Sunday, May 6, 2012

കടല്ചൊരുക്ക്….
ടല്‍ച്ചൊരുക്കിന്റെ കാഠിന്യത്താല്‍ ആകൃതി മാറിപ്പോയ കാബിനിലിരുന്ന്‍ നാന്‍സി പറഞ്ഞത് , കടലില്‍ നിന്നും ആകാശത്തേക്ക് കയറാന്‍ കഴിയുന്നൊരു ഗോവണിയെക്കുറിച്ചായിരുന്നു.


അമിതമായ മദ്യാസക്തിയില്‍ നാന്‍സിയെ ചുംബിക്കാന്‍ മറന്ന ജോണിന്റെ ചുണ്ടില്‍ സിഗരറ്റു എരിഞ്ഞ് കൊണ്ടിരുന്നു. നിയന്ത്രണം വിട്ടു ദിക്ക് തെറ്റിയതിനാല്‍ വെറുതെ ഇരിക്കാനേ കപ്പിത്താന്  നിര്‍വാഹമുണ്ടായിരുന്നുള്ളൂ


ആകാശവും കടലും തമ്മില്‍ മഴനൂലുകളാല്‍ ബന്ധിച്ചിരുന്നു.കാല്‍ക്കീഴിലെ ഉപ്പുരസമാര്‍ന്ന കടല്ജലവും മഴത്തുള്ളികളും ആലിംഗന ബദ്ധരാകുമ്പോള്‍ പൊഴിയുന്ന ശീല്കാരങ്ങള്‍ക്ക് ഒരു തൃപ്തിപ്പെടുത്തലിന്റെ ഭാവമായിരുന്നുവോ?


ഒഴിഞ്ഞു കൊണ്ടിരിക്കുന്ന പാനപാത്രങ്ങള്‍ക്കും എരിഞ്ഞ് തീരുന്ന സിഗരറ്റുകള്‍ക്കുമിടയില്‍ ജോണ് ചടച്ചിരുന്നു.ആകാശത്തേക്ക് ജോണിന്റെ കൈപിടിച്ചു കയറുവാന്‍ ഒരു ഗോവണി ഇറങ്ങി വരുന്നത് സ്വപ്നം കാണുകയായിരുന്നു നാന്‍സി.


ഉച്ചിയില്‍ മൂര്‍ത്തമായി കത്തിയ സൂര്യന്‍ മധ്യാഹ്നമായി എന്നറിയിച്ചു മഴയെ ആകാശവും കടലുമായുള്ള ബന്ധം
വിച്ഛേദിപ്പിച്ചു.കപ്പലിന്റെ മുമ്പില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെട്ട ഉപ്പുപാറയിലിടിക്കാതെ ഗതി മാറ്റി വീണ്ടും ചലിപ്പിച്ച കപ്പിത്താന്റെ മുഖത്തെ നിര്‍വികാരതയും പ്രത്യാശയും കൂടിച്ചേര്‍ന്ന മറ്റെന്തോ ഒരു ഭാവം നാന്‍സി വായിച്ചെടുത്തു.


കടല്‍ചൊരുക്കേറ്റ് ജോണ് ഓക്കാനിച്ചിട്ട മദ്യാവശിഷ്ടങ്ങളില്‍ കടല്‍ ഞണ്ടുകളുടെ കുഞ്ഞുപൈതങ്ങള്‍ മണംപിടിച്ചു നടന്നു.
കപ്പല്‍ചുവരില്‍ ഹുങ്കാരമിട്ട കടല്‍കാറ്റ് ആകാശത്തേക്ക് കയറാനുള്ള ഗോവണി മനസ്സില്‍ നിന്നുംമായ്ച്ചു കളഞ്ഞ അല്‍പനിമിഷങ്ങളിലാണ് പണ്ടെങ്ങോ കണ്ടുമറന്ന ഒരിടവഴിയുടെ സ്വപ്നം നാന്‍സിയിലേക്ക് കടല്ചൊരുക്കുപോലെ പെരുത്തു കയറിയത്.


കപ്പിത്താനും ജോണിനുമിടയിലുള്ള അകലത്തിന്റെ ഒരുപാട് ഇരട്ടിയായിരുന്നു.  നാന്സിയുടെയും ജോണിന്റെയും ഇടയില്‍ കനത്തു നിന്ന മൌനത്തിനും.
യാത്ര തുടങ്ങിയതിനു ശേഷം നഷ്ടപ്പെട്ട എഴുത്ത് വീണ്ടും തുടരുവാന്‍ നാന്‍സിയെ മനസ്സ് പ്രേരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ഒരു പെന്സിലിന്റെയും കടലാസിന്റെയും ആവശ്യകതയെ ക്കുറിച്ചവള് ബോധവതിയായത്.


വീണ്ടും അപ്രതീക്ഷിതമായി രൂപംകൊണ്ട ഭീമാകാരമായ ഒരു ഉപ്പുപാറയില്‍ തട്ടി തകര്‍ന്ന കപ്പലിന്റെ അവശിഷ്ടങ്ങളിലേക്ക്  ഇറങ്ങിവന്ന ഗോവണി കയറി കപ്പിത്താന്‍ അപ്രത്യക്ഷനായിരുന്നു.


കടലാഴത്തിന്റെ അഗാധതകളിലെവിടെയോ ജോണ് തരാന്‍ മറന്ന ചുംബനം തേടി യാത്ര തുടരുമ്പോള്‍ വീണ്ടും പണ്ടെങ്ങോ കണ്ടു മറന്ന ഇടവഴിയെ ക്കുറിച്ചായിരുന്നു അവള്‍ ഓര്‍ത്തത്..5 comments:

Minu prem said...

അവതരണ മികവുള്ള രചന....
കഥാകൃത്തിനു ആശംസകള്‍.....

ajith said...

അവസാനം കപ്പല്

Mohiyudheen MP said...

കഥാപാത്രത്തിന്‌റെ മനോ വ്യാപാരങ്ങള്‍ മനോഹരമായി വരച്ചിട്ടിരിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്‌ട്‌.... എഴുത്ത്‌ നന്നായി ആശംസകള്‍

മന്‍സൂര്‍ ചെറുവാടി said...

കഥ നന്നായിട്ടുണ്ട് ഷാജഹാന്‍.
അഭിനന്ദനങ്ങള്‍

ഉദയപ്രഭന്‍ said...

പുതിയ പശ്ചാത്തലം, പുതിയ പ്രമേയം .നന്നായിട്ടുണ്ട്. ആശംസകള്‍