Saturday, October 15, 2011

മുരിക്ക്‌മരത്തിന്‍ കീഴിലെ നിലാചീന്ത് ..

മതി മറന്നുള്ള ഉറക്കമായിരുന്നു ദിവാകരേട്ടന്‍.''ദെ എണീറ്റെ മണി അഞ്ചായി''.

അടുത്തുള്ള നിസ്കാരപള്ളിയില്‍ നിന്നും പ്രഭാത പ്രാര്‍ത്ഥനക്കുള്ള ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ ദേവകി ഏടത്തി ദിവാകരേട്ടനെ തട്ടിയുണര്‍ത്തി.

''എന്തെ ഇന്ന് പതിവില്ലാതെ നേരത്തെ വിളിക്കാന്‍ പറഞ്ഞത്?'' ദിവാകരേട്ടന്റെ മറുപടി കാക്കാതെ അവര്‍ ഉറക്കച്ചടവോടെ അടുക്കളയിലേക്കു കയറി.

ഒരു നുള്ള് ഉമിക്കരി വായിലിട്ടു കിണറ്റിന്‍ കരയിലേക്ക് കയറുമ്പോഴാണ് അയാള്‍ മകന്‍ അരുണിന്റെ മുറിയിലേക്ക് എത്തി നോക്കിയത്.മുറി  ശൂന്യമായിരുന്നു.അവന്‍ ഇന്നലെയും വീടണഞ്ഞിട്ടില്ല.

ഈയിടെയായി മിക്കവാറും ദിവസങ്ങളില്‍ അവന്‍ ഇത് പതിവാക്കിയത് അയാളോര്‍ത്തു.

കിണറ്റിന്‍കരയിലെ മുരിക്ക്‌മരത്തിനു താഴെ രാത്രി പുലരിക്കൊരുങ്ങി വരാന്‍നീക്കി വെച്ച  നിലാചീന്തിലിരുന്ന്‍ അയാള്‍ ദന്തശുദ്ധി വരുത്തി.

എന്തോ കാര്യം പറഞ്ഞു കയര്‍ത്തപ്പോള്‍ ആദ്യമായി ദേവകിക്ക് നേരെ അരുണ്‍ കൈ പൊക്കിയപ്പോഴാണ്  അവനെ ഉപദേശിക്കല്‍ നിര്‍ത്തിയതെന്ന്  ദിവാകരേട്ടന്‍ വേദനയോടെ ഓര്ത്തു.

ഏകമകന്‍..താഴെയുള്ള  മൂന്നു പെണ്കുട്ടികള്‍ക്കും   ദേവകിക്കും രക്ഷകന്‍ ആവേണ്ടവന്‍ ..മനസ്സ് നില്‍ക്കുന്നിടത്ത് ശരീരം നില്ക്കാന്‍ വിസമ്മതിക്കുന്ന തനിക്കെന്തെങ്കിലും സംഭവിച്ചാല്‍..

''രണ്ടു ബസ്സ്‌ മാറിക്കയറിയാലെ കൃത്യ സമയത്ത് ഇന്ന് ജോലിക്കെത്താന്‍ കഴിയൂ..'' ദിവാകരേട്ടന്‍ ആരോടെന്നില്ലാതെ പറഞ്ഞപ്പോള്‍ ദേവകി ഏടത്തി ചായയും ലഘു ഭക്ഷണവും തിണ്ണയില്‍  കൊണ്ടുവെച്ചു.
അധ്വാനിക്കാന്‍ മറന്നു ആഡമ്ബരത്തില്‍  മുങ്ങിപ്പോയ യുവത്വത്തെ ഇരു ചക്രവാഹനങ്ങളിലിരുന്ന്‍ അജ്ഞാതര്‍ ഉന്നം വെക്കുന്നത് തുടരുമ്പോള്‍ ആധി കയറിയ മാതാപിതാക്കളുടെ മക്കളായ അരുണുമാര്‍
പുലര്‍ന്നു കൊണ്ടിരുന്നു.

ജോലി കഴിഞ്ഞെത്തുന്ന ഓരോ സന്ധ്യയും മകന്റെ പുതിയ ചെയ്തികള്‍ സമൂഹത്തില്‍ നിന്ന് തന്നെ ദിവാകരേട്ടനെ അകറ്റി നിര്‍ത്തി.

മുരിക്ക്‌മരത്തിന്‍ കീഴിലെ നിലാചീന്ത്  തുലാമാസപ്പുലരി  മായ്ച്ചു കളഞ്ഞ നേരം ദിവാകരേട്ടന്‍ വീട്ടില്‍ നിന്നിറങ്ങി.

ഒരു പുതുപ്പണക്കാരന്റെ  സ്വപ്ന സൌധം പടുത്തുയര്‍ത്തുന്ന
ജോലിക്കിടയിലുള്ള  അല്പം വിശ്രമ നേരത്തെക്കാണ്‌ ദിവാകരേട്ടന്‍
കുഴഞ്ഞു വീണത്.

ദിവാകരേട്ടന്റെ  ചിതക്ക്‌  തീ കൊളുത്താന്‍ പോലും കിട്ടാത്ത  ശാപ 
ജന്മമായിരുന്നു  മകന്‍  അരുണിന്റെതെന്നു ദിവാകരേട്ടന്റെ മരണം 
തീര്‍ത്ത  ശൂന്യതയിലേക്ക്  പകച്ചു നോക്കി  ദേവകി ഏട്ടത്തി  വിതുമ്പി.

പിന്നീടൊരിക്കലും  നിലാ ചീന്ത്  വിരുന്നു വരാത്ത  കിണറ്റിന്‍ കരയിലെ 
മുരിക്ക്‌ മരത്തിന്‍  ചുവട്ടിലെ ഇരുട്ട് നെഞ്ചിലേറ്റി ജീവിക്കാനായിരുന്നു
ദേവകി ഏട്ടത്തിയുടെ നിയോഗം.

5 comments:

ഇലഞ്ഞിപൂക്കള്‍ said...

കൊള്ളാം.. എന്നാലും താങ്കളുടെ മറ്റുകഥകളുടെ സംതൃപ്തി നല്‍കിയില്ല.. എന്തൊ ഒരു അപൂര്‍ണ്ണത ഫീല്‍ ചെയ്തു..എന്‍റെ തോന്നലാവാം.. കഥയിലുടനീളം ഒരു ധൃതി പോലെ.. ആശംസകള്‍...!!

റോസാപ്പൂക്കള്‍ said...

അതെ,നന്മണ്ടന്റെ കഥകളുടെ ഒരു വായനാ സുഖം വന്നില്ല

ഒരു കുഞ്ഞുമയിൽപീലി said...

അധ്വാനിക്കാന്‍ മറന്നു ആഡമ്ബരത്തില്‍ മുങ്ങിപ്പോയ യുവത്വത്തെ ഇരു ചക്രവാഹനങ്ങളിലിരുന്ന്‍ അജ്ഞാതര്‍ ഉന്നം വെക്കുന്നത് തുടരുമ്പോള്‍ ആധി കയറിയ മാതാപിതാക്കളുടെ മക്കളായ അരുണുമാര്‍
പുലര്‍ന്നു കൊണ്ടിരുന്നു.
ഒരു സത്യത്തെ തുറന്നു കാണിച്ചു എല്ലാ നന്മകളും നേരുന്നു ......

Admin said...

nannayittundu

കൊമ്പന്‍ said...

ശാപം ഇരന്നു വാങ്ങുന്ന കൌമാരത്തെ നനമണ്ടന്‍ വരച്ചു എന്ന് മാത്രം പറയുന്നു