Tuesday, July 26, 2011

അവശേഷിപ്പുകള്..

ടല്‍ത്തീരം ശൂന്യമായിരുന്നു.ആല്‍ബിയുടെ അവശേഷിപ്പുകള്‍ തേടി ഓരോ കല്ലറയും നയന സൂക്ഷ്മമായി നിരീക്ഷിച്ചു.ഒരു വര്ഷം മുമ്പായിരുന്നു ഇതേ കടല്‍തീരത്തു വെച്ചു ആല്ബിയോടു യാത്ര പറഞ്ഞത്.

ഒരു കൂട്ടം ലില്ലിപ്പൂക്കള്‍ വിരിഞ്ഞു നിന്ന സെമിത്തേരിയുടെ കവാടം കടലിനഭിമുഖമായിരുന്നു.മെലിഞ്ഞതെങ്കിലും ബലിഷ്ടമായ ആല്‍ബിയുടെ കാല്‍ വണ്ണയില്‍ കിടന്നു ആണ് ആകാശം കാണുകയായിരുന്നു നയന.

''നീ ഈയിടെയായി വല്ലാതെ മെലിയുന്നു.''നയനയുടെ വാക്കുകള്‍ പൊഴിയുന്ന മാത്രയിലായിരുന്നു ആല്‍ബിയും അതേ ചിന്തയില്‍ നിന്നും ഉണര്‍ന്നത്.

തീരമണഞ്ഞു ചിതറിത്തിരിച്ചു പോയ തിര വീണ്ടും മടങ്ങിവന്നപ്പോള്‍ കൂടെയെത്തിയ കാറ്റ് ആദ്യം ലില്ലിപ്പൂക്കളെ തഴുകി സെമിത്തെരിയില് വിലയം പ്രാപിച്ചു.

അച്ഛനെന്ന നഗരമാലിന്യം പുറന്തള്ളിയ ഒരു പുറമ്പോക്കായ അമ്മയില്‍ കിളിര്‍ത്തത് ആല്‍ബിയെന്ന ബലം കുറഞ്ഞൊരു വൃക്ഷമായിരുന്നു.

''ആല്‍ബി എനിക്കിവിടം വിട്ടേ മതിയാവൂ ..ആകാശം നോക്കി നയന പതിയെ പറഞ്ഞു.ഇനി നമുക്കൊരു കൂടിക്കാഴ്ച ഉണ്ടാവില്ല നയനാ..ആല്‍ബി പറഞ്ഞത്‌ കൂറ്റനൊരു തിരയില്‍ മുങ്ങിയില്ലാതായി.

നിന്റെ അച്ഛന്റെ നഗരത്തിലാണ് എനിക്കിനി പ്രവര്‍ത്തിക്കേണ്ടത്.മറ്റൊരുപത്ര പ്രവര്‍ത്തകയുടെ പ്രസവാവധിയിലെക്കുള്ള നിയമനം.ചുരുങ്ങിയത് ഒരു വര്ഷം.

നിങ്ങള്‍ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു.അച്ഛനെ ചാരിയിരുന്നു അമ്മ മന്ത്രിച്ചത് അച്ഛന്റെ അവാസാന അവധി ദിനങ്ങളിലായിരുന്നു.നഗര ജീവിതത്തിലെ കടിഞ്ഞാണ്‍ വിട്ടു പോയ ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ ചെയ്തു പോയ തെറ്റ്...

അച്ഛനെ പരിശോധിച്ച ഡോകടര്‍ സുഹൃത്തായിരുന്നു.എച്ച് ഐ വി ബാധിച്ച പരിശോധന ഫലം ഡോക്ടറില്‍ നിന്നും ഏറ്റുവാങ്ങുമ്പോള്‍ അമ്മ കരഞ്ഞില്ല.

ഇനിയൊരിക്കലും തിരിച്ചു വരാത്തൊരു ലോകത്തിലേക്ക് അച്ഛന്‍ അപ്രത്യക്ഷ മായപ്പോള്‍ പിറക്കാന്‍ താന്‍ ചെയ്ത തെറ്റെന്ത് എന്ന ചിന്തയിലേക്ക് മണ്ണെണ്ണയും മാംസവും കരിഞ്ഞൊരു സമ്മിശ്ര ഗന്ധം മാത്രമായി തീര്‍ന്നിരുന്നു അമ്മയും.

നയനയോട് പോകരുതെന്ന് പറയണമെന്നുണ്ടായിരുന്നു ആല്ബിക്ക്.പക്ഷെ വാക്കുകള്‍ ഹൃദയത്തിലെ വിടെയോ കുരുങ്ങിക്കിടന്നു.

നിശബ്ദമായ ഉള്കടലിനു വിപരീതമായി ആര്‍ത്തിയോടെ തീരം തേടി വന്ന തിര ആല്‍ബിയുടെ ശരീരം ആശ്ലേഷിച്ചു ഉള്കടലിലേക്കാനയിച്ചു.

വാടാന്‍ ഇനിയും മണിക്കൂറുകള്‍ അവശേഷിച്ച ഒരു കുല ലില്ലിപ്പൂക്കള്‍ കൈ കുമ്പിളിലെടുത്ത് നയന ,ആല്‍ബിയെ ആശ്ലേഷിച്ച തിരയുടെ വരവിനായി കടലിലേക്കിറങ്ങി നിന്നു .       

No comments: