Wednesday, June 9, 2010

ആലംഖാന്റെ നഷ്ടപ്പെട്ട ആണ്‍ചെമ്മരിയാട്..

കറുത്ത കാര്‍ബണ്‍പേപ്പര്‍ ഒട്ടിച്ച ജീയെമ്സി കാറിന്റെ തണുത്ത സീറ്റിലേക്ക് ബാഗ് വലിച്ചെറിഞ്ഞു ജുമൈല നെടുവീര്‍പ്പിട്ടു.കുസൃതിയുടെ ഒരു ആലസ്യത,കണ്ണ് മാത്രം മൂടാത്ത മുഖാവരണത്തിനും പുറത്തേക്ക് പ്രതിഫലിച്ചു.സാവധാനം ശിരോ വസ്ത്രം അഴിച്ചു സീറ്റിന്റെ ഒരു വശത്തെക്കിട്ടു ജുമൈല മാനുവിനോട് പറഞ്ഞു പുറപ്പെടാം


ദമ്മാം ടൌണില്‍ നിന്നും കാര്‍ കോര്‍ണിഷ് റോഡായ നാലുവരി പ്പാതയിലേക്ക് കയറി.നട്ടുച്ച ആയതിനാല്‍ റോഡ്‌ മിക്കവാറും വിജനമായിരുന്നു .ജുമൈലയെ അവളുടെ വീട്ടില്‍ എത്തിച്ചിട്ട് വേണം ഭക്ഷണം കഴിഞ്ഞു ഒരു മണിക്കൂര്‍ ഉറങ്ങാന്‍ .പിന്നെ വൈകീട്ട് നാട്ടുകാരനും സഹപാഠിയുമായ ഉണ്ണിയെ ക്കാണാന്‍ ജുബൈലില്‍ പോവണം ഇനി ശനിയാഴ്ച്ചയെ സ്കൂള്‍ തുറക്കൂ.അത് വരെ അവധി.

ഊദു അത്തറിന്റെ പരിമളം നാസാരന്ദ്രങ്ങളിലേക്ക് അനുഭവപ്പെട്ടപ്പോള്‍ മാനു ചിന്തകളില്‍ നിന്നും ഉണര്‍ന്നു.ജുമൈല പതിയെ പിന്‍ കഴുത്തില്‍ അമര്‍ത്തി ചുംബിച്ചു മന്ത്രിച്ചു ,ഞാന്‍ നിന്നെ എത്ര മാത്രം പ്രണയിക്കുന്നു..അറബികള്‍ കാരക്കയും ഒട്ടകത്തിനെയും സ്നേഹിക്കുന്നതിനെക്കാള്‍ കൂടുതല്‍ ..മസ്രയിലെ നമ്മുടെ തോട്ടത്തിലെ മാതളപ്പൂക്കളെ പൂമ്പാറ്റകള്‍ സ്നേഹിക്കുന്നതിലേറെ ..എന്തിനേറെ ഷാജഹാന്‍ മുംതാസിനെ പ്രണയി ചതിലുപരി.. സ്ഥിരം മന്ത്രണങ്ങള്‍ .ജുമൈല മാനുവിന്റെ കഴുത്തിലൂടെ കൈയിട്ടു ഭ്രാന്തമായി പിന്‍ കഴുത്തില്‍ ചുംബിക്കാന്‍ തുടങ്ങി.ശിതീകരിച്ച ജീയെമ്സിയില്‍ അതിലേറെ ശിതീകരിച്ച മാനുവിന്റെ ഹൃദയം ഭയത്തിലും കുളിരാര്‍ന്നു.

ഇല്ല ജുമൈലാ എന്റെ ലക്‌ഷ്യം മറ്റൊന്നാണ്.ഇത് നിന്റെ കൌമാര ചാപല്യം മാത്രമായി മറന്നേക്കുക .കഴിയില്ല സ്വപ്‌നങ്ങള്‍ നെയ്യാനെനിക്ക്.അത്തരമൊരു ജീവിത സാഹചര്യത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.നിങ്ങളുടെ ഭാഷയില്‍ പറഞ്ഞാല്‍ ഹുനൂദായ റഫീക്ക്.മാനു പിറുപിറുത്തു,വയ്യ

സപോന്സരുടെ മസ്രയില്‍ മാതള മരങ്ങളില്‍ മരു കാറ്റ് പെയ്തു. കഴിഞ്ഞ ദിനങ്ങളില്‍ പുതുതായി പ്രസവിച്ച ആട്ടിന്‍ കുട്ടികളെ കൂടാരത്തില്‍ ബന്ധിച്ചു ഭാക്കി ആട്ടിന്‍ പറ്റ ങ്ങളുമായി ഇടയന്‍ പാക്കിസ്ഥാനി ആലം ഖാന്‍ കള്ളിമുള്‍ പ്രദേശം ലക്ഷ്യമാക്കി യാത്ര തുടങ്ങി .കൂടെ ആലം ഖാനെക്കാള്‍ പ്രായം തോന്നിക്കുന്ന ഒരു കഴുതയും.

ജുമൈലയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. എന്തിനെന്നറിയാതെ.''നീ ഹൃദയ മില്ലാത്തവനാണ്.എന്റെ സൌന്ദര്യം നിനക്കെന്നെ പ്രണയിക്കാന്‍ മാത്രം തടസ്സമാണോ? നീയൊരു വിഷാദ രോഗിയാണോ? എന്റെ മുഖാവരണം അഴിക്കുമ്പോള്‍ നിന്റെ ചുണ്ടുകള്‍ ത്രസിക്കുന്നതു മുന്‍ഭാഗത്തെ ഗ്ലാസ്സിലൂടെ ഞാന്‍ കാണാറുണ്ട്‌.ശിരോ വസ്ത്രമഴിക്കുമ്പോള്‍ നിന്റെ വിഷാദങ്ങളായ കണ്ണുകള്‍ മസ്രയിലെ മാതള മരങ്ങളെപ്പോലെ പൂക്കാരുള്ളതും ഞാനറിയുന്നു .മാനുവിന്റെ പിന്‍ കഴുത്തില്‍ കനമാര്‍ന്നൊരു ചുംബനം കൂടി ജുമൈലയര്‍പ്പിച്ചു.

പതിയെ ബാഗു തുറന്നു മയ്ക്കപ്പു ബോക്സിലെ ലിപ് സ്റ്റിക്ക് എടുത്തു ചുണ്ടില്‍ പുരട്ടി.ടിഷ്യു പേപ്പറ് കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു .അതെ പേപ്പറു കൊണ്ട് തന്നെ മാനുവിന്റെ പിന്‍ കഴുത്തിലെ ചുണ്ടിന്റെ പാടുകള്‍ ഒപ്പിയെടുത്തു.പിന്നെ സാവധാനം മുഖാ വരണവും ശിരോ വസ്ത്രവും ധരിച്ചു.വിലകൂടിയ ഊദു അത്തറിന്റെ തീരെ ചെറിയ ഒരു കുപ്പിയില്‍ നിന്നും മൃദുവായ കൈകളിലേക്ക്, രണ്ടു തുള്ളികള്‍ വീഴ്ത്തി ഒരു നിമിഷം മുഖത്തെക്കടുപ്പിച്ച ശേഷം മണം ആസ്വദിച്ചു,ബാഗിന്റെ അറയില്‍ നിക്ഷേപിച്ചു,

വയ്യ, വഞ്ചിക്കുവാന്‍ സപോന്സരുടെ നാല് ആണ്‍കുട്ടികള്‍ക്കു മിടയില്‍ അരുമയായ ഒരു പെണ്ണായി വളരുന്ന ഈ പെണ്‍കുട്ടിയെ.അതിലുപരി മറ്റു വീട്ടു ഡ്രൈവര്‍ മാരെക്കാള്‍ സ്വാതന്ത്ര്യം തന്ന സ്പോന്സരെ.പിന്നെ ഈ വിസ സംഘടിപ്പിച്ചു തന്ന സ്വന്തം സുഹൃത്ത് ഉണ്ണിയെയും.

