നിശബ്ദനായിരിക്കുക അതാവും വർത്തമാന കാലത്തെ ഒരാൾക്ക് കഴിയുന്ന എറ്റവും ദുർഘടം പിടിച്ചൊരവസ്ഥ ശങ്കരേട്ടൻ തന്റെ മുഴക്കമുള്ള ശബ്ദത്തിൽ പറഞ്ഞു.
വാക്കുകൾ മനസ്സിന്റെ നിഘൂഡതകളിൽ എവിടെയോ നിന്ന് അദ്ധേഹം ഖനനം ചെയ്തെടുക്കുകയാവുമെന്നു ഞാൻ കരുതി.
പള്ളിക്കുളത്തിലേക്ക് ഇടിഞ്ഞു വീഴാൻ പാകത്തിൽ ജീർണ്ണിച്ചു നിന്ന പഴയ മൂത്രപ്പുരക്കു മുകളിൽ ആകാശം വെറുങ്ങലിച്ചു കിടന്നു.
കനമാർന്ന വാക്കുകളുടെ വേദാന്തങ്ങൾ ഇനിയും ശങ്കരേട്ടനിൽ നിന്നും പൊഴിയുമെന്ന് ഞാൻ ആശിച്ചിരുന്നു.പക്ഷേ അതുണ്ടായില്ല.
ശങ്കരേട്ടന്റെ സുഹ്രുത്തും സമപ്രായക്കാരനുമായ അബുവിന്റെ വിലാപ യാത്ര അനുഗമിച്ചായിരുന്നു ഞങ്ങൾ അവിടെ എത്തിയിരുന്നത്.
അബുവിന്റെ മ്രുതദേഹം അവസാനമായി ഒന്നു നോക്കുവാൻ ശങ്കരേട്ടൻ വിസമ്മതിക്കാനുള്ള ചേതോവികാരം എന്തായിരിക്കുമെന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.
ആത്മസുഹ്രുത്ത് സുനിലായിരുന്നു ശങ്കരേട്ടനെ എന്റെ പരിചയ വലയത്തിലെക്ക് ചേർത്ത് നിർത്തിയത്.
അവിവാഹിതനും ഒറ്റക്ക് താമസിക്കുകയും ചെയ്യുന്ന അദ്ധേഹത്തെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങുമ്പോൾ ,ഒരിക്കലും വേർപിരിയാത്തൊരു ആത്മബന്ധം ഉടലെടുത്തു കഴിഞ്ഞിരുന്നു.
മന്ത്രോച്ചാരണങ്ങളോടെ അബുവിന്റെ ദേഹി വെടിഞ്ഞ ദേഹം ആറടിമണ്ണിലേക്ക് ഇറക്കി വെക്കുമ്പോള്‍ കാറ്റ് ,പള്ളിപ്പറമ്പിലെ മുരിക്കിന്‍ ഇലകളിലെ ചെകുത്താന്‍ തുപ്പലുകള്‍ ചെറുകുമിളകളായി അന്തരീക്ഷത്തിലേക്ക് പറത്തിയിരുന്നു.
ശങ്കരേട്ടന്‍ താമസിച്ച നഗരാതിര്‍ത്തിയിലെ വീടിന്റെ നിശബ്ദതയായിരിക്കണം ശങ്കരെട്ടനിലും പ്രതിഫലിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
അടിയുറച്ചു വിശ്വസിച്ച വിപ്ലവചിന്തകളില്‍ നിന്നും വ്യതിചലിച്ചു പോയ പല പ്രശസ്തരേയും ശങ്കരേട്ടന് ഖനനം ചെയ്ത വാക്കുകളോടെ നേരത്തെ തന്നെ എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു.
പതിയെ എന്നില്‍ പിറന്ന വിപ്ലവകാരിയേയും വേദാന്തിയെയും ശക്തമായി നിരുല്സാഹപ്പെടുത്തിയതും ശങ്കരേട്ടന്‍ തന്നെയാണെന്നത് സത്യം.
നഗരം പയ്യെ നിദ്രയിലേക്ക് ഇറങ്ങും നേരം പതിവായി ശങ്കരേട്ടന്‍ നഗര ഹൃദയത്തിലേക്ക് ഇറങ്ങുന്നത് ഒരത്ഭുതത്തോടെ ഞാന്‍ നോക്കി നില്‍ക്കാറുണ്ടായിരുന്നു.
ശങ്കരേട്ടന്റെ ഈ രാത്രി സഞ്ചാരങ്ങള്‍ എന്നിലെ ആകാംക്ഷയുടെ അവസാന കവചവും ഭേദിച്ച് ഒരു നാള്‍ അദ്ദേഹമറിയാതെ പിന്തുടര്‍ന്നത് ഞാനോര്‍ക്കുന്നു.
