Tuesday, July 26, 2011

ചിത്രശലഭങ്ങള്‍ക്ക്‌ പകുത്ത കണ്ണുകള്‍..

നാംകണ്ടുമുട്ടും മുമ്പേ എനിക്കും നിനക്കുമിടയില്‍ ഈ സാഗരം പോലെ അന്തരമുണ്ടായിരുന്നു.നര്‍ഗീസ് നോട്ടം കടലിടുക്കുകളില്‍ നിന്നും മാറ്റി പ്രണയപരവശയായി മിഹ്രാജിന്റെ കണ്ണുകളിലേക്കു നോക്കി..
''ഞാന്‍ മരിച്ചാല്‍ നീയെന്റെ കണ്ണുകള്‍ ചിത്ര ശലഭങ്ങള്‍ക്ക് പകുത്തു കൊടുക്കുക.കാതുകള്‍ കാറ്റിനും.''നര്‍ഗീസ് പറഞ്ഞു നിര്‍ത്തിയതും മിഹ്രാജ് അവളുടെ വായ പൊത്തി.

ഇറാനിലെ ആ കൊച്ചു ദ്വീപില്‍ ചിത്രശലഭങ്ങളില്ലാത്ത ഒരു വൈകുന്നെരമായിരുന്നു അത്.തിരകളില്ലാത്ത കടലിലെ ഉപ്പുകാറ്റേറ്റ് പുഷ്പിക്കാതെ നിന്ന ഈന്തപ്പനയോലകളില്‍ ഉഷ്ണം കുടിയേറി.

ഏറിയാല്‍ ഒരാഴ്ച കൂടി .കടലിനപ്പുറത്തു എവിടെയോ നിന്റെ യാത്രക്കുള്ള രേഖകള്‍ തയ്യാറാവുന്നുണ്ടാവാം.നര്‍ഗീസ് പതിയെ ആത്മഗതം ചെയ്തു.

മിഹ്രാജ് നിന്നേ ഓര്‍മ്മിക്കാന്‍ ഒരു ചുംബനം തരുമോ?നര്‍ഗീസ് മിഴി പൂട്ടിയിരുന്നു.മിഹ്രാജ് അവളെ ചുംബിച്ചില്ല,പകരം അവളുടെ അടഞ്ഞ മിഴികളിലൂടെ പതുക്കെ വിരലുകളോടിച്ചു.

അവള്‍ മിഴികള്‍ തുറന്നപ്പോള്‍ ദ്വീപിലേക്ക് എവിടെ നിന്നറിയാതെ അനേകം ചിത്രശലഭങ്ങള്‍ വിരുന്നു വന്നു.

മിഹ്രാജിനു ഇനിയും ദ്വീപില്‍ തങ്ങാനുള്ള അനുമതിയും പണവും തീര്‍ന്നിരുന്നു.അങ്ങിനെയാണ് ഇറാനിലെ ആ കൊച്ചു ദ്വീപിലെ ബദവി കുടുംബത്തിന്റെ ചായ്പില്‍ അവന്‍ കിടക്കാന്‍ ഇടം കണ്ടെത്തിയത്.

പതിമൂന്നിലധികം അംഗങ്ങളുള്ള നര്ഗീസിന്റെ കൊച്ചു കുടിലിലെ ബാക്കിയാവുന്ന ഭക്ഷണം അവള്‍ അവനായി കരുതി വെച്ചു.

മിഹ്രാജിന്റെ സ്വപ്നങ്ങള്‍ക്ക് കടല്‍ത്തീരം മനോഹരമാക്കാന്‍ വെച്ചു പിടിപ്പിച്ച ആയുസ്സ് കുറഞ്ഞ ചെടികളിലെ പൂക്കളുടെ നിറമായിരുന്നു.അവയില്‍ വിരിഞ്ഞ കടും ചുവപ്പും ,മഞ്ഞയും ചിലപ്പോള്‍ വിളറി വെളുത്തതുമായ പൂക്കളെ പോലെ സ്വപ്നങ്ങള്‍ക്ക് നിറം നിശ്ചയിക്കാന്‍ പറ്റാന്‍ ആവാത്തതായി പരിണമിക്കുന്നു.

