Sunday, November 27, 2011

ഇല്ലിമുള്‍ വേലികള്‍...


ഇല്ലിമുള്‍ വേലികള്‍...
    ചില ദുരന്തങ്ങള്‍ അങ്ങിനെയാണ്.മനപ്പൂര്‍വ്വം നാം മറവിയിലെക്കടിച്ചോടിച്ചാലും വീണ്ടും പഴയതിലും മികവോടെ അവ നമ്മിലേക്ക്‌ തന്നെ തിരിച്ചു വരുന്നു. മജീദ്‌..   ഒരു ദിവസം മാത്രം പരിചയമുള്ള നീയും ഒരു ദുരന്തം സമ്മാനിച്ച മുറിവായ്‌ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്തിനായിരുന്നു?
         പൂര്‍ത്തീകരിക്കാനാവാത്ത നിന്റെ ജീവിതത്തിന്റെ ഒടുങ്ങാത്ത ആത്മാവിന്റെ ജീവിതത്തോടുള്ള അഭിനിവേശമാണോ എന്റെ മനസ്സിലേക്ക് കുടിയിരുത്തി ഇല്ലി മുള്‍വേലിയാല്‍ ചുറ്റിട്ട നിന്റെയീ വീടിനടുത്ത് തന്നെ എന്നെ താമസിക്കാന്‍ പ്രേരിപ്പിക്കുന്നത്?അറിയില്ല..എങ്കിലും ഉറക്കം വരാത്ത രാത്രികളിലെ അവസാന യാമങ്ങളില്‍ ബോധത്തിനും അബോധത്തിനുമിടയിലെ ചില നിമിഷങ്ങളില്‍ ഞാന്‍ കേള്‍ക്കുന്ന നെടുവീര്‍പ്പുകള്‍ നിന്റെ ആത്മാവിന്റെതാണെന്നു ഞാന്‍ തിരിച്ചറിയുന്നു
          നേരിയ നിലാവുണ്ടായിരുന്നു.ഇല്ലി മുളകളാല്‍ പണിത വേലിയുടെ പൊളിഞ്ഞ ഭാഗം പൂര്‍വ്വ സ്ഥിതിയിലാക്കി ചുറ്റും ഒന്ന് കൂടി വീക്ഷിച്ചു ജമാല്‍ വീട്ടിലേക്കു നടക്കുമ്പോള്‍ ആര്‍ത്തിയോടെ വേലിയിലേക്ക് പടര്‍ന്നു കയറിയ കാട്ടു പടരന്‍പുല്ലുകളുടെ വെളുത്ത ചെറു വേരുകള്‍ നിലാവില്‍ വെട്ടിത്തിളങ്ങി നിന്നു.
           ഇനി വയ്യ .നേരം വെളുക്കട്ടെ ഇല്ലിമുളകള്‍ തീര്‍ത്ത വേലിവാതില്‍ കടന്നു ആ വീട്ടു മുറ്റത്തു കയറി തന്റെ മനസ്സിലെ എല്ലാ ഭാരങ്ങളും ഇറക്കി വെക്കണം .നെഞ്ച് പിളര്‍ന്ന ഒരു പൊട്ടിക്കരച്ചില്‍ നേരിടേണ്ടി വരും എന്നായാലും അത് വേണ്ടി വരും..ഇനി കാത്തിരിക്കാന്‍ വയ്യ ഇപ്പോള്‍ തന്നെ ആളുകള്‍ പിറുപിറുത്തു തുടങ്ങിയിരിക്കുന്നു.ഏതോ നാട്ടില്‍ നിന്നും വന്നൊരു യുവാവ് യൌവ്വനം അവസാനിച്ചിട്ടില്ലാത്തൊരു പെണ്ണും കൌമാരക്കാരിയായ പെണ്‍കുട്ടിയും ഒറ്റയ്ക്ക് താമസിക്കുന്ന വീടിനടുത്ത് വീട് വെച്ചു താമസം തുടങ്ങിയിരിക്കുന്നു.
            രണ്ടാളുടെ ഉയരത്തില്‍ പണിത തന്റെ പുതിയ വീടിന്റെ മതിലില്‍ വിശാലമായി പണിത ഗെയ്റ്റ് തുറന്നു മുറ്റത്തേക്കു കയറുമ്പോള്‍ എന്നും വസന്തം നിറഞ്ഞ തന്റെ പൂന്തോട്ടത്തില്‍ മഞ്ഞ് വീണു കുളിര്‍ത്ത പൂക്കള്‍ നാളെയൊരു വണ്ടിന്റെ പരാഗണ സ്പര്‍ശമോര്‍ത്തു ലജ്ജിച്ചു നിന്നിരുന്നു.
         ഉറക്കമില്ലാത്ത ഒരു രാത്രി കൂടി.വര്‍ഷങ്ങളായി മനസ്സില്‍ വിങ്ങി നിന്ന ഭാരം തൊണ്ടയിലേക്ക്‌ ഒരു നിലവിളിയായ് താഴ്ന്നിറങ്ങുന്നു.തന്റെ ഈ കൈകളിലേക്ക് തലവെച്ചു മജീദ്‌ അവസാനമായി പറഞ്ഞ വാക്കുകള്‍ എന്റെ  കുടുംബത്തിനാരുമില്ല യാഅല്ലാഹ് നീയവരെ കാക്കണേ...
