മരുഭൂമിയില് നിന്നും വീശിയടിച്ച കനമുള്ള ഒരു കാറ്റ് വെയര് ഹൌസിന്റെ ഇരുമ്പ് വാതിലിന്മേല് ഊക്കോടെ ആഞ്ഞടിച്ച ശബ്ദം ആദിലിനെ ചിന്തകളില് നിന്നും യാഥാര്ത്യത്തിലേക്ക് തെളിച്ചു കൊണ്ട് വന്നു .വളരെ പതിഞ്ഞ സ്വരത്തില് അവനെന്നോട് കഥകള് പറഞ്ഞു കൊണ്ടിരുന്നു .അവന്റെ ജീവിത കഥകള്,ഗ്രാമത്തിന്റെ കഥകള് ,പ്രണയ നൈരാശ്യത്തിന്റെ കഥകള് .
ആദില് ശുഐബി എന്നാണു അവന്റെ യഥാര്ത്ഥ പേര് .അനേകം പ്രവാചകന്മാരുടെ പാദ സ്പര്ശമേറ്റ് പുണ്യമായ, ചരിത്രങ്ങളുറങ്ങുന്ന ,പഴവര്ഗങ്ങളും പച്ചക്കറികളും വിളയുന്ന, യമനിലെ ഏതോ ഒരു ഉള് ഗ്രാമത്തിലാണ് ആദില് ജനിച്ചതും വളര്ന്നതും .അറബിയില് മത പഠനമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം .ബാപ്പ ഗ്രാമത്തിലെ കവലയില് പിച്ചാത്തി വില്പനക്കാരനായിരുന്നു .
നിന്നോട് ഞാന് എന്റെ കഥ പറയാം .ഏതോ മുജ്ജന്മ ബന്ധം നമ്മള് തമ്മിലുണ്ടായിരിക്കാം .അത് കൊണ്ടായിരിക്കാം നീയെനിക്ക് സഹോദരനായി തോന്നുന്നതും .എന്റെ പൂര്വ്വികര് യമനിലെ ഹദര മൌത്തില് നിന്നും കച്ചവടത്തിന്നായി മലബാറിലേക്ക് പത്തെമാരിയില് യാത്ര ചെയ്തു കോഴിക്കോട് കാപ്പാട് തീരത്ത്
എത്തിച്ചെര്ന്നിരിക്കാം .എന്റെ ആ പിത്രുവ്യരില് ആരെങ്കിലും ആയിരിക്കാം നിന്റെയും ഉപ്പൂപ്പമാര് .
ആദില് പതിയെ പറഞ്ഞു കൊണ്ടേയിരുന്നു .ഗൃഹാതുരതകള് അവന്റെ മുഖത്തു പലഭാവങ്ങള് പകരുന്നത് കൌതുകത്തോടെ ഞാന് നോക്കി നിന്നു.വെയര് ഹൌസിനു പുറത്തു ഒരു മണല്കൂന ആദിലിന്റെ വാചാലതയില് ലയിച്ചിരുന്നു .
തീരെ ചെറിയൊരു ചുഴലിക്കാറ്റു മണല്ത്തരികളെ ഒരു രേഖാ ചിത്രം പോലെ എഴുന്നേറ്റു നിര്ത്തി വീണ്ടും ഭൂമിയില് നിക്ഷേപിച്ചു
ആദില് കുട്ടിക്കാലം മുതല് ബാപ്പയെ പിചാത്തിക്കടയില് സഹായിച്ചു പോന്നു .വൈകുന്നേരങ്ങളില് കുടുംബ സ്വത്തായ ആട്ടിന് പറ്റങ്ങളെ വീടിനു പുറകിലെ പച്ചക്കറി ത്തോട്ടങ്ങളില് മേച്ചു നടന്നു.വിശാലമായ പച്ചക്കറി ത്തോട്ടങ്ങളില് ആട് മേച്ചു നടന്ന ഒരു വൈകുന്നേരമാണ് ലൈലയെ കണ്ടുമുട്ടുന്നത് .കാലം കൌമാരം അവളില് കൈയൊപ്പ് ചാര്ത്തുന്നതെയുള്ളൂ .പുളിങ്കുരു കണ്ണുകളില് പ്രണയത്തിന്റെ നീര്മാതള പ്പൂക്കള് ആദില് വായിച്ചെടുത്തു .
ചുരുങ്ങിയ നാളുകള്ക്കുള്ളില് അവരിരുവരും അന്യോന്യം പ്രണയിക്കാന് തുടങ്ങിയിരുന്നു .ഒരിക്കലും അവര് തമ്മില് ഒരു വാക്ക് പോലും മിണ്ടിയില്ല .
ആദിലിന്റെ മുഖം വിവര്ണ്ണമായി .വിരഹം ശോണിമയായി വീണ്ടും ആ മുഖത്തെ നിര്വികാരനാക്കി.നിര്‍വികാരനാക്കി
ആടുകളെ സ്വതന്ത്രമായി മേയാന് വിട്ടു പച്ചക്കറി ശുശ്രൂഷിക്കുന്ന ലൈലയെ ആദില് നിര്ന്നിമേഷനായി നോക്കി നില്ക്കും. പുളിങ്കുരു കണ്ണുകളില് ആവോളം പ്രണയം നിറചു അവളും ആദിലിനോട് ചേര്ന്ന് നില്ക്കും .പച്ചക്കറി ത്തോട്ടങ്ങളിലെ പൂക്കളും പൂമ്പാറ്റകളും അവരുടെ നിശബ്ദ പ്രണയത്തില് പങ്കു ചേര്ന്നു.
ഇന്ന് ഒരു രാത്രി നീയെന്റെ കൂടെ താമസിക്കുമോ ? എന്ന ആദിലിന്റെ അഭ്യര്ത്ഥന സ്നേഹ സമ്രുണമായ ജേഷ്ഠ സഹോദരന്റെ അപേക്ഷ പോലെ നിരസിക്കാന് എനിക്ക് കഴിഞ്ഞില്ല .ആദില് എന്നെ കെട്ടിപിടിച്ചു .
കഥയുടെ വിളനിലങ്ങള് തേടിയലഞ്ഞ മനസ്സിന്റെ ദാഹം തീര്ക്കാനാണ് ഞാനീ വ്യാഴാഴ്ച വൈകുന്നേരം അല്ഖോബാരില് നിന്നും പത്തിരു നൂറു കിലോമീറ്ററുകള് യാത്ര ചെയ്തു ആദിലിനടുത്തെത്തിയത്.സ്പോന്സരുടെ വീട്ടില് ഒരു വിരുന്നിനിടെ ആദിലിനെ ഞാന് പരിചയപ്പെടുകയായിരുന്നു .സംസാരങ്ങളില് ഞാനറിഞ്ഞത് ആദില് ജൂബൈലിലെ മരുഭൂമിതുടങ്ങുന്നിടത്തു സ്പോന്സരുടെ വെയര് ഹൌസ് കാവല്ക്കാരനാണെന്നു.
നാളെ വെള്ളിയാഴ്ച ഒഴിവു ദിനമാണ് .ഇന്ന് രാത്രി ആദിലിന്റെ കഥകളില് ലയിച്ചെനിക്ക് ഉറങ്ങണം .
ആദില് ഫ്ലാസ്കില് നിന്നും ഏലക്കായ പൊടിച്ചുണ്ടാക്കിയ സുലൈമാനി ഗ്ലാസ്സിലേക്ക് പകര്ന്നു തന്നു .കൂടെ ജൂബൈലിലെ ഈന്തപ്പനതോട്ടത്തില് നിന്നും പറിച്ചെടുത്ത സ്വര്ണ നിറത്തിലുള്ള പഴുത്തു തുടങ്ങിയ കാരക്കയും .
പുറത്ത് കാറ്റ് ശമിച്ചു .വെയര് ഹൌസിനു പിന്നില് മരുഭൂമിയില് മണല്ക്കൂനകള് തണുത്തുറഞ്ഞു . മണല് നിറമുള്ള ഉടുമ്പുകള് മണല് മാളങ്ങളില് നിന്നും തല പുറത്തേക്കിട്ടു .
ആദില് ക'അബയുടെ ചിത്രം തുന്നിയ വലിയൊരു കാര്പെറ്റു മണലില് വിരിച്ചു .തറയിലിരുന്നു കൈവെക്കുവാന് വേണ്ടി രണ്ടു തടുക്കുകളില് ഒന്നെനിക്കിട്ടു തന്നു .പിന്നെ ഒരു കപ്പു ഗഹുവ രുചിയാസ്വദിച്ചു കൊണ്ട് ഒരു കവിള് കുടിച്ചു .
ആദില് തുടര്ന്നു.ഗ്രാമത്തില് അന്ന് ചന്തയായിരുന്നു. മറ്റു പ്രദേശങ്ങളില് നിന്നും വിളവെടുത്ത പച്ചക്കറികളും ആടുമാടുകളെയും ക്രയവിക്രയത്തിനായി ആഴ്ച്ച്ചയിലൊരു ദിനം ഗ്രാമീണര് ഈ ചന്തയില് ഒത്തുചേരും .
പിച്ചാത്തികളുടെ വില പേശല്കള്ക്കിടയില് എന്തോ തര്ക്കം മൂത്ത് ഒരു ഗ്രാമീണന് ആദിലിന്റെ ബാപ്പയെ കുത്തി തിരക്കിലെക്കോടി മറഞ്ഞു.ആദിലിന്റെ കൈയില് കിടന്നു പ്രിയ ബാപ്പ മരിച്ചു.പ്രതികാര ചിന്ത ആദിലിനെ ഉന്മാദനാക്കി.കുറച്ചു ദിവസങ്ങള്ക്കുള്ളില് ബാപ്പയുടെ സുഹൃത്തുക്കളിലൂടെ ഞെട്ടിക്കുന്ന ആ സത്യം ആദിലറിഞ്ഞു .ഏതോ കാരണത്താല് പിതാവിനെ കൊന്ന ഗ്രാമീണന്റെ പിതാവിനെ തന്റെ ബാപ്പയുടെ കൈകളാല് വര്ഷങ്ങള്ക്കു മുമ്പ് കൊലചെയ്യപ്പെട്ടിരുന്നു
ആദില് അവസരം പാര്ത്തിരുന്നു .ആദിലിന്റെ മുഖം ക്രൂരമായിത്തീര്ന്നു .കഥ പറയുമ്പോള് നേരത്തെ കണ്ട പ്രണയ ഭാവം എവിടെയോ നഷ്ടപ്പെട്ടിരുന്നു .
മണല് മാളത്തില് സുരക്ഷിതത്വം തിരഞ്ഞ മണ്ണെലിയെ ഒരുടുമ്പ് പിടിച്ചു തിന്നു .മണല്ക്കൂനക്ക് മുകളില് പെണ്ണുടുമ്പ് ശല്കം പൊഴിച്ചിട്ടു .
സുരക്ഷിതത്വം തേടി ആദില് പച്ചക്കറിപ്പാടങ്ങള്ക്ക് അതിര്ത്തി കാത്ത പര്‍വതങ്ങളില്‍ അലയാന് തുടങ്ങി .കുറുക്കന്മാര് വിസര്ജ്ജിച്ച പനങ്കുരുകള് ഉണങ്ങിത്തുടങ്ങിയ പര്വ്വതത്തിന്റെ പള്ളയില് താല്കാലിക കൂടാരം പണിതു .കുറച്ചു നാളത്തേക്കുള്ള ഭക്ഷണം ശേഖരിച്ചു .ഉന്മാദം ആദിലിനെ പിശാചാക്കി .
ചന്ത കൂടിയ മറ്റൊരു ശനിയാഴ്ചയില് തന്റെ ബാപ്പയെ കൊന്ന അതെ കത്തികൊണ്ട് ആദില് തന്റെ ബാപ്പയുടെ ഘാതകനെ വകവരുത്തി. യാതൊരു വികാര ഭേദങ്ങളുമില്ലാതെ നിര്‍ വികാരനായി പര്‍വ്വത പള്ളയില് ഉറങ്ങി .
ഭക്ഷണം തീര്ന്നു തുടങ്ങിയപ്പോള് സൗദി അറേബ്യയുടെ ദിക്ക് നോക്കി പര്‍വത ങ്ങളിലൂടെ സാഹസികമായി യാത്ര തുടങ്ങി .അതിര്ത്തി ഗ്രാമമായ ജീസാനില് അതിര്ത്തി പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ചു എത്തിച്ചേര്ന്നു .
യാത്രാ രേഖകള് ഒന്നുമില്ലാതെ പല ജോലികള് ചെയ്തു അവസാനം ഞങ്ങളുടെ സ്പോന്സരുടെ കീഴില് തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നു ഒന്നിനോടും പരിഭവമില്ലാതെ
ആദില് വിശ്വസിക്കുന്നു ;യാത്ര പോലും പറയാതെ പച്ചക്കറിപ്പാടത്ത് ഉപേക്ഷിക്കപ്പെട്ട ലൈല ഇപ്പോഴും
കാത്തിരിക്കുന്നുണ്ടാവാം .ഗ്രാമത്തിലേക്ക് തനിക്കിനി മടങ്ങാന് കഴിയില്ല .അഥവാ മടങ്ങിയാലും ഇനിയുമോരാല് തനിക്കായി
ഒരു കൊലക്കത്തി സൂക്ഷിക്കുന്നുണ്ടാവാം .
എങ്കിലും ലൈലാ ഞാന് നിന്നോട് മാപ്പ് ചോദിക്കുന്നു .മൌനത്തില് പ്രണയം നിറച്ചു ഞാന് നിന്ക്കെരിഞ്ഞു തന്നതിന്.പുളിങ്കുരു കണ്ണുകളില് വസന്തം വിരിയിച്ചതിനു,ഒരിക്കല് പോലും ഞാന് നിന്നെ പ്രണയിച്ചിരുന്നുവെന്നു കാതില് ചൊല്ലാതിരുന്നതിനു,
മറ്റൊരു ആദില് നിന്നെ പരിണയിച്ചു ,പ്രണയിക്കട്ടെ
ആദിലിന്റെ കണ്ണുകള് നിറഞ്ഞൊഴുകി .
മണലില് കാര് പെറ്റില് തന്നെ കിടന്നു ആദില് കൂര്ക്കം വലിച്ചുറങ്ങി .നിലാവില് സ്വപ്നങ്ങളില് മാറുന്ന ആദിലിന്റെ മുഖം എന്നെ അസ്വസ്ഥനാക്കി .
ആദിലിന്റെ കഥകള് എന്റെ മനസ്സിലെ കഥയുടെ വില നിലങ്ങളില് പൂത്തു തളിര്ത്തു. മണല് എലികളെ തിന്നു
വീര്ത്ത വയറുമായി മണല് ഉടുമ്പുകള് മണല് മാളങ്ങളില് സുഖ സുഷുപ്തിയിലാണ്ടു..,...
1 comment:
ഇതിനു തേങ്ങ ഞാന്‍ തന്നെ ഉടക്കണോ? ഷാജഹാന്റെ ഈ പ്രണയ കഥ വായിച്ചിട്ടുണ്ട്. നന്നായി.പിന്നെ ചില്ലക്ഷരങ്ങള്‍ ശരിയാവാന്‍ ബ്രൌസര്‍ മോസില്ലയുടെ ഫയര്‍ ഫോക്സാണ് നല്ലതെന്നു തോന്നുന്നു. അതു പോലെ റ്റൈപിങ്ങിനു കീമാനല്ലെ ഉപയോഗിക്കുന്നത്?
Post a Comment