നര്ഗീസിനു സ്വപ്നങ്ങളെ ഇല്ലായിരുന്നു.കടല്‍ക്കാറ്റെറ്റ് ദ്രവിച്ച മണ്‍പുറ്റുകളെ പോലെ നിര്‍ജ്ജീവമായിരുന്നു അവ.

ബദവിയായ വൃദ്ധന്‍ കടലിലേക്ക്‌ വല ആഞ്ഞെറിഞ്ഞു.കടല്‍ സ്നാനത്തിനിറങ്ങാന്‍ ആരംഭിച്ച സൂര്യന്‍ വൃദ്ധന്റെ മുഖത്തിനു വലതു ഭാഗം കറുപ്പിച്ചിട്ടു.

മിഹ്രാജിനെ തനിച്ചുവിട്ടു നര്‍ഗീസ് പോയത് അവന്റെ യാത്രാരേഖ തിരയാനായിരുന്നു.

ഇലപ്പച്ച നുള്ളിയെടുത്ത് ഒന്ന് മണപ്പിച്ചു യാത്രാരേഖ മിഹ്രാജിനു കൈമാറുമ്പോള്‍ നര്ഗീസിന്റെ കരള്‍ ഉരുകിയൊലിച്ചത് കണ്ണുനീരായിട്ടായിരുന്നു.

നര്ഗീസിന്റെ അനുവാദമില്ലാതെ മിഹ്രാജ് അവളുടെ മിഴിയിണകളില്‍ അര്‍പ്പിച്ച ചുംബനത്തിനു പവിഴപ്പുറ്റുകള്‍ പോലെ തെളിച്ചവും പവിഴം പോലെ മനോഹാരിതയുമുണ്ടായിരുന്നു.
പക്ഷേ നര്ഗീസിനത് നിര്‍ജ്ജീവമായ മണ്‍പുറ്റുകളെ പോലെ അനുഭവപ്പെട്ടു.

മിഹ്രാജിനെ വഹിച്ച കൂറ്റന്‍ പക്ഷി ആകാശം മുറിച്ചു നീങ്ങി കടലിനു മറുവശത്തേക്ക് അപ്രത്യക്ഷമായപ്പോള്‍ പുഷ്പിക്കാത്ത ഈന്തപ്പന മരങ്ങളിലേക്ക് അനേകം ചിത്ര ശലഭങ്ങളും.കൂടെയൊരു കാറ്റും മൂളിയെത്തുന്നുണ്ടായിരുന്നു....

5 comments:

ഷാജി പരപ്പനാടൻ said...

Very touching one ...best wishes

Shaleer Ali said...

നോവ്‌ പെയ്യുന ...ഒരരബിക്കഥ ...!ഷാജിക്കാ ആശംസകള്‍ :))

jwaala said...

touching.................

jwaala said...

touchingggggggggg

ഉണ്ണിമൊഴി said...

അതേയ്....! ഇതിപ്പോ എങ്ങനെയാ എല്ലാ കഥകളിലും ഒരു മരുക്കാറ്റ് അദൃശ്യമായി....വീശാതെ.... ഒരു സുനാമിക്ക് മുന്‍പ് ഉള്‍വലിഞ്ഞ കടല്‍ പോലെ അനക്കമറ്റു നില്‍ക്കുന്നത്.....ഏതൊക്കെയോ മഹാ ഭയങ്ങളെ ഉള്‍വഹിക്കുന്ന ഒരുതരം വീര്‍പ്പു മുട്ടിക്കുന്ന ഈ ശാന്തത.....പേടിയാകുന്നു നന്മണ്ടാ...