Wednesday, November 2, 2011

പായല്‍പച്ച

ചുവരിലെ പായല്‍പച്ചയില്‍ മുഖം ചേര്‍ത്തു വെച്ച് തണുപ്പ് ആസ്വദിക്കുകയായിരുന്നു ഹാഷ്മി.പടവുകള്‍ അടര്‍ന്നു തുടങ്ങിയ കുളത്തിലെ പരല്‍മീനുകളെ നോക്കി നന്ദുവും.

''നന്ദൂ നീ അച്ഛനോട് പറയുമോ ഞാനിനി ഇവിടെ താമസിക്കുമെന്ന്?'' ഹാഷ്മി പൊടുന്നനെ നന്ദുവിനോട് ചോദിച്ചു.

അവന്റെ സ്വരം  പതറിയിരുന്നുവെന്ന്  നന്ദു അറിഞ്ഞു.

അബുദാബിയില്‍ മുസ്സഫയിലെ ഫ്ലാറ്റില്‍ ഒറ്റ മുറിയിലെ വിരസതയും ഏകാന്തതയും എല്ലാം ഹാഷ്മിയുടെ മനസ്സ് മുരടിപ്പിച്ചു.
സ്കൂളിനു അവധിയായ പത്തു ദിനങ്ങള്‍ അങ്ങിനെയാണ് മാതാ
പിതാക്കള്‍ക്കൊപ്പം ഹാഷ്മി നാട്ടിലെത്തിയത്.

വിശാലമായൊരു ലോകം ,പൂക്കളോടും കിളികളോടും കിന്നാരം പറഞ്ഞും നന്ദു എന്ന സമപ്രായക്കാരനോടൊപ്പം കുളത്തില്‍ നീരാടിയും അവന്‍ തന്റെ സ്വാതന്ത്ര്യം ആഘോഷിച്ചു.

ഇനി രണ്ടു നാളുകള്‍ കൂടി.വീണ്ടും അബുദാബിയിലേക്ക് .വീണ്ടും തങ്ങളുടെ കുടുസ്സു മുറിയില്‍.

മുറ തെറ്റാതെ രാവിലെ സ്കൂളിലേക്ക്.വൈകീട്ട് വീണ്ടും സ്കൂള്‍ ബസ്സില്‍ കുടുസ്സു മുറിയിലേക്ക്.അടുത്തൊരു സൂപര്‍ മാര്‍ക്കറ്റില്‍  കാഷ്യറായ ഉമ്മ ഹാഷ്മി വീട്ടിലെത്തി പിന്നെയും മൂന്നു മണിക്കൂര്‍ കഴിഞ്ഞാണ് വീട്ടിലെത്തുക.

ദൈനംദിന തിരക്കുകളിലേക്ക് ഉമ്മ മുഴുകാന്‍ തുടങ്ങുന്ന ഒറ്റയാകുന്ന വിരസതക്കൊടുവില്‍ മിക്കവാറും ഉറങ്ങിയതിനു ശേഷമായിരിക്കും ഉപ്പ വീടണയുക.ആകെ കിട്ടിയിരുന്നൊരു വെള്ളിയാഴ്ച ,ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഉപ്പ പലപ്പോഴും അതിന്നായി മാറ്റി വെച്ചിരുന്നു എന്നതായിരുന്നു യാഥാര്‍ത്ഥ്യം.

നന്ദുവിന്റെ അച്ഛന്‍ അയല്‍വാസിയും ഹാഷ്മിയുടെ ഉപ്പയുടെ ബാല്യകാല സുഹൃത്തുമായിരുന്നു.അതുകൊണ്ട് തന്നെ നന്ദുവിന്റെ അച്ഛന്‍ പറഞ്ഞാല്‍ ഉപ്പ സമ്മതിക്കുമെന്ന് ഹാഷ്മി വിശ്വസിച്ചു.

നന്ദുവിന്റെ കുഞ്ഞുപെങ്ങള്‍ വളര്‍ത്തിയ ചെണ്ടുമല്ലി പ്പൂക്കളുടെ 
നിബിഡ ത യിലേക്ക് കരിവണ്ടുകള്‍  മൂളിയാര്‍ത്തു  പറന്നു.

തങ്ങളുടെ നിറമുള്ള കുട്ടിക്കാലത്തെ ക്കുറിച്ച്  അയവിറക്കു കയായിരുന്നു  
ഉപ്പയും നന്ദുവിന്റെ അച്ഛനും.അവസാനം  അച്ഛന്‍ ഹാഷ്മിയുടെ  
ഇന്ഗീതം അറിയിച്ചു. 

നന്ദുവിനെപ്പോലെ ഹാഷ്മിയെ താന്‍ വളര്‍ത്താമെന്ന  അച്ഛന്റെ 
ആത്മാര്‍ത്ഥ മായ  വാക്കുകള്‍ക്കു മുമ്പില്‍ കൂട്ടിലടക്കപ്പെട്ട
ഒരു കിളിയുടെ വേദന നിറഞ്ഞ വിലാപം പോലെ  ഹാഷ്മിയുടെ
ആഗ്രഹത്തിന് മൌന സമ്മതം നല്‍കി.

നിഴലനക്കങ്ങളില്‍ സമൃദ്ധമായ ഇടവഴികളില്‍ മഴ കഴുകി വൃത്തിയാക്കിയ വെള്ളാരംകല്ലുകള്‍ പെറുക്കി നന്ദുവും കുഞ്ഞു പെങ്ങളും ഹാഷ്മിയും നിറമുള്ള ഒരു ബാല്യം കൂടി സൃഷ്ടിച്ചു.


5 comments:

ഷാജു അത്താണിക്കല്‍ said...

കുട്ടികള്‍ പ്രവാസത്തില്‍ കുടുങ്ങി ജീവിക്കുന്നു എന്ന് കഥയില്‍ വളരെ ലളിതമായി പറഞ്ഞു
വളരെ സത്യം..........
ആശംസകള്‍

Jefu Jailaf said...

പല കുട്ടികളും ഈ ഒരു അവസ്ഥ അനുഭവിക്കുന്നുണ്ട്.. :(

കൊമ്പന്‍ said...

പ്രവാസം ഒരു കാഞ്ചന കൂടെങ്കില്‍ പ്രവാസി ഒരു പന്ജ വര്‍ണ ക്കിളിയാ... പ്രവാസിയുടെ മക്കളും അതുപോലെയാ ചിറകു വിടര്‍ത്തി പറക്കാന്‍ ഇടമില്ലാതെ കാഞ്ചന കൂട്ടില്‍ കഴിയുന്ന കുഞ്ഞു ക്കിളികള്‍

റോസാപൂക്കള്‍ said...

ബാല്യം നിറങ്ങള്‍ കൊണ്ടു നിറയട്ടെ..

അനൂപ്‌ കോതനല്ലൂര്‍ said...

മുസ്സഫയിലാണോ താമസം.കൊള്ളാം പ്രാവാസ കഥ