Thursday, December 13, 2012

പ്രിയനഗരത്തിലെക്കുള്ള യാത്ര...


ഗരഹൃദയത്തില്‍ തന്നെയായിരുന്നു ഒരേക്കറോളം വരുന്ന നഗരസഭയുടെ പൊതുശ്മശാനവും.വെയില്‍ മൂപ്പ് കുറഞ്ഞു കാറ്റടങ്ങും നേരം അവസാനയാത്രയുമായി ശ്മശാനങ്ങളിലേക്കെത്തുന്ന ഓരോ ശവദേഹങ്ങളും ചിതയായി എരിഞ്ഞ് തുടങ്ങും.

മഞ്ഞവെയിലും മനുഷ്യമാംസത്തിന്റെ കരിഞ്ഞഗന്ധം നിറഞ്ഞ പുകയും പുണര്‍ന്ന വൈകുന്നേരങ്ങള്‍ നഗരത്തെ വീര്‍പ്പുമുട്ടല്‍ അനുഭവപ്പെടുത്തുമെങ്കിലും തിരക്കുകള്‍ക്ക് അന്നുമിന്നും യാതൊരു കുറവുമില്ലായിരുന്നു.
പറയാന്‍ ആരുമില്ലായിരുന്നു എന്നത് വാസ്തവമാണെങ്കിലും ,ഇത്തവണ ആരോടും പറയാതെയായിരുന്നു പ്രിയപ്പെട്ട നഗരങ്ങളിലൊന്നായ കോഴിക്കോട്ടേക്ക് യാത്രതിരിച്ചത്.ആരും തിരിച്ചറിയാതെ നഗരം ഒന്ന് പ്രദക്ഷിണം വെക്കണം പിന്നെ മാധവേട്ടനെ ഒന്ന് കാണാം.ഇത്രമാത്രമാണ് ഈ വരവിന്റെ ഉദ്ദേശം.
മുത്തശ്ശിയമ്മ പറഞ്ഞുതന്ന കള്ളക്കുറുക്കന്റെ കല്യാണമെന്നോര്‍മ്മിപ്പിച്ച് പാളങ്ങളിലെ മഞ്ഞവെയിലിലേക്ക് കുഞ്ഞുമഴ പെയ്തത് അല്‍പ നേരത്തെക്കായിരുന്നെങ്കിലും പ്രിയപ്പെട്ട നഗരം അടുക്കുംതോറും ഓര്‍മ്മകളുടെ ഒരു ഇരമ്പം തന്നെ മനസ്സില്‍ പെയ്യാന്‍ ആരംഭിച്ചിരുന്നു.

സന്ദീപ് പാമ്പള്ളി എന്ന യുവസംവിധായകനെ കാണാന്‍ സിനിമാക്കാരുടെ നഗരമായ ഇവിടേയ്ക്ക് അവസാനമായി വന്നത് നിമിഷയുടെ കൂടെയായിരുന്നു.''ലാടം'' പോലെ സാമൂഹിക പ്രസക്തമായ ഹൃസ്വചിത്രങ്ങള്‍ കണ്ടു സന്ദീപിന്റെ കടുത്ത ആരാധികയായ അവളെയും യാത്രയില്‍ ചേര്‍ത്തത് അന്നൊരു നല്ല അനുഭവമായത് ഓര്‍മ്മയിലുണ്ട്.
വൃത്തിയായി വിരിച്ചിട്ട മാനാഞ്ചിറസ്ക്വയറിലെ പച്ചപ്പുല്ലിലിരുന്ന്‍ നവസിനിമയുടെയും ഡോക്യുമന്ററികളുടെയും വിശാലമായ ലോകത്ത് തങ്ങളുടെ സ്വന്തം കാഴ്ചപ്പാടുകള്‍ കൈമാറുമ്പോള്‍ ഞാന്‍ അപ്പുറത്ത് വൃദ്ധന്മാരുടെ കൂട്ടായ്മയിലേക്ക് ചേക്കേറിയതും മനസ്സില്‍ മായാതെ നില്‍ക്കുന്നു.
ഓണ്‍ലൈന്‍ എഴുത്തുകള്‍ക്കുള്ള സമഗ്രസംഭാവന എന്ന വിശേഷണത്താല്‍ ഒരു തെക്കന്‍ സുഹൃത്തു സമ്മാനിച്ച വളരെ ചെറിയൊരു ലാപ്ടോപ്,അത് മാത്രമാണ് ഇപ്പോള്‍ സന്തതസഹചാരി.അതിനാല്‍ ഭാരം തൂക്കി അല്പം ചരിഞ്ഞുപോയ വലതു ചുമല്‍ഇളക്കി ആയാസത്തോടെ ഇപ്പോള്‍ എത്ര വേണമെങ്കിലും നടക്കാം.
നിമിഷ കൂടെയില്ലാത്ത ഈ വരവ് ,അവസാനം യാത്ര പറയുമ്പോള്‍ ഒരു നവജീവിതത്തിലേക്ക്പ്രവേശിക്കാന്‍ തലയില്‍ കൈവെച്ച് അനുഗ്രഹിച്ച മാധവേട്ടനെ എത്ര മാത്രം നൊമ്പരപ്പെടുത്തുമെന്ന് എനിക്ക് തിട്ടമില്ലായിരുന്നു.
മഹാരാഷ്ട്രയിലെ വിജനമായ പാളങ്ങളില്‍ എവിടെയോ തലവേര്‍പെട്ട ഉടലുമായി അവസാനമായി എനിക്ക് പോലും ഒരു നോക്ക് കാണാന്‍ കഴിയാതെ മണ്ണടിഞ്ഞ എന്റെ പ്രിയപ്പെട്ടവള്‍.
സന്ദീപ്‌പാമ്പള്ളിയുടെ സൌഹൃദവലയത്തില്‍ നിമിഷയുണ്ടായിരുന്നെങ്കില്‍ മാധവേട്ടന്‍ അറിഞ്ഞിരിക്കുമോ ദുരന്തമെന്നും എനിക്ക് നിശ്ചയമില്ലായിരുന്നു.
തിരക്കിന്റെ കൃത്രിമധൃതി കാട്ടുന്നവരുടെയും യഥാര്‍ത്ഥ തിരക്കുകാരെയും അവഗണിച്ചു എന്റെ മുമ്പില്‍ നിര്‍ത്തിയ ഓട്ടോറിക്ഷക്കാരനോടു നന്ദി പറഞ്ഞു ഞാന്‍ ലിങ്ക്റോഡു വഴി നഗരം ലക്ഷ്യമാക്കി നടന്നു.
നഗരം എത്ര ധൃതിയിലാണ് വളരുന്നത്.ഇവിടെയെവിടെയോ ആയിരുന്നു ആദ്യപുസ്തകം വെളിച്ചം കണ്ട പ്രാസാധനാലയം.
ലിങ്ക്റോഡു പിന്നിട്ടു പാളയത്തെത്തുമ്പോള്‍ ഇടതു ശത്ത്‌ ഗതകാലസ്മരണകള്‍ നെഞ്ചില്‍ ഒതുക്കി മിടായിത്തെരുവ് ഇരമ്പുന്നുണ്ടായിരുന്നു.
ഒരാഴ്ച താങ്ങാന്‍ ഉദ്ദേശിച്ച മലബാര്‍പാലസ് എന്ന ഹോട്ടലിന്റെ മുകളില്‍ കനത്തു ഉരുണ്ടു കൂടിയ കാര്‍മേഘങ്ങളില്‍ നിന്നും കണ്ണു പിന്‍വലിച്ച അതേ സമയത്താണ് എലിസബത്ത് എന്നെ കടന്നു പിടിച്ചത്.

''
കഴിയില്ലെനിക്ക് ഈ നഗരം ഉപേക്ഷിക്കാന്‍..'' ആകാശത്തെ കാര്‍മേഘങ്ങളാണോ അവളുടെ കണ്‍തടങ്ങളില്‍ പതിയിരുന്ന്‍ കറുപ്പ് പ്രതിഫലിപ്പിച്ചതെന്ന്‍ ചിന്തിക്കുകയായിരുന്ന എന്നോട് പൊടുന്നനെ അവള്‍ പറഞ്ഞു.
അതെ നഗരങ്ങള്‍ പലപ്പോഴും അങ്ങിനെയാണ് .മാതൃ നഗരത്തെക്കാള്‍ എന്തെങ്കിലും ആകര്‍ഷണം ഇഷ്ടനഗരങ്ങള്ക്കുണ്ടാവും.അതായിരിക്കുമല്ലോ എന്നെയും എലിസബത്തിനെയും വീണ്ടും ഇവിടെയെത്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഞാന്‍ ചിന്തിച്ചു.
എലിസബത്തിന്റെ കര്‍മ്മവീഥി പത്രപ്രവര്‍ത്തനമായതിനാല്‍ അവളുടെ സൌഹൃദ ലയത്തില്‍ പാമ്പള്ളി ഉണ്ടായിരുന്നു.പക്ഷേ ഇപ്പോള്‍ പുതിയ ഒരു ചിത്രീകരണത്തിന്റെ പ്രോജക്ടുമായി ഇംഫാലില്‍ ആണ്പോലും.പക്ഷേ മാധവേട്ടന്‍ അവളുടെ ചിത്രത്തില്‍ ഇല്ലാത്തത് എന്നെ ദുഖിതനാക്കി.
ഹോട്ടലിന്റെ റിസപ്ഷന്‍ വരെ എന്നെ അനുഗമിച്ച് എലിസബത്ത് യാത്ര പറഞ്ഞപ്പോള്‍ ഞാന്‍ മൂന്നാം നിലയില്‍ എനിക്കനവദിച്ച മുറി തേടി ലിഫ്റ്റ്‌ കാത്തിരുന്നു.
എലിസബത്ത് തന്ന ഫോണ്‍ നമ്പറില്‍ ,ചിത്രീകരണ ത്തിരക്കുകളുടെ ഇടവേളകളില്‍ എപ്പോഴോ പ്രതികരിച്ച സന്ദീപ്‌പാമ്പള്ളി മാധവേട്ടന്റെ പുതിയ വിലാസം പറഞ്ഞു തന്നു.
പറയത്തക്ക യാത്രാക്ഷീണമൊന്നും ഇല്ലെങ്കിലും ഹോട്ടലിന്റെ ചുവരുകളുടെ നിറത്തിന് ജായോജിച്ച ജാലകവിരികള്‍ മാറ്റി ഞാന്‍ നഗരം കണ്ടു കിടന്നു വിശ്രമിക്കാന്‍ തയ്യാറെടുത്തു.


ഇതിനുമുമ്പ് പലതവണ ഈ നഗരം സന്ദര്‍ശിച്ഛപ്പോഴും ഇതേ മുറിയായിരുന്നു ലഭിച്ചതെന്നു ഞാനോര്‍ക്കുന്നു.ഒരു മാസത്തോളം നീണ്ട രണ്ടാമത്തെ സന്ദര്‍ശനവേളയിലാണ് വിപരീതദിശയിലെ മുറിയിലെ താമസക്കാരനായ അറബ് വംശജന്‍ നാദിറിനെ പരിചയപ്പെട്ടത്.
മുക്കംസ്വദേശിയായ നാദിറിന്റെ ഒരടിമ അയാളെയും കോഴിക്കോട്ടെത്തിച്ചു.പിന്നെ മദ്യവും മലബാറി കൂട്ട്കെട്ടുകളുമായി ആ മുറി സ്വന്തമാക്കി.
നഗരത്തിനു വടക്ക് ദൂരെ മലമടക്കുകളില്‍ എപ്പോഴും മഴപെയ്തു കൊണ്ടിരിക്കും നഗരത്തിനു മുകളില്‍ മഴതൂങ്ങി നിന്നെങ്കിലും അന്തരീക്ഷ ത്തില്‍തണുത്ത കാറ്റ് മൂളി നിന്നു.ദൂരെ ആകാശവാണിയുടെ കൂറ്റന്‍ ആന്റിനഅതിരിട്ട്‌ കടലിരമ്പം ശ്രദ്ധിച്ചു നിന്നാല്‍ കേള്‍ക്കാവുന്ന ഉച്ചത്തിലായിരുന്നു.
കാറ്റ് മൃതപ്രായനായപ്പോള്‍ വെയിലൊരു പ്രാണിയെപ്പോലെ ഇഴയാന്‍ തുടങ്ങി.ഇന്ദ്രിയങ്ങളില്‍ പോലും വിവേചിച്ചറിയാനാവാത്ത ഒരു സുരക്ഷിതത്വം ഇഷ്ടനഗരത്തിനു സ്വന്തമാണെന്ന് ഞാന്‍ വിശ്വസിച്ചു.
ആര്‍ത്തലച്ചു പെയ്ത മഴ ഭൂമിയെ ആദ്യം സ്പര്‍ശിച്ചത് കാറ്റിന്റെ ഇക്കിളിയാല്‍ ചരിഞ്ഞും വ്യത്യസ്ത രൂപത്തിലുമായിരുന്നു.പിന്നീട് അവ കാറ്റിനെ അവഗണിച്ചു നഗരത്തിലേക്ക് കുത്തനെ പെയ്യാന്‍ തുടങ്ങി.
മഴകൊണ്ട്‌ പതിഞ്ഞ നഗരം രതിമൂര്‍ച്ച നുഭവിച്ച പെണ്ണിനെ പോലെ ഭൂമിയില്‍ നിര്‍വൃതിയടഞ്ഞു കിടന്നു.
എന്റെ പുസ്തകം തേടിപ്പിടിച്ചു ആദ്യം റിവ്യൂ എഴുതിയ വെട്ടാതന്‍ സാറിനെ കണ്ടിരുന്നുവെന്ന എലിസബത്തിന്റെ സന്ദേശമാണ് മഴക്കാഴ്ച്ചകളില്‍ നിന്നും യാധാര്ത്യത്തിലേക്ക് എന്നെ ഉണര്‍ത്തിയത്.
മാവൂര്‍ റോഡിലെ ഇന്ത്യന്‍ കോഫീഹൌസില്‍ പതിവ് പോലെ ബഹങ്ങളില്ലാത്ത തിരക്കുണ്ടായിരുന്നു.സായാഹ്നസവാരിക്കിറങ്ങിയ കുടുംബാംഗങ്ങളും നഗരത്തിലിറങ്ങി ഉള്‍നാടുകളിലെ അഭയസ്ഥലങ്ങളിലേക്ക് ചേക്കേറാന്‍ സമയം കാത്തിരുന്ന ഉധ്യോഗസ്ഥരും ബില്ലടച്ച്‌ തങ്ങളുടെ ഭക്ഷണ പദാര്‍ത്ഥ ങ്ങള്‍ക്കായി കാത്തിരുന്നു.
മഞ്ഞവെയിലും സന്ധ്യയും കണ്ടു മുട്ടിയപ്പോള്‍ നഗരത്തിനു കാക്കപ്പൊന്നിന്റെ നിറം പതിച്ചു കിട്ടി.
നഗരത്തിന്റെ വടക്കോട്ടുള്ള അതിര്‍ത്തിയിലായിരുന്നു എലിസബത്തിന്റെ താമസം..ഏകദേശം പത്തുമിനുറ്റ്.ബൈപാസ് റോഡു വഴി തന്റെ കൈനറ്റിക് ഹോണ്ട ഓടിച്ചു എപ്പോള്‍ വേണമെങ്കിലും അവള്‍ക്കു നഗരത്തിന്റെ മാറിടത്തില്‍ എത്തിച്ചേരാം.
നഗരസഞ്ചാരികളുടെ ബഹളങ്ങളും ഇടപെടലുകളുമായി നിത്യവും ശബ്ദമുഖരിതവും ചലനങ്ങളും ഉണ്ടാവുമെങ്കിലും കനോലി കനാലിന്റെ പാര്‍ശ്വ ഭാഗങ്ങളില്‍ നീര്‍ക്കിളികള്‍ ഇപ്പോഴും തങ്ങളുടെ പൊത്തുകള്‍ നിര്‍മ്മിക്കാറുണ്ട്.പഴയ പ്രതാപകാലത്തെ അമിതവ്യാപാരങ്ങള്‍ ഇല്ലെങ്കിലും പാണ്ടിക ശാലകള്‍ നിറഞ്ഞ കടലോരത്തെരുവുകളില്‍ ചെറു വിരലോളം വലിപ്പമുള്ള കുഞ്ഞു കുരുവികളും ഇപ്പോഴും കലപിലകൂട്ടി നടുറോഡിലും പാണ്ടിക ശാലകളുടെ പൂപ്പല്‍ നിറഞ്ഞ കഴുക്കോലുകളിലും ചാഞ്ചാടി കളിക്കാറുണ്ട്.


പത്രപ്രവര്‍ത്തനത്തിന്റെ കൂടെ പരിസ്ഥിതി പ്രവര്‍ത്തകയുടെ പുതിയ ഗവേഷകവസ്ത്രമണിഞ്ഞ എലിസബത്ത് വാചാലയാവുമ്പോള്‍ എനിക്കവളോട് മുമ്പില്ലാത്തൊരു ആരാധന തോന്നി ത്തുടങ്ങിയിരുന്നു.


ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ ഒഴിച്ചാല്‍ ഒരു സ്ത്രീക്ക്പോലും ഏതു നേരത്തും ഈ നഗരത്തിലൂടെ നിര്‍ഭയമായി സഞ്ചരിക്കാം.അവള്‍ പറഞ്ഞു തീര്‍ന്നിടത്ത് വീണ്ടുമെന്തോ പറയാനുള്ള തയ്യാറെടുപ്പാണെന്നു ഞാന്‍ മനസ്സിലാക്കി.
ചിലര്‍ക്ക് ഇഷ്ട നഗരമുപേക്ഷിച്ചു മറ്റൊരു നഗരത്തില്‍ അഭയാര്‍ഥിയാവേണ്ടി വരും.മറ്റു ചിലര്‍ക്ക് മാതൃനഗരമുപേക്ഷിച്ച് ഇഷ്ടനഗരം സ്വീകരിക്കാനും കഴിയുന്നു.അതിനുദാഹരണമാണല്ലോ നീയും ഞാനും.പക്ഷേ ഒന്നുണ്ട് എലിസബത്ത് നിന്റെ തന്റേടം മറ്റൊരു സ്ത്രീക്ക് ഉണ്ടാവണമെന്നില്ല.
''എന്റെ സുഹൃത്തായിരുന്നു നിമിഷയുടെ ദുരന്തം റിപ്പോര്‍ട്ട് ചെയ്തത്..''സംഭാഷണങ്ങളില്‍ പൊടുന്നനെ നിമിഷ കയറിവന്നത് എന്നെ കനാലിന്റെ കൈവരികളില്‍ മുറുകെ പിടിക്കാന്‍ പ്രേരിപ്പിച്ചു.


കമ്പിവേലിയുടെ അപ്പുറത്ത് പ്രദര്‍ശനം കഴിഞ്ഞ ക്ഷീണത്തോടെ സര്‍ക്കസ് കൂടാരത്തിലെ ഒച്ചപ്പാടുകള്‍ നിലച്ച് ഭയാനകമായ ഒരു മൌനം പൂണ്ടു കിടന്നു.ആരോഗ്യം കുറഞ്ഞു എല്ലും തോലുമായ പ്രദര്‍ശനമൃഗങ്ങളുടെ നേര്‍ത്ത മുരളല്‍ മാത്രം അന്തരീക്ഷത്തില്‍ തങ്ങി നിന്നു.
അതിശക്തിയേറിയ എട്ടോളം നിയോണ്‍ബള്‍ബുകളാല്‍ പതിനെട്ടോളം മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ച തെരുവ്വിളക്കിനു ആ പ്രദേശ ത്തെ മുഴുവന്‍ ഇരുട്ടിനെ ഭേദിക്കാനുള്ള പ്രാപ്തി ഉണ്ടായിരുന്നു.കണ്ണഞ്ചിക്കുന്ന വെളിച്ചത്തില്‍ അതിശീഘ്രം വട്ടം കറങ്ങുന്ന അനേകം പ്രാണികള്‍ ഒരു ചാറ്റല്‍ മഴ പോലെ തോന്നിച്ചു.


തിരക്കുകളുടെ കിതപ്പുകള്‍ അവസാനിപ്പിച്ചു നഗരം പതിയെ ശാന്തമായപ്പോള്‍ പോകാന്‍ ആദ്യം എഴുന്നേറ്റത് എലിസബത്തായിരുന്നു.''ചാനല്‍ ആഘോഷങ്ങള്‍ക്ക് എന്നും പ്രധാനപ്പെട്ട ഒരു വാര്‍ത്തയുണ്ടാവും .അണിയറയില്‍ മറ്റൊരു വാര്‍ത്ത രൂപപ്പെടുന്നത് വരെ ..അല്ലെങ്കില്‍ രൂപപ്പെടുത്തുന്നത് വരെ ..എലിസബത്ത് അര്ധോക്തിയില്‍ നിര്‍ത്തി.അമിതമായ മദ്യാസക്തിയില്‍ ചൂഷകരാക്കപ്പെടുന്ന ആദിവാസി ഗോത്രങ്ങള്‍ ,ഉടനെ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ ഫീച്ചറിന്റെ നോട്ടുകളുടെ തയ്യാറെടുപ്പ്.പുലര്‍ച്ചേ വയനാട്ടിലേക്ക് പുറപ്പെടണം.
എലിസബത്ത് യാത്രയായപ്പോള്‍ ബൈപാസ് ഓരത്തെ അല്ബെക് എന്ന ഫാസ്റ്റ്ഫുഡ്‌ സംസ്കാരം പരീക്ഷിക്കാന്‍ തീരുമാനിച്ചു.


ഹോട്ടലിന്റെ വിശാലമായ റിസപ്ഷന്‍ഹാളിന്റെ ഒരു ഭാഗത്ത് ഒരു കൂട്ടം യുവതിയുവാക്കള്‍ ഒരു മീറ്റിംഗ് കഴിഞ്ഞ ഉത്സാഹത്തില്‍ സൊറ പറഞ്ഞിരിക്കുന്നു.അഥിതികളെ സ്വീകരിക്കാന്‍ ഉപയോഗിക്കുന്ന മറ്റൊരു ഭാഗത്ത് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന നാദിര്‍ എന്ന അറബിയെ എനിക്ക് പെട്ടെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. അയാള്‍ ഒന്നുകൂടി വൃദ്ധനായിരിക്കുന്നു. ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യാതെ തന്നെ ഉപചാരപൂര്‍വ്വം എന്റെ രണ്ട് കവിളുകളിലും പിന്നെ നാസികയിലും മുത്തം വെച്ച്‌ പുണര്‍ന്നശേഷം മുകളില്‍ കാണാമെന്നു ആംഗ്യഭാഷയില്‍ സൂചന നല്‍കി.


നഗരപ്രദക്ഷിണം എന്നെ അല്പം ക്ഷീണിതനാക്കിയിരുന്നു.ജാലകത്തിന് പുറത്ത്‌ തെരുവ്വിളക്കുകള്‍ എനിക്ക് തോടാവുന്നത്ര ഉയരത്തില്‍ നെറുകയില്‍ മഞ്ഞ വെളിച്ചം എരിയിച്ച്‌ നിന്നു.
അടച്ചിട്ട കടത്തിണ്ണകളില്‍ മഴവെള്ളം എത്താത്ത ഇടങ്ങള്‍ തേടിപ്പിടിച്ച് യാചകരും തെരുവ് വേശ്യകളും കുടിയേറി.


ആകാശത്തിനും ഭൂമിക്കും ഇടയിലെ വെളിമ്പറമ്പുകളിലെവിടെയോ കാറ്റ് പതിയിരുന്നു.
തലവേര്‍പെട്ട ഉടലും അറ്റമില്ലാതെ ശൂന്യതയിലെക്ക് നീണ്ടുകിടക്കുന്ന വിജനമായ പാളങ്ങളും നിരന്തരം സ്വപ്നം കണ്ടു ഞെട്ടിയുണരുന്ന നിദ്ര ഈയൊരു രാവെങ്കിലും കനിയുമെന്ന വിശ്വാസത്തോടെ ഞാന്‍ ഉറക്കം കാത്തുകിടന്നു.
മഴ പെയ്യാതിരുന്നിട്ടും നേരിയ തണുപ്പും മഞ്ഞും നഗരത്തിനൊരു പുത്തനുണര്‍വ്വ് നല്‍കി.പ്രഭാതസവാരിക്ക് ശേഷം പ്രാതല്‍ കഴിഞ്ഞ്‌ റിസപ്ഷന്‍ ഹാളില്‍ വിശ്രമിക്കുന്ന നാദിര്‍ തന്റെ കായികവേഷത്തില്‍ ഒരാജാനുബാഹുവായി എന്റെ മുമ്പില്‍ ഇരുന്നു.


''ചതിയായിരുന്നു.എന്നാലും എനിക്കവരോട് വെറുപ്പില്ല''.നാദിര്‍ പ്രിയനഗരത്തിലേക്ക് വീണ്ടും എത്തും മുമ്പുള്ള കഥകള്‍ എന്ന്നോട് സ്വരം താഴ്ത്തി പറയാന്‍ തുടങ്ങി.
റിയാദിലുള്ള ട്രേഡിങ്ങ് കമ്പനി തന്റെ പേരിലായിരുന്നു രജിസ്റ്റര്‍ ചെയ്തിരുന്നത്.നടത്തിപ്പുകാര്‍ മലബാരികളും.കുഴല്‍പണത്തിന്റെ ഇടപാടുകാരായിരുന്നു അവരെന്ന്‍ അറിയുമ്പോഴേക്കും വളരെ വൈകിയിരുന്നു.


നിരപരാധിത്വം തെളിയിക്കാനാവാതെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നീണ്ട ഏഴുവര്‍ഷങ്ങള്‍ തടവനുഭവിച്ചു.''കോടികളായിരുന്നു ഒഴുകിയത്.ഒരു വേള തീവ്രവാദ ആരോപണംവരെ ചുമത്തപ്പെടുന്ന കുറ്റം.
''ആരോടും പരാതിയില്ല.കാരണം അത്രയേറെ ഞാനീ നഗരം ഇഷ്ടപ്പെടുന്നു.''
നാദിര്‍ തുടര്ന്നു.
''

തടവുകാലം ആത്മസംസ്കരണത്തിന്റെത് കൂടിയായിരുന്നു...പ്രിയനഗരത്തിലെ വിശുദ്ധപാപങ്ങള്‍..''പെട്ടെന്ന് സംഭാഷണം നിര്‍ത്തിയ മദ്യം മണക്കാത്ത നാദിറിനെ ഞാന്‍ അത്ഭുതത്തോടെ നോക്കി.
''എന്നെ വഞ്ചിച്ചവര്‍ ഇന്നും ഈ നഗരത്തിലുണ്ട്.അവര്‍ തന്നെയാണിന്നും എന്റെ കൂട്ടുകാര്‍.പ്രിയപ്പെട്ട നഗരത്തോടുള്ള ഇഷ്ടം അവസാനിക്കും വരെ അവരെ എനിക്ക് വെറുക്കാന്‍ കഴിയില്ല.


'' സ്വദേശത്ത് ഏഴുവര്‍ഷത്തെ ജയില്‍വാസം ,പിന്നെ കര്‍ശന ഉപാധികളോടെ മോചനം..പാസ്പോര്‍ട്ട് വീണ്ടെടുത്ത് ആദ്യം യാത്ര പോയതും പ്രിയനഗരമായ ഈ കോഴിക്കോട്ടേക്ക്..


എത്ര വര്‍ഷങ്ങള്‍ വേണമെങ്കിലും വായുകടന്നു കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുന്ന പ്ലാസ്ടിക് കവറാല്പൊതിഞ്ഞ കുരുകളഞ്ഞ ഒരു പാക്കെറ്റ് ഈത്തപ്പഴം എന്നെ ഏല്പിച്ചു നാദിര്‍ ഒരു സിഗരെട്റ്റ് കത്തിച്ചു ആസ്വദിച്ചു വലിക്കാന്‍ തുടങ്ങി.
ഒരു രചന തുടങ്ങി കാല്‍ഭാഗമാവുമ്പോഴാണ് വാക്കുകളുടെ അപര്യാപ്തത മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാറ്.പിന്നെ അവ ദിവസങ്ങളോളം ഒരു കലഹമായി മനസ്സില്‍ അങ്ങിനെ നിലനില്‍ക്കും.


പേരിടാത്ത കഥകളില്‍ ഞാന്‍ ഇറങ്ങിനിന്നു വീര്‍പ്പുമുട്ടുന്ന സന്ദര്‍ഭങ്ങളിലാണ് ഒരവധൂതനെപോലെ മാധവേട്ടന്‍ എന്റെ മുമ്പിലേക്ക് കടന്നു വരാറുള്ളത്.അല്ലെങ്കില്‍ ഞാന്‍ അദ്ദേഹത്തെ തേടി പോകാറുള്ളത്.
പരിചരണങ്ങള്‍ ഒന്നുമില്ലാത്ത എന്റെ മുടിയിഴകള്‍ പോലെ അലങ്കോലപ്പെട്ടു കിടക്കുന്ന കഥകള്‍ മാധവേട്ടന്‍ വൃത്തിയായി അടുക്കിവെക്കും.


പുതിയ സ്റ്റേഡിയത്തിന്റെ പഴയ തെരുവിലായിരുന്നു മാധവേട്ടന്റെ അന്നത്തെ ക്ഷൌരാലയം.അതേ സ്ഥാനത്തിപ്പോള്‍ പാശ്ചാത്യന്‍ രീതിയില്‍ നിര്‍മ്മിച്ച ബ്യൂട്ടിപാര്‍ലര്‍ ആയിരുന്നു.


വളരെ പഴകിയതാനെങ്കിലും മാധവേട്ടന്റെ ക്ഷൌരാലയം വൃത്തിയും വെടിപ്പുമുള്ളതായിരുന്നു.അയാള്‍ ഒന്ന് കൂടി വൃദ്ധനായിരിക്കുന്നു.വളരെ മെല്ലിച്ച ശരീരത്തിന് അപവാദമായി കുടവയര്‍ മാത്രം വെളിയിലേക്ക് തള്ളി നിന്നു.
നാളുകളായി ക്ഷൌരം ചെയ്യാത്ത മുഖത്തെ രോമക്കാടുകളില്‍ വിശ്രമിച്ച തന്റെ കൈ അദ്ദേഹം മാറ്റിയപ്പോഴാണ്‌ പതിവില്ലാത്തവിധം അത് മുഴുവന്‍ നരച്ചത് ഞാന്‍ കണ്ടത്. രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അദേഹത്തിന് സംഭവിച്ച മാറ്റം അമ്പരപ്പിക്കും വിധമായിരുന്നു.
നഗരമാണെങ്കിലും തിരക്കില്ലാത്ത ഒരു നഗരത്തെരുവ് ആയിരുന്നത്.ക്ഷൌരം ചെയ്യാനെത്തിയവരില്‍ ഒരാള്‍ അക്ഷമനായിരുന്നു.ഇരുന്ന ചെയറിന്റെ പരിധിയും കവിഞ്ഞു താഴേക്കു തൂങ്ങിയ മാംസളമായ ഭാഗവുമായി നിന്ന ഇടപാടുകാരന്റെ വീതിയേറിയ മുഖത്തെ സൂക്ഷ്മതകളില്‍ ശ്രദ്ധ കേന്ത്രീകരിച്ചു തന്റെ പ്രവൃത്തിതുടര്‍ന്ന മാധവേട്ടന്റെ മുഖത്തെ ഭാവം എനിക്കപരിചിതമായിരുന്നു.



അക്ഷമനായി നിന്ന ആളെ ഗൌനിക്കാതെ വീതിയേറിയ ഇടപാടുകാരന്റെ കൃതാവില്‍ നിന്നും മറ്റേ കൃതാവിലേക്ക് ഒരു വെട്ടു വഴി സന്ധിക്കും പോലെ മാധവേട്ടന്‍ ഒരു ഒരു രോമപ്പാത നിര്മ്മിച്ചു.
മഴ മേഘങ്ങള്‍ വളരെ പെട്ടെന്നാണ് നഗരത്തെ ഇരുള്‍ നിറച്ചത്,കണ്ണിയടുക്കാനാവാത്ത ബന്ധനങ്ങള്‍ പോലെ വാഹനങ്ങള്‍ ഇപ്പോള്‍ തിരക്കില്ലാത്ത തെരുവിലും തൊട്ടുതൊട്ടു സാവധാനം നീങ്ങാന്‍ തുടങ്ങി.


മഴകൊണ്ട് പതിഞ്ഞുറങ്ങി വീണ്ടുമൊരു പൊടിക്കാറ്റിനാല്മണല്‍ക്കുന്നുകള്‍ തെറിച്ചുനിന്ന മരുഭൂമി പോലെ പാറിപ്പറന്ന എന്റെ മുടിയിഴകള്‍ മാധവേട്ടന്‍ ഒതുക്കി വെച്ചു.
അല്പം പോലും പരിഗണനയില്ലാത്തതും തന്റെ സാന്നിധ്യം പോലും അവഗണിക്കപ്പെടുന്ന കുടുംബസദസ്സുകള്‍ പോലും തന്നെ ബന്ധങ്ങളില്‍ നിന്നും മനസ്സിന്റെ അരക്ഷിതങ്ങളായ മറ്റേതോലോകത്ത് കുടിയിരുത്തി..ഗൃഹാതുരതകളില്‍ മാത്രം കുരുങ്ങിപ്പോയ എന്റെ എഴുത്തുകള്‍ വീണ്ടും കാലി കപ്രസ്ക്തങ്ങലളായ രചനകളിലെക്ക് തിരിയുവാനുള്ള പ്രചോദനങ്ങളായിരുന്നു മാധവേട്ടനില്‍ നിന്നും പൊഴിഞ്ഞു വീഴുന്ന വാക്കുകള്‍ക്കു എന്ന് ഞാനറിഞ്ഞു.


പുത്തന്‍ സംസ്കാരങ്ങലൂടെ ക്ഷൌരാലയങ്ങളുടെ അധിപനായ മകന്റെ വിജയത്തിന് പുറകില്‍ തന്റെ അറുപതു വര്‍ഷത്തെ വിയര്‍പ്പിന്റെ മണമുണ്ടെന്നു മാധവേട്ടന്‍ മാത്രം വിശ്വസിച്ചു ഒപ്പം ഞാനും. മകന്‍ തന്നെക്കാള്‍ മിടുക്കനായിരുന്നു.മാധവേട്ടന്‍ പറഞ്ഞു തുടങ്ങിയത് അക്ഷമനായിരുന്ന ആള്‍ ക്ഷൌരം ചെയ്യാതെ തന്നെ ഇറങ്ങിപ്പോയപ്പോഴായിരുന്നു.


ഇടപാടുകാരന്‍ എഴുന്നേറ്റു പോയ കസേര ഭാരമൊഴിഞ്ഞ ആശ്വാസത്തോടെയും തീരെ ഭാരം കുറഞ്ഞ എന്നെ പേറാനുള്ള സങ്കോചത്തോടെയും കാത്തിരുന്നു.വീണ്ടും അദ്ദേഹം പ്രവൃത്തി തുടങ്ങുമ്പോള്‍ എന്റെ പ്രതീക്ഷകള്‍ മുഴുവന്‍ അദ്ധെഹത്തില്‍ നിന്നും പിറവിയെടുക്കുമെന്നു വിശ്വസിച്ച വാക്കുകളിലായിരുന്നു.


പുതിയൊരു കഥയുടെ ആവേശോജ്ജ്വലമായ ഒരു തുടക്കത്തിനു ഞാന്‍ എന്നെ പാകപ്പെടുത്തി വരികയായിരുന്നു.പലപ്പോഴും എലിസബത്തിന്റെ  നിഴലായി ഞാനും എന്റെ നിഴലായി അവളും ചില നേരങ്ങളില്‍ മാധവേട്ടനും നഗരത്തില്‍ അലഞ്ഞു നടന്നു.
നഗരത്തിനു ഞാന്‍ അന്യനല്ലെന്നും പ്രിയപ്പെട്ട നഗരത്തിനു ഞാന്‍ അന്യനല്ലെന്നും ഉള്ളില്‍ നിന്നാരോ ഉറക്കെ പറയുന്നുണ്ടായിരുന്നു.

കുറ്റകൃത്യങ്ങളുടെ ഉത്ഭവസ്ഥാനമായ നഗരത്തിലെ കടലോര പ്രദേശങ്ങളില്‍ ഒന്നായ ജാഫര്ഖാന്‍ കോളനിയിലെ ഓരോ വീടുകളിലും ഞാനും എലിസബത്തും  കയറിയിറങ്ങി.നഗരത്തിലെ മികച്ച പത്രപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും ആയിരുന്നതിനാല്‍ മിക്കവര്‍ക്കും അവളെ നല്ല പരിചയമായിരുന്നു.
ഞാനും എലിസബത്തും  മാധവേട്ടനുമൊക്കെ വിശ്വസിച്ച പ്രത്യയശാസ്ത്രത്തില്‍ അധിഷ്ടിടമായ പാര്‍ട്ടിയുടെ അപചയം രൂക്ഷമായ നാളുകളായിരുന്നു അത്. നേത്രുത്വ നിരയിലുള്ളവരുടെ അഴിമതിയും കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതുമായ പലകാരണങ്ങളും പാര്‍ട്ടി പടുത്തുയര്‍ത്താന്‍ അധികാര മോഹങ്ങളില്ലാതെ അഹോരാത്രം യജ്ഞിച്ച മാധവേട്ടനെ പോലെ പലരും പാര്‍ട്ടിയുടെ അപചയത്തില്‍ ദുഖിതരായിരുന്നു.


ഞെളിയന്‍പറമ്പിലെ മാലിന്യപ്രശ്നങ്ങളില്‍ പരിസരവാസികളായ സമരക്കാര്‍ സംഘടിപ്പിച്ച ജാഥ നയിച്ചത് മാധവേട്ടനായിരുന്നു.വാര്‍ദ്ധക്യവും അനാരോഗ്യവും വകവെക്കാതെ ഇറങ്ങിത്തിരിച്ച മാധവേട്ടനെഎലിസബത്ത്‌  വിലക്കി.മാധവേട്ടന് ഇങ്ങിനെയൊക്കെ ആവാനേ കഴിയുള്ളൂ എന്നെനിക്ക് അറിയാമായിരുന്നതിനാല്‍ ഞാന്‍ മൌനം പാലിച്ചു.
പക്ഷേ അത് മാധവേട്ടനെ മെഡിക്കല്‍ കോളേജിലെ അത്യാസന്ന വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത് വരെ എത്തിയപ്പോള്‍ ഞാന്‍ ഇടപെട്ടു.നീണ്ട ദിവസങ്ങള്‍ അബോധാവസ്ഥയില്തുടര്‍ന്ന അദ്ദേഹത്തെ ഞാനും ജസീന്തയും മാറി മാറി പരിചരിച്ചു.മാധവേട്ടന്റെ മകനോ എന്തിനേറെ ഭാര്യ പോലും തിരിഞ്ഞുനോക്കാത്ത ആ ദിനങ്ങള്‍ അദ്ദേഹത്തെ കൂടുതല്‍ തളര്‍ത്തി.


അബോധാവസ്ഥയിലും മാധവേട്ടനില്‍ നിന്നും പിറവികൊള്ളുന്ന ഒരു വാക്കിനു മാത്രമായി ഞാന്‍ ഊണും ഉറക്കും ഉപേക്ഷിച്ചു കാത്തിരുന്നു.
മൌനം അസഹ്യമാവുന്നത് ഒരു മരണത്തിനു തുല്യമാണ്.മൌനം മരണവും മരണം മൌനവുമാണെന്നതുംഒരുസത്യമാണ്....


ചിങ്ങവെയിലിന്റെ ഉടയാടയണിഞ്ഞു നഗരമൊരു നവോഡയെപ്പോലെ ഒരുങ്ങി നിന്നു.നഗരത്തിന്റെ പുറമ്പോക്കുകളില്‍ ഓണത്തുമ്പികള്‍ നൃത്തം ചെയ്തു.മുന്‍കാല പ്രതാപങ്ങള്‍ നെഞ്ചിലേറ്റി മറ്റേതോ നഗരങ്ങളില്‍ നിന്നും വിരുന്നു വന്ന അങ്ങാടിക്കുരുവികള്‍ക്ക് പാണ്ടികശാലകള്‍ നിറഞ്ഞ കടലോരത്തെരുവ് സ്വാഗതമരുളി.
മാധവേട്ടന്റെ ബോധാങ്ങളുടെ പുനര്‍ജ്ജനി ഏതാനും മണിക്കൂര്‍ മാത്രമായിരുന്നു.
മരണമെന്ന ഉറക്കിലെ ഓരോ ഉയിര്‍ത്തെഴുന്നേല്പും ദാനം കിട്ടിയ ജീവിതത്തിലേക്കുള്ള വളരെ മൃദുവായ ഒരു ചൂണ്ടുപലകയാണ്.കടപ്പാടും നന്ദിയും സൃഷ്ടാവിന് മാത്രം .മാധവേട്ടന്‍ അര്ധോക്തിയില്‍ നിര്‍ത്തി.


ചിങ്ങമഴയും മഞ്ഞവെയിലും പയ്യാരം പറഞ്ഞ്കൊണ്ട് നഗരത്തില്‍ തങ്ങളുടെ സാന്നിധ്യമറിയിച്ചു.ഒരു താലിച്ചരടില്‍ ബന്ധിച്ച് സ്വാതന്ത്ര്യ ത്തിന്റെ ആകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന വിവാഹമെന്ന ആചാരത്തോട് എന്നും വിമുഖത പ്രകടിപ്പിക്കുന്ന ജസീന്തയുടെ കൈകള്‍ എന്റെ വലതുകൈയില്‍ ഏല്‍പ്പിച്ച് അജ്ഞാതമായൊരു ഇഷ്ടനഗരം തേടി മാധവേട്ടന്‍ ഒരിക്കലും ഉണരാത്ത നിദ്രയിലേക്ക് ലയിച്ചു.


നഗരസഭയുടെ ശമാശാനത്തില്‍ എരിഞ്ഞടങ്ങുന്ന മാധവേട്ടന്റെ ചിത സാക്ഷിയാക്കി ഞാനും എലിസബത്തും  ഞങ്ങളുടെ ഇഷ്ടനഗരത്തെ വീണ്ടെടുക്കുമ്പോള്‍ എന്റെ കഥയുടെ അവസാനഭാഗവും പരിസമാപ്തികുറിച്ചിരുന്നു

1 comment:

Pradeep Kumar said...

നേർരേഖയിൽ മനോഹരമായി പറഞ്ഞ കഥ. ചിരപരിചിതമായ കഥാപരിസരം കഥയോട് കൂടുതൽ മമത തോന്നിപ്പിക്കുന്നു. പൂർണമായും യഥാർത്ഥജീവിതത്തിൽ നിന്നെടുത്ത പല ബിംബകൽപ്പനകളും തുടക്കത്തിൽ ഫിക്ഷന്റേതല്ലാത്ത ഒരു ധാരണ ജനിപ്പിച്ചു....

കഥ അതിമനോഹരമായിരിക്കുന്നു. വർണനകൾ ചിലയിടങ്ങളിൽ ഒരൽപ്പം കൂടിപ്പോയോ എന്നുതോന്നിപ്പിച്ചെങ്കിലും ഈ രചനാവൈഭവം ഏറെ പ്രശംസ അർഹിക്കുന്നു.....