Wednesday, April 14, 2010

കാപ്പി മരങ്ങള്‍ പൂക്കുമ്പോള്‍ ...

ബസ്സ്‌ ചുരം കയറുകയായിരുന്നു കാറ്റിനു കാപ്പിപ്പൂവിന്റെ മണം.പുറത്തു നേര്‍ത്ത കോടമഞ്ഞില്‍ കുളിച്ചു ഇരുവശത്തും പച്ചയും മഞ്ഞയും കലര്‍ന്ന നിറങ്ങളില്‍ നിലംപരണ്ട പ്പൂക്കള്‍ .

മറുവശത് ബസ്സിന്റെ ജാലകത്തിലൂടെ ,നാലുവയസ്സു തോന്നിക്കുന്ന ഒരു കുട്ടി ഒക്കാനിക്കുന്നു ,അമ്മയെന് തോന്നിച്ച മുഷിഞ്ഞ വസ്ത്രം ധരിച്ച സ്ത്രീ അവന്റെ പുറത്തു പതിയെ തടവിക്കൊണ്ടിരുന്നു. തൊട്ടു പിറകിലിരുന്ന ഒരു യുവാവ് എന്തോ പിറ് പിറുത്തു കൊണ്ട് ഷട്ടര്‍ വലിച്ചടച്ചു.

ബസ്സില്‍ പരിചയമുള്ള ഒരു മുഖവും കാണാന്‍ കഴിഞ്ഞില്ല ,അതല്ല ആര്ക്കും അയാളെ പരിചയമുണ്ടാവില്ല എന്നും അനുമാനിക്കാം .

അയാള്‍ ഓര്‍ക്കുകയായിരുന്നു നീണ്ട പത്തൊന്‍പതു വര്ഷം മുമ്പായിരുന്നു അയാളീ ചുരം ആദ്യമായി ഇറങ്ങിയത്‌.മരം കോച്ചുന്ന തണുപ്പില്‍ ഒരു സഞ്ചിയില്‍ രണ്ടു ജോഡി വസ്ത്രങ്ങളും കുറച്ചു പുസ്തകങ്ങളുമായി കോഴിക്കൊട്ടങ്ങാടിയിലെ പാണ്ടിക ശാലയിലേക്ക് കുരു മുളകുമായി പോകുന്ന ഒരു ലോറിയില്‍ ഡ്രൈവറുടെയും ക്ലീനരുടെയും ഇടയിലിരുന്നു വിറച്ചു ചുരുണ്ടൊരു യാത്ര ..കൂരിയായിരുന്നു അന്ന യാത്ര തരപ്പെടുത്തിയത് .അല്ലെങ്കില്‍ കൂരിയുടെ ഒരാവശ്യമായിരുന്നു അയാളെ ചുരമിറക്കി യാത്രയാക്കല്‍.

.അന്നവസാനമായി ചുരം ഇറങ്ങുമ്പോള്‍ കൂരിയോടു മാത്രമേ കടപ്പാട് ഉണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ.,കൂരിയും അയാളും സമപ്രായക്കാരായിരുന്നു .പക്ഷെ ജാതിയില്‍ അയാളല്പം മുന്തിയവനായിരുന്നു .എങ്കിലും അവര്‍ തമ്മില്‍ ഒരേ മനസ്സും ശരീരവും പോലെയായിരുന്നു .,അയാള്‍ വായിക്കുന്ന പുസ്തകങ്ങള്‍ അവനു വിവരിച്ചു കൊടുക്കുന്നതായിരുന്നു അയാള്‍ക്ക്‌ ബുദ്ധിമുട്ടായി തോന്നിയ ഏക കാര്യം .ചില വാക്കുകളുടെ അര്‍ഥങ്ങള്‍ എത്ര പറഞ്ഞാലും മനസ്സിലാവാതെ വാ പൊളിച്ചു മേല്പോട്ട് നോക്കിയിരിക്കും പിന്നെ ആണ്ഗ്യം കൊണ്ടും ചെഷ്ടകളാലും അവനെ മനസ്സിലാക്കി കൊടുക്കുമ്പോള്‍ അവനനുഭവിച്ച നിര്‍വൃതി അവവ്റെ മുഖത്ത് നിന്ന് വായിച്ചു എടുക്കാമായിരുന്നു

വൈകുന്നേരങ്ങളില്‍ കാട്ടുതേനും പനങ്കള്ളും അവന്‍ അയാള്‍ക്കായി കരുതി വെച്ചു,കാപ്പി മരങ്ങള്‍പൂക്കും കാലം അവന്റെ കുടിലില്‍ ഒരേ പായയില്‍ ഒരു കോതടിക്കിടയില്‍ കൂരിയോയോടൊപ്പം അയാള്‍ ഉറങ്ങിയിട്ടുണ്ട്

കൂരിയുടെ പുന്നാരപ്പെങ്ങളായിരുന്നു ചീര ,വയലറ്റ് നിറമുള്ള ചീരയിലപോലെ അവളാ കാപ്പിതോട്ടങ്ങളില്‍ പൂമ്പാറ്റയായ്‌ പാറി നടന്നു കാപ്പിമരങ്ങള്‍ പൂക്കുമ്പോള്‍ അവളയാളെ .മാല കോര്‍ത്ത്‌അണിയിക്കാര് ഉണ്ടായിരുന്നു .അങ്ങിനെയൊരു കാപ്പിമരങ്ങള്‍ പൂത്ത വസന്ത കാലം ചിത്രശലഭങ്ങള്‍ കാപ്പിമരക്കൊമ്പുകളില്‍ മുട്ട വിരിയിച്ചു ഒരുപാട് ശലഭകുഞ്ഞുങ്ങള്‍ ഭൂമിയിലേക്ക്‌ വിരുന്നു വന്ന ദിനങ്ങളിലോന്നിലായിരുന്നു ചീര ഒരു സ്ത്രീ ആയതെന്നാണ് ഓര്‍മ്മ.

കൂരി ആഹ്ലാദ ചിത്തനായിരുന്നു ചീരയൊരു സ്ത്രീ ആയെന്നറിഞ്ഞതില്‍.അന്ന് സന്ധ്യക്ക്‌ മറ്റു ആദിവാസി സുഹൃത്തുക്കള്‍ക്കൊപ്പം അവന്‍ ആനന്ദ നൃത്തമാടി ..ഈ കാപ്പിതോട്ടവും കൂരിയും ചീരപ്പെങ്ങളും എല്ലാം അയാളുടെ ഹൃദയത്തിലേക്ക് ചേര്‍ത്ത് വെച്ചു.

പിന്നെ എപ്പോഴാണ് എല്ലാം താളം തെറ്റിയത്? മാറാലകള്‍ പിടിച്ച ഓര്‍മ്മകള്‍ അയാള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു .ചുരത്തിന്റെ ഒമ്പതാമത്തെ വളവില്‍ പ്രകൃതി ഒരുക്കിയ അവിസ്മരണീയമായ കാഴ യാത്രക്കാര്‍ക്ക് കാണുവാന്‍ ബസ്സ്‌ അല്പം സാവധാനമാക്കി ..

ഗാഡമായ ഏതോ ചിന്തയിലാണ് ബസ്‌ ഡ്രൈവറും എന്നയാളുടെ നിര്‍വികാരമായ ചലനങ്ങളില്‍ നിന്നും മനസ്സിലാക്കാമായിരുന്നു .പേരറിയാത്ത എത്രയോ കാട്ടുപൂവുകളും മരങ്ങളും പിന്നിട്ടു ദൃഷ്ടിയുടെ അതിരില്‍ താമരശേരിക്കടുത്തു വരെ ഈങ്ങാപുഴയും, ഈ ഒന്‍പതാം വളവില്‍ നിന്ന് നോക്കിയാല്‍ ഏതൊരാളെയും പ്രകൃതിയൊരുക്കിയ ഈ വിരുന്നു നല്ലൊരു അനുഭൂതി ഉണര്‍ത്തി വിടും .

ഇനി ഒരു മണിക്കൂര്‍ യാത്ര കൂടി ചെയ്‌താല്‍ തനിക്കിരങ്ങാനുള്ള സ്ഥലമെത്തും .അപരിചിതത്വത്തിന്റെ ഒറ്റപ്പെടലിന്റെ ഒരുപാട് അനുഭവങ്ങള്‍ തന്നെ അവിടെ കാത്തിരിക്കുന്നുണ്ടാവാം .

ബസ്സ്‌ ഒരു കയറ്റം കയറുകയായിരുന്നു ,ഡ്രൈവര്‍ ഗാഡമായ ചിന്തകളാല്‍ വളയതിന്മേല്‍ നിര്‍വികാരമായി സ്പര്ശിച്ചുകൊണ്ടേ ഇരുന്നു മറ്റേതോ ലോകത്തിലെന്ന പോലെ .അയാള്‍ വീണ്ടും ഓര്‍മ്മകളിലേക്ക് ആഴ്ന്നിറങ്ങി

കൂരിയുടെ കുടിലിനു വലതു വശം കാപ്പിതോട്ടം അതിര്‍ത്തി തീര്‍ക്കുന്നിടത്ത് കങ്കന്റെ വീടായിരുന്നു .കങ്കന്‍ കോയമ്പത്തൂരില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ആയി ജോലി ചെയ്യുകയാണ് .ഒരു ദിവസം കോയമ്പത്തൂരില്‍ നിന്നും വസൂരി പിടിച്ചു അയാള്‍ ഗ്രാമത്തിലേക്ക് തിരിച്ചു പോന്നു .വസൂരി മൂര്‍ച്ചിച്ചു പൊട്ടി വേദനയാല്‍ അയാള്‍ ഗ്രാമത്തിലൂടെ അലഞ്ഞു .

കാറ്റ് കങ്കന്‍ കൊണ്ട് വന്ന വസൂരി വിത്തുകള്‍ ഗ്രാമം മുഴുവന്‍ വിതച്ചു വസന്തമായിട്ടും കാപ്പിമരങ്ങള്‍ പൂക്കാതെ നിന്നു.മരക്കൊമ്പുകള്‍ വീര്‍ത്ത വസൂരിക്കുമിളകലാല്‍ കാട്ടുകിളികളെയും ചിത്രശലഭങ്ങളെയും അകറ്റി നിര്‍ത്തി .കാറ്റ് വിതച്ച വസൂരി വിത്തുകള്‍ കാപ്പിതോട്ടങ്ങളില്‍ മുളക്കാന്‍ തുടങ്ങി

കങ്കന്‍ കൊണ്ട് വന്ന മഹാമാരി മുക്കാല്‍ ഭാഗം ഗ്രാമവാസികളെയും പിടികൂടിയിരുന്നു ഒരേ കുഴിയില്‍ ഒരുപാട് ശവങ്ങള്‍ അയാളും കൂരിയും മറവു ചെയ്തു .വസൂരിയുടെ താണ്ട്ടവം മൂര്ധന്യതിലെത്തിയ ദിനങ്ങളിലൊന്നില്‍ ചീരക്കും വസൂരി പിടിച്ചു . ഒരു നിയോഗം പോലെ വസൂരി തീണ്ടാത്തത് അയാള്‍ക്കും കൂരിക്കും മാത്രമായിരുന്നു .ഓരോ ജഡവും മഹാമാരിയോടു പകതീര്‍ക്കുന്നത് പോലെ പല കുഴികള്‍ കൊത്തി അവര്‍ മറവു ചെയ്തുകൊണ്ടേ ഇരുന്നു .

ഓരോപുതു മണ്ണിന്‍ കൂനകള്‍ ഉയരുമ്പോഴും വസൂരിവിതുകള്‍ ആര്‍ത്തിയോടെ മന്കൂനകളില്‍ മുളക്കാന്‍ തുടങ്ങി . അത്ഭുതമെന്നു പറയട്ടെ മഹാമാരി ഗ്രാമത്തില്‍ വിതച്ച കങ്കന്റെ കുലത്തില്‍ കങ്കന്റെ പൊട്ടനായ ഒരു മകനൊഴികെ കങ്കനും മാത്രം ബാക്കിയായി . ചീരയുടെ രോഗം മൂര്‍ച്ചിച്ചു .ചീരയിലപോലുള്ള മുഖം വസൂരിക്കുമിളകള്‍ പൊട്ടി വിണ്ടു കീറി ഭീബല്‍സമായി .

ചീരയെ കാണാന്‍കൂരി അയാളെ അനുവദിച്ചില്ല .ഇതിനിടെ കൂരിയെയും മഹാമാരി പിടികൂടാന്‍ തുടങ്ങി .ആസന്നമായ ചീരയുടെ മരണം അയാള്‍ക്ക്‌ ഉള്കൊല്ലാനാവില്ലെന്ന അറിവോടെ കാപ്പിമരങ്ങളില്‍ വസൂരിപ്പൂക്കള്‍ വിരിഞ്ഞ ,വസൂരിപ്രേതങ്ങള്‍ ഉലാത്തി മടുത്ത ,ഒരു പുലര്‍ച്ചെയാണ് ചീരയോടു പോലും യാത്ര പറയാതെ ,ഇടതൂര്‍ന്ന വസൂരിക്കൂനകള്‍ പിറകിലാക്കി കൂരി അയാളെ നിര്‍ബന്ധമായി ഗ്രാമത്തില്‍ നിന്നും യാത്രയാക്കിയത് .

ഇറങ്ങുന്നില്ലെയെന്ന കണ്ടക്ടറുടെ ചോദ്യം കേട്ടാണ് അയാള്‍ ഓര്‍മ്മകളില്‍ നിന്നും ഞെട്ടി ഉണര്‍ന്നത് .അയാളൊഴികെ യാത്രക്കാരെല്ലാം തിരക്കില്‍ ലയിച്ചിരുന്നു .നീണ്ട യാത്രക്കൊടുവില്‍ ഓര്‍മ്മകളെല്ലാം മനസ്സെന്ന ഭാണ്ടതിലേക്ക് ഇട്ടയാള്‍ ബസ്സില്‍ നിന്നിറങ്ങി .

ഗ്രാമം ഒരുപാട് മാറിയിരുന്നു ഇരച്ചു പായുന്ന വാഹനങ്ങളും ഉയരം തിട്ടപ്പെടുത്താന്‍ കഴിയാത്തത്ര കെട്ടിടങ്ങളും തിരക്ക് പിടിച്ചോടുന്ന ജനസന്ച്ചയവും . പ്രാകൃതനെന്നു തോന്നിച്ച അയാളെ വിഷമസന്ധിയിലാക്കി .ഇവിടെയൊരു ഗ്രാമാമുണ്ടായിരുന്നോ? ഗ്രാമത്തിലൊരു കാപ്പിതോട്ടമുണ്ടായിരുന്നോ/? ഇവിടെ കൂരിയെന്നും ചീരയെന്നും പേരുള്ള രണ്ടു പേര്‍ ജീവിച്ചിരുന്നോ? അയാള്കൊരുത്തരം നല്‍കാന്‍ തിരക്കില്‍ ആര്‍ക്കും സമയമുണ്ടായിരുന്നില്ല

നീണ്ട ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം തനിക്കു ഗ്രാമം തെറ്റി യതാവാമെന്നു  അയാളുടെ ഉപബോധ മനസ്സ് ഓര്‍മ്മിപ്പിച്ചു ,വിഷണ്ണനായി മറ്റൊരു ദിക്കിലേക്ക് തന്റെ ഗ്രാമവും കൂരിയെയും ചീരയും തേടി അയാള്‍ വീണ്ടുമൊരു ബസ്സ് കയറി യാത്രയായി .

No comments: