന്‍ ഉപചാര പൂര്‍വ്വം വണങ്ങി തിരിച്ചുപോകുമ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരി നുണക്കുഴികളിലൂടെ ഒരായിരം കൈതപ്പൂവുകള്‍ വിരിച്ചിട്ടു.

ഇരുവശത്തും സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു നിന്ന പാത ഒരു പുഴപോലെ ഒഴുകി.ഇടയ്ക്കു പ്രത്യക്ഷപ്പെട്ട തടാകങ്ങളും മഞ്ഞുപുതപ്പ് വാരിയുടുത്ത കുന്നുകളും നിഘൂഡമായ ഏതോ മൌനം പേറി നിന്നു.
കേരളം തമിഴ്നാടിനോടതിരിടുന്ന പാലക്കാട്ടെ ഉള്ഗ്രാമാങ്ങളിലൊന്നില്‍ കുടിയാന്‍ കുടുംബത്തിലായിരുന്നു ജനനം.എന്റെ അത്ഭുതം നിറഞ്ഞ മുഖത്തേക്ക് സാകൂതം നോക്കി സ്മേര പതിയെ പറഞ്ഞുതുടങ്ങി.പട്ടിണി കിടന്നും കൂലിപ്പണിക്കാരായ അച്ഛനുമമ്മയും പഠനത്തിനായി തന്ന പ്രോത്സാഹനങ്ങള്‍ക്കും സ്നേഹത്തിനും പകരം കൊടുത്തത് അവളെ തന്നെയായിരുന്നു.

മഹാരാജാസില്‍ റാങ്കോടെ ഡിഗ്രിയെടുത്ത മനസംതൃപ്തിയിലേക്ക് കാമ്പസ് ഇന്റര്‍വ്യൂ വഴി ഇതേ കമ്പനിയില്‍ മാനേജരായി ഇവിടം വരെയെത്തി നില്‍ക്കുന്ന ജീവിതം.ഒരു കീഴാള കുടുംബത്തിനു അപ്രാപ്യമായ ഭാഗ്യം.

മഞ്ഞ് വീണദൃശ്യമായ പാതയരികില്‍ വാഹനം വിശ്രമത്തിനിട്ടു.കരളിലൊരിടം തരണമെന്ന സ്മേരയുടെ അപേക്ഷയായിരുന്നു എന്റെ മനസ്സില്‍ .സമതലം എനിക്ക് പുറകിലായിരുന്നു.അകലെ മഞ്ഞുമൂടിയ കുന്നുകള്‍ സ്മേരക്ക് അഭിമുഖമായും.
സവര്‍ണ്ണനെന്നു പതിച്ചു നല്‍കിയ എന്റെ പൂണൂല്‍ ഞാനാ സമതലത്തില്‍ ഉപേക്ഷിച്ചു.

മഞ്ഞില്‍ പുതഞ്ഞ കുന്നുകള്‍ തുവര്‍ത്തി സൂര്യന്‍ ഭൂമിക്കുമേല്‍ വെയില്‍ വിരിച്ചിട്ടു.തെളിഞ്ഞ പാതയിലേക്ക് ചലിക്കാന്‍ തുടങ്ങിയ വാഹനത്തിനോപ്പം മനസ്സും തെളിഞ്ഞിരുന്നു. സമുദ്ര നിരപ്പില്‍നിന്നും അയ്യായിരത്തിലധികം ചതുരശ്ര അടി മുകളിലേക്കുള്ള തിബത്തന്‍ ചുരം കയറുകയായിരുന്നു വാഹനം.

ഇല്ലത്ത് ഇരുള്‍ വീഴാന്‍ തുടങ്ങുന്ന സായന്തനങ്ങളിലാണ് ഞാന്‍ കൂടുതല്‍ ഒറ്റയാവുന്നതെന്ന അമ്മത്തമ്പുരാട്ടിയുടെ പരിഭവങ്ങളിലേക്ക് കൂട്ടിനായി വൃഥാ ഞാന്‍ സ്മെരയെ ചേര്‍ത്തു വെക്കുകയായിരുന്നു.

താഴെ മൂകമാം വനാന്തരങ്ങളിലേക്ക് ചുരത്തിന്റെ നിഴല്‍ ചാഞ്ഞിറങ്ങിയ ഭാഗം കറുത്തിരുണ്ട്‌ കിടന്നു.പകുതി താഴ്ത്തിയ ജാലകത്തിലൂടെ മുഖം മുത്തി വീശിയ കാറ്റില്‍ പറന്ന സ്മേരയുടെ അളകങ്ങള്‍ ഞാന്‍ മാടിയൊതുക്കുമ്പോള്‍ അവളെന്നോട് കൂടുതല്‍ ചേര്‍ന്നിരുന്നു.

പ്രകൃതി വരദാനമായി നല്‍കിയ തിബത്തിന്റെ കുന്നിന്‍ പാര്‍ശ്വങ്ങളില്‍ നിന്നും ഔഷധസസ്യങ്ങളുടെ വേരുകള്‍ ശേഖരിച്ചെത്തിയ ബുദ്ധ ഭിക്ഷുക്കള്‍ സൂര്യ സ്നാനങ്ങളില്‍ മുഴുകുമ്പോഴാണ് ഞങ്ങളുടെ യാത്രയുടെ അവസാനഘട്ടം താണ്ടിയത്.

നിലാവ് മഞ്ഞുമലകളില്‍ വീണു പ്രതിഫലിച്ച ആ രാവില്‍ ഞങ്ങള്‍ പരസ്പരം തിരിച്ചറിയുകയായിരുന്നു.മഞ്ഞുമലകള്‍ തേടി യാത്ര തിരിച്ച അനേകം ദേശാടനക്കിളികള്‍ മലകളുടെ ഇരുണ്ടു തണുത്ത മാളങ്ങളില്‍ കൊക്കുകളുരുമ്മി രാത്രിയാസ്വദിച്ചു.

ആകാശം തൊട്ടും ചിലത് തൊടാതെയും തലയുയര്‍ത്തി നില്‍ക്കുന്ന വന്മരങ്ങളുടെ നിഴലില്‍ മൂന്നു പകലുകളും ,മഞ്ഞുപൊത്തുകളില്‍ കൊക്കുരുമ്മിപ്പാടിയ ദേശാടനപ്പക്ഷികളുടെ രാപ്പാട്ടിലലിഞ്ഞു നാല് രാവുകള്‍ ഒരേ പുതപ്പിനുള്ളില്‍ ഞങ്ങളൊന്നായ നിമിഷങ്ങള്‍ക്കുമറുതി യില്‍ ചുരമിറങ്ങിയത് ഒന്നിച്ചുള്ള ഒരു ജീവിതത്തിലേക്കായിരുന്നു...

അവശേഷിപ്പുകള്..

ടല്‍ത്തീരം ശൂന്യമായിരുന്നു.ആല്‍ബിയുടെ അവശേഷിപ്പുകള്‍ തേടി ഓരോ കല്ലറയും നയന സൂക്ഷ്മമായി നിരീക്ഷിച്ചു.ഒരു വര്ഷം മുമ്പായിരുന്നു ഇതേ കടല്‍തീരത്തു വെച്ചു ആല്ബിയോടു യാത്ര പറഞ്ഞത്.

ഒരു കൂട്ടം ലില്ലിപ്പൂക്കള്‍ വിരിഞ്ഞു നിന്ന സെമിത്തേരിയുടെ കവാടം കടലിനഭിമുഖമായിരുന്നു.മെലിഞ്ഞതെങ്കിലും ബലിഷ്ടമായ ആല്‍ബിയുടെ കാല്‍ വണ്ണയില്‍ കിടന്നു ആണ് ആകാശം കാണുകയായിരുന്നു നയന.

''നീ ഈയിടെയായി വല്ലാതെ മെലിയുന്നു.''നയനയുടെ വാക്കുകള്‍ പൊഴിയുന്ന മാത്രയിലായിരുന്നു ആല്‍ബിയും അതേ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.

തീരമണഞ്ഞു ചിതറിത്തിരിച്ചു പോയ തിര വീണ്ടും മടങ്ങിവന്നപ്പോള്‍ കൂടെയെത്തിയ കാറ്റ് ആദ്യം ലില്ലിപ്പൂക്കളെ തഴുകി സെമിത്തെരിയില് വിലയം പ്രാപിച്ചു.

അച്ഛനെന്ന നഗരമാലിന്യം പുറന്തള്ളിയ ഒരു പുറമ്പോക്കായ അമ്മയില്‍ കിളിര്‍ത്തത് ആല്‍ബിയെന്ന ബലം കുറഞ്ഞൊരു വൃക്ഷമായിരുന്നു.

''ആല്‍ബി എനിക്കിവിടം വിട്ടേ മതിയാവൂ ..ആകാശം നോക്കി നയന പതിയെ പറഞ്ഞു.ഇനി നമുക്കൊരു കൂടിക്കാഴ്ച ഉണ്ടാവില്ല നയനാ..ആല്‍ബി പറഞ്ഞത്‌ കൂറ്റനൊരു തിരയില്‍ മുങ്ങിയില്ലാതായി.

നിന്റെ അച്ഛന്റെ നഗരത്തിലാണ് എനിക്കിനി പ്രവര്‍ത്തിക്കേണ്ടത്.മറ്റൊരുപത്ര പ്രവര്‍ത്തകയുടെ പ്രസവാവധിയിലെക്കുള്ള നിയമനം.ചുരുങ്ങിയത് ഒരു വര്ഷം.

നിങ്ങള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.അച്ഛനെ ചാരിയിരുന്നു അമ്മ മന്ത്രിച്ചത് അച്ഛന്റെ അവാസാന അവധി ദിനങ്ങളിലായിരുന്നു.നഗര ജീവിതത്തിലെ കടിഞ്ഞാണ്‍ വിട്ടു പോയ ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ ചെയ്തു പോയ തെറ്റ്...

അച്ഛനെ പരിശോധിച്ച ഡോകടര്‍ സുഹൃത്തായിരുന്നു.എച്ച് ഐ വി ബാധിച്ച പരിശോധന ഫലം ഡോക്ടറില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ അമ്മ കരഞ്ഞില്ല.

ഇനിയൊരിക്കലും തിരിച്ചു വരാത്തൊരു ലോകത്തിലേക്ക് അച്ഛന്‍ അപ്രത്യക്ഷ മായപ്പോള്‍ പിറക്കാന്‍ താന്‍ ചെയ്ത തെറ്റെന്ത് എന്ന ചിന്തയിലേക്ക് മണ്ണെണ്ണയും മാംസവും കരിഞ്ഞൊരു സമ്മിശ്ര ഗന്ധം മാത്രമായി തീര്‍ന്നിരുന്നു അമ്മയും.

നയനയോട് പോകരുതെന്ന് പറയണമെന്നുണ്ടായിരുന്നു ആല്ബിക്ക്.പക്ഷെ വാക്കുകള്‍ ഹൃദയത്തിലെ വിടെയോ കുരുങ്ങിക്കിടന്നു.

നിശബ്ദമായ ഉള്കടലിനു വിപരീതമായി ആര്‍ത്തിയോടെ തീരം തേടി വന്ന തിര ആല്‍ബിയുടെ ശരീരം ആശ്ലേഷിച്ചു ഉള്കടലിലേക്കാനയിച്ചു.

വാടാന്‍ ഇനിയും മണിക്കൂറുകള്‍ അവശേഷിച്ച ഒരു കുല ലില്ലിപ്പൂക്കള്‍ കൈ കുമ്പിളിലെടുത്ത് നയന ,ആല്‍ബിയെ ആശ്ലേഷിച്ച തിരയുടെ വരവിനായി കടലിലേക്കിറങ്ങി നിന്നു .       

ചിത്രശലഭങ്ങള്‍ക്ക്‌ പകുത്ത കണ്ണുകള്‍..

നാംകണ്ടുമുട്ടും മുമ്പേ എനിക്കും നിനക്കുമിടയില്‍ ഈ സാഗരം പോലെ അന്തരമുണ്ടായിരുന്നു.നര്‍ഗീസ് നോട്ടം കടലിടുക്കുകളില്‍ നിന്നും മാറ്റി പ്രണയപരവശയായി മിഹ്രാജിന്റെ കണ്ണുകളിലേക്കു നോക്കി..
''ഞാന്‍ മരിച്ചാല്‍ നീയെന്റെ കണ്ണുകള്‍ ചിത്ര ശലഭങ്ങള്‍ക്ക് പകുത്തു കൊടുക്കുക.കാതുകള്‍ കാറ്റിനും.''നര്‍ഗീസ് പറഞ്ഞു നിര്‍ത്തിയതും മിഹ്രാജ് അവളുടെ വായ പൊത്തി.

ഇറാനിലെ ആ കൊച്ചു ദ്വീപില്‍ ചിത്രശലഭങ്ങളില്ലാത്ത ഒരു വൈകുന്നെരമായിരുന്നു അത്.തിരകളില്ലാത്ത കടലിലെ ഉപ്പുകാറ്റേറ്റ് പുഷ്പിക്കാതെ നിന്ന ഈന്തപ്പനയോലകളില്‍ ഉഷ്ണം കുടിയേറി.

ഏറിയാല്‍ ഒരാഴ്ച കൂടി .കടലിനപ്പുറത്തു എവിടെയോ നിന്റെ യാത്രക്കുള്ള രേഖകള്‍ തയ്യാറാവുന്നുണ്ടാവാം.നര്‍ഗീസ് പതിയെ ആത്മഗതം ചെയ്തു.

മിഹ്രാജ് നിന്നേ ഓര്‍മ്മിക്കാന്‍ ഒരു ചുംബനം തരുമോ?നര്‍ഗീസ് മിഴി പൂട്ടിയിരുന്നു.മിഹ്രാജ് അവളെ ചുംബിച്ചില്ല,പകരം അവളുടെ അടഞ്ഞ മിഴികളിലൂടെ പതുക്കെ വിരലുകളോടിച്ചു.

അവള്‍ മിഴികള്‍ തുറന്നപ്പോള്‍ ദ്വീപിലേക്ക് എവിടെ നിന്നറിയാതെ അനേകം ചിത്രശലഭങ്ങള്‍ വിരുന്നു വന്നു.

മിഹ്രാജിനു ഇനിയും ദ്വീപില്‍ തങ്ങാനുള്ള അനുമതിയും പണവും തീര്‍ന്നിരുന്നു.അങ്ങിനെയാണ് ഇറാനിലെ ആ കൊച്ചു ദ്വീപിലെ ബദവി കുടുംബത്തിന്റെ ചായ്പില്‍ അവന്‍ കിടക്കാന്‍ ഇടം കണ്ടെത്തിയത്.

പതിമൂന്നിലധികം അംഗങ്ങളുള്ള നര്ഗീസിന്റെ കൊച്ചു കുടിലിലെ ബാക്കിയാവുന്ന ഭക്ഷണം അവള്‍ അവനായി കരുതി വെച്ചു.

മിഹ്രാജിന്റെ സ്വപ്നങ്ങള്‍ക്ക് കടല്‍ത്തീരം മനോഹരമാക്കാന്‍ വെച്ചു പിടിപ്പിച്ച ആയുസ്സ് കുറഞ്ഞ ചെടികളിലെ പൂക്കളുടെ നിറമായിരുന്നു.അവയില്‍ വിരിഞ്ഞ കടും ചുവപ്പും ,മഞ്ഞയും ചിലപ്പോള്‍ വിളറി വെളുത്തതുമായ പൂക്കളെ പോലെ സ്വപ്നങ്ങള്‍ക്ക് നിറം നിശ്ചയിക്കാന്‍ പറ്റാന്‍ ആവാത്തതായി പരിണമിക്കുന്നു.

നര്ഗീസിനു സ്വപ്നങ്ങളെ ഇല്ലായിരുന്നു.കടല്‍ക്കാറ്റെറ്റ് ദ്രവിച്ച മണ്‍പുറ്റുകളെ പോലെ നിര്‍ജ്ജീവമായിരുന്നു അവ.

ബദവിയായ വൃദ്ധന്‍ കടലിലേക്ക്‌ വല ആഞ്ഞെറിഞ്ഞു.കടല്‍ സ്നാനത്തിനിറങ്ങാന്‍ ആരംഭിച്ച സൂര്യന്‍ വൃദ്ധന്റെ മുഖത്തിനു വലതു ഭാഗം കറുപ്പിച്ചിട്ടു.

മിഹ്രാജിനെ തനിച്ചുവിട്ടു നര്‍ഗീസ് പോയത് അവന്റെ യാത്രാരേഖ തിരയാനായിരുന്നു.

ഇലപ്പച്ച നുള്ളിയെടുത്ത് ഒന്ന് മണപ്പിച്ചു യാത്രാരേഖ മിഹ്രാജിനു കൈമാറുമ്പോള്‍ നര്ഗീസിന്റെ കരള്‍ ഉരുകിയൊലിച്ചത് കണ്ണുനീരായിട്ടായിരുന്നു.

നര്ഗീസിന്റെ അനുവാദമില്ലാതെ മിഹ്രാജ് അവളുടെ മിഴിയിണകളില്‍ അര്‍പ്പിച്ച ചുംബനത്തിനു പവിഴപ്പുറ്റുകള്‍ പോലെ തെളിച്ചവും പവിഴം പോലെ മനോഹാരിതയുമുണ്ടായിരുന്നു.
പക്ഷേ നര്ഗീസിനത് നിര്‍ജ്ജീവമായ മണ്‍പുറ്റുകളെ പോലെ അനുഭവപ്പെട്ടു.

മിഹ്രാജിനെ വഹിച്ച കൂറ്റന്‍ പക്ഷി ആകാശം മുറിച്ചു നീങ്ങി കടലിനു മറുവശത്തേക്ക് അപ്രത്യക്ഷമായപ്പോള്‍ പുഷ്പിക്കാത്ത ഈന്തപ്പന മരങ്ങളിലേക്ക് അനേകം ചിത്ര ശലഭങ്ങളും.കൂടെയൊരു കാറ്റും മൂളിയെത്തുന്നുണ്ടായിരുന്നു....

Sunday, July 24, 2011

ചെകുത്താന്‍ തുപ്പലുകള്‍. ....

നിശബ്ദനായിരിക്കുക അതാവും വർത്തമാന കാലത്തെ ഒരാൾക്ക് കഴിയുന്ന എറ്റവും ദുർഘടം പിടിച്ചൊരവസ്ഥ ശങ്കരേട്ടൻ തന്റെ മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു.


വാക്കുകൾ മനസ്സിന്റെ നിഘൂഡതകളിൽ എവിടെയോ നിന്ന് അദ്ധേഹം ഖനനം ചെയ്തെടുക്കുകയാവുമെന്നു ഞാൻ കരുതി.

പള്ളിക്കുളത്തിലേക്ക് ഇടിഞ്ഞു വീഴാൻ പാകത്തിൽ ജീർണ്ണിച്ചു നിന്ന പഴയ മൂത്രപ്പുരക്കു മുകളിൽ ആകാശം വെറുങ്ങലിച്ചു കിടന്നു.

കനമാർന്ന വാക്കുകളുടെ വേദാന്തങ്ങൾ ഇനിയും ശങ്കരേട്ടനിൽ നിന്നും പൊഴിയുമെന്ന് ഞാൻ ആശിച്ചിരുന്നു.പക്ഷേ അതുണ്ടായില്ല.

ശങ്കരേട്ടന്റെ സുഹ്രുത്തും സമപ്രായക്കാരനുമായ അബുവിന്റെ വിലാപ യാത്ര അനുഗമിച്ചായിരുന്നു ഞങ്ങൾ അവിടെ എത്തിയിരുന്നത്.

അബുവിന്റെ മ്രുതദേഹം അവസാനമായി ഒന്നു നോക്കുവാൻ ശങ്കരേട്ടൻ വിസമ്മതിക്കാനുള്ള ചേതോവികാരം എന്തായിരിക്കുമെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.

ആത്മസുഹ്രുത്ത് സുനിലായിരുന്നു ശങ്കരേട്ടനെ എന്റെ പരിചയ വലയത്തിലെക്ക് ചേർത്ത് നിർത്തിയത്.

അവിവാഹിതനും ഒറ്റക്ക് താമസിക്കുകയും ചെയ്യുന്ന അദ്ധേഹത്തെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ ,ഒരിക്കലും വേർപിരിയാത്തൊരു ആത്മബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു.

മന്ത്രോച്ചാരണങ്ങളോടെ അബുവിന്റെ ദേഹി വെടിഞ്ഞ ദേഹം ആറടിമണ്ണിലേക്ക് ഇറക്കി വെക്കുമ്പോള്‍ കാറ്റ് ,പള്ളിപ്പറമ്പിലെ മുരിക്കിന്‍ ഇലകളിലെ ചെകുത്താന്‍ തുപ്പലുകള്‍ ചെറുകുമിളകളായി അന്തരീക്ഷത്തിലേക്ക് പറത്തിയിരുന്നു.

ശങ്കരേട്ടന്‍ താമസിച്ച നഗരാതിര്‍ത്തിയിലെ വീടിന്റെ നിശബ്ദതയായിരിക്കണം ശങ്കരെട്ടനിലും പ്രതിഫലിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

അടിയുറച്ചു വിശ്വസിച്ച വിപ്ലവചിന്തകളില്‍ നിന്നും വ്യതിചലിച്ചു പോയ പല പ്രശസ്തരേയും ശങ്കരേട്ടന് ഖനനം ചെയ്ത വാക്കുകളോടെ നേരത്തെ തന്നെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു.

പതിയെ എന്നില്‍ പിറന്ന വിപ്ലവകാരിയേയും വേദാന്തിയെയും ശക്തമായി നിരുല്സാഹപ്പെടുത്തിയതും ശങ്കരേട്ടന്‍ തന്നെയാണെന്നത് സത്യം.

നഗരം പയ്യെ നിദ്രയിലേക്ക് ഇറങ്ങും നേരം പതിവായി ശങ്കരേട്ടന്‍ നഗര ഹൃദയത്തിലേക്ക് ഇറങ്ങുന്നത് ഒരത്ഭുതത്തോടെ ഞാന്‍ നോക്കി നില്‍ക്കാറുണ്ടായിരുന്നു.

ശങ്കരേട്ടന്റെ ഈ രാത്രി സഞ്ചാരങ്ങള്‍ എന്നിലെ ആകാംക്ഷയുടെ അവസാന കവചവും ഭേദിച്ച് ഒരു നാള്‍ അദ്ദേഹമറിയാതെ പിന്തുടര്‍ന്നത്‌ ഞാനോര്‍ക്കുന്നു.

ഉറങ്ങുന്ന നഗരത്തിന്റെ നെഞ്ചില്‍ കത്തുന്ന ഒരു പന്തം കൊളുത്തിവെച്ചു നഗരഹൃദയം മാത്രം തെളിയിച്ച തട്ട്കടയില്‍ നിന്നും അല്പം ആഹാരം വാങ്ങി ശങ്കരേട്ടന്‍ നടന്നത് ഇരുട്ട് നിറഞ്ഞ ഒരു പഴയ കെട്ടിടത്തിലേക്കായിരുന്നു.

മങ്ങിയ തെരുവ് വിളക്കിനു താഴെ നഗരത്തിനു അപവാദമായി ആ ഒരു കെട്ടിടം മാത്രമായിരുന്നു ചരിത്രത്തിന്റെ ബാക്കി പത്രം പോലെ അവശേഷിച്ചിരുന്നത്.

ഒരു പഴംതുണി പ്പുതപ്പിനുള്ളില്‍ നിന്നും കുഷ്ഠ രോഗിയായ തെരുവ് വേശ്യയെ തന്നോട് ചാരിനിര്‍ത്തി ശങ്കരേട്ടന്‍ ആഹാരമൂട്ടുമ്പോള്‍,തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ ,നീര്‍ വറ്റി വരണ്ടുപോയ അവരുടെ മിഴികളില്‍ പ്രത്യക്ഷപ്പെട്ട വികാരം നിര്‍വ്വചിക്കാനാവാത്ത ഏതോ ഒന്നായിരുന്നു വെന്നതിനു ശങ്കരേട്ടന്‍ അദൃശ്യനായി നിന്ന ഞാന്‍ സാക്ഷ്യമായിരുന്നു.

പള്ളിപ്പറമ്പിന് അതിരിട്ട മുരിക്ക്‌മരങ്ങള്‍ക്ക് മുകള്‍ തൊട്ടു ആകാശം അടിവരയിട്ടു.ചെകുത്താന്‍ തുപ്പലുകളുടെ ഭാരമൊഴിഞ്ഞ മുരിക്കിന്‍ ഇലകളുടെ തുപ്പല്‍ വീണ ഭാഗം മാത്രം പൊള്ളിക്കിടന്നു.

അബുവിന്റെ സംസ്കാരം കഴിഞ്ഞു എല്ലാവരും മടങ്ങിപ്പോയിരുന്നു.കുഴിമാടം തിരിച്ചറിയാന്‍ കൂട്ടിയിട്ട പുതുമണ്ണ് കാറ്റില്‍ പറക്കാതിരിക്കാന്‍ ആരോ കുടഞ്ഞിട്ട ജലകണങ്ങള്‍ കണ്ണീരു പോലെ കുഴിമാടം നനച്ചിട്ടു.

കനത്ത നിശബ്ദത ഒരു കവചമായി എന്നെ പൊതിഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ആളൊഴിഞ്ഞ പള്ളിപറമ്പിലേക്ക് കയറിപ്പോയ ശങ്കരെട്ടനോട് യാത്രപോലും പറയാതെ ഞാനെന്റെ നിത് ജീവിതത്തിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങിയിരുന്നു..

കൃഷ്ണ മുടിക്കാടുകളില്‍ഇണ ചേരുന്ന ചേരപ്പാമ്പുകള്‍


രൂപമൊന്നുമില്ലാത്ത മനസ്സിന്റെ കോണുകളിൽ എവിടെയൊ ചിതറിക്കിടക്കുന്ന വാക്കുകൾ പെറുക്കിയെടുത്തു ഒരു കഥ മെനഞ്ഞെടുക്കാമെന്നു വ്യാമോഹിച്ചിരിക്കുകയായിരുന്നു അയാൾ.


തന്റെ ഓരൊ യാത്രകളും ഓരോ കഥയായി രൂപം കൊള്ളുകയും ഓരോ കഥയും ഓരോ യാത്രയായും പരിണമിക്കുന്നത് യാദ്രുശ്ചികമാവുന്നത് അയാളോർത്തു .പുറത്തു ഷാഹിന കരഞ്ഞപ്പൊൾ അയാളുടെ ചിന്തകൾ മുറിഞ്ഞു.ഷാഹിന കരഞ്ഞത് ഒരു നീളൻ ചേരയെകണ്ടിട്ടായിരുന്നു.

അടൂക്കളയുടെ പിന്നാമ്പുറത്ത് ഉണ്ണിമായ മീൻ മുറിച്ച അവശിഷ്ടങ്ങൾ തൂവുന്നിടത്ത് മുഴുവൻ കൃഷ്ണമുടിപ്പൂവുകൾ നിറഞ്ഞു നിന്ന കാടായിരുന്നു.തട്ടിൻ പുറത്തെ അളക്കുകളിൽ നിന്നൊരെണ്ണത്തിൽ സൂക്ഷിച്ച കായം തിരഞ്ഞു പിടിച്ച് ഉണ്ണിമായ അടുക്കള മുറ്റം അതിർ തിരിച്ച കല്ക്കെട്ടിനടുത്തു വെച്ചു പറഞ്ഞു.“ഇനിയെന്റെ മൊളെ പേടിപ്പിക്കാൻ ആ ചേര വരില്ലാട്ടോ ''

വിങ്ങല്‍കനത്ത മരുഭൂമിയുടെ വിശാലമായ മണലിടങ്ങളില്‍നിന്നും ഒരു പാതിരാത്രിയില്‍ഇറങ്ങിപ്പോയ മൃണാളിനെ തേടിയുള്ള യാത്ര .അതിനന്ത്യത്തിലായിരുന്നു ഷാഹിനയും ഉണ്ണി മായയും തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്ന് അയാള്‍ഓര്‍മ്മിച്ചു.

ചില സൌഹൃദങ്ങള്‍ മുറിയുന്നതും ഒരിക്കലും നഷ്ടപ്പെടാതെ ജീവിതത്തോടു അടുത്തു നില്‍ക്കുന്നതും പലപ്പോഴും യാത്രകളിലായിരുന്നു.

നട്ടുച്ചയില്‍വെയില്‍കൊണ്ട് വാടിയ കൃഷ്ണമുടിചെടികളുടെ നിഴല്‍വട്ടത്തില്‍ഇണ ചേരാറുള്ള ചേരപ്പാമ്പുകള്‍വയലോരത്തെ വെള്ളം വറ്റിയ കുണ്ടുകളില്‍സ്വയം പുളഞ്ഞു കിടന്നു.കൃഷ്ണ മുടിപ്പൂക്കളില്‍മൃഷ്ടാന്ന ഭോജനം നടത്തുന്ന കരിവണ്ടുകള്‍ഇലപ്പച്ചയിലൊരു കറുത്ത മുത്തു പോലെ തിളങ്ങി.

വേനല്‍ സമ്മാനിച്ച ചെറു ചൂട്കുരുക്കള്‍ നിറഞ്ഞ ഷാഹിനയുടെ ഇളം മേനിയില്‍എണ്ണലേപനത്തിന് ശേഷം താളി പൊതിര്‍ത്തിയിട്ട ചെമ്പുമായി ഉണ്ണി മായ കുളിമുറിയിലേക്ക് കയറിയപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് പിന്നിലെ മരുഭൂമിയിലെ സ്വര്‍ണ്ണഖനിയിലെ ജീവിതം തന്റെ മുറിഞ്ഞ ചിന്തകളിലേക്ക് അയാള്‍ചേര്‍ത്തു വെച്ചു.

പ്രവൃത്തി സമയത്തിനും നേരത്തെയെത്തി ജോലിയില്‍വ്യാപ്രുതനായിരുന്ന മൃണാള്‍ഇത്ര വൈകിയിട്ടും എന്തെ തന്റെ മുമ്പിലെ രെജിസ്റ റില്‍ഒപ്പ് വെക്കാത്തതെന്ന ചിന്തയിലായിരുന്നു അയാള്‍.

താല്‍കാലിക ഓഫീസിന്റെ .കണ്ടൈനറില്‍ഘടിപ്പിച്ച എയര്‍കണ്ടീഷനില്‍നിന്നും ഇറ്റിവീണ ചുടുവെള്ളത്തിന്റെ നനവിലും ഒരു ചെറുപയര്‍മണി കിളിര്‍ത്തു നിന്നു.

ഖനിയിലെ പതിവ് സന്ദര്‍ശനത്തിനായി ഓഫീസില്‍നിന്നിറങ്ങുമ്പോള്‍ തലേരാത്രി നിര്‍ബന്ധിത ഡ്യൂട്ടിക്കായി നിയോഗിച്ച മൃണാളി ന്റെ അറ്റുപോയ കൈപത്തി മരുഭൂമിയില്‍നിന്നും ഒരു പാടകലെയുള്ള നഗരത്തിലെ ആശുപത്രിയില് ‍വൈകിയെത്തിയതിനാല്‍ തുന്നിചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

യാത്ര  പറയുംനേരത്ത് അല്പം നോട്ടുകള്‍അവനു നിര്‍ബന്ധിച്ചു കൊടുക്കുമ്പോള്‍ കൈകള്‍കൂട്ടിപ്പിടിച്ചു നിയോഗമുണ്ടെങ്കില്‍നമുക്കിനിയും കാണാമെന്നവാക്കുകളായിരുന്നു സംവത്സരങ്ങള്‍ക്കു ശേഷം ഡയറി യിലെവിടെയോ കുറിച്ചു വെച്ച മൃണാ ളിന്റെ വിലാസം അയാള്‍വീണ്ടെടുത്തതും മൃണാളിനെ തേടി ആ വ്യവസായ നഗരത്തിലെത്തിയതും.

കാരണങ്ങളില്ലാതെ കലാപം പൊട്ടിപ്പുറപ്പെടുന്ന വ്യവസായ നഗരിയിലെ തെരുവില്‍അയാളെത്തി ചേര്‍ന്ന സയാഹ്നത്തിനും ചുവപ്പ് നിറത്തിനൊപ്പം ചുടു നിണത്തിന്റെ മണമായിരുന്നു.

പാതി വെന്ത കബന്ധങ്ങളും രക്ത മിറ്റു വീണ തെരുവുകളും താണ്ടി മൃണാ ളിന്റെ വിലാസം തേടി അലഞ്ഞു എത്തിച്ചേര്‍ന്നത് കത്തിചാമ്പലായൊരു കുടിലിന്റെ അവശിഷ്ടങ്ങളിലായിരുന്നു.

ഉണ്ണിമായ ഷാഹിനയുടെ കുടുംബത്തെ സംരക്ഷിച്ചതിന് കലാപ കാരികള്‍കൊടുത്ത പ്രതിഫലം സഹോദരനായ മൃണാ ളിനേയും ഷാഹിനയുടെ അഞ്ചു മാസം പ്രായമുള്ള അനിയനെയും കുടുംബത്തെയും ചു ട്ടെരിച്ചായിരുന്നു

ജീര്‍ണ്ണിച്ച ആശുപത്രി ചായ്പ്പില്‍നിന്നും പാതിവെന്ത ശരീരവും പൂര്‍ണ്ണ മായും വെന്തു പോയ ഹൃദയവുമായി ഉണ്ണിമായയേ വീണ്ടെടുക്കുമ്പോള്‍മതവും ജാതിയും വര്‍ണ്ണ വെറിയും വേര്തിരിക്കാത്ത മനുഷ്യ രക്തമെന്ന ഒരു വികാരമായി അവളുടെ നെഞ്ചോടു ചേര്‍ന്ന് ഷാഹിനയുമുണ്ടായിരുന്നു.

കഥകള്‍യാത്രകളായും യാത്രകള്‍കഥകളായും കൃഷ്ണ മുടിക്കാടുകളില്‍ഇണ ചേരുന്ന ചെരപാമ്പുകളെ പോലെ മനസ്സില്‍പിണഞ്ഞു കിടന്നു.ചിതറി കിടക്കുന്ന വാക്കുകള്‍പെറുക്കിയെടുത്തു ഒരു കഥ മെനഞ്ഞു പൂര്‍ത്തിയാക്കാന്‍തനിക്കു കഴിയില്ലെന്ന് അയാള്‍തിരിച്ചറിഞ്ഞു.

ഷാഹിനയെ നെഞ്ചോടു ചേര്‍ത്തു കിടന്ന ഉണ്ണി മായയെ പതിയെ തന്റെ അരികിലെക്ക യാള്‍ ചേര്‍ത്തു കിടത്തുമ്പോള്‍അപ്പോഴും കൃഷ്ണമുടി ക്കാടുകളുടെ തണലില്‍ചേരപ്പാമ്പുകള്‍ ഇണ ചേരുന്നുണ്ടായിരുന്നു.......