എല്ലാമുണ്ടായിരുന്നിട്ടും ഒന്നുമില്ലാത്തൊരു നിസ്സഹായാവസ്ഥ ,അത് മരണത്തിനു തുല്യമാണ്. ഈ നിസ്സഹായാവസ്ഥയാണ് ഇന്നത്തെ കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണത്തിനു മുഖ്യഹേതു.അണുകുടുംബമായ് പരിണമിച്ച ഇന്നത്തെ ജീവിത യാഥാര്‍ത്യത്തെക്കുറിച്ചുള്ള ഏതൊരു മാതാവിന്റെയും ഒറ്റപ്പെടുന്നുവെന്ന പരാതിയല്ലേ അയ്ഷയുടെയും ദുഖങ്ങള്‍ എന്ന് ഉബൈദ് ചിന്തിക്കുകയായിരുന്നു .
എന്താണ് നമ്മുടെ ഈ ജീവിതത്തിന്റെ അര്‍ഥം? പെട്ടെന്നുള്ള അയ്ഷയുടെ ചോദ്യം ഉബൈദിനെ തെല്ലൊന്നമ്പരപ്പിച്ചു.കിടക്കയില്‍ ചാരിവെച്ച തലയിണയില്‍ തന്റെ വലതുകൈയില്‍ വിശ്രമിക്കുകയായിരുന്നു അവളുടെ മുഖം.മറുപടിയില്ലാത്തൊരു ചോദ്യം, എങ്കിലും അയാള്‍ അയ്ഷയുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു.പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാത്ത ആ മുഖത്ത് നിര്‍വ്വികാരതയായിരുന്നു.
ഇരുപത്തിനാല് നാല് വര്‍ഷത്തെ ദാമ്പത്യജീവിതം.അതും പ്രവാസിയായ തന്നോടൊപ്പം ഒന്നിച്ചുജീവിച്ചത് ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ മാത്രം.ദുഖങ്ങളും സന്തോഷങ്ങളും ഒരുമിച്ചു പങ്കിട്ട നീണ്ട കാലയലവുകള്‍ക്കിടയില്‍ തന്നോടിത് വരെ പരാതിയോ പരിഭവമോ പറയാതെ ജീവിച്ചവള്‍.എന്തെ ഇപ്പോള്‍ ഇങ്ങിനെയൊരു ചോദ്യം തന്നോട് ചോദിച്ചതെന്നായിരുന്നു ഉബൈദ് ചിന്തിച്ചത്.
പ്രവാസംവരിച്ചു കടല്‍കടന്ന ആദ്യവര്‍ഷങ്ങള്‍ കദനത്തിന്റെതായിരുന്നു.എങ്കിലും തിരിഞ്ഞു നോക്കുമ്പോള്‍ മറ്റു പ്രവാസികളെ അപേക്ഷിച്ച് ഉബൈദ് സംതൃപ്തനായിരുന്നു.കത്തുന്ന യൌവ്വനം മരുഭൂമിയിലെ കൊടുംചൂടില്‍ ഹോമിച്ചെങ്കിലും കഠിനാധ്വാനിയായ അയാള്‍ പതറിയില്ല.
ഉബൈദിന്റെ വലതുകൈയില്‍ തലവെച്ചു അയ്ഷ മയങ്ങിപ്പോയിരുന്നു.ഉച്ചമയക്കം ഇപ്പോള്‍ തന്നെപോലെ അവള്‍ക്കും ഒരു ശീലമായതു അയാളറിഞ്ഞു.വിരഹം കല്ലിച്ച പ്രവാസത്തോട് യാത്രാമൊഴിയേകി തിരിച്ചെത്തുമ്പോള്‍ എല്ലാം നേടിയിരുന്നു.അല്പം അനാരോഗ്യം മാത്രമായിരുന്നു അതിന്നൊരപവാദമായി അയാള്‍ക്ക് അനുഭവപ്പെട്ടത്.
രണ്ടു മക്കളായിരുന്നു ഉബൈദിനും അയ്ഷക്കും.ഒരാണും ഒരു പെണ്ണും.പെണ്‍കുട്ടിയെ പ്രവാസി തന്നെയായ ഒരു വ്യാപാരിക്ക് വിവാഹം ചെയ്തയച്ചു കുടുംബമായി അറേബ്യയിലായിരുന്നു.മകന്‍ വിദേശിയായ ഒരു പെണ്‍കുട്ടിയെ വിവാഹംചെയ്തു മറ്റൊരു രാജ്യത്തും സുഖമായി കഴിയുന്നു,പിന്നെ നല്ലൊരു വീടും ,അത്യാവശ്യം വരുമാന മാര്‍ഗമുള്ള അല്പം തെങ്ങിന്‍തോപ്പും ,കൂടാതെ അങ്ങാടിയില്‍ വാടക ലഭിക്കുന്ന രണ്ടു കെട്ടിടങ്ങളും ,അത്മാത്രം മതിയായിരുന്നു മൂന്നു തലമുറകള്‍ക്ക് സുഖമായി കഴിയുവാന്‍.
അയ്ഷയുടെ ചോദ്യം തന്റെ ഉച്ചമയക്കം അപ്രത്യക്ഷമാക്കിയത് അത്ഭുതത്തോടെ ഉബൈദു മനസ്സിലാക്കി.വളരെ സാവധാനം തന്റെ വലതു കൈ സ്വതന്ത്രമാക്കി അയാള്‍ എഴുന്നേറ്റു.
മറ്റൊന്നും ചെയ്യാനില്ലായിരുന്നു.അത്യാവശ്യം വാര്‍ത്തകള്‍ കേള്‍ക്കാന്‍ മാത്രമായിരുന്നു ടീവി കാണാറുള്ളത്.സ്വല്പം പുസ്തക പാരായണം.വൈകുന്നേരം അങ്ങാടിയിലെക്കൊന്നിറങ്ങും,പരിചയമുള്ള ആരെയെങ്കിലും കണ്ടാല്‍ പഞ്ചായത്ത്കിണര്‍ തിണ്ടിലിരുന്നു അല്പം സംസാരിച്ചിരിക്കും.
ഉബൈദു ഒരു സിഗരറ്റിനു തീകൊളുത്തി മുറ്റത്തെ വെയില്‍താഴ്ന്ന നിഴലിലേക്ക് നോക്കിനിന്നു.അന്യം നിന്നുപോയ അസര്മുല്ലപ്പൂക്കളുടെ ഒരു ശേഖരംതന്നെ അയ്ഷ തന്റെ തോട്ടത്തില്‍ സംരക്ഷിച്ചിരുന്നു.നീണ്ടു വളഞ്ഞകൊക്കും സൌന്ദര്യമുള്ള ഉടലുമായി തീരെ ആകര്‍ഷകമല്ലാത്ത വാലും ചേര്‍ന്ന പേരറിയാക്കിളി അപകര്‍ഷതാബോധത്തോടെ മറ്റു പക്ഷിക്കൂട്ടങ്ങളില്‍ നിന്നൊളിച്ചു മുറ്റത്തെ പേരമരത്തിലേക്ക് ചാഞ്ചാടിക്കയറി.
ഇന്നെന്താ പുറത്തേക്കൊന്നും പോകാതെ ഇവിടെയിരുന്നു ചിതലരിക്കാനാണോ പരിപാടിയെന്ന അയ്ഷയുടെ തമാശ നിറഞ്ഞ വാക്കുകള്‍ കേട്ടാണ് ഉബൈദു ചിന്തകളില്‍ നിന്നും മുക്തി നേടിയത്.അയ്ഷ നീട്ടിയ നിറമുള്ള പാല്ച്ചായ ഊതിക്കുടിക്കുമ്പോള്‍ അവള്‍ പൂന്തോട്ടം നനക്കാന്‍ തുടങ്ങിയിരുന്നു.
മേലൊന്നു കഴുകി പുറത്ത് വരുമ്പോഴേക്കും അവള്‍ പൂന്തോട്ടം നനച്ചശേഷം കാറും കഴുകിതീര്‍ത്തിരുന്നു. വസ്ത്രം മാറിവന്നു കാറിനു പോകാന്‍ ഗെയ്റ്റ് തുറന്നശേഷം ''നേരത്തെ വരണം നമുക്ക് നാളെ അതിരാവിലെ ഒരു ഇടം വരെ പോകാനുണ്ട്'' എന്ന് പറഞ്ഞപ്പോള്‍ അയ്ഷയുടെ മുഖത്തു ഒരായിരം അസര്മുല്ലപ്പൂക്കള്‍ വിരിയുന്ന മന്ദഹാസം നിറഞ്ഞു നിന്നത് ഉബൈദറിഞ്ഞു.
ഇടതൂര്‍ന്നു മൈലാഞ്ചിക്കാടുകള്‍ വേലിയിട്ട ടാറിട്ട റോഡിലൂടെ കാറോടിക്കുമ്പോള്‍ തന്റെ ബാല്യ ചിലവഴിച്ച ഈ റോഡു പഴയൊരു വെട്ടു വഴിയായിരുന്നുവെന്നു അയാളോര്‍ത്തു.മയിലാഞ്ചിക്കടുകളിലും വെട്ടുവഴികളിലും തളിരിട്ട പ്രണയത്തിന്റെ ശുഭ പര്യവസാനമായിരുന്നു അയ്ഷ ഉബൈദിന്റെ ജീവിത സഖിയായത്, മോഹിച്ചതൊക്കെ സ്വന്തമായ ഭാഗ്യവും കൌമാര പ്രണയവും ,ജീവിതത്തിന്റെ വിജയവുമെല്ലാം ഈ ജീവിത സായാഹ്നത്തിലും ഉബൈദിന്റെ മനസ്സിനെ പഴയ കൌമാരക്കരനാക്കി.മൈലാഞ്ചിക്കാടുകള്‍ തഴുകിയെത്തിയ ഇളം വെയില്‍ നോക്കി വീണ്ടും തന്റെ ബാല്യത്തിലേക്ക് ഉബൈദ് കാറോടിക്കുകയായിരുന്നു.
തിരികെ വീട്ടിലെത്തുമ്പോള്‍ ഇരുട്ട് വീണിരുന്നു.അയ്ഷ പതിവ് പോലെ മകളുടെ പേരക്കുട്ടികളുമായി ഫോണ് സംഭാഷണത്തിലായിരുന്നു.ഇനി കുറെസമയം പേരക്കുട്ടികളെ ലാളിക്കാനുള്ള ഭാഗ്യം നിഷേധിക്കപ്പെട്ട ഈ ജീവിത സായാഹ്നത്തെക്കുറിച്ചുള്ള വേവലാതികളുടെ ഒരായിരം സങ്കടങ്ങളാവും മുഖത്തും മനസ്സിലും.മരുമക്കത്തായം ഉപേക്ഷിച്ചു ഇപ്പോഴത്തെ അണുകുടുംബ ജീവിതം സ്വീകരിച്ച കണ്ണിയിലെ അവസാനത്തെ ഇരയാണ് താണെന്നു പറയുമ്പോള്‍ കൃത്രിമ രോഷത്തോടെ ഉബൈദിനെ നോക്കുന്ന അയ്ഷയുടെ മനസ്സിലെ വേദന പലപ്പോഴും അയാള്‍ക്ക് അനുഭവപ്പെടാറുണ്ട് .
പുലര്‍ച്ചെ കോഴി കൂകുന്നതിനും മുമ്പേ അയ്ഷ ഒരുക്കം തുടങ്ങിയിരുന്നു. എത്രയോ കാലത്തിനു ശേഷം അയ്ഷയെ ഇത്രയും ഉത്സാഹവതിയായി ഉബൈദു കാണുന്നത് ഇന്നായിരുന്നു.അവളുടെ ആഹ്ലാദത്തിനു ഭംഗം വരാതെ ഒരു കുട്ടിയെപോലെ എല്ലാം അയാള്‍ അനുസരിക്കുകയായിരുന്നു. പ്രഭാത പ്രാര്‍ഥനക്ക് ശേഷം പ്രാതല്‍ കഴിച്ചവര്‍ പുറപ്പെട്ടു.നാളേക്ക് വിടരുവാന്‍ വെമ്പി നിന്ന അസര്മുല്ലകളുടെ മൊട്ടുകള്‍ മഞ്ഞില്‍ പൊതിഞ്ഞു കുളുര്‍ന്നു നിന്നു. മൈലാഞ്ചിക്കാടുകളില്‍ പെയ്ത മഞ്ഞിനെ പുലര്‍വെട്ടം തുവര്‍ത്തി എടുക്കാന്‍ തുടങ്ങി. പടിഞ്ഞാറേമാനത്തു ഒരു കൂട്ടം കുറുവാല്‍ക്കിളികള്‍ ഒരേ രേഖയില്‍ സഞ്ചാരം തുടങ്ങിയിരുന്നു.
ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന ചോദ്യത്തിന് ഉത്തരം കിട്ടിയ പോലെ ഏതോ ആകാശഗോപുരങ്ങളില്‍ ഉഴറിനടക്കുന്ന അയ്ഷയുടെ മുഖത്തു പലഭാവങ്ങള്‍ മിന്നി നിറയുന്നത് നോക്കി ഉബൈദ് കാറോടിച്ചു.ചുരം കയറിയിറങ്ങി മലമ്പ്രദേശവും പിന്നിട്ടു വലിയൊരു ഓടിട്ട കെട്ടിടത്തിനു മുമ്പില്‍ കാര്‍ ഒതുക്കിയിടുമ്പോഴാണ് ഉബൈദ് മുട്ടില്‍ യതീംഖാന എന്ന ബോര്‍ഡു ആ ശ്രദ്ധിച്ചത്.ഔപചാരികമായ അല്‍പ സമയങ്ങള്‍ക്കു ശേഷം അയ്ഷ പുഞ്ചിരിക്കുന്ന മുഖവുമായി ആണും പെണ്ണുമായ ഇരട്ടകുട്ടികളുമായി പുറത്തേക്ക് വരുമ്പോള്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് ഉബൈദ് അറിയുകയായിരുന്നു.
6 comments:
അയ്ഷയുടെ ചോദ്യം തന്റെ ഉച്ചമയക്കം അപ്രത്യക്ഷമാക്കിയത് അത്ഭുതത്തോടെ ഉബൈദു മനസ്സിലാക്കി.വളരെ സാവധാനം തന്റെ വലതു കൈ സ്വതന്ത്രമാക്കി അയാള്‍ എഴുന്നേറ്റു.
കഥ നന്നായി ഒതുക്കത്തോടെ എഴുതിയിരിക്കുന്നു........
കത്തുന്ന യൌവ്വനം മരുഭൂമിയിലെ കൊടുംചൂടില്‍ ഹോമിച്ചെങ്കിലും കഠിനാധ്വാനിയായ അയാള്‍ പതറിയില്ല.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു... സുഹൃത്തേ....ആശംസകള്‍..
പ്രവാസത്തെ മറ്റൊരു രീതിയില്‍ വിവരിച്ചു
ഇഷ്ടായി
പ്രിയ സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ ... ഒത്തിരി ഇഷ്ട്ടമായിട്ടോ .... വീണ്ടും വരാം .... സസ്നേഹം
വരികള്‍ മനോഹരം . നല്ല ഒഴുക്കുണ്ട് വായിക്കുവാന്‍..
Post a Comment