Tuesday, March 15, 2011

നീരജയുടെ രാജകുമാരന്‍....

ആലിഫിന്റെ ഉമ്മ പ്രാര്‍ത്ഥന കഴിയുമ്പോഴേക്കും നീരജ പൊട്ടിപ്പോയ ജപമാല വീണ്ടും കോര്‍ത്തു കൊടുത്തു .പ്രാര്‍ഥനാ പടത്തിന്റെ മുന്‍ ഭാഗത്തേക്ക് ശുഷ്കിച്ച കാല്‍ നീട്ടിയിട്ട്‌ ഉമ്മ ജപം തീരുന്നത് വരെ അവള്‍ നോക്കി നിന്നു.



നീരജയുടെ നീണ്ട മുടിയിഴകള്‍ കോതി വെച്ചു ഉമ്മ പറഞ്ഞു ആലിഫ് വരും ,താമസിയാതെ ഈ കുടിലിനു പകരം അവനൊരു കൊട്ടാരം പണിയും.പടത്തില്‍ നിന്നും ഉമ്മയെ എഴുന്നേല്‍ക്കാന്‍ സഹായിച്ച അവള്‍ പടം മടക്കി ചുവരില്‍ ഘടിപ്പിച്ച മരപ്പെട്ടിയിലേക്ക് വെക്കുമ്പോള്‍ ഉമ്മയുടെ മുഖത്തെ അസാധാരണമായ തെളിച്ചം അവള്‍ വ്യക്തമായി കണ്ടു.



അവരുടെ വര്‍ണ്ണനകളില്‍ ആലിഫ് സൂര്യ തേജസ്സോടെ തന്നിലും നിറയുന്നത് നീരജ അത്ഭുതത്തോടെ അറിഞ്ഞു.അപ്പോള്‍ കറന്ന നേരിയ ചൂടുള്ള ആട്ടിന്‍ പാല്‍ നീരജക്കു പകര്‍ന്നു കൊടുക്കുമ്പോള്‍ ഒരു പറ്റം കുട്ടികള്‍ പൊളിഞ്ഞ മുള്ള് വേലി നുഴഞ്ഞു കയറി നാട്ടു മാവിലേക്ക്‌ ചെറു കല്ലുകള്‍ എറിയാന്‍ തുടങ്ങിയിരുന്നു.



പ്രായാധിക്യത്തിലും ചുരു ചുരുക്കോടെ കുട്ടികളെ ശകാരിച്ചു ഓടിച്ച അവരുടെ മുഖത്തെ ഗൂഡ സ്മിതം നീരജയിലെക്കും തിര കയറി.ഇത്തവണ തപാല്‍ ക്കാരന് പകരം ആലിഫിന്റെ എഴുത്ത് ഉമ്മാക്ക് വായിച്ചു കൊടുത്തത് അവളായിരുന്നു.



വൃത്തിയുള്ള അക്ഷരത്തില്‍ കോറിയിട്ട വാക്കുകളൊക്കെയും ഉമ്മയോടുള്ള അഗാധ സ്നേഹത്തില്‍ ചാലിച്ചവയായിരുന്നു.ആലിഫിന്റെ ഓരോ വാചകങ്ങള്‍ കേള്‍ക്കുമ്പോഴും അവരുടെ മുഖത്തു വിരിയുന്ന ഭാവങ്ങള്‍ നീരജയെ സന്തുഷ്ടയാക്കി.



വേലി നുഴഞ്ഞു കയറിയ കുട്ടികളെ അന്ന് ഉമ്മ ശകാരിച്ചില്ല.നാട്ടു മാവിലെ കുട്ടികള്‍ തല്ലി ക്കൊഴിച്ചിട്ട ഉണ്ണി മാങ്ങകള്‍ ക്കൊപ്പം
ചെറു ചില്ലകല്കളും തൊടിയില്‍ വീണു കിടന്നു.



ആകാശത്തു മഴവില്ല് വിരിഞ്ഞൊരു സായാഹ്നത്തിലാണ് ഉമ്മ തന്റെ കഥ അവളോട്‌ പറഞ്ഞത്.പത്തു മക്കളെ പ്രസവിക്കണമെന്ന ആഗ്രഹത്താല്‍ സമ്പന്നതയുടെ ഭര്‍തൃ ഗൃഹത്തിലേക്ക് കാലെടുത്തു വെച്ചത്..



എട്ടാം മാസത്തില്‍ പൂര്‍ണ്ണ ആരോഗ്യവാനായ ആളിഫിനെ പ്രസവിച്ചത്.അതേ കാരണത്താല്‍ ആലിഫിന്റെ പിതൃത്വം ചോദ്യം ചെയ്യപ്പെട്ടത്.സ്വന്തക്കാരുടെ ഉപജാപങ്ങളില്‍ ഭീരുവായ ഭര്‍ത്താവ് മൊഴി ചൊല്ലി വീണ്ടും തറവാട്ടിലേക്ക് തിരിച്ചു വന്നത്..



മാതാപിതാക്കള്‍ ഇഹലോകം വെടിഞ്ഞതോടെ അന്യമാക്കപ്പെട്ട ആധിപത്യം സ്ഥാപിച്ച സഹോദര ഭാര്യ ആട്ടിയിറക്കി ഈ കുന്നിന്‍ ചെരിവിലെ കുടിലില്‍ താമസമാരഭിച്ചു ആലിഫിനെ ജീവിക്കാന്‍ പ്രാപ്തനാക്കിയത്.



നീരജയുടെ കണ്ണുകള്‍ നിറഞ്ഞൊഴു കുമ്പോള്‍ ഉമ്മയുടെ മുഖത്തപ്പോഴും വെളിച്ചം വിടാതെ തങ്ങി നിന്നിരുന്നു.ആലിഫിന്റെ എഴുത്തുകളിലെ സംബോധന രാജകുമാരിയായതും നീരജയുടെ മനസ്സിലെ രാജകുമാരന്‍ ആലിഫായതും വളരെ പെട്ടെന്നായിരുന്നു.



സൂര്യ തേജസ്സോടെ അയാള്‍ അവളുടെ മനസ്സിന്റെ കുന്നിന്‍ ചെരിവുകളില്‍ മഴവില്ല് തീര്‍ത്തു..ഈ കുടിലൊരു കൊട്ടാരമാവും,നീയവിടെ രാജ്ഞിയും ..ഉമ്മയുടെ ജല്പനങ്ങള്‍ നീരജ ഏറ്റെടുത്തു.



ഋതു ഭേദങ്ങള്‍ക്കനുസരിച്ച് കുന്നിന്‍ ചരിവില്‍ വസന്തവും ഹേമന്തവും ശിശിരവും,ആകാശത്തു മഴവില്ലും മഴമേഘങ്ങളും അനേകായിരം നക്ഷത്രങ്ങളും ഇരുട്ടിന്റെ കരിമ്പുതപ്പും മാറി മാറി വിരുന്നു വന്നു പോയി.ഒരിക്കലും കോര്‍ ക്കാനാവാത്ത ഒരു ജപമാലയായി ഒരു മിത്ത് പോലെ ഉമ്മ നാട്ടു മാവിന്‍ ചുവട്ടിലെ ആറടി മണ്ണില്‍ ലയിച്ചിട്ടും നീരജ ആലിഫെന്ന രാജകുമാരന് വേണ്ടി കാത്തിരിപ്പ് തുടര്ന്നു. ...

3 comments:

saifal said...

രാജകുമാരന്‍ വരുമെന്ന് പ്രതീക്ഷിക്കാം....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

സ്വപ്നവും യാഥാര്‍ത്യങ്ങളും ഇഴചേര്‍ന്ന ആഖ്യാനത്തിന് ഒരു പുതുമയുണ്ട്.,ഇഷ്ടപ്പെട്ടു.

zephyr zia said...

വരും! വരാതിരിക്കില്ല!