Thursday, March 10, 2011

ഒരു രാത്രിക്കായി പിറവികൊണ്ട നിശാശലഭങ്ങള്‍...

തീവ്രവാദി എന്നാരോപിച്ച് നീണ്ട രണ്ടുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം കോടതി കുറ്റവിമുക്തനാക്കുമ്പോള്‍ അടുത്ത സ്വാതന്ത്ര്യപ്പുലരിക്ക് ഒരാഴ്ചകൂടി ബാക്കിയുണ്ടായിരുന്നു.നിശ്ശബ്ദമായ ഒരു പ്രതികാരത്തിനു വേണ്ടി അയാള്‍ നഗരത്തിന്റെ തിരക്കുകള്‍ക്കുള്ളില്‍ ശൂന്യമായ മനസ്സുമായി പതുങ്ങി നടന്നു.




രാത്രികാലങ്ങളില് തീവ്രവാദിയായി മുദ്ര കുത്തിയ ആദ്യ നാളുകളില്‍ തെളിവുകള്‍ക്കായി വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി കണ്ട ,നെഞ്ഞത്തടിച്ചു ആര്‍ത്തു കരഞ്ഞ വൃദ്ധമാതാവിന്റെ ഖബറിടം തേടി പള്ളിപറമ്പുകളില്‍ അയാള്‍ അലഞ്ഞു നടന്നു.മീസാന്‍കല്ലുകള്‍ ദ്രവിക്കാത്ത ഓരോ ഖബറുകള്‍ക്ക് മുകളിലും മുട്ട്കുത്തി വീണയാള്‍ പിറുപിറുത്തു ഞാന്‍ നിരപരാധിയാണ്.



വൃദ്ധ മാതാവിന്റെ സംരക്ഷണം ,തന്റെ കൊച്ചു സ്വപ്നങ്ങള്‍ക്ക് നിറം പകരാനൊരു പെണ്കുട്ടി അതായിരുന്നു പ്രവാസം നിര്‍ത്തി നാട്ടില്‍ ജീവിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്.രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ ജീവിതം തന്റെ ദുരന്തമാക്കിയ ആ സ്വാതന്ത്ര്യദിനം അയാളെ വേട്ടയാടാന്‍ തുടങ്ങിയിട്ടും രണ്ടു വര്‍ഷങ്ങള്‍ക്കിനി ഏതാനും ദിനങ്ങള്‍ മാത്രം.



ഒരു ദല്ലാള്‍ കൊടുത്ത വിലാസം തേടി നാലഞ്ചു കിലോമീറ്ററുകള്‍ അകലെ നിര്‍ധനകുടുംബത്തിലെ ഒരു യുവതിയെ പെണ്ണു കാണാന്‍ പോകുന്നതിനായിരുന്നു അയാളാ കവലയിലെ ബസ്സ്റ്റോപ്പില്‍ ബസ്സ് കാത്തു നിന്നത്.ബസ്സ്റ്റോപ്പ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പരുത്തിമരക്കാലുകളിലൊന്നു തന്റെ വേര് ഭൂമിക്കടിയിലെ ജലനിലങ്ങളില്‍ നിന്നാവാഹിച്ച ഊര്‍ജ്ജത്താല്‍ കിളിര്‍ത്ത കൊമ്പുകളിലൊന്നില്‍ തലേന്ന് രാത്രി ആരോ തല തിരിച്ചു കെട്ടിത്തൂക്കിയ ദേശീയപതാകയായിരുന്നു അയാളുടെ ജീവിതം തന്നെ ദുരന്തമാക്കിയത്.



അജ്ഞാത സന്ദേശത്താല്‍ കുതിച്ചെത്തിയ നിയമപാലകര്‍ ബസ്സ് കാത്തു നിന്ന അയാളെ തീവ്രവാദിയാക്കിയതിനു പിന്‍ബലം സെല്‍ ഫോണിന്റെ ഇന്‍ബോക്സില്‍ കഴിഞ്ഞ പെരുന്നാളിന് ഏതോ സുഹ്രുത്തയച്ച ഖുറാന്‍ സന്ദേശങ്ങള്‍ അടങ്ങിയ സന്ദേശമായത് യാദൃശ്ചികം മാത്രം.