         നിലാവ് എവിടെയോ പോയ്‌ ഒളിച്ചിരുന്നു.ഇരുട്ട് മൂത്ത് ആകാശമില്ലാതെ ഭൂമി നിസ്സഹായയായിക്കിടന്നു.
        സൗദി അറേബ്യയിലെ പ്രവാസത്തില്‍ ബലിപെരുന്നാള്‍ അടുപ്പിച്ചു വന്ന വ്യാഴാഴ്ചയും നീണ്ട ഒരാഴ്ചത്തെ അവധിയും സമ്മാനിച്ച ദുരന്തത്തിന്റെ ഓര്‍മ്മകള്‍ നിരന്തരമായി ജമാലിനെ വേട്ടയാടിക്കൊണ്ടേയിരിക്കുകയായിരുന്നു .
        ജീസാനില്‍ നിന്നും റിയാദിലെ മെയിന്‍ ഓഫീസിലേക്ക് പോകാനോരുങ്ങുമ്പോഴാണ് സുഹൃത്തായ അബൂക്കാ തന്റെ നാട്ടുകാരനായ മജീദിനെ തന്റെ മുമ്പിലേക്ക് കൊണ്ട് വന്നത്.അടുത്താഴ്ച നാട്ടിലേക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്ന അയാള്‍ക്ക്‌ കുറച്ചു വസ്ത്രങ്ങളും അല്പം സുഗന്ധദ്രവ്യങ്ങളും റിയാദില്‍ നിന്നും വില കുറച്ചു വാങ്ങണം.ഒരു ജവുളിക്കടയില്‍ സെയില്‍സ്മാനായി ജീവിതം നയിക്കുന്ന മജീദ്‌ സൌമ്യനായി ജമാലിനെ നോക്കി മന്ദഹസിച്ചു.
          യാത്ര തുടങ്ങുമ്പോള്‍ മജീദ്‌ മൌനിയായിരുന്നു.പിന്നെ തന്റെ അന്വേഷണങ്ങള്‍ക്കൊപ്പം അയാള്‍ വാചാലനായിത്തുടങ്ങി.കൊണ്ടോട്ടിയില്‍ കവി മോയിന്‍കുട്ടി വൈദ്യരെ ആരാധിക്കുന്ന ശരാശരി സാധാരണക്കാരനായ ഒരു മലബാര്‍ പ്രവാസി.
മുല്ലപ്പൂന്ചോലയില്‍ മൂളുന്ന വണ്ടേ
മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ
കൊല്ലന്‍ പണിയുന്നൊരാല നീ കണ്ടോ
കേവലം പാടിക്കളിക്കുന്ന് വണ്ടേ
ചൊല്ലുന്നോ വണ്ടേ നീ മൂളുന്നതെന്ത്
ചെക്കിപ്പൂ ചോലയില്‍ കണ്ടൊരു മങ്ക
ചോളം പൊരിയുന്ന താളം പറഞ്ഞ്
ബാലിയ ചോലയില്‍ മൂളുന്ന വണ്ടേ
മുല്ലപ്പൂന്ചോലയില്‍ മൂളുന്ന വണ്ടേ
മാനിമ്പം മാനിമ്പം തേനുണ്ടോ വണ്ടേ..
         ഇടയ്ക്കു മോയിന്‍കുട്ടി  വൈദ്യരുടെ ഇശലുകള്‍ അവന്‍ ഈണത്തില്‍ പാടി.
എന്നും തനിച്ചായിരുന്നു യാത്രകള്‍.പക്ഷെ ഇന്ന് മജീദിന്റെ കൂടെയുള്ള ഈ യാത്ര ജമാലിനെ ആഹ്ലാദ വാനാക്കി.പിന്നെ തന്റെ കുടുംബത്തെക്കുറിച്ചും അവന്‍ സംസാരിച്ചു.ഉപ്പയും ഉമ്മയും നേരത്തെ നഷ്ടപ്പെട്ട സ്വന്തമായി എന്ന് പറയാന്‍ ഭാര്യയും ഒരു മകളുമായിരുന്നു നാട്ടിലുള്ളത്.മൂന്നു വര്‍ഷത്തിനു ശേഷം നാട്ടിലേക്കുള്ള യാത്രയുടെ ആഹ്ലാദം മജീദിന്റെ മുഖത്തു നിന്നും ജമാല്‍ വായിച്ചെടുത്തു.ബത്ഹയിലെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ഒരു തെരുവില്‍ ജമാല്‍ അവനേയിറക്കി നാല് മണിക്കൂര്‍ കഴിഞ്ഞെത്താമെന്നു പറഞ്ഞു പട്ടണപ്രാന്തത്തിലുള്ള തന്റെ ഓഫീസിലേക്ക് കാറോടിച്ചു.
