Tuesday, April 24, 2012

ആദമും ശ്രേയയും പിന്നെ പൌര്‍ണ്ണമിയും..

ദം നീയെന്നെ ഉപേക്ഷിച്ചു പോകരുത്.”ശ്രേയ വിതുമ്പി .“ഇല്ല ശ്രേയാ
എനിക്കു പോവാതിരിക്കാൻ കഴിയില്ല.''ആദം പറഞ്ഞു.

എനിക്കേറ്റവും ഇഷ്ടപ്പെട്ടവരുടെ വേർപാടുകളാണു എന്റെ സങ്കടങ്ങലുടെ പൊരുൾ“ശ്രേയ പതിഞ്ഞ സ്വരത്തിൽ വീണ്ടും പുലമ്പി.

''ഇത്രയും കാതം താണ്ടി ഞാനെത്തിയത് നിന്റെ സങ്കടം കാണാനായിരുന്നില്ല''.

ആദം അല്പം ഉറക്കെ പറഞ്ഞു . ''കഴിയില്ല ആദം ഇഷ്ടമുള്ളവരുടെ വേർപാട് വീണ്ടുമെന്നെ വിഷാദയാക്കും''.

അവൾ വീണ്ടും വിതുമ്പി.

മൌനം വളരെ കുറഞ്ഞ നിമിഷത്തേക്കായിരുന്നുവെങ്കിലും ഒരു നൂറ്റാണ്ടിന്റെ ദൈർഘ്യം

ആ അല്പ നിമിഷത്തിനുണ്ടെന്നു അവർക്കു തോന്നി.നേരം വൈകിയിരുന്നു.പതിവു യാത്രികരെ അക്കരയാക്കി തോണിക്കാരൻ പുഴക്കരയിലെക്കിറങ്ങി നിന്ന വഴിയിലൂടെ യാത്രയായി.

”ഒരു വിരലനക്കത്തിനപ്പുറം ഞാനുണ്ടാവും''.ആദം പറഞ്ഞു.

“ഉം ”ഒരു മൂളലായിരുന്നു ശ്രേയയുടെ മറുപടി.ശ്രേയയുടെ കൈത്തലം തണുപ്പായിരുന്നു അവളുടെ സ്ഥായിയായ വിഷാദം പൊലെ.

“ശ്രേയാ നിന്റെ കൈത്തലം തരൂ” ആദം അപേക്ഷിച്ചു

“ഇതാ” അവൾ തന്റെ കൈത്തലം നീട്ടി.ആദം അതെടുത്തു തന്റെ ചൂടുള്ള ഹൃദയത്തിൽ വെച്ചു തണുപ്പകറ്റി.''ഇന്നു പൌർണ്ണമിയാണു'' അവൾ മൊഴിഞ്ഞു.

''എന്റെ മനസ്സിൽ കറുത്ത വാവും''.ആദം പ്രതിവചിച്ചത് മനസ്സിലായിരുന്നു.പക്ഷെ വാക്കുകൾ പുറത്തു വന്നത് അയാളറിഞ്ഞില്ല.


പുഴയിലേക്കു ചാഞ്ഞിരുന്ന പേരറിയാ മരത്തിൽ നിറയെ മഞ്ഞപ്പൂക്കളായിരുന്നു.പൌർണ്ണമി നിലാവ് മഞ്ഞപ്പൂക്കളുടെ ഇടയിൽ തളിര്‍ത്തു നിന്ന ഇലകൾക്കു വെള്ളി നിറം നല്കി.

“നിന്റെ കണ്ണുനീരാണു എന്റെ യാത്രക്കു തടസ്സം.'' അവളുടെ നിറഞ്ഞു തൂവിയ കണ്ണുകളിലെക്കു നിലാവ് ചിതറി നിന്നു.പുഴയിൽ വീണ പൂർണ്ണ ചന്ദ്രന്റെ പ്രതിബിംബത്തിലേക്ക് പൂമരം തന്റെ അല്പം മഞ്ഞപ്പൂക്കൾ കുടഞ്ഞിട്ടപ്പൊൾ വെള്ളത്തിലലിഞ്ഞു ചേര്‍ന്ന പ്രതിബിംബം പൂർവ്വ സ്ഥിതി പ്രാപിച്ചു.

''ഈ പുഴയും ഒരു മരുഭൂമിയായി പരിണമിക്കുന്നത് ഞാൻ സ്വപ്നം കണ്ടത് ,ആയുസ്സിന്റെ പകുതിയും മണല്ക്കാടു താണ്ടി ശോഷിച്ച എന്റെ പ്രണയത്തിന്റെ സാക്ഷ്യ പത്രമാണു''.

ആദം പിറുപിറുത്തു.പുഴയിലെ ചന്ദ്രന്റെ പ്രതിബിംബം കോരിയെടുക്കാൻ ശ്രേയക്കു കഴിഞ്ഞില്ല.ഓരൊ പ്രാവശ്യവും ശ്രമം തുടരുമ്പൊൾ വെള്ളത്തിൽ പരന്നു ആകൃതി നഷ്ടപ്പെടുന്ന പ്രതിബിംബം നോക്കി ശ്രേയ കരഞ്ഞു.പൂമരത്തിനു പുറകിൽ തോണിക്കാരൻ ഒളിപ്പിച്ചു വെച്ച പങ്കായം ആദം വീണ്ടെടുത്തിരുനു.

''യാത്ര പറയാതെ പോകുക .ഞാൻ പുറം തിരിഞ്ഞു നില്ക്കും''

അവൾ ആദമിന്റെ മുഖത്തേക്കു നോക്കാതെ പറഞ്ഞു.

പുഴക്കരയും ചെറു താഴ്വാരങ്ങളും പുറകിലെക്ക് ഉയർന്നുയർന്നു രൂപം കൊണ്ട കുന്നുകൾക്കു മുകളിൽ കറുത്തിരുണ്ട മഴ മേഘങ്ങള്‍ പ്രത്യക്ഷപ്പെടാൻ തുടങ്ങിയപ്പൊൾ പൂർണ്ണ ചന്ദ്രന്റെ പ്രതിബിംബം പുഴയുടെആഴങ്ങളിലെവിടേയൊ നഷ്ടപ്പെട്ടിരുന്നു..

പേരറിയാ മരത്തിന്റെ ചുവട്ടിൽ മഴയോടൊപ്പം പെയ്ത മഞ്ഞപ്പൂക്കളുടെ ശയ്യയിൽ അവർ ചേർന്നു കിടന്നു.''കാതങ്ങൾ താണ്ടി നീ തിരിച്ചു വന്ന മരുഭൂമിയിലെത്തും വരെ ഈ രാവു മുഴുവൻ ഞാൻ ഉറങ്ങാതെ കാത്തിരിക്കാം''. ശ്രേയ പറഞ്ഞു..

ആദം പുഴയിൽ മരുഭൂമി കാണുകയായിരുന്നു.മഴ നനഞ്ഞീറനായ അവളുടെ മുടിയില്‍ ആദം മരുഭൂമി മണത്തു.പിന്നെ പുഴയിലേക്കിറങ്ങി നിന്നു.

പുഴയുടെ നടുക്കായിരുന്നു ആദമപ്പൊൾ. മരുഭൂമിയിൽ തോണിയുടെ ആവശ്യകതയെ അയാളുടെ മനസ്സു നിരസിച്ചു.പുഴയുടെ ആഴങ്ങളിൽ അപ്രത്യക്ഷമായ ചന്ദ്രന്റെ പ്രതിബിംബം തേടി ആദമെറിഞ്ഞ പങ്കായം യാത്രയായിരുന്നു.ആദം തോണിയു പേക്ഷിച്ച് മരുഭൂമിയിലെക്കിറങ്ങിയിരുന്നു.

പൂമരത്തിനു ചുവടെ ഉറങ്ങാതെ കിടന്ന ശ്രേയയുടെ കൈതലത്തിലെ തണുപ്പ് ശരീരം മുഴുവൻ വ്യാപിച്ചു.പുഴക്കരെ യാത്രികർ ആരവം തുടങ്ങി.ഇക്കരെ തുഴയാൻ പങ്കായമില്ലാതെ തോണിക്കാരൻ നിസ്സഹായനായി നിന്നു.

''എന്റെ യാത്രയുടെ കഥ ഇവിടെ തുടങ്ങുന്നു''.ആദം പറഞ്ഞു.

''കഥയ്ക്കും കഥാപാത്രങ്ങൾക്കും ഞാൻ പേരിടാം ''.ശ്രേയ പ്രതിവചിച്ചു .

പുഴക്കരയിൽ മഴ പെയ്തൊഴിഞ്ഞ ആകാശവും പെയ്തു തീർന്ന പൂമരവും വീണ്ടും തെളിഞ്ഞു നിന്ന പൌർണ്ണമിയിൽ കുളിച്ചു നിന്നു..

8 comments:

ഷാജി പരപ്പനാടൻ said...

കൊതിപ്പിക്കുന്ന എഴുത്ത്..മഴയും, നിലാവും,പുഴയും, തോണിയും ഒക്കെയായി പ്രണയത്തെ പങ്കു വെച്ചതിനു നന്ദി

Pradeep Kumar said...

ഷാജി പറഞ്ഞതുപോലെ മനോഹരമായ രചന. ഇഷ്ടപ്പെട്ടു.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇഷ്ടമായി; കാൽ‌പ്പനികതയുടെ കുപ്പായമിട്ട ഇക്കഥ.

ചന്തു നായർ said...

നല്ല എഴുത്തിനു എന്റെ ഭാവുകങ്ങൾ

© Mubi said...

ഇഷ്ടായിട്ടോ...

ajith said...

ഇഷ്ടമായി. ഈ ആദമെന്ന പേരൊരു അപരിചിതത്വം പോലെ തോന്നിയെന്ന് മാത്രം ഒരു കുറ്റം പറയട്ടെ..!!

Rainy Dreamz ( said...

ഇഷ്ടായി.... നല്ല രസമുള്ളൊരു വായന തന്നു....

''യാത്ര പറയാതെ പോകുക .ഞാൻ പുറം തിരിഞ്ഞു നില്ക്കും''

ഒരു സുന്ദര സ്നേഹമായ് ....

ഷാജു അത്താണിക്കല്‍ said...

പ്രണയമേ നീ ഇങ്ങനെ വേനലായി മഴയായ്

ആശംസകൾ പ്രിയാ