Monday, December 6, 2010

തേക്കിലച്ചോപ്പ്....

തേക്കിന്‍ കൂമ്പില പൊട്ടിച്ചെടുത്ത് കൈ ചോപ്പിച്ച ബാല്യം, ഒന്ന് കൂടി ഓര്‍മ്മിപ്പിച്ചത് നിമിഷയുടെ ഒരു സന്ദേശമായിരുന്നു. ജിടാക്കിന്റെ പച്ച വെളിച്ചം കെടുത്തി ഇന്‍വിസിബിളിലേയ്ക്ക്താഴ്ന്നിറങ്ങി നിര്‍ജ്ജീവമായ ഓഫ്‌ ലൈനില്‍ നകുലന്‍ തന്റെ പ്രയാണം തുടര്‍ന്നു.


ഒറ്റപ്പെടലിന്റെ മൃതാവസ്ഥയിലേക്ക് തേക്കിലയുടെ ചുവപ്പ് ചെറിയൊരു നൊമ്പരം പോലെ മനസ്സിലേക്കിറങ്ങി വന്നു.മരുഭൂമി തുടങ്ങുന്നിടത്ത് മരക്കഷ്ണ ങ്ങളാല്‍ അടിച്ചുണ്ടാക്കിയ മുറി പുറത്ത്‌ നിന്നു കാണുമ്പോള്‍ അതിപുരാതനമായിരുന്നു.മരുഭൂമിയുടെ വന്യതയിലേക്ക് ഓടിയൊളിക്കുവാന്‍ ,തീരെ ആകര്‍ഷകമല്ലാത്ത വിധം രാജവീഥിയില്‍ നിന്നും വഴി തീര്‍ത്തിരുന്നിടത്തു മണലില്‍ ഒരു സാര്‍ത്ഥവാഹക സംഘം വിശ്രമിക്കാനിരുന്നു.

ഒരു ചുഴലിക്കാറ്റു പുറത്ത്‌ മരുഭൂമിയില്‍ ആവിര്‍ഭവിക്കാന്‍ പോവുന്നുവെന്ന് എവിടെയോ അല്പം ആണി തറയാത്തൊരു മരപ്പലകയുടെ താളം നകുലനെ ഓര്‍മ്മപ്പെടുത്തി.

അതിപുരാതനമെന്നു തോന്നിച്ച മുറിയുടെ പുറം ഭാഗത്തെ അപേക്ഷിച്ച് ഉള്‍ഭാഗം പുരോഗമിച്ച ,ഏറ്റവും പുതിയ വിവര സാങ്കേതിക വിദ്യകള്‍ പ്രവര്‍ത്തിപ്പിക്കുക മാത്രമായിരുന്നു നകുലനെ കടുത്ത ഏകാന്തതയില്‍ നിന്നും ലോകത്തോട്‌ അടുപ്പിച്ചിരുന്നതും.

പ്രൈമറി സ്കൂളിനു പിറകില്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും രണ്ടു കെട്ടിടങ്ങളിലായി വേര്‍ തിരിച്ചായിരുന്നു മൂത്രപ്പുര നിര്‍മ്മിച്ചത്. മൂത്രപ്പുരയില്‍ നിന്നും അഴുക്കു വെള്ളം ഒഴുകി വീഴുന്ന താഴ്ന്ന പറമ്പില്‍ സമൃദ്ധമായി വളര്‍ന്നു നിന്ന തേക്ക്‌മരത്തിന്റെ പറിച്ചെടുത്ത ഇലയുടെ പിറകില്‍ ഒരു എട്ടു കാലിക്കുഞ്ഞിന്റെ നേര്‍ത്ത ചലനം നിമിഷയെ ഇല ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയാക്കി.നകുലന്‍ പൊട്ടിച്ചെടുത്ത തേക്കിന്റെ കൂമ്പില നിമിഷയുടെ നിറഞ്ഞ കണ്ണുകളെ വീണ്ടും പഴയ കുസൃതിയിലേക്ക് തിരികെ കൊണ്ട് വന്നു.

അജ്‌ഞാതമായ ഏതോ കോണില്‍ നിന്നും ബോസ്സ് പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നേരെ നകുലന് മുമ്പിലെ സ്ക്രീനിലേക്ക് സന്ദേശമായി എത്തുന്നു.ഈ ഉത്തരവുകള്‍ ബിസ്സിനസ് ശൃംഘലയിലെ ഓരോ ബ്രാഞ്ചിലെക്കും നകുലന്റെ കൈയൊപ്പോടെ പ്രാവര്‍ത്തികമാക്കുന്നു.ഇതായിരുന്നു ഏകാന്തത നിറഞ്ഞ പ്രവാസത്തിലെ നകുലന്റെ ജോലി.

കൂട്ടത്തില്‍ മുതിര്‍ന്ന വൃദ്ധന്റെ പിറകില്‍ സാര്‍ത്ഥവാഹക സംഘത്തിലെ അംഗങ്ങള്‍ എല്ലാവരും അച്ചടക്കത്തോടെ പ്രാര്‍ത്ഥനയില്‍ മുഴുകി.നടക്കാന്‍ തുടങ്ങാത്ത ഒരു കൊച്ചു കുട്ടി കൌതുകത്തോടെ വൃദ്ധന്റെ പുറത്ത്‌ കയറിയിരുന്നു പല്ലില്ലാത്ത മോണ കാട്ടി എന്തെല്ലാമോ കോപ്രായങ്ങള്‍ കാട്ടിത്തുടങ്ങി.പിന്നെ വിരിച്ചിട്ട കാര്‍ പെറ്റും കടന്നു മണലിലേക്ക് ഇഴഞ്ഞിറങ്ങിപ്പോയി.

മരുഭൂമി പോലെ വന്യവും എകാന്തവുമായിരുന്നു നകുലന്റെ മനസ്സും.മൂന്നു വര്‍ഷമായി ലാഭമില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു ബ്രാഞ്ച് അടച്ചു പൂട്ടണമെന്ന ഉത്തരവ് അയക്കുമ്പോഴേക്കും പ്രാര്‍ത്ഥന കഴിഞ്ഞിരുന്നു.മൂടുപടമിട്ട സ്ത്രീ മണലിലേക്ക് ഇഴഞ്ഞിറങ്ങിപ്പോയ കൊച്ചുകുട്ടിയുടെ വായിലുള്ള മണല്‍ത്തരികള്‍ ചൂണ്ടു വിരല്‍ കൊണ്ട് തോണ്ടിയെടുത്തു.

തേക്കിന്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട കുന്നിന്‍ മുകളില്‍ തണുത്ത നിഴലുകളില്‍ ഇരിക്കുകയായിരുന്നു നകുലനും നിമിഷയും.മരുഭൂമിയിലെ വന്യതയിലേക്ക് പണിത പാത പോലെ തേക്ക്‌ മരങ്ങളുടെ അഗ്ര ഭാഗത്തിനും മുകളില്‍ തികച്ചും എകാന്തതയായിരുന്നുവെന്നു നകുലനോര്‍ത്തു.

വേട്ടക്കായി വളര്‍ത്തിയ കൂറ്റനൊരു പരുന്തു മണല്‍ത്തിട്ടകളിലെ ഇരുള്‍ മാളത്തില്‍ നിന്നും റാഞ്ചിക്കൊണ്ടു വന്ന മുയലിനെ ആഹരിച്ച സാര്‍ത്ഥവാഹക സംഘം മരുഭൂമിയുടെ വന്യതയിലേക്ക് നീങ്ങിയപ്രത്യക്ഷരായി .

തേക്ക്‌ മരങ്ങള്‍ മുറിച്ചു മാറ്റിയ കുന്നിന്‍ മുകളില്‍ വിവസ്ത്രമാക്കപ്പെട്ട ആധിയോടെ പ്രണയം വിടര്‍ന്നിരുന്ന തേക്ക്‌ മരച്ചോലകളുടെ ഓര്‍മ്മകളിലേക്ക് ഒരു സ്മാരകമായി നിലനിന്നു.ബാല്യകാല ഓര്‍മ്മകള്‍ അയവിറക്കാന്‍ പോലുമാവാതെ പ്രൈമറി സ്കൂള്‍ ഇരുന്ന പാതയോരം കോണ്‍ ക്രീറ്റ് കാടുകളാല്‍ സമൃദ്ധ മായിത്തീര്‍ന്നിരുന്നു.

പിന്നെ ഓര്‍മ്മകളിലെക്കായി ബാക്കിയായത് തറവാട്ടു തൊടിയിലെ ഇനിയും വറ്റാത്ത തൊടിയും പൂത്തു നില്‍ക്കുന്ന ഒരു കവുങ്ങും അതിരിലെ മുളങ്കൂട്ടവുമാണെന്ന നിമിഷയുടെ അവസാന സന്ദേശത്തിന് ,പൂട്ടിപ്പോയ ബ്രാഞ്ചിലെ ഒരു സ്റ്റാഫിനെ നകുലന്റെ അവധിക്കാലത്തിലേക്കു നിശ്ചയിച്ച ഉത്തരവ് കടുത്ത ഏകാന്തതക്കറുതിയായി എന്ന് നിമിഷക്ക് മറുപടി ആയി അയച്ചു..........