Thursday, March 10, 2011

ഒരു രാത്രിക്കായി പിറവികൊണ്ട നിശാശലഭങ്ങള്‍...

തീവ്രവാദി എന്നാരോപിച്ച് നീണ്ട രണ്ടുവര്‍ഷത്തെ ജയില്‍ വാസത്തിനുശേഷം കോടതി കുറ്റവിമുക്തനാക്കുമ്പോള്‍ അടുത്ത സ്വാതന്ത്ര്യപ്പുലരിക്ക് ഒരാഴ്ചകൂടി ബാക്കിയുണ്ടായിരുന്നു.നിശ്ശബ്ദമായ ഒരു പ്രതികാരത്തിനു വേണ്ടി അയാള്‍ നഗരത്തിന്റെ തിരക്കുകള്‍ക്കുള്ളില്‍ ശൂന്യമായ മനസ്സുമായി പതുങ്ങി നടന്നു.




രാത്രികാലങ്ങളില് തീവ്രവാദിയായി മുദ്ര കുത്തിയ ആദ്യ നാളുകളില്‍ തെളിവുകള്‍ക്കായി വീട്ടിലെത്തിച്ചപ്പോള്‍ അവസാനമായി കണ്ട ,നെഞ്ഞത്തടിച്ചു ആര്‍ത്തു കരഞ്ഞ വൃദ്ധമാതാവിന്റെ ഖബറിടം തേടി പള്ളിപറമ്പുകളില്‍ അയാള്‍ അലഞ്ഞു നടന്നു.മീസാന്‍കല്ലുകള്‍ ദ്രവിക്കാത്ത ഓരോ ഖബറുകള്‍ക്ക് മുകളിലും മുട്ട്കുത്തി വീണയാള്‍ പിറുപിറുത്തു ഞാന്‍ നിരപരാധിയാണ്.



വൃദ്ധ മാതാവിന്റെ സംരക്ഷണം ,തന്റെ കൊച്ചു സ്വപ്നങ്ങള്‍ക്ക് നിറം പകരാനൊരു പെണ്കുട്ടി അതായിരുന്നു പ്രവാസം നിര്‍ത്തി നാട്ടില്‍ ജീവിക്കാന്‍ അയാളെ പ്രേരിപ്പിച്ചത്.രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്റെ ജീവിതം തന്റെ ദുരന്തമാക്കിയ ആ സ്വാതന്ത്ര്യദിനം അയാളെ വേട്ടയാടാന്‍ തുടങ്ങിയിട്ടും രണ്ടു വര്‍ഷങ്ങള്‍ക്കിനി ഏതാനും ദിനങ്ങള്‍ മാത്രം.



ഒരു ദല്ലാള്‍ കൊടുത്ത വിലാസം തേടി നാലഞ്ചു കിലോമീറ്ററുകള്‍ അകലെ നിര്‍ധനകുടുംബത്തിലെ ഒരു യുവതിയെ പെണ്ണു കാണാന്‍ പോകുന്നതിനായിരുന്നു അയാളാ കവലയിലെ ബസ്സ്റ്റോപ്പില്‍ ബസ്സ് കാത്തു നിന്നത്.ബസ്സ്റ്റോപ്പ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച പരുത്തിമരക്കാലുകളിലൊന്നു തന്റെ വേര് ഭൂമിക്കടിയിലെ ജലനിലങ്ങളില്‍ നിന്നാവാഹിച്ച ഊര്‍ജ്ജത്താല്‍ കിളിര്‍ത്ത കൊമ്പുകളിലൊന്നില്‍ തലേന്ന് രാത്രി ആരോ തല തിരിച്ചു കെട്ടിത്തൂക്കിയ ദേശീയപതാകയായിരുന്നു അയാളുടെ ജീവിതം തന്നെ ദുരന്തമാക്കിയത്.



അജ്ഞാത സന്ദേശത്താല്‍ കുതിച്ചെത്തിയ നിയമപാലകര്‍ ബസ്സ് കാത്തു നിന്ന അയാളെ തീവ്രവാദിയാക്കിയതിനു പിന്‍ബലം സെല്‍ ഫോണിന്റെ ഇന്‍ബോക്സില്‍ കഴിഞ്ഞ പെരുന്നാളിന് ഏതോ സുഹ്രുത്തയച്ച ഖുറാന്‍ സന്ദേശങ്ങള്‍ അടങ്ങിയ സന്ദേശമായത് യാദൃശ്ചികം മാത്രം.



കുറ്റം തീവ്രവാദ മായതു കൊണ്ടാവണം തനിക്കുവേണ്ടി ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ആരുമില്ലായിരുന്നു.വഴിമാറി നടന്ന സ്വന്തക്കാരും ബന്ധുക്കളും എന്തിനേറെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ വരെ.നൊന്തുപെറ്റ മാതാവിന്റെ കരളുരുക്കം പോലും ലോകം പരിഹാസം കൊണ്ട നാളുകള്‍.



രാജ്യം പുതിയൊരു സ്വാതന്ത്ര്യാഘോഷ പ്പുലരിക്കായുള്ള തയ്യാറെടുപ്പിലായിരുന്നു.കൊടി തോരണങ്ങള്‍ കെട്ടി നഗരത്തെ അണിയിച്ചൊരുക്കിയ ജനങ്ങള്‍ പുതിയൊരു പ്രഭാതത്തിനായി സ്വപ്നം കണ്ടുറങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ ഒരു തുണ്ട് കയറിനായുള്ള അയാളുടെ ശ്രമം ഫലംകണ്ടിരുന്നു.



വഴിവിളക്കിലെ മങ്ങിയ മഞ്ഞ വെളിച്ചം പരുത്തിമരക്കൊമ്പിലെ ഇലകള്ക്കു കറുപ്പ് നിറം സമ്മാനിച്ചു ഒരു രാത്രിക്ക് വേണ്ടി മാത്രം പിറവികൊണ്ട നിശാശലഭങ്ങള്‍ അലസമായി കറുത്ത ഇലകളില്‍ ഉലാത്തി.മരക്കൊമ്പിലെ കുരുക്കും ശരീരത്തിന്റെ അളവും നിലവുമായുള്ള അകലവും തന്റെ നിശബ്ദമായ പ്രതികാരത്തിനു അനുയോജ്യമായിരുന്നുവെന്നത് അയാളെ ആഹ്ലാദവാനാക്കി.



നഗരം പതിവ് ആഘോഷങ്ങളോടെ സ്വാതന്ത്ര്യം ആചരിച്ചു.നഗരത്തിലെവിടെയൊക്കെയോ ബോംബുസ്ഫോടനങ്ങള്‍ നടക്കുമെന്ന അജ്ഞാത സന്ദേശത്താല്‍ നിയമ പാലകര്‍ ജാകരൂഗരായതിനാല്‍ ആ ദിനം മുഴുവന്‍ അയാളാ പരുത്തി മരക്കൊമ്പില്‍ തൂങ്ങി നിന്നു. ..,,

6 comments:

രമേശ്‌ അരൂര്‍ said...

ചില ജീവിത യാഥാര്‍ത്യങ്ങള്‍ കോറിയിടുന്ന കഥ .

നികു കേച്ചേരി said...

ഈ കാലഘട്ടത്തിൽ എപ്പോഴും മുന്നോട്ട് തള്ളിവിടപ്പെടുന്ന വിഷയം.

saifal said...

നന്നായിട്ടുണ്ട്, ഇനിയും എഴുതുക.

Jefu Jailaf said...

മനസ്സിനെ സ്പര്‍ശിക്കുന്ന കഥ.

ഷാജു അത്താണിക്കല്‍ said...

നിമിശങ്ങള്‍കൊണ്ട് ഒരാളെ തീവ്രാവദി എന്ന് മുദ്രകുത്തുക
ജീവിതം തുലക്കപേടുന്ന ഈ കൗമാരങ്ങള്‍ ഇനി അതിലേക് തന്നെ ചായും
ഇന്ത്യന്‍ മോറല്‍ മൊക്കാനിസം അരാണ് ഉടച്ച വാര്‍ക്കുന്നത്?

ബഷീര്‍ ജീലാനി said...

പലരുടെയും ജീവിതം .
മനസിനെ സ്പര്‍ശിച്ചു നന്നായി ,,,,,,,,,,,,,
നല്ല എഴുത്ത് , ആശംസകള്‍