അല്ഖോബാരിലെ വിശാലമായ കോര്‍ണിഷ് റോഡിന്റെ ഓരം ചേര്‍ന്നുള്ള സപോന്സരുടെ വില്ലയിലേക്ക് ഇന്തോനേഷ്യന്‍ പരിചാരിക തുറന്നു തന്ന ഗയിറ്റിലൂടെ കടന്നു ജീയെമ്സി പാര്‍ക്ക് ചെയ്തു.എന്നത്തെയും പോലെ ജുമൈല ഒരു പ്രൌഡ യായ സ്വദേശി വനിതയെപ്പോലെ താഴീക്ക് മാത്രം നോക്കി വില്ലയുടെ അകത്തളങ്ങളിലെക്കെവിടെയോ പോയ്‌ മറഞ്ഞു.

ഇത് വരെ നടന്നത് ഒരു സ്വപ്നം പോലെ മറന്നു ,മാനു ഡ്രൈവര്‍ മാര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്ന അടുക്കളയിലേക്കു നടന്നു .അണ്ണാക്ക് തുളച്ചു ഗുദ ത്തിലൂടെ പുറത്തു കടത്തിയ ഇരുമ്പ് കമ്പിയില്‍ ഒരു നരകത്തിലെ ചൂട് മുഴുവന്‍ ആവാഹിച്ചു വേവിച്ച ഒരു കോഴിയുടെ പകുതിയും അല്പം മന്തി ചോറും കഴിച്ചു ,ഇന്തോനേഷ്യന്‍ പരിചാരികയുടെ കാമം നിറഞ്ഞ കണ്ണുകളെയും ചെഷ്ടകളെയും അവഗണിച്ചു മാനു തന്റെ മുറിയിലേക്ക് നടന്നു. .

മയക്കത്തില്‍ മാനു ഉണ്ണിയുടെ അടുത്തായിരുന്നു.മോണിട്ടരിലേക്ക് നോക്കി ഉണ്ണിക്കു സമീപം മാനു ഇരുന്നു.ഇംഗ്ലീഷ് അക്ഷരങ്ങള്‍ ടൈപ്പ് ചെയ്തു സ്പയ്സില്‍ വിരല്‍ പായിച്ചു മലയാളത്തിലേക്ക് തെന്നി വീഴുന്ന അക്ഷരങ്ങള്‍.കഥാപാത്രങ്ങള്‍ മനസ്സില്‍ അവ്യക്തതയോടെ ഉണ്ടാവും എഴുത്ത് തുടങ്ങാനാണ് ബുദ്ധിമുട്ട്.തുടങ്ങിയാല്‍ പിന്നെ ഒരു ഒഴുക്കാണ്.ഇടയ്ക്കു മുറിയാതെ വാക്കുകള്‍ മോണി ട്ടരിലേക്ക് കുനുകുനാ പെയ്തിറങ്ങും ഉണ്ണി പറഞ്ഞു.മാനു നിര്‍ബന്ധിച്ചു,എന്നാല്‍ ഇപ്പോള്‍ തന്നെ എഴുതി തുടങ്ങുക

ഉണ്ണി എഴുത്ത് തുടങ്ങി.മാനു ഏതോ മനോരാജ്യങ്ങളില്‍ മുഴുകി.

