Thursday, September 16, 2010

നിഹാരയുടെ കിളിക്കൂട്..

പാരിജാതത്തിന്റെ ഏകദേശം മുക്കാല്‍ ഭാഗം ഉയരത്തിലുള്ള ശിഖരത്തിലായിരുന്നു ഇണ പ്പക്ഷികള്‍ കൂട് കെട്ടാന്‍ ആരംഭിച്ചത്.നിഹാരയുടെ വീടിന്റെ മട്ടുപ്പാവില്‍ വലതു വശത്ത്‌ തൂക്കിയിട്ട ആട്ടു കസേര ക്കരികിലേക്ക് താഴ്ന്നിറങ്ങിയ മരത്തിന്റെ ഏറ്റവും മനോഹരമായ ആ ശിഖരം തന്നെ കൂട് കൂട്ടാന്‍ തിരഞ്ഞെടുത്തത് ആണ്‍ പക്ഷിയോ ഇണപ്പക്ഷിയോ എന്ന് നിഹാരക്ക് കൃത്യമായി അറിയിലായിരുന്നു.


ഫോണ് ബെല്ലടിച്ചപ്പോഴാണ് അവള്‍ മട്ടുപ്പാവിലെക്കുള്ള ഗോവണി കയറിയത്. മറുതലക്കല്‍ അബ്ബയായിരുന്നു. ദുസ്വപ്നങ്ങള്‍ കണ്ടു ഞെട്ടിയുണരുന്ന അപൂര്‍വ്വ രോഗത്തി നടിമപ്പെട്ട ഉമ്മി താന്‍ തലേ ദിവസം കണ്ട സ്വപ്നത്തിലെ ഭീകരതകള്‍ അബ്ബയോടു വിവരിച്ചു തുടങ്ങുമ്പോഴേക്കും നിഹാര മട്ടുപ്പാവിലെത്തി.

പെണ്പക്ഷി കൂട് നെയ്യാന്‍ ആരംഭിച്ചിരുന്നു.കരിമ്പ്‌ പാടങ്ങളിലേക്ക് തെന്നിപ്പറന്നു ചിക്കി ചികഞ്ഞു ആണ്‍പക്ഷി ശേഖരിച്ച വര്‍ണ്ണനാരുകലെല്ലാം വളരെ മനോഹരമായിരുന്നു വെന്ന് തിളക്കമാര്‍ന്ന ഇണപ്പക്ഷിയുടെ കണ്ണുകളില്‍ നിന്നും നിഹാര വായിച്ചെടുത്തു.

പാരിജാതത്തിന്റെ ചുവട്ടില്‍ വിരിഞ്ഞു നിന്ന നമ്പ്യാര്‍വട്ടപ്പൂക്കളിലേക്ക് പോക്ക് വെയില്‍ ചാഞ്ഞിറങ്ങി.ഇത്തവണ പക്ഷികള്‍ ഒരുമിച്ചായിരുന്നു പുറത്തേക്ക് പറന്നു പോയത്.കൂടിന്റെ നിര്‍മാണം മുക്കാല്‍ ഭാഗവും തീര്‍ന്നിരുന്നു.ഇണ പ്പക്ഷികളുടെ തിരിച്ചു വരവും കാത്തു കണ്ണ് കഴച്ച നിഹാര താഴേക്കുള്ള ഗോവണിയിറങ്ങി.

ഉമ്മിയുടെ തേങ്ങലിന്റെ അലകള്‍ തങ്ങി നിന്ന സ്വീകരണ മുറിയും കടന്നു അവള്‍ തന്റെ ഗൃഹ പാഠങ്ങളില്‍ മുഴുകി .മുതലയുടെ പുറത്ത്‌ ഞെളിഞ്ഞിരുന്ന വാനരന്റെ ചിത്രമുള്ള പാഠം ഒരു വട്ടം വായിച്ചു തീര്‍ത്തു അവള്‍ വീണ്ടും മട്ടുപ്പാവിലെത്തി.

പക്ഷിക്കൂടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു.ആണ്‍പക്ഷിയുടെ പ്രണയ ചാപല്യങ്ങളില്‍ കൊഴിഞ്ഞു പോയ ഒരു തൂവലിനെയോര്‍ത്ത് പെണ്പക്ഷി ദുഖിതയായി ഇരുന്നു, താഴ്വാരങ്ങളിലേക്കു ഇറങ്ങി പ്പെയ്യുവാന്‍ വേണ്ടി മഴമേഘങ്ങള്‍ കുന്നുകള്‍ക്കു മുകളില്‍ തപസ്സിരുന്നു.പാല്‍ നിലാവ് പാരിജാതത്തിന്റെ ചുവട്ടില്‍ വരച്ചിരുന്ന മനോഹരമായ നിഴല്‍ ചിത്രം ഈ രാത്രി നഷ്ടമാവുമെന്ന് മഴമേഘങ്ങള്‍ നിഹാരയെ ഓര്‍മ്മപ്പെടുത്തി.

മട്ടുപ്പാവില്‍ അബ്ബ വരുമ്പോള്‍ മാത്രം തെളിയിക്കുന്ന ശരറാന്തല്‍ അവള്‍ കൊളുത്തി വെച്ചു ആണ്‍ പക്ഷി മയക്കം തുടങ്ങിയിരുന്നു.മഴയുടെ മുന്നോടിയായി ആദ്യത്തെ ഇടിനാദം മുഴങ്ങിയപ്പോള്‍ കൊഴിഞ്ഞു പോയ തൂവലിന്റെ ദുഖം മറന്നു ഇണപ്പക്ഷി ആണ്‍പക്ഷിയുടെ ചിറകിനടിയിലെക്ക് തലയൊതുക്കി വെച്ചു.നിലാവില്ലാത്ത രാത്രി പാരിജാതത്തിന്റെ ചുവട്ടില്‍ ഇരുട്ട് കനത്തു നിന്നു.പക്ഷിക്കൂടിരുന്ന ശിഖരം വ്യക്തമാക്കാന്‍ പോലും പ്രകാശമില്ലാത്ത ശരറാന്തല്‍ കെടുത്തി നിഹാര വീണ്ടും താഴേക്കുള്ള ഗോവണിയിറങ്ങി.

ഒരു ചെറു പക്ഷിക്കുഞ്ഞിനെപ്പോലെ ഉമ്മിയുടെ കരങ്ങളുടെ തലോടലില്‍ മയങ്ങാന്‍ തുടങ്ങുമ്പോഴാണ് കുന്നുകളുടെ മുകളില്‍ തപസ്സിരുന്ന മഴമേഘങ്ങള്‍ താഴ്വാരങ്ങളിലേക്കു പെയ്തു തുടങ്ങിയത്.നിഹാരയുടെ സ്വപ്നങ്ങളിലേക്ക് മനോഹരമായ പക്ഷിക്കുഞ്ഞുങ്ങള്‍ പറന്നിറങ്ങി.ഉമ്മിയുടെ ദുസ്വപ്നങ്ങളിലേക്ക് മഴ പ്രളയമായും പെയ്തിറങ്ങി.

ഇടക്കെപ്പോഴോ മുറിഞ്ഞ ഉറക്കിലേക്ക് പുറത്തെ മഴയുടെ ഇരമ്പലിനൊപ്പം ഉമ്മിയുടെ തേങ്ങല്‍ പക്ഷിക്കുഞ്ഞുങ്ങളുടെ ചിലമ്പലില്‍ മുങ്ങിയില്ലാതായി .

മഴയൊഴിഞ്ഞ പുലര്ച്ചയിലേക്ക് പ്രഭാത സൂര്യന്‍ കടന്നു വന്നു.ഉമ്മിയുടെ ദുസ്വപ്നം പോലെ പ്രളയം തീര്‍ത്ത താഴ്വാരത്ത് പക്ഷികളുടെയും മൃഗങ്ങളുടെയും ജഡങ്ങള്‍ ഒഴുകി നടന്നു.

ഒരു രാവ്‌ മുഴുവന്‍ മഴ കൊണ്ട ആഘാതത്തില്‍ പാരിജാതം തളര്‍ന്നിരുന്നു.പക്ഷിക്കൂടിരുന്ന ശിഖരം മുറിഞ്ഞു താഴേക്കു തൂങ്ങി നിന്നു.നമ്പ്യാര്‍ വട്ട ചെടികളുടെ ഇടയിലേക്ക് തകര്‍ന്നു വേണു അനാഥമായിക്കിടന്ന പക്ഷിമുട്ടകളും കൂടും കണ്ട നിഹാര കരയാന്‍ തുടങ്ങിയിരുന്നു.............

10 comments:

ജസ്റ്റിന്‍ said...

നന്നായി ഈ കഥ

ചെറുവാടി said...

വളരെ നന്നായിട്ടുണ്ട്.
ആശംസകള്‍

Abdulkader kodungallur said...

കരിഞ്ഞുപോയ സ്വപ്‌നങ്ങള്‍ പോലെ തകര്‍ന്നു വീണ പക്ഷിക്കൂടുകള്‍. നല്ല കഥ.

പാറുക്കുട്ടി said...

കഥ ഇഷ്ടമായി.

Jishad Cronic said...

ഇഷ്ടപ്പെട്ടു...

Sureshkumar Punjhayil said...

Punajanikkayi...!

Manoharam, Ashamsakal..!!!

Manoraj said...

നല്ല രചന.

അന്ന്യൻ said...

“ആണ്‍പക്ഷിയുടെ പ്രണയ ചാപല്യങ്ങളില് കൊഴിഞ്ഞു പോയ ഒരു തൂവലിനെയോര്‍ത്ത് പെൺപക്ഷി ദുഖിതയായി ഇരുന്നു“ മനോഹരമായ വാക്കുകൾ…

Anonymous said...

നല്ല കഥ

sajan said...

നല്ല കഥ