Tuesday, December 4, 2012

മെര്ലി്ന്റെ അതിന്ദ്രീയ ജ്ഞാനങ്ങള്‍.


കാശ യാത്രക്കിടയില്‍ നഷ്ടമായവരെക്കുറിച്ചുള്ള  ചിന്തകള്‍  എന്നെ അലട്ടാന്‍ തുടങ്ങിയത് മെര്‍ലിന്‍  എന്ന പെണ്‍കുട്ടി എന്റെ സൌഹൃദ ത്തിലേക്ക് കടന്നു വന്നപ്പോഴായിരുന്നു.

ചൊവ്വാഗ്രഹത്തില്‍ കാണപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ജീവ ജാലങ്ങള്‍ക്കിടയില്‍  തന്റെ തോഴനായ ജോണും അലഞ്ഞു തിരിയുന്നുണ്ടാവാം  .മുഖപുസ്തകത്തിലെ തന്റെ പ്രൊഫൈലില്‍ അവള്‍ കുറിച്ചു വെച്ചു.

ലാപ്ടോപിനെ വൈറസ്  പ്രവര്‍ത്തനരഹിതമാക്കിയ  അന്നത്തെ വൈകുന്നേരം  അവളെന്നെ ഇന്റര്‍നെറ്റ്‌  കഫെയിലേക്ക് കൂട്ടികൊണ്ടുപോയി.ജോണ് സഞ്ചരിച്ച ആകാശവാഹനത്തിന്റെ  നെറ്റില്‍ നിന്നും ലഭ്യമായ അവസാനദൃശ്യങ്ങള്‍  അവള്‍ ഡൌണ്‍ലോഡ് ചെയ്തെടുത്തു  എന്റെ മെയിലിലേക്ക്  ഷെയര്‍  ചെയ്തു.


അതിനുശേഷമാണ്  ആകാശയാത്രകള്‍ക്കിടയില്‍  അപ്രത്യക്ഷരായവരെ ക്കുറിച്ച്  ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയതും.സൂര്യനും, ചന്ദ്രനും  നക്ഷത്രങ്ങളും മറ്റു കോടാനുകോടി ഗോളങ്ങളും  മാത്രം എന്റെ ചിന്തകളില്‍ ഇടംപിടിച്ചു.

നക്ഷത്രങ്ങള്‍ പരസ്പരം പ്രണയിക്കുന്ന ആകാശങ്ങളില്‍  ഒരു സ്വപ്നാടനക്കാരനെപ്പോലെ  ഞാന്‍ വിഹരിച്ചു.എന്റെ തോന്നലുകള്‍ക്ക്     ആകാശവ്യാപ്തിയും  നക്ഷത്രപ്രതിഫലനങ്ങളും  ഇടയ്ക്കിടെ മെര്‍ലിന്റെ സന്ദര്‍ശനങ്ങള്‍ക്ക്  നല്‍കാന്‍ കഴിഞ്ഞു.

നാസയുടെ അത്യാധുനിക ഉപഗ്രഹങ്ങള്‍ക്കു കണ്ടുപിടിക്കാനാവാത്ത ജലസോത്രസ്സുകളില്‍ നിന്നും പലപ്പോഴും ഞാന്‍ മുഖം കഴുകുകയും ദാഹം തീര്‍ക്കുകയും ചെയ്തു.ഗുരുത്വാകര്ഷണമില്ലാത്ത  ശൂന്യാകാശത്തിന്റെ തരിശു താഴ്വാരങ്ങളില്‍ ഒരു അപ്പൂപ്പന്‍ താടിയെപ്പോലെ ഞാന്‍ ഒഴുകി നടന്നു.

ഏഷ്യയുടെയും അറേബ്യയുടെയും  സംസ്കാരം അലിഞ്ഞു ചേര്‍ന്ന  രക്തമായിരുന്നു മെര്‍ലിന്റെ  ധമനികളില്‍ ഒഴുകിയിരുന്നത്.കൂടാതെ യൂറോപ്പിന്റെ  സംസ്കാരം കൂടി അലിഞ്ഞു ചേര്‍ന്ന  ജീവന്റെ ഒരു തുടിപ്പ് കൂടി ജോണിന്റെതായി  അവളില്‍ വളര്‍ന്നു വരുന്നുണ്ടായിരുന്നു.

അവളുടെ വസ്ത്രധാരണത്തെക്കുറിച്ചു  നേരത്തെ എനിക്ക് അത്ഭുതംതോന്നിയിരുന്നു.അറബ്-യൂറോപ്യന്‍  ജീവിത രീതി  പിന്തുടരുമ്പോഴും  നഗ്നതയുടെ ഒരംശം പോലും  പുറത്തേക്ക് പ്രകടിപ്പിക്കാത്ത രീതിയില്‍, എനിക്കവളോട് മതിപ്പായിരുന്നു.

അതിന്ദ്രീയജ്ഞാനങ്ങള്‍  മനസ്സിലേക്ക്  ആവാഹിച്ചെടുക്കുകയാണെന്ന് തോന്നുന്ന അവളുടെ  മൌനത്തിന്റെ പുതിയ ശൈലി കടമെടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു.വാചാലതയുടെ മഹാഗര്‍ഭങ്ങളില്‍ നിന്നും  മൌനത്തിനെ  മഹാഗര്‍ത്തത്തിലേക്ക് പ്രകാശവേഗത്തില്‍  പെട്ടെന്നുള്ള ഒരു കൂപ്പുകുത്തല്‍.

ആകാശം എന്റെ നെറുകയില്‍ തൊട്ടുനിന്നു.ഇരുകൈകളാല്‍ ഞാന്‍ നക്ഷത്രങ്ങളെ ലാളിച്ചു. പൂര്‍ണ്ണചന്ദ്രന്റെ പള്ളയില്‍ ഇക്കിളി കൂട്ടി.കണ്ണുകള്‍ പൂട്ടുമ്പോഴും  ഒരേ ദിശയിലേക്കു മാത്രം ഏകാഗ്രമായി നോക്കി നില്‍ക്കുമ്പോഴും മുഖങ്ങളില്ലാത്ത അദൃശ്യജീവനുകള്ചെറു കുമിളകള്‍  പോലെ തത്തിക്കളിച്ചു.

ഈയടുത്ത ദിനങ്ങളിലായി  മറ്റൊരത്ഭുതം  കൂടി മെര്‍ലിന്‍  എനിക്ക് സമ്മാനിച്ചു.ഒരു മതവിഭാഗക്കാരുടെ പ്രാര്‍ഥനാലയങ്ങളുടെ ചിഹ്നങ്ങളായ  മിനാരങ്ങള്‍  കെട്ടിയുയര്‍ത്തുന്നതിനെതിരെ  സമരം നയിച്ചവരുടെ മുന്‍നിരക്കരനായ  ജോണിന്റെ തോഴി മെര്‍ലിന്‍ അതേ മതത്തെ  ആശ്ലേഷിച്ചിരിക്കുന്നു.

ഒരഭിപ്രായം ആരായുകയോ  ഒരു പ്രതികരണം പ്രതീക്ഷിക്കാതെയോ  കേവലം ഒരു മുന്നറിയിപ്പ് പോലുമില്ലാതെ നടത്തിയ ചുവടുവെപ്പും,അവളുടെ വസ്ത്രധാരണരീതിയും  ചേര്‍ത്തു വായിക്കാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

അന്തിവെയില്‍ പണ്ടാരമടങ്ങിയ  ആകാശത്താഴ്വരകള്‍  കടന്നു ഉല്‍ക്കകള്‍ പൊഴിഞ്ഞുവീണ  പേരറിയാഗ്രഹങ്ങളുടെ പാര്‍ശ്വങ്ങളില്‍  ജീവന്റെ തുടിപ്പുകള്‍ തേടി ..ജോണിന്റെ സാന്നിധ്യം തേടി  ..,അപ്രത്യക്ഷമായ ആകാശവാഹനം തേടി  ...മെര്‍ലിന്റെ  അതിന്ദ്രീയജല്പനങ്ങളുടെ വിശ്വാസ്യതയുമായ്‌ ശൂന്യാകാശത്തു ഞാന്‍ അലഞ്ഞു നടന്നു.

ഏതോ ബഹിരാകാശ യാത്രികര്‍ മുമ്പെങ്ങോ  അതീവജാഗ്രതയോടെ  ഉത്ഖനനം ചെയ്ത ബഹിരാകാശത്തിന്റെ ഉപരിതലങ്ങളിലെ വലിയ സുഷിരങ്ങളില്‍ അടയിരിക്കുന്ന ബഹിരാകാശ  പറവകളെ മെര്‍ലിന്‍  സ്വപ്നം കണ്ടത് യാദൃശ്ചികം മാത്രമാണെന്ന് ഞാന്‍ അനുമാനിക്കുന്നു.

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം എന്റെ ദൃഷ്ടികളെ  തകര്‍ക്കാന്‍ പര്യാപ്തമായിരുന്നതിനാല്‍ അവ രൂപപ്പെട്ട  ഓസോണ്‍  പാളികള്‍ക്കപ്പുറ ത്തേക്ക് സഞ്ചരിക്കാന്‍ എനിക്ക് നിര്‍വ്വാഹമില്ലായിരുന്നു.

എങ്കിലും ആ പ്രകാശവര്‍ഷങ്ങളുടെ  ഉത്ഭവസ്ഥാനത്ത്‌ ആകാശ യാത്രക്കിടയില്‍ അപ്രത്യക്ഷമായൊരു  ആകാശവാഹനവും ഒരു സമൂഹമുണ്ടാവുമെന്നും  അവരില്‍ ഒരാള്‍ ജോണായിരിക്കുമെന്നും  മെര്‍ലിനെ  വിശ്വസിപ്പിക്കാന്‍  എനിക്ക് കഴിയുമെന്ന വിശ്വാസത്തോടെ  എന്റെ സ്വപ്നങ്ങള്‍ക്ക് അന്തിമമായ ഒരു വിരാമം സംഭവിച്ചു.

8 comments:

ajith said...

മെര്‍ലിന്‍ മെര്‍ലയണ്‍ പോലെ വഴുതിവഴുതിപ്പോവുകയാണല്ലോ

karakadan said...

ആകാശത്തോളം കൊണ്ടുപോയ ഒരു സ്വപ്നം....!

പട്ടേപ്പാടം റാംജി said...

ഗുരുത്വാകര്ഷണമില്ലാത്ത ശൂന്യാകാശത്തില്‍ ഒരപ്പൂപ്പന്‍ താടി പോലെ ഒഴുകി നടന്ന സ്വപ്നം നന്നായിരിക്കുന്നു.

Unknown said...

അന്തിവെയില്‍ പണ്ടാരമടങ്ങിയ എന്ന പ്രയോഗമോഴിച്ചാല്‍ എല്ലാം ഇഷ്ടപ്പെട്ടു.കഥയുടെ complex സ്വഭാവത്തിന് ചേരാത്ത വാക്കായി തോന്നി!

Rainy Dreamz ( said...

വളരെ നല്ല വായന തന്ന ഒരു സ്വപ്നം . ആശംസകള്

kochumol(കുങ്കുമം) said...

അല്‍പ്പനേരം ഞാനും ആ സ്വപ്നത്തിലായിരുന്നു ..!

ഒരു കുഞ്ഞുമയിൽപീലി said...

മെര്‍ലിന്‍ ചിന്തകള്‍ സ്വപ്നാടനത്തിന്റെ ചിറകിലേറി യപ്പോള്‍ ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയില്‍പീലി

AnuRaj.Ks said...

നല്ല വായനാനുഭവം നല്കുന്ന കഥ...വീണ്ടും എഴുതുക