ഉറങ്ങുന്ന നഗരത്തിന്റെ നെഞ്ചില്‍ കത്തുന്ന ഒരു പന്തം കൊളുത്തിവെച്ചു നഗരഹൃദയം മാത്രം തെളിയിച്ച തട്ട്കടയില്‍ നിന്നും അല്പം ആഹാരം വാങ്ങി ശങ്കരേട്ടന്‍ നടന്നത് ഇരുട്ട് നിറഞ്ഞ ഒരു പഴയ കെട്ടിടത്തിലേക്കായിരുന്നു.
മങ്ങിയ തെരുവ് വിളക്കിനു താഴെ നഗരത്തിനു അപവാദമായി ആ ഒരു കെട്ടിടം മാത്രമായിരുന്നു ചരിത്രത്തിന്റെ ബാക്കി പത്രം പോലെ അവശേഷിച്ചിരുന്നത്.
ഒരു പഴംതുണി പ്പുതപ്പിനുള്ളില്‍ നിന്നും കുഷ്ഠ രോഗിയായ തെരുവ് വേശ്യയെ തന്നോട് ചാരിനിര്‍ത്തി ശങ്കരേട്ടന്‍ ആഹാരമൂട്ടുമ്പോള്‍,തെരുവ് വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ ,നീര്‍ വറ്റി വരണ്ടുപോയ അവരുടെ മിഴികളില്‍ പ്രത്യക്ഷപ്പെട്ട വികാരം നിര്‍വ്വചിക്കാനാവാത്ത ഏതോ ഒന്നായിരുന്നു വെന്നതിനു ശങ്കരേട്ടന്‍ അദൃശ്യനായി നിന്ന ഞാന്‍ സാക്ഷ്യമായിരുന്നു.
പള്ളിപ്പറമ്പിന് അതിരിട്ട മുരിക്ക്‌മരങ്ങള്‍ക്ക് മുകള്‍ തൊട്ടു ആകാശം അടിവരയിട്ടു.ചെകുത്താന്‍ തുപ്പലുകളുടെ ഭാരമൊഴിഞ്ഞ മുരിക്കിന്‍ ഇലകളുടെ തുപ്പല്‍ വീണ ഭാഗം മാത്രം പൊള്ളിക്കിടന്നു.
അബുവിന്റെ സംസ്കാരം കഴിഞ്ഞു എല്ലാവരും മടങ്ങിപ്പോയിരുന്നു.കുഴിമാടം തിരിച്ചറിയാന്‍ കൂട്ടിയിട്ട പുതുമണ്ണ് കാറ്റില്‍ പറക്കാതിരിക്കാന്‍ ആരോ കുടഞ്ഞിട്ട ജലകണങ്ങള്‍ കണ്ണീരു പോലെ കുഴിമാടം നനച്ചിട്ടു.
കനത്ത നിശബ്ദത ഒരു കവചമായി എന്നെ പൊതിഞ്ഞപ്പോള്‍ ഒന്നും മിണ്ടാതെ ആളൊഴിഞ്ഞ പള്ളിപറമ്പിലേക്ക് കയറിപ്പോയ ശങ്കരെട്ടനോട് യാത്രപോലും പറയാതെ ഞാനെന്റെ നിത് ജീവിതത്തിലേക്ക് ഇറങ്ങി നടക്കാന്‍ തുടങ്ങിയിരുന്നു..
5 comments:
great one..
wonderfull....അഭിനന്ദനങ്ങള്‍
Nice post...
ആശംസകള്‍ ...
ശങ്കരേട്ടനില്‍ കൃഷ്ണേട്ടനെ കാണുന്നുണ്ടല്ലോ....പണ്ട് മലയാള നാട്ടില്‍ വന്ന അതെ കൃഷ്ണേട്ടന്‍...സുഹൃത്തിന്റെ മോളുടെ കല്യാണത്തിന് ആകെയുണ്ടായിരുന്ന സമ്പാദ്യം കൊടുത്ത കൃഷ്ണേട്ടന്‍...കൃഷ്ണേട്ടന്‍ കുട്ടിക്ക് കൊടുത്തു.ശങ്കരേട്ടന്‍ ഒരു അഗതിക്ക് കൊടുത്തു.കൃഷ്ണേട്ടന്റെ മുഖം കാര്‍ മേഘത്തിന്റെ നിഴല്‍ വീണു മറഞ്ഞു.ശങ്കരേട്ടന്റെ മുഖം രാത്രിയുടെ ഇരുട്ട് വീണു മറഞ്ഞു.അല്ല....സ്നേഹത്തിന്റെ പേര് ശങ്കരന്‍ എന്നായാല്‍ എന്താ കൃഷ്ണന്‍ എന്നായാല്‍ എന്താ അല്ലെ...?എല്ലാ ശങ്കരേട്ടന്മാരും കൃഷ്നേട്ടന്മാരും എന്നും ഒന്നിക്കട്ടെ...!
നിശബ്ദനായിരിക്കുക അതാവും വർത്തമാന കാലത്തെ ഒരാൾക്ക് കഴിയുന്ന എറ്റവും ദുർഘടം
നല്ല അവതരണം..
Post a Comment