യഥാര്‍ത്ഥ ജീവിതം മരണാനന്തരമാണ് ആരംഭിക്കുന്നത്.അത് വരെ ഭൂമിയില്‍ ഒരു വിരുന്നുകാരനെപോലെയാണ് എല്ലാവരും.ഒറ്റമഴയ്ക്ക് പൊടിയുന്ന ഈയാംപാറ്റകളെ കണ്ടിട്ടില്ലേ അതുപോലെ .ഒരു പകല്‍ ജനിച്ചൊടുങ്ങും വരെയുള്ള നേരം.പിന്നെ വിസ്മൃതിയിലേക്ക്.അതിനിടെ കാണുന്ന ദൃശ്യങ്ങള്‍.ജീവിതത്തിന്റെ പളപളപ്പ് .,കദനം,സുതാര്യമായ പുള്ളിവെയില്‍ ചീന്തുകള്‍.
അയല്‍വാസി എന്നതിലുപരി അയാള്‍ എന്റെ ബാല്യകാല സുഹൃത്തായിരുന്നു.കടുപാടം മാന്തി വളമിട്ടു ഉപജീവനം കഴിക്കാന്‍ നിയോഗിക്കപ്പെട്ട എന്റെ സായാഹ്നങ്ങളിലെ കൂട്ട് വിട്ടു അയാള്‍ ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ പ്രവാസം വരിച്ചപ്പോള്‍ ഏറ്റവും ആഹ്ലാദിച്ചത് ഞാനായിരുന്നു.കടുക്പാടത്ത് മാത്രം ചുരുങ്ങിപ്പോകാതെ അവന്റെ ജീവിതം വിശാലമായ ലോകത്തിലെ അനന്തമായ സാധ്യതകളിലേക്ക് കൂപ്പുകുത്തട്ടെ.
വളം തിന്നു ദ്രവിച്ച കാലടികളും വൃത്തിയില്ലാത്ത നഖങ്ങളെയും വെറുക്കാത്ത പ്രണയിനിയെ ജീവിതത്തിലേക്ക് ക്ഷണിക്കും നേരം അയാള്‍ ഉണ്ടാവണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചത് എന്തുകൊണ്ടെന്നിപ്പോഴും അറിയില്ല.നോക്കിനില്‍ക്കെ തന്നെ കാലം ഋതുഭേദങ്ങളാല്‍ കടുകുപാടങ്ങള്‍ പുഷ്പ്പിപ്പിക്കുകയും വിളവിന് തയ്യാറാക്കുകയും,വീണ്ടും തളിര്പ്പിക്കുകയും ചെയ്തു തന്റെ കര്‍മ്മം അനുസ്യൂതം തുടര്ന്നു.
ഇതിനിടെ അയാളുടെ കുടിലിരുന്നിടം ഒരു മണിമാളികയായ് പരിണമിച്ചിരുന്നു.കടുപാടങ്ങളുടെ അരികുപറ്റി ഞാനെന്റെ കുടില്‍ സ്വര്ഗ്ഗമാക്കുകയും.എനിക്കൊരിക്കലും ചേരാത്ത അപകര്‍ഷതാബോധമെന്ന മേലങ്കി എവിടെയെങ്കിലും ഒന്നഴിച്ചു വെച്ചു ആ മാളികയിലേക്ക് കയറിച്ചെന്നു തന്റെ പഴയ കൂട്ടുകാരനെ കാണാനാവുമെന്നൊ അതല്ലെങ്കില്‍ പഴയ സുഹൃത്തിനെ തേടി അയാള്‍ തന്റെ കുടിലിലേക്ക് വരുമെന്നോ വൃഥാ ഞാന്‍ മോഹിച്ചു.
താഴ്വാരത്ത് പുതിയ കൃഷിരീതി പരീക്ഷിച്ച നവകര്ഷകര്‍ രാസവളത്താല്‍ ഉത്പാദിപ്പിച്ച പിലാത്തിചേമ്പ് പോലെ അയാളുടെ കുട്ടികള്‍ ഭാരം കൂടിയ ചീര്‍ത്ത കാലുകളുമായി വാഹനങ്ങളില്‍ മാത്രം സഞ്ചരിക്കുമ്പോള്‍ പ്രകൃതിയെ തൊട്ടറിഞ്ഞു എന്റെ കുട്ടികളും വളരുകയായിരുന്നു.
എന്നാല്‍ പരിഷ്കൃതത്തിന്റെ പര്യായം പോലെ സൃഷ്ടിച്ച അവന്റെ കുടുംബസംവിധാനം ഒരു ചില്ല്കൊട്ടാരമായിരുന്നുവെന്ന് ഞാനറിയുന്നത് ഞാറ്റുവേല കഴിഞ്ഞു ഒരു വിത്തിറക്കും കാലത്തിന്റെ ഉര്വ്വരതയിലായിരുന്നു.
ദൂരെയെവിടെയോ നിന്നു പാറിവന്ന ഒരു കൂരിയാറ്റക്കിളി പുതിയ വൈക്കോല്‍നാരുകള്‍ ചേര്‍ത്തുവെച്ചു തന്റെ കുടിലിന്റെ കഴുക്കോലില്‍ കൂടൊരുക്കാനുള്ള സാഹസത്തിലായിരുന്നു.അന്നാദ്യമായി അയാള്‍ എന്നെ തേടിവന്നു.കടുകുപാടങ്ങള്‍ ഇറക്കിയ വിത്തുകളെ കിളിര്‍പ്പിക്കാനുള്ള ഗര്ഭാലസ്യവുമായി പേറ്റ്നോവറിഞ്ഞു കിടന്നു.
കടലിനപ്പുറത്തു നഷ്ടപ്പെട്ട ജോലി,..ജീവിത്തത്തിന്റെ കൈവഴികളില് എവിടെയോ നഷ്ടപ്പെട്ടു പോയ സമാധാനം...,പരിപാലിക്കാന്‍ കഴിയാത്ത മണിമാളിക...പാശ്ചാത്യ സംസ്കാരം നല്‍കിയ അനുസരണമില്ലായ്മയുടെ പര്യായമായ സന്തതികളുടെ വിഹ്വലത, ...എന്തിനേറെ നീണ്ട വര്‍ഷങ്ങളില്‍ തന്റെ അഭാവത്താല്‍ അപഥസഞ്ചാരത്തില്‍ അകപ്പെട്ട പ്രിയതമ വരെ.അയാളെ എന്ത് പറഞ്ഞാശ്വസിപ്പിക്കുമെന്ന എന്റെ വ്യസനത്തിലേക്ക് ഒരു മറുപടിപോലും പ്രതീക്ഷിക്കാതെ കടുക്പാടത്തേക്കിറങ്ങി നടന്നു മറഞ്ഞ അയാളുടെ മനസ്സിലെന്തെന്ന് എനിക്കിപ്പോഴും അജ്ഞാതമായിരുന്നു.
സ്വന്തം നിഴലില്‍ ചവിട്ടി ആര്‍ക്കും മുന്നേറാന്‍ കഴിയില്ല.ഈ ജീവിതം നൈമിഷികമാണ് .കണ്ണടച്ച് തുറക്കും മുമ്പേ ഒരാള്‍ക്ക് തന്റെ ജീവിതം അവിശ്വസനീയമായ ഉന്നതിയിലേക്ക് ഉയര്‍ന്നു പോകാനും,ഒരു നിമിഷം കൊണ്ടെല്ലാ സൌഭാഗ്യങ്ങളും നഷ്ടപ്പെട്ടു പോകുകയും ചെയ്യുന്നു.
പരിപാലിക്കാതെ ,പണ്ട് പ്രതാപം നിറഞ്ഞതായിരുന്നുവെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയാത്തത്ര പുരാതനമായ് പരിണമിച്ചിരുന്നു അയാളുടെ മണിമാളിക.തന്റെ മരണത്തിലൂടെ മറ്റൊരു ജീവിതം തേടിയിറങ്ങിയ അയാളുടെ ഓര്‍മ്മകള്‍ക്ക് ഇപ്പോഴും എന്നില്‍ കടുകുപാടം പൂത്ത തെളിച്ചമുണ്ട്.മരണാനന്തരം ശിഥിലമായിപ്പോയ അയാളുടെ കുടുംബത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് തന്റെ കുടിലിന്റെ കഴുക്കോലുകള്‍ക്കിടയില്‍ ജീവിതമാരംഭിച്ച കൂരിയാറ്റക്കിളിയുടെ കൂടിന്റെ ചലനത്തിന്റെയും.
4 comments:
കഥകൊള്ളാം നന്മണ്ട
Nice.. a different narration
വ്യത്യസ്ഥമായ അവതരണം.. ജീവിതത്തിന്‍റെ നശ്വരതയുടെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയായ്... അഭിനന്ദനങ്ങള്‍...
Post a Comment