Wednesday, September 12, 2012

സൌഹൃദത്തിന്റെ വന്‍കരകള്‍..ദേശാടനം സ്വീകരിച്ച് അഷ്ട ദിക്കുകളില്‍ ചിതറിത്തെറിച്ച് ജീവിച്ചു തീര്‍ക്കുന്ന സൌഹൃദങ്ങള്‍ക്ക് എന്നും പറയാനുണ്ടാവും ഇത് പോലെ നനുത്തൊരു സൌഹൃദത്തിന്റെ കഥ.

കുളുര്‍ന്നു വിറച്ച ഡിസംബറിലെ ആ വാരാന്ത്യം അതിലേറെ കുളിരുള്ള ഒരോര്‍മ്മയായി എന്റെ ജീവിതത്തെ ഇന്നും സമ്പുഷ്ടമാക്കുന്നു.

നിലാവ് സാക്ഷിയാക്കി ഗസല്‍ പൂത്ത ആ രാവ് മനസ്സില്‍ സൂക്ഷിക്കാന്‍ തന്നതിന് കടപ്പാടും നന്ദിയും നമിതാ ഗോപാലിന് കൈമാറുന്നു.

ആതിരവരുന്നേരമൊരുമിച്ച് കൈകള്‍ കോര്‍ത്തെതിരെല്ക്കണം
നമുക്കിക്കുറി..വരുംകൊല്ലമാരേന്നുമെന്തെന്നുമാര്‍ക്കറിയാം ..

വേദിയില്‍ കക്കാടിന്റെ വരികള്‍ ഹൃദ്യമായി പാടിയ ഗായകന് പ്രേക്ഷകന്റെ ഹൃദയം തൊടാന്‍ കഴിഞ്ഞത് ആ കവിതയുടെ ലാളിത്യം കൊണ്ടും കവിതയ്ക്ക് യോജിച്ച ശബ്ദ സൌകുമാര്യം കൊണ്ടുമായിരുന്നു.

നമിതയുടെ കണ്ണുനീര്‍ വീണു നനഞ്ഞ എന്റെ വലതു ചുമല്‍ തണുത്തു വെറുങ്ങലിച്ചു.ആരെയും കാണിക്കാതെ ,ആരും കാണാതെ കണ്ണീര്‍ പൊഴിച്ചിടാന്‍ ഒരിടം അതായിരുന്നു അവള്‍ക്കു ഞാന്‍.

ലോകം പരിതപിച്ചു കൊണ്ടിരിക്കുന്ന ആണ്‍ പെണ്‍ സൌഹൃദങ്ങളിലെ കാപട്യത ചൂഷണം ഇവയൊന്നുപോലും സ്പര്‍ശിക്കാത്ത ഒരു ബന്ധം ,അത് സൌഹൃദ ത്തിലുപരി സാഹോദര്യ ത്തിന്റെത് കൂടിയായിരുന്നു.

അതായിരുന്നു പലപ്പോഴും ഭര്‍ത്താവ് ഗോപാല്‍ സൌഹൃദത്തിന്റെ എല്ലാ വേലിയിറമ്പുകളിലൂടെയും സഞ്ചരിക്കാന്‍ ഞങ്ങളെ അനുവദിച്ചത് .

വേദിക്ക് നാലഞ്ചു മീറ്റര്‍ പുറകിലായി ഫ്രെയിമില്ലാത്ത കൂറ്റനൊരു കണ്ണാടിച്ചുമരായിരുന്നു .മഞ്ഞു കാലം ആരംഭിക്കുമ്പോൾ മരുഭൂമിയിൽ പതിഞ്ഞു വിടരുന്നൊരു തരം മഞ്ഞപ്പൂക്കളുണ്ട്‌.വളരെ ചെറിയ ഇലകളോട്‌ കൂടിയ അത്തരം പടരൻ ചെടികളിൽ മഞ്ഞുതുള്ളികൾ താളമിടുമ്പോൾ ആ പൂക്കളത്രയും ഒന്നു നിവർന്ന് വിവശയായി വീണ്ടും മരുഭൂമിയിലങ്ങനെ പതിഞ്ഞു കിടക്കും...

കണ്ണാടി ക്ക് പുറത്തെ മഞ്ഞു വീണ മരുഭൂമിയും ,നിലാവും വേദിയിലെ ഗസലുകളുടെ ഈണങ്ങളുടെ പശ്ചാത്തലത്തിലുമിരുന്നവള്‍ ഒരു കുഞ്ഞിക്കാലു കാണാനുള്ള അവസാന പാഴ് ശ്രമവും പരാജയപ്പെട്ട നോവ്‌ പാടിത്തന്നത്.

കുഴപ്പം നമിതക്കായിരുന്നു ഒരു കുട്ടിയെ ദത്തെടുക്കുക എന്ന എന്റെ നിര്‍ദേശം ഗോപാലി നും സ്വീകാര്യമായി ,എങ്കിലും അതങ്ങനെ നീണ്ടു പോയി.

മൃതമായി പിറക്കുന്ന ഓരോ ബീജ കണങ്ങളും കോര്‍ത്തു അവള്‍ വിലാപകാവ്യങ്ങളെഴുതി .പൊതുവേ ദുഖങ്ങളില്ലാതെ ശാന്തമായൊ ഴുകുന്ന എന്റെ ജീവിതത്തില്‍ നോവിന്റെ പെരുമഴക്കാലം സൃഷ്ടിച്ചു.

ആ നോവുകള്‍ പൊള്ളുന്ന കഥകളായി എന്റെ പേനത്തുമ്പില്‍ നിന്നും പിറവി കൊണ്ടു .അക്കാലമത്രയും ഞാന്‍ രചിച്ച കഥകള്‍ നഷ്ട സ്വപ്നങ്ങളുടെയും അഗാധമായ വേര്‍പാടുകളുടെ ദുഃഖ കഥനങ്ങളായി രൂപപ്പെട്ടിരുന്നു.

ഒരര്‍ത്ഥത്തില്‍ ജീവിതത്തില്‍ ആരും സംതൃപ്തരല്ല.ലോകത്തെവിടെയും ആരും സുരക്ഷിതരുമല്ല .എന്നിട്ടും സുരക്ഷിതത്വത്തിന്റെ ആത്മ സംതൃപ്തിയുടെ വന്‍കരകള്‍ തേടി ഗോപാല്‍ സ്വീകരിച്ച പുയ്തിയ രാജ്യം നമിതയ്ക്ക് കൂടി അനുയോജ്യമായിരുന്നു എന്നതില്‍ എനിക്കായിരുന്നു. ആത്മ സംതൃപ്തി.

മാറ്റങ്ങള്‍ പലപ്പോഴും ജീവിതത്തെ സ്വാധീനിക്കാറുണ്ട്.വ്യത്യസ്ഥ സംസ്കാരം ,പുതിയ ജീവിത രീതികളിലേക്ക് ഊര്‍ന്നിറങ്ങാനുള്ള അഭിനിവേശം,പഴയതില്‍ നിന്നും വേറിട്ടൊരു ജീവിത പശ്ചാത്തലം ഇവയെല്ലാം താല്‍കാലിക ദുഖങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ മനസ്സിനെ പര്യാപ്തമാക്കും.

ഭൂതം,...അതാരുമെന്നെ ഓര്‍മ്മിപ്പിക്കരുത്
പുഴുവരിച്ചു ചീഞ്ഞു നാറിയ ഒരു
മാംസപിണ്ഡം പോലെ
ഞാനൊടുങ്ങും വരെ
അവയെന്നോട് ചേര്‍ന്നിരിക്കും
വര്‍ത്തമാനം
തെറ്റ് ചെയ്യാതെ തെറ്റിദ്ധരിക്കപ്പെട്ടവനായി
വിണ്ടു കീറിയ ഹൃദയവും പേറി
ആരൊക്കെയോ തെളിച്ച
വഴിയില്‍ നടക്കാതെ
നടന്ന വഴിയെ തെളിക്കുക..
ഭാവി,
നിന്റെ കാലടികള്‍ എത്രയെന്നു
തിട്ടപ്പെട്ടതാണ് നിന്റെ വാക്കുകള്‍
എത്രയെന്നു എണ്ണപ്പെട്ടതാണ്
നിന്റെ ശ്വാസ നിശ്വാസങ്ങള്‍
പരിധി നിശ്ചയിക്കപ്പെട്ടതാണ്‌
ഇത്രമാത്രം നിങ്ങളെന്നെ
ഓര്‍മ്മപ്പെടുത്തുക.
കാലടികള്‍ക്കും വാക്കുകള്‍ക്കും
ശ്വാസ നിശ്വാസങ്ങള്‍ക്കും
അടിവരയിടുമ്പോഴാണ്
ഭൂതവും വര്‍ത്തമാനവും
ഭാവിയും നഷ്ടപ്പെടുന്നത്.
അവിടെ ഞാനൊടുങ്ങുന്നു

ഇവിടെ മഞ്ഞുകാലം വിടപറയുകയും നമിതയും ഗോപാലും കുടിയേറാന്‍ തീരുമാനിച്ച വന്‍കരയില്‍
മഞ്ഞുകാലത്തിന്റെ ആരംഭവും ആണെന്ന അറിവ് എന്നെയായിരുന്നു കൂടുതല്‍ ആഹ്ലാദിപ്പിച്ചത്.

ഇനി ശോകം നിനക്കുചിതമല്ല
ചിത കത്തിച്ച അണയാത്ത
ചൂട്ടു കറ്റയാഞ്ഞു വീശി
ശോകക്കടലിന്റെ മറുകര കടക്കുക
കാറ്റ് പ്രളയമായ് വന്നെന്റെ
അണഞ്ഞു പോയ ചിതക്ക്‌
വീണ്ടും അഗ്നി കൊളുത്തട്ടെ
നേരാണിത് മുന്നേറുക
അന്നും ,ഇന്നും, എന്നും നിന്റെ
നിഴലില്‍ ഞാനുണ്ട്,

നമിതയെയും ഗോപാലിനേയും യാത്രയാക്കുമ്പോള്‍ അല്പം
വരികള്‍ മാത്രം ഞാന്‍ സമ്മാനിച്ചത് എന്റെ ദുഃഖങ്ങള്‍ അവരില്‍ നിന്നും ഒളിച്ച് വെക്കാനായിരുന്നു.
പിന്നീട് മഞ്ഞു വീണു കുതിര്‍ന്ന ഓരോ ഡിസംബറിലും മൃദുലമായ
ഓരോ ഓര്‍മ്മകളിലും നമിതാ ഗോപാലുമുണ്ടായിരുന്നു. .ഹൃദയ ഹാരിയായ ഓരോ ഗസലിനും അകമ്പടിയായി അവളുടെ നനുത്ത സൌഹൃദത്തിന്റെ സ്പര്‍ശനം ഞാന്‍ അനുഭവിച്ചു.

ഒരു വിരലനക്കത്തിനപ്പുറം എന്റെ സന്ദേശങ്ങള്‍ കാത്തു എന്നും അവളുണ്ടായിരുന്നു.

മഞ്ഞു വീണു കുതിര്‍ന്ന മറ്റൊരു ഡിസംബറിലെ നമിതയുടെ സന്ദേശം എന്നെ ആഹ്ലാദത്തിന്റെ മഞ്ഞുതീരങ്ങളില്‍ കുടിയിരുത്തി.

സദാ മഞ്ഞു പൊഴിയുന്ന അഫ്ഗാനിലെ സയണിസ്റ്റ് പട്ടാളം വേട്ടയാടിയ ഒരു ഗ്രാമീണ കുടുംബത്തില്‍ പോറലു പോലും ഏല്‍ക്കാതെ രക്ഷപ്പെട്ട ഒരേയൊരു ചോരക്കുഞ്ഞായ പെണ്‍കുട്ടിയെ അധികൃതരില്‍
നിന്നും ഏറ്റെടുക്കുമ്പോള്‍ നമിതാഗോപാലിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവും
പുതിയ ഒരര്‍ത്ഥ വും കൈവരികയായിരുന്നു.

ഇന്നും ഞാന്‍ സൌഹൃദത്തിന്റെ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടുമ്പോള്‍ നമിത ഗോപാലിനെപ്പോലെ വാക്കുകള്‍കൊണ്ട് സൂചിപ്പിക്കാനാവാത്ത വിധത്തിലുള്ള സൌഹൃദമായിരുന്നു തിരയാറുള്ളത്