Friday, May 13, 2011

നിസാ അസീസി ....എത്ര മധുരമായ് പാടുന്നു നീ...


റിയാത്ത ഭാഷയില്‍ കേള്‍ക്കാത്ത ശബ്ദത്തില്‍..

എത്ര മധുരമായ് പാടുന്നു നീ ,എത്ര മധുരമായ് പാടുന്നു നീ ..

കാണാ നിറങ്ങളില്‍ വഴങ്ങാ വരകളില്‍

എത്ര മനോജ്ഞമായ് തെളിയുന്നു നീ..

ടി പി രാജീവന്‍ എന്ന കവി പ്രണയവും വിരഹവും ചാലിച്ചെഴുതിയ വരികള്‍ മലബാറിന്റെ സ്വന്തം ഗസല്‍ രാജ്ഞിയായ നിസാ അസീസിയുടെ മനോഹരമായ ശബ്ദത്തിലൂടെ ഓരോഅനുവാചകന്റെയും ഹൃദയത്തിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും ഒരു പെരുമഴക്കാലം തന്നെ സൃഷ്ടിക്കുകയാണ്.

അനശ്വരമായ കാല്‍പനിക പ്രണയത്തിന്റെയും അതോടൊപ്പം തന്നെ വിരഹത്തിന്റെയും തീമഴച്ചന്തങ്ങള്‍ സൃഷ്ടിക്കാന്‍ കവി തന്നെയാണോ തിരഞ്ഞെടുത്തത് ഈ ഗായികയെഎന്നറിയില്ല.എങ്കിലും നിസാ അസീസിയുടെ ശബ്ദത്തിനായി മാത്രം രചിച്ചതാണോ ഈ കവിത എന്ന് തോന്നിപ്പോവും വിധം മനോഹരമായി ആലപിച്ചിരിക്കുന്നു.


നിന്നേ തിരഞ്ഞു ഞാന്‍ അക്കരെ ചെല്ലുമ്പോള്‍ ഇക്കരെതോണി ഇറങ്ങുന്നു നീ ..

നീ പാര്‍ക്കും വീടിന്റെ ഉമ്മറ വാതിലില്‍ ഞാന്‍ വന്നു മുട്ടുമ്പോള്‍ നിന്‍ വീടതല്ല

നിന്‍ പിന്നില്‍ നിന്നു ഞാന്‍ തൊട്ടു വിളിക്കുമ്പോള്‍

നീയല്ലാതെപ്പോഴും വേറെയാരോ ..നീയല്ലതെപ്പോഴും വേറെയാരോ..

പ്രണയവും വിരഹവും സമ്മാനിച്ച ഒരു തിരിച്ചു പോക്കിന്റെ യാത്രാ വേളയിലാണ് കോഴിക്കോട് എയര്‍ പോര്‍ട്ടിലെ ലൈബ്രറിയില്‍ നിന്നും ഞാന്‍ നിസാ അസീസിയുടെ എത്ര മധുരമായ് പാടുന്നു നീ എന്ന ആല്‍ബം സ്വന്തമാക്കുന്നത്.ഗസലും നിലാവും ,മഞ്ഞും മഴയുമൊക്കെ എപ്പോഴും ഒരു ഗൃഹാതുരയായി മനസ്സില്‍ സൂക്ഷിക്കുന്നത് കൊണ്ടാവാം മലബാര്‍ നെഞ്ചിലേറ്റിയ ഈ ഗായികയെ പരിചയപ്പെടാന്‍ നിമിത്തമായത്.ആണിന് പെണ്ണിനോടോ പെണ്ണിന് ആണിനോടോ തോന്നുന്ന പ്രണയം മാത്രമല്ല ,മറിച്ച് നിസാ അസീസിയുടെ ഓരോ ഗാനാലാപനവും ശ്രവിക്കുമ്പോള്‍ നമുക്ക് മഞ്ഞിനോടു ,നിലാവിനോട്, മഴയോട്, പ്രകൃതിയിലെ നിത്യ ജീവിതത്തില്‍ നാം കാണുന്ന എന്തിനോടും പ്രണയം തോന്നുന്നത് ആ സ്വര മാധുരിയുടെ മാസ്മരികതയിലാണെന്ന് തിരിച്ചറിയുന്നു.

കാണാതിരിക്കട്ടെ നിന്നേ ഞാനെന്റെയീ പാഴ് കണ്ണില്‍ ഇരുട്ടേറി നിറയുവോളം

കേള്‍ക്കാതിരിക്കട്ടെ നിന്നേ ഞാനെന്റെയീ പൊയ്ചെവി മണ്ണ് വീണടയുവോളം

പൊയ്ചെവി മണ്ണ് വീണടയുവോളം ..

കാണുകില്‍ കേള്‍ക്കുകില്‍ അറിയുന്നതെങ്ങിനെ

അറിഞ്ഞതില്ലല്ലോ നാമിന്നോളവും..

പക്ഷെ..ഒന്നെനിക്കറിയാം.ഗായികയുടെ ഓരോ ഗാനം കേള്‍ക്കുമ്പോഴും വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹിക്കുകയാണ്.അറിയാത്ത ഭാഷയില്‍ കേള്‍ക്കാത്ത ശബ്ദത്തില്‍ എത്ര മധുരമായ് പാടുന്നു നീ ..എന്ന വരികള്‍ എത്ര സത്യമാണെന്ന് തിരിച്ചറിയുകയാണ്.പ്രണയത്തിന്റെയും വിരഹത്തിന്റെയും മഴനാരുകള്‍ മനസ്സിനെ ആര്ദ്രമാക്കുകയാണ്.എന്നെ പ്രകൃതിയിലെ എല്ലാ ചരാചരങ്ങളോടും പ്രണയാതുരനാക്കുകയാണ്.എന്റെ ഒഴിവു സമയങ്ങളിലൊക്കെ ആ സ്വരമാധുരിയുടെ പെരുമഴ പെയ്യുകയാണ്.

മരുഭൂമിയിലെ ഗ്രീഷ്മം വറുത്തിട്ട എന്റെ ദിനാന്ത്യങ്ങളിലേക്ക് പ്രിയതമയുമായുള്ള അകലം അറബിക്കടലിനു പകരം ഗസല്‍ രാജ്ഞിയുടെ സ്വരമാധുരിയില്‍ ഒരു കൊച്ചരുവിയായ് പരിണമിക്കുന്നു.പ്രശസ്തരായ കവികളുടെ ഈരടികളാല്‍ ഇനിയും ഒരായിരം പ്രണയത്തിന്റെ ,വിരഹത്തിന്റെ ഗസലുകള്‍ പിറക്കട്ടെയെന്നു ആശംസിക്കുന്നു..എത്ര മധുരമായ് പാടുന്നു നീ നിസാ അസീസി പാടുകയാണ്

4 comments:

മുല്ല said...

പ്രണയം പെയ്യട്ടെ.
വരികള്‍ക്കിടയിലെ സ്പേസ് കുറക്കൂ..

ജീ . ആര്‍ . കവിയൂര്‍ said...

അതെ പ്രണയത്തിനു പ്രവസത്തിനോളം അകലമുണ്ടല്ലോ വായന സുഖം വരികള്‍ക്കിടയില്‍ കുറയുന്നു
എന്നാല്‍ നല്ല പോസ്റ്റ്‌ ആശംസകള്‍

Manoraj said...

ഒരു കഥയുടെ ഫോര്‍മാറ്റില്‍ എത്തിയില്ല എന്നൊരു തോന്നല്‍. അതല്ലെങ്കില്‍ മുല്ല സൂചിപ്പിച്ച സ്പെയ്സ് ചിലപ്പോള്‍ അത്തരത്തില്‍ വായിക്കാന്‍ പ്രേരിപ്പിക്കാത്തതാവാം

Thommy said...

നല്ല പോസ്റ്റ്‌ ആശംസകള്‍