ഗ്രാമം പനിച്ചു വിറങ്ങലിച്ചു ഉറങ്ങുകയായിരുന്നു... ഈ ഗ്രാമത്തില് എല്ലാവരും പനി പിടിച്ചവരാണ്.മിനിയാന്ന് അയാളുടെ അമ്മ പനി പിടിച്ചു മരിച്ചു.
പുല്ലരിയാന് പോയ അമ്മ പനിച്ചാണ് തിരികെ വന്നത് .നീണ്ട നാല് ദിവസങ്ങള് ഒരേ കിടപ്പായിരുന്നു .അമ്മ കൂടി പോയതോടെ അയാള് ഒറ്റക്കായി .
പുറത്തു ചിങ്ങമഴ പെയ്യുകയാണ് ....അയാളോര്ത്തു ...
കുട്ടിക്കാലത്ത് പള്ളിക്കൂടത്തില് നിന്നും വരുമ്പോള് ചിങ്ങമഴ കൊണ്ടതും ...
പനിച്ചുകിടന്നപ്പോള് അമ്മ ചെറു ഉള്ളി തൂമിച്ചു ചോറില് കൂട്ടി വായിലിട്ടു തന്നതും ,
നെറുകയില് തഴുകി ഉറക്കിയതും
അയാളുടെ പൊള്ളുന്ന പനിമനസ്സിലെക്ക് ഓടിയെത്തി .
പനിക്കട്ടിലിട്ട ചായ്പില് നിന്ന് നോക്കിയാല് ദൂരെ പാടം ,അതിരിടുന്നിടത്ത് തോട്. .
തോട്ടിറമ്പില് പനിച്ചു വിറച്ചു കയ്തകള്.
പുറത്തു പനി കാറ്റ് മേയാത്ത കുടിലിന്ടെ ലഭ്യമായ
സുഷിരങ്ങളിലൂടെയൊക്കെ അകത്തു കടന്നു അയാള്കുമേല് വീശി .
പനിപിടിച്ച പ്രണയത്തിനും പനിച്ച ശരീരത്തിനും ഒരേ ചൂടാണെന്ന് അയാളറിഞ്ഞു ...
ചുട്ടു പൊള്ളുന്ന പനിക്കട്ടിലില് നിന്നെഴുന്നേറ്റ് പുതച്ചിരുന്ന പനി മണക്കുന്ന പുതപ്പു വലിച്ചെറിഞ്ഞു ജനിമൃതിയുടെ ഏതോ ഒരുള് വിളിയാല് അയാള് തോട്ടിരമ്പ് നോക്കി വേച്ചു നീങ്ങി .
വഴുക്കുന്ന വയല് വരമ്പ്
ഏതോ മുജ്ജന്മതിലെക്കുള്ള കനല് വഴിയായ് അയാള്ക്ക് മുന്നില് നീണ്ടു കിടന്നു ..സന്ധ്യയായിരുന്നു .വേച്ചു വേച്ചയാല് തോട്ടിറമ്പില് എത്തി .
പനിച്ച രാവിനും നീരുറഞ്ഞ പകലിനുമിടയില് ജീവിതം,
വന്യമായഒരു ഓക്കാനം കൊണ്ടയാള് തോട്ടിറമ്പില് വീണു ,
പനിയുടെ ദശാസന്ധിയില് ഒരു ഓക്കാനം കൂടി .
തോട്ടിറമ്പില് മലര്ന്നു കിടന്നയാള് ആകാശത്തേക്ക് നോക്കി ..
പനിച്ചു നരച്ച ആകാശത്ത് പനിച്ചു വിറച്ച ഒരു നക്ഷത്രം അമ്മയെപ്പോലെ അയാളെ ,
മാടി വിളിക്കുന്ന പോലെ അയാള്ക്ക് തോന്നി .
ചുട്ടു പൊള്ളുന്ന അമ്മയുടെ പനിക്കയ്കള്
അയാളുടെ നെറുകയില് തഴുകുന്നുണ്ടായിരുന്നു.
No comments:
Post a Comment