Wednesday, July 14, 2010

മഴയിലേക്ക്‌ ഒരു പൈങ്കിളിക്കഥ ...

അണയാന്‍ പോവുന്ന മണ്ണെണ്ണ വിളക്കിലേക്ക് അല്പം എണ്ണ കൂടി ഒഴിച്ച് അമ്മു മുത്തശിയുടെ കാല്‍ തിരുമ്മി.പുറത്ത്‌ മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.ചീവീടുകള്‍ നിര്‍ത്താതെ സംഗീതം പൊഴിച്ച് രാവിനെ കൂടുതല്‍ മനോഹരമാക്കി.വെളിച്ചം


കെട്ടു പോവാതിരിക്കാന്‍ കുളുര്‍ന്നു വിറച്ചൊരു മിന്നാ മിനുങ്ങു ഇറയത്തെക്കു കയറി നിന്നു.ജനലഴിയിലൂടെ അരിച്ചു വന്ന തണുപ്പ് കാറ്റേറ്റ് മുത്തശി പുറം തിരിഞ്ഞു കിടന്നു.നേര്‍ത്തൊരു മിന്നലില്‍ ഒരു നിമിഷം ഓലപ്പുരയുടെ ഉമ്മറം മുതല്‍ നോക്കെത്താ ദൂരത്തു വിളഞ്ഞ നെല്‍പാടങ്ങളും കടന്നു അനന്തതയിലേക്ക് മനോഹരമായൊരു ദൃശ്യം അമ്മുവിന് കാഴ്ച വെച്ചു.ഓല മെടഞ്ഞുന്ടാക്കിയ പിന്‍ഭാഗത്തെ വാതിലില്‍ കൂടി നുഴഞ്ഞു കടക്കാന്‍ ശ്രമിച്ച കള്ളിപ്പൂച്ചയെ അമ്മു വിരട്ടിയോടിച്ചു.വെള്ളം നിറച്ച പഴയ വക്കുകള്‍ പൊട്ടിയ പാന ചേര്‍ത്തു വെച്ചു വാതിലടച്ചു.മഴ അല്പം ശമിച്ചിരുന്നു.അടുക്കള ഭാഗത്തെ പുളി മരത്തില്‍ നിന്നും മഴയുടെ ബാക്കി വന്ന ജല കണങ്ങള്‍ കാറ്റ് തെങ്ങോല മെടഞ്ഞു മേഞ്ഞ മേല്‍ക്കൂരയിലേക്ക് കുടഞ്ഞിട്ടു.ജയദേവന്‍ ഇനിയും എത്തിയിട്ടില്ല.അമ്മുവിന്‍റെ കളിക്കൂട്ടുകാരന്‍ ജയദേവന്‍ ഒരു മാസം മാത്രമേ ആയിട്ടുള്ളൂ അവളുടെ കഴുത്തില്‍ താലി കെട്ടിയിട്ട്‌.അയാളെ ഓര്‍ത്തപ്പോള്‍ അമ്മുവിന്‍റെ ഇടതു ചെവിക്കു പുറകിലെ മറുക് ഉണര്‍ന്നു നിന്നു.എന്തോ പിറ്പിറ്ത്തുകൊണ്ട് മുത്തശി വീണ്ടും മറുഭാഗത്തേക്ക് തിരിഞ്ഞു കിടന്നു.അടുത്ത പട്ടണത്തില്‍ ബസ് സ്ടാണ്ടിലെ ചുമടെടുപ്പുകാരനാണ് ജയദേവന്‍ ഗ്രാമത്തിലേക്കുള്ള അവസാനത്തെ ബസ്സിലാണ് ദിനവും തിരിചെത്താറുള്ളത്‌..അമ്മു ഓര്‍ത്തു അവളുടെഅയല്‍ക്കാരായിരുന്നു ജയദേവന്റെ കുടുംബം ,കളിക്കൂട്ടുകാരനും.ബാല്യം മുതല്‍ നിഷ്കളങ്കമായി പ്രണയിച്ചു കൌമാരത്തിന്റെ മഴയിടങ്ങളിലൂടെ സഞ്ചരിച്ചു യൌവ്വന ത്തില്‍ ഒന്നിച്ചു ചേരാന്‍ ഭാഗ്യം ലഭിച്ചവര്‍.മഞ്ഞും മഴയും വീണ നനഞ്ഞ തണുത്ത പാട വരമ്പിലൂടെയും പരല്‍മീനുകള്‍ മാനം നോക്കി കിടക്കുന്ന കൈത്തോട്ടിലൂടെയും ഒരു കുടക്കീഴില്‍ നടന്നു കളിച്ചു തിമര്‍ത്ത ബാല്യം.തൊടിയിലെ പടര്‍ന്നു പന്തലിച്ച മൂവാണ്ടന്‍ മാവിന്റെ കൊമ്പില്‍ ഊഞ്ഞാലാടിത്തിമര്‍ത്തു,മഴ പെയ്തു തോര്‍ന്നു മാവിന്‍ ചോട്ടില്‍ മാമ്പഴം പകുത്തു തിന്നു,പകുതി തിന്നു തീര്‍ത്ത മാമ്പഴത്തിനായി അണ്ണാറക്കണ്ണനോട് കലഹിച്ചു തീര്‍ത്ത കുട്ടിക്കാലം ,ഓലപ്പുരയുടെ മരയഴിയിട്ട ജാലകത്തിലേക്ക്കാതുചേര്‍ത്തു അമ്മു മയങ്ങി.മഴ വീണ്ടും ശക്തിയോടെ ഭൂമിയിലേക്ക്‌ പെയ്തിറങ്ങി .പട്ടണത്തില്‍ നിന്നും പുറപ്പെട്ട അവസാനബസ്സ് ഗ്രാമ പാതയില്‍ കിതച്ചു നിന്നു.ജയദേവന്‍ ചെമ്മണ്‍ പാതയിലെക്കിറങ്ങി നടന്നു തുടങ്ങി.നെല്‍ക്കതിര്‍ വിളഞ്ഞു നില്‍ക്കുന്ന പാടങ്ങള്‍ക്കു നടുവിലൂടെനിവര്‍ത്തിയിട്ട ചെമ്മണ്‍ പാതയിലേക്ക് പാടം നിറഞ്ഞു വെള്ളം ഒഴുകിയിരുന്നു.വയല്‍ പൊത്തുകളലിരുന്നു പെണ്തവളകളെ വശീകരിക്കുവാന്‍ ആണ്‍തവളകള്‍ മത്സരിച്ചു കരഞ്ഞു കൊണ്ടിരുന്നു.പ്രണയാര്ദ്രയായ ഒരു പെണ്തവള ജയദേവന്റെ കാലിനടിയിലൂടെ ഇക്കിളിയിട്ട് മറു ഭാഗത്തേക്ക് ഊളിയിട്ടു.മഴ കൊണ്ട് തണുത്ത വയല്‍ കാറ്റ് ജയദേവനെ തരളിതനാക്കി വടക്കോട്ട്‌ വീശി.ചെമ്മണ്‍വഴിയില്‍ നിന്നും തിരിഞ്ഞ നടവരമ്പ് അവസാനിക്കുന്നിടത്ത് വീട്ടു തൊടിയിലെക്കുള്ള നടപ്പാലം വരെ വെള്ളം കയറി നിന്നു.വഴുക്ക് പിടിച്ച തെങ്ങിന്‍ പാലത്തില്‍ ഒരു നീര്‍ക്കോലിക്കുഞ്ഞു ചെറു പരലിനെ ലക്ഷ്യമിട്ട് നിന്നു. അമ്മു കൊളുത്തിടാന്‍ മറന്ന വാതിലില്‍ കൂടി വീട്ടിലേക്കു കയറിയ ജയദേവന്റെ കൂടെ കുളുര്‍ന്നു വിറച്ച മിന്നാമിനുങ്ങും കൂട്ട് കൂടി.ജാലകത്തിലേക്ക് തല ചായ്ച്ചുറങ്ങുന്ന അമ്മുവിന്‍റെ മുഖം മണ്ണെണ്ണ വിളക്കിന്റെ പ്രഭയില്‍ തിളങ്ങി നിന്നു.സ്വപ്‌നങ്ങള്‍ മിന്നി മറയുന്ന മുഖത്തു ഒരു വാഴയില കുടയാക്കി ഒരു ജീവിതം മുഴുവന്‍ മഴക്കാലമാക്കി പിന്നിട്ട കളി ക്കൂട്ടുകാരിയുടെ സാഫല്യം ജയദേവന്‍ വായിച്ചെടുത്തു.തണുത്തുറഞ്ഞ ഇടതു ചെവിക്കു പുറകിലെ തവിട്ടു നിറമുള്ള മറുകില്‍ ജയദേവന്‍ പതിയെ ചുംബിച്ചു.അമ്മുവിന്‍റെ ഉണര്‍ച്ച ക്കൊപ്പം മറുകും ഉണര്‍ന്നിരുന്നു,മഴ തോര്‍ന്നു തണുപ്പകന്ന തൊടിയില്‍ മിന്നാ മിനുങ്ങുകള്‍ ആനന്ദ നൃത്തം ചെയ്തു.പതിയെ അമ്മു ജയദേവന്റെ ആലിംഗനത്തിലേക്ക് ഒതുങ്ങി

No comments: