Wednesday, September 7, 2011

അബൂബദര്‍ പറയാന്‍ ബാക്കി വെച്ചത്..

രു വട്ടംകൂടി തന്റെ കൃഷിയിടത്തിലെ മാതളമരങ്ങള്‍ പൂക്കുന്നത് കാണാന്‍ കാത്തുനില്‍ക്കാതെ തന്നോടു പറയാന്‍ ‍ ബാക്കിവെച്ച ഒരു പാടു കഥകളുമായി അബൂബദര്‍ മണ്ണിലേക്ക് ‍ലയിച്ചു.

അബൂബദറിന്റെ മൂത്തപുത്രിയും കുട്ടികളും കൂടി യാത്രയായപ്പോള്‍ പുരാതനമായ ആ അറബ് ഗൃഹത്തിലെ മജ്ലിസില്‍ അയാള്‍ തനിച്ചായി.
ദൂരെ മരുഭൂമിയില്‍ ആകാശം മുട്ട്കുത്തിയിടത്ത് മണല്‍ത്തിരമാലകള്‍.നെറികെട്ട ഈ പകല്‍ അബൂബദറിന്റെ ആത്മാവുമായി അലച്ചില്‍ നിര്‍ത്താന്‍ ഒരുമ്പെടുകയായിരുന്നു.

അറബിക്കടലിനു അപ്പുറത്ത് ഹിന്ദില്‍ റംസാനും കര്‍ക്കിടകമഴയും പുണര്‍ന്നു നിന്നതിനു വിപരീതമായി ദൈര്‍ഘ്യമേറിയ പകലും കൊടും താപവുമായിരുന്നു ഇത്തവണ മരുഭൂമിയില്‍.അബൂബദര്‍ പറയാന്‍ ബാക്കി വെച്ചൊരു കഥ പോലെ റംസാന്‍വെയില്‍ ഭൂമിയില്‍ നിന്നും തിരോഭവിച്ചപ്പോള്‍ഒരു തളികയില്‍ അല്പം കാരക്കയും ഒരു കൂജയില്‍ വെള്ളവും സുലൈമാനി നിറച്ചു വെച്ച ഗ്ലാസ്സും,അരികില്‍ വെച്ച പരിചാരിക അലീമയുടെ കണ്ണുകളില്‍ അയാളോടെന്തോ പറയുവാന്‍ വെമ്പുന്നുണ്ടായിരുന്നു.

ഇനിയൊരിക്കലും പകരാനാവാതെ അനാഥമായ അബൂബദരിന്റെ സുലൈമാനിക്കോപ്പ ചുവന്നുതുടുത്ത അയാളുടെ ചുണ്ടുകളുടെ സ്പര്‍ശനത്തിന്റെ ഓര്‍മ്മകളില്‍ മുഴുകി അരികിലുണ്ടായിരുന്നു.

ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങളെയും പ്രണയിക്കാന്‍ പഠിപ്പിച്ച അബൂബദര്‍ തനിക്കു അലീമയോടുള്ള പ്രണയത്തോട് മാത്രം മൌനം ദീക്ഷിച്ചതെന്തെന്നു ചിന്തിക്കുകയായിരുന്നു അയാള്‍.

പുറത്തു പൂര്‍ണ്ണമാവാത്ത ചന്ദ്രന്‍ തന്നാലാവുംവിധം മാതളമരങ്ങളുടെ നേര്‍ത്ത നിഴല്‍ച്ചിത്രം ശോകംപോലെ വിതറിത്തുടങ്ങി.വിശുദ്ധ ഗ്രന്ഥത്തില്‍ അബൂബദര്‍ അവസാനം പാരായണം ചെയ്ത് അടയാളം വെച്ച് സൂക്ഷിച്ച നൂല്‍തുണ്ടിനു താഴെയുള്ള ഭാഗങ്ങള്‍ അയാള്‍ പാരായണം ചെയ്തു തുടങ്ങി.''മണ്ണില്‍ നിന്നാണ് സൃഷ്ടിച്ചത്.മണ്ണിലേക്ക് തന്നെ മടക്കവും''.

അബൂബദര്‍ വളരെ ഇഷ്ടപ്പെട്ട മാതളമരം പൂത്തതായിരുന്നു അലീമയുടെ കണ്ണുകളിലും പൂത്തു നിന്നത്, മരുഭൂമിയില്‍ വന്നിറങ്ങിയത് പോലെ ഹിന്ദിലേക്കുള്ള തിരിച്ചു പോക്കും കൈവീശി ആവണമെന്നായിരുന്നു ആഗ്രഹവും. മരുഭൂമിയില്‍ വരണ്ടുകിടന്ന വാദികളില്‍(അരുവികളില്‍)മണല്‍ പുഴയൊഴുകി.അലീമയുടെ കണ്ണ് നീരിന്റെ ഉപ്പുരസം വരണ്ടുനിന്ന ചുണ്ടുകളില്‍ സാന്ത്വനത്തിന്റെ തേനരുവിയായും.

തന്റെ പരിചരണം ആവശ്യമില്ലാത്തൊരു ലോകത്തേക്ക് അബൂബദര്‍ യാത്രയായപ്പോള്‍ ഒന്നും ചെയ്യാനില്ലാത്ത ശൂന്യതയിലേക്ക് അലീമ തന്റെ ചിന്തകള്‍ എറിഞ്ഞു കളിച്ചു. അബൂബദര്‍ പറയാന്‍ ബാക്കി വെച്ച കഥയുടെ കുറച്ചു ഭാഗങ്ങള്‍ അന്ന് അലീമ പറഞ്ഞു തുടങ്ങി. വര്‍ഷങ്ങള്‍ക്കു മുമ്പ് യുവാവായിരുന്ന അബൂബദറിന് വിദേശിയായ പരിചാരികയോട് തോന്നിയ ഇഷ്ടം...നിറഞ്ഞൊഴുകിയ വാദികള്‍ തുരുത്തിനെ ഹരിതാഭമാക്കിയ സായാഹ്നങ്ങളിലെവിജനമായൊരു നാള്‍..

നിലാവ് ചേര്‍ത്തു കുഴച്ച ചാന്തിനാല്‍ നിര്‍മ്മിച്ചത്കൊണ്ടാവാം മാതളമരങ്ങളുടെ നിഴലുകള്‍ ഗൃഹ ഭിത്തികളില്‍ പുണര്‍ന്നു കിടന്നു.ഒട്ടകപ്പാതയിലെ ചവിട്ടടികള്‍ മായ്ക്കാന്‍ മാത്രമൊരു കാറ്റ് മാതള മരങ്ങളെയും തരളിതമാക്കി മരുഭൂമിയില്‍ ലയിച്ചു.

ഉപാധികളൊന്നുമില്ലാതെ വിമാനം കയറ്റിവിട്ട പരിചാരികയോട് ചെയ്തുപോയ തെറ്റിന്റെ കുറ്റബോധം ഒരു നിഴലായി അബൂബദരിനെ വേട്ടയാടാന്‍ തുടങ്ങിയതിന്റെ പരിണിതഫലമായിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷം അലീമയെന്ന അനാഥ പെണ്കുട്ടിയെ ..തന്റെ മകളെ, അബൂബദര്‍ സ്വന്തമാക്കിയത്.

കാറ്റ് മായ്ച്ചു കളഞ്ഞ ഒട്ടകപ്പാതായിലേക്ക് എങ്ങു നിന്നോ ഒരു കൂട്ടം ഒട്ടകങ്ങള്‍ കൂടി സഞ്ചാരം തുടങ്ങി.അവയുടെ സഞ്ചാരാനന്തരം കുളമ്പ് പാടുകള്‍ വീണ്ടും മായ്ക്കാന്‍ വേണ്ടി കാറ്റ് മാതളമരങ്ങളുടെ ഇടയില്‍ പതിയിരുന്നു.

ജീവിതാവസാനം വരെ അലീമയോടൊത്തു കഴിയാനുള്ള ഒസ്യത്തിന്റെ പകര്‍പ്പ് അവളില്‍ നിന്നും ഏറ്റു വാങ്ങുമ്പോള്‍ അയാളുടെ കൈകള്‍ വിറപൂണ്ടപ്പോള്‍ അബൂബദര്‍ പറയാന്‍ ബാക്കി വെച്ച മറ്റു കഥകള്‍ക്കായി അയാള്‍ അലീമയുടെ ചുണ്ടിനു താഴെ തന്റെ കാതു ചേര്‍ത്തു വെച്ചു...

2 comments:

റശീദ് പുന്നശ്ശേരി said...

ഒട്ടകപ്പാതയിലെ ചവിട്ടടികള്‍ മായ്ക്കാന്‍ മാത്രമൊരു കാറ്റ് മാതള മരങ്ങളെയും തരളിതമാക്കി മരുഭൂമിയില്‍ ലയിച്ചു.


കാവ്യ മനോഹരമായൊരു അറബിക്കഥ

Minu Prem said...

നിലാവ് ചേര്‍ത്തു കുഴച്ച ചാന്തിനാല്‍ നിര്‍മ്മിച്ചത്കൊണ്ടാവാം മാതളമരങ്ങളുടെ നിഴലുകള്‍ ഗൃഹ ഭിത്തികളില്‍ പുണര്‍ന്നു കിടന്നു.......

നല്ല കഥ.നല്ല ആഖ്യാനശൈലി.....