Monday, June 11, 2012

വിയോജിപ്പുകള്‍...

എന്റെ വിയോജിപ്പുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും അവിടെ യാതൊരു വിലയുമില്ല എന്നറിഞ്ഞിട്ടും ഞാനെന്റെ അഭിപ്രായങ്ങള്‍ തുറഞ്ഞു പറഞ്ഞു.

വിലപ്പെട്ടതൊന്നു  നഷ്ടപ്പെടുത്തി മറ്റൊന്ന് സ്വന്തമാക്കുന്നത് വിഡ്ഢിത്തമാണ്.ഒന്നുകില്‍ ആദ്യത്തേതിനോട് ഒരിക്കലും സഹകരിച്ചു പോവാന്‍ കഴിയാത്ത എന്തെങ്കിലും ശാശ്വതകാരണങ്ങള്‍ ഉണ്ടാവുക.അല്ലെങ്കില്‍ ഉഭയസമ്മതത്തോടെ ബന്ധങ്ങള്‍ അവസാനിപ്പിക്കുക.

അന്നാദ്യമായി സഹപ്രവര്‍ത്തകനായ നജീബിനോട് എനിക്ക്  വെറുപ്പ്‌ തോന്നി.ജബലലിയില്‍ നിന്നും റാഷിദിയ മെട്രോ സ്റ്റെഷന്‍  വരെയുള്ള  യാത്രയുടെ ദൈര്‍ഘ്യം മാത്രമാണോ ദാമ്പത്യ ജീവിതത്തിന് ഉള്ളത്?.

നജീബിനോടുള്ള വെറുപ്പ് എന്റെ മുഖത്തു പ്രതിഫലിച്ചതാവാം അയാള്‍ ഓടുന്ന ട്രെയിനില്‍ നിന്നും പുറത്ത്‌ മിന്നി മറയുന്ന കാഴ്ചകളിലേക്ക് മുഖം തിരിച്ചു.

പ്രാവാസജീവിതം ഒരു നൂല്‍പ്പാലം പോലെയാണ് .വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടത്.പ്രലോഭനങ്ങളുടെ ഭീമമായ വാതായനങ്ങള്‍ മുന്നില്‍ തുറന്നു കിടക്കുന്നതില്‍ ഭൂരിഭാഗവും അവഗണിക്കപ്പെടെണ്ടതാവും.

തെറ്റുകള്‍ മനുഷ്യ സഹജമാണ്.പക്ഷേ അവ തിരുത്തി മുന്നേറുന്ന വാനാണ് യഥാര്‍ത്ഥ മനുഷ്യന്‍.ഉപദേശങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ പോലും നജീബിനിപ്പോള്‍ സമയമില്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

അയാളുടെ നാട്ടുകാരനായ ഒരാളുടെ നിര്‍ദേശ പ്രകാരമാണ് ഞാന്‍ നജീബിന്റെ സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധിക്കാന്‍ തുടങ്ങിയത്.ദാരിദ്രമായൊരു കുടുംബത്തിന്റെ  ഏക ആശ്രയവും,ആരുവയസ്സായ പെണ്‍കുട്ടിയുടെ അച്ഛന്‍,നാലോ അഞ്ചോ വര്‍ഷമായി അവധിക്കു പോകാതിരിക്കുകയും ,ഒരനുഷ്ടാനം പോലെ  വല്ലപ്പോഴുമൊരിക്കല്‍ ഒരു ഫോണ്‍ വിളിയില്‍ ബന്ധങ്ങള്‍ സൂക്ഷിക്കുന്നവന്‍.

പ്രവാസത്തിന്റെ ഭൂതകാലം വളരെ ദരിദ്രമായിരുന്നെങ്കിലും വര്‍ത്തമാനം അത്യാവശ്യം സമ്പന്നമായിരുന്നു.ഭാര്യയേയും മകളെയും കൂടെ താമസിപ്പിച്ചു ജീവിക്കാന്‍ പര്യാപ്തമായ വരുമാനം.

