Friday, October 14, 2011

ബസ്രയിലെ ക്ഷത്രിയന്‍....

പത്തു ദിവസത്തെ അവധിക്ക് ശേഷം ഒരു നിയോഗം പോലെ വീണ്ടും ഇറാക്കിലെ ബസ്രയിലേക്ക് ക്ഷത്രിയ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ വേണ്ടിയിറങ്ങുമ്പോള്‍ സചിവോത്തമ വര്‍മ്മ എന്ന സജീവിന്റെ മനസ്സ് ശൂന്യമായിരുന്നു.
 
ഒരു തുള്ളി കണ്ണുനീര്‍ പോലും വീഴ്ത്താതെ തലയില്‍ കൈവെച്ചനുഗ്രഹിച്ചു യാത്രയാക്കിയ അമ്മത്തമ്പുരാട്ടി ഇപ്പോള്‍ കരയുന്നുണ്ടാവുമെന്നു അയാള്‍ക്ക്‌ നിശ്ചയമായിരുന്നു.
 
നിന്റെ സാന്നിധ്യത്തിന് പകരം നിന്റെ പെണ്ണു..എന്റെ മരുമകള്‍ അല്ല എന്റെ തന്നെ മോള് മതിയെനിക്ക് കൂട്ടിനു.നീ നിര്‍വീര്യമാക്കപ്പെടുന്ന ഓരോ സ്ഫോടക വസ്തുവും അനേകം ജീവിതങ്ങളെ രക്ഷിക്കുന്നതിലെ ചാരിതാര്‍ത്ഥ്യം ഈ അമ്മ പകുത്തെടുക്കുന്നു.വാര്‍ദ്ധക്യത്തിലെ എന്റെ ആകുലതകള്‍ മറന്നേക്കുക എത്രയും വേഗം ബസ്രയിലെ നിന്റെ ലക്ഷ്യസ്ഥാനത്തെത്തുക. നിന്റെ ക്ഷത്രിയ ധര്‍മ്മം നിര്‍വ്വഹിക്കുക.
ആ മാനുഷിക സ്നേഹത്തില്‍ പ്രൌഡയായ അമ്മത്തമ്പുരാട്ടിയുടെ ഗര്‍ഭപാത്രത്തില്‍ പിറവി കൊണ്ടതിനു ദൈവത്തിനു നന്ദി.
 
ഒരു കെമിക്കല്‍ എന്ജിനിയരായി ബിരുദം നേടിയ ഒരു ബാച്ചിലെ ആദ്യ പോസ്ടിങ്ങ് ഇറാക്കിലെ ബസ്രയിലാണെന്നറിഞ്ഞപ്പോള്‍ ഭീരുക്കളെപ്പോലെ പിന്മാറിയ സഹപ്രവര്‍ത്തകര്‍ക്ക് വിപരീതമായി സചിവോത്തമ വര്‍മ എന്ന സജീവ് അനന്തപുരി ചങ്കൂറ്റത്തോടെ ആ ജോലി സ്വീകരിക്കുമ്പോള്‍ ,കമ്യൂ ണിസ്റ്റ് വിപ്ലവം മുഖമുദ്രയാക്കി മുടിയനായ പുത്രനെന്നു യാഥാസ്ഥിതികരാല്‍ മുദ്രകുത്തപ്പെട്ട് കോവിലകത്തു നിന്നും പുറത്താക്കപ്പെട്ട അച്ഛന്‍ തമ്പുരാന്റെ വിപ്ലവ വീര്യം നിറഞ്ഞ രക്തമാവാം പ്രചോദനമെന്ന് അയാള്‍ ഉറച്ചു വിശ്വസിച്ചു.
 
ദേശീയപാതയില്‍ നിന്നും എയര്‍ പോര്‍ട്ട് റോഡു തുടങ്ങുന്നിടത്ത് ടാക്സി നിറുത്തുവാന്‍ സജീവ് ഡ്രൈവറോടു നിര്‍ദേശിച്ചു.ഒരേ കെട്ടിടത്തില്‍ പലതരം വ്യഞ്ജനങ്ങള്‍ വെച്ച കടകളില്‍ ഒന്നില്‍ നിന്നും വയലറ്റ് നിറമുള്ലൊരു കുഞ്ഞു ബാഗും അല്പം നിലക്കടല വറുത്തതും കുറച്ചു മിടായികളും അമ്മുവിനായി വാങ്ങി ബാഗില്‍ വെച്ചു.
 
അമ്മു ..ഭയാനകമായ ഒരു ചാവേര്‍ ആക്രമണത്തിലെ ദുരന്തത്തിലേക്ക് അമേരിക്കന്‍ സൈന്യത്തോടൊപ്പം കുതിചെത്തിയപ്പോള്‍ ഊര്‍ധ്വന്‍ വലിക്കുന്ന ഒരു ചാവേര്‍ ഇരയുടെ ഗുഹ്യഭാഗത്ത് വരിഞ്ഞു കെട്ടിയ പൊട്ടാത്ത സ്ഫോടക വസ്തു നിര്‍വീര്യ മാക്കുന്നിടത്തു വെച്ചാണ് സജീവ് അവളെ കണ്ടെത്തിയത്.
 
ഓരോ ചാവേര്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പുതിയ മില്ഹക്കുകള്‍ ഉയര്‍ന്നു കൊണ്ടിരുന്നു.കാമ്പിന്റെ തെക്ക് ഭാഗത്തായിരുന്നു പുതിയ മില്‍ഹക്ക് .ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട അമ്മു വൃദ്ധയായ മുത്തശിക്കൊപ്പം മില്ഹക്കില്‍ വളര്‍ന്നു.
അവളുടെ യഥാര്‍ത്ഥ പേരെന്തെന്ന് അയാള്‍ക്കറിയില്ലായിരുന്നു.എണ്ണ മയമില്ലാതെ അലക്ഷ്യമായി പാറി ക്കിടക്കുന്ന ചെമ്പന്‍മുടിയും സദാ പീളകെട്ടിയ കണ്ണുകളുള്ള മുഖവുമായി പകുതി പുഴുവരിച്ച പല്ല് കാട്ടി അയാളെ കാണുമ്പോള്‍ പുഞ്ചിരിച്ചു ഗിര്ഗാനു വേണ്ടി കൈ നീട്ടുന്ന ആ നാല് വയസ്സ് കാരി കൊച്ചു പെണ് കുട്ടിയെ അമ്മുവെന്നു പേര് വിളിക്കുവാന്‍ അയാളാണ് താല്പര്യം കാട്ടിയത്.
 
മനുഷ്യ രക്തം മണക്കുന്ന ഇറാക്കിലെ അന്തരീക്ഷം പോലെ മ്ലാനമായ മുഖത്താല്‍ എയര്‍ ഹോസ്ടസ്സു ബസ്രയിലെ ക്ഷത്രിയന് സ്വാഗത മരുളി.അമേരിക്കന്‍ ഉധ്യോഗസ്തര്‍ക്ക് മുന്ഗണനയുള്ള ആവിമാനത്തില്‍ യാത്രക്കാര്‍ വളരെ കുറവായിരുന്നു.
 
യാത്രക്കിടയില്‍ വിമാനത്തിന്റെ ഉള്‍വശം ബസ്രയിലെ മില്‍ഹക്കുകള്‍ പോലെ മൂകമായിരുന്നു.സൈന്യത്തിന്റെ ബാഹുല്യം കൊണ്ട് മാത്രം തിരക്കേറിയ ബസ്രയിലെ വിമാനത്താവളത്തില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ അമേരിക്കക്കാരനായൊരു ഉധ്യോഗസ്ഥന്‍ ഔദ്യോകിക വാഹനവുമായി സജീവിനെ കാത്തു നില്പുണ്ടായിരുന്നു.
 
 
കണ്ടു പിടിച്ചു നിര്‍വീര്യമാക്കാന്‍ കഴിയാതെ പോയ ക്ലസ്ടര്‍ ബോംബുകളും ,ചാവേറുകളും ഒളിപ്പോരാളികള്‍ പാതകളില്‍ കുഴിച്ചിട്ട മൈനുകളും പൊട്ടിത്തെറിച്ചു വാഹനങ്ങളിലും പാതകളിലുമൊക്കെ മനുഷ്യമാംസത്തുണ്ടുകള്‍ പറ്റിക്കിടക്കുന്ന വഴികളിലൂടെ വാഹനം നീങ്ങുമ്പോള്‍ എവിടെയെല്ലാമോ നിലവിളികളും കരിഞ്ഞ രക്ത്തത്തിന്റെ മണവും അന്തരീക്ഷത്തില്‍ ലയിച്ചു നിന്നിരുന്നു
 
.ഭര്‍ത്താവ് നഷ്ടപ്പെട്ട ഭാര്യ..മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുരുന്നുകള്‍..എവിടെ നോക്കിയാലും അനാഥമാക്കപ്പെട്ടവരുടെ വിങ്ങലുകള്‍ ,,പുതിയതായി രൂപം കൊള്ളുന്ന മില്‍ഹക്കുകള്‍ ..ഇവിടെ യഥാര്‍ത്ഥ തീവ്രവാദികള്‍ ആരാണ് നഷ്ടപ്പെട്ടവനോ?..നഷ്ടപ്പെടുത്തിയവനോ?എന്ന് അയാള്‍ക്കൊരുത്തരം നല്‍കാന്‍ ആരുമില്ലായിരുന്നു.
 
സ്വയം ചാവേരാവുകയും ചാവേരാക്കപ്പെടുകയും ചെയ്യുന്നവരുടെ മനോവ്യാപാരങ്ങള്‍ എന്തായിരിക്കുമെന്ന് അയാള്‍ ഓര്‍ക്കുകയായിരുന്നു.
 
ശൈത്യത്തിന്റെ ആരംഭവും റംസാനും ഒരുമിച്ചായിരുന്നു ആവര്‍ഷം കടന്നു വന്നത്.കാമ്പിന്റെ തെക്ക് വശത്തെ മില്‍ഹക്കില്‍ അയാളെത്തുമ്പോള്‍ പൊട്ടിയ കണ്ണാടിത്തുണ്ടില്‍ മുറിഞ്ഞു കിടന്ന തന്റെ മുഖത്തിന്റെ ആകൃതിയുടെ പരിഭവം മുത്തശ്ശിയോടു പറയുകയായിരുന്നു അമ്മു എന്ന നാല് വയസ്സുകാരി പെണ് കുട്ടി.
 
ഖുറാന്‍ പാരായണ ത്തിലലിഞ്ഞു പരിസരം മറന്നു പോയ മുത്തശ്ശിയുടെ ദൃശ്യതയില്‍ അമ്മുവില്ലായിരുന്നു.മില്‍ഹാക്കിന് പുറകിലേക്ക് താഴ്ന്നസ്തമിക്കാന്‍ ധൃതിപ്പെട്ട സൂര്യവെളിച്ചത്താല്‍ തങ്ങളുടെ കാല്‍ക്കീഴില്‍ നിന്നും ഉത്ഭവിച്ചു അനന്തതയിലേക്ക് നീളുന്ന നിഴലിനെ സാകൂതം നോക്കുകയായിരുന്ന അമ്മുവിന്‍റെ കുഞ്ഞു മനസ്സില്‍ എന്തായിരിക്കുമെന്ന് വെറുതെ അയാള്‍ ചിന്തിച്ചു.
 
ഗിര്ഗാനും കുഞ്ഞു ബാഗും കിട്ടിയ സന്തോഷത്താല്‍ അമ്മുവിന്‍റെ മുഖം പ്രസന്നമായിരുന്നു.പൊട്ടിയ പെന്‍സില്‍ കഷ്ണങ്ങളും കണ്ണാടിത്തുണ്ടും സൂക്ഷ്മമായി പുതിയ കുഞ്ഞു ബാഗിലേക്കു നിക്ഷേപിക്കുമ്പോള്‍ അമ്മുവിന്‍റെ മുഖത്തു വിരിഞ്ഞ പുഞ്ചിരി അവളുടെ ജീവിതകാലം മുഴുവന്‍ നിലനില്‍ക്കട്ടെയെന്നു വൃഥാ അയാള്‍ മോഹിച്ചു.
 
സുരക്ഷിതയെന്ന പോലെ തന്റെ കൈകളില്‍ പിടിച്ച കുഞ്ഞു കൈ അല്പം ബലമായി സ്വതന്ത്രമാക്കി കാമ്പിലേക്കു നടക്കുമ്പോള്‍ അമ്മു കരയുന്നത് മുത്തശ്ശിയുടെ ശാസനയില്‍ ലയിചില്ലാതായത് പുറകില്‍ അയാള്‍ക്ക്‌ നഷ്ടമായി.
 
