Sunday, July 24, 2011

കൃഷ്ണ മുടിക്കാടുകളില്‍ഇണ ചേരുന്ന ചേരപ്പാമ്പുകള്‍


രൂപമൊന്നുമില്ലാത്ത മനസ്സിന്റെ കോണുകളിൽ എവിടെയൊ ചിതറിക്കിടക്കുന്ന വാക്കുകൾ പെറുക്കിയെടുത്തു ഒരു കഥ മെനഞ്ഞെടുക്കാമെന്നു വ്യാമോഹിച്ചിരിക്കുകയായിരുന്നു അയാൾ.


തന്റെ ഓരൊ യാത്രകളും ഓരോ കഥയായി രൂപം കൊള്ളുകയും ഓരോ കഥയും ഓരോ യാത്രയായും പരിണമിക്കുന്നത് യാദ്രുശ്ചികമാവുന്നത് അയാളോർത്തു .പുറത്തു ഷാഹിന കരഞ്ഞപ്പൊൾ അയാളുടെ ചിന്തകൾ മുറിഞ്ഞു.ഷാഹിന കരഞ്ഞത് ഒരു നീളൻ ചേരയെകണ്ടിട്ടായിരുന്നു.

അടൂക്കളയുടെ പിന്നാമ്പുറത്ത് ഉണ്ണിമായ മീൻ മുറിച്ച അവശിഷ്ടങ്ങൾ തൂവുന്നിടത്ത് മുഴുവൻ കൃഷ്ണമുടിപ്പൂവുകൾ നിറഞ്ഞു നിന്ന കാടായിരുന്നു.തട്ടിൻ പുറത്തെ അളക്കുകളിൽ നിന്നൊരെണ്ണത്തിൽ സൂക്ഷിച്ച കായം തിരഞ്ഞു പിടിച്ച് ഉണ്ണിമായ അടുക്കള മുറ്റം അതിർ തിരിച്ച കല്ക്കെട്ടിനടുത്തു വെച്ചു പറഞ്ഞു.“ഇനിയെന്റെ മൊളെ പേടിപ്പിക്കാൻ ആ ചേര വരില്ലാട്ടോ ''

വിങ്ങല്‍കനത്ത മരുഭൂമിയുടെ വിശാലമായ മണലിടങ്ങളില്‍നിന്നും ഒരു പാതിരാത്രിയില്‍ഇറങ്ങിപ്പോയ മൃണാളിനെ തേടിയുള്ള യാത്ര .അതിനന്ത്യത്തിലായിരുന്നു ഷാഹിനയും ഉണ്ണി മായയും തന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്ന് അയാള്‍ഓര്‍മ്മിച്ചു.

ചില സൌഹൃദങ്ങള്‍ മുറിയുന്നതും ഒരിക്കലും നഷ്ടപ്പെടാതെ ജീവിതത്തോടു അടുത്തു നില്‍ക്കുന്നതും പലപ്പോഴും യാത്രകളിലായിരുന്നു.

നട്ടുച്ചയില്‍വെയില്‍കൊണ്ട് വാടിയ കൃഷ്ണമുടിചെടികളുടെ നിഴല്‍വട്ടത്തില്‍ഇണ ചേരാറുള്ള ചേരപ്പാമ്പുകള്‍വയലോരത്തെ വെള്ളം വറ്റിയ കുണ്ടുകളില്‍സ്വയം പുളഞ്ഞു കിടന്നു.കൃഷ്ണ മുടിപ്പൂക്കളില്‍മൃഷ്ടാന്ന ഭോജനം നടത്തുന്ന കരിവണ്ടുകള്‍ഇലപ്പച്ചയിലൊരു കറുത്ത മുത്തു പോലെ തിളങ്ങി.

വേനല്‍ സമ്മാനിച്ച ചെറു ചൂട്കുരുക്കള്‍ നിറഞ്ഞ ഷാഹിനയുടെ ഇളം മേനിയില്‍എണ്ണലേപനത്തിന് ശേഷം താളി പൊതിര്‍ത്തിയിട്ട ചെമ്പുമായി ഉണ്ണി മായ കുളിമുറിയിലേക്ക് കയറിയപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് പിന്നിലെ മരുഭൂമിയിലെ സ്വര്‍ണ്ണഖനിയിലെ ജീവിതം തന്റെ മുറിഞ്ഞ ചിന്തകളിലേക്ക് അയാള്‍ചേര്‍ത്തു വെച്ചു.

പ്രവൃത്തി സമയത്തിനും നേരത്തെയെത്തി ജോലിയില്‍വ്യാപ്രുതനായിരുന്ന മൃണാള്‍ഇത്ര വൈകിയിട്ടും എന്തെ തന്റെ മുമ്പിലെ രെജിസ്റ റില്‍ഒപ്പ് വെക്കാത്തതെന്ന ചിന്തയിലായിരുന്നു അയാള്‍.

താല്‍കാലിക ഓഫീസിന്റെ .കണ്ടൈനറില്‍ഘടിപ്പിച്ച എയര്‍കണ്ടീഷനില്‍നിന്നും ഇറ്റിവീണ ചുടുവെള്ളത്തിന്റെ നനവിലും ഒരു ചെറുപയര്‍മണി കിളിര്‍ത്തു നിന്നു.

ഖനിയിലെ പതിവ് സന്ദര്‍ശനത്തിനായി ഓഫീസില്‍നിന്നിറങ്ങുമ്പോള്‍ തലേരാത്രി നിര്‍ബന്ധിത ഡ്യൂട്ടിക്കായി നിയോഗിച്ച മൃണാളി ന്റെ അറ്റുപോയ കൈപത്തി മരുഭൂമിയില്‍നിന്നും ഒരു പാടകലെയുള്ള നഗരത്തിലെ ആശുപത്രിയില് ‍വൈകിയെത്തിയതിനാല്‍ തുന്നിചേര്‍ക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു.

യാത്ര  പറയുംനേരത്ത് അല്പം നോട്ടുകള്‍അവനു നിര്‍ബന്ധിച്ചു കൊടുക്കുമ്പോള്‍ കൈകള്‍കൂട്ടിപ്പിടിച്ചു നിയോഗമുണ്ടെങ്കില്‍നമുക്കിനിയും കാണാമെന്നവാക്കുകളായിരുന്നു സംവത്സരങ്ങള്‍ക്കു ശേഷം ഡയറി യിലെവിടെയോ കുറിച്ചു വെച്ച മൃണാ ളിന്റെ വിലാസം അയാള്‍വീണ്ടെടുത്തതും മൃണാളിനെ തേടി ആ വ്യവസായ നഗരത്തിലെത്തിയതും.

കാരണങ്ങളില്ലാതെ കലാപം പൊട്ടിപ്പുറപ്പെടുന്ന വ്യവസായ നഗരിയിലെ തെരുവില്‍അയാളെത്തി ചേര്‍ന്ന സയാഹ്നത്തിനും ചുവപ്പ് നിറത്തിനൊപ്പം ചുടു നിണത്തിന്റെ മണമായിരുന്നു.

പാതി വെന്ത കബന്ധങ്ങളും രക്ത മിറ്റു വീണ തെരുവുകളും താണ്ടി മൃണാ ളിന്റെ വിലാസം തേടി അലഞ്ഞു എത്തിച്ചേര്‍ന്നത് കത്തിചാമ്പലായൊരു കുടിലിന്റെ അവശിഷ്ടങ്ങളിലായിരുന്നു.

ഉണ്ണിമായ ഷാഹിനയുടെ കുടുംബത്തെ സംരക്ഷിച്ചതിന് കലാപ കാരികള്‍കൊടുത്ത പ്രതിഫലം സഹോദരനായ മൃണാ ളിനേയും ഷാഹിനയുടെ അഞ്ചു മാസം പ്രായമുള്ള അനിയനെയും കുടുംബത്തെയും ചു ട്ടെരിച്ചായിരുന്നു

ജീര്‍ണ്ണിച്ച ആശുപത്രി ചായ്പ്പില്‍നിന്നും പാതിവെന്ത ശരീരവും പൂര്‍ണ്ണ മായും വെന്തു പോയ ഹൃദയവുമായി ഉണ്ണിമായയേ വീണ്ടെടുക്കുമ്പോള്‍മതവും ജാതിയും വര്‍ണ്ണ വെറിയും വേര്തിരിക്കാത്ത മനുഷ്യ രക്തമെന്ന ഒരു വികാരമായി അവളുടെ നെഞ്ചോടു ചേര്‍ന്ന് ഷാഹിനയുമുണ്ടായിരുന്നു.

കഥകള്‍യാത്രകളായും യാത്രകള്‍കഥകളായും കൃഷ്ണ മുടിക്കാടുകളില്‍ഇണ ചേരുന്ന ചെരപാമ്പുകളെ പോലെ മനസ്സില്‍പിണഞ്ഞു കിടന്നു.ചിതറി കിടക്കുന്ന വാക്കുകള്‍പെറുക്കിയെടുത്തു ഒരു കഥ മെനഞ്ഞു പൂര്‍ത്തിയാക്കാന്‍തനിക്കു കഴിയില്ലെന്ന് അയാള്‍തിരിച്ചറിഞ്ഞു.

ഷാഹിനയെ നെഞ്ചോടു ചേര്‍ത്തു കിടന്ന ഉണ്ണി മായയെ പതിയെ തന്റെ അരികിലെക്ക യാള്‍ ചേര്‍ത്തു കിടത്തുമ്പോള്‍അപ്പോഴും കൃഷ്ണമുടി ക്കാടുകളുടെ തണലില്‍ചേരപ്പാമ്പുകള്‍ ഇണ ചേരുന്നുണ്ടായിരുന്നു.......

1 comment:

കൊമ്പന്‍ said...

നല്ലകഥ വായിച്ചു ഇഷ്ട്ടമായി