മതം മാറ്റത്തിന്റെ വിശ്വാസ്യത നജീബിന്റെ ഏഷ്യ ക്കാരിയായ കാമുകിക്ക് വിട്ടു കൊടുക്കാം.തന്റെ വ്യക്തി ജീവിതത്തില്‍ അയാള്‍ അയാള്‍ സത്യ സന്ധത പാലിച്ചോ എന്നതാണ് വിഷയം.മെട്രോ യാത്രയുടെ അവസാന സ്റ്റേഷന് മുമ്പേ യായിരുന്നു എനിക്ക് ഇറങ്ങേണ്ടത്.

പതിവിനു വിപരീതമായി നഗ്നമാക്കപ്പെടാത്ത ശരീരം മുഴുവന്‍ മറച്ച് അവ്യക്തമായ പുതിയ ഭാഷയില്‍ എന്നെ അഭിവാദനം ചെയ്ത നജീബിന്റെ കാമുകിയോടും അയാളോടും യാത്ര പറയുമ്പോള്‍ എന്റെ മനസ്സില്‍ മലപ്പുറം ജില്ലയിലെ ഒരു ദരിദ്ര കുടുംബത്തിന്റെ  നിസ്സഹായതയില്‍ പിറവി കൊണ്ട ദുഃഖം അലോസരപ്പെടുത്താന്‍ തുടങ്ങിയിരുന്നു.

8 comments:

കുര്യച്ചന്‍ @ മനോവിചാരങ്ങള്‍ .കോം said...

എല്ലാതരം ജീവിതത്തിന്റെയും ഒരു നേര്‍കാഴ്ച്ചയാണ് പ്രവാസജീവിതം..... എനിക്കും ഇതുപോലെ ഒരാളെ അറിയാം നാട്ടിലുള്ള ഭാര്യയെ വിട്ടു ഇവിടെ സുഖം തേടിപ്പോകുന്നയാള്‍......

ajith said...

പിന്നെ പഠിക്കും, പക്ഷെ അപ്പോഴേയ്ക്കും കാലം അതിക്രമിക്കും.

shamzi said...

നൈമിഷികതകളുടെ പിന്നാലെ പായുന്നവന്‍ അറിയുന്നില്ല പ്രയാണം നാശത്തിലേക്കാണ് എന്ന്. ഉപദേശിക്കേണ്ട. ആര്‍ക്കും ഇഷ്ടാവില്ല. ഒന്ന് ചിന്തിക്കാന്‍ അവസരം കൊടുത്തു നോക്കൂ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

മിതവാക്കുകളിൽ പറഞ്ഞ വലിയൊരു ചിന്താവിഷയം. നന്നായി.

Admin said...

പ്രവാസജീവിതത്തെപ്പറ്റി വായിച്ചറിവേയുള്ളൂ...
ഏതായാലും പറഞ്ഞുകേട്ടിടത്തോളം
നാശത്തിലേക്കുള്ള പോക്കാണ്..
കഥയ്ക്ക് ആശംസകള്‍..

KOYAS KODINHI said...

വായിച്ചു,നാശത്തിലേക്ക് ഒരാള്‍ ചാടി ചാടി പോകുന്നു

കുഞ്ഞൂസ് (Kunjuss) said...

സമ്പത്തിന്റെയും സമൃദ്ധിയുടെയും മാസ്മരികതയില്‍ കണ്ണഞ്ചിപ്പോകുന്ന ജീവിതങ്ങള്‍, അതിന്റെ പ്രഭാവത്തില്‍ നിന്നും കണ്ണു തുറക്കുമ്പോള്‍ ഇങ്ങിനി വരാത്തവിധം കൈപ്പിടിയില്‍ നിന്നും ഒലിച്ചു പോയ ജീവിതത്തിനും നഷ്ട്ടപ്പെട്ട ബന്ധങ്ങള്‍ക്കും മുന്നില്‍ പകച്ചു നില്‍ക്കേണ്ടി വരുന്നു. ആത്മഹത്യ ചെയ്യുന്നവരും വിരളമല്ല...!

kochumol(കുങ്കുമം) said...

ഇതേപോലെ ഉള്ളവര്‍ നാട്ടിലും ഉണ്ട് ...ഇവരൊക്കെ ശരിക്കും പഠിക്കും... പഠിക്കാതെവിടെപോകാന്‍..!!


ഇതേപോലുള്ള ഒരു ജീവിതം ഞാനും എഴുതിയിട്ടുണ്ട് ...:(