Tuesday, January 31, 2012

ശുഭയാത്ര ...

വീട് ഭദ്രമായി പൂട്ടി ടീച്ചര്‍ റെയില്‍വേ സ്റ്റേ ഷനിലേക്ക് നടക്കുമ്പോള്‍ പുലര്‍ മഞ്ഞിന്റെ പെയ്ത്ത് തോര്‍ന്നിരുന്നില്ല.പാതക്കിരുവശവും നട്ടു പിടിപ്പിച്ച ചോല മരങ്ങളിലൊന്നു കാലം തെറ്റിപ്പൂത്തു പുലര്‍ മഞ്ഞിനൊപ്പം ചോരപ്പൂക്കളെ പാതയിലേക്ക് പൊഴിച്ച് വിടുന്നുണ്ടായിരുന്നു.
തിരക്കാരംഭിചിട്ടില്ലാത്ത പാത മഞ്ഞില്‍ കുളിച്ചു വിറച്ചു കിടന്നു.ഹ്ര്വസ്വ മെങ്കിലും ഈ പുലരിയുടെ കുളിര്‍ക്കാറ്റെറ്റ് റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള നടപ്പ് ടീച്ചറെ ബാല്യത്തിലെ ഏതോ ഗൃഹാതുരതകളിലേക്ക് നടത്തി.യാന്ത്രികതയില്‍ കൊരുത്തി വെച്ച പതിവ് ജീവിത ത്തിരക്കുകള്‍ക്കിടയില്‍ നിന്നും ഒരു മോചനം.. യാദൃശ്ചിക മായി വന്നു
ചേര്‍ന്ന ഈ യാത്ര ടീച്ചറെ കൂടുതല്‍ ഉല്‍സാഹവതിയാക്കി.

നഗര സഭ സൂപ്രണ്ടായി വിരമിച്ചു ഇപ്പോള്‍ ഒരു സ്വകാര്യ സ്കൂളിലെ മാനേജരായി സേവനമനുഷ്ടിക്കുന്ന അച്ഛനൊപ്പം ചെന്നൈയില്‍ സ്ഥിര താമസമാക്കിയ അമ്മയും ഇളയ അനുജനും.ഉപരി പഠനത്തിനായി അമേരിക്കയിലേക്ക് പോകുന്ന അനിയനെ യാത്രയാക്കണം ,അഞ്ചാറു മാസങ്ങള്‍ക്ക് മുമ്പ് നാട്ടിലൊരു ബന്ധുവിന്റെ വിവാഹത്തില്‍ പങ്ക്‌ ചേരാന്‍ വന്നപ്പോള്‍ അവസാനമായി കണ്ട മാതാപിതാക്കളെ ഒന്ന് കാണണം ഇത് മാത്രമായിരുന്നു ലക്‌ഷ്യം.

മഞ്ഞ് കൊണ്ട് നനയാതിരിക്കാന്‍ തലയും പത്രക്കെട്ടും വെളുത്ത പ്ലാസ്ടിക് കവര്‍ കൊണ്ട് പൊതിഞ്ഞു ആഞ്ഞു ചവിട്ടി സൈക്കിളില്‍ വന്ന പത്ര വിതരണക്കാരന്‍ പത്രം നീട്ടുമ്പോള്‍ ചോദിച്ച കുശലാന്വേഷണത്തിനു മറുപടിയായി ഒരു ചെറു പുഞ്ചിരി മാത്രം സമ്മാനിച്ചു.അടച്ചിട്ട റെയില്‍വേ ക്രോസ്സിന്റെ ഇടുങ്ങിയ വഴിയിലൂടെ പാളം മുറിച്ചു കടന്നു പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോള്‍ പാളങ്ങളില്‍ വെയില്‍ പൂത്തു തുടങ്ങിയിരുന്നു.

തിരക്കു കുറഞ്ഞ പ്ലാറ്റ്ഫോമിലെ തണുത്ത ബെഞ്ചില്‍ ഏതോ യാത്രികര്‍ ചിതറിയിട്ട പോപ്‌ കോണിന്റെ അവശിഷ്ടങ്ങളില്‍ സ്പര്‍ശിക്കാതെ മറ്റൊരു ഭാഗത്തേക്ക് ടീച്ചര്‍ ഇരുന്നു.പ്ലാറ്റ് ഫോം വൃത്തിയാക്കാന്‍ ആരംഭിച്ച തടിച്ച വൃദ്ധയുടെ മുറുക്കാന്‍ ചവച്ച വായില്‍ നിന്നും വീണ തുപ്പലുകള്‍ ഇടിഞ്ഞു താഴ്ന്നു നിന്ന മാറിടങ്ങളിലേക്ക് ചോരത്തുള്ളികള്‍ പോലെ വൃത്തം വരച്ചിട്ടു.

മഞ്ഞ് വീണു മരവിച്ച റെയില്‍പ്പാളങ്ങള്‍ക്ക് മുകളിലൂടെ തെക്കോട്ടുള്ള പുലര്‍ വണ്ടി കിതച്ചു നിന്നപ്പോള്‍ ഉറങ്ങിക്കിടന്ന എതിര്‍ വശത്തെ പ്ലാറ്റ് ഫോം ഉണര്‍ന്നെണീറ്റ് തിരക്കില്‍ ലയിച്ചു തുടങ്ങി.വാണിഭക്കാരുടെയും യാത്രികരുടെയും ആരവങ്ങള്‍ നിറഞ്ഞു തുടങ്ങിയ പ്ലാറ്റ്ഫോമില്‍ വടക്കോട്ടുള്ള വണ്ടി ഉടനെ തന്നെ എത്തുമെന്ന് ഓര്‍മ്മിപ്പിച്ചു.

ഇനിയും ഉറക്കം മതിയായില്ലെന്നറിയിച്ച കണ്ണുകളാല്‍ തന്നെക്കാള്‍ ഭാരം കൂടിയ കൊച്ചു കുട്ടിയെ തോളിലേറ്റിയ ബാലയാചകന് പത്തു രൂപയുടെ നോട്ടു കൈയില്‍ കൊടുക്കുമ്പോള്‍ അല്പം പ്രകാശിച്ച കണ്ണുകള്‍ പിന്നെ വീണ്ടും പഴയ നിര്‍ജ്ജീവതയിലേക്ക് മടങ്ങുന്നത് ടീച്ചര്‍ വ്യക്തമായി കണ്ടു പിടിച്ചു.

യാത്രികരുടെ ബാഹുല്യമില്ലാത്ത തീവണ്ടിയില്‍ മിക്ക ഇരിപ്പിടങ്ങളും ഒഴിഞ്ഞു കിടന്നത് തന്റെ യാത്രയുടെ ശുഭ സൂചകമാണെന്ന് ടീച്ചര്‍ വിശ്വസിച്ചു.ഇന്ന് തന്റേതു മാത്രമായ മനസ്സില്‍ സ്ഫുടം ചെയ്ത ചിന്തകള്‍ ആകാശവിതാനത്തിലേക്ക്‌ പറത്തി ഏകയായൊരു യാത്ര.ഈ യാത്രയിലെ ചിന്തകള്‍ എന്റേത് മാത്രമാകുന്നു..അല്ലെങ്കിലും താനെന്നും എകയായിരുന്നല്ലോ.



വിദ്യാഭ്യാസം നേടി സര്‍ക്കാര്‍ സ്ക്കൂളില്‍ ഒരു ടീച്ചറായിട്ടും തരക്കേടില്ലാത്ത സൌന്ദര്യം ഉണ്ടായിട്ടും ഒരവിവാഹിതയായി ജീവിക്കാന്‍ വിധിച്ച ജീവിതം.തീവണ്ടി ഒരു പാലം കടക്കുകയായിരുന്നു.പുറത്ത്‌,വെളുത്ത തുണിയുടെ ഇരു ഭാഗത്തും പച്ച നിറമുള്ള കരകളുമായി ഒരു പുഴ തീവണ്ടിക്കു കുറുകെയൊഴുകി.കൂടെ അത്ര തന്നെ നീളത്തില്‍ നിഴലും.ഒരു ടീച്ചറാവണമെന്ന വ്യഗ്രതയില്‍ രക്ഷിതാക്കള്‍ കൊണ്ട് വന്ന വിവാഹാലോചനകളെല്ലാം നിരസിക്കുമ്പോള്‍ തന്റെ ജീവിത കാലം മുഴുവന്‍ അവിവാഹിതയായിക്കഴിയുവാനാണ് വരാന്‍ പോകുന്ന വിധി എന്നോര്‍ത്തില്ല.

സ്വയം തീര്‍ത്ത ആകാശവിതാനത്തില്‍ പറന്നുല്ലസിക്കുന്ന മനസ്സിന്റെ നേരിയ മുഖാവരണത്തിലൂടെ ,എതിരെയുള്ള ഒഴിഞ്ഞ ഇരിപ്പിടത്തിലേക്ക് സുമുഖനായ ഒരു യുവാവ് ഇരുത്തിപ്പോയ കൊച്ചു പെണ് കുട്ടിക്ക് തന്റെ ബാല്യ കാല സഖി മീരയുടെ ച്ഛായയാണെന്ന് ടീച്ചര്‍ ഓര്ത്തു.വളരെ വേഗത്തില്‍ നീങ്ങുന്ന പുറം കാഴ്ചകളിലെ ഏതോ ഒരു ബിന്ദുവിലേക്ക് മാത്രം കണ്ണുകള്‍ നട്ടിരുന്ന പെണ്കുട്ടി ഒരു വേള തന്റെ പ്രതി ച്ഛായ തന്നെയാവുമോ എന്ന് ടീച്ചര്‍ സംശയിച്ചു.

തീവണ്ടി മൈലുകളോളം നീളമുള്ള ഒരു തുരങ്കത്തിലേക്ക് പ്രവേശിച്ചിരുന്നു.മങ്ങിയ വെളിച്ചത്തിലും പെണ്കുട്ടിയുടെ നോട്ടം അതേ ബിന്ദുവി ലാണെന്നറിഞ്ഞപ്പോള്‍ അവളുടെ മനസ്സും അവളുടേത്‌ മാത്രമായ ആകാശ വിതാനത്തില്‍ മനോ വ്യാപാരങ്ങളില്‍ വിഹരിക്കുകയാവാമെന്നു ടീച്ചര്‍ക്ക് തോന്നി.കൂവിയാര്‍ത്തു നീങ്ങിയ തീവണ്ടി ദൂരെ പൊട്ടു പോലെ നിന്ന തുരങ്ക മുഖവും കടന്നൊരു സൂര്യകാന്തി പ്പാടത്തെക്ക് പ്രവേശിച്ചിരുന്നു.

ഗര്‍വ്വോടെ തലയുയര്‍ത്തി വിരിഞ്ഞു നിന്ന സൂര്യ കാന്തിപ്പൂക്കള്‍ക്ക് താഴെ അടിക്കാടുകളില്‍ ജനുസ്സറിയാത്ത കാട്ടു പൂക്കള്‍ അപകര്‍ഷതാ ബോധത്തോടെ തല കുനിച്ചു നിന്നു.ഔദ്യോകിക വേഷത്തില്‍ ടിക്കറ്റ് തിരക്കി എത്തിയ പരിശോധകന്‍ കൊച്ചു പെണ്കുട്ടിയെ ഒരു മിഠായിപ്പൊതി ഏല്‍പ്പിക്കുമ്പോള്‍ നേരത്തെ തന്റെ മുന്‍ ഭാഗത്തേക്ക് അയാള്‍ തന്നെയാണ് ഈ പെണ്കുട്ടിയെ കൊണ്ടിരുത്തിയതെന്നു ടീച്ചര്‍ അനുമാനിച്ചു.

നിയന്ത്രണമില്ലാതെ ആകാശത്തു  പറന്നുനടന്ന മനസ്സിനെ കടിഞ്ഞാണിട്ടു, ടിക്കറ്റ് പരിശോധകന്‍ പോയ ഇടവേളയിലേക്ക് പെണ്കുട്ടിയോട് അടുക്കാന്‍ ശ്രമിച്ച ടീച്ചര്‍ക്ക് നിഷേധ മൌനമായിരുന്നു മറുപടി ലഭിച്ചത്.പകരം ടിക്കറ്റ് പരിശോധകന്റെ ഔദ്യോകിക വേഷം മാറി തിരിച്ചെത്തിയ ജിനദേവന്‍ എന്ന യുവാവ് ഒമ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇത് പോലൊരു മഞ്ഞ് കാലത്ത് കളഞ്ഞു കിട്ടിയ ഈ പെണ്കുട്ടി തന്റെ ജീവിതം തന്നെ മാറ്റി മറിച്ച ഒരനുഭവം ടീച്ചറുമായി പങ്ക്‌ വെക്കുകയായിരുന്നു.

കൈക്കുഞ്ഞായ പെണ്കുട്ടിയെ ഉപേക്ഷിച്ചാല്‍ നമുക്കൊരുമിച്ചു ജീവിക്കാ മെന്ന കാമുകിയുടെ സ്വാര്‍ത്ഥതയിലേക്ക് മനുഷ്യത്വം എന്ന നിര്‍വ്വചനം ,തന്നെയുപേക്ഷിച്ചു മറ്റൊരു ബന്ധം തേടിപ്പോയ കാമുകിക്കും കുത്ത് വാക്കുകളുടെ മുള്‍ക്കിരീടം അണിയിച്ച തന്റെ സ്വന്തക്കാര്‍ക്കും അവിവാഹിതനായിത്തന്നെ ഈ പെണ്കുട്ടിയുടെ സംരക്ഷണ യിലൂടെ മധുരമായി പ്രതികാരം തീര്‍ക്കുകയായിരുന്നു ജിനദേവന്‍.

പെണ്കുട്ടി ടീച്ചറുടെ മടിയിലേക്ക്‌ തലചായ്ച്ചു ഉറങ്ങിപ്പോയിരുന്നു.ആരോ അപായച്ചങ്ങല വലിച്ച തീവണ്ടി വലതു വശം കരിമ്പ്‌ പാടങ്ങളാല്‍ സമൃദ്ധമായ ഗ്രാമത്തില്‍ നിശ്ചലമായി നിന്നു.പെണ്കുട്ടിയുടെ അമ്മയാവുന്നതിനൊപ്പം തന്റെ ജീവിത ത്തിലേക്കും ക്ഷണിക്കുന്നുവെന്ന ജിനദേവന്റെ വാക്കുകള്‍ക്കു മൌനം പൂര്‍ണ്ണ സമ്മത മാണെന്ന് ടീച്ചറുടെ വദനം വിളിച്ചറിയിച്ചു പെണ്കുട്ടിയെ കൂടുതല്‍ തന്റെ മടിയിലേക്ക്‌ ചേര്‍ത്തു കിടത്തി.

പ്രണയാ ര്ദ്രമായ് കാറ്റ് കരിമ്പിന്‍ കൂമ്പു കളിലേക്ക് മുത്തമിട്ടു .പുഷ്പ്പിക്കാന്‍ തയ്യാറെടുത്തു നിന്ന കരിമ്പിന്‍ കുലകള്‍ വിഭ്രംജിച്ചു നിന്നു.സാവധാനം ചലിച്ചു തുടങ്ങിയ തീവണ്ടിയുടെ താളം വേഗതയിലേക്ക് നീങ്ങി മറ്റൊരു താളമായി മാറി. മാതാ പിതാക്കളുടെ പൂര്‍ണ്ണ സമ്മതത്തോടെ പെണ്‍കുട്ടിയുടെ സംരക്ഷണ ത്തോടൊപ്പം ജിന ദേവന്റെ ജീവിത ത്തിലെക്കുമുള്ള മടക്ക യാത്രയില്‍ ടീച്ചറുടെ ജീവിതം പുതിയൊരു ആകാശ വിതാനത്തിലേക്ക്‌ പറന്നുയരുകയായിരുന്നു

3 comments:

മനോജ് കെ.ഭാസ്കര്‍ said...

എന്തെഴുതണമെന്ന് അറിയില്ല, എങ്കിലും ജിനദേവനും ടീച്ചര്‍ക്കും മുന്‍പില്‍ ശിരസ്സ് കുനിക്കുന്നു....

Absar Mohamed said...

കൊള്ളാം..

മണ്ടൂസന്‍ said...

നല്ല കഥ ട്ടോ, വാക്കുകൾക്കും വിവരണങ്ങൾക്കും പറയാൻ കഴിയാത്തതാണ് ഈ വായനയിലൂടെ എനിക്ക് കിട്ടിയ സുഖം. എനിക്ക് ഇങ്ങനെ ശുഭകരമായി പറഞ്ഞു പൊകുന്നതൊക്കെ ഇഷ്ടമാ. ടീച്ചറുടെ ഈ നിരീക്ഷണം പൊലെ,'യാത്രികരുടെ ബാഹുല്യമില്ലാത്ത തീവണ്ടിയില്‍ മിക്ക ഇരിപ്പിടങ്ങളും ഒഴിഞ്ഞു കിടന്നത് തന്റെ യാത്രയുടെ ശുഭ സൂചകമാണെന്ന് ടീച്ചര്‍ വിശ്വസിച്ചു.' ഇഷ്ടായി. ആശംസകൾ.