Sunday, September 19, 2010

അഹദിന്റെ ദുഖങ്ങള്‍ ..

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ താഴെ നിലയോട് അടുപ്പിചായിരുന്നു കുമാറിന്റെ ഓഫീസ്.ഒഴിവു ദിനമല്ലായിരുന്നു.അത് കൊണ്ടാവാം തിരക്ക് വളരെ കുറവായിരുന്നു.ജീവിതം തന്നെ യാത്രകളാല്‍ സമൃദ്ധമാക്കിയെന്നു തോന്നിച്ച വൃദ്ധ ദമ്പതികളടക്കം പത്തിരുപതു പേര്‍ വരിയില്‍ കാത്തുനിന്നു.


ഓഫീസ് ആവശ്യാര്‍ത്ഥം ഇത്തവണ ഒമാനിലെക്കുള്ള സന്ദര്‍ശനം റോഡു വഴിയാണെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ കുമാര്‍ ആഹ്ലാദിച്ചു.സഹപ്രവര്‍ത്തകനായ അറബ് വംശജന്‍ അഹദുമായി ഒരുമിച്ചുള്ള ഈ നീണ്ട യാത്ര അയാള്‍ ഏറെ ഇഷ്ടപ്പെട്ടു.

സുന്ദരനും മറ്റു അറബ് യുവാക്കളില്‍ നിന്നും ഏറെ വ്യത്യസ്തമായ സ്വാഭാവത്തിനു മുടമയുമായ അഹദിന്റെ കൂടെ കഴിഞ്ഞ വര്ഷം വിമാനം വഴി ജോര്‍ദാനി ലേക്ക് നടത്തിയ ഒരു യാത്രയുടെ മധുരം നിറഞ്ഞ ഓര്‍മ്മകള്‍ മനസ്സില്‍ ഇപ്പോഴും കുമാര്‍ സൂക്ഷിച്ചിരുന്നു.

പ്രധാന ഓഫീസില്‍ നിന്നും തങ്ങളുടെ പാസ്സ്പോര്ടുകളും ശേഖരിചായിരുന്നു അഹദ് ഓഫീസിലെത്തിയത്‌.മസ്കറ്റില്‍ അനുയോജ്യമായൊരു ഹോട്ടലില്‍ റൂം ബുക്ക് ചെയ്യണം മറ്റന്നാള്‍ നമ്മള്‍ പുറപ്പെടുന്നു എന്നറിയിച്ചു അഹദ് തന്റെ കാബിനിലേക്ക്‌ പോയി.

മൂത്ത് നിന്ന ഈന്തപ്പഴങ്ങളെ പഴുപ്പിച്ചു പാകമാക്കുക എന്ന കര്‍ത്തവ്യം നിര്‍വ്വഹിച്ചു കഠിനമായ താപം അടുത്ത വര്‍ഷത്തിലേക്കുള്ള തന്റെ ഊഴംകാത്തു പ്രകൃതി യനുവദിച്ച ഇരിപ്പിടത്തിലേക്ക് മടങ്ങിയിരുന്നു.പകരം മരുഭൂമിയിലെ മരുപ്പച്ചയില്‍ മാതള മരങ്ങളെയും മറ്റു സസ്യ ലദാതികളെയും പച്ചപ്പിന്റെ ഉടയാട യണിയിക്കുവാന്‍ വേണ്ടി ശിശിരം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നു.

കൃത്യമായി സമയ നിഷ്ഠ പാലിക്കുന്ന അഹദ് കൃത്യ സമയത്തിനു തന്നെ എത്തുമെന്നുള്ള അറിവുള്ളതുകൊണ്ടു നേരത്തെ തന്നെ തയ്യാറായി നിന്നു.ഫ്ലാറ്റിനു താഴെ കുളുര്‍ന്നു വിറച്ച പ്രഭാതത്തിലെക്കാണ്‌ അഹദ് തന്റെ ലാന്ട്ക്രൈസര്‍ ഓടിച്ചു വന്നത്.പ്രസന്നമായി നിറഞ്ഞ പുഞ്ചിരിയോടെ അറബി ഭാഷയില്‍ സുന്ദരമായ ഒരു പ്രഭാതം ആശംസിച്ച അഹദിന് നന്ദി വാക്ക് പറഞ്ഞു കുമാര്‍ അഹദി നൊപ്പം യാത്ര തുടങ്ങി.

ഒമാനെന്ന അറബ് രാജ്യത്തിന്റെ തലസ്ഥാനത്ത് നഗര സഭ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്ന വലിയൊരു നീന്തല്‍ ക്കുളത്തിന്റെ നിര്‍മ്മാണ ചുമതല ഏറ്റെടുക്കുക അതായിരുന്നു ഞങ്ങളുടെ സന്ദര്‍ശനത്തിന്റെ ലക്‌ഷ്യം...

കമ്പനി ആവശ്യാര്‍ത്ഥം പല രാജ്യങ്ങളിലും ധാരാളം മീറ്റിങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും അഹദിന്റെ കൂടെയുള്ള ഓരോ യാത്രകളും ഓരോ പുതിയ അറിവുകള്‍ പകര്‍ന്നു തരാറുണ്ടായിരുന്നു.

എമിറേറ്റിന്റെ അതിര്‍ത്തിയില്‍ ഒമാന്‍ രാജ്യത്തിന്റെ നിബന്ധനകള്‍ പാലിച്ചു അവരുടെ വാഹനം അതിര്‍ത്തി കടന്നു.കാറ്റിന്റെ ഹുങ്കാരവമില്ലാത്ത ശാന്തമായ മരുഭൂമിയും ഇടയ്ക്കു വാനം മുട്ടി നില്‍ക്കുന്ന കുന്നുകളും പിന്നിലാക്കി അവരുടെ വാഹനം നീങ്ങി.

കുന്നുകള്‍ക്കു മുകളിലെവിടെയോ പെയ്ത മഴയില്‍ ഉത്ഭവിച്ച അരുവി പാതയുടെ മറു വശത്തേക്ക് ഒഴുകിയിരുന്നിടത്തു അരികു ചേര്‍ന്ന് അഹദ് വാഹനം നിര്‍ത്തി പുറത്തേക്കിറങ്ങി.കൈകുമ്പിളില്‍ കോരിയെടുത്ത ജലം കൊണ്ട് മുഖവും മുന്കൈകളും ശുദ്ധീകരിച്ചു വാഹനത്തിലിരുന്ന നമസ്കാര പ്പടമെടുത്തു മണ്ണ് അല്പം ഉറച്ച ഭാഗത്ത് നിവര്‍ത്തിയിട്ടു ഉച്ചനമസ്കാരം തുടങ്ങി.

അരുവിയിലെ ജലത്തിന് നല്ല തണുപ്പായിരുന്നു.കുമാര്‍ തന്റെ ഷൂ അഴിച്ചു വാഹനത്തില്‍ വെച്ചു അരുവിയിലെക്കിറങ്ങി കാല്‍ നനച്ചു.തണുപ്പ് ശരീരത്തിലേക്ക് ഒരു ലഹരിയായി പടര്‍ന്നു കയറുമ്പോള്‍ ഗ്രാമത്തിലെ തന്റെ വീടിനോട് ചേര്‍ന്നൊഴുകുന്നനീര്‍ച്ചാലിലെ ബാല കേളികള്‍ ഒരു ഗൃഹാതുരയായ് മനസ്സിലേക്ക് പെയ്തിറങ്ങുകയായിരുന്നു.അനന്തരം അവര്‍ യാത്ര തുടര്ന്നു.

സ്ടീരിയോവില്‍ നിന്നും വളരെ നേര്‍ത്ത ശബ്ദത്തില്‍ ഏതോ അറബ് ഗായികയുടെ വിരഹ ഗാനം വിഷാദമായി അഹദിന്റെ മുഖത്തും നിഴലിക്കുന്നത് കുമാര്‍ അറിഞ്ഞു.അയാള്‍ പതിയെ ഗാനം സ്റ്റോപ്പ് ചെയ്തു.പിന്നെ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങി.

''കുമാര്‍ നീയറിയുമോ? നമ്മുടെ ഈ യാത്രയുടെ ലക്‌ഷ്യം കൂടാതെ എനിക്ക് മറ്റൊരു ലക്‌ഷ്യം കൂടിയുണ്ട്. വിരസമായ യാത്രയുടെ നീണ്ട മണിക്കൂറുകള്‍ മുമ്പിലുണ്ടായിരുന്നതിനാല്‍ കുമാര്‍ ഉദ്വേഗത്തോടെ അഹദിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തു. റോഡിനു ഇടതു വശത്ത്‌ ഒരു കിലോമീറ്ററോളം ഭാഗത്ത് പച്ചപ്പ്‌ വിരിച്ചു നിന്നു.ഉയരം കുറഞ്ഞ ഈന്തപ്പനകളും മാതള മരങ്ങളും മരുഭൂമിക്കിടയില്‍ ഒരു ഭൂഗോളത്തില്‍അടയാളപ്പെടുത്തിയ കേരളക്കര പോലെ ഹരിതാഭയില്‍ കുളിച്ചു നിന്നു.മരുപ്പച്ചയില്‍ ഏതോ ബദുവി അറബി വളര്‍ത്തിയ ആട്ടിന്‍ പറ്റങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുപോയ ഒരാട്ടിന്‍ കുട്ടി പാതയരികിലെ മണലില്‍ മഴയേറ്റ് തളിര്‍ത്ത കൂമ്പിലകള്‍ സ്വാദിഷ്ടമായി ഭക്ഷിക്കുന്നു.

അഹദ് തുടര്ന്നു..പാലസ്തീനില്‍ ഇത് പോലുള്ളൊരു മരുപ്പച്ചയില്‍ ഒരു ബദവി കുടുംബത്തിലായിരുന്നു അഹദിന്റെ ശൈശവം.വരുത്തി കാലത്ത് അന്നം തേടി നഗരത്തിലേക്ക് പാലായനം ചെയ്ത പിതാവിന് പിന്നാലെ കുടുംബവും നഗരത്തിലേക്ക് കുടിയേറുകയായിരുന്നു.പതിമൂന്നു വയസ്സുള്ള അഹദും ഏഴു വയസ്സുള്ള അനിയന്‍ അരഫാത്തും കൈകുഞ്ഞായ അനിയത്തി മിസിരിയയും മാതാപിതാക്കളു മടങ്ങുന്ന കൊച്ചു കുടുംബം അല്ലലില്ലാതെ ജീവിച്ചു പോന്നു.

അഹദിന്റെ തിളങ്ങുന്ന കണ്ണുകള്‍ക്ക്‌ പുറമേ ദുഖത്തിന്റെ നേര്‍ത്തൊരു കറുത്ത പാട ഇറങ്ങി വരുന്നത് കുമാറിന് കാണാന്‍ കഴിഞ്ഞു.വാഹനത്തിന്റെ അടച്ചിട്ട ഗ്ലാസ്സുകല്‍ക്കരികി ലെവിടെയോ രൂപപ്പെട്ട ചെറു സുഷിരങ്ങളില്‍ക്കൂടി തണുപ്പ് അരിച്ചു വന്നപ്പോള്‍ കുമാര്‍ തന്റെ ജാക്കറ്റ് എടുത്തണിഞ്ഞു .

അഹദും അരഫാത്തും മദ്രസ്സയിലായിരുന്നു.പ്രത്യേകിച്ച് പഠിപ്പൊന്നും നടക്കാത്ത അന്ന് അധ്യാപകരുടെ മുഖത്തു ദര്‍ശിച്ച ഭീതി അഹദിന്റെ മുഖത്തേക്കും വ്യാപിക്കുന്നത് കുമാര്‍ അറിഞ്ഞു.അയല്‍ രാജ്യമായ സയനിസ്റ്റു പട്ടാളം അഴിച്ചു വിട്ട യുദ്ധാ ക്രമണത്തിലെ ആദ്യ ഇരകളായിരുന്നു അഹദിന്റെ കുടുംബം.മദ്രസ്സയില്‍ നിന്നും തിരിച്ചു വന്ന അഹദിന്റെ കുടുംബവും വീടും പോലെ ആ ചെറു പട്ടണത്തിലെ ഒരു ഭാഗം തന്നെ തിരോഭവിച്ചിരുന്നു.തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ അമ്മമാരെ തിരയുന്ന കുഞ്ഞു മുഖങ്ങളും സ്വന്തക്കാരെ നഷ്ടപ്പെട്ടവരുടെ അലമുറ കളും അഭയാര്‍ത്തി ക്കൂടാരങ്ങളുടെ മോന്തായവും മറികടന്നു ശൂന്യതയിലേക്ക് ലയിച്ചു.

പിന്നീട് എമിരേറ്റില്‍ നിന്നും സഹ്ഹായ ഹസ്തവുമായി വന്ന പൌരന്‍ അഹദിനെയും ഒമാനി പൌരന്‍ അരഫാത്തിനെയും ദത്തെടുക്കുകയായിരുന്നു എന്ന അറിവ് കുമാറിനെ ആശ്ച്ചര്യത്തിലാക്കി.

വാഹനം ചെറിയൊരു ചുരം കയറുകയായിരുന്നു.അസ്തമയം പകലിലേക്ക് നടന്നടുത്തു.പാതകള്ക്കിര് വശവും ഉയര്‍ന്നു നിന്ന കുന്നുകളുടെ നിഴല്‍ റോഡിനെ നനച്ചിട്ടു.ഉയരം കൂടിയൊരു കുന്നിന്‍ പിറകിലേക്ക് നീങ്ങി നിന്നു സൂര്യന്‍ അവരെ ഒളി കണ്ണിട്ടു നോക്കി.ച്ചുരമിറങ്ങിയ വാഹനം സമതലത്തെത്തി.

റോഡിന്റെ ഇരുഭാഗവും വൃത്തിയായ മണല്‍ ത്തരികലാല്‍ മരുഭൂമി പരന്നു കിടന്നു. സന്ധ്യാ നമസ്കാരമായെന്ന റിയിച്ച് അഹദിന്റെ മൊബൈലില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ അഹദ് വാഹനം അരികു ചേര്‍ത്തു നിര്‍ത്തി. പകലിനെ ആലിംഗനം ചെയ്ത ഇരുട്ടിന്റെ നേര്‍ത്ത മാസ്മരികത കുമാറിനെ വീണ്ടും അജ്ഞാതമായ ഏതോ ഗൃഹാതുരതകളിലേക്ക് നടത്തി.


വൃത്തിയായ മണലില്‍ സ്പര്‍ശിച്ചു ശുചിയായ കൈകളും മുഖവുമായി അഹദ് നമസ്കരിച്ചു.പിന്നെ അല്‍പ നേരം പ്രാര്തനകളില്‍ മുഴുകി.ദൂരെ ഒമാന്‍ രാഷ്ട്രം ആരംഭിക്കുന്ന ചെറു ഗ്രാമങ്ങളുടെ ചെറു വെളിച്ചം മിന്നാമിനുങ്ങുകളെ പോലെ അവ്യക്തമായി കാണുന്നുണ്ടായിരുന്നു.പാലസ്തീന്‍ രാജ്യത്ത് ജനിച്ച ഒരേ കൂടപ്പിറപ്പുകള്‍ രണ്ടു അറബ് സംസ്കാരത്തി ലലിഞ്ഞു എമിരെട്ടിലും ഒമാനിലുമായി വ്യത്യസ്ത രക്ഷിതാക്കളുടെ പരിലാളനയില്‍ ജീവിക്കുന്ന ചിത്രം ഒരു കഥയായി കുമാറിന്റെ മനസ്സില്‍ രൂപപ്പെട്ടു വരികയായിരുന്നു.

വീണ്ടും യാത്ര തുടങ്ങുമ്പോള്‍ അഹദിന്റെ മുഖം പഴയത് പോലെ പ്രസന്നമായിരുന്നു.കണ്ണിനും പുറത്തേക്ക് നിഴലിച്ചു നിന്ന ദുഖത്തിന്റെ കറുത്ത പാട എവിടെയോ പോയൊളി ച്ചിരുന്നു.അഹദിന്റെ സഹോദരനെ കാണാനുള്ള ആകാംക്ഷ കുമാറിനെ ആഹ്ലാദിപ്പിച്ചതും അവരുടെ വാഹനം ഒമാനിലേക്ക് സ്വാഗതം എന്നെഴുതിയ ചെറു ഗ്രാമത്തിഎക്ക് പ്രവേശിച്ചിരുന്നു........

6 comments:

Noufal MT said...

നല്ല കഥ

ചെറുവാടി said...

അഹമ്മദിന്റെ നൊമ്പരങ്ങള്‍. നന്നായി പറഞ്ഞു.
ആശംസകള്‍

Abdulkader kodungallur said...

കഥയില്‍ മരുഭൂമിയുമുണ്ട് , മരുപ്പച്ചയുമുണ്ട് . അതുകൊണ്ടു തന്നെ കഥ നന്നായി .

അന്ന്യൻ said...

എത്ര ദു:ഖങ്ങളുണ്ടായിരുന്നാലും അഹദിനെപ്പോലെ പ്രസന്നമായ സ്വഭാവത്തോടെ ജീവിക്കാൻ പറ്റുക, അതൊരു അനുഗ്രഹം തന്നെയാണു…

വര്‍ഷിണി* വിനോദിനി said...

മണലാരണ്ണ്യങ്ങളിലെ ചൂടും നൊമ്പരവും എപ്പോഴും അനുഭവിക്കാറുണ്ട്‌ ഇവിടുന്ന്..
ഈ കഥയും മനസ്സിൽ തൊട്ടു..ആശംസകൾ.

ഷാജു അത്താണിക്കല്‍ said...

ഹാ എത്ര നല്ല കഥ,
കുച്ച് കൂടി ഉണ്ടായിരുന്നെങ്കിൽ