Monday, November 15, 2010

പ്രാവുകള്‍ കുറുകുന്നു.... ..

അനാഥാലയത്തിലെ കുശിനിയുടെ അടുത്തായി നിര്‍മ്മിച്ച മുറിയില്‍ ഉച്ച മയക്കത്തിലായിരുന്നു ഖലീല്‍.


അനാഥാലയത്തിലെ മറ്റൊരു അന്തേവാസിയായ തലമുണ്ഡനം ചെയ്ത ഒരു പത്ത് വയസ്സുകാരന്‍ വന്ന് വിളിച്ചപ്പോളാണ് അയാള്‍ മയക്കത്തില്‍ നിന്നെഴുന്നേറ്റത്. അവനോടൊപ്പം അനാഥാലയത്തിന്‍റെ കാര്യകര്‍ത്താവിന്‍റെ മുറിയില്‍ ചെന്നപ്പോളാണ് ഇനി ഇവിടെ താമസിക്കാന്‍ പാടില്ല എന്ന ഉത്തരവ് ലഭിച്ചത്.

ചട്ടമനുസരിച്ച് പ്രായ പൂര്‍ത്തിയായാല്‍ പിന്നെ അനാഥാ ലയത്തില്‍ നിന്നും പുറത്താക്കപ്പെടും.എന്നാല്‍ ഖലീലിന്റെ കാര്യത്തില്‍ മാത്രം അധികൃതര്‍ ആ പതിവ് തെറ്റിച്ചു. നിയമാനുസൃത പ്രായപരിധിക്ക് ശേഷം ഇത് നാലാമത്തെ കൊല്ലമാണ്.

.രണ്ടാമത്തെ വയസ്സിലാണ് താനിവിടെ എത്തിയതെന്ന് രേഖകള്‍ പറയുന്നു..ഖലീല്‍ എന്ന പെരിട്ടതാരെന്നോ.. താനെങ്ങിനെ ഇവിടെ എത്തിയതെന്നോ അറിയില്ല. ആരും പറഞ്ഞില്ല.

നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം തന്‍റെതെന്ന് വിശ്വസിച്ചിരുന്ന ഒരു ലോകം തനിക്ക് പിറകെ വാതിലുകള്‍ അടക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രവും മുന്നില്‍ അനന്തമായി നീണ്ട് കിടക്കുന്ന പാതയും മാത്രം.

നീണ്ട അലച്ചിലുകള്‍ക്ക് ശേഷം നിറയെ കായ്ച്ച് നില്‍ക്കുന്ന ആപ്പിള്‍ തോട്ടങ്ങളുള്ള ജുമാനയുടെ ഗ്രാമത്തിലെത്തിയപ്പോള്‍ ഉള്ളില്‍ ഒരു പുത്തനുണര്‍വ്വ് അറിയാതെ ഉടലെടുക്കുകയായിരുന്നു. ആ ഗ്രാമത്തിലെ സ്നേഹനിധികളായ ഗ്രാമീണരും വിളവെടുപ്പിന്‍റെ കാലവും ജീവിതം ഇവിടെ തുടങ്ങേണ്ടിയിരിക്കുന്നു എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ.

ഒലിവ് മരങ്ങള് കാറ്റിനോട് കിന്നരിച്ചുണ്ടാകുന്ന മര്‍മ്മരം കാതോര്‍ത്ത്, കൊഴിയുന്ന ഇലകളെ നോക്കി നില്‍ക്കുകയായിരുന്നു ജുമാന.

പ്രണയ പരവശരായ ഇണപ്രാവുകള്‍ സ്വകാര്യതക്കായി തട്ടിന്‍ മുകളിലെ ഇരുട്ടിലേക്ക് പ്രണയ ചാപല്യത്തിന്റെ പൂര്‍ണ്ണത ക്കായി അപ്രത്യക്ഷരായി .

മനസ്സില്‍ തോന്നിയ ഇഷ്ടം പ്രണയാഭ്യര്‍ത്ഥനയായി പരിണമിച്ചപ്പോള്‍ മൌനം പൂണ്ട മിഴികളോടെ ജുമാന പ്രതിഷേധിച്ചു ഇറങ്ങിപ്പോയ വഴിയിലേക്ക് അല്പം പഴുത്ത ഇലകള്‍ കൂടി മരം പൊഴിച്ചിട്ടു.

വിളവെടുപ്പിന്റെ കാലമായിരുന്നു ഖലീല്‍ ഗ്രാമത്തിലെത്തിയത്.

അയാളെ കണ്ട മാത്രയില്‍ തന്നെ ആദ്യാനുരാഗം തോന്നിയത് ഇത് വരെ ജുമാന മറച്ചു വെക്കുകയായിരുന്നു.വിളവെടുപ്പിന്റെ കാലത്ത് മാത്രം ഇത് പോലെ പല ചെറുപ്പക്കാരും അയല്‍ ഗ്രാമങ്ങളില്‍ നിന്നും എത്താറുണ്ട്. തുടുത്ത ആപ്പിള്‍ പോലെ നിന്റെ വദനങ്ങളെന്നു കാതില്‍ മന്ത്രിച്ചു പ്രണയ പരവശയാക്കി വിളവെടുപ്പ് കഴിഞ്ഞാല്‍ എവിടെയോ അപ്രത്യക്ഷരാവും.

വയ്യ …!! തന്റെ ആദ്യാനുരാഗം ഒരു ഒരു ദുരന്തപര്യവസാനിയാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.

ആപ്പിള്‍ തോട്ടങ്ങളിലെ വിളവെടു പ്പിനോപ്പം ആകാശത്തു മേഘങ്ങളും വിളവെടുത്തു തുടങ്ങി.

ആരവ മൊഴിഞ്ഞ തോട്ടത്തിലെ വടക്ക് കോണി ലിരുന്നു ഖലീല്‍ തല താഴ്ത്തി വിതുമ്പുകയായിരുന്നു. തിരിച്ചു പോവാനിട മില്ലാത്ത അനാഥ ത്വത്തിലേക്ക് ജുമാനയോടുള്ള പ്രണയം ഒരു വിശപ്പ്‌ പോലെ മനസ്സിലേക്ക് ഇഴഞ്ഞെത്തുന്നു.

ഉമ്മു ജുമാന ശേഖരിച്ച വിറകു കൊള്ളികള്‍ ഖലീല്‍ സ്വയം ചുമന്നു അവളുടെ വീട്ടിലെത്തുമ്പോള്‍ ഇണ പ്രാവുകള്‍ വീണ്ടും കുറുകിത്തുടങ്ങിയിരുന്നു.ജുമാനയോടുള്ള പ്രണയം മൂത്ത് അവളുടെ വീട്ടിലെ നേര്ച്ച ക്കാള യുടെ പരിപാലകനായി ഖലീല്‍ സ്വയം അവരോധിതനായി.

വിളവെടുപ്പ് കഴിഞ്ഞ വൃക്ഷശിഖരങ്ങള്‍ക്ക് മുകളില്‍ ആകാശത്തു നക്ഷത്രങ്ങള്‍ വിരുന്നു വന്നു. ഒരു മേഘത്തുണ്ടിനു പുറകിലായി പ്രകാശം കുറഞ്ഞൊരു നക്ഷത്രം ഏകനായി നിലകൊണ്ടു.അനാഥ നായ തന്റെ പ്രതിച്ഛായ യാവാം അതെന്നു ഖലീല്‍ കരുതി.

തട്ടിന്‍ പുറത്തെ ഇണ പ്രാവുകളുടെ കുറുകല്‍ രാവിന്‍റെ നിശബ്ദതയിലേക്ക് ഇഴുകിച്ചേര്‍ന്നു. നേര്ച്ചക്കാളയുടെ ആലയിലേക്ക്‌ പ്രണയം പോലെ തണുപ്പ് ഇറങ്ങി വന്നു. പ്രണയാതുരനായ ഖലീല്‍ തിരസ്കരിക്കപ്പെട്ട തന്റെ പ്രണയത്തെ പറ്റി പാടുകയായിരുന്നു.

ഒരു തടാകത്തിന്റെ നീലിമ മുഴുവന്‍ നിഴലിച്ച ജമാനാ നിന്റെ കണ്ണുകളിലേക്കു തന്റെ അനാഥമായ പ്രണയം ഞാന്‍ ഒഴുക്കി വിട്ടിട്ടും നീയെന്തേ മൌനം ദീക്ഷിക്കുന്നു എന്ന ആ പാട്ടിന്റെ ആദ്യ ഈരടി മതിയായിരുന്നു ജുമാന ഖലീലിന്റെ പ്രണയം സ്വീകരിക്കുവാന്‍.

നേര്ച്ച കാളക്കു കാടി കലക്കും നേരമാണ് ഖലീല്‍ ഉമ്മു ജുമാനയോടു തന്റെ പ്രണയം വെളിപ്പെടുത്തിയത്.ഉമ്മു ജുമാന അല്‍പ നേരം നിശബ്ദമായി നിന്നു. പിന്നെ ഗദ്ഗദം നിറഞ്ഞ വാക്കുകളില്‍ ഊമ യായ ഒരു പെണ്‍കുട്ടിയാണ് ജുമാനയെന്ന സത്യം ഖലീലിന്റെ കാതുകളിലേക്ക് പതിക്കുമ്പോള്‍ അവളെ അറിയാതെ പോയതില്‍ മനസ്സ് വിങ്ങുകയായിരുന്നു.

ജീവിത കാലം മുഴുവന്‍ തന്റെ പ്രാണനെ പ്പോലെ ജുമാനയെ സ്നേഹിച്ചു സംരക്ഷിച്ചു കൊള്ളാമെന്ന ഖലീലിന്റെ വാക്കുകള്‍ക്കു ഉമ്മു ജുമാനയുടെ കണ്ണുകളില്‍ നിന്നും സന്തോഷത്തിന്റെ രണ്ടിറ്റു കണ്ണ് നീരായിരുന്നു പകരം ലഭിച്ചത്.

ഉമ്മു ജുമാനയുടെ നേര്ച്ച പോലെ നേര്ച്ചക്കാളയെ പള്ളിയിലെല്‍പ്പിച്ചു ഖലീല്‍ ജുമാനയുടെ ചാര ത്തെത്തുമ്പോള്‍ പ്രാവുകള്‍ വീണ്ടും കുറുകി ത്തുടങ്ങിയിരുന്നു.ജുമാനയുടെ അകതാരില്‍ ഖലീലിനോടുള്ള പ്രണയവും.........

Tags:

Share Twitter Facebook

1 comment:

Sabu M H said...

തെളിമയുള്ള പ്രണയാന്തരീക്ഷം സൃഷ്ടിക്കുവാൻ കഴിഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങൾ!