Tuesday, April 13, 2010

ഖബറുകള്ക്ക് വെളിച്ചം പകരുന്ന മിന്നാമിനുങ്ങുകള് ...

കുംഭ മാസത്തിലെ ചൂട് പാരമ്യതയിലെത്തിയിരുന്നു .പുറത്തെ കടുത്ത ചൂടിനൊപ്പം ബാപ്പുട്ടിയുടെ ഹൃദയവും പൊള്ളി തിണര്ത്തു .


മെത്തയുടെ മറു ഭാഗത്ത് പ്രിയതമ സുഖ സുഷുപ്തിയിലാണ് .വീതിയേറിയ കട്ടിലില് പതുപതുത്ത മെത്തയില് ഉറക്കം വരാതെ ബാപ്പുട്ടി തിരിഞ്ഞും മറിഞ്ഞും കിടന്നു .ഇട നാഴിയുടെ വലതു വശത്ത് മകന്റെ മുറിയില് നിന്നും എയര് കൂളറിന്റെ ഇരമ്പലിനൊപ്പം നേര്ത്ത സംഗീതവും രാവിന്റെ നിശബ്ദതയെ ഭഞ്ജിച്ചു.

പ്രിയതമയുടെ ഉറക്കിനു ഭഗ്നം വരാതെ ബാപ്പുട്ടി ടെറസ്സിലെക്കുള്ള കോണിപ്പടി കയറി .ടെറസിന് മുകളില് ആകാശം വെറുങ്ങലിച്ചു കിടന്നു .ഒരില പോലും അനക്കാന് കെല്പില്ലാതെ കാറ്റ് ഇരുട്ടിന്റെ ഏതോ അറകളില് ഒളിച്ചിരുന്നു,ഇന്നേക്ക് മൂന്നു ദിവസമായി ബാപ്പുട്ടി നാട്ടിലെത്തിയിട്ട് .വിവാഹ പൂര്വ്വ കാലം മണലാ രണ്യത്തിലേക്ക് എടുത്തെറിയപ്പെട്ട ജീവിതം പ്രാരാബ്ധങ്ങള്ക്കൊത്തു തുഴയുകയായിരുന്നു .ഏഴു സഹോദരിമാരെയും മാന്യമായി വിവാഹം കഴിപ്പിച്ചു അയച്ചതിന് ശേഷമായിരുന്നു ,നിര്ധന കുടുംബത്തിലെ സഫിയയെ ബാപ്പുട്ടി ജീവിതത്തിലേക്ക് കൂട്ടിയത് .

ബാപ്പുട്ടി ടെറസ്സില് വെറും നിലത്തു മലര്ന്നു കിടന്നു. വെറുങ്ങലിച്ച ആകാശത്തു വിരലില് എണ്ണാവുന്ന നക്ഷത്രങ്ങള് ,ദൂരെ ബാപ്പയെ ഖബറടക്കിയ മൊയ്തീന് പള്ളിയുടെ മിനാരത്തില് പ്രാവുകളുടെ നിഴല്ഛെദം.ഖബര് സ്ഥാനില് ആത്മാവുകള്ക്ക് മിന്നമിന്നുകള് വെളിച്ചം വീശി

ദുബായ് മെട്രോ റെയിലിന്റെ കണ്സ്ട്രക്ഷന് സെക്ഷനിലായിരുന്നു അന്ന് വര്ക്ക് .കമ്പനി ബസ്സില് അല്ഖൂസിലെ കാമ്പില് നിന്നും സൈറ്റില് എത്തുന്നത് വരെ കാണുന്ന ,ജീവിതത്തിന്റെ പതിവ് മനോ വ്യാപാര ങ്ങളില് മുഴുകിയിരിക്കുമ്പോഴാണ് ഇടതു നെഞ്ചില് നേരിയ വേദന യനുഭവപ്പെട്ടത്.അപ്പോഴത്ര കാര്യമാക്കിയില്ല .കൂടെയുള്ള ബംഗ്ലാദേശി സഹപ്രവര്ത്തകരുടെ വാ തോരാതെയുള്ള സംസാരം അല്പം നീരസമുളവാക്കി..

സൈറ്റിലെത്തി ,അല്കൂസിലെ കാന്റീനില് നിന്നും വാങ്ങിയ ചട്ട്ണിയും ഒരു കുബ്ബൂസും കഴിച്ചതെയുള്ളൂ വീണ്ടും ശക്തമായ നെഞ്ച് വേദനയാല് നിലത്തിരുന്നു പോയി . റാഷിദിയ ഹോസ്പിറ്റലില് നിന്നും ടിസ് ചാര്ജായി കാംപിലെത്തുമ്പോള് ബാപ്പുട്ടിയുടെ പാസ്പോര്ട്ടും വിസ കാന്സലാക്കി കമ്പനി പീ ആര് ഓ കാത്തിരിപ്പുണ്ടായിരുന്നു .

ആരോടും പരാതിയില്ലാതെ പരിഭവമില്ലാതെ ഒരു തിരിച്ചു വരവ് .പ്രതീക്ഷിച്ചതായിരുന്നു ഒരു തിരിച്ചു പോക്ക് ,ഒരു പുരുഷായുസ്സു മുഴുവന് വിയര്പ്പൊഴുക്കി പണിതുണ്ടാക്കിയ ഈ മാളികയില് ഇനി ശേഷിച്ച കാലമെങ്കിലും തനിക്കായി ജീവിക്കണം .ഈശ്വരാനുഗ്രഹത്താല് രണ്ടു തലമുറകള്ക്കുള്ളത് സമ്പാദിച്ചു .

പ്രതീക്ഷകളും സ്വപ്നങ്ങളും യാധാര്ത്യങ്ങള്ക്ക് എത്രയോ അകലെയായിരുന്നു .അസുഖത്തിന്റെ ഭീകരത യോര്മ്മിപ്പിച്ചു പ്രിയതമ പോലും തിരിഞ്ഞുറക്കം തുടങ്ങിയപ്പോള് ,മനസ്സിലെവിടെയോ തൃപ്തിപ്പെടുത്തലിന്റെ ആര്ദ്ര ഭാവങ്ങളോ പ്രവൃത്തികളോ തിരയുകയായിരുന്നു ഭാപ്പുട്ടി .

മകന് തന്റെ ലോകത്ത് തനിക്കറിയാത്ത ഭാഷകള് സംസാരിച്ചു കണ്ട് അഭിരമിക്കുന്നു .മകള് താനെന്നൊരു ബാപ്പ ഇവിടെയുന്ടെന്നുപോലും ശ്രദ്ധിക്കാതെ വിരാജിച്ചു .

രാത്രികളില് വളരെ വൈകിയെത്തുന്ന അപരിചിത ശബ്ദങ്ങളും കാല്പെരുമാറ്റങ്ങളും ഈ സ്വപ്ന സൌധത്തില് ബാപ്പൂട്ടിയെ സ്വയം ഇരുട്ട് തടവറയിലാക്കി.

ദൂരെ മൊയ്തീന് പള്ളിയില് സുബഹി ബാങ്ക് വിളിച്ചു ഭൂമിയിലെ അനേകം പള്ളിമിനാരങ്ങളില് നിന്നും പള്ളിപ്രാവുകള് മാനത്തേക്ക് പറന്നുയര്ന്നു .ഖബറുകളില് തൂവെള്ള വസ്ത്രം ധരിച്ച ആത്മാവുകള് പ്രഭാത നമസ്കാരത്തിനായി തയ്യാറെടുത്തു .മിന്നാമിനുങ്ങുകള് ഖബറകം വെളിച്ചം പകരുവാന് വേണ്ടി ഭൂമിയില് നിന്നും തിരോഭവിച്ചു

എവിടെക്കാ ഇത്ര നേരത്തെയെന്ന സഫിയയുടെ ചോദ്യം ഗൌനിക്കാതെ ബാപ്പൂട്ടി നടന്നു .പള്ളിമിനാരത്തിനു താഴെ കൊണ്ക്രീറ്റ് വിരിച്ച പടിക്കെട്ടില് ,തലേന്ന് ചാറിയ വേനല് മഴയില് പൊടിഞ്ഞ മഴപ്പാറ്റകളുടെ ജഡങ്ങള് ചോണന് ഉറുമ്പുകള് താങ്ങിക്കൊണ്ടുപോയി .മഴപ്പാറ്റ കളുടെ അനാഥമായ ചിറകുകള് കാലടികള്ക്കൊപ്പം പൊങ്ങി വീണ്ടും നിലത്തു വീണു .വലതു ഭാഗത്ത് നേരിയ ഇരുട്ടില് ബാപ്പയുടെ ഖബറിന് മുകളില് ഇരു കൈകളും നീട്ടി അദൃശ്യമായൊരു രൂപം കാത്തു നിന്നു .ഇടതു നെഞ്ഞമര്ത്തി പ്പിടിച്ചു ബാപ്പുട്ടി അദൃശ്യമായ ആ കരങ്ങളിലെക്കമര്ന്നു..

1 comment:

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം