Tuesday, May 18, 2010

അനാഥത്വം...

പിറവിക്കു ശേഷം തലോടലി ല്ലാത്ത ജീവിതവും നിറങ്ങള്‍ കൂട്ടിനില്ലാത്ത കുട്ടിക്കാലവും അനാഥത്വത്തിന്റെ മുന്നറിവുകള്‍ ആണെന്ന വേദാന്തം അയാള്‍ സ്വയം തുന്നിയെടുത്തതായിരുന്നു .തെരുവുകളില്‍ തിരക്ക് തുടങ്ങുന്ന നേരത്ത് സനാഥമാവുന്ന ജീവിതം അര്‍ദ്ധരാത്രിയില്‍ തെരുവുകള്‍ ശൂന്യമാവുന്നതോടെ വീണ്ടും അനാഥമാവുന്നു.




പാതയോരത്തെ മുഖാമുഖം നോക്കി നില്‍ക്കുന്ന ക്ഷേത്രത്തിന്റെയും നമസ്കാര പള്ളിയുടെയും ,പ്രാര്‍ഥനകളില്‍ പങ്കെടുത്താനെത്തുന്ന ഓരോ സ്ത്രീയിലും അയാള്‍ തന്റെ മുഖച്ഛായ തിരഞ്ഞു .



അനാഥമാക്കപ്പെടുന്ന കലാപങ്ങളുടെ പിന്നോടികളായ് വരുന്ന ഹര്‍ത്താലിന്റെ പകലുകളില്‍ മനസ്സെന്ന ഭാണ്ഡത്തില്‍ സൂക്ഷിച്ച മാതൃ സ്നേഹം കണ്ണുനീരായ് നിറഞ്ഞൊഴുകി തെരുവില്‍ പ്രളയം സൃഷ്ടിക്കുന്നു, നീന്താനറിയാതെ ഒഴുകിയൊഴുകി അവസാനം വീതിയേറിയ സിമന്റു ബഞ്ചിട്ട വെയ് ടിംഗ് ഷെഡില്‍ അനാഥ മായിക്കിടന്നു .



അപകര്‍ഷതാ ബോധത്തിന്റെ അനാഥ ത്വം നിറഞ്ഞ കറുത്ത നിറം പൂണ്ട കാക്കകള്‍ എച്ചില്‍ കൂനയില്‍ ആഹാരം തിരയാന്‍ കൂട്ടിനെത്തി .





പാതയോരത്തെ കുറ്റിക്കാട്ടില്‍ കാല്‍ഭാഗം ചിതല്‍ കയറിയ ഒരു തെങ്ങിന് താഴെ കൃഷ്ണമുടിപ്പൂക്കള്‍ വിരിഞ്ഞു നിന്നു.നിറം മങ്ങിയ ഷഡ്പദങ്ങള്‍ കടുത്ത അനാഥത്വം പേറി കൃഷ്ണമുടിപ്പൂക്കളില്‍ അലഞ്ഞു നടന്നു.







വെയ്ടിംഗ് ഷേടിനു ഒരുവാര അകലെയായി വെളുത്ത നിറം പൂശിയ പുതിയ അമ്മത്തൊട്ടില്‍ നിലാവില്‍,വീണ്ടും മനസ്സിനെ കടുത്ത അനാഥത്വത്തിലെക്കാനയിച്ചു .

പുതിയ അനാഥപ്പൈതലിന്റെ വരവെല്പിനായ് മാലാഖമാര്‍ അമ്മത്തൊട്ടിലിനു ചുറ്റും അദൃശ്യരായ് നിലകൊണ്ടു.

നിദ്രയിലെ നരച്ച സ്വപ്നങ്ങളിലേക്ക് നിറം മങ്ങിയ ഷഡ്പദങ്ങള്‍ പാറി വീണ ഒരു പുലര്‍ച്ചയില്‍ അമ്മതൊട്ടിലില്‍ നിക്ഷേപിച്ച ഒരു അനാഥ ശിശുവിന്റെ വിലാപം കൃഷ്ണമുടിപ്പൂക്കളില്‍ പോലും വിഷാദം നിറച്ചു.മാലാഖമാര്‍ പോലും തളര്‍ന്നുറങ്ങിയ പുലര്‍ച്ചയില്‍ ഉമിനീരിനാല്‍ കൊച്ചു ചുണ്ടുകള്‍ നനയിച്ചു പുലരുവോളം അയാള്‍ അമ്മ ത്തൊട്ടിലിനു കാവലിരുന്നു.



അമ്മതൊട്ടിലില്‍നിന്നും കണ്ടെത്തിയ അനാഥ ശിശുവിന്റെ മുഖച്ഛായ ,ബാലസദനത്തില്‍ നിന്നും ഏറ്റെടുക്കാനെത്തിയ പരിഷ്കാരി സ്ത്രീയില്‍ അയാള്‍ ദര്‍ശിച്ചു



പുലര്‍വെയില്‍ ഏറ്റുണര്‍ന്ന കൃഷ്ണമുടി പ്പൂക്കളില്‍ ചവര്‍പ്പ് തേന്‍ നിറഞ്ഞു തുടങ്ങി.ജീവിതത്തിലെ നീണ്ട അലച്ചിലുകള്‍ക്കൊടുവില്‍വീണ്ടും അനാഥത്വം

ബാക്കിയാവുന്നു ,ശിശു വിലാപം ദൂരെ അലിഞ്ഞില്ലാതായപ്പോള്‍ ,അയാള്‍ മുറിഞ്ഞു പോയ ഉറക്കിന്മേല്‍ വീണ്ടുമൊരുറക്ക്‌ തുന്നി ചേര്‍ക്കാന്‍ ശ്രമിച്ചു...

No comments: