Friday, June 1, 2012

മെയ്‌മാസ പുഷ്പം

തിവില്ലാത്ത വിധം അറബ് വംശജനായ മാനേജര്‍ ഞാനും ഇസാമും ഇരുന്ന കാബിനിലിലേക്ക് പലതവണ എത്തിനോക്കി തിരിച്ചുപോകുന്നത് എന്നില്‍ ഒരുതരം അത്ഭുതമാണ് ഉളവാക്കിയത്.

സാധാരണയായി എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ തരാനോ,അഭിപ്രായങ്ങള്‍ ആരായാനോ ഇസാമിനെ അദ്ദേഹത്തിന്റെ  മുറിയിലേക്ക് വിളിപ്പിക്കാറാണ്  പതിവ്.എന്നാല്‍ ഇന്ന് മൂന്നോനാലോ തവണയാണ് അദ്ദേഹം ഞങ്ങളുടെ കാബിനില്‍ എത്തി നോക്കി പോയത്.

ഇസാം മറ്റേതോ ലോകത്തായിരുന്നു.വരുന്ന ഏതാനും വാരങ്ങള്‍ക്കുള്ളില്‍ അവധിക്കാലം ആസ്വദിക്കാന്‍ മാതൃ രാജ്യത്തേക്കുള്ള യാത്രയുടെ തയാറെടുപ്പില്‍. അവന്റെ ഇത്തവണത്തെ യാത്രക്ക് അവന്റെ ഏഴു വര്‍ഷത്തെ പ്രണയ സാഫല്യത്തിന്റെത് കൂടിയാണെന്നതായിരുന്നു അവനെ കൂടുതല്‍ ആഹ്ലാദവാനാക്കിയത്.
 അറബ് വംശജനെങ്കിലും ഒരര്‍ദ്ധസഹോദരനായോ കൂടപ്പിറപ്പായിത്തന്നെയോ ഹുനൂദായ എന്നെയും ഇസാം കണ്ടിരുന്നത്.

ഗൃഹാതുരത ,പ്രണയം,കുട്ടിക്കാലത്തെക്കുറിച്ചുമെല്ലാം വാചാലനാവുമ്പോഴും ,സംഭാഷണങ്ങള്‍    ഈയടുത്തായി ഉരുത്തിരിഞ്ഞു  വന്ന പുതിയ രാഷ്ട്രീയ അജണ്ടകളുടെ പ്രതിഫലനമെന്നോണം സംഭവിക്കുന്ന ഭരണകൂട ഭീകരതയെക്കുറിച്ചാ വുമ്പോള്‍   അവന്‍ മൌനിയാകാറാണ്  പതിവ്.

ഇരുളിന്റെ മറവിലിരുന്ന് വെടിയുതിര്‍ത്തവര്‍ പകല്‍പോലും ഏതു നിമിഷത്തിലും സഹജീവികളുടെ ജീവനെടുക്കുന്നത് ഏതു പ്രത്യയശാസ്ത്രത്തിന്റെ പേരിലാണെന്ന ഇസാമിന്റെ ചോദ്യങ്ങള്‍ക്ക് എന്നില്‍നിന്നും മറുപടി ഉണ്ടാവില്ല  എന്നറിഞ്ഞിട്ടും പ്രത്യാശയോടെ അവനെന്നെ നോക്കാറുണ്ടായിരുന്നു.

''കൊല്ലുന്നവനും ,കൊല ചെയ്യിക്കുന്നവനും കൊല്ലപ്പെടുന്നവനും,മരണമെന്ന അനുഭവം ഒന്ന് തന്നെ. സ്വര്‍ഗ്ഗവും നരകവും പകുത്തെടുക്കാന്‍ ഓരോ ആത്മാവും അന്ത്യ വിധിയുടെ നാളിനായി നിതാന്തമായ കാത്തിരിപ്പ്.''ഇസാം പിറുപിറുത്തു.''

ഇസാം കണ്ടിട്ടില്ലാത്ത ഏറ്റവും ഇളയഅനുജന് അവന്‍ ശേഖരിച്ച വസ്ത്രങ്ങളുടെ പാകതയെക്കുറിച്ചുള്ള സംശയം എനിക്കില്ലാതെ പോയ അനുജനോടുള്ള സ്നേഹം നിറഞ്ഞ അസൂയയില്‍ ലയിച്ചില്ലാതായി.

ചൂടും ,മഴയും ,ശൈത്യവും .അനുഭവപ്പെട്ട മറ്റുമാസങ്ങളില്‍ നിന്നും ഊര്‍ജ്ജം  പകര്‍ന്നതാവാം  കൊടുംചൂടിലും പുഷ്പിച്ചു നില്‍ക്കാന്‍ ആ മരത്തിനു പ്രചോദനമേകുന്നത്?. ഓഫീസിന്റെ ഇരുണ്ട ജാലകത്തിന് പുറത്ത്‌ കത്തുന്ന വെയിലിലും പുഷ്പിച്ചു നിന്ന മേയ്മാസ പുഷ്പത്തിന്റെ രക്തനിറം  ജാലകത്തില്‍ കുടഞ്ഞിട്ടപോലെ തോന്നി.

മധ്യാഹ്നപ്രാര്‍ത്ഥനയുടെ വിളംഭരമറിയിച്ചു  അടുത്ത ദേവാലയത്തില്‍ നിന്നും ബാങ്ക്വിളി  മുഴങ്ങിയപ്പോഴാണ്   ഇസാം പുറത്തേക്ക് പോയ സമയംനോക്കി  മാനേജര്‍ എന്നെ മുറിയിലേക്ക് വിളിപ്പിച്ചത്.

ഭരണകൂടഭീകരതയുടെ ഇരകളായി , ഇസാമിന്റെ കുടുംബത്തിനു നേരിട്ട അതിദാരുണദുരന്തം മാനേജറില്‍ നിന്നും അറിഞ്ഞ ഞാന്‍ തളര്‍ന്നിരിക്കുമ്പോള്‍ ,പുറത്ത്‌ ഭ്രാന്തമായ ഒരലര്‍ച്ചയോടെ തെരുവിലേക്ക് ഇറങ്ങിയോടിയ ഇസാമിനെ പിന്തുടരാന്‍ കഴിയാതെ സഹപ്രവര്‍ത്തകരും നിസ്സഹായരായി നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

3 comments:

Minu Prem said...

സിറിയയില്‍ നടന്ന കൂട്ടകൊല....മനസ്സില്‍ നൊമ്പരം ഉണര്‍ത്തും വിധം ഇസാമിന്റെ സ്വപ്നങ്ങളിലൂടെയും നൊമ്പരങ്ങളിലൂടെയും നന്നായി പറഞ്ഞു...


കഥാകൃത്തിനു ആശംസകള്‍...

ajith said...

ചോരയുടെ നിറം ചുവപ്പ്....എല്ലായിടത്തും.

മണ്ടൂസന്‍ said...

ചോരയുടെ ചുവപ്പറിയിപ്പിക്കുന്ന പൊസ്റ്റ്. ഞാൻ ഈസ്റ്റ് കോസ്റ്റ് പോസ്റ്റിൽ അഭിപ്രായം പറഞ്ഞിരുന്നു. ആശംസകൾ.