കുറ്റം തീവ്രവാദ മായതു കൊണ്ടാവണം തനിക്കുവേണ്ടി ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ആരുമില്ലായിരുന്നു.വഴിമാറി നടന്ന സ്വന്തക്കാരും ബന്ധുക്കളും എന്തിനേറെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ വരെ.നൊന്തുപെറ്റ മാതാവിന്റെ കരളുരുക്കം പോലും ലോകം പരിഹാസം കൊണ്ട നാളുകള്‍.



രാജ്യം പുതിയൊരു സ്വാതന്ത്ര്യാഘോഷ പ്പുലരിക്കായുള്ള തയ്യാറെടുപ്പിലായിരുന്നു.കൊടി തോരണങ്ങള്‍ കെട്ടി നഗരത്തെ അണിയിച്ചൊരുക്കിയ ജനങ്ങള്‍ പുതിയൊരു പ്രഭാതത്തിനായി സ്വപ്നം കണ്ടുറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു തുണ്ട് കയറിനായുള്ള അയാളുടെ ശ്രമം ഫലംകണ്ടിരുന്നു.



വഴിവിളക്കിലെ മങ്ങിയ മഞ്ഞ വെളിച്ചം പരുത്തിമരക്കൊമ്പിലെ ഇലകള്ക്കു കറുപ്പ് നിറം സമ്മാനിച്ചു ഒരു രാത്രിക്ക് വേണ്ടി മാത്രം പിറവികൊണ്ട നിശാശലഭങ്ങള്‍ അലസമായി കറുത്ത ഇലകളില്‍ ഉലാത്തി.മരക്കൊമ്പിലെ കുരുക്കും ശരീരത്തിന്റെ അളവും നിലവുമായുള്ള അകലവും തന്റെ നിശബ്ദമായ പ്രതികാരത്തിനു അനുയോജ്യമായിരുന്നുവെന്നത് അയാളെ ആഹ്ലാദവാനാക്കി.



നഗരം പതിവ് ആഘോഷങ്ങളോടെ സ്വാതന്ത്ര്യം ആചരിച്ചു.നഗരത്തിലെവിടെയൊക്കെയോ ബോംബുസ്ഫോടനങ്ങള്‍ നടക്കുമെന്ന അജ്ഞാത സന്ദേശത്താല്‍ നിയമ പാലകര്‍ ജാകരൂഗരായതിനാല്‍ ആ ദിനം മുഴുവന്‍ അയാളാ പരുത്തി മരക്കൊമ്പില്‍ തൂങ്ങി നിന്നു. ..,,

Monday, March 7, 2011

കെല്‍സി എന്ന കുല്‍സു. ...

ബസിറങ്ങി ചെറിയ അങ്ങാടി തീര്‍ന്നിടത്തു പഞ്ചായത്ത് ഓഫീസിനു പുറകിലായിരുന്നു ഹെല്‍ത്ത്സെന്റര്‍.ഇറങ്ങും നേരം കാല്പാദവും കഴിഞ്ഞു നിലത്തിഴയുന്ന പര്‍ദ്ദയുടെ ഒരു ഭാഗം ചവിട്ടി വീഴാന്‍ തുടങ്ങുമ്പോള്‍ ക്ലീനര്‍ താങ്ങിയിരുന്നില്ലെങ്കില്‍ താനും മകനും ബസ്സിന്റെ മുന്‍ ചക്രങ്ങളില്‍ കിടന്നരയുമായിരുന്നു വെന്ന് കുല്‍സു ഓര്‍ത്തു.




ക്ലീനരുടെ ആഭാസമായ നോട്ടത്തിനു മുഖം കൊടുക്കാതെ അങ്ങാടിയുടെ ഓരം ചേര്‍ന്ന് നടക്കുമ്പോഴാണ് മകന്‍ ശാട്യം തുടങ്ങിയത്.വാഹനങ്ങളുടെ പൊടിപടലങ്ങളാല്‍ മൂടിയ ഫുട്പാത്ത് വാണിഭക്കാരനായ വികലാംഗന്‍ വിരിച്ച ഷീറ്റില്‍ കിടത്തിയ നിറം മങ്ങിയ പാവക്കുട്ടിയായിരുന്നു കാരണം.



മൂന്നാം വയസ്സിലെ പോളിയോ എടുത്തു തിരികെ യത്തീംഖാനയിലേക്ക് പോകാനുള്ള ബസ്സ്കൂലി ഒമ്പത് രൂപ നരച്ചു തുടങ്ങിയ പര്‍ദയുടെ അറയില്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കി മകനെ മറുതോളിലേക്ക് മാറ്റിക്കിടത്തി കുല്‍സു ഹെല്‍ത്ത് സെന്റര്‍ ലക്ഷ്യമാക്കി നടന്നു.



കമ്പോണ്ടര്‍ എത്തിയിരുന്നില്ല.അതിനാല്‍ കാത്തിരുന്നവര്‍ വിശ്രമിക്കുന്ന അവസാന ബഞ്ചിലെ അറ്റത്തു അവളും ഇടം കണ്ടെത്തി. തന്റെ ജീവിതവും ഒരു കാത്തിരിപ്പിന്റെതെന്നവള്‍ ഓര്‍ത്തു.അന്‍വറിന്റെ കൂടെ ഇറങ്ങിത്തിരിക്കുമ്പോള്‍ ശരീരം പര്‍ദ്ദക്കുള്ളില്‍ ഒളിപ്പിക്കല്‍ അനിവാര്യമായിരുന്നു.ഇപ്പോള്‍ തന്റെ മനസ്സും കറുത്തൊരു പര്‍ദ്ദക്കുള്ളിലാണെന്നു അവള്‍ തിരിച്ചറിഞ്ഞു.



മകനും അന്‍വറിന്റെ തിരോധാനത്തിനും ഇപ്പോള്‍ മൂന്നു വയസ്സ്.ഒരു കന്യാസ്ത്രീ ആക്കണമെന്നായിരുന്നു രക്ഷിതാക്കളുടെ ആഗ്രഹം.എങ്കിലും അവളുടെ നിര്‍ബന്ധ പ്രകാരം എഞ്ചിനീയറിങ്ങിനു ചേരുകയായിരുന്നു.



മെമ്മറികാര്‍ഡു ഊരിവെക്കാതെ സെല്‍ഫോണ്‍ റിപ്പയര്‍ ചെയ്യാന്‍ കൊടുത്താല്‍ ദുരുപയോഗപ്പെടുമെന്ന ആത്മാര്‍ത്ഥമായ ഉപദേശവും വിശ്വാസ്യതയുമായിരുന്നു അന്വറില്‍ ആക്രുഷ്ടയാവാന്‍ അവളില്‍ പ്രചോദനം ഉളവായത്.



കോളേജില്‍ ചേര്‍ന്ന ആദ്യ മാസങ്ങളില്‍ ഒന്നായിരുന്നു ഒരു ഹൈപ്പെര്‍ മാര്‍ക്കറ്റിലെ സെല്‍ഫോണ്‍ റിപ്പയറര്‍ ആയ അന് വറിനെ കെല്‍സി പരിചയപ്പെടുന്നത്.



അന് വരുമായുള്ള കൂടിക്കാഴ്ചകള്‍ കൂടി .പരിചയം പ്രണയത്തിലേക്ക് വഴി മാറുന്നതിനൊപ്പം ഞായറാഴ്ച-പാതിരാ കുര്‍ബാനകളും ഉപേക്ഷിച്ചു പര്‍ദയിലേക്ക് മാറുമ്പോള്‍ കെല്‍സി കുല്സുവായി മാറി അന് വറിനോടൊപ്പം ജീവിതം തുടങ്ങിയിരുന്നു.



കന്യാസ്ത്രീയാക്കാന്‍ സ്വപ്നം കണ്ട രക്ഷിതാക്കളും പര്‍ദ്ദക്കുള്ളിലെ ഈ ജീവിതവും തന്റെ നിയോഗമെന്നറിയുമ്പോഴും മനസ്സ് തുറന്നൊന്നു ഏതു ദൈവത്തോട് പ്രാര്‍ത്തികുമെ ന്നറിയാത്ത നിസ്സഹായാവസ്ഥ. ദിശാബോധമില്ലാത്ത ഇന്നിന്റെ കൌമാരത്തിലെ എടുത്തു ചാട്ടത്തില്‍ ജീവിതം ഹോമിച്ച ഒരു ഇര കൂടി.ഈ പ്രണയ ചാപല്യങ്ങള്‍ മാത്രമാണ് ജീവിതമെന്ന് കരുതി ഊരും പേരുമറിയാത്ത അന് വ റി ന്റെ കൂടെ തന്റെ പാരമ്പര്യ വിശ്വാസങ്ങളെ ഉപേക്ഷിച്ചു അയാളുടെ മതാനുഷ്ടാനങ്ങള്‍ എന്തെന്ന് പോലുമറിയാതെ ഇറങ്ങിത്തിരിച്ചതിന്റെ പരിണിത ഫലം.കമ്പൌണ്ടര്‍ പതിവിലും വൈകിയായിരുന്നു എത്തിയതെന്നതിനാല്‍ വരി വളരെ ഇഴഞ്ഞായിരുന്നു നീങ്ങിയത്.



ഹെല്‍ത്ത് സെന്ററിന്റെ ചുവരിലെ കുമ്മായം ഇടിഞ്ഞു രൂപപ്പെട്ട ചെറു കിടങ്ങുകളില്‍ നിന്നും ഇളം ചൂടുള്ള രക്തത്തിനായി മൂട്ടകള്‍ ബഞ്ചിലേക്ക് കുടിയേറാന്‍ തുടങ്ങി.

പ്രണയ സാഫല്യത്തിന്നായി പാതി വഴിയില്‍ പഠമുപേക്ഷിക്കുകയും രക്ഷിതാക്കളെ ധിക്കരിച്ച വിവാഹത്തോടെ ഒരു വാടക വീട്ടിലേക്ക്‌ താമസം മാറുകയും ചെയ്തതോടെ ഇതാണ് സ്വര്ഗ്ഗമെന്നായിരുന്നു വിശ്വസിച്ചത്. പതിവായി വീടണ ഞ്ഞിരുന്ന അന് വ ര്‍ ചില ദിനങ്ങളില്‍ അപ്രത്യക്ഷമാവാന്‍ തുടങ്ങി .പിന്നെ ഒരിക്കലും തിരിച്ചു വരാതെ അപ്രത്യക്ഷമായത് കുല്‍സു പൂര്‍ണ ഗര്‍ഭിണിയായ പ്പോഴായിരുന്നു.



അവസാന വരിക്കാരിയായ കുല്സുവിനെ വിളിക്കുമ്പോള്‍ മകന്‍ മടിയില്‍ കിടന്നു ഉറങ്ങിപ്പോയിരുന്നു.തിരിച്ചു പോവും നേരം പാവ വില്പനകാരനായ വികാംഗന്‍ അവിടെ ഉണ്ടാവരുതേ എന്നായിരുന്നു പ്രാര്‍ത്ഥന.



കുല്സുവിന്റെ പ്രാര്‍ത്ഥന പോലെ വേനല്‍ മഴയുടെ മുന്നോടിയായി ചാറിയ ചാറ്റല്‍ മഴ പേടിച്ചു ഫുട്പാത്ത് വില്പനക്കാരനായ വികലാംഗന്‍ തന്റെ ഷീറ്റ് മടക്കി വെച്ചു അടുത്ത പീടികത്തിണ്ണയിലേക്ക് കയറി നിന്നിരുന്നു.



ഭൂമിക്കു മുകളില്‍ ആകാശം നരച്ചൊരു പര്‍ദ്ദപോലെ തൂങ്ങി നിന്നു.ബസ് സ്റ്റോപ്പില്‍ മഴ പെയ്യും മുമ്പ് വീടണയാന്‍ കാത്തുനിന്ന യാത്രക്കാരുടെ ഇടയിലേക്ക് കുല്സുവും കയറിനിന്നു.തന്റെ ജീവിതം പോലെ തന്നെ ഒടുങ്ങാത്ത കാത്തിരിപ്പ് പോലെ. ...



------------------------------------------------------------------------------------------------------------------------------------------------



NB;മാധ്യമം തൃശൂര്‍ ലേഖിക ജിഷഎലിസബത്തിന്റെ ,അവള്‍ കണ്ട ഒരു കഥാപാത്രത്തിന്റെ പര്‍ദ്ദക്കുള്ളിലെ ജീവിതത്തിന്റെ ആകാംക്ഷകളാണ് ഈ രചന നിര്‍വ്വഹിക്കാന്‍ പ്രചോദനമായത്, ഈ വിഷയം പങ്ക്‌ വെച്ചതിനു ജിഷ എലിസബത്തിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു . ..