Tuesday, September 21, 2010

തിരക്കുകളില്‍ അലിഞ്ഞില്ലാതാവുന്നവര്‍ ...

തണുത്ത നവംബറിലെ വിരസമായ ഒരവധി ദിനത്തിന്റെ പകലിലേക്കാണ് സജീവ് ഉറക്കമുണര്‍ന്നത്‌.ഉണര്‍വ്വിലും ഉറക്കിലുമായി പിന്നെയും അല്‍പ നേരം കിടന്നു.തലേന്ന് പെയ്ത മഞ്ഞിന്‍തുള്ളികളെ പുല്‍നാമ്പുകളില്‍ നിന്നും വെയിലാറ്റിയെടുക്കുമ്പോഴേക്കും അമ്മ പ്രാതല്‍ തയ്യാറാക്കി വെച്ചിരുന്നു.അനന്തപുരിയെന്ന നഗരം ആരംഭിക്കുന്നതിനു മുമ്പ് അഞ്ചു നാഴികകള്‍ക്കിപ്പുറത്തായിരുന്നു സജീവിന്റെ വീട്.ഓഹരി വിപണിയിലെ ഓഫീസിലെ ജീവനക്കാരനായിരുന്നു സജീവെന്ന അവിവാഹിതനായ യുവാവ്.ഒടുങ്ങാത്ത തിരക്കുകള്‍ക്കിടയിലെ ജീവിതത്തില്‍ വാരാന്ത്യങ്ങളില്‍ ഇത് പോലെ വീണു കിട്ടുന്ന ഈ അവധി ദിവസവും അയാള്‍ക്ക്‌ വിരസതയാണ് സമ്മാനിച്ചത്‌.കാരണം തിരക്കുകളെ അയാള്‍ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നു.അല്ലെങ്കില്‍ തിരക്കുമായി അയാള്‍ താദാത്മ്യം പ്രാപിച്ചിരുന്നു എന്നും പറയാം .പ്രാതല്‍ കഴിഞ്ഞു ഇനിയും വിവാഹം കഴിക്കാത്ത പരാതിയും വാര്‍ധക്യ സഹജമായ ക്ലേശങ്ങളും അമ്മ നിരത്തി ത്തുടങ്ങുമ്പോഴെക്കും അയാള്‍ പുറത്തെക്കിറങ്ങിയിരുന്നു.റോഡില്‍ തിരക്ക് കുറവായിരുന്നു.സാധാരണ ദിനങ്ങളിലെ പ്പോലെ മരണ പ്പാചിലുകളില്ലാതെ മിക്ക സീറ്റുകളും കാലിയായ ബസ്സുകള്‍ സാവധാനം ഓടുന്നു.അടുത്തു വന്നു മെല്ലെ നിര്‍ത്തിയ ബസ്സില്‍ കയറാതെ അയാള്‍ നഗരം ലക്ഷ്യമാക്കി നടന്നു.ഒരൊഴിവ് ദിനം എങ്ങിനെ ആഹ്ലാദകര മാക്കണമെന്നു സൂചിപ്പിച്ചു പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ നടുവിലായി കുറച്ചു യുവാക്കള്‍ വാഴനട്ടു നഗര സഭയോട് പ്രതിഷേധിക്കുന്ന കാഴ്ചയും കടന്നു അയാള്‍ നടത്തം തുടര്ന്നു.നഗരം തുടങ്ങുന്നതിനും ഒരു നാഴിക മുമ്പായി പൊതു ശ്മശാനത്തില്‍ ഒരു ചിത കത്തുന്നുണ്ടായിരുന്നു.പൊട്ടി വീണ വൈദ്യുത ക്കമ്പിയിലേക്ക് മൂത്രമൊഴിച്ചു ഷോക്കേറ്റു മരിച്ച ബാലന്റെ ചിതയായിരുന്നു അതെന്നു ഇന്നലെ വായിച്ച സായാഹ്ന പത്രത്തിന്റെ വാര്‍ത്തയില്‍ അയാള്‍ അനുമാനിച്ചു.നഗരത്തില്‍ യാചന നടത്തുന്നവരുടെയും ചെറു കിട കച്ചവടക്കാരുടെയും കുടിലുകളായിരുന്നു റോഡിനിരുവശവും.നഗര സഭ കുടിവെള്ളം വിതരണം ചെയ്യുന്ന ലോറിക്കരികെ ഡ്രൈവറുമായി കയര്‍ത്തു സംസാരിക്കുന്ന വിടര്‍ന്ന കണ്ണുകളുള്ള സുന്ദരിയായ പെണ് കുട്ടിയിലേക്ക്‌ സജീവിന്റെ ദൃഷ്ടികള്‍ പതിഞ്ഞു. നഗരത്തിരക്കിലെവിടെയോ കണ്ടു മറന്ന മുഖം .തിരിഞ്ഞൊന്നു കൂടി നോക്കാന്‍ ആഗ്രഹിക്കുമ്പോഴേക്കും നിരയായി കെട്ടിയ കുടിലുകല്‍ക്കിടെയി ലെവിടെയോ അവള്‍ അപ്രത്യക്ഷയായിരുന്നു.വരുത്തി ഹീനമായ കുടിലുകളും കടന്നയാള്‍ നഗരത്തിലെ തിരക്കിലലിയുമ്പോള്‍ ഉച്ചയാവാറായിരുന്നു.പുതുതായി റിലീസാവുന്ന ചിതം കാണുവാന്‍ വേണ്ടി തിക്കി ത്തിരക്കി യ തിയേറ്ററിലെ അവസാന വരിയിലേക്കയാലും കയറി നിന്നു.പ്രഗല്ഭമായ സംവിധാനത്തില്‍ തീവ്രമായൊരു കുടുംബ ജീവിതത്തിന്റെ കഥ അഭ്ര പാളിയില്‍ നന്നായി അവതരിപ്പിച്ച ചിത്രം കണ്ടിറ ങ്ങുമ്പോ ഴാണ് ഭിക്ഷക്കാരി നീട്ടിയ പാത്രവുമായി അയാളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്.കരിക്കട്ടകള്‍ കൊണ്ട് കൃത്തിമമായി വികൃതമാക്കാന്‍ ശ്രമിച്ച ആമുഖം അയാള്‍ തിരിച്ചറിഞ്ഞത് വിടര്‍ന്ന കണ്ണുകളിലെ പ്രഭയിലായിരുന്നു.ഭിക്ഷാ പാത്രത്തിലെ ചുരുങ്ങിയ നാണയത്തുട്ടുകള്‍ക്ക് മുകളിലേക്ക് അമ്പത് രൂപയുടെ നോട്ടു അയാള്‍ ഇട്ടിട്ടും നന്ദിയോടെ അയാളുടെ മുഖത്തേക്ക് പോലും ഒന്ന് നോക്കാതെ അവള്‍ മറ്റു ആളുകളുടെ മുന്നിലേക്ക്‌ പാത്രം നീട്ടി മുന്നോട്ടു നീങ്ങി.തിരക്കുകളിലലിഞ്ഞു ചേര്‍ന്ന അനേകം ദിവസങ്ങള്‍ക്കൊടുവില്‍ അവളറിയാതെ അയാള്‍ അവളെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു.വിരസമല്ലാതിരുന്ന വീണ്ടുമൊരു അവധി ദിനത്തിലാണ് അവള്‍ അവളുടെ കഥ അയാളോട് പറഞ്ഞത്.ഏതോ കാരണങ്ങളാല്‍ ഉച്ചക്കഞ്ഞി നിര്‍ത്തലാക്കിയ സ്കൂളില്‍ നിന്നും വരും വഴി വിശപ്പടക്കാന്‍ വഴിയരികിലെ വിഷക്കായ കഴിച്ചു മരണത്തിലേക്ക് നടന്നു പോയ കുഞ്ഞനിയത്തി..ദുഖം താങ്ങാനാവാതെ തനിക്കും അമ്മയ്ക്കും കീട നാശിനി തന്നു മരണത്തെ വരിച്ച ചെരുപ്പ് കുത്തിയും വികലാംഗനുമായ അച്ഛനെക്കുറിച്ച്.ഒരു നിയോഗം പോലെ മരണത്തില്‍ നിന്നും ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ അവളെ ക്കുറിച്ച്..


കഴിഞ്ഞ വര്ഷം എല്ലാ പ്രാദേശിക പത്രങ്ങളുടെയും മുന്‍പേജില്‍ നഗര പ്രാന്തത്തില്‍ സംഭവിച്ച ദുരന്തം വായിച്ചത് സജീവോര്‍ത്തു.ദുരന്ത ശേഷം സഹായ ഹസ്തവുമായി വന്നവരെല്ലാവരും എന്തിനേറെ സ്വന്തക്കാര്‍ പോലും ലക്ഷ്യമിട്ടത് തന്റെ ശരീരമാണെന്നു അറിഞ്ഞിട്ടും തളരാതെ പിടിച്ചു നിന്നു.കുടിലിനു പുറകിലെ മറപ്പുരയില്‍ നിന്നും ഒഴുകിയ വളക്കൂറുള്ള വെള്ളത്തിന്റെ സുഭിക്ഷതയില്‍ വളര്‍ന്ന മല്ലികപ്പൂക്കളിലേക്ക് അതെ നിറമുള്ള വണ്ടുകള്‍ മൂളിയെത്തി.ഓര്‍മ്മകളുടെ തിര യിളക്കത്തില്‍ കണ്ണ് നീര്‍ അവളുടെ കൃത്തിമമായുണ്ടാക്കിയ വികൃതതയിലേക്ക് ഒരു ചാല് തീര്‍ത്തു.വിതുമ്പുന്ന ചുണ്ടുകളിലേക്ക്‌ സജീവിന്റെ ഇനിയും അരുതെന്ന വിരല്‍ സ്പര്‍ശം അവളുടെ ആധ്യാനുരാഗത്തിന്റെ സാക്ഷ്യപത്രമാവുകയായിരുന്നു.വീണ്ടുമൊരു തണുത്ത നവംബറിലെ സന്ധ്യയിലേക്ക്‌ അവളുടെ കരം ഗ്രഹിച്ചു അമ്മയുടെ ആശിര്‍വാദത്തോടെ വീട്ടിലേക്കു കയറുമ്പോള്‍ തൊടിയിലെ പുല്‍ നാമ്പുകളിലേക്ക് മഞ്ഞ് പെയ്തു തുടങ്ങി യിരുന്നു.ഒപ്പം തിരക്കു കളോടുള്ള അയാളുടെ ഇഷ്ടവും അവസാനിച്ചിരുന്നു.

5 comments:

keralainside.net said...

ഈ പോസ്റ്റ്‌ Keralainside.net ലിസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. ഈ പോസ്റ്റ്‌ കൂടുതല്‍ സമയം വായനക്കാരുടെ ശ്രദ്ധയില്‍ നില്‍ക്കാനായി തിരെഞ്ഞെടുത്ത പോസ്റ്റുകള്‍ എന്ന വിഭാഗത്തില്‍ ഉള്‍കൊള്ളിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനായി Keralainside.net ല്‍ വന്നു പോസ്റ്റനു താഴെ ഉള്ള 'Add to favourites' ലിങ്കില്‍ ക്ളിക്‌ ചെയ്താല്‍ മതി. ഈ രീതിയില്‍ നിങ്ങളുടെ സ്വന്തം പോസ്റ്റുകള്‍ക്കു പുറമെ നിങ്ങള്‍ക്ക്‌ ഇഷ്ട്ടമായ ഏതു പോസ്റ്റും തിരെഞ്ഞെടുത്ത പോസ്റ്റുകള്‍ വിഭാഗത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ സാധിക്കും. നല്ല പോസ്റ്റുകള്‍ വായനക്കാരില്‍ എത്തിക്കുവാനുള്ള ഈ ശ്രമത്തില്‍ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു .. നന്ദി......Keralainside.net.- The Complete Malayalam Flash Aggregattor ..
thank you..

ജസ്റ്റിന്‍ said...

ഒറ്റവായനയില്‍ കഥ നന്നായിട്ടുണ്ട്. സമയം പോലെ വീണ്ടും വായിച്ച് മറുപടി ഇടാം.

Jishad Cronic said...

തുടരുക.... ഭാവുകങ്ങൾ

പ്രയാണ്‍ said...

:)

അന്ന്യൻ said...

സ്വന്തക്കാര് പോലും ലക്ഷ്യമിട്ടത് തന്റെ ശരീരമാണെന്നു അറിഞ്ഞിട്ടും തളരാതെ പിടിച്ചു നിന്നു…, ഇങ്ങനെയും ഒരുവൾ…