Tuesday, May 15, 2012

കുന്നിന്‍ മുകളിലൊരു രാത്രി...

കാറ്റിനെ അണക്കാന്‍ ശ്രമിച്ചത് പ്രിയയായിരുന്നു.വിഫലമായ ശ്രമത്തിനൊടുവില്‍ വിപരീതമായി കാറ്റ് പ്രിയയെ അണച്ചു പിടിച്ചു.രാജീവും മകളും കുന്നു കയറിത്തീര്ന്നിരുന്നില്ല.

കുന്നിനു താഴെ ഗ്രാമവയലുകള്‍ പ്രകൃതിക്ക് പച്ച വിരിച്ചിട്ടു.

''നിനക്ക് നട്ട പ്രാന്താ ..''രാജീവിന്റെ നീരസം നിറഞ്ഞ മുഖഭാവത്തിനു പുറകില്‍ സ്നേഹം പതിയിരുന്നത് പ്രിയയറിഞ്ഞു.

പാവം മകളെയുമെടുത്തു കുന്നു കയറി മുകള്‍ ഭാഗത്തെത്തുമ്പോള്‍ വല്ലാതെ ക്ഷീണിക്കും.എന്നാലും അല്പപനേരം കാറ്റേറ്റ് കുന്നിന്‍ നിറുകയില്‍ ഇരുന്നാല്‍ പിന്നെ നിര്ബ്ന്ധിച്ചാലെ രാജീവിനെ കുന്നിറക്കാന്‍ പറ്റൂ എന്ന് പ്രിയക്കറിയാം.

''ഇനി നീയൊറ്റക്ക് കുന്നു കയറിയാല്‍ മതി...'' ഒരു കുപ്പി വെള്ളം മുഴുവന്‍ വായിലേക്ക് കമഴ്ത്തി രാജീവ് പറഞ്ഞു.

''ആയ്ക്കോട്ടെ ഇനി നിന്നെ നിര്ബ്ന്ധിക്കില്ല''.. ചിരിയോടെ പ്രിയ മൊഴിഞ്ഞു.

കാറ്റ് പ്രിയയെ വിട്ടു കാട്ടുപൂക്കളിലേക്ക് തെന്നി വീശി.കാട്ടുപൂക്കളില്‍ ഉമ്മവെച്ചും തളിരിലകള്‍ നുള്ളിയും മകള്‍ ഒരു ഷഡ്പദത്തെ പോലെ കുന്നിന്‍ നെറുകയില്‍ പാറി നടന്നു.

''ഈ കുന്നിനി എനിക്ക് സ്വന്തം ..ഇനി വരുന്ന തലമുറകള്ക്ക്ള സ്വന്തം.. '' പ്രിയ സ്വയം പറഞ്ഞു.അവള്‍ ഓര്‍മ്മകളിലേക്ക്നടക്കുകയായിരുന്നു.

മനോഹരമായ ഈ കുന്നു നിരപ്പാക്കി ഒരുദ്യാനം..ജീവന്റെ നിലനില്പിന്നാവശ്യമായ പച്ചപ്പ്‌ അരിഞ്ഞു കളയുക..പ്രകൃതിയുടെ ആവാസവ്യവസ്ഥക്ക് നിദാനമായ അനേകം ജീവജാലങ്ങളെ മണ്ണോടു മൂടുക..

പച്ചപ്പിന്റെ കാവലാളായി സമരമുഖത്ത്‌ മുന്‍ നിരയില്‍ തന്നെ രാജീവുണ്ടായിരുന്നു.പ്രകൃതിയെ സ്നേഹിച്ച ഒരു പറ്റം പോരാളികളുടെ ഇടയിലേക്ക് പ്രകൃതിയെ പ്രണയിച്ച അവളും ചേരുമ്പോള്‍ സമരത്തിനു പതിന്മടങ്ങ്‌ വീര്യം കൂടിയിരുന്നു.

പച്ചപ്പിന്റെ കാവലാളായ രാജീവിന്റെ ജീവിതത്തിനും പ്രിയ കാവലാളായത് യാദൃശ്ചികമായിരുന്നു.

ശക്തമായ പ്രതിഷേധങ്ങള്ക്കും നിരാഹാര സമരങ്ങള്ക്കു മൊടുവില്‍ അധികാരികള്‍ ഉദ്യാനമെന്ന ആശയം ഉപേക്ഷിക്കുമ്പോള്‍ അവിടെ ജയിച്ചത്‌ പ്രകൃതിയോടുള്ള ഒരു പറ്റം മനുഷ്യരുടെ അടങ്ങാത്ത പ്രണയമായിരുന്നു.

അപ്പൂപ്പന്‍ താടികളെ വിശ്രമമില്ലാതെ പറത്തിയുയര്‍ത്തിയ ഇളം കാറ്റല്പം ശക്തി സംഭരിച്ചു കാട്ടുനെല്ലിമരത്തിന്റെ കുഞ്ഞിലകളെ പെരുമഴ പെയ്യിച്ചു.

ഇനി, വരും തലമുറയിലും ഈ കുന്നുപോലെ പ്രകൃതിയുടെ ജീവനാഡികളായ കുന്നും ,പുഴകളും, വയലുകളും സംരക്ഷിക്കാന്‍ ഒരിക്കലും നിലക്കാത്ത പോരാട്ടവുമായി പ്രിയാരാജീവുമാര്‍ ജനിക്കുമെന്ന് അവള്‍ വിശ്വസിച്ചു.

രാജീവ് കൊച്ചു കുട്ടിയെപോലെ മകളുടെ കൂടെ കളിക്കുകയായിരുന്നു.സന്ധ്യയുടെ വരവറിയിച്ചു കാട്ടു നെല്ലി മരങ്ങള്‍ ഇല കൂമ്പി നിന്നു.കൂടാതെ അനേകം ജീവ ജാലങ്ങള്‍ കുന്നിന്‍ മുകള്‍ ശബ്ദമുഖരിതമാക്കി.കുന്നിറങ്ങേണ്ട സമയമായെന്നറിയിച്ചപ്പോള്‍ രാജീവ് പ്രിയയെ ചേര്ത്തു പിടിച്ചു പറഞ്ഞു.


''ഇന്ന് നമ്മള്‍ ഇവിടെ ഈ കുന്നിന്മുകളില്‍ ഉറങ്ങുന്നു.'''

ഒരു ചെറു പുഞ്ചിരിയോടെ പ്രിയ സമ്മതം മൂളുമ്പോള്‍ ഒരു ഇളംകാറ്റ് അവരെ പുണരാന്‍ ഒഴുകി വരുന്നുണ്ടായിരുന്നു

3 comments:

Raihana said...

ആശംസകള്

ajith said...

കുന്നിടിക്കുന്നവരുടെയിടയില്‍ ഇങ്ങിനെയുള്ളവര്‍ അപൂര്‍വം. നല്ല സന്ദേശമുള്ള കഥ.

ഇലഞ്ഞിപൂക്കള്‍ said...

നല്ല കഥ. എന്നാലും കഥയവസാനിപ്പിക്കാന്‍ ഒരു തിരക്കെവിടെയോ അനുഭവപ്പെട്ടു.