ഉണ്ണീ നീ എഴുതുന്നത്‌ എന്റെ കഥയാണോ? മലപ്പുറത്തെ പാണ്ടിക്കാട്ടു എന്നാ ദേശത്തു ദാരിദ്ര്യം നിറഞ്ഞ വീട്ടില്‍ തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ ഉമ്മയെ തലാകു ചെയ്തു സൗദി അറേബ്യയിലേക്ക് നാടുവിട്ട തന്റെ ബാപ്പയെക്കുറിച്ചു..ഇന്നും താന്‍ സൂക്ഷിക്കുന്ന ആ നരച്ച ഫോട്ടോ യെക്കുറിച്ച്..എന്റെ ഒടുങ്ങാത്ത അലചിലുകളെ ക്കുറിച്ച് ..ഉണ്ണി മാനുവിന്റെ നിഷ്കളങ്കമായ മുഖത്തേക്ക് നിര്‍ വികാരനായി നോട്ടമയച്ചു വീണ്ടും എഴുത്ത് തുടര്ന്നു.

ഇടയ്ക്കു സ്വപ്നം വഴി മാറി സഞ്ചരിച്ചു ജുമൈലയിലേക്ക് എത്തിച്ചേര്‍ന്നു.പുറം കഴുത്തിലെ പതിഞ്ഞ ചുംബനം ചുണ്ടുകളിലെക്കും.,ശരീരത്തിന്റെ നിമ്നോന്നതകളിലേക്ക് പടര്‍ന്നു ഇന്ദ്രിയ ങ്ങളിലേക്ക് ആവേശത്തോടെ വ്യാപരിച്ചു.

പ്രവാസത്തിന്റെ ആരംഭത്തില്‍ തന്നെ കെട്ടിപ്പിടിച്ചു തേങ്ങിയ ഉമ്മയോട് ,ബാപ്പയെ ലോകത്തിന്റെ ഏതു കോണിലായാലും കണ്ടു പിടിച്ചു നിങ്ങളുടെ മുമ്പില്‍ ഞാന്‍ കൊണ്ടുവരും എന്ന് വീരവാദം മുഴക്കിയ യുവാവ്...മരുഭൂമിയുടെ വന്യതയിലേക്ക് കള്ളിമുള്‍ ചെടികള്‍ തേടി യാത്ര തിരിച്ച പാകിസ്ഥാനി ആലംഖാനോടൊപ്പം വൃദ്ധനായ കഴുതപ്പുറത്തു അലഞ്ഞു കൊണ്ടേയിരിക്കുന്നു.

എഴുത്ത് മുറിഞ്ഞ ചെറിയ ഒരിടവേളയില്‍ ,ഉണ്ണി നിന്റെ പുതിയ രചനകള്‍ക്ക് പഴയതിനേക്കാള്‍ മൂര്ച്ചയില്ല ' എന്നെഴുതിയ സുഹൃത്തിന് മറുപടി അയക്കാതെ ഉണ്ണി എഴുത്ത് തുടര്ന്നു.

പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു പെണ്ണാട് നിര്‍ത്താതെ കരഞ്ഞു കൊണ്ടിരുന്നു.മരുഭൂമിയുടെ കള്ളി മുള്‍ കാടുകളിലെവിടെയോ നഷ്ടപ്പെട്ട ആണ്‍ ചെമ്മരിയാടിനെയോര്‍ത്തു,ആലം ഖാന്‍ പരിതപിച്ചു.

നിര്‍ത്താതെ അടിച്ചു കൊണ്ടിരുന്ന മൊബൈല്‍ ഫോണ് ,മാനുവിന്റെ ഉറക്കിനും സ്വപ്നങ്ങള്‍ക്കും തിരശീലയിട്ടു.ദിനം പ്രതി ഭാരം കൂടുന്നുവെന്ന പരാതി കേട്ട് തന്റെ നിര്‍ദേശം സ്വീകരിച്ചു കോട്ടക്കല്‍ ആര്യ വൈദ്യ ശാലയിലേക്ക് ചികിത്സക്കായി പരീക്ഷണത്തിന് പോയ സ്പോന്സരാന് മറുവശം.''ഇന്ന് രാത്രി നീ കുടുംബത്തോടൊപ്പം തായിഫിലേക്ക് ഉല്ലാസ യാത്ര പോവുക.''ദൂര യാത്രകളില്‍ ഡ്രൈവ് ചെയ്യാന്‍ നിയോഗിച്ച ശ്രീലങ്കക്കാരന്‍ അസുഖമായി ലീവിലാണ്.മാനുവിന്റെ മറുപടി പോലും കാത്തു നില്‍ക്കാതെ മറുവശം മൊബൈല് നിശ്ചലമായി

റിയാദു തായിഫു ദേശീയ പാതയില്‍ക്കൂടി മാനു ശ്രദ്ധിച്ചു കാറോടിച്ചു.പാതിരാത്രിയിലും ചീറി പ്പാഞ്ഞു പോവുന്ന വാഹനങ്ങള്‍ .ഇടയ്ക്കു അവസാന ട്രാക്കില്‍ ആലം ഖാന്റെ വൃദ്ധനായ കഴുതയെപ്പോലെ ചരക്കു ലോറികളും ഇഴഞ്ഞു നീങ്ങുന്നു.

കാറിനു പുറകു സീറ്റില്‍ എല്ലാവരും മയക്കം തുടങ്ങി.ജുമൈല കണ്ണുകള്‍ പോലും കാണാന്‍ കഴിയാത്ത മുഖാ വരണം ധരിച്ചിരുന്നു.മുകള്‍ ഭാഗത്തെ കണ്ണാടിയില്‍ ഇന്തോനേഷ്യന്‍ പരിചാരികയുടെ കണ്ണുകളില്‍ പുച്ഛം മാത്രം നിഴലിച്ചു.മുന്‍ഭാഗത്തെ സീറ്റില്‍ പതിനാലു വയസ്സായ ആണ്‍കുട്ടി മൊബൈലില്‍ കാര്‍ടൂണ്‍ ചിത്രങ്ങള്‍ നോക്കി രസിച്ചു ആലം ഖാന്റെ നഷ്ടപ്പെട്ട ആണ്‍ ചെമ്മരിയാട് മാനുവിന്റെ മനസ്സില്‍ അസ്വസ്ഥ തയുടെ വിത്തുകള്‍ പാകി.

തായിഫിലെ സുഖവാസ കേന്ദ്രത്തിലെ ,തനിക്കു അനുവദിച്ച മുറി ലോക്ക് ചെയ്യാതെയാണ് ഉറങ്ങാന്‍ കിടന്നത്,,നേരിയൊരു ഉറക്കം കണ് പോളകളെ തഴുകും നേരത്താണ് ജുമൈല മുറിയിലേക്ക് കടന്നു വന്നത്.മാനു ഞെട്ടി എഴുന്നേറ്റു പുറത്തേക്കുള്ള വഴി തിരഞ്ഞു.പ്രതിരോധം പോലെ വാതിലില്‍ നിന്ന ജുമൈല ആര്‍ത്തിയോടെ മാനുവിനെ പുണരാന്‍ വെമ്പി.ഭയം തേരട്ട പോലെ മാനുവിന്റെ മനസ്സിനെ കീഴ്പ്പെടുത്തി.പൂര്‍വ്വാധികം ശക്തിയോടെ തന്നെ പുണരാന്‍ ആഞ്ഞ ജുമൈലയില്‍ നിന്നൊഴിഞ്ഞു മാറാനുള്ള വ്യഗ്രതയില്‍ അടുത്ത് കിടന്ന തീന്‍ മേശ അവളുടെ മുന്‍പിലേക്ക് മാനു വലിച്ചിട്ടു.അടിതെറ്റിയ ജുമൈലയുടെ തല ശക്തിയായി തീന്മേശയുടെ കാലില്‍ അടിച്ചു.രക്തം തളം കെട്ടിയ തറയില്‍ മാനു തളര്‍ന്നിരുന്നു .

അബോധ മനസ്സില്‍ ആലം ഖാന്റെ നഷ്ടപ്പെട്ട ആണ്‍ ചെമ്മരിയാടിന്റെ അസ്ഥികളുടെ അവശിഷ്ടങ്ങള്‍ മണ്കൂന മൂടിക്കളഞ്ഞു.കൂടെ പഴയൊരു പഴ്സും നരച്ച നിറത്തിലുള്ള ഒരു ചിത്രവും ..

കറുത്ത മുഖാ വരണത്തിനും പുറത്തേക്ക് പ്രതിഫലിച്ചിരുന്ന കണ്ണുകള്‍ ,ചത്ത മത്സ്യത്തിന്റെ നിര്‍ജ്ജീവമായ കണ്ണുകളുമായി സാമ്യം തോന്നി.

കാല്‍മുട്ട് മടക്കി ചരിഞ്ഞു കിടക്കാന്‍ പാകത്തിലുള്ള ജയില്‍ മുറി പകുതി നിവരുമ്പോഴേക്കും തല മുകളില്‍ തട്ടിയിരുന്നു.മാസങ്ങളായുള്ള ജയില്‍ വാസം മാനുവിന് പതിയെ ഒരു കൂന് സമ്മാനിച്ചു.ബാല്യത്തില്‍ പാണ്ടിക്കാട്ടെ അങ്ങാടിയില്‍ പച്ചക്കറികള്‍ വിറ്റു ഉപജീവനം നടത്തുന്ന കൂനനായ മമ്മത് കാക്കയെ പരിഹസിച്ചത്‌ മാനു ദുഖ ത്തോടെയോര്‍ത്തു.

വധ ശിക്ഷ നടപ്പാക്കുന്ന ആരാച്ചാര്‍ക്ക്‌ അനായാസേന ശിക്ഷ നടപ്പിലാക്കാം ആ ദിവസത്തേക്ക് വേണ്ടി മാത്രമായിരിക്കുമോ തന്നെ ഈ ചെറിയ മുറിയിലടച്ചത്.മാനുവിന്റെ വലതു കൈ പതിയെ ജുമൈല ചുംബന മര്പ്പിക്കാറുള്ള പിന്‍കഴുത്തില്‍ പരതി

ദമ്മാം ടൌണില്‍ തന്നെയാണ് വധ ശിക്ഷ നടപ്പാക്കുന്ന മസ്ജിദു .നേരത്തെ പരസ്യ പ്പെടുത്തിയിരുന്നതിനാല്‍ ചെറിയൊരു ആള്‍ക്കൂട്ടം മസ്ജിദിനു മുമ്പില്‍ തടിച്ചു കൂടി.

കറുത്ത മുഖം മൂടിയാല്‍ മറചിരുന്നതിനാല്‍ മാനുവിന് മുന്പിലുള്ളതെല്ലാം അവ്യക്തമായിരുന്നു.ആരാച്ചാരുടെ കൈയിലെ വാളിന്‍റെ പ്രതിഫലനം ഒരു നിമിഷം കണ്ണിലേക്കു തുളച്ചു കയറി.

വധശിക്ഷ കാണാനെത്തിയ കാഴ്ക്കാരുടെ മുന്‍ നിരയില്‍ തന്നെ നരച്ചൊരു മനുഷ്യന്‍ ഭീതിയോടെ നിലകൊണ്ടു.കുറ്റ പത്രം വായിച്ചു കഴിഞ്ഞ ഉദ്യോഗസ്ഥന്‍ കണ്ണുകള്‍ കൊണ്ട് ആരാച്ചാര്‍ക്ക്‌ നിര്‍ദേശം നല്‍കി.മൂര്‍ച്ചയേറിയ വാള്‍മുന വാരിയെല്ലിനു ഇടയിലൊന്ന് സ്പര്‍ശിച്ചപ്പോള്‍ കൂനിയിരുന്ന മാനു ആരാച്ചാരുടെ പാകത്തിലെത്തിയ നിമിഷം ,മുന്‍ നിരയിലെ നരച്ച മനുഷ്യന്‍ ഭീരുവിനെപ്പോലെ പിന്‍ നിരയിലേക്ക് വലിഞ്ഞു തിരക്കിലേക്ക് മറഞ്ഞു. ........