          ബത്ഹയില്‍ തന്നെയുള്ള തന്റെ നാട്ടു കാരനെ സന്ദര്‍ശിച്ചു തിരിച്ചെത്തുമ്പോള്‍ മജീദും മടക്കയാത്രക്ക് തയ്യാറായി നിന്നിരുന്നു.വളരെ കുറച്ചു സാധനങ്ങളെ അയാള്‍ വാങ്ങിയിരുന്നുള്ളൂ.മകള്‍ക്കൊരു കൂട്ടം വസ്ത്രവും വില കുറഞ്ഞ അല്പം സുഗന്ധ ദ്രവ്യങ്ങളും പ്രാണപ്രേയസിക്കൊരു സാരിയും.നീണ്ട അവധി ദിനങ്ങളുടെ ആരംഭമായതിനാല്‍ റിയാദ് നഗരം തിരക്കിലലിഞ്ഞു തുടങ്ങും നേരം ജമാലും മജീദും മടക്കയാത്രയാരംഭിച്ചു.
          ഈദിന്റെ ഒഴിവു ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി അയല്‍പ്രദേശമായ ഉള്‍നാടുകളില്‍ നിന്നും നിരവധി വാഹനങ്ങള്‍ പട്ടണത്തിലേക്ക് പ്രവഹിച്ചിരുന്നതിനാല്‍ റോഡു മുഴുവന്‍ വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു.മടക്ക യാത്രക്കുള്ള റോഡു വിജനമായിരുന്നു.ചെറിയൊരു വളവും പിന്നെയൊരു കയറ്റവും.വലതു വശത്ത്‌ നിന്നും വളരെ വേഗത്തില്‍ തങ്ങളുടെ വാഹനം മറി കടക്കാന്‍ ശ്രമിച്ച സ്വദേശിയുടെ ആഡംബര വാഹനം ഒരു മിന്നായം പോലെ മജീദിരുന്ന വലതു വശം സ്പര്‍ശിച്ചു പര്‍വ്വത ഭാഗത്തെ റോഡതിരിട്ട ഡിവൈടരില്‍ തട്ടി ചിന്നഭിന്നമായി .
          ഇടിയുടെ ആഘാതത്തില്‍ നടു റോഡിലേക്ക് തെറിച്ചു വീണ മജീദിനെ പ്രജ്ഞയറ്റ അല്പം നിമിഷങ്ങള്‍ക്ക് ശേഷം കൈക്കുമ്പിളിലേക്ക് വാരിയെടുക്കുമ്പോള്‍ വാവിട്ടു കരയുവാന്‍ പോലും കഴിയാതെ ജമാല്‍ തളര്‍ന്നിരുന്നു."എന്റെ കുടുംബം.. അവര്‍ക്കാരുമില്ല..യാ അല്ലാഹ് നീയവരെ കാക്കണേ"യെന്ന അവസാന വാക്കുകള്‍,ജമാലിനെ ഒരു കടലോളം ദുഃഖത്തിലേക്ക് തള്ളി വിട്ടു.
            സൗദി അറേബ്യയില്‍ തന്നെ സംസ്കരിച്ച മജീദിന്റെ ഖബറടക്കത്തിനു പോലും പങ്ക്‌ ചേരാനാ വാതെ ആശുപത്രിയിലും ജയിലിലുമായി കഴിഞ്ഞ നാളുകള്‍ക്കൊടുവില്‍ ഒരു ഉള്‍വിളിയോടെ ജമാല്‍ മജീദിന്റെ നാടായ ഈ കൊണ്ടോട്ടിയില്‍ എത്തുകയായിരുന്നു .
          ഇരുട്ടിനെ അതിജീവിക്കാന്‍ കഴിയാതെ ശുഷ്കിച്ചു മിന്നി നിന്ന നക്ഷത്രങ്ങളുടെ ഇടയില്‍ ഒരു നക്ഷത്രം മാത്രം തേജസ്സോടെ മിന്നി നിന്നത് ..മജീദ്‌ നിന്റെ ആത്മാവാണെന്നു ഞാന്‍ വിശ്വസിക്കട്ടെ.നിനക്ക് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത നിന്റെ ആഗ്രഹങ്ങള്‍ ഒരു നിമിത്തം പോലെ എന്നിലൂടെ സഫലമാവുന്നത് കണ്ടു നിന്റെ ആത്മാവ് നിര്‍വൃതി അടയട്ടെ.
            തേജസ്സോടെ പ്രകാശിച്ചു നിന്ന ഒറ്റയാന്‍ നക്ഷത്രത്തിനൊപ്പം ചന്ദ്രനും പതിയെ പ്രകാശിക്കാന്‍ തുടങ്ങി.മുള്ള്വേലി വാതില്‍ കടന്നു മജീദിന്റെ മുറ്റത്തെത്തി ഒന്ന് പൊട്ടിക്കരയാന്‍ ഇനി ഏതാനും നാഴികകള്‍ മാത്രം .ബോധത്തിനും അബോധത്തിനുമിടയില്‍ നെടുവീര്‍പ്പുകള്‍ ഉയരാത്തൊരു പുലര്‍ച്ച യിലേക്ക് ജമാല്‍ മതിമറന്നുറങ്ങി....