തെരുവ് വിളക്കുകള്‍ക്കുതാഴെ മഞ്ഞ്നഗരത്തെ അവ്യക്തമാക്കിത്തീര്‍ത്തു.കോളനിയിലെ ഏതോ വീട്ടില്‍ നിന്നും ഒരു വളര്‍ത്തുനായനിറുത്താതെ കുറച്ചുകൊണ്ടിരുന്നു.ബാല്‍ക്കണിയിലെ തൂക്കുവിളക്കില്‍ തൂങ്ങി ഉറക്കം തുടങ്ങിയ വവ്വാല്‍ താഴെയിട്ട കാര്പ്പെറ്റ് തുണ്ടിലേക്ക് വിസര്‍ജ്ജിച്ചു.
മൈഥിലി തളര്‍ന്നുറങ്ങുകയാണ്.ഉറക്കം നഷ്ടപ്പെട്ട ഒരു വാരം തികയുന്നു.നാളെ സ്വാതന്ത്ര്യപ്പുലരി.മിലിട്ടറി മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഏക മകന്റെ ഭൌതിക ശരീരവുമായി മറ്റന്നാള്‍ നാട്ടിലേക്ക് യാത്രയാവണം.സത്യ നാഥന്‍ തന്റെ കനം തൂങ്ങിയ ശിരസ്സ് സോഫയില്‍ നിന്നും ഉയര്‍ത്താന്‍ പാടുപെട്ടു.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി തെരുവില്‍ സ്ഥാപിച്ച ത്രിവര്‍ണ്ണ പതാകകള്‍ മഞ്ഞ് വീണു താഴേക്കു തൂങ്ങി നിന്നു.
മാതാപിതാക്കളെ കാണാന്‍ പോലും അവധിയില്ലാതെ തന്റെ സേവനം രാഷ്ട്രത്തിനു ആവശ്യം വന്നപ്പോഴാണ് തന്നെയും മൈഥിലിയേയും മകന്‍ ഇവിടേയ്ക്ക് വരുത്തിയത്.എന്നാല്‍ തന്റെ സേവനം മാത്രമല്ല ജീവന്‍ തന്നെ രാഷ്ട്രത്തിനു സമര്‍പ്പിക്കുകയായിരുന്നു തങ്ങളുടെ മകന്‍.
ദൂരെ ഇടിഞ്ഞു പൊളിഞ്ഞ ഒരു ഗോപുരത്തിന്റെ ചിത്രം വികൃതമായി ഭൂമിയിലേക്ക് നിഴലിച്ചു നിന്നു.മരണത്തിന്റെ ഗന്ധമുള്ള കാറ്റ് മഞ്ഞിന്റെ ആവരണങ്ങളെ ഭൂമിയുടെ ഏതോ നിഘൂടതകളിലേക്ക് തള്ളിക്കൊണ്ട് പോയി.
മൈഥിലി ക്കായിരുന്നു നിര്‍ബന്ധം ഒരു കുട്ടി മതി.നമ്മുടെ സ്നേഹം പകുത്തു നല്‍കാന്‍ ഒരേയൊരു കുട്ടി.ഒന്നില്‍ കൂടുതലായാല്‍ തങ്ങളുടെ സ്നേഹം ഒരേ അളവില്‍ പകുത്തു നല്കാനാവില്ലെന്നവള്‍ വിശ്വസിച്ചു,ഏക മകന്റെ മരണം ഇനിയും ഉള്‍ക്കൊള്ലാനാവാതെ തളര്‍ന്നുറങ്ങുന്ന മൈഥിലിയെ യാഥാര്‍ത്യങ്ങളിലേക്ക് എങ്ങിനെ തിരിച്ചു കൊണ്ട്വരുമെന്നറിയാതെ സത്യപാലന്‍ നഗരത്തിലെക്കിറങ്ങി.
സ്വാതന്ത്ര്യ ദിനാ ഘോഷങ്ങള്‍ക്കു ശേഷം മിലിട്ടറി ഓഫീസിലെത്തി രണ്ടു മൂന്നു പേപ്പറുകളില്‍ ഒപ്പിടണം..പിന്നെ തങ്ങളുടെ എകമകന്റെ ഭൌതിക ശരീരം തങ്ങള്‍ക്കു സ്വന്തമാവും.
നഗരം മെല്ലെ തിരക്കിലേക്ക് ഊര്‍ന്നിറങ്ങി.ഓരോ കാലടിയും ശ്മശാനത്തിലേക്ക്. കൂടുതല്‍ അടുക്കുന്നുവെന്ന തിരിച്ചറിവുകള്‍ മനപ്പൂര്‍വ്വം മറവിയിലേക്ക് പായിച്ചു ജനങ്ങള്‍ എവിടെക്കോ ധൃതിയില്‍ പായുന്നു.
അതിര്‍ത്തികള്‍ക്കപ്പുറത്ത് നിന്നും പ്രകോപനങ്ങളില്ലാതെ ഷെല്‍ വര്‍ഷിച്ചു കൊണ്ടേയിരുന്നു.പുത്രന്മാര്‍ നഷ്ടപ്പെട്ട അമ്മമാര്‍ മറവികള്‍ പോലും അനുഗ്രഹിക്കപ്പെടാതെ ഉറക്കം നഷ്ടപ്പെട്ടു ജീവിച്ചു.
ഗോപുരത്തിനടിയിലെ പുല്‍ത്തകിടിയില്‍ സത്യപാലന്‍ മലര്‍ന്നു കിടന്നു.ഗോപുരത്തിന്റെ നിഴല്‍ അപ്രത്യക്ഷമായിരുന്നു.കഴുത്തില്‍ വളയങ്ങളോടെ വെളുത്ത പാടുകളുള്ള പ്രാവുകള്‍ ഗോപുര ജാലകങ്ങളില്‍ കുറുകിയിരുന്നു.നിശബ്ധതയിലേക്ക് സെറ്റ്ചെയ്തു വെച്ച സെല്‍ ഫോണിലേക്ക് അനുശോചന സന്ദേശങ്ങള്‍ പ്രവഹിച്ചുകൊണ്ടിരുന്നു.
ഏതോ സ്കൂളില്‍ നിന്നും കുഞ്ഞു ത്രിവര്‍ണ്ണ പതാകകള്‍ യുനിഫോമിലണിഞ്ഞ നാളത്തെ കുഞ്ഞു ജവാന്മാര്‍ പുല്‍ത്തകിടിയില്‍ വന്നിരുന്നു.കുട്ടികളുടെ ഉച്ചത്തിലുള്ള പൊട്ടിച്ചിരികളും ആരവങ്ങളും ഗോപുരത്തില്‍ നിവസിച്ച പ്രാവുകളെ അലോസരപ്പെടുത്തി.സ്വാതന്ത്രം കാംക്ഷിച്ചു അല്‍പ ദൂരം പറന്ന പ്രാവുകള്‍ കൂട്ടമായി തിരിച്ചെത്തി കുട്ടികളുടെ ആരവങ്ങളിലേക്ക് മിഴി നട്ടു നിന്നു.
ത്രിവര്‍ണ്ണ പതാകയേന്തിയ സ്കൂള്‍ ബസ്സില്‍ ആരവങ്ങളുമായി കുട്ടികള്‍ യാത്രയായപ്പോള്‍ സത്യപാലന്‍ മിലിട്ടറി ആസ്ഥാനത്തേക്ക് നടന്നു.ഓഫീസര്‍ നീക്കി തന്ന പേപ്പറുകളില്‍ യാന്ത്രികമായി ഒപ്പുകളിട്ടു സത്യപാലന്‍ കോളനിയിലേക്ക് മടങ്ങി.
പുറകില്‍ ഓഫീസില്‍ സ്ഥാപിച്ച റേഡിയോവില്‍ അപ്പോഴും അതിര്‍ത്തിക്കപ്പുറത്ത് നിന്നും പ്രകോപനങ്ങളില്ലാതെ വര്‍ഷിച്ച ഷെല്‍ മഴയില്‍ പുതുതായി ജീവന്‍ പൊലിഞ്ഞ ജവാന്മാരുടെ വാര്‍ത്തകള്‍ അറിയിക്കുന്നുണ്ടായിരുന്നു.
No comments:
Post a Comment