 
സൈന്യവും അധികാര നേതൃത്വവും ആട്ടിന്‍ തോലണിഞ്ഞ ചെന്നായകളെപ്പോലെ ഇടനിലക്കാരും ചാവേറുകളെ സൃഷ്ടിച്ചു കൊണ്ടേയിരുന്നു.ക്ഷത്രിയ ധര്‍മം തുടര്ന്നു.വ്രത ശുദ്ധിയാല്‍ ചാവേര്‍ ദുരന്തങ്ങളില്‍ മരണമടഞ്ഞ വിശ്വാസികളുടെ ആത്മാക്കള്‍ സ്വര്‍ഗ്ഗ പ്രവേശനത്തിനായ് കാത്തു നിന്നു.അധികാരത്തിന്റെ ഇരുണ്ട അകത്തളങ്ങളിലെവിടെയോ സാത്താന്മാര്‍ അട്ടഹസിച്ചു കൊണ്ടിരുന്നു.
ഒരു മനുഷ്യ ജീവിതമെങ്കിലും രക്ഷിക്കണമെന്ന് ആഗ്രഹിച്ചു കണ്ടെടുക്കപ്പെട്ട സ്ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കപ്പെടുന്ന ദൌത്യത്തിനിടയില്‍ പൊട്ടിത്തെറിച്ചു അനാഥമായ കേരളക്കരയിലെ തന്റെ ഒരു സഹപ്രവര്‍ത്തകന്റെ ദുരന്തം കൂടി അയാളുടെ മനസ്സ് മുരടിപ്പിച്ചു.
 
ലൈലത്തുല്‍ ഖദുര്‍ എന്ന ഒറ്റ രാവ്‌ കൊണ്ട് ആയിരം മാസങ്ങളുടെ പുണ്ണ്യങ്ങള്‍ വിശ്വാസികള്‍ക്കായി ഭൂമിയില്‍ വിതറി ദൈവത്തിന്റെ മാലാഖമാര്‍ അദൃശ്യരായ് തന്നെ ഭൂമിയില്‍ നിലകൊണ്ടു.സാഹോദര്യ സ്നേഹത്തിന്റെ ഇഫ്താര്‍ വിരുന്നുകളും അമ്മുവിന്‍റെ കളി ചിരികളിലുമായി ക്ഷത്രിയന്റെ ജീവിതം പൊതുവേ ശാന്തമായ് തുടര്ന്നു.
പെരുന്നാള്‍ രാവിലേക്ക് രണ്ടു ദിവസം കൂടി.
 
ബസ്രയിലെ തൊണ്ണൂറു ശതമാനത്തോളം അനാഥമാക്കപ്പെട്ട ജനങ്ങളുടെ ഇടയിലേക്ക് ആഘോഷങ്ങളില്ലാതെ കടന്നു വരുന്ന ഒരു പെരുന്നാള്‍ കൂടി.പുറത്ത്‌ പാല്‍നിലാവ് മില്‍ഹാക്കുകളുടെ മേല്‍ക്കൂരകളിലേക്ക് പെയ്തു താഴെ ശോകം പോലെ നിഴല്‍ ഭൂമിയില്‍ പരന്നു നിന്നു.അമ്മുവിന് പെരുന്നാള്‍ ദിനത്തില്‍ ധരിക്കാന്‍ വാങ്ങിച്ച കുഞ്ഞുടുപ്പിലേക്ക് സ്നേഹത്തിന്റെ ഒരു മുത്തം കൂടി കൊടുത്തു മൈലാഞ്ചിപ്പൊടിയുടെ കൂടെ ഭദ്രമായി സൂക്ഷിച്ചു ശാന്തമായൊരു ഉറക്കിന്റെ പ്രതീക്ഷയിലേക്ക് ബസ്രയിലെ ക്ഷത്രിയന്‍ ഉറങ്ങാന്‍ കിടന്നു.
 
 
അമ്മത്ത മ്പുരാട്ടിയുടെ മടിയിലേക്ക്‌ തല ചായ്ചായിരുന്നു ഉറക്കിലേക്ക് വഴുതി വീണ സ്വപ്നം ആരംഭിച്ചത്.കാതടപ്പിച്ചു ഉഗ്രമായൊരു സ്ഫോടനം അമ്മത്തമ്പുരാട്ടിയെ സ്വപ്നങ്ങളിലെവിടെയോ നഷ്ടപ്പെടുത്തി.
 
കാമ്പിലെ മുകള്‍ത്തട്ടില്‍ നിന്നും അടര്‍ന്നു വീണ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ ദേഹത്തെ വിടെയോക്കെയോ നീറ്റലുളവാക്കിയിരുന്നു.വേച്ചു വേച്ചു പുറത്തിറങ്ങുമ്പോള്‍ കണ്ടത് കാമ്പിന്റെ തെക്ക് ഭാഗത്തുള്ള അഞ്ചാറു കെട്ടിടങ്ങള്‍ ഭാഗികമായി തകര്‍ന്നു വീണ കാഴ്ചയായിരുന്നു.
ചിതറിക്കിടക്കുന്ന പട്ടാളക്കാരുടെ കബന്ധങ്ങളും മറി കടന്നു മില്‍ഹാക്കിലേക്ക് വേച്ചു നടക്കുമ്പോള്‍ അമ്മു മാത്രമായിരുന്നു മനസ്സില്‍ .
 
ഉഗ്രമായ സ്ഫോടനത്തില്‍ മില്ഹക്കുകള്‍ മുഴുവന്‍ നിലം പൊത്തിയിരുന്നു.ഊഹം വെച്ച്‌ അമ്മുവും മുത്തശ്ശിയും താമസിച്ച ഭാഗത്തെക്കയാള്‍ വേച്ചു നടന്നു.തകര്‍ന്നു വീണ കട്ടകളുടെയും തടികളുടെയുമിടയില്‍ കുറച്ചു നരച്ച മുടി മണ്ണി നടിയിലായി പുറത്തേക്ക് ദൃശ്യമായിടത്തു ഒരു കുഞ്ഞു കൈ....കുറച്ചകലെയായി താനിന്നലെ സമ്മാനിച്ച മിട്ടായികളും അല്പം കടലകളും അവിടവിടെ ചിതറി ക്കിടന്നു .അല്പം അകലെയായി വയലറ്റ് നിറമുള്ള ആ കുഞ്ഞു ബാഗും.....
 
 
ജീവിതത്തില്‍ പല തവണ അനേകം ദുരന്തങ്ങള്‍ക്ക് സാക്ഷിയാവേണ്ടി വന്നപ്പോഴും കത്തിക്കരിഞ്ഞ ശരീരങ്ങള്‍ കണ്ടു മനസ്സ് മരവിച്ച ആ ക്ഷത്രിയന്‍ വാവിട്ടു കരയുകയായിരുന്നു.അമ്മുവിന്‍റെ വിയോഗം തീര്‍ത്ത ,,അവളുടെ തപിക്കുന്ന ഓര്‍മ്മകളാല്‍ വെന്തെരിഞ്ഞ ഹൃദയവുമായി അമ്മത്തമ്പുരാട്ടി കൊടുത്ത മനക്കരുത്തോടെ ബസ്രയിലെ ക്ഷത്രിയന്‍ ഇന്നും തന്റെ ക്ഷത്രിയ ധര്‍മ്മം നിര്‍വഹിച്ചു കൊണ്ടിരിക്കുന്നു..

7 comments:

ശിഖണ്ഡി said...

വളെരെ ഇഷ്ട്ടമായി...
യുദ്ധഭൂമിയിലെ ആ അന്തരീഷം, എത്ര ഭീകരമാണ്.
എത്ര എത്ര നിരപരാതികള്‍.....

റശീദ് പുന്നശ്ശേരി said...

കദന കഥ മനോഹരമായി പറഞ്ഞു

Admin said...

കഥ നന്നായിട്ടുണ്ട്. കഥകള്‍വായിക്കാന്‍ ഇഷ്ടമാണെങ്കില്‍ എന്റെ ബ്ലോഗ് സന്ദര്ശിക്കൂ. അഭിപ്രായം പറയൂ.
http://sahithyasadhas.blogspot.com

ശ്രീജിത്ത് said...

നന്നായിട്ടുണ്ട്.

Absar Mohamed : അബസ്വരങ്ങള്‍ said...

നന്നായിട്ടുണ്ട്...

shahjahan said...

thanks to all...

കൊമ്പന്‍ said...

യുദ്ധ ഭൂമിയിലൂടെ ധാര്‍മികതയില്‍ ഉറച്ചു നിന്ന മനുഷ്യന്റെ കഥ നന്നായി പറഞ്ഞു