നല്ല സൌഹൃദങ്ങള്‍ എപ്പോഴും മഴക്കാടുകള്‍ പോലെയായിരിക്കും.പെയ്തൊഴിഞ്ഞു അര്‍ത്ഥഗര്ഭത്തോടെ അത് മൃദു ഹസിതമായി മനസ്സില്‍ അവശേഷിക്കും.
സ്മേര എന്റെ വലതുതോളില്‍ കിടന്നു മയക്കം തുടങ്ങിയിരുന്നു.ഇനി ദലൈലാമയുടെ നാടായ തിബത്തില്‍ രണ്ടുദിവസം ചിലവഴിക്കണം.പിന്നെ ഞാന്‍ ദുബായിലേക്കും സ്മേര ബഹറിനിലേക്കും യാത്രയാവും.
പത്തു ദിവസത്തെ പരിചയം അതായിരുന്നു ഞാനും സ്മെരയും തമ്മിലുള്ള ബന്ധം.പക്ഷെ ഒരിക്കലും വിശ്വസിക്കാനാവാത്തൊരു തലത്തിലേക്കായിരുന്നു ആ സൗഹൃദം വളര്‍ന്നത്.
വര്‍ഷാന്ത്യത്തില്‍ കമ്പനിവക നറുക്കെടുപ്പിലൂടെ കിട്ടുന്ന ഒരൌദാര്യം.മൂന്നുവിദേശ രാജ്യങ്ങളിലേക്കുള്ള യാത്ര.ഇത്തവണ ദുബായിലെ കമ്പനി ഓഫീസ് നിയന്ത്രിക്കുന്ന എനിക്കും ബഹറിനിലെ ഓഫീസ് നിയന്ത്രിക്കുന്ന സ്മേരക്കുമായിരുന്നു നറുക്ക് വീണത്.
ആദ്യയാത്ര തുണീഷ്യയിലേക്ക് ,അവിടെനിന്നു ചൈന ഷങ്ങ്ഹായ് പിന്നെ റോഡുവഴി തിബത്ത്.സ്വതവേ മൌനിയായിരുന്ന എന്നെ നിലാവിന്റെ നാട്ടിലെ വിശേഷങ്ങള്‍ പങ്ക് വെച്ചു സമേരയെന്നെ വാചാലനാക്കി.
മുല്ലപ്പൂ വിപ്ലവാനന്തരം ആത്മവിശ്വാസം സ്ഫുരിക്കുന്ന തെളിഞ്ഞമുഖങ്ങള്‍ നിറഞ്ഞ തുണീഷ്യയിലെ നഗരപ്രാന്തങ്ങളിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു നടന്നു.
ആദ്യമായി സ്മേരയായിരുന്നു എന്നെ സ്പര്‍ശിച്ചത്.ഒരിക്കലും പറിച്ചെറിയാതെ എന്നെയോര്‍ക്കാന്‍ കരളിലൊരിടം തരിക. കാട്ടുകൈതകള്‍ പൂത്ത തോട്ടുവക്കുകളില്‍ കുളക്കോഴികള്‍ കൂടൊരുക്കും പോലെ. നിന്റെ സ്വകാര്യതകളില്‍ കരള്‍ക്കൂടിറങ്ങി ഞാന്‍ പാടങ്ങള്‍ താണ്ടി തിരിച്ചു വരാം.
ഷങ്ങ്ഹായിയിലെ ഒരു സായാഹ്നതെരുവില്‍ വൈകുന്നേരം ചിലവഴിക്കുകയായിരുന്നു ഞങ്ങള്‍.പാമ്പുകളും തേളുകളും മറ്റനേകം ഉരഗങ്ങളും ഭക്ഷണ യോഗ്യമാക്കി വിപണനം നടത്തുന്ന തെരുവ് പുകപടലങ്ങലാല്‍ മങ്ങിക്കിടന്നു.തെരുവ് അവസാനിക്കുന്നിടത്ത് പുകപടലം മൂടാതെ തെളിഞ്ഞു നിന്ന മാവോസേതുങ്ങിന്റെ ഭീമാകാരമായ പ്രതിമക്കു താഴെ ഞങ്ങള്‍ നെടുവീര്‍പ്പുകള്‍ അഴിച്ചിട്ടു.
തിബത്തിലേക്ക് റോഡു വഴി യാത്രക്ക് തയ്യാറെടുത്ത സ്മേരയുടെ മുഖം പ്രസന്നമായിരുന്നു.മുറി വൃത്തിയാക്കിയ പരിചാരകന്‍ ഉപചാര പൂര്‍വ്വം വണങ്ങി തിരിച്ചുപോകുമ്പോള്‍ അവളുടെ മുഖത്തെ പുഞ്ചിരി നുണക്കുഴികളിലൂടെ ഒരായിരം കൈതപ്പൂവുകള്‍ വിരിച്ചിട്ടു.
ഇരുവശത്തും സൂര്യകാന്തിപ്പൂക്കള്‍ വിരിഞ്ഞു നിന്ന പാത ഒരു പുഴപോലെ ഒഴുകി.ഇടയ്ക്കു പ്രത്യക്ഷപ്പെട്ട തടാകങ്ങളും മഞ്ഞുപുതപ്പ് വാരിയുടുത്ത കുന്നുകളും നിഘൂഡമായ ഏതോ മൌനം പേറി നിന്നു.
കേരളം തമിഴ്നാടിനോടതിരിടുന്ന പാലക്കാട്ടെ ഉള്ഗ്രാമാങ്ങളിലൊന്നില്‍ കുടിയാന്‍ കുടുംബത്തിലായിരുന്നു ജനനം.എന്റെ അത്ഭുതം നിറഞ്ഞ മുഖത്തേക്ക് സാകൂതം നോക്കി സ്മേര പതിയെ പറഞ്ഞുതുടങ്ങി.പട്ടിണി കിടന്നും കൂലിപ്പണിക്കാരായ അച്ഛനുമമ്മയും പഠനത്തിനായി തന്ന പ്രോത്സാഹനങ്ങള്‍ക്കും സ്നേഹത്തിനും പകരം കൊടുത്തത് അവളെ തന്നെയായിരുന്നു.
മഹാരാജാസില്‍ റാങ്കോടെ ഡിഗ്രിയെടുത്ത മനസംതൃപ്തിയിലേക്ക് കാമ്പസ് ഇന്റര്‍വ്യൂ വഴി ഇതേ കമ്പനിയില്‍ മാനേജരായി ഇവിടം വരെയെത്തി നില്‍ക്കുന്ന ജീവിതം.ഒരു കീഴാള കുടുംബത്തിനു അപ്രാപ്യമായ ഭാഗ്യം.
മഞ്ഞ് വീണദൃശ്യമായ പാതയരികില്‍ വാഹനം വിശ്രമത്തിനിട്ടു.കരളിലൊരിടം തരണമെന്ന സ്മേരയുടെ അപേക്ഷയായിരുന്നു എന്റെ മനസ്സില്‍ .സമതലം എനിക്ക് പുറകിലായിരുന്നു.അകലെ മഞ്ഞുമൂടിയ കുന്നുകള്‍ സ്മേരക്ക് അഭിമുഖമായും.
സവര്‍ണ്ണനെന്നു പതിച്ചു നല്‍കിയ എന്റെ പൂണൂല്‍ ഞാനാ സമതലത്തില്‍ ഉപേക്ഷിച്ചു.
മഞ്ഞില്‍ പുതഞ്ഞ കുന്നുകള്‍ തുവര്‍ത്തി സൂര്യന്‍ ഭൂമിക്കുമേല്‍ വെയില്‍ വിരിച്ചിട്ടു.തെളിഞ്ഞ പാതയിലേക്ക് ചലിക്കാന്‍ തുടങ്ങിയ വാഹനത്തിനോപ്പം മനസ്സും തെളിഞ്ഞിരുന്നു. സമുദ്ര നിരപ്പില്‍നിന്നും അയ്യായിരത്തിലധികം ചതുരശ്ര അടി മുകളിലേക്കുള്ള തിബത്തന്‍ ചുരം കയറുകയായിരുന്നു വാഹനം.
ഇല്ലത്ത് ഇരുള്‍ വീഴാന്‍ തുടങ്ങുന്ന സായന്തനങ്ങളിലാണ് ഞാന്‍ കൂടുതല്‍ ഒറ്റയാവുന്നതെന്ന അമ്മത്തമ്പുരാട്ടിയുടെ പരിഭവങ്ങളിലേക്ക് കൂട്ടിനായി വൃഥാ ഞാന്‍ സ്മെരയെ ചേര്‍ത്തു വെക്കുകയായിരുന്നു.
താഴെ മൂകമാം വനാന്തരങ്ങളിലേക്ക് ചുരത്തിന്റെ നിഴല്‍ ചാഞ്ഞിറങ്ങിയ ഭാഗം കറുത്തിരുണ്ട് കിടന്നു.പകുതി താഴ്ത്തിയ ജാലകത്തിലൂടെ മുഖം മുത്തി വീശിയ കാറ്റില്‍ പറന്ന സ്മേരയുടെ അളകങ്ങള്‍ ഞാന്‍ മാടിയൊതുക്കുമ്പോള്‍ അവളെന്നോട് കൂടുതല്‍ ചേര്‍ന്നിരുന്നു.
പ്രകൃതി വരദാനമായി നല്‍കിയ തിബത്തിന്റെ കുന്നിന്‍ പാര്‍ശ്വങ്ങളില്‍ നിന്നും ഔഷധസസ്യങ്ങളുടെ വേരുകള്‍ ശേഖരിച്ചെത്തിയ ബുദ്ധ ഭിക്ഷുക്കള്‍ സൂര്യ സ്നാനങ്ങളില്‍ മുഴുകുമ്പോഴാണ് ഞങ്ങളുടെ യാത്രയുടെ അവസാനഘട്ടം താണ്ടിയത്.
നിലാവ് മഞ്ഞുമലകളില്‍ വീണു പ്രതിഫലിച്ച ആ രാവില്‍ ഞങ്ങള്‍ പരസ്പരം തിരിച്ചറിയുകയായിരുന്നു.മഞ്ഞുമലകള്‍ തേടി യാത്ര തിരിച്ച അനേകം ദേശാടനക്കിളികള്‍ മലകളുടെ ഇരുണ്ടു തണുത്ത മാളങ്ങളില്‍ കൊക്കുകളുരുമ്മി രാത്രിയാസ്വദിച്ചു.
ആകാശം തൊട്ടും ചിലത് തൊടാതെയും തലയുയര്‍ത്തി നില്‍ക്കുന്ന വന്മരങ്ങളുടെ നിഴലില്‍ മൂന്നു പകലുകളും ,മഞ്ഞുപൊത്തുകളില്‍ കൊക്കുരുമ്മിപ്പാടിയ ദേശാടനപ്പക്ഷികളുടെ രാപ്പാട്ടിലലിഞ്ഞു നാല് രാവുകള്‍ ഒരേ പുതപ്പിനുള്ളില്‍ ഞങ്ങളൊന്നായ നിമിഷങ്ങള്‍ക്കുമറുതി യില്‍ ചുരമിറങ്ങിയത് ഒന്നിച്ചുള്ള ഒരു ജീവിതത്തിലേക്കായിരുന്നു...