Sunday, June 27, 2010

മറവിയിലാണ്ട കുന്നിന്‍ ചെരിവിലെ പൂക്കള്‍ ...

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഡോക്ടര്‍ ചോരക്കുഞ്ഞിനെ അന്നയുടെ കൈകളിലേക്ക് കൊടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ സജലങ്ങളായി.നന്ദിയെന്നപോലെ ഇമകള്‍ തുറക്കാതെ കുഞ്ഞു ചുണ്ടുകളില്‍ ഒരു പുഞ്ചിരി സമ്മാനിച്ചു മരണത്തിന്റെ തണുപ്പിലേക്ക് ആണ്ടിറങ്ങി .


യുവാവായ ഡോക്ടര്‍ തല താഴ്ത്തി അന്നയുടെ കണ്ണുകളിലേക്കു നോക്കാതെ വാര്‍ഡിന്റെ തണുത്ത ഇടനാഴിയിലൂടെ നടന്നകന്നു.

അനസ്തേഷ്യ കൊടുത്ത് മയക്കിയ സ്ത്രീയുടെ മുഖത്തിന്റെ കരുവാളിപ്പ് തന്റെ ഹൃദയത്തിലേക്കും പടരുന്നത്‌ അന്നയറിഞ്ഞു.മയക്കം വിട്ടു ഭാരമൊഴിഞ്ഞ ഗര്‍ഭ പാത്രത്തിലേക്ക് വേദനയുടെ കാരമുള്ളുകള്‍ ആണ്ടിറങ്ങിയ നേരം സ്ത്രീ ഉണര്‍ന്നു.

ഭാരമേറിയ കണ്ണുകള്‍ തുറന്നു അന്നയുടെ മുഖത്തേക്ക് പ്രത്യാശയോടെ നോക്കി.വെളുത്ത തുണിയില്‍ പൊതിഞ്ഞ ജീവനില്ലാത്ത കുരുന്നു മുഖത്തു ജീവനറ്റ ഒരു ചുംബനം അര്‍പ്പിക്കാന്‍ അനുവദിച്ചു അന്ന ശവങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് നടന്നു.

അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അന്ന മനോഹരമായ ആ മലയോര ഗ്രാമത്തിലെ ആശുപത്രിയിലെത്തുന്നത്,കാട്ടുപൂക്കള്‍ നിറഞ്ഞ മലഞ്ചെരിവുകളും ,വൃക്ഷ ലതാ ദികലാല്‍ നിബിഡമായ കുന്നുകളും ,അരുവികളുടെ ജല സ്രോതസ്സിനാല്‍ സമ്പന്നമായ കൃഷിയിടങ്ങളും നിറഞ്ഞ ഗ്രാമം.

വളരെപ്പെട്ടെന്നായിരുന്നു ഗ്രാമത്തിന്റെ മുഖച്ഛായ മാറിയത്.അഭിശപ്തമായ ആ ദിനങ്ങള്‍ അന്നയുടെ ഓര്‍മ്മകളിലേക്ക് തീരാ വേദനയോടെ പെയ്തിറങ്ങി.ഒഴിവു കാലം ആസ്വദിക്കുവാന്‍ ആ ഗ്രാമം തിരഞ്ഞെടുത്ത ഒരു വ്യവസായ പ്രമുഖന്‍ ഗ്രാമത്തിന്റെ ഭൂരിഭാഗം പ്രദേശവും തന്റെ അധീനത യിലാക്കി .ചെറുക്കാന്‍ അപ്രാപ്യരായ ഗ്രാമീണരെ ചൂഷണം ചെയ്തു ,എതിര്‍ത്ത ചുരുക്കം ചിലരെ വരുതിയിലാക്കി ,പൊടുന്നനെ സാമ്രാജ്യത്വത്തിന്റെ അടയാളമായ ഒരു ശീതള പാനീയത്തിന്റെ വ്യവസായ ശാല അവിടെ ഉയര്‍ന്നു.

ഗര്‍ഭ പാത്രത്തില്‍ ഭാരമൊഴിഞ്ഞ സ്ത്രീ ഇരുട്ട് വീണ ആശുപത്രിയുടെ തണുത്ത ഇടനാഴിയില്‍ പായ വിരിച്ചു കിടന്നു.മുഖത്തിന്റെ ആകൃതി നഷ്ടപ്പെട്ട മധ്യവയസ്കന്‍ ചോരക്കുഞ്ഞിന്റെ മൃത ദേഹം അരുവിയിലെ പാറക്കൂട്ടങ്ങള്‍ ക്കിടയിലെ വിടെയോ നിക്ഷേപിച്ചു.

ഇനിയും ഏറ്റു വാങ്ങാനാളില്ലാത്ത മൂന്നു മൃത ദേഹങ്ങളില്‍ ക്കൂടി അന്ന ഐസ് കട്ടകള്‍ വാരിയിട്ടു ശിതീകരിച്ചു.പുഞ്ചിരി മാറാത്ത കറുത്തു കരുവാളിച്ച ചുണ്ടുകളില്‍ അന്നയുടെ കൈവിരലുകള്‍ തലോടി.

അന്ന കരയുകയായിരുന്നു.ഡോക്ടര്‍ പറഞ്ഞു,''അന്ന നിനക്കും പോകാ മായിരുന്നു.. ദൂരേക്ക് ..ഏറ്റുവാങ്ങാന്‍ ആളില്ലാത്ത പിഞ്ചു ജഡങ്ങള്‍ ഉപേക്ഷിച്ചു .. ദൂരേക്ക് ..മുഖം നഷ്ടപ്പെടാത്ത ,കരുവാളിച്ച മുഖങ്ങളില്ലാത്ത ഏതെങ്കിലുമൊരു ദിക്കിലേക്ക്..

ക്വാര്‍ടെസിനും ആശുപത്രിക്കുമിടയില്‍ ഡോക്ടറുടെ വിശ്രമ മുറിയിലേക്കുള്ള നടവഴിയില്‍ ഇരുട്ട് കനത്തു നിന്നു. കറ വാര്‍ന്നു ചില്ലകള്‍ ഉണങ്ങിയ പരുത്തി മരം നിര്‍ജ്ജീവമായ മണ്ണിലേക്ക് വേരുകള്‍ ഇറക്കാന്‍ ശക്തിയില്ലാതെ നടവഴിക്കു കുറുകെ വീണിരുന്നു.

ഇരുട്ടില്‍,വിശപ്പ്‌ സഹിക്കാനാവാതെ ചാവാലിപ്പട്ടികള്‍ ചോരക്കുഞ്ഞുങ്ങളുടെ ജഡങ്ങള്‍ ക്കായി അണക്കാന്‍ തുടങ്ങി.കനത്ത ഇരുട്ടില്‍ ആകാശമില്ലാതെ ഭൂമി അനാഥമായി കിതച്ചു.നക്ഷത്രങ്ങള്‍ ചാവാലിപ്പട്ടികളുടെ കണ്ണുകളില്‍ മാത്രം മിന്നി നിന്നു.

വിശ്രമ മുറിയുടെ വാതില്‍ തുറന്നിട്ടിരുന്നു.മേശമേല്‍ വെള്ള ക്കടലാസിലെ മഷിയുണങ്ങാത്ത വരികള്‍ അന്നയുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി

.''അന്ന.. മറവിയിലാണ്ട കുന്നിന്‍ ചെരിവിലെ പൂക്കള്‍ ഇപ്പോള്‍ എനിക്ക് തോടാവുന്നത്ര അരികിലുണ്ട്..''.....

അന്ന ഐസുകട്ടകള്‍ കൊണ്ട് ഡോക്ടറെ മൂടി..പിന്നെ ഏറ്റെടുക്കുവാന്‍ ആളില്ലാത്ത കുഞ്ഞു ജഡങ്ങള്‍ ക്കരികിലേക്ക് അന്ന ചേര്‍ന്ന് കിടന്നു..അപ്പോള്‍ അന്നയും മറവിയിലാണ്ട കുന്നിന്‍ ചെരിവിലെ പൂക്കള്‍ക്ക് തോടാവുന്നത്ര അരികിലായിരുന്നു

5 comments:

Naushu said...

കൊള്ളാം...

സലാഹ് said...

touching

ഹംസ said...
This comment has been removed by the author.
ഹംസ said...

നല്ല കഥ..!!

ആശംസകള്‍ :)

Thommy said...

Well written